Sunday, July 27, 2008

പേശാമടന്ത

വിക്രമാദിത്യന്‍ ആകുലനായി. ചിന്തയില്‍ മുഴുകി. ഇനിയെന്തു വഴി? കാടാറുമാസം നാടാറുമാസം എന്നു പറഞ്ഞു നടക്കാന്‍ തുടങ്ങിട്ടു സംവത്സരങ്ങള്‍ എത്രയെത്ര കഴിഞ്ഞു! ഇനിയും പേശാമടന്തയെ സംസാരിപ്പിക്കാനാവുന്നില്ലല്ലോ!

ചക്രവര്‍ത്തി ഭട്ടിയോടു പറഞ്ഞു,
“പ്രിയ മിത്രമേ, സഹോദരാ, സചിവോത്തമാ, ഈ പേശാമടന്തയെ എങ്ങനെ ഒന്നു സംസാരിപ്പിയ്ക്കും?”

വേതാളം എന്നേ മറുകണ്ടം ചാടി,ചുടുകാട്ടിലൂടെ ഓടി, ഏതോ കൊടിമരത്തിന്‍റെ കൊമ്പത്തു തലകീഴായി ഉറക്കം നടിച്ചു കിടക്കുന്നു!. തിരശ്ശീലയും, വസ്ത്രങ്ങളും, തൂവാലയും എന്തിനു വിക്രമാദിത്യന്‍റെ പേരുകേട്ട തൃപ്പതാകകള്‍ പോലും ഈയിടെയായി കഥകള്‍ പറയാറില്ല.

ധര്‍മ്മാധര്‍മ്മങ്ങളുടെ സങ്കടങ്ങള്‍ക്കിടയില്‍ സത്യത്തിന്‍റെ രാജനീതി ആരും കാംക്ഷിക്കുന്നില്ല.
ഭട്ടി കൂലം കഷമായി ആലോചിച്ചു.
“രാജന്‍, നമുക്കു പേശാമടന്തയെ വധിച്ചാലോ?”

“ശാന്തം പാപം. നമുക്കു അന്യായമായ വിധികള്‍ വിധിയ്ക്കാം. അതുകേട്ട് പേശാമടന്ത സംസാരിയ്ക്കാതിരിക്കില്ല. നീതിന്യായത്തിനെതിരായത് കണ്ടും കേട്ടും അവള്‍ക്കു എങ്ങനെ പ്രതികരിയ്ക്കാതിരിയ്ക്കാനാവും?”

വിക്രമാദിത്യന്‍ അന്യായങ്ങള്‍ ചെയ്തു തുടങ്ങി. പിന്നെപ്പിന്നെ ച്ക്രവര്‍ത്തിയ്ക്കു അതൊരു ശീലമായി. പേശാമടന്തയ്ക്കു പൊറുതിമുട്ടി. എന്നിട്ടും അവള്‍ മിണ്ടിയില്ല. അവള്‍ അധര്‍മ്മത്തിനു നേരേ പഞ്ചേന്ദ്രിയങ്ങള്‍ കൊട്ടിയടച്ചു.

ഭട്ടിയും രാജനും പേശാമടന്തയെ മൊട്ടയടിപ്പിച്ചു, ശരീരം മുഴുവനും പുള്ളികുത്തി, കഴുതപ്പുറത്തിരുത്തി രാജ്യം മുഴുവനും ചുറ്റിച്ചു. എന്നിട്ടും മിണ്ടാട്ടമില്ലെന്നു കണ്ടപ്പോള്‍ അവളെ കല്ലെറിഞ്ഞു; ലൈഗികപീഡനം ചെയ്തു; മുഖവും മുലയും തീവച്ചു പൊള്ളിച്ചു.

എന്നിട്ടും പേശാമടന്ത ഒന്നും മിണ്ടാതെ ..ഇങ്ങനെ.....

“ഭട്ടീ, ഇനി നാമെന്തു ചെയ്യും?”
“എന്തു ചെയ്യാനാ?”

വിക്രമാദിത്യന്‍റെ മുഖം തെളിഞ്ഞു, പ്രകാശം ചൊരിഞ്ഞു.

ഒരുള്‍വിളിയിലെന്നപോലെ വിക്രമാദിത്യന്‍ ഉറക്കെ വിളീച്ചുപറഞ്ഞു,
“പേശാമടന്ത നീണാള്‍ വാഴട്ടെ!!!”

ഭട്ടിയും കൂട്ടരും അതേറ്റു വിളീച്ചു,
“പേശാമടന്ത നീണാള്‍ വാഴട്ടെ”

നമുക്കു അതേറ്റു പറയാം,
‘പേശാമടന്ത നീണാള്‍ വാഴട്ടെ!’

11 comments:

ഹരിത് said...

‘പേശാമടന്ത നീണാള്‍ വാഴട്ടെ!’

ഉപാസന || Upasana said...

haha...
Entha mashe ithe.
vayichu.
any historical backgound.

Vikramadithyane kuriche kurache vayichittuLLoo
:-)
Upasana

Gopan | ഗോപന്‍ said...

ഹരിത് ഈ പോസ്റ്റ് വായിച്ചു..
പേശാമടന്തയായി ഇവിടെ ചിത്രീകരിച്ചത് ആരെയാണ് ?
വര്‍ത്തമാന കാലത്തിലെ മനുഷ്യത്വത്തിനെയോ ?
അതോ രാഷ്ട്രീയ മത തന്നിഷ്ടങ്ങള്‍ക്ക്‌ ഇരയായി മനസാക്ഷി മരവിച്ച സാധാരണക്കാരനെയോ?

ഗുപ്തന്‍ said...

ജനാധിപത്യം വിജയിക്കട്ടെ !

Unknown said...

:

ശ്രീ said...

മാഷേ...
എനിയ്ക്കിത് ശരിയ്ക്കു മനസ്സിലായില്ലാട്ടോ.

ഹരിത് said...

ഉപാസന, ശ്രീ:

വിക്രമാദിത്യ ചക്രവര്‍ത്തിയും, സഹോദരനും മന്ത്രിയുമായ ഭട്ടിയും, സന്തത സഹചാരിയായ വേതാളവുമൊരുമിച്ചു കാടാറുമാസത്തെ യാത്രയ്ക്കിടയില്‍, വിചിത്രമായ ഒരു സ്വയംവര മത്സരത്തെക്കുറിച്ചു കേള്‍ക്കാനിടയായി. സുന്ദരിയായ രാജകുമാരി, ‘പേശാമടന്ത’,ഒന്നും മിണ്ടാതെയിരിയ്ക്കും, അവളെ എങ്ങനെയെങ്കിലും മൂന്നുപ്രാവശ്യം സംസാരിപ്പിക്കുവാന്‍ ആര്‍ക്കാണോ കഴിയുന്നത് അദ്ദേഹത്തെ അവള്‍ വരിയ്ക്കും. താല്പര്യം തോന്നിയ വിക്രമാദിത്യന്‍ വേഷപ്രച്ഛന്നനായി അവിടെയെത്തുന്നു. വേതാളം ആരും കാണാതെ തിരശ്ശിലയില്‍ പ്രവേശിച്ച്, വിക്രമാദിത്യന്‍റെ ആഗ്രഹാനുസരണം ഒരു കഥ പറയുന്നു. പേശാമടന്തയും കഥ പറയുന്ന തിരശ്ശീലയെ കൌതുകത്തോടെ ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്. കഥാന്ത്യത്തില്‍ വിഷമം പിടിച്ച ഒരു ചോദ്യം വേതാളം രാജാവിനോടു ചോദിച്ചിട്ടു ന്യായം നടത്താന്‍ ആവശ്യപ്പെടുന്നു. വിക്രമാദിത്യന്‍ വേണമെന്നു വച്ചു തന്നെ തെറ്റായ നീതിന്യായ വിധി ഉത്തരമായി പറയുന്നു. അന്യായമായ വിധികേട്ട്, മത്സരത്തിലെ നിബന്ധനകള്‍ പോലും മറന്നു ‘പേശാമടന്ത’, രാജന്‍റെ വിധി തെറ്റാണെന്നു പറഞ്ഞു ന്യായപൂര്‍ണ്ണമായ ഉത്തരം പറഞ്ഞുപോകുന്നു. അങ്ങനെ അവള്‍ സംസാരിച്ചു.
വേതാളം ഈ കഥ പറച്ചില്‍, രാജകുമാരിയുടെ വസ്ത്രത്തിലും , തൂവാലയിലും മറ്റും പ്രവേശിച്ചു വീണ്ടും രണ്ട് പ്രാവശ്യം കൂടെ ചെയ്യുന്നു. കഥാന്ത്യത്തില്‍ തെറ്റായ ഉത്തരം വിക്രമാദിത്യന്‍ പറയുമ്പോള്‍ രാജകുമാരി അറിയാതെ വീണ്ടും സംസാരിച്ചു പോകുന്നതും, അങ്ങനെ വിക്രമാദിത്യന്‍ സ്വയംവര പരീക്ഷയില്‍ വിജയിക്കുന്നതുമാണു കഥ.
( ഓര്‍മ്മയില്‍ നിന്നും എഴുതുന്നത്; തെറ്റുണെങ്കില്‍ ചൂണ്ടിക്കാണിക്കണേ.)

അന്യായത്തിനെതിരേ പ്രതികരിയ്ക്കുന്ന ഒരു ബിംബമായി പേശാമടന്തയെ സൂചിപ്പിച്ചു എന്നേയുള്ളൂ. ഈ പശ്ചാത്തലത്തില്‍ ഈ കുറിപ്പു വായിച്ചാല്‍ ക്ലിഷ്ടമായി തോന്നില്ലെന്നു കരുതുന്നു.

ഗോപന്‍:

പ്രതികരിക്കാന്‍ ഭയക്കുന്നവരേയും, അതിനു മറന്നുപോകുന്നവരേയും എല്ലാം ഇതിലുപ്പെടുത്താം, ഗോപന്‍ പറഞ്ഞവയയുള്‍പ്പെടെ.

ഗുപ്തന്‍:

ജനാധിപത്യം, പ്രത്യേകിച്ചും പാര്‍ലമെന്‍ററി ജനാധിപത്യം വിജയിക്കട്ടെ!

അനൂപ്:
നന്ദി.

ശ്രീ said...

വിശദീകരണത്തിനു നന്ദി മാഷേ... പണ്ടെങ്ങോ ഈ കഥ കേട്ടതായി ചെറിയ ഓര്‍മ്മയുണ്ട്.

ഭൂമിപുത്രി said...

വിക്രമാദിത്യന്‍ കഥകള്‍ വളരെപ്പണ്ട് വായിച്ചതാണ്‍.
ഇങ്ങിനെയൊരു കഥ ഓറ്മ്മവരുന്നു.
പേര്‍ ‘പേശാമടന്ത’എന്ന് തന്നെയാണോന്നൊരു
സംശയം..വെറും സംശയമാത്രമാകാം കേട്ടൊ.
ഏതായാലും പുതിയ വേറ്ഷന്‍ രസിച്ചു ഹരിത്

ഹരിത് said...

നന്ദി ഭൂമിപുത്രീ. വേറേ ഏതോ ഒരു പേരും കൂടിയുണ്ട് പേശാമടന്തയ്ക്കു.. മലയാളത്തില്‍ വിക്രമാദിത്യന്‍ കഥ എഴുതിയ കഥാകാരന്‍ എടുത്ത സ്വാതന്ത്ര്യമാവണം പേശാമടന്ത എന്ന തമിഴു ചുവയ്ക്കുന്ന പേര്. പണ്ടെപ്പോഴോ മലയാളത്തില്‍ വായിച്ച വിക്രമാദിതന്‍ കഥ എന്ന്ന പുസ്തകത്തില്‍ ‘പേശാമടന്ത’ എന്ന പേരുണ്ടെന്നതു സ്പ്ഷ്ടമായി ഓര്‍ക്കുന്നു.
നന്ദി.

ഭൂമിപുത്രി said...

പേശാമടന്ത ഉജ്ജയിനിയിലെ പ്രശസ്തയായ ഒരു വേശ്യയായിരുന്നില്ലെ?