Friday, June 13, 2008

ഇന്‍ ഡിഫെന്‍സ് ഒഫ് അനോണീസ്

കെ പീ സുകുമാരന്‍ അഞ്ചരക്കണ്ടിസാറിന്‍റെ ശിഥിലചിന്തകളില്‍ ഇട്ട ഒരു കമന്‍റ് അത്യാവശ്യം അക്ഷരത്തെറ്റുകള്‍ തിരുത്തി ഇവിടെയും കൊടുക്കുന്നു:

അഭിപ്രായങ്ങള്‍ ‍എഴുതിയില്ലെങ്കിലും “അനോണി-നോണ്‍ അനോണി“ ചര്‍ച്ചകള്‍ കൌതുകപൂര്‍വ്വം വായിച്ചു വരുന്നുണ്ടായിരുന്നു. ബ്ലോഗിന്‍റെ ഏറ്റവും വലിയ ഗുണമായി ഞാന്‍ കാണുന്നത് ‍സ്വാതന്ത്ര്യമാണു. നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം. (സ്വയം നിയന്ത്രണം ഒഴിച്ച്!) . ചിലര്‍ക്കു സ്വന്തം പേരില്‍ എഴുതിയാലും സ്വാതന്ത്ര്യം നഷ്ടമാവില്ല. അവര്‍ അങ്ങനെ ബ്ലോഗു ചെയ്തുകൊള്ളട്ടെ. എന്നാല്‍ മറ്റുചിലര്‍ക്കു പല കാരണങ്ങള്‍ കൊണ്ട് സ്വാതന്ത്യം നഷ്ടമാവുന്നു എന്നു തോന്നുമ്പോള്‍ അവര്‍ അനോണിയാവുന്നു അല്ലെങ്കില്‍ തൂലികാനാമങ്ങള്‍ സ്വീകരിയ്ക്കുന്നു. ചിലപ്പോള്‍ തികച്ചും വ്യക്തിപരമായ കാരണങ്ങളാവാം. മറ്റുചിലപ്പോള്‍, സാമുഹികവും. ചില കേസിലെങ്കിലും മള്‍ട്ടിപ്പിള്‍ കാരണങ്ങളുമാവാം.

ഉദാഹരണത്തിനു ഹരിത്തെന്ന ഞാന്‍ ഒരു വീട്ടമ്മയാണെന്നിരിക്കട്ടെ. വടക്കുനോക്കിയെന്ത്രത്തിലെ ശ്രീനിവാസന്‍റെ സ്വഭാവമുള്ള എന്‍റെ ഭര്‍ത്താവിനു ഞാന്‍ ബ്ലോഗെഴുതുന്നതും മറ്റു പുരുഷന്മാരുടെ ബ്ലോഗില്‍ കമന്‍റിടുന്നതും ഒന്നും ഇഷ്ടമില്ല. അപ്പോള്‍ സ്വന്തം പേരില്‍ ബ്ലോഗെഴുതുന്നതു എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത റിസ്ക് ആണ്. അതുകൊണ്ട് തൂലികാനാമം. പിന്നെ ഭര്‍ത്താവിനിഷ്ടമില്ലെങ്കില്‍ ബ്ലോഗണ്ട എന്ന അഭിപ്രായത്തിനു മറുപടി വേണ്ടല്ലോ.

ഹരിത്തെന്ന ഞാന്‍ വാസ്തവത്തില്‍ എം ടി വാസുദേവന്‍ നായരോ, സാറാ ജോസഫോ, മോഹന്‍ലാലോ, മമ്മൂട്ടിയോ സംവിധായകന്‍ വിനയനോ ആണെന്നിരിക്കട്ടെ. എന്നെ ഇഷ്ടമുള്ളവര്‍ ആരാധിച്ചു കൊല്ലുകയും എഴുതുന്ന ചവറുകള്‍ എല്ലാം മഹത്തരമെന്നു ഘോഷിയ്ക്കുകയും ചെയ്യും. ഇഷ്ടമില്ലാത്ത്തവര്‍ എന്നെ പിച്ചിച്ചീന്തി ഉപ്പിലിട്ടു വയ്ക്കും, ഇല്ലേ? ഇപ്പോള്‍ അനോണിയായിരിയ്ക്കുമ്പോള്‍ മുഖം നോക്കാതെയുള്ള സ്നേഹം, വെറുപ്പു, അഭിപ്രായം, വിമര്‍ശനം ഒക്കെ കിട്ടുന്നില്ലേ. എനിയ്ക്കു ഇപ്പോള്‍ ഇമേജിന്‍റെ പ്രശ്നമില്ലാതെ സ്വതന്ത്രമായി എന്തും എഴുതാമല്ലൊ.

ഹരിത്തെന്ന ഞാന്‍ നാഷണല്‍ സെകൂരിട്ടി അഡ്വൈസര്‍ എം കെ നാരായണനോ, പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടീ ക്കേ ഏ നായരോ, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കേ ജീ ബാലകൃഷ്ണനോ ആണെങ്കിലോ? എന്തെങ്കിലും അഭിപ്രായം പറയാന്‍ എനിയ്ക്കു സ്വാതന്ത്ര്യം ഉണ്ടാവുമോ? അഥവാ സ്വന്തം പേരില്‍ അഭിപ്രായം പറഞ്ഞാല്‍ എന്തെല്ലാം പുലിവാലുണ്ടാവുമെന്നു ആര്‍ക്കും ഒരു നിശ്ചയവും ഉണ്ടാവില്ല. ഇങ്ങനെയുള്ള ഫ്രൊഫഷണല്‍ കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ ചിലര്‍ അനോണി ആവേണ്ടിവരും. അങ്ങനെയുള്ളവര്‍ ബ്ലോഗാന്‍ പോകാതെ ഉള്ള ജോലിയും ചെയ്തു ചുമ്മാ ജീവിച്ചു പൊയ്ക്കൂടേ എന്നു ചോദിച്ചാല്‍ അതിനും ഉത്തരം ഇല്ല.

പട്ടാള ഉദ്യോഗസ്ഥര്‍, പോലീസുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്റ്റ്രീയനേതാക്കള്‍ ഇങ്ങനെ പല വിഭാഗത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിമിതികളുണ്ട്. തൂലികാനാമം ആവര്‍ക്കു ഒരു അനുഗ്രഹമാണു. ഈ പ്രശനം സെലിബ്രേറ്റികള്‍ക്കും ഉന്നത നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും മാത്രമല്ല, ചെറിയ ജോലികള്‍ ചെയ്യുന്നവര്‍ക്കും അവരുടേതായ പരിമിതികളും വിപരീത ചുറ്റുപാടുകളുമുണ്ട്. ഹരിത്തെന്ന ഞാന്‍ ഒരു ബാങ്കിലെ പ്യൂണ്‍ ആണെങ്കില്‍, ഞാന്‍ സ്വന്തം പേരില്‍ ബ്ലോഗെഴുന്നതു എന്‍റെ മാനേജരുള്‍പ്പെടെ അക്ഷര വൈരികളായ പല കൊളീഗ്സിനും അസൂയയുണ്ടാക്കിക്കൂടേ? ക്ലര്‍ക്കായി കിട്ടാന്‍ സാധ്യതയുള്ള പ്രൊമോഷന്‍, ബ്ലോഗുകാരണം പാരവച്ചു നശിപ്പിച്ചാലോ? ആ പേടികോണ്ട് അനോണിയായി ബ്ലോഗുന്നു എന്നും ആകാമല്ലോ.

പിന്നെ എഴുതുന്നതു വെറും ചവറാണോ എന്ന ഭയം കാരണം, എന്നെ അറിയുന്ന ആള്‍ക്കാരുടെ മുന്നില്‍ പരിഹാസ്യ കഥാപാത്രമാകാനുള്ള മടിയുമായിക്കൂടേ ഹരിത്തെന്ന പേരിന്‍റെ പിറകില്‍ ഒളിച്ചിരിയ്ക്കാനുള്ള എന്‍റെ മോട്ടീവ്? അങ്ങനെ എത്ര കാരണങ്ങള്‍ വേണമെങ്കിലും ഉണ്ടാവും അനോണികള്‍ക്കു്. ഇതൊക്കെ സ്വന്തം ഐഡന്‍റിറ്റിയില്‍ ബ്ലോഗുന്നവര്‍ക്കു ബാധകമല്ലേ എന്ന ചോദ്യത്തിനു, അവര്‍ ‘ധൈര്യശാലികള്‍’ (!) എന്നേ പറയാന്‍ പറ്റു. ‘പേടിത്തൊണ്ടന്മാരും‘ ബൂലോകത്ത് അനോണിയായി അല്ലെങ്കില്‍ തൂലികാനാമവുമായി ജീവിച്ചു പൊയ്ക്കോട്ടെന്നേ. ഇഷ്യൂ ആക്കാതെ വിട്ടുകള സുഹൃത്തുക്കളേ.


സ്നേഹത്തോടെ,
ഹരിത്

21 comments:

ഹരിത് said...

പേടിത്തൊണ്ടന്മാരും ബൂലോകത്ത് അനോണിയായി ജീവിച്ചു പൊയ്ക്കോട്ടെന്നേ. ഇഷ്യൂ ആക്കാതെ വിട്ടുകള സുഹൃത്തുക്കളേ.

Inji Pennu said...

അനോണിമസ് എന്ന ഉപയോഗം തന്നെ ബ്ലോഗര്‍മാരില്‍ തെറ്റാണ്. ബ്ലോഗര്‍ ഐഡി ഉള്ളിടത്തോളം ഒരാള്‍ അനോണിയല്ല, മറിച്ച് ഒരു ബ്ലോഗറാണ്. ബ്ലോഗര്‍ ഐഡി ഇല്ലാത്തവരെയാണ് അനോണിമസ് എന്ന് വിശേഷിപ്പിക്കാവുന്നത്.

ബ്ലോഗര്‍ ഐഡി സ്വന്തം പേരില്‍ ആണെങ്കിലും അയാളുടെ ഫോട്ടോ ഉണ്ടെങ്കിലും അയാളെ എനിക്കെങ്ങിനെ അറിയാന്‍ സാധിക്കും? ഉഗാണ്ടയില്‍ ഇരിക്കുന്ന ഒരാളുടെ ആ ഫോട്ടോ നിജം ആണെന്ന് ഞാനെങ്ങിനെ അറിയും? ബ്ലോഗിങ്ങിന്റെ പ്രധാന ഉദ്ദേശ്യം/ഫോര്‍സ് തന്നെ ആര്‍ക്കും ആരേയും വ്യക്തിപരമായി അറിയാതെ തന്നെ ഇത്രയധികം രാജ്യങ്ങളില്‍ നിന്ന് വിവരങ്ങള്‍ പങ്ക് വെക്കുന്നു എന്നുള്ളതാ‍ണ്. അത്ര വിപുലമായ ബ്ലോഗിങ്ങിനെ
തിരുവനന്തപുര, കോട്ടയം എന്നീ‍ ജില്ലാടിസ്ഥാനത്തില്‍ തളക്കാ‍ന്‍ നോക്കുമ്പോഴാണ് വ്യക്തികളുടെ വിവരങ്ങളും വേണമെന്ന് തോന്നുന്നത്.

പേര്‍സ്ണല്‍ വിവരങ്ങള്‍ വെളിപ്പെടുത്താത്തവര്‍ അനോണിമസ് അല്ല, മറിച്ച് പ്രൈവസി കാത്തു സൂക്ഷിക്കുന്നവരാണ്. ഒരാള്‍ പ്രൈവസി കാത്ത് സൂക്ഷിക്കുന്നത് എന്തിനു എന്ന് ഒക്കെ ചോദിച്ചാല്‍ പിന്നെ ഒന്നും പറയാനില്ല. അല്ലാതെ ഇത് പേടിത്തൊണ്ടന്മാര്‍ എന്നൊക്കെ പറയുന്നത് എന്ത് അര്‍ത്ഥത്തില്‍ ആണ് എന്ന് എനിക്ക് മനസ്സിലാവുന്നതേയില്ല.

ഞാന്‍ ബ്ലോഗില്‍ ചെയ്ത ഏറ്റവും നല്ല കാര്യം പ്രൈവറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താതാണെന്ന് ഈയിടെ ഒരു സുഹൃത്ത് പറയുകയുണ്ടായി.

ഹരിത് said...

അനോണിയേയും തൂലികാനാമത്തേയും തുടക്കത്തിലേ ഞാന്‍ വെവ്വേറേ പരാമര്‍ശിച്ചിട്ടുണ്ട്.

പേടിത്തൊണ്ടന്മാര്‍ എന്നു പറഞ്ഞതു പ്രൈവസി വെളിപ്പെടുത്തുന്നവരെ ധൈര്യശാലികള്‍ എന്നു വിശേഷിപ്പിച്ച പ്രത്യേക കോണ്ടസ്റ്റിലാണു. ഐ എഗ്രീ വിത്ത് യുവര്‍ അദര്‍ ഒബ്സര്‍വേഷന്‍സ്,, ഇഞ്ചി.

Kiranz..!! said...

നന്നായി എഴുതിയിരിക്കുന്നു ഹരിത് .പ്രത്യേകിച്ചും രാഷ്ട്രപതിയുടേയും എം കെ നാരായണന്റേയും മൊക്കെ കാര്യം പരാമര്‍ശിച്ചത്.

അനോണിമസായി വന്ന് പ്രകോപനപരമായ കമന്റ് ഇടുന്നതിനേയാണു കെ പി എസ് കൂടുതലും എതിര്‍ക്കുന്നതെന്നു തോന്നുന്നു :)

ജോണ്‍ജാഫര്‍ജനാ::J3 said...

ഇഞ്ചി എഴുതിയ അവസാന വാചകം , ഞാന്‍ പലതവണ ഓര്‍മ്മിച്ചതാണ്, അതു തന്നെയുള്ളൂ എനിക്കും പറയാന്‍!
ഏറ്റവും വൈസായ തീരുമാനമായിരുന്നു അതെന്ന് തിരിച്ചറിയുന്നു!

Anonymous said...

ആരെഴുതി എന്നു നോക്കുന്നതെന്തിന്? എന്തെഴുതി എന്നു നോക്കിയാല്‍ പോരേ?

അരുണ്‍കുമാര്‍ | Arunkumar said...

ഹരിത്, വളരെ നല്ല ഉദ്ദ്യമം...

തണല്‍ said...

:)

ഹേമന്ത് | Hemanth said...

തൂലികാനാമം ഉപയോഗിക്കുന്നതു കൊള്ളാം, പക്ഷേ അത് പുറത്ത് പറയാന്‍ കൊള്ളാവുന്നവ ആയിരിക്കണം. പെണ്ണ് പിടിയന്‍ എന്നും തോന്നിവാസി എന്നുമൊക്കെ തൂലികാനാമം ഉള്ളവരുടെ ഉദ്ദേശം എന്താണെന്ന് മന‍സ്സിലാകുന്നില്ല. ഇവര്‍ ശരിക്കും എന്തെങ്കിലും മാനസിക വൈകല്യം ഉള്ളവര്‍ തന്നെയാണോ?

പിന്നെ ഹരിത്, താങ്കളുടെ മറ്റൊരു തൂലികാനാമം ആരൊക്കെ മറന്നാലും ഈ ഞാന്‍ മറക്കില്ല.........

ഹരിത് said...

കിരണ്‍സ്: അഭിപ്രായത്തിനു നന്ദി. പ്രകോപിക്കുന്നവരെക്കുറിച്ചൂള്ള്ല കിരണിന്‍റെ ഒബ്സര്‍വേഷന്‍ ശരിയായിരിക്കാം.
ജോണ്‍: ആദ്യമായി ഇവിടെ വന്നതിനും അഭിപ്രായ[പകടനം നടത്തിയ്തിനും നന്ദി.

അന്നോണി, അരുണ്‍കുമാര്ര്, തണല്‍: നന്ദി.
ഹേമന്ത്: ആദ്യമായി അക്ഷരപ്പച്ഛയില്‍ വന്നതിനു സ്വാഗതം. കമന്‍റിനു നന്ദി.
തൂലികാനാമങ്ങള്‍ ഓരോരുത്തരുടെ വ്യക്തിത്വമനൂസരിച്ചു സ്വീകരിയ്ക്കുന്നതല്ലേ. വൈകല്യമുള്ളവരും കാണുമായിരിയ്ക്കും. പിന്നെ എന്‍റേതു തൂലികാനാമമാണെന്നു ഞാന്‍ പറഞ്ഞിട്ടുണ്ടോ? എന്‍റെ അറിവില്‍ എനിയ്ക്കു വേറൊരു ബ്ലോഗോ, മറ്റൊരു തൂലികാനാമമോ ഇതുവരെ ഇല്ല. ഹേമന്തിനു ആളു മാറിപ്പോയതാവും.അതോ, ഒരു മുഴം മുന്‍പില്‍ എറിഞ്ഞു നോക്കിയതോ?
എന്തായാലും നന്ദി.

അരൂപിക്കുട്ടന്‍/aroopikkuttan said...

വായിച്ചിട്ട് കുറച്ചെന്തോ മനസ്സിലായി..
ബാക്കി പോകെപ്പോകെ മന്നസ്സിലാക്കിക്കോളാം.

അനോണികള്‍ സിന്ന്ദാബാദ്!!

പാമരന്‍ said...

ഹരിത്തേ.. എന്‍റേം ഒരു ഒപ്പ്‌. പക്ഷേ, സുകുമാരേട്ടന്‍റെ പ്രായത്തേപ്പോലും ബഹുമാനിക്കാത്ത തരത്തിലുള്ള കമന്‍റുകള്‍ പലയിടത്തും കണ്ടു. അതൊക്കെ ഇത്തിരി കടന്നു പോയി. ഈ കൂട്ടം ചേര്‍ന്ന്‌ ആക്രമിക്കുന്ന സ്വഭാവം മല്ലു ബ്ളോഗര്‍മാര്‍ക്ക്‌ ഏതു പരിണാമ വഴിയില്‍ നിന്നാണോ കിട്ടിയത്‌ :)

ഗീത said...

ഹരിത്, വളരെ രസകരമായ പോസ്റ്റ്. ആ എക്സാമ്പിള്‍സ് എല്ലാം കിടിലന്‍.

ഇഷ്ടപ്പെട്ടു, ഹരിത്.

ഇഞിപ്പെണ്ണു പറഞ്ഞപോലെ പ്രൈവസി കാത്തുസൂക്ഷിക്കേണ്ടതും ആവശ്യം തന്നെ.

ഹരിത് said...

അരൂപി: പറ്റിയ പാര്‍ട്ടിയാണല്ലോ!
സംഗതികള്‍ മുഴുവനും മനസ്സിലാകുന്നതിനു മുന്‍പു തന്നെ സിന്ദാബാദ് വിളിയ്ക്കാനും തുടങ്ങിയോ? ലദ്ദാണു!!! :) പെട്ടെന്നു
ഏതെങ്കിലും പൊളിറ്റിക്കല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നോളൂ. അവിടെ കഥയറിയാതെ ആട്ടം കാണുന്നവരേയും വിഷയമറിയാതെ
സിന്ദാബാദു വിളിയ്ക്കുന്നവരേയും
മാലയിട്ടു സ്വാഗതം ചെയ്യും.:)

പാമൂ: സുകുമാരന്‍ സാറിനെ
ബഹുമാനിയ്ക്കാത്തവരുടെ കൂട്ടത്തില്‍
എന്നെപ്പെടുത്തിയില്ലല്ലൊ. പ്രായം
കൊണ്ടുമാത്രമല്ല അദ്ദേഹം
ബഹുമാനയോഗ്യന്‍. വ്യക്തമായ
അഭിപ്രായങ്ങളുള്ള മനുഷ്യന്‍, പക്വമായ എഴുത്തു്, റ്റെക്ക്നോളജിയുടെ സാധ്യതകളെ
പോസിറ്റീവായി കാണുന്ന ആള്‍,ഇന്നും
ഹൃദയത്തില്‍ തീക്കനല്‍ സൂക്ഷിയ്ക്കുന്ന
മനുഷ്യത്വമുള്ള ആള്‍ എന്നൊക്കെയാണു ബ്ലോഗില്‍ ക്കൂടി അദ്ദേഹത്തെ ഞാന്‍ കാണുന്നതു. അന്നും ഇന്നും എനിയ്ക്കു അദ്ദേഹത്തെ ബഹുമാനം തന്നെ. എന്‍റെ പോസ്റ്റിലൂടെയോ കമന്‍റിലൂടെയോ ബഹുമാനക്കുറവുണ്ടെന്ന സൂചനയെങ്കിലും ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ ഞാന്‍ മാപ്പു പറയുന്നു. പക്ഷേ അദ്ദേഹത്തിന്‍റെ എല്ലാ അഭിപ്രായത്തോടും എനിയ്ക്കു
യോജിപ്പുണ്ടാവണമെന്നില്ലല്ലൊ. ആ
വിയോജിപ്പിനെ സുകുമാരന്‍ സാറും
സ്വാഗതം ചെയ്യും എന്നു ഞാന്‍ കരുതുന്നു.പാമുവിന്‍റെ അഭിപ്രായത്തോട് യോജിയ്ക്കുന്നു. റ്റോളറന്‍സില്ലാത്ത സമൂഹം , അത് ബൂലോകമായാലും ഭൂലോകമായാലും ദുസ്സഹം തന്നെ

ഗീത: പ്രൈവസി വേണ്ടത് തന്നെ.
പ്രൈവസിയില്‍ ഒളിച്ചിരുന്നു, വ്യക്തിഹത്യ നടത്തുന്നതും, അന്യരെ തെറിപറയുന്നതും തെറ്റ്. അതു പക്ഷേ സ്വന്തം ഐഡന്‍റിറ്റി വെളിപ്പെടുത്തി ചെയ്താലും തെറ്റു തന്നെയാണു്. കമന്‍റിനു നന്ദി.

മൃദുല്‍രാജ് said...

അഗ്രിഗേറ്ററുകള്‍ കാണിക്കാത്ത ഒരു പോസ്റ്റ് ഞാന്‍ ഈ വിഷയത്തില്‍ (കെ.പി സുകുമാരന്‍ ഇഷ്യൂ) ഇട്ടിരുന്നു . അത് ഇവിടെ കാണാം.ഒരു ബ്ലോഗറുടെ ബ്ലോഗ് ലോകത്തിന്റെ അന്ത്യം

ഗീത said...

പ്രൈവസി വേണമെന്നു പറഞ്ഞത് സ്വന്തം സുരക്ഷിതത്വത്തിനു വേണ്ടിയാണ്. ഹരിത് പറഞ്ഞതുപോലെ പ്രൈവസിയില്‍ ഒളിച്ചിരുന്നു കൊണ്ട് വ്യക്തിഹത്യ നടത്തുന്നതു തെറ്റു തന്നെയാണ്.

ഹേമന്ത് | Hemanth said...

ഹരിത്, ബ്ലോഗില്‍ കാര്യമായ പരിചയം ഇല്ലാതിരുന്ന കാലത്തെ എന്റെ ട്രാഫിക് സിഗ്നല്‍‍ എന്ന പോസ്റ്റിലെ കമന്റുകള്‍ വായിച്ചാല്‍ എനിക്ക് ഇങ്ങനെ ഒരു സംശയം തൊന്നിയതിന്റെ കാരണം മനസ്സിലാകും. തെറ്റിദ്ധരിച്ചതില്‍ ക്ഷമിക്കണം.

ഹരിത് said...

മൃദുലന്‍: പോസ്റ്റ് വായിച്ചു. സുകുമാരന്‍ സാര്‍ ഇത്ര സെന്‍സിറ്റിവ് ആയിപ്പോയല്ലോ. പത്തുപേര്‍ തെറിപറഞ്ഞാല്‍ ബ്ലോഗും പൂട്ടി പോകുകയാ വേണ്ടത്? :(

ഗീത്: വീണ്ട്ം നന്ദി പറയുന്നില്ല.

ഹേമന്ത്: പോസ്റ്റും കമന്‍റും കണ്ടു. ഞാന്‍ കമന്‍റിട്ടതു തന്നെയാണു, ഇപ്പോള്‍ ഓര്‍മ്മ വന്നു. പക്ഷേ മായാവി എന്ന പേരില്‍ വേറേ ആരോ എന്‍റെ കമന്‍റ് കട്ട് ആന്ഡ് പേസ്റ്റ് ചെയ്തതായിരിക്കും. കമന്‍റ് റ്റ്രാക്കിങ് ഇടാത്തതു കൊണ്ട് ഇതൊന്നും ഹേമന്തു് ഇപ്പോള്‍ ലിങ്ക് തരുന്നതു വരെ ഞാന്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ആ മായാവി ഞാനല്ല. തെറ്റിധാരണ മാറിയതില്‍ സന്തോഷിയ്ക്കുന്നു.

Unknown said...

ഹരിത്ത് ഭായ്, പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു.

രണ്ടു കൊല്ലം മുമ്പ് ബ്ലോഗ് തുടങ്ങിയപ്പോ ബൂലോകക്ലബ്ബും എങ്ങനെ ബ്ലോഗാം എന്നും അന്വേഷിച്ചു നടന്ന ഞാന്‍ കണ്ടത് വക്കാരി, ഏവൂരാന്‍, പിന്നേം പിന്നേം ഒരുപാട് തൂലികാ നാമങ്ങള്‍. അപ്പോ ഞാന്‍ വിചാരിച്ചു, ബ്ലോഗണേല്‍ എനിക്കും ഒരു തൂലികാ നാമം വേണ്ടേ എന്നു?

എന്തിനെയും അനുകരിക്കുന്ന സ്വഭാവമുള്ള മലയാളികള്‍ ഈ ഒരു ട്രെന്‍ഡിനെ അനുകരിച്ചു എന്നല്ലാതെ ഭൂരിഭാഗം പേരും ഇപ്പറയുന്ന പോലെ സ്വന്തം സ്വകാര്യത കാത്തുസൂക്ഷിക്കാനാണിതു ചെയ്തതെന്നൊന്നും എനിക്കു തോന്നണില്യ.

തൂലികാനാമം ഉപയോഗിക്കുന്നുണ്ടെങ്കിലും സ്വന്തം വ്യക്തിത്വത്തെ പോസ്റ്റുകളിലൂടെ പരിചയപ്പെടുത്തിയ ഒരു പാട് പേരെ നമ്മുക്കറിയാലോ!

പിന്നെ മറ്റൊരാളെ കുറ്റം പറയാനും അല്ലെങ്കില്‍ അത്രയും മ്ലേച്ഛമായ കാര്യങ്ങള്‍ക്കും നമ്മള്‍ ബ്ലോഗുപയോഗിക്കുന്നില്ലെങ്കില്‍ ഒരു പേരിനുള്ളില്‍ ഒളിച്ചിരിക്കേണ്ട കാര്യമില്ല എന്നാണെന്റെ അഭിപ്രായം.

പക്ഷേ ഹരിത്ത് നിരത്തിയ ഓരോ കാരണങ്ങളും അക്ഷരം പ്രതി ശരിയാണ്. അങ്ങിനെയുള്ള സാഹചര്യങ്ങളില്‍ തൂലികാ നാമമുപയോഗിച്ചേ എഴുതാ‍ന്‍ കഴിയൂ...

ഹരിത് said...

നന്ദി നിസ്

ശ്രീ said...

ശരിയാണ് മാഷേ... തൂലികാ നാമത്തില്‍ എഴുതാന്‍ ഒരാളെ പ്രേരിപ്പിയ്ക്കുന്നത് ഇതു പോലെയുള്ള എന്തെങ്കിലുമൊക്കെ കാരണങ്ങളായിരിയ്ക്കാം.

പിന്നെ, അനോണിയും തൂലികാ നാമത്തില്‍ എഴുതുന്ന ബ്ലോഗറും രണ്ടാണ്.