Sunday, March 30, 2008

ചെങ്കീരി

അങ്ങേര് എയര്‍പോര്‍ട്ടില്‍ നിന്നും നേരേ പാപ്പിനിശ്ശേരിയ്ക്കാണു പോയതു. പുതിയ ഒരിനം പാമ്പു കാണണോത്രേ! രണ്ടു വര്‍ഷം കഴിഞ്ഞാണു് വരുന്നതു. കുഞ്ഞിന്‍റെ മുഖം പോലും നേരിട്ടു കണ്ടിട്ടില്ല എന്നു വല്ല തോന്നലുമുണ്ടോ? അങ്ങേരങ്ങനാ. കല്യാണം കഴിഞ്ഞ് ഒരാഴ്ച ആവുന്നതിനു മുന്‍പു പാമ്പു വേലായുധന്‍റെ ഷോ കാണാന്‍ പാലക്കാട്ട് പോയ ആളാണു്. 20 ദിവസങ്ങള്‍ കഴിഞ്ഞാണു തിരിച്ചെത്തിയതു. അതും ലീവു തീരാന്‍മൂന്നു ദെവസ്സം ബാക്കിയുള്ളപ്പോള്‍. പിന്നെ പിന്നെ ഈരണ്ട് കൊല്ലം കൂടുമ്പോഴുള്ള ഈ വരവു തന്നെ ഒരു ചടങ്ങു പോലെയായി.

വലിയമ്മായി എപ്പഴും പറയും,“ അവളുടെ ഒരു തലേലെഴുത്ത്! പാമ്പിനേം നോക്കി നടക്കുന്ന ഒരു പെറുക്കിയെ ആണല്ലോ ഇവള്‍ക്കു വച്ചിരുന്നത്!”

എന്തൊക്കെ പറഞ്ഞാലും ഒരുപാടു സ്നേഹോള്ളവനാ. ഈ വീടും പിന്നെ എറണാകുളത്തെ ഫ്ലാറ്റും ഒക്കെ അങ്ങേര് നിര്‍ബന്ധിച്ചു എന്‍റെ പേരില്‍ത്തന്നെ വാങ്ങി. എല്ലാം സ്വന്തം പേരില്‍ വാങ്ങിയാല്‍ മതി എന്നു ഞാന്‍ എത്ര പറഞ്ഞാലും കേള്‍ക്കുകേല. മോനാണെങ്കില്‍ അഛനെന്നു പറഞ്ഞാല്‍ ജീവനാ. കഴിഞ്ഞതവണ കുളത്തില്‍ കുളിക്കാന്‍ കൊണ്ടു പോയിട്ട് അവനു നീര്‍ക്കോലി കാട്ടിക്കൊടുത്തത്രേ.

“അവ്നേം കൂടെ പാമ്പിനേം തേളിനേം ഒക്കെ തേടി നടക്കണ പോഴനാക്കല്ലേ എന്‍റെ പൊന്നേ” ഞാന്‍ തേങ്ങി.
മൂന്നു കുഞ്ഞുങ്ങ്ടെ പേരിലും ഫിക്സഡ് ഇട്ടിട്ടു പാസ്ബുക്കും പേപ്പറും ഒക്കെ ബാങ്കു ലോക്കറില്‍ വച്ചിട്ടൊണ്ട്.

“അവനിച്ചെരെ കാശു് എന്‍റെ പേരില്‍ ബാങ്കിലിട്ടോണ്ട്, ക്കിപ്പൊ ആരോടും തെണ്ടാന്‍ പോണ്ട, ഒരാവിശ്യത്തിനേയ്”
വലിയമ്മായിക്കു കാശുകൊണ്ട് ഒരാവശ്യവും ഉണ്ടായിട്ടില്ല ഇന്നുവരെ. എന്നാലും കെടക്കട്ടെ അവരുടെ പേരിലും എന്നു പറയും. അങ്ങേരങ്ങനാ.

ഇപ്പൊ ഞാന്‍ അങ്ങേരുടെ കൂടെ എവിടീം പോവാറില്ല. എന്തിനാ വെറുതേ മനസ്സു വിഷമിപ്പിക്കുന്നതു? കല്യാണം കഴിഞ്ഞ പുതു മോടീല് ഒരുപാടു ആശകള്‍ ഞാന്‍ അങ്ങേരോട് പറഞ്ഞതാ.മഹാബലി പുരത്തെന്നും പറഞ്ഞു
വീട്ടീന്നുഎറ്ങ്ങീതാ. മദ്രാസിലെ ഗിണ്ടി സര്‍പ്പപ്പാര്‍ക്കില്‍ തന്നെ രണ്ടു ദെവസവും. എം ജീ ആറിന്‍റെയും ജയലളിതേടേം വീടുകളെങ്കിലും കാണണമെന്നുണ്ടായിരുന്നു. അതും നടന്നില്ല. എനിക്കിതൊക്കെ ഓര്‍ക്കുന്നതു തന്നെ ദേഷ്യമാ. ഗോവയില്‍ പോകാന്‍ എനിക്കു എന്താശയായിരുന്നു! അവസാനം ഗോവയില്‍ പോയില്ല. പകരം ‘സാംഗ്ലി’യില്‍ പോയി എറങ്ങി. പിന്നെ അവിടെന്നും പതെഴുപതു കിലോമീറ്റര്‍ ബസ്സിലിരുന്നു ‘ബാല്‍റ്റിസ്
ഷിരാലേ’ എന്നൊരു ഓണം കേറാ മൂലയില്‍ ചെന്നു. എന്റെ ഭഗവാനേ, ലോകത്തുള്ള സകലമാന പാമ്പുകളും ഉള്ള ഗ്രാമം. ശ്രാവണത്തിലെ നാഗപഞ്ചമി കാണാന്‍ പോയതാ അങ്ങേര്. അതോര്‍മ്പോള്‍പോലും അറപ്പാ എനിക്കു. ആ പെരു മഴയത്തു എന്നെ എന്തിനാണു അങ്ങനെ കഷ്ടപ്പെടുത്തിയതെന്നു് എത്ര പ്രാവശ്യം ഞാന്‍ അങ്ങേരോട്
ചോദിച്ചിട്ടുണ്ട്! ആരു ഉത്തരം തരാന്‍?പിന്നെ ഇന്നേ വരെ ഞാന്‍ ഗോവ കണ്ടിട്ടില്ല. വലിയമ്മായിയേയും കൂട്ടിയാണു ഞാന്‍ ഗുരുവായൂരമ്പലത്തില്‍ പോലും പോകാറുള്ളതു. അങ്ങേരൂടെ പോയാല്‍, ഗുരുവായൂരിനു പകരം മണ്ണാര്‍ശ്ശാലയില്‍ ചെന്നു നില്‍ക്കും. എന്തിനാ വെറുതേ?

പിന്നെ എനിക്കു മാന്ത്രിക സിദ്ധി കിട്ടിയ കാര്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. വലിയമ്മായിയോടു പോലും. ആരെങ്കിലും അറിഞ്ഞാല്‍ സിദ്ധിപോയാലോ? എനിക്കു നെഞ്ചിനകത്തു വെപ്രാളം വന്നു അന്നു ഐ സി യൂവില്‍ കെടന്നപ്പോഴാണു സിദ്ധികിട്ടിയ കാര്യം എനിക്കു മനസ്സിലായതു.ഞാന്‍ ബോധം കെട്ടുറങ്ങുന്നു എന്നാണു ആ നേഴ്സുമാര്‍ കരുതിയതു. അടുത്ത ബെഡില്‍ കെടന്ന അപ്പുപ്പന്‍ മരിക്കുന്നതു ഞാന്‍ കണ്ടുകൊണ്ട് കെടക്കയായിരുന്നു. ആത്മാവു ഒരു വെളിച്ചം ആയി അപ്പൂപ്പനെ വിട്ടു പോകുന്നതു ഞാന്‍ കണ്ടു. ഞാന്‍ നോക്കുമ്പോള്‍ വെളിച്ചം അനങ്ങാതെ നില്‍ക്കും. ഞാന്‍ കണ്ണയയ്ക്കുന്നിടത്തെല്ലാം വെളിച്ചം ചലിയ്ക്കും. നോട്ടം കൊണ്ട് എനിക്കു സാധനങ്ങള്‍ ചലിപ്പിക്കാമെന്നായി. നോട്ടം കൊണ്ട് എനിക്കു ന്യൂസ്പേപ്പര്‍ , റ്റംബ്ലര്‍ എല്ലാം ചലിപ്പിച്ച് മേശയില്‍ നിന്നും തള്ളി താഴെയിടാന്‍ സാധിച്ചു. നോട്ടം കൊണ്ട് ക്ലോക്കിലെ സൂചി ചലിപ്പിച്ചു സമയം മാറ്റാന്‍ പറ്റുമെന്നായി. ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കുമോ? ഞാന്‍ അതുകൊണ്ട് ആരോടും മിണ്ടാന്‍ പോയില്ല. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ ശേഷം ഒറ്റക്കിരിക്കുമ്പോള്‍ ആരും കാണാതെ ഞാന്‍ എന്റെ സിദ്ധി പരീക്ഷിക്കും. ശീലം കൊണ്ട് എനിക്കു പല കാര്യങ്ങളും ചെയ്യാമെന്നായിട്ടുണ്ട്. വരാന്‍ പോകുന്ന സംഭവങ്ങള്‍ മുന്നേ അറിയാന്‍ പറ്റിത്തുടങ്ങി ഇപ്പോള്‍. എല്ലാം രഹസ്യമാണു. ആരെയും അറിയിക്കാന്‍ പാടില്ല. ഇനി കൂടുവിട്ടു കൂടുമാറുന്ന വിദ്യ കിട്ടണം. അതിനു ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. അങ്ങേര് പാപ്പിനിശ്ശേരീന്നു ഇങ്ങു വരട്ടെ. രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ നോട്ടം കൊണ്ട് ഞാന്‍ അങ്ങേരെ എന്‍റെ കട്ടിലീന്നു തള്ളിതാഴെയിടും . എന്നിട്ടു ഒന്നും അറിയാത്തപോലെ ഉറക്കം നടിയ്ക്കും. എന്നെ അങ്ങര് കെട്ടിപ്പിടിയ്ക്കുന്നതും മുലകളില്‍ തൊടുന്നതും ഒക്കെ എനിക്കു അറപ്പാണു. പാമ്പിനെ തൊടുന്ന കൈകള്‍ കൊണ്ട്. അയ്യേ... അങ്ങേര്‍ പാമ്പിനെ ചുണ്ടില്‍ ചേര്‍ത്തു ഉമ്മ വയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആ ചുണ്ടുകള്‍ കൊണ്ട് എന്നെ...ഛെ... ഇപ്പൊ പിന്നെ സിദ്ധിയുള്ളതു കൊണ്ട്,എന്‍റെ അടുത്ത് ചേര്‍ന്നു കിടക്കാന്‍
വരുമ്പോ കുഞ്ഞിനെ കരയിക്കാന്‍ പണ്ടത്തെപ്പോലെ അങ്ങേര് കാണാതെ കുഞ്ഞിനെ നുള്ളേണ്ട കാര്യമില്ലല്ലോ.

വല്യമ്മായി ഉറങ്ങിയെന്നു തോന്നുന്നു. ഇനി ‘അതു്’ എടുക്കാം.തട്ടുമ്പുറത്തൂന്നു ഉച്ചയ്ക്കു കിട്ടിയതാ. ആരും കാണാതെ ഒളിച്ചു വച്ചിരിക്കായിരുന്നു. കൃഷ്ണാ ഗുരുവായൂരപ്പാ.ഈ ഒരു സിദ്ധികൂടെ നീ എനിക്കു തരണേ. കൂടുവിട്ടു കൂടു മാറുന്ന സിദ്ധി. ഒരുപ്രാവശ്യം മാത്രം. മാന്ത്രിക കണ്ണുകള്‍ കൊണ്ട് ഏകാഗ്രതയോടെ അതിനെ നോക്കട്ടെ. എന്‍റെ ആത്മാവിനെ അതിലോട്ടു ആവാഹിച്ചു അതിനു ജീവന്‍ കൊടുക്കാന്‍ സമയമായി. ഇനി നടക്കാന്‍
പോകുന്ന ഭാവി കാര്യങ്ങള്‍ എന്റെ കണ്മുന്നില്‍ തെളിയുന്നു. അതാ ഒരു ചെങ്കീരി, മുറിയ്ക്കു പുറത്തു കാവല്‍ കിടക്കുന്ന വലിയമ്മായിയെ വലം വച്ചു, പാപ്പിനിശ്ശേരിയിലെ നാഗകന്യകയെത്തേടി യാത്ര തുടങ്ങുന്നു.

അങ്ങേരിതു വിശ്വസിക്കില്ല. അങ്ങേരങ്ങനെയാ.

Friday, March 21, 2008

മൂന്നാം നാള്‍

ഘടികാരവുമായി കാത്തിരിക്കുന്ന മരണത്തിന്‍റെ മണം ഇവിടെയൊക്കെ.
എന്‍റെയും നിന്‍റെയും വീടുകളില്‍ കുരിശാണികളുമായി പാത്തിരിക്കുന്നു മരണത്തിന്‍റെ വെള്ളിയാഴ്ച്ച.
എങ്കിലും ഞാന്‍ സബര്‍മതിയുടെ മെലിഞ്ഞ തീരത്തു ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ വാഗ്ദാനവും കാത്തിരിക്കട്ടെ,
ഇനി മൂന്നു നാളുകള്‍ മാത്രം
മരണത്തിന്‍റെ സത്യം ഉയര്‍ത്തെഴുന്നേല്‍പ്പുമാത്രം
അല്ല,
ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ സത്യം മരണം മാത്രം,
മനസ്സു പോയ വഴികളില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ കിനാവുമായ്
ഇന്നെന്‍ ജീവിതത്തിന്‍ ദുഖ വെള്ളിയാഴ്ച,
അല്ല,
ഇന്നെന്‍ മരണത്തിന്‍ നല്ല വെള്ളിയാഴ്ച.
എന്‍റെ മുപ്പതു വെള്ളിക്കാശു സെന്‍സെക്സില്‍ തളര്‍ന്ന ദുഖ വെള്ളിയാഴ്ച.
പിന്നെ മൂന്നാം നാളതു
മുപ്പതിനായിരമായ് വളര്‍ന്നു
ഉയര്‍ത്തെഴുന്നെല്‍ക്കേണ്ട നല്ല വെള്ളിയാഴ്ച
സബര്‍മതിയുടെ മെലിഞ്ഞ തീരത്തു്
കുരിശാണികളുമായി പാത്തിരിക്കുന്ന മരണത്തില്‍ നിന്നും
ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള
നിയോഗത്തിനിനി വെറും മൂന്നു നാളുകള്‍ മാത്രം
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും.......
ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഇനി മൂന്നു നാളുകള്‍ മാത്രം..

Sunday, March 16, 2008

അക്ഷരപ്പച്ച



ഉറങ്ങിക്കിടക്കുമ്പോള്‍, ആരോ എന്‍റെ അക്ഷരപ്പച്ചയെ
ഇനിവിന്‍റെ അക്ഷരങ്ങള്‍ കൊണ്ട് പച്ചകുത്തുന്നു,
ഉണര്‍ന്നിരിക്കുമ്പോള്‍, ആരോ എന്‍റെ അക്ഷരപ്പച്ചയിലെ
മധുരാക്ഷരങ്ങളെ അറിവിന്‍റെ ഇന്‍സുലിന്‍ തൊട്ടു് അച്ചുകുത്തുന്നു,
ഉണരാതാകുമ്പോള്‍, ആരോ എന്‍റെ അക്ഷരപ്പച്ചയ്ക്കു
കനിവിന്‍റെ തീര്‍ത്ഥമേകി, അക്ഷരങ്ങളെ പച്ചപിടിപ്പിയ്ക്കുന്നു.

‘ഭാവസ്ഥിരാനി ജനനാന്തരസൌഹൃദാനി’

Saturday, March 8, 2008

നല്ല കാലം വറപ്പോകുതു്- ഭാഗം രണ്ട്.

രാവിലെ പത്രം വായിക്കുന്നതു് ഒരു ശീലമായിപ്പോയി. ഇന്നലെ ഞാന്‍ എഴുതിയ ജ്യോതിറാവു ഫുലെയുടെ പുസ്തകപ്രകാശനത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ ഒരു വരി പോലും കൊടുത്തിട്ടില്ല. കഷ്ടമായിപ്പോയി. സംഘാടകര്‍ ഒരുപാടു ആശിച്ചിരുന്നതാണു. ഒരു കോളമെങ്കിലും കൊടുക്കാമായിരുന്നു. വിളിച്ചു ചോദിക്കാം എന്തു പറ്റി എന്നു.
“ ഫുലെയും പെലെയും ഒന്നും കൊടുക്കാന്‍ സ്പേസ് ഇല്ലായിരുന്നെടേ, നമ്മടെ കൊഞ്ഞാണന്‍ മന്ത്രിയുടെ മൂന്നു കിടിലന്‍ പ്രസംഗങ്ങളും ഒരു പ്രെസ്സ്
കോണ്‍ഫറന്‍സും. നമുക്കു നാളെ നോക്കാം”
ആനന്ദലബ്ബ്ധിക്കു ഇനിയെന്തു വേണം?

ഒന്നു നടന്നിട്ടു വരാം. കുറച്ചു കൊളസ്റ്റ്രോളെങ്കിലും അലിയട്ടെ. മാളുവിനു അവധിയാണു. അവളെയും കൂട്ടാം.
“മോളേ, നടക്കാന്‍ പോകാന്‍ വരുന്നോ”?
വരാന്തയ്ക്കപ്പുറത്ത് അവള്‍ മലയാളമേ പറയൂ. നമ്മളും മലയാളമേ പറയാവൂ. എല്ലാത്തിനും ഒരു രീതിയും അഭിപ്രായവും ഒക്കെയുണ്ട് അവള്‍ക്കു.
“ എങ്ങോട്ടാ മാളൂട്ട്യേ അച്ഛനേയും കൊണ്ട്?”
അടുത്ത വീട്ടിലെ കോളേജു കുമാരന്‍ സുരേഷാണു.
“ ചുമ്മാ കാറ്റുകൊള്ളാന്‍ പോണതാണു നായരൂട്ടിയേ.....വരുന്നോ?”,
എന്നു കാന്താരി. ആ നായര്‍ കുട്ടി പ്രയോഗം പാട്ടിയുടേതാണു.ഈ ജന്മത്തു അവന്‍ വരില്ല. മാളുവിനു ഒരു നാലു നാലര വയസ്സുള്ളപ്പോള്‍ സുരേഷ് അവളെയും കൂട്ടി നടക്കാന്‍ പോകാറുണ്ടായിരുന്നു. മുക്കിലെ വിജയന്റെ കടയില്‍ പോയി ഒരു കപ്പലണ്ടി മുട്ടായി പിന്നെ അമ്മന്‍ കോവില്‍ വരെ. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സുരേഷ്, നടത്തം പ്രോഗ്രാം യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിറുത്തി. പിന്നീടു , വളരെ നിര്‍ബന്ധിച്ചിട്ടാണു സുരേഷ് രഹസ്യം പുറത്തു വിട്ടത്. നടത്തത്തിനിടയില്‍, റ്റ്യൂറ്റോറിയള്‍ കോളേജു വിട്ടു നിരത്തു നിറഞ്ഞു വരുന്ന പെണ്‍പടകളോട് യാതൊരു പ്രകോപനവുമില്ലാതെ മാളു മിണ്ടും ,
“ചേച്ച്യേ, മാളു കാറ്റുകൊള്ളാന്‍ പൂവ്വ്വാ... ച്ചേച്ചി വരുന്നോ?”
സുരേഷ് ഐസായിപ്പോയി. നടത്ത തീരുന്നതിനു മുന്‍പു ഇതു മൂന്നു നാലു പ്രാവശ്യം ആവര്‍ത്തിച്ചു രണ്ടാം ദിവസം നടത്തക്കാരെ കണ്ടതും
കുപ്പിണിപട്ടാളത്തിലൊരുവള്‍ സുരേഷ് കേള്‍ക്കെ പറഞ്ഞു.
“ ഗുണ്ടുമണിയന്‍ ഇന്നും കൊച്ചിനേം കൊണ്ട് ഇറങ്ങിയിട്ടുണ്ട്, വായിനോക്കാന്‍”.
തന്ത്രപൂര്‍വ്വം കഷ്ടപ്പെട്ടു കള്‍ട്ടിവേറ്റ് ചെയ്തെടുത്തിരുന്ന തന്‍റെ ഇമേജിനു
മാളുവിനോടൊപ്പമുള്ള ഈവനിങ് വാക് ഒട്ടും ശരിയാവില്ലെന്ന സത്യം മനസ്സിലാക്കി സുരേഷ് മൂന്നാം പക്കം മുങ്ങി.

രാത്രിയുടെ ചൂടില്‍ പെയ്ത ചാറ്റല്‍ മഴയുടെ നഖക്ഷതങ്ങളേറ്റ് വിയര്‍ത്തു കിടക്കുന്ന ചെമ്മണ്‍ പാതയില്‍, പുളകങ്ങള്‍ പോലെ കുറേ നന്ദ്യാര്‍വട്ടപ്പൂക്കള്‍.
നന്ദ്യാര്‍വട്ടത്തിനു തൊട്ടടുത്തു അടുക്കു ചെമ്പരത്തി. പേരറിയാത്ത ചെടികള്‍ പിന്നെയും.
“എങ്ക പാണ്ഡ്യനാട്ടിലെ മാടമധുരൈ പരമശിവനുക്കു കൊന്നപ്പൂതാന്‍ മുക്ക്യം.”
പ്രാചീന മധുരയിലെ , ജഡയില്‍ കൊന്നപ്പൂചൂടുന്ന ശിവന്‍റെ
വെള്ളിയമ്പലത്തെക്കുറിച്ചു വെള്ളൈച്ചാമി അന്നു വാചാലനായി. മൂവേന്തരായ ചേര, ചോഴ, പാണ്ഡ്യന്മാരും പൂക്കളും തമ്മിലുള്ള ബന്ധം ഞാന്‍ അറിഞ്ഞതും വേള്ളൈച്ചാമിയില്‍ നിന്നും തന്നെ.
“ചേരര്‍ക്കു വഞ്ചിപ്പൂ മാലൈ, ചോഴര്‍ക്ക് അത്തിപ്പൂമാലൈ, നമ്മ പാണ്ഡ്യര്‍ക്കു വേപ്പിന്‍ പൂമാലൈ”.
എന്താണു വഞ്ചിപ്പൂ? ബോട്ടണി എം. എസ്. സി വരെ പഠിച്ച പാഠങ്ങളൊന്നും എനിക്കു ഒരു തിരിച്ചറിവും നല്‍കിയിട്ടില്ലെന്ന സത്യം അന്നു ഞാന്‍ വേദനയോടെ അറിഞ്ഞു.
“മോളേ, ആ കുഞ്ഞിപ്പൂക്കളുടെ പേരറിയാമോ?”
അച്ഛനു ഇതു പോലും അറിഞ്ഞൂടേ എന്നഭാവത്തില്‍ അവള്‍ പറഞ്ഞു,
“പാട്ടി പറഞ്ഞുതന്നിട്ടുണ്ട്, നന്ദ്യാര്‍വട്ടം”
“ നാളെ നമുക്കു കുടു കുടു പാണ്ടിയെ കാണാന്‍ പോകാം?”
മാളുവിനു സന്തോഷമായി.

ഓഫീസില്‍ മാളുവിനെയും കൂടെ കൊണ്ടു പോയി. അവള്‍ക്കു, വാക്കിങ് ഷൂസ്, തൊപ്പി, ഒരു ജാക്കറ്റ്, പിന്നെ കൊതുകുതിരി, ടോര്‍ച്ച്, ബിസിലറി അങ്ങനെ ഒരുപാടു ലൊട്ടു ലോടുക്കു സാധനങ്ങള്‍ വാങ്ങണം. കാട്ടിനുള്ളിലെ ആദിവാസി ഗ്രാമത്തിലേക്കു അടുത്ത തലമുറയെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പു. എന്‍റെ മാരുതി 800 ല്‍ യാത്ര നടപ്പില്ല. മണിയനോട് സ്കോര്‍പ്പിയയും കൊണ്ട് രാവിലേ തന്നെ വീട്ടിലെത്താന്‍ ഏര്‍പ്പാടാക്കി. താഴെ കാന്‍റീനില്‍ വച്ച് റ്റോണിയെ കണ്ടു.
“ അല്ല,, ഇന്നും മോളും ഉണ്ടല്ലോ?”
“മോള്‍ക്കു ഐസ്ക്രീം വേണോ, ചോക്ലേറ്റ് വേണോ“ എന്ന ചോദ്യത്തിനു വേണ്ട എന്നുത്തരം . ആരെങ്കിലും എന്തെങ്കിലും വേണോ എന്നു ചോദിച്ചാല്‍
ആര്‍ത്തിപണ്ടാരത്തെപ്പോലെ അതു വേണം ഇതു വേണം എന്നൊന്നും പറയരുതെന്നു പാട്ടി പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ മാളു ഒന്നും വേണ്ട എന്നു ഇപ്പോള്‍ പറഞ്ഞതു ഇങ്ങനെ ആയിപ്പോയി,
“നിയ്ക്ക് ഒന്നും വേണ്ട. പക്ഷേ മാളു മിറാന്‍ണ്ടയെല്ലാം കുടിക്കും”

ഓഫീസില്‍ അത്യാവശ്യജോലികള്‍ തീര്‍ക്കുന്ന തിരക്കിലാണു ഞാന്‍. മാളു സോഫയിലിരുന്നു ചിത്രപ്പുസ്തകത്തില്‍ ചായപ്പെന്‍സില്‍കൊണ്ട് വരയ്ക്കുന്നു. അപ്പോഴാണു താരറാണിയും പരിവാരങ്ങളും മുറിയിലെത്തിയതു. ഇന്ദ്രാണി പണിക്കര്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന ഇന്ദിരാ പണിക്കരാണു കഥാപാത്രം. മന്ത്രിമാരെയും പാര്‍ട്ടിസെക്രട്ടറിയേയും മറ്റും ചോദ്യശരങ്ങള്‍ കൊണ്ട് ഉത്തരം മുട്ടിക്കുന്ന പത്രസുന്ദരി. നാവില്‍ സരസ്വതി വിളയാടുന്നതു ഗാഢ സള്‍ഫ്യൂരിക് ആസിഡിന്‍റെ രൂപത്തില്‍. ആരാധകര്‍ നാലുപേരും ഉണ്ട് കൂടെ. മോളെ കണ്ടപ്പോള്‍ അവള്‍ അങ്ങോട്ടു കൂടി. “മോളേ , ചിപ്പുടൂ”“
ന്‍റെ പേര് മാളവികാന്നാ...”
മാളുവിന്‍റെ റ്റോണില്‍ നിന്നും തന്നെ രംഗം വഷളാകുന്ന ലക്ഷണം കണ്ട് ഞാന്‍ ഇടപെട്ടു,
“ ഇന്ദിരാ, അവളെ വിട്ടേയ്ക്കൂ, നല്ല മൂഡിലല്ല അവള്‍”.
ഇന്ദ്രാണി എന്റെ നേര്‍ക്കു സള്‍ഫ്യൂരിക്ക് ആസിഡ് എറിഞ്ഞു,
“ നീ പോടാ”
ആരാധകര്‍ പ്രോത്സാഹിപ്പിച്ചു. മാളുവിന്‍റെ താടിക്കു പിടിച്ചു കൊണ്ട് വീണ്ടും പറഞ്ഞു,
“ ചിപ്പുടു, മോളേ”
മാളു തീഷ്ണമായി അവളെ നോക്കി. പിന്നെ ശാന്തമായി പറഞ്ഞു,
“ ചിപ്പുടു നിന്‍റെ അച്ഛന്‍”
ഒരു സീ സീ സള്‍ഫ്യൂരിക്കാസിഡില്‍ ഒരു ലിറ്റര്‍ ആല്‍ക്കലി ഒഴിച്ചതുപോലെ ആയിപ്പോയി ആ റിയാക്ക്ഷന്‍!

ഫോറസ്റ്റ് റെസ്റ്റ് ഹൌസില്‍ ഇപ്പോള്‍ കൂടുതല്‍ സൌകര്യങ്ങള്‍. ഒറ്റ മുറിയായിരുന്നു പണ്ട്. ഒരു ബാത്ത്രൂം പോലും ഉണ്ടായിരുന്നില്ല. ഇപ്പൊള്‍ രണ്ടു മുറികള്‍. അറ്റാച്ച്ഡ് ബാത്, അടുക്കള, കൊച്ചു ഡൈനിങ് ഹാള്‍. ഒരു മുറിയേ ഒഴിവുള്ളൂ, മറ്റേ മുറിയില്‍ ഒരു റിസര്‍ച്ചു സ്കോളറാണെന്നു ഡി എഫ് ഓ പറഞ്ഞിരുന്നു.ഉദയകുമാറുമായി ഞങ്ങള്‍ പെട്ടെന്നു അടുത്തു. അര മണിക്കൂര്‍ കൊണ്ടു തന്നെ മാളു അയാടുടെ പിറകേ “ അങ്കള്‍, അങ്കള്‍” എന്നും പറഞ്ഞു നടക്കാന്‍ തുടങ്ങി. യേശുകൃസ്തുവിന്‍റെ മുഖമുള്ള ഒരു മെലിഞ്ഞ ചെറുപ്പക്കാരന്‍. ഹ്യൂബര്‍ട്ട് ഹംഫ്രി ഫെല്ലോഷിപ്പില്‍
‘യേല്‍ യൂണിവേഴ്സിറ്റിയില്‍’ റിസര്‍ച്ച് ഫെല്ലോ.
ഡോ. തപന്‍ മുഖര്‍ജിയോടൊപ്പം ചേര്‍ന്നു റ്റ്രൈബല്‍ ഫോക്ക് ലോറിനെക്കുറിച്ചും, Impact of Environment Laws on Tribal Land Holdings തുടങ്ങി പല വിഷയങ്ങളിലും പ്രബന്ധങ്ങള്‍ എഴുതിയിട്ടുണ്ട്. Economic and Political Weekly യില്‍ ഡോ. തപന്‍ മുഖര്‍ജിയുടെ ആര്‍ട്ടിക്കിള്‍സ് വായിച്ചിട്ടുണ്ട്. കോ- ആതര്‍ ഉദയകുമാറാണെന്നതു ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല.
രാവിലേ തന്നെ വെള്ളൈച്ചാമിയുടെ ഗ്രാമത്തിലേയ്ക്കു ഞങ്ങളുടെ സ്കോര്‍പ്പിയോ മലകയറി. ഉദയകുമാറും കൂടെ കൂടി. നങ്കയാര്‍കോവില്‍, പോകുന്ന വഴിക്കാണു. കോവിലിനടുത്തു സൌപര്‍ണിക പോലെ ഒരു കൊച്ചു അരുവിയും ഉണ്ടത്രേ. ‘നങ്കയാര്‍’ എന്നാണു അരുവിയെ വിളിക്കാറുള്ളതും. ഈ കോവിലില്‍ പണ്ട് പോയിട്ടില്ലെന്നു തോന്നുന്നു. ഓര്‍ക്കുന്നില്ല. മണിയന്‍റെ കാര്‍സ്റ്റീരിയോ പാടുന്നു. കൂടെ പാടുന്നതു നമ്മുടെ കേ ബീ സുന്ദരാംബാള്‍ മാളവിക..
‘ കരി നീല കണ്ണഴകീ... കണ്ണകീ...’
“നല്ല ആപ്റ്റ് പാട്ട്”
“അതെന്താ ഉദയാ?”
എല്ലാം എനിക്കു പുതിയ അറിവായിരുന്നു. കണ്ണകിയാണു നങ്ക. നമ്മള്‍ പോകുന്ന കോവിലിലെ പ്രതിഷ്ഠ കണ്ണകിയാണു. ചേരന്‍ ചെങ്കുട്ടുവന്‍ പ്രതിഷ്ഠിച്ച കണ്ണകിയുടെ പ്രതിമയാണു ഇന്നു നാമറിയുന്ന കൊടുങ്ങല്ലൂര്‍ ഭഗവതി. ചെങ്കുട്ടുവന്‍റെ അനിയന്‍ ഇളങ്കോവടികള്‍ സ്വാമിക്കു കണ്ണകിയുടെ സംഭവകഥകള്‍ പറഞ്ഞുകൊടുത്തത് മലയിറങ്ങി വന്ന ആദിവാസികളാണു. ചെന്തമിഴ് കവിയായ ചാത്തനും സംഭവം എന്‍ഡോഴ്സ് ചെയ്തപ്പോള്‍ ഇളങ്കോവടികള്‍ ചിലപ്പതികാരം എഴുതി.
ഉദയന്‍ പറഞ്ഞു,
“ഹംഫ്രി സായിപ്പിന്‍റെ ഫെല്ലോഷിപ്പു വേണ്ടിവന്നു എനിക്കു ഇതൊക്കെ അറിയാന്‍”
“നീ വിഷമിക്കാതെ ഉദയാ, നമുക്കു കരുണാനിധിയോടോ, മായാവതിയോടോ പറഞ്ഞു ഇളങ്കോവടികള്‍ക്കു ഭാരതരത്നം കൊടുപ്പിക്കാം, എനി വേ, അപ്പൊ
നമ്മുടെ വെള്ളൈച്ചാമിയുടെ പൂര്‍വ്വികരാണു ഇളങ്കോയെ മോട്ടിവേറ്റ് ചെയ്യിപ്പിച്ചതു്”

നങ്കയാറിന്‍റെ അവശിഷ്ടങ്ങള്‍ കൊച്ചു ചെളിക്കുണ്ടുകളായി , ഇരുണ്ട മണല്‍ത്തിട്ടയില്‍ അവിടവിടെ... അതിനുമപ്പുറത്ത് ഇടിഞ്ഞുപൊളിഞ്ഞ ഒരു ചെറു ഗോപുരം. അതിനു താഴെ ആസ്ബസ്റ്റോസ് ഷീറ്റിന്‍റെ തണലില്‍ കണ്ണകി എന്ന നങ്ക. അമ്മേ ഭഗവതീ.

വെള്ളൈച്ചാമിയുടെ ഗ്രാമത്തിനു വൈയ്ക്കോലിന്‍റേയും ചാണകവറളിപ്പുകയുടേയും മണമുണ്ടായിരുന്നു. എല്ലാം മാറിപ്പോയിരിക്കുന്നു. പൊതുവേ ഒരു നരച്ച മഞ്ഞ നിറം. പഞ്ചായത്തു വക അംഗന്‍ വാടിയില്‍ കുട്ടികളുടെ കലപില. വെള്ളൈച്ചാമി വീട്ടിലില്ല പാടത്താണെന്നു ഒരു പെട്ടിക്കടക്കാരന്‍ .

പാടത്തിനു അടുത്തുള്ള ഒരു പാറയുടെ മുകളില്‍ വെള്ളൈച്ചാമി .ഇടതു കൈ കൊണ്ട് മുഖം താങ്ങി, കുന്തിച്ചിരിക്കുന്നു.വരണ്ട പാടത്തു കണ്ണും നട്ട്. ദൈവമേ, ഇതെന്തൊരു കാഴ്ച! പാടം മുഴുവനും ലക്ഷക്കണക്കിനു പുഴുക്കള്‍. പെട്ടെന്നു കണ്ടാല്‍ ചൊറിയന്‍ പുഴുവെന്നോ കമ്പിളിപ്പുഴുവെന്നോ തോന്നും. തലങ്ങും വിലങ്ങും . ഒരിഞ്ചു സ്ഥലം ബാക്കിയില്ല. പാടം മുഴുവനും പുഴുക്കളുടെ ഓളങ്ങള്‍.പച്ചപ്പിന്‍റെ ഒരു കുരുപ്പുപോലും അവശേഷിച്ചിട്ടില്ല പാടത്ത്. വെള്ളൈച്ചാമി ഇടയ്ക്കു പാടത്തു ഇറങ്ങും. പാദങ്ങള്‍ മുഴുവനും അപ്പോള്‍ പുഴുക്കള്‍ കൊണ്ട് മൂടിപ്പോകും. വലതു കൈയ്യിലിരിക്കുന്ന ഒരു കൊച്ചു കല്ലു കൊണ്ട് ഒരു പുഴുവിനെ ഞെരിച്ചു കൊല്ലും.വീണ്ടും ചാമി പാറപ്പുറത്തു കയറി കാലിലെ പുഴുക്കളെ കുടഞ്ഞു കളഞ്ഞ് വീണ്ടും അങ്ങനെ കുന്തിച്ചിരിക്കും. അല്പം കഴിഞ്ഞു വലതുകൈയ്യിലെ
കല്ലുമായി അടുത്ത പുഴുവിനെ ഞരിച്ചു കൊല്ലാനായി വീണ്ടും പാടത്തോട്ട്.

“വെള്ളൈച്ചാമീ”, ദൈന്യതയോടെ ഞാന്‍ പതുക്കെ വിളിച്ചു.,
ചാമി മുഖമുയര്‍ത്തി. കുണ്ടുകള്‍ക്കുള്ളിലെ ചത്ത കണ്ണുകള്‍ എന്നെ അപരിചിതമായി നോക്കി. ആ കണ്ണുകളില്‍ സ്വാഗതത്തിന്‍റെ മന്ദഹാസമില്ല. സൌഹൃദത്തിന്‍റെ തിളക്കമില്ല.
ഉദയനും മാളുവും നടന്നടുക്കുന്നു. ചാമിയെ കണ്ട സന്തോഷത്തില്‍ മാളു ‘കുടു കുടു പാണ്ടീ, നല്ല കാലം വറപ്പോകുതു, നല്ല കാലം വറപ്പോകുതു’ എന്നു
ഉറക്കെ വിളിച്ചു കൊണ്ട് ഓടി വരുന്നു. നങ്കയാറ്റിലെ ചെളിക്കുണ്ടിലെന്നപോലെ, ചാമിയുടെ കണ്ണുകളിലും ഒരിറ്റു നനവു.
‘ ലച്ച്മീ, ..അമ്മാ.. ലച്ച്മീ’ ചാമി പുലമ്പി.

ചാമിയുടെ കുടിലിനള്ളില്‍ തുലാം മാസത്തിലെന്നപോലെ കാര്‍മേഘങ്ങള്‍ കട്ടപിടിച്ച്...... ചീതയ്ക്കു കൊടുക്കാന്‍ പാട്ടി തന്നുവിട്ട രണ്ട് മൂന്നു ചേലകള്‍ ഞാന്‍ പുറത്തെടുത്തു. “ചീതേ,... ചീതേ...” ഞാന്‍ കുടിലിനുള്ളിലേയ്ക്കു വിളിച്ചു.
വെള്ളൈച്ചാമി നിര്‍വികാരനായി പറഞ്ഞു,

‘ഇരൈന്തു വിട്ടാളേ. ഇരണ്ട് വരിഷമാച്ചു. ശിക്കന്‍ കുനിയാ.’

തുലാവര്‍ഷമേഘങ്ങള്‍ എന്‍റെ ഉള്ളില്‍ വെള്ളിടിയിട്ടു.

‘സിന്ദൂരം?’
എന്‍റെ ശബ്ദം കേട്ടപ്പോള്‍ എനിക്കു തന്നെ പേടിതോന്നി..കുടിലിനുള്ളില്‍ ഒരു നിഴലനക്കം. കരുവാളിച്ച ഒരു കോലം. പൂര്‍ണ്ണ ഗര്‍ഭിണിയായി എന്‍റെ മുന്നില്‍ പതിമ്മുന്നു പതിന്നാലു വയസ്സായ സിന്ദൂരം. അവള്‍ക്കു മാളുവിന്‍റെ ഛായയുണ്ടെന്നു പെട്ടെന്നു തോന്നിപ്പോയി. എവിടെ വച്ചാണു ഈ കുരുന്നു നന്ദ്യാര്‍വട്ടപ്പൂവിനെ നിയമപാലകര്‍ ചവിട്ടിയരച്ചതു? മുത്തങ്ങയിലോ? തങ്കമണിയിലോ?
കുടു കുടു പാണ്ടി, മാളുവിനെ കെട്ടിപ്പിടിച്ചു് ശബ്ദമില്ലാതെ, തേങ്ങലില്ലാതെ , കണ്ണീരില്ലാതെ കരയുന്നതു കണ്ടു, എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ വെറും തറയില്‍ ഇരുന്നുപോയി. പാട്ടി, സിന്ദൂരത്തിനായി ഉണ്ടാക്കി കൊടുത്തു വിട്ട കളിയടയ്ക്കയും, കരുപ്പെട്ടിയും തേങ്ങയും അകത്തു വച്ച കൊഴുക്കട്ടകളും തറയില്‍ വീണു. ജീവിതത്തില്‍ ആദ്യമായി എന്റെ വിരലുകള്‍ അനിയന്ത്രിതമായി വിറച്ചു.
മാളു വെള്ളൈച്ചാമിയെ പാട്ടുപാടി കേള്‍പ്പിക്കുകയാണു,
“കരിനീല കണ്ണഴകീ ....കണ്ണകീ...”

ഉദയകുമാര്‍ ഗ്രാമസന്ദര്‍ശനം നടത്തുകയായിരുന്നു ഈ സമയമത്രയും. തിരിച്ചു വന്നതു വളരെ സന്തോഷവാനായിട്ടാണു. കുടു കുടു പാണ്ടികളുടെ ഒരു മിത്ത് അവനു കിട്ടിയത്രേ. കണ്ണകിയുടെ ശാപം കിട്ടിയ അന്നു തൊട്ട് പാണ്ഡ്യനാട്ടില്‍ മഴയില്ലാതെയായി. കൊടും വരള്‍ച്ച. പകര്‍ച്ചവ്യാധികള്‍. പട്ടിണിയുടേയും മരണത്തിന്‍റേയും ദിനങ്ങള്‍. അരചര്‍ ഒടുവില്‍ നങ്കയ്ക്കു ആയിരം തട്ടാന്മാരെ ബലികഴിപ്പിച്ചു പൂജാകര്‍മ്മങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചു. പരിഭ്രാന്തരായിരുന്ന പ്രജകളെ സാന്ത്വനിപ്പിക്കാന്‍ ആദിവാസികളെ നിയോഗിച്ചു. അവര്‍ നാടുമുഴുവന്‍ നടന്നു പറഞ്ഞു
“ നല്ല കാലം വറപ്പോകുതു. നല്ല കാലം വറപ്പോകുതു”
ഉടുക്കു പോലെ ഒരു കൊട്ടു കൊട്ടിപ്പാടിയിരുന്നതു കൊണ്ട്. നാട്ടുകാര്‍ ഇവരെ കുടു കുടു പാണ്ടികള്‍ എന്നു വിളിച്ചു. ബലികര്‍മ്മങ്ങള്‍ കഴിഞ്ഞപ്പോള്‍ നങ്ക പ്രസാദിച്ചു. മഴ പെയ്തു. രോഗങ്ങള്‍ ശമിച്ചു. നല്ല കാലം പിറന്നു. ഇന്നും കുടു കുടുപ്പാണ്ടികള്‍ വരാനിരിക്കുന്ന നല്ല കാലത്തിന്‍റെ സൂത്രധാരകരാണു
തിരിച്ചിറങ്ങുമ്പോള്‍ മാളു എന്‍റെ നെഞ്ചു പറ്റിച്ചേര്‍ന്നു കിടന്നു ഉറങ്ങി.

“യെതുക്കാഹെ, യാരുക്കഹെ വാഴണം യശമാ.” വെള്ളൈച്ചാമിയുടെ തളര്‍ന്ന ശബ്ദം വീണ്ടും വീണ്ടും മുഴങ്ങുന്നപോലെ
ജീവിക്കണം ചാമീ, മരണം വരെ ജീവിക്കണം

എഡിറ്ററുടെ ഫോണ്‍. ആദിവാസി ആക്ക്ഷന്‍ കൌണ്‍സില്‍ സമരത്തില്‍ ഒരാള്‍ സ്വയം മണ്ണെണ്ണ ഒഴിച്ചു ആത്മദാഹം ചെയ്യുന്ന ലൈവ് റ്റെലികാസ്റ്റ്. ഉടന്‍ റ്റിവി വച്ചു. അവര്‍, ഒരു മനുഷ്യന്‍ ജീവനുള്ള തന്‍റെ പച്ച ശരീരത്തെ സ്വയം കത്തിക്കുന്ന കാഴ്ച്ച ആഘോഷിക്കുന്നു. അഗ്നിദേവന്‍റെ മരണ താണ്ഡവം. തീ നാളങ്ങള്‍ ജീവന്‍ വച്ചു കുതറി ഓടുന്നു. ദേഹി ജീര്‍ണ്ണവസ്ത്രം ഉപേക്ഷിക്കുന്നു എന്നു തോന്നിച്ചു കൊണ്ട്, നീലാകാശത്തു കുറേ പുകച്ചുരുളുകള്‍,. ഒരു രക്തസാക്ഷി കൂടെ ജനിച്ചു. ദൈവമേ....

ആദ്യം എഴുതിയതു വായിച്ചപ്പോള്‍ ആഴ്ചപ്പതിപ്പിലെ പൈങ്കിളി ഫീച്ചര്‍ പോലെ. അതു ഡെലീറ്റു ചെയ്തു. പിന്നെ എഴുതിയപ്പോള്‍ സണ് ഡേ സപ്ലിമെന്‍റിലെ ആര്‍ട്ടിക്കിള്‍ പോലെ. കമ്പ്യൂട്ടര്‍ ഓഫ് ചെയ്തു. കടലാസും പേനയും എടുത്ത് ന്യൂസ് വീണ്ടും എഴുതിത്തുടങ്ങി.
‘ആദിവാസി സമരത്തിലെ ആദ്യരക്തസാക്ഷി; വെള്ളൈച്ചാമി ( 70 വയസ്സ്). സ്വയം കത്തിയെരിഞ്ഞ...........’ വാര്‍ത്തയില്‍ ഇമോഷന്‍സിനു സ്ഥാനമില്ലല്ലോ.

“നല്ല കാലം വറപ്പോകുതു... നല്ല കാലം വറപ്പോകുതു” മനസ്സിനുള്ളില്‍ പിന്നെയും മാളുവിന്‍റെ ശബ്ദം.

Thursday, March 6, 2008

നല്ലകാലം വറപ്പോകുതു് - ഭാഗം ഒന്നു്

“ വെള്ളൈ കമലത്തിലേ .....വെള്ളൈ കമലത്തിലേ, അവള്‍
വീറ്റിറുപ്പാള്‍ പുകള്‍ ഏറ്റിറുപ്പാള്‍...അവള്‍...
വെള്ളൈ കമലത്തിലേ.... ആ ആ ആ‍”

മഹാരാജപുരം സന്താനം ഭാരതിയാര്‍ കവിത ആലപിക്കുന്നു. മണിമുഴക്കം പോലെയുള്ള ആ ശബ്ദത്തിനു ഈ പാട്ടു പാടുമ്പോള്‍ അല്പം വാര്‍ദ്ധക്യം ബാധിച്ച പോലെ. എങ്കിലും വളരെ ഇഷ്ടമാണു എനിക്കു ഈ ഗാനം.വോള്യം കൂട്ടിവച്ചു. പാട്ടു കേട്ടു മാളു മുറിയില്‍ വന്നു.
“ എന്ന കുഴന്തൈ, സാധകം മുടിഞ്ചാച്ചാ?”
രാവിലെ തന്നെ മാളുവിന്‍റെ പാട്ടു ക്ലാസ്സും സാധകവും നടക്കണമെന്നു പാട്ടിക്കു നിര്‍ബ്ബന്ധമാണു. എന്‍റെ ചോദ്യം അവള്‍ കേട്ട ഭാവം നടിച്ചില്ല. ഒന്‍പതു വയസ്സേ ആയിട്ടുള്ളൂ എങ്കിലും ചില നേരത്തെ വര്‍ത്തമാനം കേട്ടാല്‍ പാട്ടിയുടെ അമ്മയാണെന്നു തോന്നും.
“ അപ്പാ, അന്ത കുടു കുടു പാണ്ടിയെ റോമ്പ നാളായ് പാക്കവേയില്ലയേ.”
“ യാരു് വേള്ളൈച്ചാമിയാ?”
മഹാരാജപുരത്തിന്‍റെ വെള്ളൈകമലമാണു അവളെ വെള്ളൈച്ചാമിയില്‍ കൊണ്ട് തൊടുത്തിയതു്. ഈ പെണ്ണീന്‍റെ ഒരു കാര്യം! വിയേറ്ഡ് ലോജിക്കാണു ഇവളുടേത് പലപ്പോഴും.

വെള്ളൈച്ചാമിയെ കണ്ടിട്ടു ഒരു മൂന്നു നാലു കൊല്ലമെങ്കിലും ആയിക്കാണുമല്ലോ എന്നതു അപ്പോഴാണു ഓര്‍ത്തത്.
“റൊമ്പ നാളായ് നാനും പാക്കവേയില്ല അവരെ. പാട്ടി എന്ന പണ്ണറേ?”
ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു വിഷയം മാറ്റി. അല്ലെങ്കില്‍ സംഭാഷണം കരച്ചിലില്‍ പോയി ഉടക്കും. കുടു കുടു പാണ്ടിയെ ഇപ്പൊ കാണിച്ചു തരണമെന്നാവും
ഡിമാന്‍റ്.
“പാട്ടി, ‘യസോദാ’ തുടങ്കിയാച്ച്”
അവരെ കളിയാക്കിയാതാണു മാളു. രാവിലത്തെ പൂജയും പാട്ടും ഒക്കെ തീരുന്നതു പാട്ടിയുടെ ഇഷ്ടകീര്‍ത്തനത്തോടെയാണു്,
“ എന്ന തവം ചൈദനൈ യശോദാ, എന്ന തവം ചൈദനൈ... എങ്കും നിറൈ പരബ്രഹ്മം........”
പാട്ടിക്കു ചന്ദനത്തിന്‍റെ സുഗന്ധമാണെന്നാണു മാളു പറയാറ്. താത്തായുടെ ബാരിസ്റ്റര്‍ വേഷത്തിലുള്ള പടം മാലചാര്‍ത്തി വച്ചിട്ടുണ്ട് പാട്ടിയുടെ മുറിയില്‍. അക്ഷരങ്ങളുടെ മണമുള്ള ഒരു നേര്‍ത്ത കാറ്റ് എനിക്കു എപ്പോഴും അനുഭവപ്പെടാറുണ്ട് അവിടെ.

കുളിമുറിയില്‍ നിന്നും മാളുവിന്‍റെ ഉറക്കെയുള്ള ശബ്ദം,
“നല്ല കാലം വറപ്പോകുത്, നല്ല കാലം വറപ്പോകുത്”
അവള്‍ വെള്ളൈച്ചാമിയെ അനുകരിച്ചു വിളിച്ചു പറയുകയാണു. ഇന്നത്തെക്കു ഒരു വിഷയം അവള്‍ക്കു രാവിലേ തന്നെ വീണു കിട്ടിയല്ലോ.
“ എതുക്കെടീ ശുമ്മാ കത്തറേ” പാട്ടി ശാസിച്ചു...
“നല്ല കാലം വറപ്പോകുതു.....നല്ല കാലം വറപ്പോകുത്” എന്നു കുറച്ചുകൂടെ ഉച്ചത്തില്‍ ഉത്തരം.
പാട്ടി ചിരിച്ചു. “ എന്‍ ചമത്ത് അല്ലവാ...” ഈ പാട്ടിക്കു ഒരിക്കലും ദേഷ്യം വന്നു കണ്ടിട്ടില്ല. ഒരു നനുത്ത ശ്രുതിപോലെ പാട്ടിയുടെ സ്നേഹം എന്‍റെ
മാളുവിന്‍റെ ചുറ്റും എന്നും മീട്ടിനില്‍ക്കും. തലമുറകളുടെ വരദാനമായി എന്‍റെ മകള്‍ക്കു കിട്ടിയ പുണ്യമാണു പാട്ടി. ചന്ദനത്തിന്‍റെ സുഗന്ധമുള്ള പാട്ടി.

സ്ക്കൂള്‍ ബസ്സില്‍ കയറുന്നതിനു മുന്‍പു എന്തോ സീരിയസ് കാര്യം പറയാനെന്നപോലെ എന്റെ കാതിലോട്ട് മുഖം അടുപ്പിച്ചു ഉറക്കെ ഒറ്റ വിളി,
“ അപ്പാ, നല്ല കാലം വറപ്പോകുതു”
ബസ്സു വിട്ടപ്പോള്‍ ചീവീടുകള്‍ എല്ലാം ചേര്‍ന്നു എന്നെ നോക്കി മുദ്രാവാക്യം പോലെ അലറി,
“ നല്ല കാലം വറപ്പോകുതു”




ആദിവാസി ആക്ക്ഷന്‍ കൌണ്‍സിലിന്‍റെ പ്രസ്സ് കോണ്‍ഫറന്‍സ് .
‘ഞങ്ങളുടെ ഭൂമി നിങ്ങള്‍ പിടിച്ചെടുത്തു.പോലീസും കളക്റ്ററും മന്ത്രിമാരും ഒക്കെ നിങ്ങള്‍ക്കു കാവല്‍.28 വര്‍ഷങ്ങളായി നടത്തി വരുന്ന ഈ അവകാശ
സമരം. ഇനി എങ്ങോട്ടു പോണം? സഹികെട്ടു ഞങ്ങള്‍ , ഞങ്ങള്‍ക്കു അവകാശപ്പെട്ട ഭൂമിയില്‍ കുടിലു കെട്ടി. ഇനി ഒഴിഞ്ഞു പോണമെന്നോ? എങ്ങോട്ടു പോകാനാ? ഞങ്ങളുടെ സമരം നിയന്ത്രിക്കാന്‍ കോടതികളും.! ഒഴിപ്പിക്കണം , പക്ഷേ രക്തച്ചൊരിച്ചില്‍ പാടില്ല. മൈ ലോര്‍ഡ് എന്നാപ്പിന്നെ നേരിട്ടങ്ങു ഭരിച്ചൂടേ? ജഡ്ജിമാരുടെ ശമ്പളം തീരുമാനിക്കുന്ന ലാഘവത്തോടെ എല്ലാ എക്സിക്കുട്ടീവ് ഭരണവും അങ്ങു തന്നെ തീരുമാനിച്ചാലൂം. ലോട്ടറി ട്ടിക്കറ്റ് വില്‍ക്കണോ? ദല്‍ഹിയില്‍ സമോസയും ജിലേബിയും ആളുകള്‍ കഴിക്കണോ? സ്വാശ്രയകോളേജിലെ ഫീസ് എത്ര വേണം? ഡല്‍ഹിയില്‍ റ്റി വീ കാണാന്‍ ഹാത്ത് വേ കമ്പനിയുടെ സെറ്റ് റ്റോപ് ബോക്സ് തന്നെ വാങ്ങണോ? നെഴ്സറി സ്കൂളില്‍ അഡ്മിഷന്‍ എങ്ങനെ വേണം? ബഡ്ജറ്റില്‍ കൃഷിക്കാര്‍ക്കു ലോണ്‍ മാപ്പാക്കണോ? മൈ ലോര്‍ഡ്, യൂ ആര്‍ ഗോഡ്...അവിടുത്തെ മക്കളുടെ കല്യാണം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വച്ചു നടത്തിക്കാന്‍ കോവളത്തു പണക്കാര്‍ മത്സരിച്ചതല്ലേ?...ഹാരിസ്സണ്‍ മലയാളം പ്ലാന്‍റേഷന്‍ ഭൂമിയില്‍ ആദിവാസി ആക്ക്ഷന്‍ കൌണ്‍സില്‍ സമരം നടത്തുന്നു. ഒഴിപ്പിച്ചാല്‍ പബ്ലിക്കായി തൂങ്ങിച്ചാവും.’ ഇങ്ങനെ പോയി പ്രസ്സ് കോണ്‍ഫറന്‍സ്. ഇതൊക്കെ പേപ്പറില്‍ എഴുതി വാര്‍ത്തയാക്കിയാല്‍ ചിലപ്പോള്‍ എഴുതുന്നവനും കോടതി അലക്ഷ്യത്തിനു അകത്താവുമല്ലോ! റിട്ടയേര്‍ഡ് ജഡ്ജിയുടെ മകന്‍റെ ബില്‍ഡിങ് മാഫിയാ ബന്ധങ്ങളെക്കുറിച്ചു എഴുതിയതിനു മിഡ് ഡേ പത്രക്കാര്‍ക്കു സംഭവിച്ചതുപോലെ.

വെള്ളൈച്ചാമിയെക്കുറിച്ചു വീണ്ടും ഓര്‍ത്തു. മകള്‍ ചീതയേയും , ചീതയുടെ മകള്‍ സിന്ദൂരത്തേയും കൂട്ടി വേള്ളൈച്ചാമി ‘യെശമാ, നല്ല കാലം വറപ്പോകുതു...’ എന്നു പറഞ്ഞു കൊണ്ട് എപ്പോഴാണു ആദ്യമായി വീട്ടില്‍ വന്നതു?. പത്തു പന്ത്രണ്ടു കൊല്ലങ്ങള്‍ക്കു മുന്‍പാവണം. കൃഷി വകുപ്പില്‍ ജോലി കിട്ടി റ്റ്രയിനി ആയിരുന്ന സമയത്തായിരുന്നു. ജില്ലാ ഓഫീസര്‍ നിര്‍ബ്ബന്ധമായി പറഞ്ഞു, മലമുകളിലെ ആദിവാസിഗ്രാമങ്ങളിലാവട്ടെ റ്റ്രയിനിങ് തുടക്കം.
‘മോനേ, ചെടികളും വിളകളും മരങ്ങളും മാത്രം മനസ്സിലാക്കിയാല്‍ പോര കൃഷിവകുപ്പില്‍. മണ്ണിനും വയലിനും പിറകിലുള്ള മനസ്സു കാണണം,
കൃഷിക്കാരനെ തൊട്ടറിയണം.’ അദ്ദേഹം പറഞ്ഞു.

കൃഷിവകുപ്പിലെ ജോലി കൂടുതല്‍ കാലം ഉണ്ടായില്ല, എങ്കിലും കര്‍ഷക ആത്മഹത്യയെക്കുറിച്ചു വാര്‍ത്തയെഴുതുമ്പോള്‍ ഇപ്പോഴും അദ്ദേഹത്തെ ഓര്‍ക്കും. ആ ജനുസ്സില്‍പ്പെട്ട കൃഷി ഓഫീസറന്മാര്‍ അന്യം നിന്നുപോയോ?

അക്കാലത്ത് മലകയറി ഗ്രാമങ്ങള്‍ തോറും നടക്കും. ആദിവാസികളുടെ ജീവിതം അടുത്തറിഞ്ഞ നാളുകള്‍. തമിഴു പറയുന്ന നാലഞ്ചു കുടുംബങ്ങളേ
അവിടെയുള്ളൂ. മറ്റു ആദിവാസികള്‍ ഇവരെ കുടു കുടു പാണ്ടികള്‍ എന്നു വിളിക്കുമ്പോള്‍ വെള്ളൈച്ചാമി ഈര്‍ഷ്യയോടെ പറയും,
“ നാങ്ക തമിഴ്നാട്ടില്‍ നിന്രും വന്ത ആദിവാസികള്‍”

ചീതയെ പെറ്റപ്പോള്‍ തന്നെ ചാമിയുടെ പെണ്ണു കമലു ചത്തുപോയി.
‘ ശെത്തു പോയിട്ടാള്‍’ എന്നു വെള്ളൈച്ചാമി പറയുമ്പോള്‍ കടല്‍ പോലെ തെളിഞ്ഞ നീലക്കണ്ണുകളില്‍ തിരമാലകള്‍ പതയും. കഞ്ചാവുമലകളെ തഴുകിയെത്തുന്ന തെക്കന്‍ കാറ്റ് ചാമിയുടെ നെഞ്ചിലെ തിളക്കുന്ന കല്ലില്‍ത്തട്ടി ഒരു നിമിഷം പകച്ചു നില്‍ക്കും.

കാട്ടിലെ പുറമ്പോക്കില്‍ വേലി വളച്ചുകെട്ടിയെടുത്തതാണു ചാമിയുടെ മൂന്നേക്കര്‍ കൃഷിഭൂമി. ഞാറ്റുവേലക്കായി കാത്തിരിക്കും ചാമിയും കുടുംബവും. ഇടക്കിടെ ഫോറസ്റ്റര്‍ വന്നു കടലാസ്സു കൊടുക്കും ഭൂമിഒഴിപ്പിക്കാന്‍. അങ്ങനെ കൂടെക്കൂടിയ ഒരു ഫോറസ്റ്റര്‍ ചീതയ്ക്കു കൊടുത്ത സമ്മാനമാണു സിന്ദൂരം. തുലാവര്‍ഷം കഴിഞ്ഞു ചീതയെ കൂട്ടിക്കൊണ്ട് പോകാന്‍ വരാമെന്നു പറഞ്ഞു പോയ ഫോറസ്റ്റര്‍ പിന്നെ തിരിച്ചു വന്നില്ല. ചീതയുടെ മനസ്സിലെ തുലാവര്‍ഷം ഇനിയും
പെയ്തൊഴിഞ്ഞതും ഇല്ല.

‘യെശമാ, ബാങ്കിലിറുന്തു കാസു കെടയ്ക്കുമാ?’ ഒരു കിണറു കുഴിക്കാന്‍ ബാങ്കുലോണ്‍ കിട്ടുമോ എന്നാണു ചോദ്യം. പട്ടയമില്ലാത്ത ഫോറസ്റ്റ് എന്‍ക്രോച്ച്മെന്‍റ് ഭൂമിയില്‍ ബാങ്കുലോണ്‍ കിട്ടില്ലെന്ന നിയമം അറിയാതെ വെള്ളൈച്ചാമിക്കു ആശകൊടുത്തതു ഒരു റ്റ്രൈയിനിയുടെ തെറ്റ്.

കൃഷിപ്പണി കഴിഞ്ഞാല്‍ ചാമിയും കുടുംബവും മലയിറങ്ങും, ‘ നല്ല കാലം വറപ്പോകുത്’ എന്നു വിളിച്ചുപറഞ്ഞു കുറെ സ്ഥിരം വീടുകള്‍ കയറിയിറങ്ങും.
മാളു ജനിച്ചുകഴിഞ്ഞതിനു ശേഷമാണു എന്‍റെ വീട്ടിലേക്കുള്ള അവരുടെ വരവു കൂടെക്കൂടെയായതു. നേരം പരപരാ വെളുക്കുമ്പോള്‍ത്തന്നെ വേള്ളൈച്ചാമിയും , ചീതയും, ചീതയുടെ ഒക്കത്തു സിന്ദൂരവും വരാനിരിക്കുന്ന നല്ല ഭാവിയെ പ്രവചിച്ചു കൊണ്ട്, ഐശ്വര്യത്തോടെ വീട്ടുമുറ്റത്തെ അരിപ്പൊടി കോലത്തിനടുത്തു ഉദിച്ചു നില്‍ക്കുന്നതു കാണാന്‍ എനിക്കും , പാട്ടിക്കും മാളുവിനും എന്നും സന്തോഷമായിരുന്നു.
വൈകുന്നേരം അവര്‍ പോകുന്നതുവരെ വീട്ടില്‍ മാളുവിനു ആഘോഷമാണു.
“തായില്ലാ കുഴന്തൈ , പാവം. ഇന്ത വീട്ടുക്കു ലച്ച്മിയല്ലവാ...”
വെള്ളൈച്ചാമി ഔചിത്യമില്ലാതെ ഇടക്കിടെ മറന്നതൊക്കെ ഓര്‍മ്മിപ്പിക്കും, വെറുതെ. അയാള്‍ക്കു മാളു എന്ന പേരു ഒട്ടും ഇഷ്ട്മല്ല. ചാമി മാളുവിനെ ലച്ച്മി എന്നേ വിളിക്കാറുണ്ടായിരുന്നുള്ളൂ.

രാവിലേ ചമ്മന്തിപ്പൊടിയില്‍ ഒരു കുടം എണ്ണകുഴച്ചു ദോശ കഴിക്കുന്നതു ഒരു കാഴ്ച്ച തന്നെയാണു. മാളുവിനും സിന്ദൂരത്തിനും ദോശ വായില്‍ വച്ചു
കൊടുക്കും.
“ഓടി വിളയാടു പാപ്പാ....”
ചാമി ഉറക്കെ പാടും, പിന്നെ കുട്ടികളെപ്പോലെ ചിരിക്കും. പിന്നെ വൈകുന്നേരം വരെ ശിവാജി ഗണേശന്‍റെ സിനിമകള്‍ ചാമി അഭിനയിച്ചു കാണിക്കും. മാളു അതെല്ലാം അനുകരിച്ചു കൊണ്ട് വാലുപോലെ ചാമിയുടെ പിറകേ. തിരുവിളയാടല്‍, തില്ലാനാ മോഹനാമ്പാള്‍,പാവമന്നിപ്പു, പാശമലര്‍, ശിവന്തമണ്‍... അങ്ങനെപോവും വെള്ളൈച്ചാമിയുടെ അഭിനയം. ഏറ്റവും ഒടുവിലാണു വീരപാണ്ഡ്യ കട്ടബ്ബൊമ്മന്‍.

വീരപാണ്ഡ്യ കട്ടബ്ബൊമ്മന്‍ അഭിനയിക്കുമ്പോള്‍ ചാമി ആളാകെ മാറും. കുടുമ അഴിച്ചിട്ടു ശിവാജിയാകും ചാമി. നിമിഷ നേരം കൊണ്ട് പഞ്ചളംകുറിച്ചി കട്ടബ്ബൊമ്മന്‍ നായ്ക്കരാവും. മാറും വിരിച്ചു, മുഖത്തു വീരരസവുമായി ഇടിമുഴക്കം പോലെ “ നീ.... വട്ടി കേക്ക വന്തിറുക്കായാ......” എന്ന പ്രസിദ്ധ ഡയലോഗ് പറയുമ്പോള്‍ ശരീരവും മുഴുവനും വലിഞ്ഞു മുറുകിയിരിക്കും. ഈസ്റ്റിന്‍ഡ്യാ കമ്പനി കമാന്‍റര്‍ മേജര്‍ ബണ്ണര്‍മാന്‍ സായിപ്പിനോടല്ല, വര്‍ഷങ്ങള്‍മുന്‍പുള്ള ഒരു തുലാവര്‍ഷത്തിനപ്പുറത്തുള്ള ഫോറസ്റ്ററോടാണു് ആ ചോദ്യമെന്ന് എനിക്കു തോന്നിപ്പോയിട്ടുണ്ട്. അപ്പോള്‍ ചീത സ്വന്തം കാല്‍ വിരലുകള്‍ നോക്കി ശൂന്യമായിരിക്കും. മാളു പേടിയോടെ സിന്ദൂരത്തെ കെട്ടിപ്പിടിക്കും. പാട്ടി, താത്തയോടൊപ്പം കോയമ്പത്തൂരിലെ ടാക്കീസില്‍ പോയി വീരപാണ്ഡ്യകട്ടബ്ബൊമ്മന്‍ സിനിമ കണ്ട നാളിലേക്കു തിരിച്ചു പോകും. പെട്ടെന്നു കട്ടബ്ബൊമ്മന്‍ വെള്ളൈച്ചാമി ആയി മാറും.‘നല്ല കാലം വറപ്പോകുതു’ എന്നു പറഞ്ഞു പാട്ടി കൊടുക്കുന്ന ദക്ഷിണയും വാങ്ങി, ചീതയേയും സിന്ദൂരത്തേയും കൂട്ടി നിറപ്പകിട്ടുകള്‍ മാഞ്ഞുതുടങ്ങുന്ന സന്ധ്യയിലേക്കു പടിയിറങ്ങും.

മൂന്നു നാലു കൊല്ലമായി വെള്ളൈച്ചാമിയെ കണ്ടിട്ടു. മാളുവിനേയും കൂട്ടി വീക്കെന്‍ഡില്‍ വെള്ളൈച്ചാമിയുടെ ഗ്രാമം വരെ ഒന്നു പോകണം.
(തുടരും)

Sunday, March 2, 2008

അഹമ്മദാബാദിലെ എലികള്‍

എണ്‍പത്തിആറില്‍ മധ്യപ്രദേശിലെ ഭാഭറാ എന്ന ഒരു കുഗ്രാമത്തില്‍ ഒരു ലോക്കല്‍ പത്രത്തിന്‍റെ കറസ്പോണ്ടന്‍റായി ജോലി ചെയ്തിരുന്നപ്പോളാണു ഗുജറാത്തിലെ ഗോധറാ എന്ന കൊച്ചു നഗരത്തില്‍ ഇടക്കിടെ പോയിരുന്നതു.

ഭാഭറയില്‍ ആണത്രേ ചന്ദ്രശേഖര്‍ ആസാദ് ജനിച്ചതു! പേമാ ഫത്താ എന്ന ആദിവാസി ചിത്രകാരനെ അന്നു പരാലിസിസ് ആക്രമിച്ചിട്ടുണ്ടായിരുന്നില്ല. അയ്യാള്‍ ‍ആദിവാസി സ്റ്റൈലില്‍ വരച്ച ആസാദ് ചിത്രം ഇന്നും ഉണ്ട് എന്‍റെ സന്ദര്‍ശക മുറിയില്‍. ഗോധറയിലെ പെറ്റ്രോള്‍ പമ്പിനടുത്തായിരുന്നു മാമ്പൂക്കളുടെ മണമുള്ള ആ റെസ്റ്റോറന്‍റ്. അവിടെ ഞങ്ങള്‍ പ്രൊഹിബിഷനെ തോല്‍പ്പിച്ചു ഇടക്കിടെ....

അവിടെ നിന്നും ബറോഡ രണ്ടര മണീക്കൂര്‍. ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ട് നാട്ടിലേക്കു... അവളെ കണ്ടാല്‍ സങ്കടം തോന്നും ....എന്നാലും ... അണ്‍ റിസര്‍വ്ഡ് കമ്പാര്‍ട്ട്മെന്‍റില്‍.....രണ്ടു ദിവസം.......


20 വയസ്സു കഴിഞ്ഞ മകളെയും കൊണ്ട് അഹമ്മദാബാദില്‍ പോയി. 4 മാസത്തേക്കുള്ള ഒരു സെമസ്റ്റര്‍... മാനേജ്മെന്‍റ് പഠിക്കാന്‍ നിയമം. പരിചയക്കാര്‍ ആരും ഇല്ല അവിടെ . ബന്ധുക്കളും സുഹൃത്തുക്കളും ഒന്നും ഇല്ല. താമസിക്കാന്‍ ഹോസ്റ്റെല്‍ വേണം. എനിക്കാണെങ്കില്‍ ആരെയും അറിയില്ല അഹമ്മദാബാദില്‍.

ഇക്കണോമിക് ടൈംസിലെ ഭാരതി പറഞ്ഞു.
“I am in BJP beat for so long. Narendra Bhai is a close friend, we will get A class facility for her in Ahmmedabad. "
ഒന്നും നടന്നില്ല. ഭാരതി പിന്നെയും പറഞ്ഞു. ഇലക്ഷന്‍ അല്ലേ... എല്ലാവരും ബിസി ആണു. എന്‍റെ പത്രത്തിന്‍റെ മാര്‍ക്കറ്റിങ് മാനേജര്‍ ഒരു കാര്‍ അയച്ചു . വണ്ടിയില്‍ കയറുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞു. ‘ സര്‍ ഇന്നു ഗുജറാത്ത് ഇലക്ഷന്റെ അവസാന ദിവസം.’ അതെ ഡിസംബര്‍ 16. വഴിയില്‍ ആരും ഇല്ല. പോളിങ് ദിവസമാണെന്നു മനസ്സിലാവില്ല. കര്‍ഫ്യൂ പോലെ. ശാന്തമായി ചിട്ടയോടെ തെരഞ്ഞെടുപ്പ് നടക്കുന്നു.

റാവല്‍ , ഡ്രൈവര്‍ പറഞ്ഞു. “ സാര്‍, മകളെക്കുറിച്ചു ഓര്‍ത്തു വ്യാകുലപ്പെടേണ്ട. അഹമ്മദാബാദില്‍ സ്ത്രീകള്‍ സുരക്ഷിതരാണു. ആര്‍ക്കും ധൈര്യം ഇല്ല സ്ത്രീകളെ ഉപദ്രവിക്കാന്‍.”


മകളേ... നീ സുരക്ഷിതയാണു.... കള്ളുവില്പനയില്ലാത്ത സുരക്ഷിതമായ നഗരം. സാറ്റലൈറ്റ് റോഡിലൂടെ സുരക്ഷിതമായ യാത്ര. CEPT ലും IIM ലും ഉള്ള പെണ്‍കുട്ടികള്‍ രാത്രി 2 മണിക്കും മറ്റും ലൈബ്രറിയില്‍ നിന്നും ഹോസ്റ്റലിലിലേക്കു സുരക്ഷിതരായി പോകുന്നു. വഴിയില്‍ നാരായണഗുരുവിന്‍റെ അമ്പലം കണ്ടില്ലേ? ഒരു ജാതി, ഒരു.......

‘ദൈവമേ മോദി ഇന്നത്തെ പോളിങില്‍ ജയിക്കണേ...’

രണ്ടാം ദിവസം മകളെ ഐ ഐ എം ഔട്ട് സോഴ്സ് ചെയ്ത ഹോസ്റ്റലില്‍ എത്തിച്ചു. അവള്‍ ഒറ്റയ്ക്കു..... കൂടെയുള്ളവര്‍ 10 ദിവസം കഴിഞ്ഞേ എത്തൂ..


മകളെ ഒറ്റയ്ക്കു ഒരു പ്രൈവറ്റ് ഫ്ലാറ്റില്‍ വിട്ടു പോകാന്‍ മനസ്സു അനുവദിച്ചില്ല.

‘ മോളേ... i will stay here till your room mates come.'


'achaa.. dont be silly...I have been in hostel for the past 4 years , and I will manage..dont worry."


മനസ്സു വിങ്ങി. ഭാര്യയോട് പതിവുപോലെ ആവശ്യമില്ലാതെ ദേഷ്യപ്പെട്ടു

“It is all your fault, you dont care about others."

ഭാരതി ഫോണില്‍ പറഞ്ഞു , മോഡി ജയിക്കുന്നു..so dont worry. your daughter will be safe.
പിറ്റേന്നു മകളെ വിളിച്ചു...“ how was your first day?"

"അച്ഛാ, ഈ ഫ്ലാറ്റു നിറച്ചു എലികളാണു....ആള്‍ ഓവര്‍ ദ പ്ലേസ്...ഹൊറിബിള്‍...കുഡിന്‍റ് സ്ലീപ്പ്.”

ഞാന്‍ ചിരിച്ചു...

‘ ഡോണ്ട് ലാഫ്.... ഭീകരമാണു....... ഒരു ആയിരം എലികളാണു ഇവിടെ. മുറി നിറയെ,ബെഡിലും... കബ്ബോര്‍ഡിലും, ബാത്ത് റൂമിലും ഒക്കെ കൂര്‍ത്ത മുഖങ്ങളും തിളങ്ങുന്ന കണ്ണുകളുമായി....’


എനിക്കു കുറ്റബോധം തോന്നി. പാവം കുട്ടി. ഒറ്റക്കു അപരിചിതമായ നഗരത്തില്‍ , എലികളോടൊപ്പം....

വിപ്ലവകാരിയായ ചന്ദ്രശേഖര്‍ ആസാദിന്‍റെ ഭാഭാറ ഗ്രാമത്തില്‍ നിന്നും എലികള്‍, ഗോധറയിലെ പെറ്റ്രോല്‍ പമ്പിനടുത്തുള്ള മാമ്പൂമണമുള്ള റെസ്റ്റൊറെന്റില്‍ ..... പെറ്റ്രോള്‍ ഒഴിച്ചു റ്റ്രൈന്‍ കത്തിക്കുമ്പോള്‍ കരിയുന്ന എലികളുടെ വെന്ത മാംസത്തിന്‍റെ മണം. ........ശാന്തമായ അഹമ്മാദാബാദു മുഴുവനും എലികള്‍.................. .......നിറയെ എലികള്‍ . എലികള്‍, റോയിട്ടര്‍ ഫോട്ടോഗ്രാഫറുടെ മുന്‍പില്‍ കൈകൂപ്പി നിസ്സഹായരായി.... എലികള്‍...ബീ ബീ സി യുടെ സുന്ദരമായ വിഷ്വത്സില്‍ കദന കഥ പറഞ്ഞു കൊണ്ട് .....എലികള്‍ കോടതികളില്‍ കള്ളസാക്ഷിമൊഴികളുമായി...... എലികള്‍ ഗുരുദേവ പ്രതിമയ്ക്കു ചുറ്റും ഭ്രാന്തെടുത്തപോലെ വിറളിപിടിച്ചു്.......... വയറു് കുത്തിപ്പിളര്‍ന്ന ഗര്‍ഭിണി എലി ജീവന്‍ പോകാതെ പിടച്ച് പിടച്ച്.....


മോളേ.... നിന്‍റെ അമ്മ ഗര്‍ഭിണിയായിരുന്നപ്പോള്‍ ......ബറോഡയില്‍ നിന്നും നാട്ടിലേക്ക്...
ഞെട്ടിയുണര്‍ന്നു..
മകളെ ഫോണില്‍ വിളിച്ചു.....

“ അഛാ... ഇറ്റ് ഇസ് റ്റൂ ഏര്‍ളി ..... മണി അഞ്ചര ആയേ ഉള്ളൂ...”

“മോളേ.. അഹമ്മദാബാദിലെ എലികള്‍....

I am worried..that you are there all alone....with all those rats..."

“ അഛാ , ഞാന്‍ യെല്ലോ പേജെസ് നോക്കി, പെസ്റ്റ് കണ്ട്രോളിനെ വിളിച്ചു. 600 റുപ്പീസ്. തിങ്സ് ആറ് ബെറ്റര്‍. എലികള്‍ ചത്തു മലയ്ക്കുന്നു. മൈ ജോബ് ഈസ് റ്റു ത്രൊ ഥെം എവേ.........”

ഭാഭറയില്‍ നിന്നും , ഗോധറയില്‍ നിന്നും , അഹമ്മദാബാദില്‍ നിന്നും എലികള്‍ ..അങ്ങോട്ടും ..ഇങ്ങോട്ടും.....

“മകളേ..ആര്‍ യൂ സേഫ്?”

“ശ്ശോ..ഇതു എന്തു കഷ്ടമാ..”

അഹമ്മദാബാദിലെ.... എലികളെപ്പേടിച്ചു പേടിച്ചു......ഞാന്‍.....