Tuesday, December 18, 2007

പേശാമലിരുന്തും പഴക്

“ഗോവിന്ദന്‍ കുട്ടി സാറിന്റെ റ്റൈം , ബെസ്റ്റ് റ്റൈം” ഗോവിന്ദന്‍ കുട്ടി സാറിന്റെ മീറ്റിങ് മഹത്തായ 4-ആം മണിക്കൂര്‍ കടന്നപ്പോള്‍ ഇക്ബാല്‍ എഴുതിയ കുറിപ്പ് എന്റെ കൈയ്യില്‍ കിട്ടി.... ‘ഇന്‍ ഹരി ഹര നഗര്‍’ സിനിമയിലെ ഗോവിന്ദന്‍ കുട്ടി {സിദ്ദിക് ആണെന്നു തോന്നുന്നു.} യുടെ ജോലിക്കാരന്‍ പറയുന്ന ആത്മഗതം ആണ് ഇന്നത്തെ ഇക്ബാല്‍ മാസ്റ്റര്‍പീസ്. നായിക ഗോവിന്ദന്‍ കുട്ടിയെ അന്വേഷിച്ചു വന്നു
പോകുമ്പോള്‍ ആണ് ഈ കമന്റ്... അടുത്ത സീന്‍ ജോണ്‍ ഹോനായിയുടെ മുന്‍പില്‍ തലകീഴായി കെട്ടിയിട്ടനിലയില്‍ ‘അയ്യോ പൊത്തോ’എന്നു നെലവിളിക്കുന്ന ഗോവിന്ദന്‍ കുട്ടിയും കൂട്ടുകാരും. ഉഗന്‍ “ബെസ്റ്റ് റ്റൈം”!!!. ഇവിടെ സാക്ഷാല്‍ ഗോവിന്ദന്‍ കുട്ടിസാര്‍ ജോണ്‍ ഹോനായി ആയി. ഞങ്ങള്‍ പത്തു നാല്പതു വേതാളജന്മങ്ങള്‍ തലകീഴായി കുട്ടിസാറിന്റെ മീറ്റിങ് എന്ന പീഡനത്തില്‍.........

ഇന്നു രാവിലെ ഒന്‍പതു മണിക്കു തുടങ്ങിയതാണു മീറ്റിങ്. ഇന്നലെയാവട്ടെ രാതി പതിനൊന്നര വരെ നീണ്ടു. ഇന്നത്തെ മീറ്റിങ് തീരുന്ന സമയം എപ്പോഴായിരിക്കുമെന്നു ജ്യോതിഷരത്നം ആറ്റുകാല്‍ രാധാകൃഷണനോട് മണക്കാട് ഗോപിസാര്‍ ചോദിച്ചെന്നും, ഉത്തരമായ് കമ്പ്യുട്ടര്‍ ജാതകം പോലെ ഇന്റെര്‍നെറ്റു വഴി സന്തോഷിന്റെ ബ്ലൊഗിന്റെ ലിങ്ക് ആറ്റുകാല്‍ അയച്ചു കൊടുത്തു എന്നും റൂമര്‍......ലിങ്കു ക്ലിക്കു ചെയ്തപ്പോള്‍ കിട്ടയതോ........... ...“ശേഷം ചിന്ത്യം”

ഗോവിന്ദന്‍ കുട്ടി സാറിന്റെ മീറ്റിങിനെ കുറിച്ചു കൂടുതല്‍ എന്തു പറയാന്‍? കഴിഞ്ഞ മീനത്തില്‍ കോട്ടയത്തു വച്ചു നടന്ന കോണ്‍ഫ്രന്‍സ് മംഗളം റിപ്പോര്‍ട്ടു ചെയ്തിരുന്നു. “കോട്ടയ്ത്ത് ഗോവിന്ദ്ന്‍ കുട്ടി സാറിന്റെ മീറ്റിങ്; രണ്ട് അദ്ധ്യാപകര്‍ ബോധം കെട്ടു വീണു”. കുട്ടിസാറിന്റെ മീറ്റിങ് വൈഭവത്തിനോടൊപ്പം ഈറ്റിങ് ഹാബിറ്റ്സും സംസ്ഥാനത്തിന്റെ അതിര്‍ത്തി കടന്ന് രാജ്യ വ്യാപകമായ ഖ്യാതി സമ്പാദിച്ചതു ഭോപാലിലെ റീജിയണല്‍ മീറ്റില്‍ വച്ചാണു. അന്നും പത്രത്തില്‍ തലക്കെട്ടുണ്ടായിരുന്നു. “ ജി. കെ. നായര്‍ സാഹബ് കാ ബൈഠക്: 300 മുര്‍ഗി ഷഹീദ്”


ഇന്നലെ രാത്രി 10 മണിക്കു മീറ്റിങ് പെയ്തു ഒഴിഞ്ഞു എന്നു തന്നെ തോന്നിയതാണ്. അപ്പോഴാണു ജോസഫ് ഡാനിയല്‍ എണീറ്റത്. ജോസഫിന്റെ ഭാര്യയുടെ കിഡ്നി റ്റ്രാന്‍സ്പ്ലാന്റ് ഓപറേഷന്‍ അടുത്ത ദിവസം രാവിലെ ഫിക്സ് ചെയ്തിരിക്കയാണു, അതുകൊണ്ട് 11 മണിക്കുള്ള ലാസ്റ്റ് റ്റ്രയിനില്‍ പൊയ്ക്കോട്ടേ എന്നു പെര്‍മിഷന്‍ ചൊദിക്കാനാണു ജോസഫ് ശ്രമം നടത്തിയതു.... ജോസഫ് മുരടനക്കുന്നതിനു മുന്‍പു തന്നെ ഗോവിന്ദന്‍ കുട്ടിസാര്‍ ഐഡിയാ സ്റ്റാര്‍ സിങറിലെ ശരതിനെ പോലെ... ‘ മോനേ......” എന്നൊന്നു വിളിച്ചു... എന്നിട്ടു തിലകന്റെ സ്റ്റൈലില്‍ പറഞ്ഞു:

“ജോസഫ് ചോദിക്കാന്‍ പോണതെന്താണെന്നു എനിക്കു മനസ്സിലായി..... നന്നായി..... ജോസഫിനെങ്കിലും ചോദിക്കാന്‍ തോന്നിയല്ലോ?” അവസാനത്തെ ഭാഗം, ശ്രോതാക്കളായ ഞങ്ങള്‍ ബാക്കി മണ്ടന്മാര്‍ക്കിട്ടൊന്നു താങ്ങിയതാണ്...

“അതിന്റെ ഉത്തരം കേട്ടോളൂ”... അടുത്ത ഒരു മണിക്കൂര്‍ അങ്ങനെ ചോദിക്കാത്ത ചോദ്യത്തിനു ഉത്തരം നല്‍കി ഗോവിന്ദന്‍ കുട്ടി സാര്‍... ലാസ്റ്റ് റ്റ്രൈന്‍ അതിന്റെ പാട്ടിനും പോയി.

ശബ്ദത്തിനു ഇത്ര മാത്രം ഹീലിങ് റ്റ്ച്ച് ഉണ്ടെന്നു ഗോവിന്ദന്‍ കുട്ടി സാറിന്റെ മീറ്റിങിനു മുന്‍പു ആര്‍ക്കും അറിയില്ലായിരുന്നു. ഹീലിങ് കുട്ടിസാറിനു മാത്രം. ബാക്കിയുള്ള ശ്രോതാക്കളിലെ ക്രിസ്ത്യാനികള്‍ ‘ആദിയില്‍ വചനമുണ്ടായെന്നും‘; ഹിന്ദുക്കള്‍. ഓങ്കാരമാണു ആദ്യമുണ്ടായതെന്നു ആത്മാര്‍ത്ഥമായി വിശ്വസിച്ച്, ആന്റിന കേടായിപ്പോയ ഡി റ്റി എച്ച് ചാനലുകള്‍ പോലെ ശവങ്ങളായി കുട്ടിസാറിനു മുന്‍പില്‍ ഇരുന്നു കൊടുത്തു.....

പെട്ടെന്നു എനിക്കു ബോധോദയം ഉണ്ടായി “ ബോധി വൃക്ഷത്തണല്‍ പറ്റി നില്‍ക്കേണ്ട ബോധമുള്ളിലുദിക്കുകില്‍” എന്ന കവി വാക്യം എത്ര സത്യം? ‘വേണമെങ്കില്‍ ബോധം കുട്ടിസാറിന്റെ മീറ്റിങിനിടയിലും കായ്ക്കാം’.
കൊല്ലം റെഡ്യാര്‍ പ്രസ്സിന്റെ 200 പേജ് നോട്ടുബുക്കിന്റെ രൂപത്തിലാണു ഇത്തവണ ബോധം ഉള്ളിലുദിച്ചതു. എട്ടിലോ ഒന്‍പതിലോ മറ്റോ കണ്ട ഓര്‍മ്മയേ ഉള്ളൂ. നോട്ട്ബുക്കിന്റെ കട്ടിയുള്ള ബയണ്ടിന്റെ അകത്തു
എഴുതിയിട്ടുണ്ടായിരുന്നെന്നു തോന്നുന്നു

“അന്‍പേ ശിവം,
അന്‍പാക പേശ്,
ഉണ്മയാക പേശ്,
നന്മയാക പേശ്,
മെദുവാകെ പേശ്,
ഇനിമയാകെ പേശ്,
സഭയറിന്തു പേശ്,
സമയമറിന്ത് പേശ്,”

അങ്ങനെ പോകുന്നു റെഡ്യാരുടെ സാരോപദേശം. അവസാനമാണു സംങതികളുടെ പഞ്ച് ലൈന്‍: “പേശാമലിരുന്തും പഴക്”

ഇപ്പോള്‍ റെഡ്യാര്‍ പ്രസ്സിന്റെ നോട്ട് ബുക്ക് ഉണ്ടോ എന്നു അറിയില്ല. ഉണ്ടെങ്കില്‍ത്തനെ മാര്‍ക്കറ്റിങ് പഠിച്ച പുത്തന്‍ റെഡ്യാര്‍ കുഞ്ഞുങ്ങള്‍ ആരെങ്കിലും നോട്ട്ബുക്കിന്റെ പുറം ചട്ടകളില്‍ സിനിമാ നടിമാരുടെയും ക്രിക്കറ്റ് താരങ്ങളുടെയും ചിത്രങ്ങള്‍ പതിപ്പിച്ചു കാണും!

എന്തു പറയാനാ? റെഡ്യാറുടെ ഉപദേശം തന്നെ ശരണം:

പേശാമലിരുന്തും പഴകാം......

8 comments:

ഹരിത് said...

“ഗോവിന്ദന്‍ കുട്ടി സാറിന്റെ റ്റൈം , ബെസ്റ്റ് റ്റൈം.”

K.P.Sukumaran said...

പേശാമലിരുന്തും പഴക് ! എന്‍പത് താന്‍ ശരി !!

ഹരിത് said...

തിരുത്തി... റൊമ്പ നന്റ്റ്രി വിവേകിസാര്‍...

ശ്രീ said...

അതു തന്നെ...

പേശാമലിരുന്തും പഴകാം...”

:)

നിലീന നായര്‍ said...

ഊറി ചിരിച്ചുപോയി! എത്ര അപൂര്‍വ്വം ഇത്തരം humour sense!

ഹരിത് said...

ഞാന്‍ കരുതി എന്റെ ഈ പോസ്റ്റും എല്ലാത്തവണയും പോലെ പൊളിഞ്ഞു പാളീസായി എന്നാണു. ഒന്നു രണ്ടു പേര്‍ക്കെങ്കിലും ഇഷ്ടമായാല്‍ വളരെ സന്തോഷം

അപര്‍ണ്ണ said...

very correct. :) reminds of some meetings . :)

ഹരിത് said...

നന്ദി അപര്‍ണ്ണ.