Showing posts with label കുറിപ്പ്. Show all posts
Showing posts with label കുറിപ്പ്. Show all posts

Saturday, January 23, 2016

എനിക്കും സെക്കുലറാവണം

അഭിസാരികകളുടെ നാവിൻ തുൻപിലൂടെയും, ഇടനിലക്കാരുടെ മടിശ്ശീലക്കിലുക്കത്തിലും കേരള രാഷ്ട്രീയം ചവിട്ടുനാടകം കളിച്ചു രസിക്കുമ്പോൾ, കോടതികളായ കോടതികളുടെ ഇരുണ്ട വരാന്തകളിൽ ഭരണം നിരങ്ങി നിരങ്ങി ആസന്നമൃതിയിലേയ്ക്. പിന്നെ കുറേ അൻവേഷണ കമ്മിഷണ ആപ്പീസർമാരും ചാനൽ വിദൂഷകന്മാരും ചേർന്നവതരിപ്പിക്കുന്ന കൂത്തും കുരവയും .. നമ്മുടെ രാഷട്രീക്കാർക്കു നമ്മോടോ നമുക്കു അവരോടോ പരസ്പര ബഹുമാനമില്ലാത്ത അവസ്ഥ .. ആർക്കും ആരെക്കുറിച്ചും എന്തും പറയാം ആർക്കുവേണമോ എന്തു വേണമോ ചെയ്യാം. കേരളരാഷ്ട്രീയവും ഭരണ സംവിധാനവും............ രണ്ടും ഡ്യൂപ്പുകളും മിമിക്രിക്കാരും കൈയ്യേറി എന്നു പറഞ്ഞാൽ അത് ഒർജിനൽ ഡ്യൂപ്പുകൾക്കും മിമിക്രിക്കാർക്കും നാണക്കേടാവും. ഓം ശാന്തി ഓശാന (എനിക്കും സെക്കുലർ ആവണം)

ജനുവരി 2016 :: മൂന്നു വർഷങ്ങൾക്കു ശേഷം ഒരു കുഞ്ഞികുറിപ്പ്

Tuesday, February 22, 2011

സാന്ദ്ര വള്ളൂക്കാരന്‍

കുറച്ചു കൊല്ലങ്ങള്‍ക്കു മുന്‍പു നടന്നതാണു്. യാത്രകള്‍ക്കിടയിലൊന്നില്‍ ഒരു നാലുദിവസം കുടുംബക്കാരോടൊപ്പം. പണ്ട്
സ്കൂളില്‍ പോകുന്നതിനു മുന്‍പ് വെറുതേ കണ്ണു വിയര്‍ത്തുപോയിരുന്ന അനന്തരവന്‍ ഇപ്പോള്‍ കുറച്ചുകൂടെ
മുതിര്‍ന്നിരിക്കുന്നു. മറ്റുള്ളവര്‍ ജോലിയ്ക്കു പോയിക്കഴിഞ്ഞാല്‍ ‘അനന്തരവന്‍ കഥകള്‍’ കേള്‍ക്കുകയാണു എന്‍റെ പ്രധാന
പണി.

വൈകിക്കിട്ടിയ മലയാളം ന്യൂസ് പേപ്പര്‍ അരിച്ചു പെറുക്കി വായിക്കുന്നതിനിടയിലാണു ടീവീ കണ്ടു കൊണ്ടിരുന്ന ചെക്കന്‍റെ
ആത്മഗതത്തിലെ എക്സ്ക്ലമേഷന്‍!

“ അയ്യോ! യൂറിന്‍ വരെ അടിച്ചു മാറ്റിയോ?”

സംഭവം റ്റീവി ന്യൂസില്‍ യൂറിയാ കുംഭകോണത്തെക്കുറിച്ചുള്ള വാര്‍ത്തയാണു. യൂറിയായും യൂറിനും തമ്മിലുള്ള
വ്യത്യാസത്തെക്കുറിച്ചു ഞാന്‍ വളരെ സാരഗര്‍ഭമായി, ശാസ്ത്രീയമായി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ തുനിഞ്ഞതു
കണ്ട് ബോറടിച്ച അവന്‍ തഞ്ചത്തില്‍ പോയി ചെസ്സ് ബോര്‍ഡെടുത്തുകൊണ്ട് വന്ന്‍ ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോ എന്ന
മട്ടില്‍ ഒരു നോട്ടം നോക്കി. ചെസ്സു കളിയ്ക്കിടയില്‍ അവന്‍ എനിക്കു പകര്‍ന്ന ജ്ഞാനത്തിന്‍റെ സാരം ഞാന്‍ ചുരുക്കി
പറയാം.

അവന്‍റെ ആദ്യത്തെ കുട്ടിയ്ക്കു “ ദുക്കു” എന്ന് പേരിടും.ആ പേരു വീട്ടില്‍ മാത്രമേ വിളിയ്ക്കൂ. സ്കൂളില്‍ “ധൃഷ്ടദ്യുംനന്‍”
എന്നായിരിക്കും പേര്. രണ്ടാമത്തെ മകള്‍ക്കു പേരിടാനുള്ള അവകാശം അവന്‍ ദയാപൂര്‍വ്വം ഭാര്യയ്ക്കു കൊടുക്കും.
എന്തൊരു ജെ‌‌ന്‍റര്‍ ഇക്ക്യുറ്റി!!! പിന്നെ അവന്‍റെ വീട്ടില്‍ അവനും ഭാര്യയും കുട്ടികളും മാത്രമേ ഉണ്ടാവൂ. നല്ല പണക്കാരന്‍
ആകുമെന്നുള്ളതു കൊണ്ട് അവന്‍ അമ്മ, അഛന്‍, അമ്മൂമ്മ, അമ്മാവന്‍ ഇത്യാദി അസ്മാദികള്‍ക്കു വേറെ വേറേ വീടു
വച്ചു കൊടുക്കുകയോ വാടകയ്ക്കു എടുത്തു കൊടുക്കുകയോ ചെയ്യും. കൂടെ താമസിക്കുന്ന പരിപാടി വേണ്ടേ വേണ്ട!

സംസാരം സ്കൂളിലെ വിശേഷങ്ങളിലേയ്ക്കായി. കുറേ പരീക്ഷകളിലായി അവന്‍ ക്ലാസ്സില്‍ സെക്കന്‍റ് ആണു. സെക്കന്‍റ്
ആവുന്നതു മോശമല്ലെന്നു ഞാന്‍ വിശദീകരിച്ചു. “ നൈസ് പീപ്പുള്‍ ഫിനിഷ് സെക്കന്‍റ്” എന്ന തത്വം മാധവ്
ഗോഡ്ബോളേയുടെ ‘അണ്‍ ഫിനിഷ്ഡ് ഇന്നിങ്സ്’എന്ന പുസ്തകവും കോട്ടു ചെയ്തു ഞാന്‍ വിശദീകരിച്ചു. എന്നാലും
ക്ലാസ്സ് ഫസ്റ്റ് ആകാന്‍ ശ്രമിക്കണം എന്നു ഉപദേശിച്ചു കഴിഞ്ഞപ്പോഴാണു അവന്‍ ആ ഭീകര രഹസ്യം എന്നോടു തുറന്നു
പറഞ്ഞത്.

ക്ലാസ്സില്‍ സാധാരണ ഫസ്റ്റ് വരുന്നത് സാന്ദ്ര വള്ളൂക്കാരന്‍ എന്നൊരു മലയാളി പെണ്‍കുട്ടി ആണു. അവളാകട്ടെ ഇവ്ന്‍റെ
ബെസ്റ്റ് ഫ്രണ്ടും!. ഭാവിയില്‍ ഒരു പക്ഷേ അവള്‍ ‘ദുക്കു’വിന്‍റെ അമ്മയായേയ്ക്കും. അവളെ ഒന്നാം സ്ഥാനത്തു തന്നെ നില
നിര്‍ത്താന്‍ വേണ്ടി ഇവന്‍ വേണമെന്നു വച്ച് ഒന്നോ രണ്ടോ ക്വസ്റ്റ്യന്‍റെ ഉത്തരം തെറ്റിച്ചെഴുതും. അങ്ങനെ പ്രണയത്തിനു
വേണ്ടി ത്യാഗം സഹിച്ചാണ് അവന്‍ ക്ലാസ്സില്‍ സെക്കന്‍റ് ആവുന്നത്. “അമ്പട വീരാ” എന്നു ഞാന്‍ പറയാനോങ്ങിയിട്ടു വേണ്ടെന്നു വച്ചു.


മൂന്നു നാലു മാസങ്ങള്‍ക്കു ശേഷം, ദിവസവുമുള്ള ഫോണ്‍ വിളികളില്‍ ഒന്നില്‍ സഹോദരി, ഇവന്‍ സ്കൂള്‍ ഫസ്റ്റായെന്നു
പറഞ്ഞു. അപ്പോള്‍ സാന്ദ്രാ വള്ളൂക്കാരന്‍റെ സംഭവം ഞാന്‍ അവളോടു പറഞ്ഞു.

“ ഏയ് , അതൊക്കെ അവന്‍ ചുമ്മാ ഉണ്ടാക്കി പറയുന്നതാണു. ഏട്ടനല്ലാതെ ആരെങ്കിലും അവന്‍ പറയുന്നതു വല്ലതും
വിശ്വസിക്കുമോ? അവന്‍റെ സ്കൂളിലേ പെണ്‍കുട്ടികള്‍ ഇല്ല. പിന്നയല്ലേ സാന്ദ്രാ വള്ളൂക്കാരന്‍! അത് ആ മോഹന്‍ലാലിന്‍റെ
ഏതോ സിനിമയിലെ നായികയുടെ പേരല്ലേ.”


മോഹന്‍ലാലിന്‍റെ ആ സിനിമ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല!

Sunday, February 20, 2011

ഇനി മല്‍ക്കാന്‍‌ഗിരിയിലേയ്ക്ക്

നല്ലതൊന്നും എഴുതാനില്ലാഞ്ഞിട്ടും, നന്നായി എഴുതാന്‍ കഴിയുന്നില്ല എന്ന തിരിച്ചറിവും കാരണം കുറേക്കാലമായി
ബ്ലോഗെഴുത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എഴുതാനുള്ള ത്വര തിരിച്ചു തരുന്ന പുത്തന്‍ വാജിതൈല
കണ്ടുപിടുത്തവുമായി കേരളത്തിലെ ഏതെങ്കിലും ഒരു ലോകപ്രസിദ്ധ വൈദ്യര്‍ ടി വീ യില്‍ പ്രത്യക്ഷപ്പെടുമെന്നു വെറുതേ
മോഹിച്ചിരിക്കുകയായിരുന്നു. എന്തായാലും ഇന്നു ഒരു ചെറിയ കുറിപ്പ് എഴുതട്ടെ.


ആര്‍ . വിനീത് കൃഷ്ണ എന്ന ചെറുപ്പക്കാരന്‍ ഒഡീസായിലെ മല്‍ക്കാന്‍‌ഗിരിയിലെ ജില്ലാകളക്ടര്‍. മര്യാദയ്ക്കു
ഓഫീസിലിരുന്നു മീറ്റിങും ചര്‍ച്ചയുമൊക്കെ ചെയ്തു ജില്ലാ പബ്ലിക് റിലേഷന്‍ ഓഫീസറെക്കൊണ്ട് ഫോട്ടോകളും
പത്രക്കുറിപ്പുമൊക്കെ ഇറക്കി വിലസേണ്ട സമയത്തിനു, അയാള്‍ ആദിവാസിഗ്രാമങ്ങളില്‍ പോയി ജനങ്ങളുടെ പ്രശ്നങ്ങള്‍
കഴിയുന്നിടത്തോളം പരിഹരിക്കാന്‍ ശ്രമിച്ചു. ആശാന്‍റെ സ്ഥിരം കലാ പരിപാടിയാണിതെന്നാണു അവിടത്തുകാരും , നേരത്തേ
അയാള്‍ സബ് കളക്ടറായിജോലിചെയ്തിരുന്ന കണ്ഡമാലിലേയും സാധാരണക്കാര്‍ പറയുന്നത്. എന്തായാലും ‘ചിത്രകൊണ്‍ണ്ട’
ഗ്രാമത്തിലെ ഹെല്‍ത്ത്ക്യാമ്പിനു പോയ കളക്ടര്‍ സാബിനെ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാനില്ല. അരോ ചിലര്‍
ചിത്രകൊണ്ടയില്‍ വന്നു അടുത്തുള്ള മറ്റൊരു ഗ്രാമത്തിലെ വികസനപ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ ഈ മണ്ടന്‍ കൂടെ
ഉണ്ടായിരുന്ന ഒരു ജൂനിയര്‍ ഇഞ്ചിനീയര്‍ മാജ്ഛിയുടെ ബൈക്കിന്‍റെ പുറകിലിരുന്ന് ആ ഗ്രാമത്തിലേയ്ക്കു പോയി. പിന്നെ
ഇതുവരെ തിരിച്ചു വന്നിട്ടില്ല.


മാവോയിസ്റ്റ് സഖാക്കള്‍ ഈ കളക്ടറേയും ആ പാവം ആദിവാസി ഇഞ്ചിനീയറേയും ബന്ദികളാക്കി സര്‍ക്കാറിനോടു
നെഗോസിയേഷന്‍സ് തുടങ്ങിയെന്നു വാര്‍ത്ത. കഴിഞ്ഞ ആഴ്ച്ച അബൂജ്മാഡ് ഏരിയായില്‍ നിന്നും അഞ്ചു ബൂര്‍ഷ്വാ
പോലീസുകാരെ, സ്വാമി അഗ്നിവേശും, ഗൌതം നവലഖായും, വീ. സുരേഷും, കവിതാ ശ്രീവാസ്തവയും അടങ്ങിയ
ആക്റ്റിവിസ്റ്റ് സംഘത്തുനു മുന്‍പില്‍ സഖാക്കള്‍ ജനകീയ കോടതി കൂടി മോചിപ്പിച്ചു കൈ മാറിയത് വലിയ
വാര്‍ത്ത ആയില്ല. ബന്ദികളായത് പാവം സാദാ പോലീസുകാരായതിനാല്‍ സര്‍ക്കാരുകളും പത്രക്കാരും മനുഷ്യാവകാശക്കാരും
ഒന്നും വലുതായി മൈന്‍‌ഡ് ചെയ്തില്ല. ഇതിപ്പോള്‍ കളക്ടറായതു കൊണ്ട് കുറച്ചു ഉഷാറൊക്കെ ഉണ്ടാവുമായിരിക്കും.


എന്തായാലും ബര്‍ഖാ ദത്ത് സാറിന്‍റെ എന്‍ ഡീ റ്റീ വി, സംഭവം കഴിഞ്ഞു മൂന്നു ദിവസങ്ങള്‍ക്കു ശേഷം മല്‍ക്കാന്‍‌ഗിരിയില്‍
എത്തിയെന്നു അവരുതന്നെ വാര്‍ത്ത കൊടുത്തിട്ടുണ്ട്. ഇനി ‘മക്ക് സ്റ്റാര്‍ട്ട്സ് ഫ്രം ഹിയര്‍’ എന്നൊരു പുതിയ ടീ വീ ഷോ
തുടങ്ങാം ബര്‍ഖാ സാറിനു. മല്‍ക്കാന്‍‌ഗിരിയില്‍ നിന്നു തന്നെ ആവട്ടെ അതിന്‍റെ ആദ്യത്തെ എപ്പിഡോസ്!!!

Sunday, May 16, 2010

കമ്പോള നിലവാരം

ഇന്നു കൊല്ലാന്‍ പറ്റിയതു വെറും ആറുപേരെ മാത്രം.

ഛത്തീസ്ഗഡിലെ രാജ്നന്ദ് ഗാവ് ജില്ലയിലെ മാന്‍പൂറില്‍ ഇന്നു തച്ചു കൊന്നത് ആറുപേരെ മാത്രം.

ഊഞ്ചാപൂര്‍ ഗ്രാമത്തിലെ പട്ടേലായ മാനൂറാമിനേയും, ലാല്‍കുമാര്‍ മണ്ടാവിയേയും രാജേഷ് കുമാറിനേയും അവരുടെ വീട്ടില്‍ നിന്നും തോക്കു കാട്ടി ഇറക്കി..

മൂന്നുപേരേയും തല്ലി തല്ലി കൊന്നു.

ഈ ഗ്രാമത്തിനടുത്തുള്ള പുക്ദാ ഗ്രാമത്തിലുള്ള മേരൂ റാമിനേയും, തേരേ ഗാവിലെ പഞ്ചായത്ത് പ്രസിഡന്‍റ് വീര്‍ സായിയേയും, അടുത്തുള്ള ഗട്ട്ഗഹന്‍ ഗ്രാമത്തിലുള്ള ദുരൂഗ് കുമാറിനേയും അവരവരുടെ വീടുകളില്‍ നിന്നും വിളിച്ചിറക്കി അടിച്ചു അടിച്ചു കൊന്നു.

ശവശരീരങ്ങള്‍ ഊഞ്ചാപ്പൂരിലും, കട്ടേഗഹനിലും ചിതറിക്കിടപ്പുണ്ട്.

നിര്‍ഭാഗ്യത്തിനു 5 ദിവസങ്ങള്‍ക്കു മുന്‍പ് 8 സീ ആര്‍ പീ ക്കാരെ മാത്രമേ ബ്ലാസ്റ്റ് ചെയ്തു കൊല്ലാന്‍ പറ്റിയുള്ളൂ.

ചത്തവന്മാര്‍ എല്ലാം കുത്തക ബൂര്‍ഷ്വാ മള്‍ട്ടീ നാഷണല്‍ ഗ്ലോബലൈസേഷന്‍ ചെറ്റകള്‍ ആയിരുന്നു.

((ചിയര്‍ ഗേള്‍ത്സിന്‍റെ ഡാന്‍സ്. ലളിത് മോഡി സിന്ദാബാദ്!!!!!))

വിമാനത്തില്‍ വന്നിറങ്ങി ബിസിലറിയും കുടിച്ചു ശാന്തിയാത്ര നടത്തിയ സ്വാമി അഗ്നിവേഷും, ഗാന്ധിയന്മാരും, പത്തിരുപതു സമാധാന കാംക്ഷികളായ പീ യൂ സീ എല്‍ ബുദ്ധിജീവികളും പ്രസ്സ് കോണ്‍ഫറന്‍സ് നടത്തി കുറ്റങ്ങളും പറഞ്ഞു കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ തിരിച്ചു പോയി.

വികസനമാണു മാവോയിസത്തിനുള്ള ഒറ്റമൂലി എന്നു ഇവര്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ലല്ലൊ!!!

അണ്ടിയല്ലേ മാങ്ങയെക്കാള്‍ മൂത്തത്. സംശയിച്ചു നില്‍ക്കുന്ന നമ്മള്‍ മണ്ടന്മാര്‍!!!!

സൌത്ത് ഡെല്‍ഹിയില്‍ എന്താ ചൂട്.!!!!

ചിന്തല്‍നാറിലെ ശവങ്ങള്‍.

എഴുപത്തിആറു ശവങ്ങളിലൊന്നു് മലയാളിയുടേത്.

ദന്ത്യവാഡയിലെ ചിന്തല്‍നാര്‍ സീ ആര്‍ പീ എഫ് ക്യാമ്പിനടുത്തുള്ള യുദ്ധഭൂമിലെ മണ്ണിലെ രക്തത്തിനു കറുപ്പു നിറം.

വീഞ്ഞപ്പെട്ടിയുടെ പലക പോലെ വിലകുറഞ്ഞ എന്തോകൊണ്ടു പെട്ടെന്നു ഉണ്ടാക്കിയെടുത്ത എഴുപത്തിആറു ശവപ്പെട്ടികള്‍ ജഗ്ദല്‍‍പൂറിലെ പൊലീസ് ലൈനിലെ മൈതാനത്തു കേന്ദ്രഗൃഹ മന്ത്രിയുടേയും, മുഖ്യമന്ത്രിയുടേയും, ഗവര്‍ണറുടേയും അന്തിമാഭിവാദനങ്ങള്‍ സ്വീകരിക്കാനായി കാത്തു കിടന്നു.

മന്ത്രിമാരുടെ സ്പെഷ്യല്‍ പ്ലൈനുകളും ഹെലികോപ്റ്ററുകളും റ്റേക്കോഫ് ചെയ്തുകഴിഞ്ഞാല്‍ ശവങ്ങളുമായി വിമാനം ഡെല്‍ഹിയിലേയ്ക്ക്.

പിന്നെ അവിടെനിന്നും രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കും.

ചിതറിയ ശവശരീരങ്ങള്‍ ചെറുപ്പക്കാരുടേതായിരുന്നു.

ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ളവര്‍.

പാവപ്പെട്ട വീട്ടിലെ യുവാക്കള്‍.

ജീവിക്കാന്‍ വേണ്ടി, കുടുംബപ്രാരാബ്ധങ്ങള്‍ക്കു വിരാമമാവും എന്നു കരുതി സീ ആര്‍ പീ എഫില്‍ ജവാന്മായി പണിയെടുക്കുന്നവര്‍.

വീട്ടുകാരുടെ വാവിട്ട വിലാപങ്ങള്‍ മാധ്യമക്കാഴ്ച്ചകള്‍.

ആര്‍ക്കുവേണ്ടിയാണു ഈ ചെറുപ്പക്കാര്‍ ചിന്നിച്ചിതറിയത്?

എന്തിനുവേണ്ടിയാണ് ഈ അറും കൊല ചെയ്തത്?

സമത്വ സുന്ദരമായ, ചൂഷണ രഹിതമായ ഒരു നല്ല നാളേയ്ക്കു വേണ്ടി.....!

മധുര മനോഹര മനോജ്ഞ ചൈനയിലെ ചെയര്‍മാന്‍ മാവോയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി......!

മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടി......!

ഇനിയും ഉത്തരം കിട്ടുന്നില്ലെങ്കില്‍ നമുക്കു ഹസാര്‍ ചൌരാസ്സി കീ മായും , ഗോഡ് ഒഫ് സ്മാള്‍ തിങ്സും , മോഹമഞ്ഞയും സമ്മാനിച്ച പ്രിയപ്പെട്ട കഥാകാരികളോടു ചോദിക്കാം.

വശ്യമായ ഭാഷയില്‍, തീവ്രതയോടെ, ലേഖനങ്ങളെന്ന നാട്യത്തില്‍ ‍അവരെഴുന്ന അനന്തമായ കഥകള്‍ വായിച്ചു നമുക്ക് നമ്മുടെ മോഹങ്ങളെ ചുവപ്പിക്കാം...

വര്‍ഗ്ഗ ശത്രുക്കള്‍ തുലയട്ടെ!

വിപ്ലവം ജയിക്കട്ടെ!

ശവങ്ങള്‍ ചിതറട്ടെ!

Tuesday, March 2, 2010

തടയണകള്‍ തകരുമ്പോള്‍

ഉറക്കത്തിനിടയില്‍ ഞെട്ടി ഉണരുക, പരവേശവും വെപ്രാളവും തോന്നുക, പെട്ടെന്നു വല്ലാതെ വിയര്‍ക്കുക, ശ്വാസം മുട്ടുക, അനിയന്ത്രിതമായ ഉത്ക്കണ്ഠ ഉണ്ടാവുക.ഇതൊക്കെ തുടങ്ങിയിട്ടു രണ്ടു മൂന്നാഴ്ച ആയി. ആള്‍ ഇന്‍ഡ്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേയും സര്‍ ഗംഗാറാം ഹോസ്പ്പിറ്റലിലേയും പരിചയക്കാരായ ഡോക്ടര്‍മാരെ ഒക്കെ മാറി മാറി വിളിച്ചു വിവരങ്ങള്‍ പറഞ്ഞു. പഞ്ചസാര, സോഡിയം, പൊട്ടാസ്യം, ക്രിയാറ്റിന്‍, അല്‍ബുമിന്‍, ബെലുറൂബിന്‍ തുടങ്ങി ഒരുമാതിരിപ്പെട്ട ലവണങ്ങളും , മൂലകങ്ങളും, തന്മാത്രകളും ഒക്കെ ‘ വിത്തിന്‍ റ്റോളറബിള്‍ ലിമിറ്റാ’ണെന്നു കണ്ട് അവര്‍ രക്തചാപം അളന്നു. അവളും മരുന്നിനും മന്ത്രത്തിനും വിധേയയായി നോര്‍മലായിരിക്കുന്നു. ഇവനെ ഇനി സൈക്കാറ്റ്രി ഡിപ്പാര്‍ട്ട്മെന്‍റിലേയ്ക്കു കുറിപ്പു കൊടുത്തു വിട്ടാലോ എന്ന് അപ്പോത്തിക്കിരിമാര്‍ ‘ അതി ചിന്ത വഹിച്ചു’ തമ്മില്‍ തമ്മില്‍ സംവദിച്ചു തുടങ്ങിയപ്പോഴാണ് “തോമാസ്സു കുട്ടീ, വിട്ടോടാ” എന്ന മട്ടില്‍ ഞാന്‍ ഡല്‍ഹിയില്‍ നിന്നും മുങ്ങിയത്.


ആദിവാസികളുടെ നാട്ടില്‍ പൊങ്ങി. എല്ലാം വരുന്നിടത്തു വച്ചു കാണാം എന്നു യുക്തി ഭദ്രമായി ചിന്തിച്ചുറപ്പിച്ച്, മുച്ചാണ്‍ വയറിനു വേണ്ടി വീണ്ടും
ജോലി തുടങ്ങാനിരിക്കുമ്പോഴാണ് മാമച്ചന്‍റെ ഫോണ്കോള്‍. മാമച്ചന്‍ ഇട്യ്ക്കിടെ , എന്നു വച്ചാല്‍ ഓണത്തിനും സംക്രാന്തിയ്ക്കും ഒക്കെ, ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍ നിന്നും അപരിചിതമായ ഒരു ടെലഫോണ്‍ നമ്പറായി പ്രത്യക്ഷപ്പെടും. ഈ മാമച്ചന്‍ ഉസ്താദായ ഒരു ഡോക്ടറാണ്. ഇന്‍ഡ്യയിലും ഇംഗ്ലണ്ടിലും ഒക്കെ പോയി കുറേ വലിയ വലിയ ഡിഗ്രികള്‍ ഒക്കെ പഠിച്ചു പാസായ കേമന്‍. ഉലകം ചുറ്റും വാലിപന്‍. നാടോടി മന്നന്‍. ഇത്രയും മിടു മിടുക്കനായ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ക്ക് മാമച്ചന്‍ എന്ന പേര് അത്ര മാച്ചാവുന്നില്ലെന്നു നിങ്ങളില്‍ ചിലര്‍ക്കെങ്കിലും തോന്നിയില്ലേ? അദ്ദേഹത്തിനു നല്ലൊരു സ്വയമ്പന്‍ നായര്‍ പേര് പൂര്‍വ്വാശ്രമത്തില്‍ ഉണ്ടായിരുന്നു. അതു ചരിത്രത്തിന്‍റെ ഒരു ദശാസന്ധിയില്‍ വച്ച്, എന്നുവച്ചാല്‍ ‘ കള്ളന്‍ പവിത്രന്‍’ എന്ന സിനിമ വന്നതു മുതല്‍ ഇല്ലാതായി. സ്വഭാവഗുണങ്ങളുടെ സവിശേഷത കണക്കിലെടുത്ത് ഞങ്ങള്‍ കൂടെ പഠിച്ചിരുന്നവര്‍ അന്ന് ഏതോ ഒരു ഗുളിക മുഹൂര്‍ത്തത്തില്‍ അവനു മാമച്ചന്‍ എന്നു നാമകരണം നടത്തി. അന്നു മുതല്‍ അവന്‍ നാടിനും നാട്ടാര്‍ക്കും പ്രിയപ്പെട്ട മാമച്ചനായി.

സ്വന്തം പേര് ഇപ്പോള്‍ അവനു പോലു ഓര്‍മ്മയുണ്ടാകില്ലെന്നു തീര്‍ച്ച. അല്ലെങ്കില്‍ പിന്നെ ഫോണ്‍ വിളി തുടങ്ങുന്നതു തന്നെ “ എടാ, ഇതു
മാമച്ചനാടാ”എന്നാവില്ലായിരുന്നല്ലൊ. ഇത്തവണ മാമച്ചന്‍റെ രംഗപ്രവേശം കപ്പലോട്ടിയ തമിഴനായാണ്. ജില്ല ദിണ്ഡുക്കലിലെ ഏതോ ഒരു ഉള്‍നാടന്‍
ഗ്രാമത്തില്‍ നിന്ന്. ലോകാരോഗ്യ സംഘടനയ്ക്കു വേണ്ടി ഇംഗ്ലണ്ടിലെ ജോലിയും രാജിവച്ചു ഗ്രാമ ഗ്രാമാന്തരങ്ങളില്‍ തമിഴന്മാരുടെയും കണ്ട
തമിഴത്തികളുടേയും നാഡി പിടിച്ചു നടക്കുകയാണു കശ്മലന്‍.

ഡയഗണോസ്‌സിന്‍റെ ആറാം തമ്പുരാനായ മാമച്ചനോടു ഞാന്‍ എന്‍റെ പ്രശനം പറഞ്ഞു. നിമിഷാര്‍ദ്ധം കൊണ്ട് ഉത്തരം കിട്ടി.

“ എടേ , നീ എന്നും ആ മലയാളം ന്യൂസ് ചാനലുകള്‍ കാണുന്ന കലാ പരിപാടി ഒന്നു നിര്‍ത്ത്. തടയണകള്‍ പൊളിയ്ക്കുമോ. പൊളിയ്ക്കില്ലേ, ഇന്നു
പൊളിയ്ക്കുമോ, നാളെ പൊളിയ്ക്കുമോ, കോടതിയില്‍ നിന്നും സ്റ്റേ കിട്ടിമോ കിട്ടില്ലേ, എന്നൊക്കെ ചിന്തിച്ചു ചിന്തിച്ചു നിനക്കു ‘ആങ്സൈറ്റി സിന്‍ഡ്രോം’
ആയതാ. ഇവിടെ ഓരോരുത്തര് മുല്ലപ്പെരിയാറിനെക്കുറിച്ചു വിഷമിച്ചിരിക്കുമ്പോഴാ നിന്‍റെ ഒക്കെ ഒരു ഊപ്പ തടയണ!”

മാമച്ചനു സ്തോത്രം! എന്‍റെ പ്രശനത്തിനു ശാശ്വത പരിഹാരം കിട്ടി. ശാന്തമായ മനസ്സുമായി തടയണകളെ സമീപിയ്ക്കാന്‍ തന്നെ തീരുമാനിച്ചു.

മാസാമാസം കൃത്യമായി ശമ്പളം കിട്ടുന്ന പണക്കാരനും പെറ്റീബൂര്‍ഷ്വായും ആയ എന്നെപ്പോലൊരുവന്‍ ഒരു കപട ബുദ്ധിജീവിയായി മാറിപ്പോകുന്നതു
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണെന്നുള്ള സത്യം നിങ്ങള്‍ സമ്മതിച്ചു തരുമല്ലോ. ബുജി ആയിക്കഴിഞ്ഞാല്‍ പിന്നെ വിഷയ ദാരിദ്ര്യമില്ലാതാവുന്നു. ഒരു വിഷയത്തില്‍ നിന്നു മറ്റൊന്നിലേയ്ക്കു ലാഘവത്തോടെ ചാടിച്ചാടി പോകാനും ലൈസന്‍സ് കിട്ടും. അഥവാ പറയുന്നതു തെറ്റിപ്പോയാല്‍ അഞ്ചോ
പത്തോ കൊല്ലം കഴിഞ്ഞ് നമുക്കു തിരുത്താവുന്നതല്ലേ ഉള്ളൂ. അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തില്‍ പെടാത്തതു കൊണ്ട് തെറ്റുതിരുത്തല്‍ രേഖകളും മെനയണ്ട.

എന്തായാലും നീലക്കുറിഞ്ഞികളുടേയും വരയാടുകളുടേയും നാട്ടില്‍ നിന്നും കരിമ്പൂച്ചകളിറങ്ങിയ വേഗത്തില്‍ ഞാന്‍ മനസ്സു മടക്കി. കഴിഞ്ഞ ഒന്നര
മാസമായി നമ്മുടെ നേതാക്കള്‍ക്കും, അധികാരികള്‍ക്കും മീഡിയാ പ്രവര്‍ത്തകര്‍ക്കും തീര്‍ത്ഥയാത്രാകേദ്രമായി ഗൌരീ കുണ്ഡ്പോലെ പ്രശോഭിച്ചിരുന്ന രത്തന്‍ ടാറ്റായുടെ തടയണയെ മറക്കാന്‍ ശ്രമിച്ചു. ടാറ്റായെന്ന ഡ്രാക്കുളയില്‍ നിന്നും രക്ഷപ്പെടാന്‍ തലയണയ്ക്കടിയില്‍ കുരിശ് വച്ച് അല്‍ഫോസാമ്മയെ ധ്യാനിച്ചു.കിടന്നു.

പതുക്കെ പതുക്കെ വയനാട്ടിലെ പാവപ്പെട്ട ആദിവാസിക്കളുടെ മിച്ചഭൂമി കയ്യേറ്റത്തെക്കുറിച്ചായി ചിന്തകള്‍.

“ഞാള് ഇബടന്നു പോവൂല്ല. വെടിവെച്ചു കൊന്നാലും പോവൂല്ല”

എന്നു പറയുന്ന, കേരളത്തിന്‍റെ ദേശീയ വസ്ത്രമായ നൈറ്റിയിട്ട ആദിവാസി വൃദ്ധയും , യുവതിയും. നനവില്ലാത്ത, തീയില്ലാത്ത അവരുടെ കണ്ണുകള്‍. . ജാനുവും, ളാഹ ഗോപാലനും, പിന്നെ നമ്മുടെ മുഖ്യധാരാ പാര്‍ട്ടികളും പറയുമ്പോഴൊക്കെ കുടിലുകെട്ടി കഞ്ഞിയ്ക്കു അടുപ്പൊരുക്കാന്‍ വിധിക്കപ്പെട്ടവര്‍. ചക്രവര്‍ത്തിയുടെ മന്ത്രിയോ വിദൂഷകനോ വന്നു ‘ ഇമ്മിണി വലിയ ഒരൊന്ന്‍’ വരയ്ക്കുമ്പോള്‍ ഇപ്പുറത്ത് മായ്ക്കാതെയും മുറിയ്ക്കാതെയും ചെറുതായിപ്പോകുന്ന ഒന്നുകള്‍.

കണ്ണേ മടങ്ങുക... കരിഞ്ഞുമലിഞ്ഞുമാശു.....


മാക്ട , അമ്മ, ഫെഫ്ക - തിലകന്‍, നെടുമുടി, മോഹന്‍ലാല്‍ - പിന്നെയും മാക്ട, അമ്മ, ഫെഫ്ക; ഉണ്ണിക്കൃഷ്ണന്‍, സുകുമാര്‍ അഴീക്കോട്, മമ്മൂട്ടി,
ഇന്നസെന്‍റ്; കാനം രാജേന്ദ്രന്‍, ഏഐറ്റിയൂസി, ഇസ്മയേല്‍, എം. ഏ . ബേബി; പിന്നെയും പിന്നെയും മാക്ട, അമ്മ, ഫെഫ്ക, ഈഴവന്മാര്‍, നായന്മാര്‍,
തിലകന്‍, അമ്മ, ഫെഫ്ക....... ഞെട്ടിയുണര്‍ന്നപ്പോള്‍ സുന്ദരമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചാര്‍ളിചാപ്ലിന്‍ സിനിമ പോലെയുള്ള ആ സ്വപ്നം പൊലിഞ്ഞ
സങ്കടമായിരുന്നു. ആകാശത്തിലെ താരകള്‍ കണ്ടു മോഹിച്ചവന്‍റെ വീട്ടുമുറ്റത്തു അവ കടലാസ്സു നക്ഷത്രങ്ങളായി ചേതനയറ്റു. വീണ്ടും ആ സ്വപനം കാണണമെന്നു ഞാന്‍ മോഹിച്ചു. അകാലത്തില്‍ പൊലിഞ്ഞ ഗിരീഷ് പുത്തഞ്ചേരിയുടെ “ പിന്നെയും പിന്നെയും ഏതോ കിനാവിന്‍റെ പടികടന്നെത്തുന്ന പദനിസ്വനം” മനസ്സിലോര്‍ത്തു വീണ്ടും മയങ്ങി.

ഒരിക്കല്‍ ചെകുത്താന്‍ ഒരു കൂട്ടുകാരനോടൊപ്പം തെരുവിലൂടെ നടന്നുപൊയ്ക്കൊണ്ടിരിക്കെ, ഒരു വഴിപോക്കന്‍ കുനിഞ്ഞു തറയില്‍നിന്നും എന്തോ എടുത്തു പോക്കറ്റിലിടുന്നതു കണ്ടു.

ഇനി ഈ കഥ പറഞ്ഞ ആളുടെ ഭാഷയില്‍ തന്നെ വായിക്കൂ,

The friend said to the devil, "What did that man pick up?" "He picked up a piece of Truth," said the devil.
"That is a very bad business for you, then," said his friend. "Oh, not at all," the devil replied, "I am going to let him organize it."

I maintain that Truth is a pathless land, and you cannot approach it by any path whatsoever, by any religion, by any sect. That is my point of view, and I adhere to that absolutely and unconditionally. Truth, being limitless, unconditioned, unapproachable by any path whatsoever, cannot be organized; nor should any organization be formed to lead or to coerce people along any particular path. If you first understand that, then you will see how impossible it is to organize a belief. A belief is purely an individual matter, and you cannot and must not organize it. If you do, it becomes dead, crystallized; it becomes a creed, a sect, a religion, to be imposed on
others. ....................The organization becomes a framework into which its members can conveniently fit. They no longer strive after Truth or the mountain-top, but rather carve for themselves a convenient niche in which they put themselves, or let the organization place them, and consider that the organization will thereby lead them to Truth.

ഒന്‍പതാമത്തെ വയസ്സുമുതല്‍ ഗ്രൂംചെയ്തെടുപ്പിച്ചു “ഓര്‍ഡര്‍ ഒഫ് ദ് സ്റ്റാര്‍” എന്ന സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്‍റെ അമര്‍ക്കാരനാക്കപ്പെട്ട ജിദ്ദു
കൃഷ്ണമൂര്‍ത്തിയെന്ന ജെ. കൃഷ്ണമൂര്‍ത്തി 1929 തിലെ ഒരു സുപ്രഭാതത്തില്‍ ഓര്‍ഡര്‍ ഒഫ് ദ് സ്റ്റാര്‍ പിരിച്ചു വിട്ടുകൊണ്ട് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് മുകളില്‍ കൊടുത്തത്.

( ഇവിടെ)


സംഘടനകള്‍ എന്തിനു വേണ്ടിയാണോ ലക്ഷ്യമിടുന്നതു അതെല്ലാം മറന്നു മിക്കപ്പോഴും മറ്റെവിടെയൊക്കെയോ പോയി മൂക്കു കുത്തി വിഴുന്നതു കാണുമ്പോള്‍ നമുക്കു ഒരു നിമിഷം ജിദ്ദുവിനേയും ഓര്‍ക്കാം. പബ്ലിക് അഡ്മിനിസ്റ്റ്രേഷനും മാനേജുമെന്‍റും പഠിക്കുന്ന കുട്ടികള്‍ ഈ ഓര്‍ഗനൈസേഷനല്‍ ഡൈനാമിക്സ് അവരുടെ ജാര്‍ഗണിലും പറഞ്ഞു തരും. ഏ. ഓ ഹ്യൂം എന്ന സായിപ്പ് ബ്രിട്ടീഷ് സര്‍ക്കാരിനെ സഹായിക്കാനാണ്‍ ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് എന്ന എലൈറ്റിസ്റ്റ് സംഘടന ഉണ്ടാക്കിയത്. പിന്നീട് അത് എവിടെ എവിടെ ഒക്കെ എത്തിപ്പെട്ടു എന്നു നമുക്കറിയാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, അസംഖ്യം യുവജന, തൊഴിലാളി, മത, ആള്‍ ദൈവ സംഘടനകള്‍, ആര്‍ എസ്സ് എസ്സ്, ബജ്രംഗദള്‍, ശ്രീരാമസേന, ശിവസേന പാര്‍ട്ടികള്‍,പല പല പേരുകളില്‍ അവതരിക്കുന്ന മുസ്ലീം സംഘടനകള്‍... ഈ ലിസ്റ്റ് എത്ര വേണോ ഉദാഹരണങ്ങള്‍ കൊണ്ടു നീട്ടാം. അതിനിടയിലാണ് ഒരു അമ്മയും , ഫെഫ്കയും മാക്ടയും, മണ്ണാങ്കട്ടയും!

എന്തായാലും ഇനി ഹര്‍ത്താലിന്‍റെ സമയം. വണ്ടി മുതലാളികളുടേയും വണ്ടിത്തൊഴിലാളികളുടേയും സംഘടനകള്‍ ഒന്നിച്ചു, കൂട്ടായി സമരം നടത്തട്ടെ.

നമുക്കു സംഘടിച്ചു സ്മാളടിച്ചു ശക്തരാകാം.

നരച്ച പ്രത്യയ ശാസ്ത്രത്തിന്‍റേയും മതത്തിന്‍റേയും ജാതിയുടേയും ജോലിയുടേയും തൊട്ടതിന്‍റേയും പിടിച്ചതിന്‍റേയും പേരില്‍ സംഘനകളുണ്ടാക്കി അന്യോന്യം പിച്ചിച്ചീന്തുന്ന മനുഷ്യര്‍! ആ മനുഷ്യ മനസ്സിലെ മലീമസവും ദുര്‍ഗന്ധവമിക്കുന്നതുമായ , ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന മലിന ജലത്തിന്‍റെ തടയണയല്ലേ ആദ്യം തകരേണ്ടത്?


അരാഷ്ട്രീയക്കാരനായിപ്പോകുമെന്നുള്ള പെറ്റീബൂര്‍ഷ്വാ ഭയം ഉള്ളതു കൊണ്ട് ഞാന്‍ അങ്ങനെ ചോദിച്ചു് അവസാനിപ്പിക്കുന്നില്ല. സംഘടനയില്ലെങ്കില്‍ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല. അതു കൊണ്ട് ദീപ സ്തംഭം മഹാശ്ചര്യം.

ആകയാല്‍ ബൂലോക സുഹൃത്തുക്കളേ, വരുവിന്‍ നമുക്കു സംഘടിച്ചു സംഘടിച്ചു ശക്തരാകാം.

Sunday, August 9, 2009

വായിക്കാത്തവന്‍റെ സുവിശേഷം

തിരുവനന്തപുരം ഡീ സീ ബുക്ക്സില്‍ മലയാളം പുസ്തകങ്ങള്‍ ഉഷ്ണമേഘലയിലിരുന്നു വിയര്‍ക്കുന്നു. ഇങ്ഗ്ലീഷു പുസ്തങ്ങള്‍ക്കു ശീതീകരിച്ച മുറിയുണ്ട്.

“ ഹരി മാമാ ഡീ സീ ബുക്ക്സില്‍ പോകാം”

ഗള്‍ഫില്‍ നിന്നും അവധിയ്ക്കു വന്ന, എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന അനന്തരവന് സ്കൂളില്‍ ഉപന്യാസമെഴുതാന്‍ മാധവിക്കുട്ടിയുടെ ഒരു കഥ വേണം. അങ്ങനെ എത്തിയതാണു ഡീ സീ ബുക്ക്സില്‍. കഥ കിട്ടി. വേറേയും കുറേ പുസ്തകങ്ങള്‍ ഞാന്‍ വാങ്ങി. കേ പീ അപ്പന്‍റെ സമ്പൂര്‍ണ്ണ കൃതികളോ തെരഞ്ഞെടുത്ത് കൃതികളോ ഇല്ല. അദ്ദേഹത്തിന്‍റെ മറ്റുകൃതികള്‍ വാങ്ങി. ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തിന്‍റെ’ കാലത്ത് വായിക്കാനുള്ള ആര്‍ത്തി മാത്രം. വാങ്ങാന്‍ കാശില്ല. നരേന്ദ്രപ്രസാദ് സാറിന്‍റെ കൈയ്യില്‍ നിന്നും ഇരന്നു വാങ്ങിയാണ് അന്നത് വായിച്ചത്. ഇന്ന് വിലകൊടുത്തു പുസ്തങ്ങള്‍ വാങ്ങാനുള്ള ആര്‍ത്തി മാത്രം മിച്ചം. വായനയുടെ ആവേശം വഴിയിലെവിടെയോ വച്ചു കൊഴിഞ്ഞു പോയി. ഇപ്പോള്‍ ഒന്നോ രണ്ടോ ചാപ്റ്റര്‍ വായിച്ചു മടക്കിവച്ച പുസ്തകങ്ങളാണു ബെഡ് റൂമില്‍ അധികവും. പിന്നീടു കുറേ ദിവസങ്ങള്‍ കഴിയുമ്പോള്‍ മുറി വൃത്തിയാക്കുന്നവര്‍ അതെടുത്തു ഷെല്‍ഫില്‍ വയ്ക്കും. പിന്നെ ഏതെങ്കിലും ഒരു ഞായറാഴ്ച ഷെല്‍ഫ് ഡസ്റ്റ് ചെയ്യുമ്പോള്‍ അവയെ കുറ്റബോധത്തോടെ തലോടും. എന്നാലും പുസ്തകം വാങ്ങലിനു ഒരു കുറവും ഇല്ല.


“ മാമാ, മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണ കൃതിയ്ക്കു രെജിസ്റ്റര്‍ വച്ചിട്ടുണ്ട്”

ഇങ്ഗ്ലീഷു സെക്ഷനിലാണ് രെജിസ്റ്റ്രേഷന്‍. പ്രീ പബ്ലിക്കേഷന്‍ സൌജന്യവും കാണുമായിരിക്കും. വേണ്ട. രെജിസ്റ്റര്‍ ചെയ്തില്ല. മിക്കവാറും സാഹിത്യ പ്രവര്‍ത്തകര്‍ക്കു മരണം കൊടുക്കുന്ന വാഗ്ദാനമാണ് സമ്പൂര്‍ണ്ണ കൃതികള്‍. ഒരു ‘പോസ്റ്റ് ഡെത്ത്’ സൌജന്യം. എന്നെപ്പോലെ പുസ്തങ്ങള്‍ വാങ്ങി ഷെല്‍ഫില്‍ വയ്ക്കുന്നവര്‍ക്കു നല്ല അവസരം. ബഷീര്‍ കൃതികള്‍ക്കും, വയലാര്‍ കൃതിയ്ക്കും അടുത്തു ചേര്‍ത്തു വച്ച് അലങ്കരിക്കാം.


അനന്തരവന്‍ ചെക്കന്‍ കുട്ടികളുടെ സെക്ഷനിലേയ്ക്കു പോയി.

‘ ലിവിങ് റ്റു റ്റെല്‍ ദ റ്റേല്‍’. മാര്‍ക്വെസ്സിന്‍റെ ഞാന്‍ കണ്ടിട്ടില്ലാത്ത പുസ്തകം.. തിരിച്ചും മറിച്ചും നോക്കി വാങ്ങാന്‍ തീരുമാനിച്ചു കഴിഞ്ഞപ്പോള്‍ പഴയ ഒരു സഹപാഠി വന്നു. ആള്‍ ഇന്‍ഡ്യാ റേഡിയോയിലെ പ്രശസ്തന്‍. അവന്‍റെ വകയായി പുത്തന്‍ എഴുത്തുകാരുടെ കുറേ പുസ്തകങ്ങള്‍ കൂടെ തെരെഞ്ഞെടുത്തു തന്നു. മലയാളം സെക്ഷനിലെ കൌണ്ടറിലിരുന്നു വിയര്‍ക്കുന്നവനോടു ആകാശവാണിയുടെ വക ബ്ഡായി,

“ അയ്യോ, ശശീ, ഈ ഹരിത്തിനെ അറിയില്ലേ, ഡല്‍ഹിയില്‍ ജേര്‍ണലിസ്റ്റാ. നമ്മുടെ ഡീ സീ രവിയുടെ ഒക്കെ അടുത്ത ഫ്രണ്ടാ.”

ഞാന്‍ ഒരിക്കലും കണ്ടിട്ടുപോലും ഇല്ലാത്ത ഡീ സീ രവിയുടെ സൌഹൃദം എന്നില്‍ അടിച്ചേല്‍പ്പിച്ചത് അല്പം ഡിസ്കൌണ്ടിനു വേണ്ടി. കുറുക്കന്‍. അവന്‍ നന്നാവില്ല. കോളേജില്‍ വച്ചേ ഇതേ പരിപാടിയായിരുന്നു അവന്. പഴയ സൌഹൃദങ്ങളുടെ കാനേഷുമാരി നടത്തി, ആകാശവാണി. കുറേപ്പേരുടെ മൊബൈല്‍ നമ്പരുകള്‍ ബിസ്സ്നസ്സ് കാര്‍ഡാക്കി ഫോര്‍വേഡ് ചെയ്തു. കൂട്ടുകാരില്‍ ഒരുത്തന്‍ ചിക്കന്‍ ഗുനിയ പിടിച്ചു ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്നും വിടവാങ്ങി. ആകാശവാണി അവന്‍റെ മൊബൈല്‍ നമ്പര്‍ ഡെലീറ്റു ചെയ്തു.


എട്ടാം ക്ലാസ്സുകാരന്‍ അഞ്ചാറ് ബുക്കു തെരഞ്ഞെടുത്തിരിക്കുന്നു. പക്ഷേ കൌണ്ടറില്‍ വന്നപ്പോള്‍ ഒരു പുസ്തകം മാത്രം.

“ എന്തെടാ , ബാക്കി ബുക്ക്സ് ഒന്നും മേടിക്കുന്നില്ലേ?”

“ ഇതു വായിച്ചിട്ടു ഇഷ്ടപ്പെട്ടാ ബാക്കി നാളെ മേടിക്കാം”.


ഈ വില്ലാളി ഈ പ്രായത്തിലേ സെലക്റ്റീവാണല്ലോ. മാത്രവുമല്ല പത്തു മുന്നൂറു പേജുള്ള ഈ പുസ്തകം ഇന്നു തന്നെ വായിച്ചു തീര്‍ക്കാനുള്ള പ്ലാന്‍ ആണ്.ഇവനും പ്രായമാകുമ്പോള്‍ എന്നെപ്പോലെ പുസ്തകങ്ങള്‍ വാങ്ങുക മാത്രം ചെയ്യുന്ന വേതാളം ആവാതിരുന്നാല്‍ മതിയായിരുന്നു.


പുസ്തകങ്ങള്‍ക്കിടയില്‍ വച്ച് നട്ടെല്ലു വേദന അറിഞ്ഞിരുന്നില്ല. ഡീ സീയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അസഹനീയമായ വേദന വീണ്ടും. സ്പൈനല്‍ സപ്പോര്‍ട്ട് ബെല്‍റ്റ് ഒന്നു കൂടെ മുറുക്കിക്കെട്ടി. വയ്യ. ഒന്നു ഇരിക്കണം. ഡീ സീ യുടെ കെട്ടിടത്തിന്‍റെ പടിയില്‍ത്തന്നെ ഒരരികില്‍ ഇരുന്നു. എട്ടാം ക്ലാസ്സ് ഒരു പെപ്സിയും കുടിച്ചു അരികില്‍ നില്‍പ്പുണ്ട്. മാധവിക്കുട്ടിയുടെ ഏതു കഥയെക്കുറിച്ചു എസ്സെ എഴുതണമെന്ന അവന്‍റെ ചോദ്യം എന്നെ വലച്ചു. ഏതാ ഇപ്പൊ പറഞ്ഞു കൊടുക്കുക?

“ നീ ആദ്യം കഥകള്‍ വായിച്ചു നോക്ക്. എന്നിട്ടു നിനക്കു ഇഷ്ടപ്പെട്ടതു ഏതെന്നു പറ.”

ഉത്തരം അവനത്ര ബോധിച്ചില്ല.


മുകളിലത്തെ നിലയില്‍ നിന്നും ആരോ കുറേ വെള്ളം താഴോട്ടൊഴിച്ചു. അവിടെ പാര്‍ക്കു ചെയ്തിരുന്ന സ്ക്കൂട്ടറുകളും ബൈക്കുകളും ഒക്കെ നന്നായി നനഞ്ഞു. കെട്ടിട കാവല്‍ക്കാരന്‍റെ തൊപ്പിയും യൂണിഫോമും നനഞ്ഞു. അയാള്‍ മുകളിലേയ്ക്കു നോക്കി തെറി പറയാന്‍ തുടങ്ങി. പിന്നെ ബോധോദയം വന്നവനെപ്പോലെ ചിരിച്ചു കൊണ്ട് തെറി വിളി അബ്രപ്റ്റായി നിറുത്തി.

സെക്രറ്റേറിയേറ്റ് ഉപരോധിച്ചുകൊണ്ടിരുന്ന കുറേപ്പേരെ പോലീസുകാര്‍ ഓടിച്ചിട്ടടിക്കുന്നു. ഖദറാണു സമരത്തൊഴിലാളികളുടെ വേഷം. അഹിംസാ പാര്‍ട്ടിയുടെ യുവജന വിഭാഗം. അവര്‍ ജനറല്‍ ആശുപത്രി സൈഡിലേയ്ക്കു ഓടി.പിറകേ പോലീസുകാര്‍. സിറ്റി മെഡിക്കത്സിന്‍റെ മുന്‍പില്‍ കണ്ണീര്‍ വാതകത്തിന്‍റെ പുക മറ.

എന്താ പ്രശ്നം?

“ ഇതു എന്നും ഉള്ള കലാപരിപാടിയാ സാറേ ഇവിടെ”

കാവല്‍ക്കാരന്‍ തൊപ്പി വെയിലത്തു ഉണക്കാന്‍ വച്ചിട്ടു തത്വചിന്തകനായി പിന്നെയും സംസാരം തുടര്‍ന്നു..


ആകെ രണ്ടു പ്രാവശ്യമേ ഞാന്‍ മാധവിക്കുട്ടിയെ കണ്ടിട്ടുള്ളൂ. ഒടുവില്‍ കണ്ടത് വലിയതുറയ്ക്കടുത്ത് ഒരു കവലയില്‍ അമ്പാസ്സഡര്‍ കാറില്‍ കെട്ടിവച്ച മൈക്കിലൂടെ ചുറ്റും നില്‍ക്കുന്ന പത്തിരുപത്തഞ്ചു പേരോടു പ്രസംഗിക്കുന്ന ലോക്സഭാ സ്ഥാനാര്‍ത്ഥിയായിട്ട്. ‘എന്‍റെ കഥ’ ആത്മ കഥയല്ല വെറും ഭാവനയാണെന്നൊക്കെ അക്ഷരാഭ്യാസം കുറഞ്ഞ മുക്കുവരോടു വള്ളുവനാടന്‍ ഭാഷയില്‍ പറഞ്ഞുകൊണ്ടിരുന്ന ആയമ്മയെക്കണ്ട് നൊന്തു.


ആദ്യം കണ്ടത് കോളേജിലെ ഒരു സമ്മേളനത്തില്‍ വച്ച്. സൈലന്‍റ് വാലിയെക്കുറിച്ച് കാമ്പസ്സുകളില്‍ കവിതകളും ചര്‍ച്ചകളും വിടരുന്ന കാലം. മാധവിക്കുട്ടി അല്പം നേരത്തേ എത്തി. പ്രിന്‍സിപ്പാളിനും , സാഹിത്യകാരന്മാര്‍ക്കും, വീ ഐ പീ കള്‍ക്കും വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സദസ്സിലെ മുന്‍‌വരിയില്‍ അറിയാതെ വന്നിരുന്ന ഒരു ചേരിക്കാരന്‍ തെണ്ടിച്ചെക്കനെ ഭാരവാഹികളില്‍ ചിലര്‍ വിരട്ടിയോടിച്ചു. ഒരാള്‍ കല്ലെടുത്തെറിയുന്നതു പോലെ ആഗ്യം കാട്ടി. അവന്‍ ക്യാമ്പസ്സു വിട്ടോടിപ്പോയി. പ്രസംഗിക്കാന്‍ അവസരം വന്നപ്പോള്‍ മാധവിക്കുട്ടി ഈ സംഭവം വിവരിച്ചു കൊണ്ട് എല്ലാവരോടുമായി ചോദിച്ചു,

“ മനുഷ്യനെ സ്നേഹിക്കാനറിയാത്ത നിങ്ങളോക്കെയാണോ ഇനി മരങ്ങളെ സ്നേഹിക്കാന്‍ പോണത്?”


എട്ടാം ക്ലാസ്സുകാരന്‍റെ അമ്മ ഭീമാ ജ്യുവലറിയില്‍ പോയിരിക്കുകയാണ്. അവര്‍ സ്റ്റേറ്റ് ബാങ്കിന്‍റെ ലോക്കറിലും പോയി തിരിച്ചു വരുന്ന വഴി ഞങ്ങളെ ഡീ സീ ബുക്കസില്‍ നിന്നും പിക്കു ചെയ്യാം എന്നു പറഞ്ഞതാണ്. ഇതുവരെ കണ്ടില്ല.

ഞാന്‍ പ്ലാസ്റ്റിക്ക് സഞ്ചിയിലെ പുസ്തകക്കെട്ടില്‍ നിന്നും ഒരെണ്ണം എടുത്തു മറിച്ചു നോക്കി. കേ. പീ അപ്പന്‍റെ ‘രോഗവും സാഹിത്യഭാവനയും’. അവിടെയും ഇവിടേയും ഒന്നു ഓടിച്ചു വായിച്ചപ്പോള്‍ തന്നെ ഡിപ്രഷന്‍ അരിച്ചരിച്ചു കയറുന്നപോലെ തോന്നി. വേണ്ട, വായിക്കണ്ട. ഈ പുസ്തകവും എന്‍റെ ഷെല്‍ഫില്‍ വെറുതേ വച്ചേക്കാം. ഞായറാഴ്ച തോറും പൊടിയടിച്ചു വൃത്തിയാക്കുമ്പോള്‍ സ്വകാര്യമായി കുമ്പസാരിക്കാന്‍.

Saturday, June 13, 2009

വിഭീഷണനെന്നു കേട്ടാലോ?

സാധാരണയായി ഈ ബ്ലോഗില്‍ കക്ഷിരാഷ്ട്രീയ പ്രശ്നങ്ങള്‍ ഒഴിവാക്കുകയാണു പതിവ്. അത് രാഷ്ട്രീയാഭിപ്രായങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. അരാഷ്ട്രീയത നല്ലതാണെന്ന തോന്നല്‍ കൊണ്ടും അല്ല. രാഷ്ട്രീയ വിഷയങ്ങള്‍ക്കു വേറേ മീഡിയങ്ങള്‍ തേടുന്നുവെന്നു മാത്രം. ഇന്നെഴുതുന്നതും കക്ഷിരാഷ്ട്രീയ നിലപാടുകളെക്കുറിച്ചല്ലെന്നൊരു മുന്‍‌കൂര്‍ ജാമ്യം.

ഇഷ്ടമില്ലാത്തച്ചു തൊട്ടതെല്ലാം കുറ്റം എന്ന രീതിയില്‍ ഒരു കൂട്ടരും സി ഐ ഡി വിജയന്‍ മോഷ്ടാവാണെന്ന രീതിയില്‍ മറു പക്ഷവും ‘മീഡിയാ സിന്‍ഡിക്കേറ്റുകളില്‍’ കൂടി നടത്തുന്ന മത്സരക്കലാശങ്ങള്‍ കണ്ട് കണ്ട് ഓക്കാനം വരുന്ന വേളയില്‍ അതാ ചാനലുകളില്‍ ഒരു ലീഗല്‍ ല്യൂമിനറി. രണ്ടു പേര്‍ പിടിച്ചു നടത്തി മൈക്കിന്‍റെ മുന്നില്‍ കൊണ്ടിരുത്തുന്നു ജസ്റ്റിസ് കൃഷ്ണയ്യരെ. ഈ വിനീതന്‍ കണ്ണുകള്‍ തുറന്നു, കാതോര്‍ത്തു. ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞതിന്‍റെ മലയാളം ഇത്രയേ ഉള്ളൂ, മന്ത്രിസഭയുടെ ഉപദേശം കേള്‍ക്കാതെ പോലീസിന്‍റെ ഉപദേശം കേട്ടു തീരുമാനമെടുക്കുന്നവന്‍ കേരള ഗവര്‍ണ്ണര്‍.ജനാധിപത്യത്തിന്‍റെ കടയ്ക്കു കത്തിവയ്ക്ക്കുന്നവന്‍‍. സ്വേച്ഛാധിപത്യസ്വഭാവമുള്ളവന്‍, ഭരണഘടനയെക്കുറിച്ചു വിവരമില്ലാത്തവന്‍.
രാവിലെ മുടിവെട്ടിയ്ക്കാന്‍ ചന്തമുക്കില്‍ സഖാവ് സുകുമാരന്‍റെ ബാര്‍ബര്‍ ഷാപ്പില്‍ പോയപ്പോള്‍ അയാള്‍ കത്തി വച്ചതും ഏതാണ്ടിങ്ങനെയൊക്കെ തന്നെ ആയിരുന്നു.

രാഷ്ട്രീയാഭിപ്രായം പറയുന്നതു ബാര്‍ബര്‍ സുകുമാരനായാലും പ്രകാശ് കാരാട്ടായാലും ശ്രദ്ധയോടെ കേട്ടിരിക്കാന്‍ ഞാന്‍ എന്നേ ശീലിച്ചിരിക്കുന്നു.ക്ഷമയോടെ വെറുതേ ചിരിച്ച്, പ്രതികരിക്കാതെ, മുഖത്തു നീരസമോ, അസഹിഷ്ണുതയോ വരാതെ അവര്‍ പറയുന്നതു കേട്ടു തലയാട്ടാന്‍ എന്നേ പഠിച്ചു കഴിഞ്ഞു. അനാവശ്യ രാഷ്ടീയ വിവാദങ്ങളിലേര്‍പ്പെട്ടു ഉണ്ടായിരുന്ന വ്യക്തിബന്ധങ്ങള്‍ക്കു മുറിവേറ്റ സംഭവങ്ങളാകാം ഈ തിരിച്ചറിവ് നല്‍കിയത്.

1979ലെ പാര്‍ലമെന്‍റ്തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ഒരിക്കലും തോല്‍ക്കില്ലെന്നു കരുതിയിരുന്നു ഞാനും എന്‍റെ അച്ഛനും. ഇലക്ഷന്‍ വെറും ഫാര്‍സ് ആയിരിക്കുമെന്നും റിഗ്ഗുചെയ്തു ഇന്ദിരാഗാന്ധി ജയിക്കും എന്നുമുള്ള പാര്‍ട്ടിലൈനാണു എന്‍റെ വിശ്വാസത്തിനാധാരമെങ്കില്‍, അടിയന്തരാവസ്ഥയുടെ സ്തുതി പാഠകനായിരുന്ന അച്ഛന്‍ കോണ്‍ഗ്രസ്സ് ഭക്തനായതു കൊണ്ട് അവര്‍ ജയിക്കും എന്ന് പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു. അവസാനം മാതൃഭൂമി പത്രമാപ്പീസില്‍ ചെന്നു ഇലക്ഷന്‍ റിസള്‍ട്ടിന്‍റെ ലേറ്റസ്റ്റ് ചോദിച്ചപ്പോള്‍ അവിടെയിരുന്ന ഒരു ചേട്ടന്‍ പറഞ്ഞതു ഇങ്ങനെയായിരുന്നു,

“രായ് ബറേലിയില്‍ ഇന്ദിരാഗാന്ധിയും തോറ്റു, അരൂരില്‍ ഗൌരിയമ്മയും തോറ്റു,”

പാര്‍ട്ടി ലൈന്‍ തെറ്റിപ്പോയ അങ്കലാപ്പില്‍ ഞാന്‍ വീട്ടിലെത്തി. അച്ഛനോട് ഇന്ദിരാഗാന്ധി തോറ്റ സന്തോഷം പറഞ്ഞൊന്നു കളിയാക്കാന്‍ നോക്കി.
ഈ അടുത്ത കാലത്തു അച്യുതാനന്ദന്‍ സഖാവ് പ്രസ്സ്കോണ്‍ഫറന്‍സില്‍ ചിരിച്ച പോലെ അച്ഛന്‍ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു,

“ എടാ ഇന്ദിരാഗാന്ധി തോറ്റാല്‍ ഞങ്ങള്‍ ഇവിടെ പട്ടാള ഭരണം കൊണ്ടു വരും, നിന്‍റെ ഗൌരിയമ്മ ഇനി ഈച്ചയടിച്ചോണ്ടിരിയ്ക്കയേ ഉള്ളൂ”

വല്ലാത്ത ദേഷ്യംവന്ന ഞാന്‍ ഒന്നു പറഞ്ഞു ഒന്നു പറഞ്ഞു അച്ഛനുമായി വല്ലാതെ തെറ്റി. ചങ്കു നോക്കി എയ്ത വാക്ശരങ്ങള്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നൊന്നും അപ്പോള്‍ ഓര്‍ത്തില്ല. പിന്നീട് ഒരിക്കലും എന്നോടു അച്ഛന്‍ രാഷ്ട്രീയം പറയാതെയായി. കളി തമാശകളും തര്‍ക്കങ്ങളുമായി എന്നും ഉണര്‍ന്നിരുന്ന ആ വീട്ടില്‍ പിന്നിടൊരിക്കലും രാഷ്ട്രീയ വിവാദങ്ങള്‍ ഒച്ചയുയര്‍ത്തിയിട്ടില്ല. വിവാദങ്ങളും അസഹിഷ്ണുതയും കൊണ്ടു ഒരുപാടു വ്യക്തി ബന്ധങ്ങള്‍ ഉലഞ്ഞു പിന്നീടും. പല ബന്ധങ്ങള്‍ എന്നെന്നേയ്ക്കുമായി അറ്റു.


പറഞ്ഞു വന്നതു കൃഷ്ണയ്യരുടെ പ്രസ്സ് സ്റ്റേറ്റ്മെന്‍റിനെക്കുറിച്ചാണ്. സഖാവ് കൃഷണയ്യരായല്ല റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയെന്നുള്ള നിലയിലാണു അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ക്കു ഞാന്‍ മൂല്യം കാണാറുള്ളത്. വന്ദ്യനും, ജ്ഞാന വൃദ്ധനും, ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയില്‍ സ്വതന്ത്രാംഗമെന്നനിലയില്‍ മന്ത്രിയും, പിന്നീടു ജഡ്ജിയായി ഉയര്‍ന്നു സുപ്രീം കോടതി വരെ എത്തിയ നിയമജ്ഞനും, റിട്ടയറായതിനു ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകനും ഒക്കെയായ ,നമ്മളെല്ലാം ബഹുമാനിക്കുന്ന കൃഷ്ണയ്യരുടെ ഈ പ്രകടനം എന്നെ അമ്പരപ്പിച്ചു , ദുഖിപ്പിച്ചു. അദ്ദേഹം ഗവര്‍ണറെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ എന്തു വേണമോ ചെയ്യട്ടെ, പക്ഷേ പറയുന്ന വാക്കുകളും, വാദങ്ങളും അദ്ദേഹത്തിന്‍റെ പാണ്ഡിത്വത്തിനു തെല്ലെങ്കിലും നിരക്കുന്നതാവണ്ടേ? ചന്തമുക്കിലെ ബാര്‍ബര്‍ സുകുമാരനെപ്പോലെ ലോജിക്കും കോപ്പും ഒന്നും ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറയാനാനെങ്കില്‍ ജയ്ഹിന്ദും , കൈരളിയുല്‍ ഉള്‍പ്പെടെയുള്ള ചാനലായ ചാനലിലൊക്കെ ആളുകള്‍ നിറഞ്ഞു വിലസുകയല്ലേ? ഈ തൊണ്ണൂറ്റിനാലാം വയസ്സില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ തന്നെ ഇങ്ങനെ ചെയ്യണോ? ചെയ്യാം അതു അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യം. റ്റ്വന്‍റി 20 ക്രിക്കറ്റു മത്സരങ്ങള്‍ കൊഴുപ്പിയ്ക്കാന്‍ അര്‍ദ്ധ നഗ്നരായി ആടുന്ന ചീയര്‍ ലീഡര്‍ പെണ്ണുങ്ങള്‍ എത്ര പാവങ്ങള്‍! ജീവിക്കാനുള്ള കാശിനു വേണ്ടി അവര്‍ ആടിത്തിമിര്‍ക്കുന്നു. പക്ഷേ ജസ്റ്റിസ് കൃഷ്ണയ്യരോ? ഇതൊരുമാതിരി.... വേണ്ട അദ്ദേഹത്തോടുള്ള ആദരവു ഇതു എഴുതി മുഴുവനാക്കാന്‍ എന്നെ അനുവദിക്കുന്നില്ല. പണ്ടൊരിക്കല്‍ എം, കൃഷ്ണന്‍ നായര്‍ ദൂരദര്‍ശനില്‍ പ്രൈം റ്റൈമില്‍ പ്രോഗ്രാം നടത്തിയിരുന്ന സിനിമാ നടന്‍ അശോക് കുമാറിനെക്കുറിച്ചു എഴുതിയത് ഏതാണ്ടിങ്ങനെ ആണെന്നു തോന്നുന്നു.

“ എനിയ്ക്കേറ്റവും ഇഷ്ടമുള്ള നടന്മാരിലൊരാളാണു അശോക് കുമാര്‍. പക്ഷേ വീട്ടില്‍ കൊച്ചുമക്കളുമൊത്തു കഴിയേണ്ട ഈ പ്രായത്തില്‍ റ്റീവീയില്‍ വായ്പ്പുണ്ണും കാട്ടി വരുന്നത് എന്നില്‍ അറപ്പുളവാക്കുന്നു, വെറുപ്പുളവാക്കുന്നു. ഞാന്‍ ദുഃഖിക്കുന്നു.”

താനിത്രകാലവും കോണ്ടു നടന്നതും, കൃഷ്ണയ്യരെ ജസ്റ്റിസ് കൃഷ്ണയ്യരാക്കിയതുമായ ജുഡിഷ്യറിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പബ്ലിക്ക് സ്റ്റേറ്റ്മെന്‍റിറക്കുന്നതും ഒരു ഓര്‍മ്മത്തെറ്റുപോലെ കൃഷ്ണയ്യരെ ഈയിടെയായി പിന്തുടരുന്നെന്നു തോന്നുന്നു. ഈ ലാവ്‌ലില്‍ കേസിനെക്കുറിച്ചു തന്നെ അദ്ദേഹം ലോവര്‍ ജുഡിഷ്യറിയെ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ ഒരു സ്റ്റേറ്റ്മെന്‍റ് ഇറക്കുകയുണ്ടായി. ഒന്നര ദിവസം കഴിയും മുന്‍പു തന്നെ സബ് ജുഡിസായ കേസിനെ ഇന്‍ഫ്ലുവന്‍സ് ചെയ്യാനല്ല താന്‍ ഉല്പ്രേക്ഷിച്ചതെന്നൊരു മറു സ്റ്റേറ്റ്മെന്‍റ് ഇറക്കി തടി തപ്പുകയും ചെയ്തു. വല്ല കാര്യവും ഉണ്ടായിരുന്നോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല.

അതുപോലെ ബിനായക് സെന്നിനെ ജയിലില്‍ നിന്നും വിടണമെന്നു പറഞ്ഞിറക്കിയ പ്രസ്താവനയിലും സെഷന്‍സ് കോടതിയെ നിശിതമായി വിമര്‍ശിച്ചു. ബിനായക് സെന്‍ നല്ല മനുഷ്യനാണെന്നും അദ്ദേഹത്തെ ജയിലടയ്ക്കേണ്ട ഒരാവശ്യവും ഇല്ലെന്നും ഞാന്‍ വിശ്വസിക്കുമ്പോഴും, അണ്ടര്‍ റ്റ്രയലില്‍ ഉള്ള ഒരു കേസിനെക്കുറിച്ചു ഒരു റിട്ട്. സുപ്രീം കോടതി ജഡ്ജി പറയുമ്പോള്‍ ഉണ്ടാകേണ്ട പക്വതയോ. ആഴമോ, നിയമ വിശകലനമോ ഒന്നും ഇല്ലാതെ വെറുതേ കാള മൂത്രമൊഴിക്കുന്നതു പോലെ സ്റ്റേറ്റ്മെന്‍റിറക്കിയ ജസ്റ്റിസിനെയോര്‍ത്തു എനിക്കു വ്യസനമുണ്ടായി. ഇങ്ങനെ പതിരുപോലത്തെ പ്രസ്താവനയിറക്കാനാണെങ്കില്‍ ഇവിടെ അരുന്ധതി റായ് ഉണ്ടല്ലോ! കൃഷ്ണയ്യരുടെ ആവശ്യമില്ല.

എത്രയെത്ര മഹത്വമാര്‍ന്ന കേസുകളില്‍ ആര്‍ജ്ജവത്തോടെ കാര്യ കാരണ സഹിതം വിധികളെഴുതിയ ഒരു ജുഡിഷ്യല്‍ മൈന്‍ഡിന്‍റെ പതനം! കോടതികള്‍ വിമര്‍ശനത്തിനതീതമെന്നല്ല വിവക്ഷ. വിമര്‍ശിക്കുന്നെങ്കില്‍ അതിന്‍റെ കാതല്‍ കേട്ടു നിഷ്പക്ഷമതികള്‍ തലകുലുക്കണം.വെറും റിട്ടറിക്ക് കൃഷ്ണയ്യരില്‍ നിന്നും പ്രതീക്ഷിക്കാതിരുന്നതു എന്‍റെ തെറ്റ്. റിട്ടയറാകുന്നതു വരെ ജുഡിഷ്യറി ജുഡിഷ്യറി എന്നു ജപിച്ചുകൊണ്ടിരുന്നിട്ടു ഇപ്പോള്‍ ബ്രദര്‍ ജഡ്ജുമാര്‍ക്കെതിരേപോലും വാച്യമായും വ്യംഗ്യമായും പ്രതികരിച്ചുകൊണ്ടേയിരിക്കുന്ന കൃഷ്ണയ്യര്‍ മറ്റൊരു കുട്ടിക്കൃഷ്ണനെ ഓര്‍മ്മിപ്പിച്ചു.കുട്ടികൃഷ്ണമാരാര്‍. സഹോദരനെ ഒറ്റിക്കൊടുത്തു മറുകണ്ടം ചാടിയ വിഭീഷണനെക്കുറിച്ചു മാരാര്‍ എവിടെയോ പറഞ്ഞിട്ടുണ്ട്. ഏതാണ്ടിങ്ങനെയോ മറ്റോ,

“ വിഭീഷണനോ? ആ പേരു കേട്ടാല്‍ പോയി കുളിക്കണം”

Sunday, May 31, 2009

നീര്‍മാതളപ്പൂവ്

ഈ നീര്‍മാതളപ്പൂവിനെ കണ്ണീരില്‍ കഴുകി അശുദ്ധമാക്കരുത്. കണ്ണീരു കൊണ്ട് ദഹിപ്പിയ്ക്കാം.

Tuesday, May 12, 2009

ജരാ യാദ് കരോ കുറ്ബാനീ

കുറച്ചു മാസങ്ങളായി ഛത്തീസ്ഗഡിലാണ്.

ഇന്നലെ നഗരി എന്ന ഗ്രാമത്തില്‍ 12പോലീസ് കോണ്‍സ്റ്റബിള്‍സിനേയും ഒരു സിവിലിയന്‍ ഡ്രൈവറേയും മാവോയിസ്റ്റുകള്‍ ബ്ലാസ്റ്റ് ചെയ്തു ഛിന്ന
ഭിന്നമാക്കി. ജീവന്‍റെ തുടിപ്പു മിച്ചമുണ്ടായിരുന്നവരെ വീണ്ടും വെടിവച്ചു; കൊന്നു എന്നുറപ്പു വരുത്താന്‍. പരുക്കേറ്റ 31 ജവാന്മാരില്‍ 7 പേരുടെ നില ഗംഭീരം.

ഇന്നലെത്തന്നെ കുരുസനാറില്‍ സ്ഫോടനത്തില്‍ മറ്റൊരു പോലീസുകാരന്‍ മരിച്ചു.

മെനിഞ്ഞാന്ന് സാലേപ്പള്ളിയില്‍ രണ്ട് സ്പെഷ്യല്‍ പോലീസ് ഓഫീസേഴ്സ് ഉള്‍പ്പെടെ മൂന്നു പേരെ കൊന്നു.


മേയ് 8 : ഫര്‍സ്ഗഡില്‍ ഒരു പോലീസ് സിപ്പായി ബലിറാം ഘോട്ടായിയെ മാവോയ്സ്റ്റുകള്‍ കൊന്നു.

മേയ് 7 : ഫര്‍സ്ഗാവിലെ ഹാട്ട് ബജാറില്‍ മലക്കറി വാങ്ങിക്കൊണ്ടിരുന്ന ഠൌണ്‍ ഇന്‍സ്പെക്റ്റര്‍ അബ്ദുള്‍ വാഹിദ് ഖാനെ കുത്തികൊലപ്പെടുത്തി.

മേയ് 6 - ആസിര്‍ഗുഡയില്‍ വിസ്ഫോടനം. 2 പോലീസ് കോണ്‍സ്റ്റബ്ബിള്‍സ്, 5 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 11 പേര്‍ പൊട്ടിച്ചിതറി മരിച്ചു വീണു.

- മര്‍ദാപ്പാലില്‍ ഒരു ചൌക്കീദാരെ കൊന്നു.

മേയ് 5: - ആങ്ദ്ധീ ഗ്രാമത്തില്‍ ലോക്കല്‍ ബീ ജേ പീ നേതാവിലെ കൊന്നു.

- തിമാപൂറില്‍ ഒരു സ്പെഷ്യല്‍ പോലീസ് ഓഫീസറെ കൊന്നു.

- മാന്‍പൂറില്‍ ബീ ജേ പീ നേതാവ് ദര്‍ബാര്‍ സിങ് മണ്ടാവിയുടെ ഹത്യ.

മേയ് 4: പങ്ഖാജൂറിലെ ജന്‍പഥ് പഞ്ചായത്ത് ഉപാദ്ധ്യക്ഷനെ കൊന്നു.

മേയ് 2: കോറീരാസ് ഗ്രാമത്തിനടുത്ത് സീആര്‍പീഎഫിലെ 3 ജവാന്മാര്‍ക്കു ഗംഭീര പരിക്ക്.


2009 ജനുവരി മുതല്‍ ഏപ്രില്‍ വരെ 221 നക്സല്‍ ആക്രമണങ്ങള്‍ നടന്നു. 65 ജീവന്‍ നഷ്ടപ്പെട്ടു. 20 പോലീസുകാര്‍, 4 സ്പെഷ്യല്‍ പോലീസുകാര്‍, 28
സിവിലിയന്‍സ്, 13 നക്സലൈറ്റ്കള്‍.

2008ല്‍ 272 പോലീസുകാര്‍ രക്തസാക്ഷികളായി. സാധാരണക്കാരും, സ്പെഷ്യല്‍ പോലീസുകാരും, നക്സലൈറ്റ്സും ഉള്‍പ്പെടെ 600 ല്‍ പരം മരണങ്ങള്‍ വേറേ.

കുറേ കൊല്ലങ്ങളായി ഇതു തുടരുന്നു.

മാവോയിസ്റ്റ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ ജനാധിപത്യമെന്ന “ Farce", "sham", " illution" നേയും “pig sty" എന്നു വിളിയ്ക്കുന്ന നിയമ നിര്‍മ്മാണ സഭകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പു നാടകത്തേയും രക്ഷിക്കാന്‍ വേണ്ടി ബലിയാടുകളായ സാധുക്കളാണ് ഇവര്‍.

“ഉന്നതവും, യഥാര്‍ത്ഥവും സത്യസന്ധവും” ആയ ജനാധിപത്യ വ്യവസ്ഥിതിയ്ക്കു വേണ്ടി യത്നിയ്ക്കുന്ന “Revolutionary People's Committee"കള്‍ക്കും "Revolutionary Peasent's Committee"കള്‍ക്കും വേണ്ടി “രണാങ്കണങ്ങളില്‍ മാവോയിസ്റ്റുകള്‍ വിടര്‍ത്തിയ ആദിവാസി രാജമല്ലിപ്പൂക്കള്‍” നൂറ്റുക്കണക്കിനു വേറേയും.


ഇരു ഭാഗത്തും മരിച്ചുവീണവരില്‍ അധികവും ആദിവാസികളും, പട്ടിണിയോടൊട്ടിനില്‍ക്കുന്ന കൃഷിക്കാരന്‍റെ മക്കളും, വയറ്റുപ്പിഴപ്പിനു വേണ്ടി ജോലിയെടുക്കുന്ന പോലീസ് സിപ്പായികളും


വെറുതേ ജനിച്ചു, വെറുതേ മരിച്ചു വീഴുന്ന ഈ പാഴ്ജന്മങ്ങള്‍ക്കു വേണ്ടി അര്‍ണാ ഗോസ്വാമിയുടെ കണ്ണുകളില്‍ നിന്നും തീപ്പൊരി പാറിയില്ല. തോളുകള്‍ ഇളക്കി അയാളെപ്പോലെയുള്ളവര്‍ ‘ ഇന്‍ഡ്യയുടെ മനസ്സറിയാന്‍‘ എസ്സ് എം എസ്സ് വോട്ടുകള്‍ ചോദിച്ചില്ല. ബര്‍ഖാ ദത്ത് ക്യാമറക്കണ്ണുകളും , ലൈറ്റുമായി അബൂജ് മാഡിലെ വനവീഥികള്‍കളില്‍ എത്തിയില്ല. ഖുശ്വന്ത് സിങും, കരന്‍ ഥാപ്പറും, പ്രഫുല്‍ ബിദ്വായിയും ഉള്‍പ്പെടുന്ന അസംഖ്യം കോളമിസ്റ്റുകള്‍ ആഴ്ച്ചക്കുറിപ്പുകള്‍ സ്പോണ്‍സര്‍ ചെയ്തില്ല. മഹാശ്വേതാ ദേവി വിലാപ സാഹിത്യമെഴുതിയില്ല. രാമചന്ദ്ര ഗുഹ ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റില്ക്കല്‍ വീക്കിലിയില്‍ ഗവേഷണ പേപ്പറിട്ടില്ല. നന്ദിനീ സുന്ദര്‍ മിണ്ടിയില്ല. സിദ്ധാര്‍ദ്ധ വരദരാജന്‍ ദ് ഹിന്ദുവില്‍ വിപ്ലവം വമിച്ചില്ല. ജസ്റ്റിസ് കൃഷ്ണയ്യര്‍, ലോവര്‍ ജുഡിഷ്യറി ഇവരുമായി ബന്ധപ്പെട്ട അണ്ടര്‍ റ്റ്രയല്‍ കേസുകളില്‍ എങ്ങനെ തീരുമാനമെടുക്കേണ്ടതെന്നറിയിച്ചു കൊണ്ടുള്ള വിധി, പ്രസ്താവന രൂപത്തില്‍ ഇറക്കിയില്ല. അരുന്ധതീ റായിയും, മേദ്ധാ പാട്ക്കറും, സന്ദീപ് പാണ്ടേയും മറ്റും വിമാനം കയറി ഛത്തീസ്ഗഡിലെത്തി ബുഡാ താലാബു മുതല്‍ ഘഡീ ചൌക്കു വരെ
പ്രതിക്ഷേധ റാലി നടത്തി ക്ഷീണിച്ചു ബിസിലറി വെള്ളം കുടിച്ചില്ല. നോബല്‍ സമ്മാന ജേതാക്കള്‍ ഇന്‍ഡ്യന്‍ പ്രധാന മന്ത്രിക്കും പ്രസിഡന്‍റിനും പ്രതിഷേധ
പെറ്റീഷനുകള്‍ അയച്ചില്ല.ആംനെസ്റ്റി ഇന്‍റര്‍ നാഷനലും മറ്റു അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളും ഇവരെക്കുറിച്ചു കേട്ടിട്ടേയില്ല. യൂ എസ്സിലെ
ഇന്‍ഡ്യന്‍ കൌണ്‍സലേറ്റിനു മുന്‍പിലും, യൂ ക്കേയിലെ ഇന്‍ഡ്യന്‍ എംബസ്സിയ്ക്കു മുന്നിലും, ചര്‍ച്ചു ഗേറ്റിലും, ഇന്‍ഡ്യാഗേറ്റിലും കത്തിച്ച മെഴുകു തിരികളുമായി ആരും പ്രദര്‍ശനത്തിനെത്തിയില്ല. എഡില്‍ബെറോ യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ -ബെര്‍ക്കെലേയും ജേ എന്‍ യൂവും ഒരു സെമിനാര്‍ പോലും സംഘടിപ്പിച്ചില്ല. ആരും സ്വര്‍ണ്ണമെടലുകളും ഇന്‍റര്‍ നാഷണല്‍ അവാര്‍ഡുകളും കൊടുത്തില്ല.


ഛത്തീസ്ഗഡിന്‍റെ മണ്ണില്‍ പിടഞ്ഞു വീണ ഈ പ്രാണനു താങ്ങുവിലയിട്ട സര്‍ക്കാര്‍ കനിഞ്ഞു കൊടുക്കുന്ന കാശിനു വേണ്ടി ചെറുപ്പക്കാരികാളായ
വിധവകള്‍ കൈക്കുഞ്ഞുങ്ങളുമായി എസ്സ്പീ ഓഫീസിലും, താലൂക്കു കച്ചേരിയിലും, റ്റ്രഷറി കൌണ്ടറിനു മുന്നിലും. പിന്നെ ദയാപൂര്‍വ്വം ഇന്‍ഷ്വറന്‍സ് കമ്പനി വച്ചു നീട്ടുന്ന ചെക്കിനു വേണ്ടി മരണ സര്‍ട്ടിഫിക്കറ്റു തേടി നരകയാത്രകള്‍.


ഇവിടെ വര്‍ഗ്ഗ ബോദ്ധമില്ലാത്ത ഈ പ്രതിവിപ്ലവകാരി മറ്റൊന്നും ചെയ്യാനില്ലാതെ ഏ സീ മുറിയിലിരുന്നു ലാപ്പ്റ്റോപ്പില്‍ റ്റൈപ്പു ചെയ്തു ബ്ലോഗില്‍ പോസ്റ്റിടുന്നു.

ഇപ്പോള്‍ തോന്നുന്നത് ഏകാന്ത ശൂന്യത മാത്രം. കസ്തൂരിമാനും കല്ലോലിനിയും ഒന്നുമില്ലാത്ത മനസ്സില്‍ തന്നോടു തന്നെയുള്ള ഹീന ഭാവന; സ്വയം വെറുപ്പു.


ഇതു വായിക്കാനെത്തുന്ന ചുരുക്കം ചില ഫ്രണ്ട്സിനോടു പറയുവാന്‍ നെരൂദയുടെ പറഞ്ഞു പഴകിയ ഈ വരികള്‍ മാത്രം,

“Come and see the blood in the streets.
Come and see
the blood in the streets.
Come and see the blood
in the streets!”

Wednesday, April 15, 2009

ആത്മ പ്രയാഗ


കാല്‍ വിരലുകള്‍ കൊണ്ടൊന്നു തൊട്ടു. ഓളങ്ങള്‍ തരിച്ചു. നീലജലത്തിനു ആദ്യപ്രണയത്തിന്‍റെ കുളിര്. പതുക്കെ പതുക്കെ നീന്തല്‍ക്കുളത്തില്‍ ഇറങ്ങി.
ദിവസങ്ങള്‍ക്കു ശേഷം. ഒന്നു മുങ്ങി. ഒരു നിമിഷത്തേയ്ക്കു പഴയ പേടി വീണ്ടും. വെള്ളത്തിലിറങ്ങുമ്പോള്‍ ഇപ്പോഴും ആദ്യം കേള്‍ക്കുന്നത് ഒരു
മുഴക്കമാണ്. പതുക്കെ പതുക്കെ നീന്താന്‍ ശ്രമിച്ചു.

പണ്ട് നീന്തല്‍ പഠിപ്പിച്ച യശ്പാല്‍ ടോക്കസ് പറയുമായിരുന്നു, “ നീന്തലിനൊരു താളമുണ്ട്, ശ്വാസോഛ്വാസത്തിനൊരു ക്രമമുണ്ട്”. ആ താളവും
ക്രമവുമൊക്കെ ക്ഷമയോടെ അയാള്‍ പരിശീലിപ്പിച്ചു. ‘ഒരു പ്രായം കഴിഞ്ഞാല്‍ നീന്തലൊന്നും പഠിക്കാന്‍ പറ്റില്ല’ എന്നു പറഞ്ഞവരുടെ മുന്നിലുടെ ടോക്കസിനോടൊപ്പം അന്‍പതു മീറ്റര്‍ നീളവും ആദ്യമായി നീന്തിക്കടന്നപ്പോള്‍ ഒരു വാശികൂടി നേടിയെടുത്ത സംതൃപ്തിയിലായിരുന്നു. പിന്നെ സീസണ്‍ കഴിയാറായപ്പോള്‍ അരമണിക്കൂറിനുള്ളില്‍ പത്തു പന്ത്രണ്ട് ലെങ്ത്ത് ചെയ്യാമെന്നായി, എല്ലാ സ്റ്റ്രോക്ക്സും ശീലവുമായി. നീന്തല്‍ ഭ്രാന്തായി. നീന്തല്‍ക്കുളം അടയ്ക്കുന്ന ദിവസത്തെ രാത്രി ടോക്കസും ഞാനും കുളത്തിനരികിലെ പുല്‍ത്തകിടിയിലിരുന്നു തണുത്ത ബിയര്‍ കഴിച്ചു. ഹിമശൃംഗങ്ങളിലെ പഹാഡികളുടെ ഗ്രാമത്തിലെ കഥകള്‍ ടോക്കസ് പറഞ്ഞു. ഒരു അതിരുതര്‍ക്കത്തിനൊടുവില്‍ ടോക്കസിന്‍റെ ചാച്ച അവന്‍റെ വലതു കൈപ്പത്തി വെട്ടി. മുറിഞ്ഞു മലര്‍ന്ന കൈപ്പത്തി മുണ്ടുകൊണ്ട് വാരിക്കെട്ടി, വാര്‍ന്നൊഴുന്ന ചോരയുമായി ടോക്കസ് നിന്തല്‍ പഠിക്കാന്‍ വരാറുണ്ടായിരുന്ന ഡോക്ടറുടെ വീട്ടിലേയ്ക്കോടി. രാത്രിതന്നെ ഓപ്പറേഷന്‍ തീയേറ്റര്‍ തുറന്ന് അയാള്‍ ടോക്കസിന്‍റെ കൈപ്പത്തിയിലെ ഓരോ ഞരമ്പും തുന്നിച്ചേര്‍ത്തു. തണുത്ത ബിയര്‍, കൈപ്പത്തിയിലേയ്ക്കു പതുക്കെ പതുക്കെ ഒഴിച്ചു കൊണ്ട് ടൊക്കസ് ആ ഡോക്റ്ററെ ഓര്‍ത്തു. നന്മ നേര്‍ന്നു.


അസുഖമായതിനു ശേഷം ആദ്യമായാണു നീന്താന്‍ ശ്രമിക്കുന്നത്. ടോക്കസ് പിറകില്‍ നിന്നും വിളിച്ചു പറയുന്നതുപോലെ,
“ സാബ് ടര്‍നാ മത്. ആരാം സേ ..... കുച്ഛ് നഹി ഹോഗാ....... ഇല്ല പേടിയ്ക്കാന്‍ പാടില്ല. ധൈര്യമായി നീന്തൂ. പതുക്കെ , പതുക്കെ. ആദ്യം ബാക്ക് സ്റ്റ്രോക്ക്, പിന്നെ ബ്രസ്റ്റ് സ്റ്റ്രോക്ക്. കൈകള്‍ക്കും കാലുകള്‍ക്കും വേദനയ്ണ്ടെങ്കില്‍ ഫ്രീ സ്റ്റൈല്‍ പതുക്കെ ചെയ്താല്‍ മതി. സ്പൈനല്‍ പെയിനുള്ളതുകൊണ്ട് ബട്ടര്‍ ഫ്ലൈ സ്റ്റ്രോക്ക് വേണ്ടേ വേണ്ട”.

എന്തൊക്കെ മണ്ടത്തരങ്ങളാണ് ആലോചിയ്ക്കുന്നത്? ടോക്കസിനേയും അവന്‍റെ നഗരത്തേയും വിട്ടിട്ടു വര്‍ഷങ്ങളായില്ലേ?


“അറിഞ്ഞുകൊണ്ട് ചെയ്ത പാപങ്ങളുടെ ഫലങ്ങള്‍ അനുഭവിച്ചേ മതിയാവൂ, ഏതു പ്രയാഗയില്‍ കുളിച്ചാലും തീരില്ലത്”, രുദ്രപ്രയാഗയിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ അവള്‍ രുദ്രയായി. സ്വര്‍ണപ്രയാഗ, കര്‍ണ്ണപ്രയാഗ, ദേവപ്രയാഗ അങ്ങനെ ഒരു യാത്ര. ഒടുവില്‍ അലഹബാദിലെ പ്രയാഗയില്‍. മന്ദാകിനി, അളകനന്ദ, ഭാഗീരഥി, സരസ്വതി. അമ്മയുടെ കഥകളിലെ ദൈവങ്ങളുടെ നദികള്‍. വീടിനു "പ്രയാഗ" എന്നു പേരിട്ടപ്പോള്‍ മുതല്‍ ഉള്ള ആഗ്രഹമാണ് ഹിമനദികളില്‍ ഒരിക്കലെങ്കിലും ഒന്നു മുങ്ങി മനസ്സു തണുപ്പിക്കണമെന്ന്. പാപക്കറകള്‍ കഴുകാനല്ല ഈ യാത്രയെന്നു അവള്‍ക്കു നന്നായറിയാം. എന്നിട്ടും.
മാന്‍സരോവറില്‍ മാത്രം പോകാന്‍ കഴിഞ്ഞില്ല. മുടിഞ്ഞ മെഡിക്കല്‍ റ്റെസ്റ്റ്.യാത്രയില്‍ ഇടയ്ക്കിടെ മൌനം ഗംഗോത്രി പോലെ ഉറഞ്ഞു നിന്നു. ചിലപ്പോള്‍ ഉരുകിയൊലിച്ചു. മാനാ ഗ്രാമത്തില്‍ നിന്നും സ്വര്‍ഗ്ഗാരോഹിണി വഴി യുധിഷ്ടിരനു പിന്നാലേ പാണ്ഡവരും ദ്രൌപദിയും പോയ വഴിയേ ഞങ്ങള്‍ നടന്നു. അവള്‍ എന്‍റെ പിറകേ. ദുര്‍ഘടമായ ഒറ്റയടി പാതകളില്‍ അവളെ കൈ പിടിച്ചു നടത്തി.. ദ്രൌപദി വീണ സ്ഥലം കണ്ടപ്പോള്‍ അവള്‍ അഞ്ചു ഭര്‍ത്താക്കന്മാരെയും വികാര രഹിതമായ ഒരു മര്‍മര ശബ്ദത്തില്‍ ശപിച്ചു. വസുധാരാ വെള്ളച്ചാട്ടത്തിനു സൌമ്യതയായിരുന്നു. അവസാനം, വസുധാരായുടെ ജലകണങ്ങള്‍ പുകപോലെ അന്തരീക്ഷത്തില്‍ അലിഞ്ഞലിഞ്ഞില്ലാതെയായി. ഒരു മഴവില്ല് വര്‍ണ്ണനിഴല്‍ പോലെ വസുധാരായുടെ ആത്മാവില്‍ മറഞ്ഞു നിന്നിരുന്നു. മഞ്ഞു നദികളിലൊക്കെ മുങ്ങിക്കുളിച്ചിട്ടും മനസ്സുകള്‍ ഗൌരീകുണ്ട് പോലെ തപിച്ചു തന്നെ കിടന്നു, അറിഞ്ഞും അറിയാതെയും ചെയ്തുപോയ പാപങ്ങളുടെ ബാക്കിപത്രം പോലെ.


നീന്തുമ്പോള്‍ വേദന തോന്നുന്നുണ്ടോ? ഇല്ലെന്നു തന്നെ കരുതി. പതുക്കെ കൈകാലുകള്‍ നീന്തലിന്‍റെ താളം തിരിച്ചറിഞ്ഞപോലെ. നീന്തല്‍കുളത്തില്‍ വളരെ കുറച്ചു പേരേയുള്ളൂ. രണ്ടു കൊച്ചു കുഞ്ഞുങ്ങളെ അച്ഛന്‍ നീന്തല്‍ പഠിപ്പിയ്ക്കുന്നു. അമ്മ കരയില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ വിളിച്ചു പറയുന്നു.
“ ഒണ്‍ റ്റൂ ത്രീ ഫോര്‍...പുഷ്,,,..... ഡോണ്‌ഡ് സ്റ്റോപ്പ്.....”
“ കീപ്പ് ദ ഹെഡ് ഡൌണ്‍”കൊച്ചു കുറുമണി കുഞ്ഞുങ്ങളിലൊരാള്‍ ആഴം കൂടിയ ഭാഗത്തെത്തിയപ്പോള്‍ പേടിച്ചു പോയി.
“പാപ്പാ മുച്ഛേ ബച്ചാവോ...ബച്ചാവോ” എന്നു ഉറക്കെ വിളിച്ചു കരയാന്‍ തുടങ്ങി. അച്ഛന്‍ ചിരിച്ചുകൊണ്ട് കുഞ്ഞിനെ മാറോടടുപ്പിച്ചു.


വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ഡിസംബര്‍ പതിനൊന്നിനു അച്ഛനറിയാതെ കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിയ്ക്കാന്‍ പോയതോര്‍ക്കുന്നു. തിരകളില്‍ ആറാടി തിമിര്‍ത്ത് ഞങ്ങള്‍ അഞ്ചുപേര്‍. അരയോളം വെള്ളത്തില്‍. അന്നു നീന്തലറിയില്ല. ആര്‍ത്തടുക്കുന്ന തിരയ്ക്കൊപ്പം കരയിലേയ്ക്കോടിക്കയറും. പിന്നെ തിരിച്ചറിഞ്ഞു, തിരയ്ക്കൊപ്പം കടപ്പുറത്തേയ്ക്കു ഓടിക്കയറാന്‍ സാധിയ്ക്കുന്നില്ല. മാത്രമല്ല ആഴ്ക്കടലിലേയ്ക്കു അറിയാതെ നീങ്ങി
പൊയ്ക്കൊണ്ടിരിയ്ക്കുന്നു. കാലുകള്‍ കടല്‍ത്തട്ടില്‍ ആഴ്ന്നു പോകുന്നതുപോലെ. ഓരോ തിരയും പാദങ്ങള്‍ക്കടിയില്‍നിന്നും പൂഴിമണല്‍ വലിച്ചെടുത്ത് കടലിലേയ്ക്കു തിരിച്ചു പോയി. വെള്ളം കഴുത്തറ്റമായി. പിന്നെ തലയ്ക്കു മുകളിലൂടെ തിരമാലകള്‍ കടന്നു പോകുന്ന മുഴക്കം. ഇളം പച്ച നിറം ചാലിച്ച നീല സാഗരം ചുറ്റും ചാഞ്ചാടി. വെപ്രാളത്തിനിടെ ജീവിതം വേഗതയോടെ റീ വൈന്‍ഡ് ചെയ്യുന്ന ചിത്രങ്ങള്‍ വ്യക്തമായി കണ്ടു. ഏറ്റവും അടുത്ത സുഹൃത്ത് എന്‍റെ കഴുത്തില്‍ ചവിട്ടിക്കയറി എങ്ങനെയെങ്കിലും ശ്വാസം കിട്ടാന്‍ തത്രപ്പെട്ടു. പിന്നെ എങ്ങനെയോ അവന്‍ കൈവിട്ടു അകന്നകന്നു പോയി.
എവിടെ നിന്നോ ‘ഡൊണ്ട് റ്റച്ച് മൈ ബോഡി, ഡോണ്ട് റ്റച്ച്’ എന്നൊരു മുഴക്കം. പിന്നെ വെള്ളം കക്കി കടല്‍ക്കരയില്‍ കിടക്കുന്നതുമാത്രം ഓര്‍മ്മ.
ഞങ്ങളഞ്ചുപേരേയും റ്റ്യൂറിസ്റ്റ്സും മുക്കുവരും കൂടെ രക്ഷപ്പെടുത്തി. പിന്നീടു ഒന്നു നന്ദി പറയാന്‍ പോലും അവരെ കണാന്‍ കഴിഞ്ഞില്ല. നിയോഗം
കഴിഞ്ഞു അവരെവിടെയോ പോയി. അടുത്ത കൊല്ലം ഡിസംബര്‍ പതിനൊന്നിനു നാഷണല്‍ മീറ്റിനു വന്ന എട്ടു അത്‌ലെറ്റുകള്‍ അതേ കടവില്‍. മൂന്നാം പക്കം മൂന്നോ നാലോ ശവങ്ങള്‍ കരയ്ക്കടുത്തു. ബാക്കിയുള്ളവരെ അറബിക്കടലിന്‍റെ അടിയൊഴുക്ക്, ഇളം പച്ച നിറമുള്ള നീലജലത്തിലെവിടെയോ ഒരു മുഴക്കത്തോടെ. എങ്ങോട്ടോ..


കൈകാലുകള്‍ വേദനിച്ചു തുടങ്ങിയപ്പോള്‍ നീന്തല്‍ക്കുളത്തിന്‍റെ ഓരത്തെ കമ്പിയില്‍ പടിച്ചു ഞാന്‍ ക്ഷീണമകറ്റുന്നതിനിടെ ആരോ പറയുന്നതു കേട്ടു നാളെ മുതല്‍ ‘ദന്തേശ്വരി മന്ദിരത്തിലെ രഥയോട്ടം‘ തുടങ്ങുന്നെന്ന്. ദന്തിനിയും ശംഖിനിയും നദികള്‍ സംഗമിയ്ക്കുന്ന കരയില്‍ മാ ദന്തേശ്വരിയുടെ തേരുരുളുന്ന ദിനങ്ങള്‍.


“ വാത്തി എങ്കെ പോയിട്ടാന്‍?” പ്രഭാത പൂജകഴിഞ്ഞ് നടയടച്ചു വാത്തി പോയതാണ്. പിന്നെ കാണാനില്ല. വാത്തിയെ കാണാനില്ലെന്ന വാര്‍ത്ത പരന്നു.
കൊല്ലത്തി മുടിപ്പര വാതില്‍ക്കല്‍ അലമുറയിട്ടു. വാത്തിയുടെ മുതുമുത്തച്ഛന് കിണറ്റില്‍ വെള്ളം കോരുന്നതിനിടെ കിട്ടിയ പാക്ക് രണ്ടായി
മുറിച്ചപ്പോള്‍ ധാര ധാരയായി ചോരയൊഴുകി. ഭഗവതിമാരാണെന്നു പ്രശ്നം വച്ചപ്പോള്‍ തെളിഞ്ഞു. ഭക്തി പൂര്‍വ്വം ചടങ്ങുകളോടെ പ്രതിഷ്ഠ നടത്തി.
മുടിപ്പുരയും കെട്ടി. പൂജയ്ക്കുള്ള അവകാശം തലമുറകളായി കൊല്ലന്‍റെ കുടുംബക്കാര്‍ക്ക്. ആ വഴിയ്ക്കാണു കുമരപ്പണിയ്ക്കന്‍ വാത്തിയായത്.
ഇന്നലെ ഗരുഡന്‍ തൂക്കത്തുള്ള വില്ലു പൂജിയ്ക്കാന്‍ വാത്തിയുണ്ടായിരുന്നു. പര്‍ണേറ്റുകളത്തിലും വാത്തിയുണ്ടായിരുന്നു. ദേവിമാരേയും എഴുന്നള്ളിച്ചു, ‘ദാരിക വീരാ പോരിനു വാടാ’ എന്ന ആര്‍പ്പു വിളികള്‍ക്കിടയില്‍ മടലു ചെത്തി മിനുപ്പിച്ച വാളുകൊണ്ട് ദാരുകന്‍റെ കുരുത്തോലത്തല ദേവിമാരാവാഹിച്ച വാത്തി കൊയ്തെടുത്തതാണല്ലോ?എല്ലാരും വാത്തിയെ അന്വേഷിച്ചു നടന്നു. വാത്തിയെ കണ്ടുകിട്ടിയില്ല. കൊല്ലത്തി പറഞ്ഞാണു പിന്നെ നാട്ടുകാരറിഞ്ഞത് പര്‍ണേറ്റിനു ദാരുകനായി വേഷം
കെട്ടിയ ചെക്കന്‍റെ കൂടെ വാത്തിയുടെ ഇളയ മകള്‍ രാത്രി ഒളിച്ചോടിപ്പോയി.
മുടിപ്പുരയുടെ തെക്കേപ്പറമ്പിലെ ചെളിക്കുളത്തിലെ ആഫ്രിക്കന്‍ പായലുകള്‍ക്കിടയില്‍, വാത്തി പൂജാസമയത്തു അരയില്‍ ചുറ്റാറുള്ള ചുവന്ന പട്ട് ആദ്യം കണ്ടത് ഞാനായിരുന്നു.


നീന്തല്‍ക്കുളം അടയ്ക്കാന്‍ ഇനിയും നേരമായിട്ടില്ല. സമയം തെറ്റി ഒരു ചാറ്റല്‍ മഴ. വെറുതേ നീല ജലത്തില്‍ മലര്‍ന്നു കിടന്നു തീര്‍ത്ഥം തളിച്ചതുപോലെ മഴത്തുള്ളികള്‍ മുഖത്തു വീണപ്പോള്‍ വേദനകളെക്കുറിച്ചു ഞാന്‍ ഓര്‍ത്തതേയില്ല.

Sunday, July 13, 2008

ഒരറമ്പാതവും ഇല്ല!!

തിരുവനന്തപുരം ജില്ലയ്ക്കു വടക്കോട്ടുള്ളവര്‍ക്കു ഈ തലക്കെട്ടിന്‍റെ ഗുട്ടന്‍സ് പിടികിട്ടുമോ?

സാധ്യതയില്ല.

‘ഒരു നിവൃത്തിയും ഇല്ല’, ‘ഒരു രക്ഷയും ഇല്ല’, ‘ഒരു വഴിയും ഇല്ല’, ‘ഒരു നിശ്ചയവും ഇല്ല’ എന്നൊക്കെ പറഞ്ഞാല്‍ പോലും ഈ ‘അറമ്പാതം’ നല്‍കുന്ന ഇമ്പാക്ടിന്‍റെ ഏഴയലത്തു പോലും വരില്ല.

‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന സിനിമയില്‍ ( തിരുത്തിനു കടപ്പാട്: മൂര്‍ത്തി. നന്ദി) മോഹന്‍ലാല്‍, “ലേലു അല്ലി , ലേലു അല്ലി... എന്നെ അഴിച്ചുവിട്” എന്നു പറയുമ്പോള്‍ മുഖത്തു പ്രത്യക്ഷപ്പെടുന്ന ഭാവം ഓര്‍മ്മയുണ്ടോ?
ഒരറമ്പാതവും ഇല്ലാതെ നില്‍ക്കുന്നവന്‍റെ നിസ്സഹായതയുടെയും ഫ്രസ്റ്റ്രേഷന്‍റേയും അല്പമെങ്കിലും അടുത്തു വരും ആ അഭിനയം എന്നു വേണമെങ്കില്‍ പറയാം.

ബ്ലഡ്ഷുഗറ് കൂടിപ്പോയതിന്‍റെ സുഖചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയ എനിയ്ക്കു, ഇപ്പോള്‍ പഞ്ചാര കുറഞ്ഞുപോകുന്ന പ്രശ്നം. ചിലപ്പോള്‍ 48ഉം 55ഉം 65 ഒക്കെ ആവും . ഫാസ്റ്റിങില്‍ 70തില്‍ താഴെയായാല്‍ ഹൈപ്പോഗ്ലൈസീമിയാ എന്നു ഓമനപ്പേരുള്ള ‘ലവന്‍’വരും. കോമാ വന്നു തട്ടിപ്പോകാം. ചത്തുപോകാന്‍ എനിയ്ക്കു ഒട്ടും ഇഷ്ടമല്ലാത്തതുകൊണ്ട് ഇടയ്ക്കിടെ ഷുഗര്‍ ചെക്കു ചെയ്യും, പിന്നെ ആവശ്യാനുസരണം പഞ്ചാര, ആഹാരം, ഫലവര്‍ഗ്ഗങ്ങള്‍ ഇത്യാദി കഴിച്ചും ഇന്‍സുലിന്‍ അല്പസ്വല്പം കുറച്ചും ആഘോഷമായി ജീവിതം ആസ്വദിച്ചിരിയ്ക്കുകയായിരുന്നു.

രാത്രി ശാപ്പാടിനു മുന്‍പ് ഇന്‍സുലിന്‍ ഇന്‍ജെക്ക്ഷനൊക്കെ എടുത്തു ആഹാരത്തിനു മുന്നിലെത്തിയപ്പോഴാണു വൊമിറ്റിങോടുകൂടിയ ഡയേറിയ തുടങ്ങിയതു. അതും ആസ്വദിച്ചു ഒന്നരദിവസം. ഇടയ്ക്കിടെ കഞ്ഞിവെള്ളം കുടിച്ചും, പഞ്ചാരക്കുഞ്ചുവായും ഒരു പടക്കുറുപ്പിനെപ്പോലെ ഈ വക പീറ രോഗങ്ങള്‍ക്കെതിരായി പൊരുതി വിലസിയിരുന്ന്പ്പോഴാണു, ദാ വൈറല്‍ ഫീവര്‍ എന്ന ഭീകരന്‍. അവനാകട്ടെ നമ്മുടെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ‘നിവേദിതാ ഭീ കരനെക്കാള്‍’ വലിയ പീ ഹരന്‍. അവസാനം ഒരു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ വൈറന്‍ ഭീകരന്‍ നാണംകെട്ടു,അഫിഡവിറ്റിന്‍റെ രൂപത്തില്‍ നിരുപാധികം മാപ്പും പറഞ്ഞു പിന്മാറി.

ഇതെല്ലാം ഞാന്‍ പരമസുഖമായി ആസ്വദിച്ചു.പരിചയക്കാരെ ഒക്കെ ഫോണില്‍ വിളിച്ചു കിട്ടാവുന്ന സഹതാപമൊക്കെ സംഘടിപ്പിച്ചു അങ്ങനേയിരിയ്ക്കുമ്പോള്‍, വരുന്നു ചെസ്റ്റ് കഞ്ജഷന്‍! ആസ്തലിന്‍ എന്ന ഇന്‍ഹേലര്‍ സ്പ്രേ വലിച്ചുകയറ്റാന്‍ എന്തു സുഖമാണെന്നറിയാമോ?

അതും ഞാന്‍ സഹിച്ചു.

‘അമേരിയ്ക്കയെക്കുറിച്ചു ഒരക്ഷരം മിണ്ടിപ്പോകരുതു, എനിയ്ക്കതിഷ്ടമില്ല’ എന്നു ശ്രീനിവാസന്‍ സ്റ്റൈലില്‍ 1,2,3 ആയി പറഞ്ഞു നടന്നിട്ടിപ്പോള്‍, ഒരറമ്പാതവുമില്ലാതെ കലിപ്പുകളുമായി പ്രസ്കോണ്‍ഫ്രന്‍സിനിരിയ്ക്കുന്ന സഖാവു കാരാട്ടിന്‍റെ ഇഞ്ചി കടിച്ച മുഖഭാവമെങ്കിലും റ്റീ വിയില്‍ കണ്ട് സമാധാനിയ്ക്കാം എന്നു വച്ചു ന്യുസ് ചാനലായ ചാനലെല്ലാം മാറ്റി മാറ്റി നോക്കി.

പരമകാരുണികരായ ചാനല്‍ ആങ്കറുമാരെല്ലാം കഴിഞ്ഞ രണ്ടു ദിവസങ്ങളായി കണ്ടിന്വസ്സായി ഓരോരോ അരമണിയ്ക്കൂറിടവിട്ട് ആ പാവം ‘ആരുഷി തല്‍വാറിനെ’ ഹിന്ദിയിലും ഇംഗ്ലീഷിലും ആവേശത്തോടെ വീണ്ടും വീണ്ടും കൊന്നുകൊണ്ടേയിരിയ്ക്കുന്നു. :(

‘തന്തോഷം കൊണ്ടെനിയ്ക്കിരിയ്ക്കാന്‍ മേലേ!!!!’

“ഒരറമ്പാതവും ഇല്ലേ!”

വടക്കന്മാര്‍ക്കു ഞങ്ങടെ ‘അറമ്പാതത്തിന്‍റെ’ ഒരു ഏകദേശ അര്‍ത്ഥമെങ്കിലും ഊഹിയ്ക്കാന്‍ കഴിയണേ എന്‍റെ ആറ്റുകാലമ്മച്ചീ.

നാടോടിക്കാറ്റും, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്റ്റ്രീറ്റും സീ ഡിയിട്ടു വീണ്ടും കണ്ട് മനസ്സു ന്യൂറ്റ്രലൈസ് ചെയ്ത ഒരു ധൈര്യത്തിന്‍റെ പുറത്താണു ഈ പോസ്റ്റിടുന്നതു. ഇനി രാത്രി ഒന്‍പതരമുതല്‍ പതിനൊന്നു വരെ മലയാളം ചാനലുകളില്‍ വരുന്ന ന്യൂസ് എന്ന കോമഡിറ്റൈം കൂടി കണ്ട് കഴിയുമ്പോള്‍ കമ്പ്ലീറ്റിലി നോര്‍മല്‍ ആകും.

‘ലോകാ സമസ്താ സുഖിനോ ഭവന്തുഃ’

Tuesday, June 24, 2008

ഭാഷാപോഷിണിയില്‍

ഇന്നലെ ഭാഷാപോഷിണിയുടെ മേയ് 2008 ലക്കം കാണാനിടയായി. ‘മലയാളം ബ്ലോഗുലോകം’ എന്ന പേരില്‍ പതിനെട്ടു പേജില്‍ ആറു ലേഖനങ്ങള്‍.

1. തിരമൊഴി: പി.പി. രാമചന്ദ്രന്‍
2. മലയാളിയുടെ ബൂജീവിതം: സി. എസ്. വെങ്കിടേശ്വരന്‍.
3. ഇ-എഴുത്തും ഈയെഴുത്തും: ഇ.പി.രാജഗോപാലന്‍.
4. വെര്‍ച്വല്‍ താളിലെ കുറിച്ചുവയ്പ്പുകള്‍: കുമാര്‍.എന്‍.എം.
5. മലയാളം ബ്ലോഗ്: കലേഷ് കുമാര്‍.
6. ശ്രീമദ് ഇ.എം.എസ്.അഷ്ടോത്തരശതനാമ സ്തോത്രം: രാജേഷ് ആര്‍. വര്‍മ

മലയാളം ബ്ലോഗിനെക്കുറിച്ചുള്ള ഈ പഠനത്തോടൊപ്പം പത്രാധിപക്കുറിപ്പും കൊടുത്തിട്ടുണ്ട്. കലാകൌമുദി മലയാളബ്ലോഗുകളെക്കുറിച്ചു പരത്തിയ തെറ്റിധാരണകള്‍ മാറ്റാന്‍ കഴിയുന്ന ഗൌരവമുള്ള ലേഖനങ്ങളാണിവ.

ഈ ലേഖനങ്ങളെക്കുറിച്ചു ബൂലോകത്തു ചര്‍ച്ച നടന്നോ എന്നു അറിയില്ല. (യാത്രയില്‍ ആയതുകൊണ്ട് ബ്ലോഗു വായന കുറവ്. അതേകാരണം കൊണ്ടുതന്നെ സ്കാന്‍ ചെയ്തിടാനും കഴിയുന്നില്ല. സൌകര്യപ്പെടുന്നവരാരെങ്കിലും ഒന്നു സ്കാന്‍ ചെയ്ത് ലിങ്ക് കൊടുക്കുമോ?)

താല്പര്യമുള്ളവര്‍ക്കു വായിയ്ക്കാന്‍ വേണ്ടി ഈ സൂചന ഇവിടെ പോസ്റ്റുന്നു എന്നേയുള്ളൂ. ലേഖനങ്ങളെക്കുറിച്ചു ബൂലോ‍കത്തിനുള്ള പ്രതികരണങ്ങള്‍ ഭാഷാപോഷിണിയെ അറിയിയ്ക്കുന്നതു നന്നായിരിയ്ക്കുമെന്നു ഒരു തോന്നല്‍. വിവാദങ്ങള്‍ക്കപ്പുറത്തും ബൂലോകപ്രതികരണശേഷിയ്ക്കു എത്തിപ്പെടാമല്ലോ!

Thursday, May 22, 2008

ദാമോരന്‍

‘ദാമോരാ’ എന്നു നീട്ടിവിളിച്ചാല്‍ മതി അവനെത്തും. മൊട്ടത്തലയന്‍. ഗ്രഹണിപിടിച്ച വയറും കാട്ടി, വലത്തേ തോളില്‍ നിന്നും ഊര്‍ന്നിറങ്ങിക്കിടക്കുന്ന വള്ളിയുള്ള നരച്ച നിക്കറും ഇട്ടു്, പോളിയൊ ബാധിച്ച കാലുകളും ഏന്തിച്ചു കോളേജ് കാന്‍റീനിനടുത്തുള്ള ഇടവഴിയില്‍ അപശകുനം പോലെ.

ദാമോരനു അടിയന്തരാവസ്ഥയെക്കാള്‍ പന്ത്രണ്ടോ പതിമ്മൂന്നോ വയസ്സേ കൂടുതല്‍ കാണൂ. ഒരിക്കലും വിശപ്പടങ്ങാത്ത ദാമോരന്‍ മഞ്ഞ കോന്ത്രപ്പല്ലുകള്‍ ഇളിച്ചു കാട്ടി യാചിക്കും,
“ അണ്ണാ, ഒരു 4 അണ താടാ”.
പൈസ കൊടുത്താല്‍ കാലില്‍ തൊട്ടു തൊഴും. കൊടുത്തില്ലെങ്കില്‍ “ പോടാ പട്ടീ... മൈ....” എന്നൊക്കെ വിളിയ്ക്കും. ബി ഏയ്ക്കു പഠിക്കുന്ന ചേച്ചിമാര്‍ കേള്‍ക്കും എന്നതൊന്നും തെറി വിളിയ്ക്കുന്ന സമയത്തു ദാമോരനു പ്രശ്നമല്ല. അമ്പതു പൈസ കൊടുത്താല്‍ പ്രതിഫലമായി ആരോടു വേണമെങ്കിലും എന്തും പറയും അവന്‍. കോളേജിനു തൊട്ടപ്പുറത്തുള്ള സ്കൂളില്‍ നിന്നും പാസായി വന്നവര്‍ക്കു പഴയ സാറന്മാരോടുള്ള
വിരോധം തീര്‍ക്കാനും ദാമോരന്‍ അമ്പതു പൈസ റേറ്റ് ഫിക്സ് ചെയ്തിട്ടുണ്ടായിരുന്നു. സ്കൂളില്‍ ക്ലാസ്സ് നടക്കുമ്പോള്‍,ദാമോരന്‍ ഏന്തി ഏന്തിനടന്നു സ്കൂളിലെ ക്ലാസ് റൂമില്‍ കയറിച്ചെല്ലും. മൊട്ടത്തല ചരിച്ചു പിടിച്ചു ക്രാവി ക്രാവി നോക്കി, ഉച്ചത്തില്‍ ചോദിക്കും.
“ സാറേ, ആട്ടിന്‍ കുട്ടി ഉണ്ടോ..... ബ്ബേഏഏഏ......”
ആട്ടിന്‍ കുട്ടി, ആ സാറിന്‍റെ ഇരട്ടപ്പേരാണു്. ക്ലാസ്സ് ഇളകി മറിയും.കൂകി വിളിയ്ക്കും. ആട്ടിന്‍ കുട്ടിയുടെ പഴയ സ്റ്റൂഡന്‍റ്സ്, അങ്ങേരുടെ ക്രൂരതകള്‍ക്കു പകരം വീട്ടിയ സന്തുഷ്ടിയോടെ കോളേജ് കാമ്പസ്സിന്‍റെ സുരക്ഷിതത്വത്തില്‍
രസിച്ചിരിക്കും. ഈ കലാപരിപാടികള്‍ ഹിറ്റ്ലര്‍,ആട്ടുകല്ല്, അരുവട്ടി, ഫാമറ്, കമ്പം, അസ്ഥിക്കറുപ്പന്‍,ജുബ്ബാ, കുഞ്ഞിരാമന്‍ എന്നീ വീരശൂരപരാക്രമികളായ സാറന്മാരുടെ ക്ലാസ്സുകളിലും ആവര്‍ത്തിക്കും. ദാമോരനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്കു തെറികൊണ്ടന്നു അഭിഷേകം ആയിരിക്കും. അതുകൊണ്ട് സാധാരണ അവന്‍റെ ഇരകള്‍ നാണക്കേടു കരുതി എല്ലാം സഹിക്കും. ഒരിക്കല്‍ പട്ടത്തി ഭാഗ്യലക്ഷ്മിയുടെ സാരിത്തുമ്പില്‍ പിടിച്ചു വലിച്ച് “ ചേച്ചീ ഒരു രണ്ട് രൂപാ തരാന്‍ കെടക്കിണാ” എന്നു ചോദിച്ചതില്‍ ദ്വയാര്‍ത്ഥം ആരോപിച്ചു അവളുടെ കാമുകന്‍ തോമസ് എബ്രഹാം ദാമോരനെ വലത്തേ കൈ വീശി ഒറ്റ അടി വച്ചുകൊടുത്തു. ദാമോരന്‍ അലറിക്കരയാന്‍ തുടങ്ങി. കോളേജങ്കണത്തിലെ രാഷ്ട്രീയ വടവൃക്ഷത്തിന്‍ ചുവട്ടില്‍ മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി അലമുറയിട്ടുകൊണ്ടേയിരുന്നു. പട്ടത്തിയും എബ്രഹാമും തമ്മിലുള്ള പ്രണയരഹസ്യങ്ങളൊക്കെ ദാമോരന്‍ കരച്ചിലിനിടയില്‍ പബ്ലിക്കായി വിളിച്ചു പറയുന്നുമുണ്ടായിരുന്നു. അവരുടെ സിനിമാതീയേറ്റര്‍ കഥ പറഞ്ഞു കഴിഞ്ഞ് അവധിദിവസങ്ങളിലെ എക്സ്റ്റ്രാക്ലാസെന്ന കള്ളപ്പേരില്‍ അറിയപ്പെടുന്ന പ്രണയ സമാഗമങ്ങളുടെ ഭാണ്ഡം ദാമോരന്‍ തുറക്കും
എന്നായപ്പോള്‍ നിവര്‍ത്തിയില്ലാതെ എബ്രഹാം 5 രൂപാ കൊടുത്തു വല്ലവിധത്തിലും അവന്‍റെ കരച്ചില്‍ യജ്ഞം അവസാനിപ്പിച്ചു് തടിയൂരി.

ഫിസിക്സ് ലക്ചറര്‍ സോമശേഖരന്‍ സാര്‍ ഐലന്‍റ് എക്സ്പ്രസിന്‍റെ നെറുകയിലേയ്ക്ക് റയില്‍ പാതയിലൂടെ നടന്നു നടന്നു കയറുന്നതിനും ഒരാഴ്ച മുന്‍പാണു, ദാമോരന്‍ ലാബില്‍ കയറിവന്നതു്. വെര്‍ണിയര്‍ കാലിപ്പേഴ്സ് എങ്ങനെ ഉപയോഗിക്കണം എന്നു ഡെമോണ്‍സ്റ്റ്രേറ്റ് ചെയ്തുകൊണ്ടിരുന്ന സാറിനെ തൊട്ട് “അച്ഛാ, അച്ഛാ,... വിശക്കുന്നു അച്ഛാ..” എന്നു പറഞ്ഞു കൊണ്ടേയിരുന്നു. പ്രാക്റ്റിക്കല്‍ ക്ലാസ്സില്‍ റെക്കാര്‍ഡ് ബുക്കു കൊണ്ട് വരാത്തതിനു സോമ ശേഖരന്‍ സാര്‍ പുറത്തിറക്കിവിട്ടവരിലാരുടെയോ ക്രൂരമായ പ്രതികാരം. ക്ലാസ്സില്‍ വല്ലാത്ത മൂകത. സാര്‍ ഒന്നും മിണ്ടാതെ കുറേ നേരം കുനിഞ്ഞിരുന്നു. പിന്നെ പതുക്കെ സ്റ്റാഫ് റൂമിലേയ്ക്കു പോയി.പിന്നത്തെ ആഴ്ച സാറിനു ഞങ്ങളുടെ പ്രാക്റ്റിക്കല്‍ ക്ലാസ്സെടുക്കാന്‍ കഴിഞ്ഞതുമില്ല.

അടിയന്തരാവസ്ഥ എതിര്‍ക്കപ്പെടേണ്ടതാണെന്ന ആശയം കോളേജിലെ സുന്ദരനും, ബുദ്ധിജീവിയും, സാഹിത്യകാരനും ഒക്കെയായ ഇങ്ഗ്ലീഷ് ലക്ചറര്‍ക്കാണ് ആദ്യം തോന്നിയതു. അങ്ങനെ ഞങ്ങള്‍ കുറച്ചു വിപ്ലവകാരികള്‍ അടിയന്തരാവസ്ഥയ്ക്കെതിരായി പോസ്റ്റര്‍കള്‍ എഴുതി. ആരു ഇതു കോളേജില്‍ ഒട്ടിയ്ക്കും? ആരെങ്കിലും കണ്ടുപിടിച്ചാല്‍ ഞങ്ങള്‍ എല്ലാം ഉടനേ അകത്താവും. എല്ലാവര്‍ക്കും ചെ ഗുവേരയാകണം. രക്തസാക്ഷിയാകാന്‍ ആളില്ലാതെയായി. ഒടുവില്‍ ദാമോരനെക്കൊണ്ട് പോസ്റ്റര്‍ ഒട്ടിയ്ക്കുവാന്‍ തീരുമാനമായി. ദാമോരനു 10 രൂപാ കൊടുത്തു ഞങ്ങള്‍ വിപ്ലവം ഔട്ട് സോഴ്സ് ചെയ്തു. ദാമോരന്‍ ഞായറാഴ്ച പോസ്റ്റര്‍ ഒട്ടിച്ചു. തിങ്കളാഴ്ച അവന്‍ കൃത്യമായും വൃത്തിയായും അകത്തായി. ലക്ചറര്‍ രണ്ട് മാസത്തെ അവധിയെടുത്തു പോയി. ഞങ്ങള്‍ ഒരാഴ്ച മുങ്ങി നടന്നു. പിന്നെ പരീക്ഷയായി, പങ്കപ്പാടായി. റിസല്‍റ്റ് വന്നു. ഞങ്ങള്‍ പലവഴിയ്ക്കും പിരിഞ്ഞു പോയി.

ദാമോരനെ പണ്ടേ മറന്നിരിയ്ക്കുകയായിരുന്നു. ഇന്നലെ എയര്‍പോര്‍ട്ടില്‍ നിന്നും വരുന്ന വഴിയ്ക്കു മെയിന്‍ ‍റോഡില്‍ ജാഥകാരണം, അപ്രോച്ചു റോഡില്‍ കാര്‍ ജാമായി കിടക്കുകയായിരുന്നു. വീട്ടിലെത്താനുള്ള ആകാംക്ഷയില്‍ ജാഥയെ ശപിച്ചുകൊണ്ട് ഒരു പെപ്സി കുടിയ്ക്കാന്‍ മുറുക്കാന്‍ കടയിലേയ്ക്കു നടക്കുമ്പോഴാണു ദാമോരനെ കണ്ടതു.
റ്റാര്‍പ്പാളിനും പഴയ ഫ്ലെക്സ് ബാനറുകളും കൊണ്ടു കൂരയുണ്ടാക്കിയ ഒരു കുടിലിന്‍റെ മുന്നില്‍. ചേരിയിലെ അവസാനിക്കാത്ത ദുര്‍ഗന്ധമാര്‍ന്ന വ്യഥപോലെ ഒരു ചാക്കു തുണ്ടില്‍ ചോദ്യചിഹ്നമായി ദാമോരന്‍. പ്രായം
അല്പം നരപ്പിച്ചിട്ടുണ്ട്.

“ ദാമോരാ, ദാമോരാ...ഞാന്‍....”
ദാമോരന്‍ ഒന്നും മറന്നിട്ടില്ല.

“ അണ്ണാ , അന്നു പോലീസ് അടിച്ചു നടുവൊടിച്ചിട്ടും അണ്ണമ്മാരുടെ പേരൊന്നും ഞാമ്പറഞ്ഞില്ല.”
ചേരിയിലെ ഒരു വേശ്യയാണു നടുവൊടിഞ്ഞു കിടപ്പിലായ ദാമോരനെ വര്‍ഷങ്ങളായി നോക്കുന്നതു.പെഴ്സ് തുറന്നു കുറച്ചു പണം കൊടുത്തപ്പോള്‍ ദാമോരന്‍ വാങ്ങിയില്ല. തിരിച്ചു വണ്ടിയില്‍ ചെന്നു പെട്ടിതുറന്നു കൂട്ടുകാര്‍ക്കായി സൂക്ഷിച്ചിരുന്ന സ്കോച്ച് എടുത്തു ദാമോരന്‍റെ
അടുത്തെത്തി.
“ ദാമോരാ ഇതെങ്കിലും.......”
ദാമോരന്‍റെ കണ്ണുകളില്‍ ആസക്തിയുടെ കൊള്ളിയാന്‍ മിന്നി. ചുണ്ടുകള്‍ കൊതിയോടെ കൂര്‍ത്തു. മൊട്ടത്തല ചരിച്ചു പിടിച്ചു അവന്‍ സ്വാര്‍ത്ഥതയോടെ കെനീട്ടി.

ദാമോരന്‍ ഇതെങ്കിലും വാങ്ങിയില്ലായിരുന്നെങ്കില്‍ ഞാന്‍ കരഞ്ഞു പോകുമായിരുന്നു.