Friday, January 11, 2008

ഒന്നിച്ച്

തരളമായ ആ പ്രണയകാലത്ത്,
ഒന്നിച്ചിരിക്കുമ്പോള്‍
നമുക്കു മാത്രം മനസ്സിലാകുന്ന മൂകമായ ഭാഷയില്‍ നാം മിണ്ടിയിരുന്നതോര്‍ക്കുക...


മസൃണമായ നിന്റെ കൈപത്തികള്‍
എന്റെ ഇടം തോളില്‍ അലസമായി പിണച്ചു വച്ച്
ഒരേ പുസ്തകം ഒന്നിച്ചു വായിച്ചു,
അറിയാതെ, ഒന്നിച്ചു കണ്ണീര്‍ പൊഴിച്ചു പോയ വേളകളില്‍.
നിന്റെ കണ്ണുനീര്‍ എന്റെ കഴുത്തും,
എന്റെ കണ്ണുനീര്‍ നിന്റെ ശിരസ്സും കഴുകി,
മനസ്സിനെ അനുരാഗം പോലെ ശുദ്ധമാക്കിയ ആ നിമിഷങ്ങളില്‍...
ഒന്നിച്ചു വായിച്ചിരിക്കുമ്പോള്‍,
എനിക്കു വേണ്ടി,
പുറം മറിക്കാതെ ,
കണ്ണില്‍ ഒരു കുസൃതിച്ചിരിയുമായ്
നീ കാത്തിരിക്കുമ്പോള്‍,
പുറം വിരലുകള്‍ കൊണ്ട് നിന്റെ കവിളില്‍
അറിയാതത മട്ടില്‍ ഞാന്‍ തൊട്ടിരിക്കുമ്പോള്‍..‍,
ഓമനേ , ഞാന്‍ ഗാഢമായി, തീവ്രമായി പ്രണയിച്ച എന്റെ പ്രാണ സഖീ,
നമുക്കു മാത്രം മനസ്സിലാകുന്ന മൂകമായ ഭാഷയില്‍....


കടല്‍ത്തീരത്തു ഒന്നിച്ചിരിക്കുമ്പോള്‍,
അകാരണമായ ഒരു വിഷാദം ഒരു വിങ്ങലായി
മനസ്സില്‍ പാത്തുപാത്തണയുമ്പോള്‍,
എന്റെ മനസ്സു തൊട്ടറിഞ്ഞു ,
അകലെ നിന്നുയരുന്ന സന്ധ്യാകീര്‍ത്തനം കേള്‍ക്കാന്‍
ആര്‍ദ്രമായ ഒരു നോട്ടത്തിലൂടെ എന്നെ ക്ഷണിച്ച ഈറന്‍ പ്രദോഷങ്ങളില്‍..
ഓമനേ,
എന്നെ ഗാഢമായി.... തീവ്രമായി ....പ്രണയിച്ച എന്റെ പ്രാണസഖീ...
നമുക്കു മാത്രം മനസ്സിലാകുന്ന മൂകമായ......


ശിശിരത്തിലെ നക്ഷത്രരാത്രികളില്‍
ഒന്നിച്ച് കരളില്‍ കരളുരുമ്മി
ദേവദാരുക്കാട്ടിനുള്ളിലൂടെ
കാട്ടരുവിയുടെ ജലതരഗം കേട്ടു നടന്നപ്പോള്‍,
തേവര്‍ക്കു തീ കൂട്ടി തുടികൊട്ടിയാടുമാകാടിന്റെ നിഴലുകള്‍
നിര്‍നിമേഷം നോക്കി നാം നിന്നപ്പോള്‍,
കാടിന്റെ സമ്മോഹനം പേറിയോരു-
കുളിര്‍തെന്നലായെന്നെ സ്പര്‍ശിച്ചു നീ...
ഓമനേ,
ഗാഢമായി, തീവ്രമായി പ്രാണനെപ്പൊലെ നാം നെഞ്ചേറ്റിയ നമ്മുടെ പ്രണയത്തിനായ്
നമുക്കു മാത്രം മനസ്സിലാകുന്ന....


കാലം ദ്രവിച്ചു.
ചിതകളിലശ്രുവായൊന്നിച്ചുറങ്ങീ പ്രണയം....
ഓമനേ,
ഗാഢമായ്, തീവ്രമായ്, പ്രാണനായ്, പ്രണയം
ചിതകളിലൊന്നിച്ചുറങ്ങുന്ന നേരവും
സഖീ,
നമുക്കു മാതം മനസ്സില്‍..........

ഒന്നിച്ച്....

9 comments:

ഹരിത് said...

ഒന്നിച്ച്


കാലം ദ്രവിച്ചു.
ചിതകളിലശ്രുവായൊന്നിച്ചുറങ്ങീ പ്രണയം....

ഹാരിസ് said...

തെളിനീര്.

ഉപാസന || Upasana said...

നല്ല വരികള്‍ ഹരിത്
ആശംസകള്‍
:)
ഉപാസന

ജൈമിനി said...

നന്നായിട്ടുണ്ട്... :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു.

ഹരിശ്രീ said...

വരികള്‍ മനോഹരം ഹരിത്...

ആശംസകളോടെ...

ഹരിശ്രീ

അരുണ്‍കുമാര്‍ | Arunkumar said...

very lively...

ഹരിത് said...

ഇതുവഴി വന്ന് കുറച്ചു സമയം എന്നോടൊന്നിച്ചിര്രുന്ന ഹാരിസ്,ഉപാസന,മിനീസ്,പ്രിയ,ഹരിശ്രീ, അരുണ്‍കുമാര്‍ എന്നിവര്‍ക്കു ന്നന്ദി.

കുറ്റ്യാടിക്കാരന്‍|Suhair said...

Its touching...