Thursday, May 22, 2008

ദാമോരന്‍

‘ദാമോരാ’ എന്നു നീട്ടിവിളിച്ചാല്‍ മതി അവനെത്തും. മൊട്ടത്തലയന്‍. ഗ്രഹണിപിടിച്ച വയറും കാട്ടി, വലത്തേ തോളില്‍ നിന്നും ഊര്‍ന്നിറങ്ങിക്കിടക്കുന്ന വള്ളിയുള്ള നരച്ച നിക്കറും ഇട്ടു്, പോളിയൊ ബാധിച്ച കാലുകളും ഏന്തിച്ചു കോളേജ് കാന്‍റീനിനടുത്തുള്ള ഇടവഴിയില്‍ അപശകുനം പോലെ.

ദാമോരനു അടിയന്തരാവസ്ഥയെക്കാള്‍ പന്ത്രണ്ടോ പതിമ്മൂന്നോ വയസ്സേ കൂടുതല്‍ കാണൂ. ഒരിക്കലും വിശപ്പടങ്ങാത്ത ദാമോരന്‍ മഞ്ഞ കോന്ത്രപ്പല്ലുകള്‍ ഇളിച്ചു കാട്ടി യാചിക്കും,
“ അണ്ണാ, ഒരു 4 അണ താടാ”.
പൈസ കൊടുത്താല്‍ കാലില്‍ തൊട്ടു തൊഴും. കൊടുത്തില്ലെങ്കില്‍ “ പോടാ പട്ടീ... മൈ....” എന്നൊക്കെ വിളിയ്ക്കും. ബി ഏയ്ക്കു പഠിക്കുന്ന ചേച്ചിമാര്‍ കേള്‍ക്കും എന്നതൊന്നും തെറി വിളിയ്ക്കുന്ന സമയത്തു ദാമോരനു പ്രശ്നമല്ല. അമ്പതു പൈസ കൊടുത്താല്‍ പ്രതിഫലമായി ആരോടു വേണമെങ്കിലും എന്തും പറയും അവന്‍. കോളേജിനു തൊട്ടപ്പുറത്തുള്ള സ്കൂളില്‍ നിന്നും പാസായി വന്നവര്‍ക്കു പഴയ സാറന്മാരോടുള്ള
വിരോധം തീര്‍ക്കാനും ദാമോരന്‍ അമ്പതു പൈസ റേറ്റ് ഫിക്സ് ചെയ്തിട്ടുണ്ടായിരുന്നു. സ്കൂളില്‍ ക്ലാസ്സ് നടക്കുമ്പോള്‍,ദാമോരന്‍ ഏന്തി ഏന്തിനടന്നു സ്കൂളിലെ ക്ലാസ് റൂമില്‍ കയറിച്ചെല്ലും. മൊട്ടത്തല ചരിച്ചു പിടിച്ചു ക്രാവി ക്രാവി നോക്കി, ഉച്ചത്തില്‍ ചോദിക്കും.
“ സാറേ, ആട്ടിന്‍ കുട്ടി ഉണ്ടോ..... ബ്ബേഏഏഏ......”
ആട്ടിന്‍ കുട്ടി, ആ സാറിന്‍റെ ഇരട്ടപ്പേരാണു്. ക്ലാസ്സ് ഇളകി മറിയും.കൂകി വിളിയ്ക്കും. ആട്ടിന്‍ കുട്ടിയുടെ പഴയ സ്റ്റൂഡന്‍റ്സ്, അങ്ങേരുടെ ക്രൂരതകള്‍ക്കു പകരം വീട്ടിയ സന്തുഷ്ടിയോടെ കോളേജ് കാമ്പസ്സിന്‍റെ സുരക്ഷിതത്വത്തില്‍
രസിച്ചിരിക്കും. ഈ കലാപരിപാടികള്‍ ഹിറ്റ്ലര്‍,ആട്ടുകല്ല്, അരുവട്ടി, ഫാമറ്, കമ്പം, അസ്ഥിക്കറുപ്പന്‍,ജുബ്ബാ, കുഞ്ഞിരാമന്‍ എന്നീ വീരശൂരപരാക്രമികളായ സാറന്മാരുടെ ക്ലാസ്സുകളിലും ആവര്‍ത്തിക്കും. ദാമോരനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്കു തെറികൊണ്ടന്നു അഭിഷേകം ആയിരിക്കും. അതുകൊണ്ട് സാധാരണ അവന്‍റെ ഇരകള്‍ നാണക്കേടു കരുതി എല്ലാം സഹിക്കും. ഒരിക്കല്‍ പട്ടത്തി ഭാഗ്യലക്ഷ്മിയുടെ സാരിത്തുമ്പില്‍ പിടിച്ചു വലിച്ച് “ ചേച്ചീ ഒരു രണ്ട് രൂപാ തരാന്‍ കെടക്കിണാ” എന്നു ചോദിച്ചതില്‍ ദ്വയാര്‍ത്ഥം ആരോപിച്ചു അവളുടെ കാമുകന്‍ തോമസ് എബ്രഹാം ദാമോരനെ വലത്തേ കൈ വീശി ഒറ്റ അടി വച്ചുകൊടുത്തു. ദാമോരന്‍ അലറിക്കരയാന്‍ തുടങ്ങി. കോളേജങ്കണത്തിലെ രാഷ്ട്രീയ വടവൃക്ഷത്തിന്‍ ചുവട്ടില്‍ മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി അലമുറയിട്ടുകൊണ്ടേയിരുന്നു. പട്ടത്തിയും എബ്രഹാമും തമ്മിലുള്ള പ്രണയരഹസ്യങ്ങളൊക്കെ ദാമോരന്‍ കരച്ചിലിനിടയില്‍ പബ്ലിക്കായി വിളിച്ചു പറയുന്നുമുണ്ടായിരുന്നു. അവരുടെ സിനിമാതീയേറ്റര്‍ കഥ പറഞ്ഞു കഴിഞ്ഞ് അവധിദിവസങ്ങളിലെ എക്സ്റ്റ്രാക്ലാസെന്ന കള്ളപ്പേരില്‍ അറിയപ്പെടുന്ന പ്രണയ സമാഗമങ്ങളുടെ ഭാണ്ഡം ദാമോരന്‍ തുറക്കും
എന്നായപ്പോള്‍ നിവര്‍ത്തിയില്ലാതെ എബ്രഹാം 5 രൂപാ കൊടുത്തു വല്ലവിധത്തിലും അവന്‍റെ കരച്ചില്‍ യജ്ഞം അവസാനിപ്പിച്ചു് തടിയൂരി.

ഫിസിക്സ് ലക്ചറര്‍ സോമശേഖരന്‍ സാര്‍ ഐലന്‍റ് എക്സ്പ്രസിന്‍റെ നെറുകയിലേയ്ക്ക് റയില്‍ പാതയിലൂടെ നടന്നു നടന്നു കയറുന്നതിനും ഒരാഴ്ച മുന്‍പാണു, ദാമോരന്‍ ലാബില്‍ കയറിവന്നതു്. വെര്‍ണിയര്‍ കാലിപ്പേഴ്സ് എങ്ങനെ ഉപയോഗിക്കണം എന്നു ഡെമോണ്‍സ്റ്റ്രേറ്റ് ചെയ്തുകൊണ്ടിരുന്ന സാറിനെ തൊട്ട് “അച്ഛാ, അച്ഛാ,... വിശക്കുന്നു അച്ഛാ..” എന്നു പറഞ്ഞു കൊണ്ടേയിരുന്നു. പ്രാക്റ്റിക്കല്‍ ക്ലാസ്സില്‍ റെക്കാര്‍ഡ് ബുക്കു കൊണ്ട് വരാത്തതിനു സോമ ശേഖരന്‍ സാര്‍ പുറത്തിറക്കിവിട്ടവരിലാരുടെയോ ക്രൂരമായ പ്രതികാരം. ക്ലാസ്സില്‍ വല്ലാത്ത മൂകത. സാര്‍ ഒന്നും മിണ്ടാതെ കുറേ നേരം കുനിഞ്ഞിരുന്നു. പിന്നെ പതുക്കെ സ്റ്റാഫ് റൂമിലേയ്ക്കു പോയി.പിന്നത്തെ ആഴ്ച സാറിനു ഞങ്ങളുടെ പ്രാക്റ്റിക്കല്‍ ക്ലാസ്സെടുക്കാന്‍ കഴിഞ്ഞതുമില്ല.

അടിയന്തരാവസ്ഥ എതിര്‍ക്കപ്പെടേണ്ടതാണെന്ന ആശയം കോളേജിലെ സുന്ദരനും, ബുദ്ധിജീവിയും, സാഹിത്യകാരനും ഒക്കെയായ ഇങ്ഗ്ലീഷ് ലക്ചറര്‍ക്കാണ് ആദ്യം തോന്നിയതു. അങ്ങനെ ഞങ്ങള്‍ കുറച്ചു വിപ്ലവകാരികള്‍ അടിയന്തരാവസ്ഥയ്ക്കെതിരായി പോസ്റ്റര്‍കള്‍ എഴുതി. ആരു ഇതു കോളേജില്‍ ഒട്ടിയ്ക്കും? ആരെങ്കിലും കണ്ടുപിടിച്ചാല്‍ ഞങ്ങള്‍ എല്ലാം ഉടനേ അകത്താവും. എല്ലാവര്‍ക്കും ചെ ഗുവേരയാകണം. രക്തസാക്ഷിയാകാന്‍ ആളില്ലാതെയായി. ഒടുവില്‍ ദാമോരനെക്കൊണ്ട് പോസ്റ്റര്‍ ഒട്ടിയ്ക്കുവാന്‍ തീരുമാനമായി. ദാമോരനു 10 രൂപാ കൊടുത്തു ഞങ്ങള്‍ വിപ്ലവം ഔട്ട് സോഴ്സ് ചെയ്തു. ദാമോരന്‍ ഞായറാഴ്ച പോസ്റ്റര്‍ ഒട്ടിച്ചു. തിങ്കളാഴ്ച അവന്‍ കൃത്യമായും വൃത്തിയായും അകത്തായി. ലക്ചറര്‍ രണ്ട് മാസത്തെ അവധിയെടുത്തു പോയി. ഞങ്ങള്‍ ഒരാഴ്ച മുങ്ങി നടന്നു. പിന്നെ പരീക്ഷയായി, പങ്കപ്പാടായി. റിസല്‍റ്റ് വന്നു. ഞങ്ങള്‍ പലവഴിയ്ക്കും പിരിഞ്ഞു പോയി.

ദാമോരനെ പണ്ടേ മറന്നിരിയ്ക്കുകയായിരുന്നു. ഇന്നലെ എയര്‍പോര്‍ട്ടില്‍ നിന്നും വരുന്ന വഴിയ്ക്കു മെയിന്‍ ‍റോഡില്‍ ജാഥകാരണം, അപ്രോച്ചു റോഡില്‍ കാര്‍ ജാമായി കിടക്കുകയായിരുന്നു. വീട്ടിലെത്താനുള്ള ആകാംക്ഷയില്‍ ജാഥയെ ശപിച്ചുകൊണ്ട് ഒരു പെപ്സി കുടിയ്ക്കാന്‍ മുറുക്കാന്‍ കടയിലേയ്ക്കു നടക്കുമ്പോഴാണു ദാമോരനെ കണ്ടതു.
റ്റാര്‍പ്പാളിനും പഴയ ഫ്ലെക്സ് ബാനറുകളും കൊണ്ടു കൂരയുണ്ടാക്കിയ ഒരു കുടിലിന്‍റെ മുന്നില്‍. ചേരിയിലെ അവസാനിക്കാത്ത ദുര്‍ഗന്ധമാര്‍ന്ന വ്യഥപോലെ ഒരു ചാക്കു തുണ്ടില്‍ ചോദ്യചിഹ്നമായി ദാമോരന്‍. പ്രായം
അല്പം നരപ്പിച്ചിട്ടുണ്ട്.

“ ദാമോരാ, ദാമോരാ...ഞാന്‍....”
ദാമോരന്‍ ഒന്നും മറന്നിട്ടില്ല.

“ അണ്ണാ , അന്നു പോലീസ് അടിച്ചു നടുവൊടിച്ചിട്ടും അണ്ണമ്മാരുടെ പേരൊന്നും ഞാമ്പറഞ്ഞില്ല.”
ചേരിയിലെ ഒരു വേശ്യയാണു നടുവൊടിഞ്ഞു കിടപ്പിലായ ദാമോരനെ വര്‍ഷങ്ങളായി നോക്കുന്നതു.പെഴ്സ് തുറന്നു കുറച്ചു പണം കൊടുത്തപ്പോള്‍ ദാമോരന്‍ വാങ്ങിയില്ല. തിരിച്ചു വണ്ടിയില്‍ ചെന്നു പെട്ടിതുറന്നു കൂട്ടുകാര്‍ക്കായി സൂക്ഷിച്ചിരുന്ന സ്കോച്ച് എടുത്തു ദാമോരന്‍റെ
അടുത്തെത്തി.
“ ദാമോരാ ഇതെങ്കിലും.......”
ദാമോരന്‍റെ കണ്ണുകളില്‍ ആസക്തിയുടെ കൊള്ളിയാന്‍ മിന്നി. ചുണ്ടുകള്‍ കൊതിയോടെ കൂര്‍ത്തു. മൊട്ടത്തല ചരിച്ചു പിടിച്ചു അവന്‍ സ്വാര്‍ത്ഥതയോടെ കെനീട്ടി.

ദാമോരന്‍ ഇതെങ്കിലും വാങ്ങിയില്ലായിരുന്നെങ്കില്‍ ഞാന്‍ കരഞ്ഞു പോകുമായിരുന്നു.

Thursday, May 15, 2008

യവന സുന്ദരി (ഡിമാന്‍റില്ല)

ഏപ്രില്‍ ആറാം തീയതിയിലെ മാതൃഭൂമി ദിനപത്രത്തിന്‍റെ വിവാഹപരസ്യ പേജ് എങ്ങനെയോ എന്‍റെ കയ്യില്‍ വന്നു പെട്ടു. വായിച്ചുനോക്കിയപ്പോള്‍ കണ്ടതു അത്ഭുതപ്പെടുത്തുന്ന തിരിച്ചറിവുകളായിരുന്നു. സുന്ദരന്മാരും സുന്ദരികളും നിറഞ്ഞ ബൂലോകത്തിന്‍റെ ശ്രദ്ധ, യാതൊരു ‘ഡിമാന്‍റുമില്ലാതെ’ ക്ഷണിച്ചുകൊള്ളട്ടെ!!!!
സ്കാന്‍ ചെയ്ത ന്യൂസ് പേപ്പര്‍ മുകളില്‍. ചില തലക്കെട്ടുകള്‍ താഴെ ഒന്നുകൂടെ കൊടുക്കുന്നു:

ഈഴവ യുവതി ഏകമകള്‍ ഡിമാന്‍റില്ല

ചെറുമ സുന്ദരി.

എഴുത്തച്ഛന്‍ സുന്ദരി.

ഈഴവസുന്ദരി ശുദ്ധം.

മണ്ണാന്‍ സുന്ദരി 24

പുലയ സുന്ദരി ഗവ: ജോലി.

വിശ്വകര്‍മ്മ സുന്ദരി ടീച്ചര്‍ ശുദ്ധം.

വാരിയര്‍ സുന്ദരി ടീച്ചര്‍.

നായര്‍ സുന്ദരി ജാതിയേതുമാകാം.

ഹിന്ദു വിധവ സര്‍ക്കാര്‍ ജോലി ഡിമാന്‍റില്ല

മാരസ്യാര്‍ സുന്ദരി ഗവണ്മെന്‍റുദ്യോഗം

വീരശൈവ സുന്ദരി.

മുസ്ലീം സുന്ദരി ഓസ്റ്റ്രിയ സമ്പന്ന.

പെരുമണ്ണാന്‍ സുന്ദരി.

വിളക്കിത്തലനായര്‍ സുന്ദരി.

വാണിയ നായര്‍ സുന്ദരി.

നായര്‍ സുന്ദരി ആദ്യവിവാഹം ഡിമാന്‍റില്ല.

ഇങ്ങനെ പോകുന്നു ..........

പിന്നെ “ ഡിമാന്‍റില്ല” എന്ന തലക്കെട്ടില്‍ വേറെ ചില സുന്ദരിമാര്‍ക്കു വര‍ന്മാരെ തേടി മറ്റൊരു സെക്ക്ഷന്‍. “ഡിമാന്‍റില്ല” എ‍ന്ന്‍ വരന്മാര്‍ വധുവിനെത്തേടി പരസ്യപ്പെടുത്തിയിരുന്നെങ്കില്‍ സ്ത്രീധനം വേണ്ട എന്ന അര്‍ത്ഥത്തില്‍ എടുക്കാമായിരുന്നു. ഇവിടെ സ്ഥിതി നേരേ മറിച്ചും. ഇവിടത്തെ ‘ഡിമാന്‍റില്ല” എന്ന തലക്കെട്ടിന്‍റെ അര്‍ത്ഥം എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലാകുന്നില്ല. ബൂ ലോകരേ.... പ്ലീസ് ഹെല്‍പ്പ്‍


Sunday, May 4, 2008

റോബോട്ടിക് സര്‍ജന്‍

നായര്‍ സാബ്, താങ്കളുടെ ഷീലാ ബേട്ടി എന്തൊക്കെയാണീ പറയുന്നതു? കടം കഥകള്‍ പോലെ. എന്നോട് മലയാളത്തില്‍ ചിന്തിച്ചു് മലയാളത്തില്‍ സംസാരിക്കാന്‍ പറയുന്നു. ചമ്പല്‍ നദിയ്ക്കിക്കരെ ജനിച്ചു വളര്‍ന്ന ഈ
ഞാ‍ന്‍, നിര്‍ഭയ് സിങ് ഗൂജര്‍ എന്ന പാവം ഠൌണ്‍ ഇന്‍സ്പെക്ടര്‍ എങ്ങിനെ മലയാളം പറയും? എങ്ങനെ മലയാളത്തില്‍ ചിന്തിക്കും? കഴിഞ്ഞ പതിനെട്ടു കൊല്ലമായി , സാബ് ഈ ആശുപത്രിയിലെ പുലീസ് ഔട്ട്
പോസ്റ്റില്‍. എ എസ്സ് ഐ, ആയിട്ടാണു ഇവിടെ വന്നതു. എസ്സ് ഐ ആയി പിന്നെ റ്റി ഐ ആയി. ഈ നശിച്ച ആശുപത്രിയില്‍ തന്നെ ഇത്രകാലവും. സാബ്, ഐ വി ഫ്ലൂയിഡിനു വേണ്ടി നീഡില്‍ കുത്തികുത്തി ഷീലാ ബേട്ടിയുടെ ഇടതു കൈയിലെ നീല ഞരമ്പുകള്‍ പിടച്ചു തണിര്‍ത്തല്ലോ! വിരലുകള്‍ മുറുക്കി ചുരുട്ടി കാട്ടി പറയുകയാണു, ഉറങ്ങുമ്പോള്‍ ചോര ഒഴുകുന്ന മുഷ്ടിയെ സ്വപ്നം കാണാറുണ്ടെന്നു. നായര്‍ സാബ്
താങ്കള്‍ക്കറിയാമല്ലോ, ഈ അവസ്ഥയില്‍ ഷീലാബേട്ടി ദുസ്വപ്നങ്ങള്‍ കാണുന്നതു നന്നല്ല. വേണ്ടാത്ത പേക്കിനാവുകള്‍ കാണാതിരിയ്ക്കാന്‍ ബ്രിജ് ബിഹാരിയെ ഭജിച്ചു കിടക്കാന്‍ പറഞ്ഞപ്പോള്‍ ഷീലാബേട്ടി ,‘സബ്സേ ഘതര്‍നാക്കു ഹോത്താ ഹൈ സപ്നോം കാ മര്‍ ജാനാ.’എന്നു പിറുപിറുത്തു. അവശ്യമില്ലാത്ത പുസ്തകങ്ങള്‍ വായിച്ചിരിക്കുന്നതിന്‍റെ കുഴപ്പമാണു സാബ്, പ്രായത്തില്‍ കവിഞ്ഞ ഈ ചിന്തകള്‍.
മനസ്സു ശാന്തമാക്കാന്‍ ഞാന്‍ ഷീലാബേട്ടിയോട് പറഞ്ഞു. എന്നാലേ ചിത്രശലഭങ്ങളേയും മാനുകളേയും സ്വപ്നം കാണൂ.

ഇനി സര്‍ജന്‍ ഷീലാബേട്ടിയെ എക്സാമിന്‍ ചെയ്യും സാബ്. കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്‍റിലെ ഡോക്ടറന്മാരുടെ ആദ്യ റൌണ്ട് ചികിത്സ കഴിയാറായി. റ്റെസ്റ്റ് റിപ്പോര്‍ട്ടൊക്കെ വന്നു കഴിഞ്ഞാലേ സര്‍ജന്‍ കാണൂ. ഇതിനു പിന്നെ
കിഡ്നി റ്റ്രാന്‍സ്പ്ലാന്‍റുപോലെ ഹിസ്റ്റൊകോമ്പാറ്റബിലിറ്റി റ്റെസ്റ്റൊന്നും വേണ്ട. അതേ ബ്ലഡ്ഗ്രൂപ്പുള്ള ഡോണറെ കിട്ടണം. കിട്ടും സാബ്, എ പോസിറ്റീവ് രക്തമുള്ള ഒരു ഡോണറെ, ഷീലാബേട്ടിക്കുവേണ്ടി. ഇന്നലെത്തന്നെ മൂന്നു ആക്സിഡന്‍റ്സ് . നമ്മുടെ കഷ്ടകാലത്തിനു ഏ പോസിറ്റീവ് അല്ലാതായിപ്പോയി മൂന്നും. നായര്‍ സാബ് താങ്കള്‍ക്കു
നന്നായറിയാമല്ലോ കഴിഞ്ഞ ഒരു മാസമായി ഈ സിറ്റിയിലെ എല്ലാ സ്റ്റേഷനതിര്‍ത്തിയിലും നടക്കുന്ന സകല ആക്സിഡന്‍റു കേസുകളും ഞാന്‍ അരിച്ചു പറക്കുന്നുണ്ട്. ഒന്നൊക്കുമ്പോള്‍ മറ്റൊന്നു ശരിയാവില്ല. കഴിഞ്ഞ
ആഴ്ച എം ജി റോഡില്‍ കാര്‍ ആക്സിഡന്‍റില്‍ മരിച്ച മൂന്നിലൊരുത്തന്‍ ഏ പോസിറ്റീവ് ആയിരുന്നു. പക്ഷേ ബൈ പാസു കഴിഞ്ഞ ഹാര്‍ട്ട് നമുക്കെന്തിനാ? നായര്‍ സാബ് നമുക്കിനിയും മൂന്നു മാസത്തെ സമയമുണ്ടല്ലോ. നമ്മുടെ ഷീലാ ബേട്ടിയ്ക്കു ഡോണറെ കിട്ടാതിരിയ്ക്കില്ല.

നായര്‍സാബ് താങ്കള്‍ ഇതുവരെ സര്‍ജനെ കണ്ടില്ലല്ലോ അല്ലേ? സര്‍ജനെ എല്ലാവര്‍ക്കും പേടിയാണു്. എട്ടാം നിലയില്‍ ഐ സീ യൂ വിനടുത്തുള്ള സര്‍ജന്‍റെ മുറിയിലേയ്ക്കു് ആരും വിളിയ്ക്കാതെ ചെല്ലാറില്ല. രാവിലേ
ഏഴരയ്ക്കു മുന്‍പ് സര്‍ജന്‍ മുറിയിലെത്തും. ക്യാമ്പസിലെ സീ 13 വീട്ടില്‍ നിന്നും, ഗാര്‍ഡന്‍റെ നടുവിലെ പാത വഴി, ഇന്‍സുനിറേറ്റര്‍ ബില്‍ഡിങിനിടതു വശത്തുകൂടെ, തെന്നി തെന്നി നടന്ന്, സര്‍ജന്‍ സൈറ്റോപാത്തോളജി
ലാബിനടുത്തുള്ള ലിഫ്റ്റില്‍ കയറും. സര്‍ജനു മാത്രമുള്ള ലിഫ്റ്റാണതു. ചില ദിവസങ്ങളില്‍, ലിഫ്റ്റ് ഓപ്പറേറ്ററുടെ ഭവ്യമായ പ്രണാമം കണ്ടില്ലെന്നു നടിച്ചു സര്‍ജന്‍ മാനിഫോള്‍ഡ് റൂമില്‍ ഒന്നു എത്തി നോക്കും. പണ്ടൊരിക്കല്‍ ഡ്യൂട്ടി സമയത്തു ഉറങ്ങിയ സ്റ്റാഫിനെയെല്ലാം മാനിഫോള്‍ഡ് റൂമിലിട്ടു പുറത്തു നിന്നു പൂട്ടിയിട്ടുണ്ട് സര്‍ജന്‍. പിന്നെ എന്തൊരു ഹങ്കാമയായിരുന്നു. സര്‍ജനാണിതു ചെയ്തതെന്നറിഞ്ഞപ്പോള്‍ യൂണിയന്‍കാര്‍ക്കു സമരവും വേണ്ട കേസും രജിസ്റ്റര്‍ ചെയ്യണ്ട. സര്‍ജന്‍ എട്ടാം നിലയിലെ മുറി വിട്ടു പുറത്തു പോകാറില്ല. ഐ സീ യൂ,
പിന്നെ ഓ ട്ടി. അത്രയേ ഉള്ളൂ. ഓ ട്ടീയില്‍ നിന്നും ഐ സി യൂ വില്‍ നിന്നും കണക്റ്റ് ചെയ്ത എക്സ്റ്റ്രാ മോണിട്ടര്‍ സ്ക്രീനുകള്‍ സര്‍ജന്‍റെ മുറിയിലുണ്ട്. അതിലൂടെ സര്‍ജന് രോഗികളുടെ ഹൃദയചലനം കാണാം. വാര്‍ഡിലേയ്ക്കു ഷിഫ്റ്റു ചെയ്താല്‍ പിന്നെ യൂണിറ്റിലെ മറ്റു ഡോക്ടേഴ്സ് നോക്കും പേഷ്യന്‍റിനെ. സര്‍ജനെ വീണ്ടും കാണേണ്ട കാര്യമുണ്ടെങ്കില്‍ പേഷ്യന്‍റിനെ ഐ സീ യൂവില്‍ ഷിഫ്റ്റ് ചെയ്യണം. സര്‍ജന്‍ വാര്‍ഡില്‍ പോകില്ല.
അഞ്ചടി മൂന്നിഞ്ചുള്ള ഈ മനുഷ്യന്‍ അധികം സംസാരിക്കാറില്ല. ചെറിയ സ്റ്റാമറിങ് ഉണ്ടോ എന്നു തോന്നും. സ്വന്തം മുറിയില്‍ എത്തിയാലുടനേ ഇളം നീല വസ്ത്രങ്ങളെടുത്തു സ്ക്രബ്ബ് ചെയ്തു, ഓ ട്ടീ ഗൌണും ഇട്ട്, സ്ക്രബ്
ക്യാപ്പും തലയില്‍ കെട്ടി സര്‍ജന്‍ മുറിയില്‍ തന്നെ ഇരിക്കും . ഈ വേഷത്തിലാണു വിഗ്യാന്‍ ഭവനില്‍ പ്രസിഡന്‍റ് ഒഫ് ഇന്‍ഡ്യയില്‍ നിന്നും സര്‍ജന്‍ ‘പത്മവിഭൂഷണ്‍’ ഏറ്റു വാങ്ങിയതു. അസംബ്ലി ഏകകണ്ഠമായ്
പ്രശംസിക്കാനായി ക്ഷണിച്ചപ്പോഴും ഇതേ വേഷമിട്ടുതന്നെയാണു സര്‍ജന്‍ പോയതു. ഒരു കവചം പോലെ ഇളം നീല സ്ക്രബ്, സര്‍ജന്‍റെ ശരീരത്തിന്‍റെ ഭാഗമായി. സര്‍ജനു ‘ശുശ്രുതാ അവാര്‍ഡ്’ കിട്ടിയപ്പോള്‍ ലോകത്തിലെ
വലിയ വലിയ ഡോക്ട്ടേഴ്സ് ഒരുപാടുപേര്‍ വന്നിരുന്നു. നായര്‍ സാബ്,അവാര്‍ഡ് വാങ്ങിയിട്ട് സര്‍ജന്‍
പ്രസംഗിച്ചതെന്താണെന്നറിയാമോ?
“ I cut hearts.
Cut,superior venecava, cut inferior venecava, cut aorta.
Harvest the heart from doner, stich it in to the recepient and close the chest.

Thank you for the award"
ശാസ്ത്രീയമായ ഒരു അകാഡമിക് പ്രബന്ധം പ്രതീക്ഷിച്ചവര്‍ ഹതാശരായി.

നായര്‍ സാബ് പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ നഗരത്തില്‍ വരുന്നതിനു മുന്‍പ് ചമ്പല്‍ക്കരയിലെ എന്‍റെ ഗ്രാമവും, മുറേനാ ഠൌണും മാത്രമേ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. വേനലില്‍ വരണ്ട നദീതടത്തില്‍ ഞങ്ങള്‍ കാബേജും തണ്ണിമത്തനും നടും. നദീതടം അതിക്രമിക്കാനുള്ള അവകാശത്തിനായി ഞങ്ങള്‍ ശണ്ഠയിട്ടു പരസ്പരം തല്ലുകൂടും. ബാരിഷ് കുത്തിയൊലിപ്പിച്ചു ഞങ്ങളുടെ മണ്ണിനെ ചമ്പലില്‍ ലയിപ്പിക്കുമ്പോള്‍, അഗാധ ഗര്‍ത്തങ്ങളായി ബേഹദുകള്‍ (Ravines) ഗ്രാമഭൂമിയെ കാര്‍ന്നു കാര്‍ന്നു തിന്നും. ഭൂല്‍ ഭുലയ്യ പോലെ അവ ഞങ്ങളുടെ പട്ടിണിയേയും ഡാക്കുമാരെയും ഒളിപ്പിച്ചു കാത്തുസൂക്ഷിക്കും. മരങ്ങളില്ലാത്ത ആ ചമ്പല്‍ക്കാടുകളെക്കാളും
ഭീതിദമാണ് ഈ ആശുപത്രിയും. ചതിക്കുഴികളും , ക്രൂരമായ നെറികേടുകളും,കുതികാല്‍ വെട്ടും. മടുത്തുന നായര്‍ സാബ്. ഞാന്‍ ഈ ഔട്ട്പോസ്റ്റില്‍ ജോയിന്‍ ചെയ്തതിന്‍റെ മൂന്നാം നാള്‍ സര്‍ജന്‍ എന്നെ അദ്ദേഹത്തിന്‍റെ സീ 13 വീട്ടില്‍ ബ്രേക്ക് ഫാസ്റ്റിനു വിളിച്ചു. ലോകപ്രശസ്തനായ സര്‍ജന്‍ വെറും ഒരു ഏ എസ്സ് ഐ ആയ എന്നെ
ക്ഷണിക്കുകയോ? പറഞ്ഞതു പോലെ രാവിലെ ആറരയ്ക്കു തന്നെ ഞാന്‍ സര്‍ജന്‍റെ വീട്ടിലെത്തി. മസാല ദോശയും, ഇഡ്ഡലിയും , ഉപ്പുമായും ഒക്കെയുള്ള നല്ല മദ്രാസി നാസ്ത. പക്ഷേ അത്ര രാവിലേ എങ്ങനെ കഴിക്കാനാ? തിരിച്ചു പോകാന്‍ സമയത്തു സര്‍ജന്‍ പറഞ്ഞു, ‘ നിന്‍റെ ഹോം മിനിസ്റ്ററെപ്പോലും ഞാന്‍ ഈ വീട്ടിനകത്തു കയറാന്‍ സമ്മതിച്ചിട്ടില്ല’.പിന്നെ ഇന്നു വരെ സര്‍ജന്‍ ആരെയും വീട്ടില്‍ ക്ഷണിച്ചു ആഹാരം കൊടുത്തതായി എനിക്കറിയില്ല. സര്‍ജനു വലിയ നേതാക്കന്മാരുമായി വളരെ നല്ല അടുപ്പമാണു. രാജീവ് ഗാന്ധി പ്രധാന മന്ത്രി ആയിരുന്നപ്പോള്‍ ഒരിക്കല്‍ പെട്ടെന്നു ത്രെഡ്മില്ല് റ്റെസ്റ്റ് ചെയ്യാന്‍ ഇവിടെയാണു വന്നതു. സര്‍ജന്‍
കുശലപ്രശ്നത്തിടയില്‍ PM നോട് “രാജീവ്, താങ്കള്‍ തരുന്ന ശമ്പളം എനിക്കു സ്കോച്ചിനു പോലും തികയാറില്ല” എന്നു പറഞ്ഞത്രേ. PM ഒരു കേയ്സ് ബ്ലൂ ലേബല്‍ സര്‍ജനു എത്തിച്ചുകൊടുത്തെന്നാണു കഥ. ഓഫീസറ്ന്മാര്‍,
വലിയ ജേര്‍ണലിസ്റ്റ്സ്, ജഡ്ജിമാര്‍ ഒക്കെ സര്‍ജനെക്കാണാന്‍ ഐ സീ യുവിനു വെളിയിലുള്ള കോറിഡോറില്‍ കാത്തിരിക്കുമ്പോള്‍, ഈ നിര്‍ഭയ സിങ് ഗൂജര്‍ക്ക് സര്‍ജന്‍റെ മുറിയില്‍ എപ്പോള്‍വേണമെങ്കിലും കയറിപ്പോകാം.

സാബ്, ഞാന്‍ എത്ര നാള്‍ ഈ ആശുപത്രി ഔട്ട്പോസ്റ്റില്‍ ജോലിനോക്കും? കൂടെയുള്ളവര്‍, ട്രാഫിക്കിലും, ക്രൈമിലും, പോലീസ് സ്റ്റേഷനിലും ഒക്കെ നല്ല മലായ്ദാര്‍ പോസ്റ്റില്‍ ഇരിക്കുമ്പോള്‍, എനിക്കു VIP മാരേയും
അവരുടെ അമ്മായിയമ്മമാരെയും ഡോക്ടറന്മാരെ കാണിക്കുകയാണു ജോലി!! അതും പതിനെട്ടു കൊല്ലമായി. എനിക്കു റ്റ്രാന്‍സ്ഫര്‍ ആകുമ്പോള്‍ ഒക്കെ ആരെങ്കിലും അതു ക്യാന്‍സല്‍ ആക്കിക്കും. ഇക്കഴിഞ്ഞതവണ സര്‍ജന്‍
തന്നെ ഡീ ജീ പിയോടു പറഞ്ഞു ക്യാന്‍സല്‍ ആക്കി. അതെന്തിനാണെന്നറിയാമോ നായര്‍ സാബ്? സര്‍ജന്‍, പത്തിരുപത്തിഅഞ്ചു കോടി രൂപ കൊടുത്തു മൂന്നു റോബോട്ടിക് സര്‍ജറി യന്ത്രങ്ങള്‍ വാങ്ങി. ഫിനാന്‍സ് കമ്മിറ്റിയും മന്ത്രിയും മിനിസ്റ്റ്രിയും ഒന്നുമറിയാതെ. കുട്ടികള്‍
വീഡിയോ ഗെയിം കളിക്കുന്നതു പോലെ റ്റീ വീ നോക്കി ശസ്ത്രക്രീയ ചെയ്യാം ഈ റോബോട്ടു വച്ച്. സാധാരണ ചെയ്യുന്ന സര്‍ജറിയെക്കാള്‍ പതിന്മടങ്ങു വിദഗ്ധമായി. മൂന്നു മെഷീനില്‍ ഒരെണ്ണം ഇവിടെ എത്തിയതു പേപ്പറില്‍ മാത്രം. സ്വാമിനിയുടെ ആശുപത്രിയില്‍ രഹസ്യമായി
എത്തിച്ചിട്ടുണ്ടെന്നു റോബോട്ട് യന്ത്രക്കമ്പനിയുടെ ലോക്കല്‍ റെപ്പിന്‍റെ ഡ്രൈവര്‍ എനിക്കു മൊഴി തന്നിട്ടുണ്ട്. രണ്ട് മിഷീനില്‍ 3 കൊല്ലത്തിനിടെ ചെയ്ത സര്‍ജറിയുടെ എണ്ണം വെറും ഏഴു്. അതില്‍ നാലെണ്ണം ഫെയിലായി. സര്‍ജന്‍ ആവശ്യത്തിനു ട്രൈനിങ്ങില്ലാതെ സര്‍ജറി ചെയ്തതാണത്രേ കാരണം. പ്രൈവറ്റ് ഹോസ്പ്പിറ്റലില്‍ ഒരു കൊല്ലം കൊണ്ട് ഒരു റോബോട്ട് വച്ച് 350 സര്‍ജറിചെയ്തതു അഘോഷിക്കാന്‍ മുഖ്യമന്ത്രി പോയതാണു കുഴപ്പമായതു്.
ആ പീ യൂ സീ എല്‍ കാരന്‍ ഡാക്ടര്‍ യോഗേഷ് ഇവിടത്തെ സംഭവം മുഴുവന്‍ രേഖകള്‍ സഹിതം പേപ്പറില്‍ ഇട്ടു. അന്വേഷണമായി, ക്രിമിനല്‍ കേസായി. നായര്‍ സാബ്, ഈ നിര്‍ഭയ സിങ് ഗൂജര്‍ കേസന്വേഷിക്കുന്ന
കാലത്തോളം സര്‍ജനെ ആര്‍ക്കും ഹരാസ്സ് ചെയ്യാന്‍ പറ്റില്ല. ഷീലാബേട്ടിയെപ്പോലെ ഒരു ബേട്ടി എനിക്കുമുണ്ട്. സര്‍ജന്‍റെ ദയയാല്‍ അവള്‍ മണിപ്പാലില്‍ എം ബീ ബീ എസ്സിനു ചേര്‍ന്നു. സാബ്, സര്‍ജന്‍ തങ്കപ്പെട്ട മനുഷ്യനാണു്. എന്‍റെ ബേട്ടിയുടെ അഡ്മിഷനു ഒറ്റപ്പൈസ എന്നെക്കൊണ്ട് ചെലവാക്കിച്ചില്ല. ഡോക്ടര്‍ യോഗേഷ് ഇന്നലെ ഔട്ട്പോസ്റ്റില്‍ വന്നു സര്‍ജനേയും എന്നേയും കുറെ തെറിപറഞ്ഞു. നാലു വര്‍ഷമായി സസ്പെന്‍ഷനിലാണു അയാള്‍. സര്‍ജനെതിരേ കുറേ കമ്പ്ലൈന്‍റ് എഴുതി ഇയാള്‍ പ്രധാനമന്ത്രിയ്ക്കും പ്രസിഡണ്ടിനും, ചീഫ് ജസ്റ്റിസിനും ഒക്കെ
അയച്ചു . ‘ദന്ത ഗോപുരത്തിന്‍റെ എട്ടാം നിലയില്‍ ഐ സീ യൂവും കെട്ടി അതിനുള്ളില്‍ വസിക്കുന്ന പാരനോയിഡ് ആല്‍ക്കഹോളിക് ആണു സര്‍ജന്‍’ എന്നൊക്കെ ഡോ. യോഗേഷ്, സര്‍ജനെക്കുറിച്ചു എഴുതി. സര്‍ജനു അതു വല്ലാത്ത വിഷമമായി. പണ്ടൊക്കെ രാത്രി 7 മണിക്കേ സര്‍ജന്‍ ഡ്രിങ്ക്സ് എടുത്തു തുടങ്ങാറുണ്ടായിരുന്നുള്ളൂ. ഈ കമ്പ്ലൈന്‍റിനു ശേഷം സര്‍ജന്‍ 5 മണിക്കേ കുടി തൂടങ്ങും. ഒന്നുരണ്ട് മണിക്കൂറുകള്‍ കഴിയുംബോള്‍ ബോധം കെടും. അപ്പോള്‍ പാവം എന്നെ ഫോണില്‍ വിളിയ്ക്കും.
അപ്പോള്‍ എന്താണു സംസാരിക്കുന്നതെന്നു സര്‍ജനു തന്നെ അറിയില്ല. ലോകപ്രശസ്തനായ സര്‍ജന്‍റെ വിഷമം ആര്‍ക്കും മനസ്സിലാവില്ല. ഈ നിര്‍ഭയസിങ് എന്നും കൂടെയുണ്ടാവുമെന്നു പറഞ്ഞു ആശ്വസിപ്പിക്കും ഞാന്‍. പിന്നെ ഞാന്‍ ആ തെണ്ടി ഡോ. യോഗേഷിനെ നാര്‍ക്കോട്ടിക് കേസില്‍ കുടുക്കി ഒരു റേപ്പ് കേസും ചാര്‍ജ്ജ് ചെയ്തപ്പോള്‍ സര്‍ജനു അല്പം സമാധാനം ആയി. നിര്‍ഭയ് സിങ് ഗൂജര്‍, ദോസ്തീ ഓര്‍ ദുശ്മനി മര്‍ഘാട്ട് തക് നിഭാത്താ ഹൈ നായര്‍ സാബ്. ശത്രു ദയ അര്‍ഹിക്കുന്നില്ല നായര്‍ സാബ്. എന്താണന്നറിയില്ല അഞ്ചടി മൂന്നിഞ്ചുള്ള ഈ വിക്കന്‍ സര്‍ജനെ എല്ലാവര്‍ക്കും പേടിയാണു. സര്‍ജന്‍ മൊളസ്റ്റു ചെയ്തു എന്നു ഡോ. യോഗേഷ് കമ്പ്ലൈന്‍റില്‍ എഴുതിയ നാലു നേഴ്സുമാരോടും ഞാന്‍ നേരിട്ടു ചോദിച്ചതാണു സത്യം എന്തെന്നു? ഒറ്റയെണ്ണത്തിനും കമ്പ്ലൈന്‍റില്ലായിരുന്നു നായര്‍ സാബ്. ഇവിടെ ഹോസ്പ്പിറ്റല്‍ മുഴുവന്‍ സമരത്തിലായാലും സര്‍ജന്‍റെ ഓ ട്ടീ യില്‍ ആരും സമരം ചെയ്യില്ല. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പു സര്‍ജന്‍റെ ഓ ട്ടീയില്‍ സമരത്തിനു ശ്രമിച്ച യൂണിയന്‍ നേതാവു കാലിയയെ ആ ഹിസ്റ്ററിഷീറ്റര്‍ അടിച്ചു
കാലൊടിച്ചു കളഞ്ഞു സാബ്. അതും പബ്ലിക്കായി. പിന്നെ ആ ഗുണ്ട മൊറേനക്കാരനായതുകൊണ്ട്, എനിക്കു കാലിയായെ രക്ഷിക്കാന്‍ കഴിഞ്ഞു. കേസും വഴക്കുമൊന്നും ഇല്ലാതെ കോമ്പ്രമൈസാക്കി. കഷ്ടമാണു നായര്‍ സാബ് സര്‍ജന്‍റെ കാര്യം. അങ്ങനെയിരിയ്ക്കുമ്പോള്‍ ഓരോന്നു തോന്നും. സീ 12 വിലും സീ 14 ലും താമസിക്കുന്ന ഡോക്ടേഴ്സ് കൊല്ലാന്‍ ശ്രമിയ്ക്കുമെന്നു പേടിച്ചു രാത്രി 3 മണിയ്ക്കു ഗസ്റ്റ് ഹൌസില്‍ പോയിക്കിടന്നു സര്‍ജന്‍. പിന്നെ ഞാന്‍ പോയി തിരിച്ചു വിളിച്ചു കൊണ്ടു വന്നു . പിറ്റേന്നു തന്നെ പ്രസിഡന്‍റ് ഒഫ് ഇന്‍ഡ്യയുടെ നിര്‍ദ്ദേശപ്രകാരം ഹോം മിനിസ്റ്റര്‍ ഡീ ജീ പിയെ വിളിപ്പിച്ചു സര്‍ജനു ആവശ്യമായ് സെക്യൂരിറ്റി കൊടുക്കാന്‍ പറഞ്ഞു. പിന്നെ സീ 12 ലേയും സീ 14ലേയും ഡോക്റ്ററന്മാരെ മാറ്റിത്താമസിപ്പിച്ചു. ആ വീടുകള്‍ ഇപ്പോള്‍ കാലിയാണു. പിന്നെ റൌണ്ട് ദ് ക്ലോക്ക്, ഏക് ചാറിന്‍റെ പുലീസ് ഗാര്‍ഡ് ഇട്ടു സീ 13നില്‍.

അതുകൊണ്ട് നായര്‍ സാബ് ഷീലാ ബേട്ടിയുടെ സര്‍ജറിക്കാര്യത്തില്‍ സാബ് ഉല്‍ഘണ്ഠപ്പെടണ്ട. സര്‍ജനെക്കൊണ്ട് ഓപറേഷന്‍ ചെയ്യിക്കുന്ന കാര്യം ഞാന്‍ ഏറ്റു. ബസ്, ഏക് ഡോണര്‍ മില്‍നേക്കാഹീ ദേര്‍ ഹൈ. ഇന്ന് ഇതു വരെ നടന്ന ആക്സിഡന്‍റിലൊന്നും ഹെല്‍ത്തി ഹാര്‍ട്ടുള്ള ഏ പോസിറ്റീവ് കേസൊന്നും ഇല്ല. ബയോളജിക്കല്‍ ഡത്തിനു മുന്‍പേ തന്നെ നമുക്കു റ്റ്രാന്‍സ്പ്ലാന്‍റു ചെയ്യണം. നമുക്കു ബിജ് ബിഹാരിയെ പ്രാര്‍ത്ഥിക്കാം. ഹാര്‍ട്ട്
കിട്ടാതിരിക്കില്ല. ഡോണറുടെ ബന്ധുക്കളെ പറഞ്ഞു സമ്മതിപ്പിക്കുന്ന കാര്യം ഈ നിര്‍ഭയ സിങ് ഗൂജറിനു വിട്ടേയ്ക്കൂ സാബ്.

ഇതു കണ്ടോ നായര്‍ സാബ്? മണി അഞ്ചായി. ഇതുവരെ ഷീലാബേട്ടി ലഞ്ചു കഴിച്ചിട്ടില്ല. ഇങ്ങനെ ആഹാരം കഴിക്കാതെ കംജോറായാല്‍ സര്‍ജറി എങ്ങനെ താങ്ങും? ഷീലാബേട്ടി , എന്‍റെ ബേട്ടിയെപ്പോലെ അല്ലേ?
ആഹാരം കഴിച്ചു ഒന്നു മയങ്ങട്ടെ. ചിത്രശലഭങ്ങളേയും മാനുകളേയും സ്വപ്നം കണ്ടുറങ്ങട്ടെ ഷീലാബേട്ടീ. നായര്‍ സാബ് എന്തൊക്കെയാ ഈ ഷീലാബേട്ടി പുലമ്പുന്നതു? കേട്ടില്ലേ പറയുന്നതു
“സപ്നേ വഹീ ഹോത്തേ ഹൈ ജൊ സോനേ നഹി ദേത്താ”