Sunday, December 27, 2009

ലൊഹാണ്ടിഗുഡയിലെ ഉപനയനം

ഏഴാമത്തെ തിര ആദ്യ പ്രണയം പോലെ ആര്‍ത്തിരമ്പി വന്നു. പിന്നെ മുരണ്ട് മൂളി, വന്ന വഴിയേ തിരിച്ച് പോയി. ‘ നല്ല പ്രതീക്ഷകളുടെ മുനമ്പില്‍’ ചാറ്റല്‍ മഴ. കരുവാളിച്ച അറ്റ്ലാന്‍റികിനെ നീല ഹിന്ദുമഹാസാഗരം പ്രാകൃത ഭാവം പൂണ്ട് കണ്ണും പൂട്ടി പുണരുന്നു,മനസ്സില്ലാമനസ്സോടെ. നിറമില്ലാത്ത മഴത്തുള്ളികളില്‍ കുതിര്‍ന്ന് കക്ക പെറുക്കിയെടുക്കുന്ന വൃദ്ധയായ ട്യൂറിസ്റ്റിനെ സഹായിക്കുന്ന നിഹാരിക്കാ ഭട്ട്നാഗറെ എവിടെ വച്ചാണ് മുന്‍പു കണ്ട് മറന്നത്?

ജോ ബെര്‍ഗില്‍ വന്നിറങ്ങുമ്പോള്‍ ഞങ്ങളെ സ്വീകരിക്കാന്‍ ഹൈക്കമ്മീഷന്‍ നിയോഗിച്ചതാണ് നിഹാരിക്കയെ. പിന്നീടുള്ള യാത്രയില്‍ മുഴുവനും എസ്കോര്‍ട്ടായി അവളുമുണ്ടായിരുന്നു. ഇപ്പോള്‍ കേപ്പ് ഒഫ് ഗുഡ്‌ഹോപ്പിലെ ആഫ്രിക്കന്‍ മഴത്തുള്ളികളില്‍ അവള്‍ ആര്‍ദ്രമായി മന്ദഹസിക്കുന്നു.

“സര്‍, സന്ധ്യകഴിഞ്ഞു ഒറ്റയ്ക്കു അപരിചിതമായ വഴികളിലൂടെ നടക്കരുതെന്നു എല്ലാരോടും പറയണം. സുരക്ഷിതമല്ല. കറുമ്പന്മാരുടെ ഗാങുകള്‍ ഉണ്ട്. പിടിച്ചു പറിയ്ക്കും, അറ്റാക്ക് ചെയ്യും......”

നിഹാരിക്ക അടുത്തകാലത്തു ജോഹനസ് ബെര്‍ഗില്‍ നടന്ന കുറ്റകൃത്യങ്ങള്‍ വിവരിച്ചു തുടങ്ങി. കുറച്ചുപേര്‍ക്കു മണ്ടേലാസ്ക്വയറിലെ ഇന്‍ഡ്യന്‍ റെസ്റ്റൊറെന്‍റില്‍ പോകണം. മറ്റുചിലര്‍ക്കു ഷോപ്പിങ് മാളുകളിലും നഗരത്തിലെ മുന്തിയ കാസിനോയിലും കറങ്ങണം. പ്രിട്ടോറിയയില്‍ പോകണം. സണ്‍സിറ്റിയില്‍ സ്വര്‍ണ്ണഖനികളില്‍, അങ്ങനെ എല്ലാവര്‍ക്കും വേണ്ടി നിഹാരിക്ക മന്ദഹസിച്ചുകൊണ്ട് ഓടിനടന്നു. തിരക്കൊഴിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു,

“ ഹരി സാറിനു എവിടെയാ പോകേണ്ടത്?”

“നിനക്കിഷ്ടമുള്ളിടത്തേയ്ക്ക്”

പിന്നെ ജൊഹാനാസ് ബെര്‍ഗിലെ മ്യൂസിക്ക് സ്റ്റോറുകളിലേയ്ക്ക്. ആഫ്രിക്കന്‍ ഗാനങ്ങള്‍.അപ്പാര്‍ത്തീഡിനെതിരായ പ്രസംഗങ്ങളും പാട്ടുകളും.

നിഹാരിക്ക പിന്നെ കൊണ്ടു പോയത് ഹൈക്കമ്മീഷനിലെ ഡ്രൈവര്‍ മനോയുടെ വീട്ടില്‍. ബ്ലാക്ക്സും ഇന്‍ഡ്യന്‍ മൈനോറ്റീസും ഏഷ്യാക്കാരും തിങ്ങി താമസിക്കുന്ന പട്ടിണിനിറഞ്ഞ ചേരി.

“ സര്‍, ദിസ് ഇസ് കള്‍ച്ചറല്‍ ഡൈവേഴ്സിറ്റി ഇന്‍ പോവെര്‍ട്ടി”, നിഹാരിക്ക വീണ്ടും മന്ദഹസിച്ചു.


മനോ മഞ്ഞപ്പല്ലുകള്‍ കാട്ടി ചിരിച്ചു. മുള്ളന്‍ മുടികളില്‍ വിരലോടിച്ചു കൊണ്ട് ഭാര്യ റോഷനാരായെ പരിചയപ്പെടുത്തി. ഗര്‍ഭിണിയായ റോഷനാര വേച്ചു വേച്ചു വന്നു. കഞ്ഞി പോലെ എന്തോ കുടിയ്ക്കാന്‍ തന്നു. മനോ പത്തൊമ്പതാം വയസ്സില്‍ ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്തതാണ്.
രാമേശ്വരം,നേപ്പാള്‍,മാഡ്രിഡ് വഴി സ്വിറ്റ്സര്‍ലാന്‍ഡില്‍ രാഷ്ട്രീയാഭയം തേടി ഈ തമിഴ് പുലി. പിന്നിട് ഏതോ ഒരു അന്താരാഷ്ട്രീയ ഉടമ്പടിയിലുടെ പാരീസിലെത്തി. ഫ്രഞ്ച് പൌരത്വവും കിട്ടി. ഇന്‍ഡ്യന്‍ എംബസിയില്‍ ഡ്രൈവറായി. പിന്നെ സൌത്താഫ്രിക്കയിലെ ഇന്‍ഡ്യന്‍ ഹൈക്കമ്മീഷനില്‍ എത്തിപ്പെട്ടു.

ശ്രീലങ്കയില്‍ അവന്‍റെ അമ്മയേയും സഹോദരിയേയും അവര്‍ കൊന്നു. വയസ്സായ അഛന്‍ ഒറ്റയ്ക്ക്. തിരിച്ചു പോകാന്‍ ധൈര്യമില്ല. കൂടെ ഇപ്പോള്‍ റോഷനാരയും. അവളുടെ കഥ ഞാന്‍ ചോദിച്ചില്ല.നിഹാരിക്ക റോഷനാരയുടെ വിരല്‍ പിടിച്ച് ആര്‍ദ്രമായി മന്ദഹസിച്ചു.

“മനോ, ഇങ്ങനെയൊക്കെ....?”

മഞ്ഞപ്പല്ലുകള്‍ കാട്ടി മനോ പറഞ്ഞു,

“വന്നു പെട്ടു,സര്‍. ഒന്നൊന്നും അറിഞ്ഞുകൂടാത്ത പ്രായത്തില്‍... വര്‍ഷം പതിനഞ്ചു കഴിഞ്ഞു. തിരിച്ചു പോയാല്‍ തൂക്കുമരമാണെനിയ്ക്ക്”


കൊടുത്ത പണം മനോ മേടിച്ചില്ല. നിഹാരിക്ക പണം വാങ്ങി റോഷനാരയുടെ വിരലുകളില്‍ പിടിപ്പിച്ചു. കുഞ്ഞുണ്ടാകുമ്പോള്‍ ഉടുപ്പു വങ്ങാന്‍! അഭയാര്‍ത്ഥിയുടെ അടുത്ത തലമുറ്യ്ക്കൂള്ള ഭിക്ഷ! റോഷനാരയുടെ വരണ്ട ചിരി നെഞ്ചില്‍ ഉടക്കി.

കക്ക പെറുക്കിക്കളിച്ച വൃദ്ധയെ ഇപ്പോള്‍ കാണാനില്ല. മഴ ഇപ്പോഴും ശമിച്ചിട്ടില്ല. മുന്നില്‍ കൈനിറയെ ഈറന്‍ പ്രോട്ട്യസ് പുഷ്പങ്ങളുമായി നിഹാരിക്കാ ഭട്ട്നാഗര്‍. അവളുടെ ചിരിയിലും മഴയുടെ നനവ്. അവള്‍ പ്രോട്ട്യസിന്‍റെ മിത്തുകളെക്കുടിച്ചു പറഞ്ഞുകൊണ്ടിരുന്നപ്പോഴും ഞാന്‍ ഓര്‍മ്മകളില്‍ പരതുകയായിരുന്നു. വെയര്‍ ഹാവ് ഐ സീന്‍ ഹെര്‍ ബിഫോര്‍?

അവളോട് ചോദിക്കുകതന്നെ.

“നിഹാരികാ, ഐ തിങ്ക് വീ ഹാവ് മെറ്റ് ബിഫോര്‍, സംവേര്‍”

ഉത്തരം ഒന്നും പറയാതെ അവല്‍ പിന്നെയും മന്ദഹസിച്ചു.ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലേയ്ക്കുള്ള ഫ്ലൈറ്റില്‍ നിഹാരിക്ക എന്‍റെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു, മൌനങ്ങള്‍ക്കിടയില്‍ അവള്‍ പതുക്കെ പറഞ്ഞു,

“ഹരിസര്‍ കണ്ടിട്ടുള്ളത് എന്‍റെ അമ്മയെയാണ്. അനാമികാ ദേബ് ഭട്ട്നാഗര്‍”

മനസ്സ് കൊടുംകാറ്റിന്‍റെ മുനമ്പായി. ഇവള്‍ ആര്‍ എസ്സ് ബീയുടെ മകള്‍! ആര്‍ എസ്സ് ഭട്ട്നാഗര്‍, ക്ലാസ്സ്മേറ്റ്, റ്റെന്നീസ് ചാമ്പ്യന്‍.ഗവര്‍മെന്‍റ് ജോയിന്‍റ് സെക്രട്ട്രറി ആയിരുന്നു.

“അമ്മ?”

“ ആഫ്റ്റര്‍ പപ്പാസ് സൂയിസൈഡ് ഷീ ഇസ് മോസ്റ്റ്ലി ഇന്‍ ലൊഹാണ്ടിഗുഡ വനവാസി കല്യാണ്‍ കേന്ദ്ര ഒണ്‍ളി”

ഒരു ആവണി അവിട്ടത്തിനാണു ഞാന്‍ ലൊഹാണ്ടിഗുഡയിലെത്തിപ്പെട്ടത്. കുറേ കഷ്ടപ്പെട്ടു. ടാക്സിയും ജീപ്പുമൊന്നും വരാന്‍ തയ്യാറായില്ല. മാവോയിസ്റ്റുകളും പോലീസും തമ്മില്‍ മിക്കവാറും എന്നും എന്‍‌കൌണ്ടര്‍ നടക്കുന്ന ഏരിയ. കാട്ടു റോഡൂകളില്‍ മൈന്‍ വിതച്ചിട്ടുണ്ടാവുമെന്ന ഭയം. ഒടുവില്‍ ഒരാള്‍ ട്രാക്ടറില്‍ ലിഫ്റ്റ് തന്നു. ഇന്ദ്രാവതിയിലെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പല്‍. ആരെയും കാണാനില്ല. ഉന്തു വണ്ടിയില്‍ ചായ വില്‍ക്കുന്ന ഒരാളെ ഒടുവില്‍ കണ്ടു. ചൂടു ചായ ഊതിക്കുടിക്കുന്നതിനിടയില്‍ വനവാസി കല്യാണ്‍ കേന്ദ്രയിലേയ്ക്കുള്ള വഴി ചോദിച്ചു. 4-5 കിലോമീറ്റര്‍ നടക്കണം.. കൂടെ വരാന്‍ ആരും ഇല്ല. പെട്ടെന്നാണ് നദിക്കരയില്‍ നിന്നൊരു പാട്ടുകേട്ടത്,

“കുളിച്ചാ കുത്താലം, കുമ്പിട്ടാ പരമസിവം
കുടിച്ചാ നീര്‍മോര്, പുടിച്ചാ നീധാണ്ടീ
സൊക്കുപ്പൊഡി മീനാച്ചീ , സൊക്കനാഥന്‍ നാന്താന്നു
സൊക്കുപ്പൊഡി മീനാച്ചീ , സൊക്കനാഥന്‍ നാന്താന്നു”


ലോറി ഓടിക്കുന്ന തമിഴന്മാര്‍, ഇവിടേയും! ഫാക്ടറിയിലേയ്ക്കുള്ള കല്‍ക്കരിയുമായി വരുന്നവര്‍. അവരോടൊപ്പം നദിയില്‍ മുങ്ങിക്കുളിച്ചു. വനവാസി കല്യാണ്‍ കേന്ദ്രയില്‍ കൊണ്ടെത്തിക്കാമെന്നു അവര്‍ കനിഞ്ഞു. പക്ഷേ ഉപനയനം കഴിയണം. ഞാനും കൂടി അവരോടൊപ്പം. പാപങ്ങള്‍ എല്ലാം ഒഴുക്കണം. പുത്തന്‍ പൂണൂല്‍ ധരിക്കണം. അവര്‍ തന്ന പുതിയ പൂണൂല്‍ തര്‍പ്പണം ചെയ്തു, വ്യാഹൃതി ചൊല്ലി, “ ഓം ഭൂര്‍ ഭുവ സ്വാഹ” ......തത് സവിതുര്‍.....ബ്രഹ്മഗ്രന്ധിയും വിഷ്ണുഗ്രന്ധിയും രുദ്രഗ്രന്ധിയും കെട്ടി. ദാനം കിട്ടിയ പൂണൂല്‍ ഇട്ടു. ഉപനയനം കഴിഞ്ഞു. ഇന്ദ്രാവതി പാപങ്ങള്‍ കഴുകി ഒഴുകി.


കേന്ദ്രയില്‍ അനാമികയ്ക്കു തിരക്കായിരുന്നു. ആദിവാസി സ്ത്രീകളുടെ മീറ്റിങ് കഴിഞ്ഞെത്തിയിട്ടും അനാമിക സംസാരിക്കാന്‍ കൂട്ടാക്കിയില്ല. മുംബയില്‍ നിന്നും വക്കീല്‍ വന്നിട്ടുണ്ട്. ഒരു പീ ഐ എല്‍ ഡ്രാഫ്റ്റ് ചെയ്യാനുണ്ട് എന്നു പറഞ്ഞൊഴിഞ്ഞു. രണ്ടാം ദിവസം അവള്‍ അല്പം തണുത്ത മട്ടായി.

“ വൈ ആര്‍ യൂ വേസ്റ്റിങ് യുവര്‍ ടൈം. ആന്‍ഡ് മൈ ടൈം ടൂ. ആര്‍ യൂ നോട്ട് സീയിങ് ദിസ് ബ്ലേറ്റനന്‍റ് വയലേഷന്‍ ഒഫ് ഹൂമന്‍ റൈറ്റ്സ് ഹിയര്‍?”


“തിരക്കൊഴിയുമ്പോള്‍ സംസാരിക്കാം അനാമികേ, ആര്‍ എസ്സ് ബീ പറഞ്ഞിട്ടാണു ഞാന്‍ ഇത്ര ദൂരം.....”

മൌനം.

അന്നു രാത്രി അനാമിക രോഷത്തോടെ ആദിവാസി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിനെക്കുറിച്ചും, അവരുടെ ഭൂമി മള്‍ട്ടിനാഷനത്സ് കയ്യേറ്റം ചെയ്യുന്നതിനെക്കുറിച്ചും, പോലീസിന്‍റെ അക്രമങ്ങളെക്കുറിച്ചും കുറേ സംസാരിച്ചു.

“ അനാമികേ, ഞാന്‍ വന്നത് നിങ്ങളുടെ മകളെക്കുറിച്ചു സംസാരിക്കാനാണു, ആര്‍ എസ്സ് ബീ വിവരങ്ങള്‍ പറയുമ്പോള്‍ ഫോണിലൂടെ കരയുകയായിരുന്നു.”


“യുവര്‍ ഫ്രണ്ട് ഇസ് മാഡ്. നയന്‍റീന്ത് സെഞ്ചുറി ഫ്യൂഡല്‍ മൈന്‍ഡ് സെറ്റ്..മൈ ഡാട്ടര്‍ നോസ് വാട്ട് ഷീ ഈസ് ഡൂയിങ്”


“പതിന്നാലു വയസ്സായ റ്റീന്‍ ഏജ് കുട്ടിയല്ലേ അവള്‍. ഷീ നീഡ്സ് യൂ. നീ എന്‍റെ കൂടെ വരണം”

അനാമിക ഒന്നും മിണ്ടിയില്ല.


അനാമികയേയും മകളേയും ഡെല്‍ഹിയിലാക്കി ഒരു കൊല്ലത്തെ റ്റ്രൈനിങിനു പോയതാണ് ആര്‍ എസ്സ് ബീ. തിരിച്ചു വന്നപ്പോള്‍ കണ്ടത് വീടിനടുത്തുള്ള ചെരുപ്പുകടയിലെ സെയിത്സ്മാന്‍ ചെക്കനു വീട്ടില്‍ അമിത സ്വാതന്ത്ര്യം. രാത്രി 2 -3 മണിവരെ അവന്‍ മകളുടെ മുറിയില്‍.അവനു എല്ലാ ഒത്താശകളും ചെയ്യുന്നത് അനാമിക. അവന് മൊബൈല്‍ ഫോണും വസ്ത്രങ്ങളും പോക്കറ്റ് മണിയും ഒക്കെ കൊടുക്കുന്നതും അവള്‍. പല രാത്രികളും അവന്‍ മകളുടെ മുറിയില്‍ തന്നെ ഉറങ്ങും. അവനില്ലാത്ത രാത്രികളില്‍ മകള്‍ രാത്രി 4-5 മണി വരെ അവനുമായി ഫോണില്‍ സംസാരിച്ചിരിക്കും.


“ഹരീ അവനൊരു സ്ക്കൂള്‍ ഡ്രോപ്പൌട്ടാണ്. ഹീ യൂസെസ് ഡ്രഗ്സ്. അവനൊരു സ്ലം ബോയ് എന്നതല്ല പ്രശ്നം. ഒരു രീതിയിലും എന്‍റെ മകള്‍ക്ക് യോജിച്ചവനല്ല. ഷീ ഈസ് ഒണ്‍ളി 14. അനാമികയെപ്പോലെ വിദ്യാഭ്യാസമുള്ള ഒരു അമ്മയ്ക്കു ഇവനെക്കുറിച്ചൊരു ബ്ലൈന്‍ഡ് സ്പോട്ട് എങ്ങനെ ഉണ്ടായി എന്നെനിക്കു മനസ്സിലാവുന്നില്ല, അനാമികയുടെ പാരന്‍റ്സും ബ്രദേഴ്സുമൊക്കെ പറഞ്ഞു നോക്കി. ഷീ ഇസ് അഡമെന്‍റ്. ഞാന്‍ മകളെ ഊട്ടിയില്‍ റെസിഡന്‍റ് സ്ക്കൂളില്‍ ആക്കി നോക്കി. അനാമിക ഗീവ്സ് ഫ്ലൈറ്റ് ടിക്കറ്റ് ടു ദിസ് ബോയ് റ്റു ഗോറ്റു ഊട്ടി. ഐ റ്റ്രൈഡ് എവെരിതിങ്. പ്ലീസ് ഹെല്‍പ്പ്”


ആര്‍ എസ്സ് ബീ കരഞ്ഞു. എന്നാലും ഇതു അവര്‍ തമ്മില്‍ തീര്‍ക്കേണ്ട പ്രശ്നമാണെന്നും എന്‍റെ ഇടപെടല്‍ ഗുണമുണ്ടാക്കില്ലെന്നും തന്നെ എനിക്കു തോന്നി. ഒഴിഞ്ഞു മാറി. പിന്നെ ആര്‍ എസ്സ് ബീ വീണ്ടും വിളിച്ചത് രണ്ട്മൂന്നു മാസങ്ങള്‍ക്കു ശേഷമാണ്. മകള്‍ പഠിത്തം ഇടയ്ക്കു വച്ച് മതിയാക്കി വീട്ടില്‍ വന്നു. അനാമിക ലൊഹാണ്ടിഗുഡയിലെ എന്‍ ജീ ഓ പ്രവര്‍ത്തനങ്ങളുമായി പിരിഞ്ഞു താമസിക്കുന്നു. ഭ്രാന്തനെപ്പോലെയുള്ള അവന്‍റെ ജല്‍പ്പനങ്ങള്‍ കേട്ടപ്പോള്‍ ഉള്ളില്‍ കണ്ണീര്‍ ചുരന്നു. അനാമികയെ ഒന്നു കണ്ട് സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു. എന്തെങ്കിലും പോസിറ്റീവായി സംഭവിക്കുമെങ്കിലോ എന്നു കരുതി വന്നതാണ്.


മൂന്നു ദിവസങ്ങള്‍ കൂടെ ഞാന്‍ വനവാസി കല്യാണ്‍ കേന്ദ്രയില്‍ തങ്ങി. അനാമിക തിരിച്ചു വരാന്‍ കൂട്ടാക്കിയില്ല. ഒഴിഞ്ഞ മനസ്സുമായി ഞാന്‍ മടങ്ങി, പാപങ്ങള്‍ കഴുകി ഒഴുക്കി സംശുദ്ധമാക്കുന്ന ഇന്ദ്രാവതിപ്പുഴയും താണ്ടി.



“ഹരി അങ്കിള്‍” ഇവിടെ വന്നതിനു ശേഷം ആദ്യമായാണു അവള്‍ അങ്ങനെ വിളിച്ചത്, “ ക്രൂഗര്‍ നാഷനല്‍ പാര്‍ക്കില്‍ ഞാന്‍ തങ്ങുന്നില്ല. വേറോരു ഡെലിഗേഷന്‍ വരുന്നുണ്ട്. യൂണിയന്‍ മിനിസ്റ്ററും മറ്റും.”

“ ദാറ്റ് ഈസ് ഓക്കേ മോളേ, നിന്‍റെ കുടുംബമൊക്കെ....”


“ ആയിട്ടില്ല അങ്കിള്‍” നിഹാരിക ആര്‍ദ്രമായി മന്ദഹസിച്ചു.

നരച്ച ക്രൂഗര്‍ പാര്‍ക്കിലെ ഒരു വരണ്ട ആഫ്രിക്കന്‍ കാറ്റ് ഞങ്ങളെ തഴുകി കടന്നുപോയി.

Friday, October 2, 2009

ദൈവത്തിന്‍റെ സ്വന്തം കൂട്ടില്‍

എഴുതാന്‍ ഒന്നും ഇല്ലാത്തതു കൊണ്ട് കുറേ ദിവസമായി വെറുതേ കിടക്കുകയായിരുന്നു ബ്ലോഗ്. എലിപ്പത്തായമായിരുന്നു മനസ്സ്. ഭ്രാന്തു പിടിക്കുമെന്നു തീര്‍ച്ചയായപ്പോള്‍ നാട്ടിലേയ്ക്കു പോയി. എവിടെ പോകാന്‍ ? ആരെ കാണാന്‍? എങ്കിലും പോയി. മുപ്പത്തി അഞ്ചു കൊല്ലമായുള്ള സൌഹൃദങ്ങളിലേയ്ക്കൊരു തിരിച്ചു പോക്ക്. അവരെത്തി . ദയാപൂര്‍വ്വം. ഭാര്യമാരുടെ കണക്കെടുപ്പുകള്‍ തെറ്റിച്ച് അവര്‍ ഓടിയെത്തി. ഒന്നും മിണ്ടാതെ തന്നെ അവര്‍ സംവദീച്ചു. പിന്നെ വെറുതേ മിണ്ടിയും പറഞ്ഞും ഇരുന്നു. പുസ്തകങ്ങള്‍ വായിച്ചു. പാട്ടുകള്‍ കേട്ടു.

ഡോക്റ്റര്‍ പീ. കേ . വാര്യര്‍ പറഞ്ഞു.

“ ലൈഫ്സ്റ്റൈല്‍ ഒന്നു മാറ്റിനോക്കൂ. മരുന്നല്ല കാര്യം”

“ ഡിസംബറില്‍ ഒരുപാടു വിദേശികള്‍ വരുന്ന സമയമാണ്. നേരത്തേ റൂം ബുക്കു ചെയ്തേയ്ക്കൂ”, അഡ്മിനിസ്റ്റ്രേറ്റിവ് ഓഫീസര്‍ മുന്നറിയിപ്പു നല്‍കി.

വൈദ്യമഠം വലിയ നമ്പൂരി ഒന്നേ പറഞ്ഞുള്ളൂ.

“മരുന്നുകള്‍ നോക്കട്ടേ, പിന്നയേ കിടക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ പറ്റൂ. നാടികള്‍ ഒക്കെ ക്ഷീണമായിത്തുടങ്ങും. രണ്ടാഴ്ച കഴിഞ്ഞ് ഒന്നു വിളിച്ചു പറഞ്ഞോളൂ”


എണ്‍പത്തി നാലു വയസ്സിന്‍റെ നിറവ്. ഐശ്വര്യം നിറഞ്ഞ മനസ്സ്. തീരുമാനങ്ങള്‍ സംശയമില്ലാത്ത അടക്കത്തോടെ പറഞ്ഞു കൊടുത്തു. റ്റ്രൈയ്നീ ഡോക്റ്റര്‍ കുട്ടികള്‍ പഠനക്കുറിപ്പുകള്‍ കുത്തിക്കുറിച്ചു.

സുഹൃത്തുക്കള്‍ മൊബൈല്‍ ഫോണില്‍ കുടുംബക്കാര്യങ്ങളും ഓഫീസുകാര്യങ്ങളും നടത്തുന്നതിനിടയില്‍ മരുന്നു വാങ്ങാനായി ഞാന്‍ കാത്തിരുന്നു.

ജിവിക്കാനായി, സ്വാര്‍ത്ഥതയോടെ വൈദ്യശാലകള്‍ കയറി ഇറങ്ങുമ്പോഴും തേക്കടിയില്‍ അണഞ്ഞുപോയ ജീവനുകളെക്കുറിച്ചു അറിഞ്ഞിരുന്നില്ല.

ഉല്ലാസയാത്രയ്ക്കായി ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ എത്തിയവരുടെ ദുരന്തം.


തായ്‌ലാണ്ടിലെ ഫുക്കേത്തില്‍ ഒരു മീഡിയാ സെമിനാര്‍. ഇടവേളകളില്‍ നീണ്ട ബോട്ടുയാത്രകള്‍. ബോട്ടില്‍ കയറണമെന്നുണ്ടെങ്കില്‍ ജെട്ടിക്കടുത്തുള്ള കൌണ്ടറില്‍ നിന്നും അവരവര്‍ക്കുള്ള സൈസ് അനുസരിച്ചുള്ള ലൈഫ് ജാക്കറ്റ് ഇടണം. അല്ലെങ്കില്‍ ബോട്ടില്‍ കയറ്റില്ല. പിന്നെ തിരിച്ചു വരുമ്പോള്‍ ലൈഫ് ജാക്കറ്റിട്ടു നില്‍ക്കുന്ന ഫോട്ടോ ഒരു സുവനീറാക്കി വച്ചിരിക്കുന്ന ഫോട്ടോഗ്രാഫേഴ്സ്. പതിനഞ്ചു ബാത്തുകൊടുത്താല്‍ ഫോട്ടോ സ്വന്തം. തിരിച്ചു നാട്ടിലെത്തിയപ്പോഴാണു കൊച്ചു കുഞ്ഞുങ്ങള്‍ ബോട്ടു മറിഞ്ഞു മരിച്ച സംഭവം. പറയേണ്ടവരോടൊക്കെ പറഞ്ഞു,

“ ജസ്റ്റ് മേക്ക് ഇറ്റ് കമ്പത്സറി റ്റു വേര്‍ ലൈഫ് ജാക്കറ്റ് വൈല്‍ റ്റ്രവെലിങ് ഇന്‍ ബോട്ട്സ്.”

അമ്പതോ നൂറോ രൂപകൊടുത്തു ബോട്ടുയാത്രയ്ക്കു പോകുന്നവര്‍ ഒരു അഞ്ചു രൂപാകൂടെ ലൈഫ് ജാക്കറ്റിനായി കൊടുക്കില്ലേ?

ഈ സത്യം മനസ്സിലാക്കാന്‍ സിറ്റിങ് ജഡ്ജിയും, സേതുരാമയ്യരും , ക്രൈം ബ്രാഞ്ചും ,ബോട്ട് ഇന്‍സ്പെക്ടരും ഒന്നും വേണ്ടല്ലോ.

അവര്‍ പറഞ്ഞു,“ ഇതു കേരളമാണ്. തായ്‌ലാണ്ടല്ല.”

റ്റാക്സിഡ്രൈവര്‍ന്മാര്‍ക്കും നാട്ടുകാര്‍ക്കും എല്ലാം നാച്വറല്‍ ഡിസാസ്റ്റര്‍, ക്രൈസിസ് മാനേജ്മെന്‍റ് എന്നിവയെക്കുറിച്ചു റ്റ്രൈനിങ് കൊടുക്കുന്നതിനെക്കുറിച്ചു ആലോചിച്ചും പഠിച്ചും കൊണ്ടിരിക്കുന്ന ബിനോയ് വിശ്വവും, കോടിയേരിയും, ചെറിയാന്‍ ഫിലിപ്പും ലൈഫ് ജാക്കറ്റ് എന്നൊരു വിദ്യയെക്കുറിച്ചു മിണ്ടുന്നേയില്ല.

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വച്ച് ദൈവത്തിന്‍റെ സ്വന്തം വീട്ടിലേയ്ക്കു സഞ്ചാരികളെ ഇനിയും എത്തിക്കേണ്ടേ നമുക്ക്? പുതിയൊരു മനുഷ്യച്ചങ്ങലയ്ക്കു സ്കോപ്പും വേണമല്ലോ! ലൈഫ് ജാക്കറ്റ്കാരെ പോയി പണിനോക്കാന്‍ പറ, കുത്തക ബൂര്‍ഷ്വാവര്‍ഗം! മള്‍റ്റിനാഷനള്‍ ചെറ്റകള്‍!

Sunday, August 9, 2009

വായിക്കാത്തവന്‍റെ സുവിശേഷം

തിരുവനന്തപുരം ഡീ സീ ബുക്ക്സില്‍ മലയാളം പുസ്തകങ്ങള്‍ ഉഷ്ണമേഘലയിലിരുന്നു വിയര്‍ക്കുന്നു. ഇങ്ഗ്ലീഷു പുസ്തങ്ങള്‍ക്കു ശീതീകരിച്ച മുറിയുണ്ട്.

“ ഹരി മാമാ ഡീ സീ ബുക്ക്സില്‍ പോകാം”

ഗള്‍ഫില്‍ നിന്നും അവധിയ്ക്കു വന്ന, എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന അനന്തരവന് സ്കൂളില്‍ ഉപന്യാസമെഴുതാന്‍ മാധവിക്കുട്ടിയുടെ ഒരു കഥ വേണം. അങ്ങനെ എത്തിയതാണു ഡീ സീ ബുക്ക്സില്‍. കഥ കിട്ടി. വേറേയും കുറേ പുസ്തകങ്ങള്‍ ഞാന്‍ വാങ്ങി. കേ പീ അപ്പന്‍റെ സമ്പൂര്‍ണ്ണ കൃതികളോ തെരഞ്ഞെടുത്ത് കൃതികളോ ഇല്ല. അദ്ദേഹത്തിന്‍റെ മറ്റുകൃതികള്‍ വാങ്ങി. ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തിന്‍റെ’ കാലത്ത് വായിക്കാനുള്ള ആര്‍ത്തി മാത്രം. വാങ്ങാന്‍ കാശില്ല. നരേന്ദ്രപ്രസാദ് സാറിന്‍റെ കൈയ്യില്‍ നിന്നും ഇരന്നു വാങ്ങിയാണ് അന്നത് വായിച്ചത്. ഇന്ന് വിലകൊടുത്തു പുസ്തങ്ങള്‍ വാങ്ങാനുള്ള ആര്‍ത്തി മാത്രം മിച്ചം. വായനയുടെ ആവേശം വഴിയിലെവിടെയോ വച്ചു കൊഴിഞ്ഞു പോയി. ഇപ്പോള്‍ ഒന്നോ രണ്ടോ ചാപ്റ്റര്‍ വായിച്ചു മടക്കിവച്ച പുസ്തകങ്ങളാണു ബെഡ് റൂമില്‍ അധികവും. പിന്നീടു കുറേ ദിവസങ്ങള്‍ കഴിയുമ്പോള്‍ മുറി വൃത്തിയാക്കുന്നവര്‍ അതെടുത്തു ഷെല്‍ഫില്‍ വയ്ക്കും. പിന്നെ ഏതെങ്കിലും ഒരു ഞായറാഴ്ച ഷെല്‍ഫ് ഡസ്റ്റ് ചെയ്യുമ്പോള്‍ അവയെ കുറ്റബോധത്തോടെ തലോടും. എന്നാലും പുസ്തകം വാങ്ങലിനു ഒരു കുറവും ഇല്ല.


“ മാമാ, മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണ കൃതിയ്ക്കു രെജിസ്റ്റര്‍ വച്ചിട്ടുണ്ട്”

ഇങ്ഗ്ലീഷു സെക്ഷനിലാണ് രെജിസ്റ്റ്രേഷന്‍. പ്രീ പബ്ലിക്കേഷന്‍ സൌജന്യവും കാണുമായിരിക്കും. വേണ്ട. രെജിസ്റ്റര്‍ ചെയ്തില്ല. മിക്കവാറും സാഹിത്യ പ്രവര്‍ത്തകര്‍ക്കു മരണം കൊടുക്കുന്ന വാഗ്ദാനമാണ് സമ്പൂര്‍ണ്ണ കൃതികള്‍. ഒരു ‘പോസ്റ്റ് ഡെത്ത്’ സൌജന്യം. എന്നെപ്പോലെ പുസ്തങ്ങള്‍ വാങ്ങി ഷെല്‍ഫില്‍ വയ്ക്കുന്നവര്‍ക്കു നല്ല അവസരം. ബഷീര്‍ കൃതികള്‍ക്കും, വയലാര്‍ കൃതിയ്ക്കും അടുത്തു ചേര്‍ത്തു വച്ച് അലങ്കരിക്കാം.


അനന്തരവന്‍ ചെക്കന്‍ കുട്ടികളുടെ സെക്ഷനിലേയ്ക്കു പോയി.

‘ ലിവിങ് റ്റു റ്റെല്‍ ദ റ്റേല്‍’. മാര്‍ക്വെസ്സിന്‍റെ ഞാന്‍ കണ്ടിട്ടില്ലാത്ത പുസ്തകം.. തിരിച്ചും മറിച്ചും നോക്കി വാങ്ങാന്‍ തീരുമാനിച്ചു കഴിഞ്ഞപ്പോള്‍ പഴയ ഒരു സഹപാഠി വന്നു. ആള്‍ ഇന്‍ഡ്യാ റേഡിയോയിലെ പ്രശസ്തന്‍. അവന്‍റെ വകയായി പുത്തന്‍ എഴുത്തുകാരുടെ കുറേ പുസ്തകങ്ങള്‍ കൂടെ തെരെഞ്ഞെടുത്തു തന്നു. മലയാളം സെക്ഷനിലെ കൌണ്ടറിലിരുന്നു വിയര്‍ക്കുന്നവനോടു ആകാശവാണിയുടെ വക ബ്ഡായി,

“ അയ്യോ, ശശീ, ഈ ഹരിത്തിനെ അറിയില്ലേ, ഡല്‍ഹിയില്‍ ജേര്‍ണലിസ്റ്റാ. നമ്മുടെ ഡീ സീ രവിയുടെ ഒക്കെ അടുത്ത ഫ്രണ്ടാ.”

ഞാന്‍ ഒരിക്കലും കണ്ടിട്ടുപോലും ഇല്ലാത്ത ഡീ സീ രവിയുടെ സൌഹൃദം എന്നില്‍ അടിച്ചേല്‍പ്പിച്ചത് അല്പം ഡിസ്കൌണ്ടിനു വേണ്ടി. കുറുക്കന്‍. അവന്‍ നന്നാവില്ല. കോളേജില്‍ വച്ചേ ഇതേ പരിപാടിയായിരുന്നു അവന്. പഴയ സൌഹൃദങ്ങളുടെ കാനേഷുമാരി നടത്തി, ആകാശവാണി. കുറേപ്പേരുടെ മൊബൈല്‍ നമ്പരുകള്‍ ബിസ്സ്നസ്സ് കാര്‍ഡാക്കി ഫോര്‍വേഡ് ചെയ്തു. കൂട്ടുകാരില്‍ ഒരുത്തന്‍ ചിക്കന്‍ ഗുനിയ പിടിച്ചു ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്നും വിടവാങ്ങി. ആകാശവാണി അവന്‍റെ മൊബൈല്‍ നമ്പര്‍ ഡെലീറ്റു ചെയ്തു.


എട്ടാം ക്ലാസ്സുകാരന്‍ അഞ്ചാറ് ബുക്കു തെരഞ്ഞെടുത്തിരിക്കുന്നു. പക്ഷേ കൌണ്ടറില്‍ വന്നപ്പോള്‍ ഒരു പുസ്തകം മാത്രം.

“ എന്തെടാ , ബാക്കി ബുക്ക്സ് ഒന്നും മേടിക്കുന്നില്ലേ?”

“ ഇതു വായിച്ചിട്ടു ഇഷ്ടപ്പെട്ടാ ബാക്കി നാളെ മേടിക്കാം”.


ഈ വില്ലാളി ഈ പ്രായത്തിലേ സെലക്റ്റീവാണല്ലോ. മാത്രവുമല്ല പത്തു മുന്നൂറു പേജുള്ള ഈ പുസ്തകം ഇന്നു തന്നെ വായിച്ചു തീര്‍ക്കാനുള്ള പ്ലാന്‍ ആണ്.ഇവനും പ്രായമാകുമ്പോള്‍ എന്നെപ്പോലെ പുസ്തകങ്ങള്‍ വാങ്ങുക മാത്രം ചെയ്യുന്ന വേതാളം ആവാതിരുന്നാല്‍ മതിയായിരുന്നു.


പുസ്തകങ്ങള്‍ക്കിടയില്‍ വച്ച് നട്ടെല്ലു വേദന അറിഞ്ഞിരുന്നില്ല. ഡീ സീയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അസഹനീയമായ വേദന വീണ്ടും. സ്പൈനല്‍ സപ്പോര്‍ട്ട് ബെല്‍റ്റ് ഒന്നു കൂടെ മുറുക്കിക്കെട്ടി. വയ്യ. ഒന്നു ഇരിക്കണം. ഡീ സീ യുടെ കെട്ടിടത്തിന്‍റെ പടിയില്‍ത്തന്നെ ഒരരികില്‍ ഇരുന്നു. എട്ടാം ക്ലാസ്സ് ഒരു പെപ്സിയും കുടിച്ചു അരികില്‍ നില്‍പ്പുണ്ട്. മാധവിക്കുട്ടിയുടെ ഏതു കഥയെക്കുറിച്ചു എസ്സെ എഴുതണമെന്ന അവന്‍റെ ചോദ്യം എന്നെ വലച്ചു. ഏതാ ഇപ്പൊ പറഞ്ഞു കൊടുക്കുക?

“ നീ ആദ്യം കഥകള്‍ വായിച്ചു നോക്ക്. എന്നിട്ടു നിനക്കു ഇഷ്ടപ്പെട്ടതു ഏതെന്നു പറ.”

ഉത്തരം അവനത്ര ബോധിച്ചില്ല.


മുകളിലത്തെ നിലയില്‍ നിന്നും ആരോ കുറേ വെള്ളം താഴോട്ടൊഴിച്ചു. അവിടെ പാര്‍ക്കു ചെയ്തിരുന്ന സ്ക്കൂട്ടറുകളും ബൈക്കുകളും ഒക്കെ നന്നായി നനഞ്ഞു. കെട്ടിട കാവല്‍ക്കാരന്‍റെ തൊപ്പിയും യൂണിഫോമും നനഞ്ഞു. അയാള്‍ മുകളിലേയ്ക്കു നോക്കി തെറി പറയാന്‍ തുടങ്ങി. പിന്നെ ബോധോദയം വന്നവനെപ്പോലെ ചിരിച്ചു കൊണ്ട് തെറി വിളി അബ്രപ്റ്റായി നിറുത്തി.

സെക്രറ്റേറിയേറ്റ് ഉപരോധിച്ചുകൊണ്ടിരുന്ന കുറേപ്പേരെ പോലീസുകാര്‍ ഓടിച്ചിട്ടടിക്കുന്നു. ഖദറാണു സമരത്തൊഴിലാളികളുടെ വേഷം. അഹിംസാ പാര്‍ട്ടിയുടെ യുവജന വിഭാഗം. അവര്‍ ജനറല്‍ ആശുപത്രി സൈഡിലേയ്ക്കു ഓടി.പിറകേ പോലീസുകാര്‍. സിറ്റി മെഡിക്കത്സിന്‍റെ മുന്‍പില്‍ കണ്ണീര്‍ വാതകത്തിന്‍റെ പുക മറ.

എന്താ പ്രശ്നം?

“ ഇതു എന്നും ഉള്ള കലാപരിപാടിയാ സാറേ ഇവിടെ”

കാവല്‍ക്കാരന്‍ തൊപ്പി വെയിലത്തു ഉണക്കാന്‍ വച്ചിട്ടു തത്വചിന്തകനായി പിന്നെയും സംസാരം തുടര്‍ന്നു..


ആകെ രണ്ടു പ്രാവശ്യമേ ഞാന്‍ മാധവിക്കുട്ടിയെ കണ്ടിട്ടുള്ളൂ. ഒടുവില്‍ കണ്ടത് വലിയതുറയ്ക്കടുത്ത് ഒരു കവലയില്‍ അമ്പാസ്സഡര്‍ കാറില്‍ കെട്ടിവച്ച മൈക്കിലൂടെ ചുറ്റും നില്‍ക്കുന്ന പത്തിരുപത്തഞ്ചു പേരോടു പ്രസംഗിക്കുന്ന ലോക്സഭാ സ്ഥാനാര്‍ത്ഥിയായിട്ട്. ‘എന്‍റെ കഥ’ ആത്മ കഥയല്ല വെറും ഭാവനയാണെന്നൊക്കെ അക്ഷരാഭ്യാസം കുറഞ്ഞ മുക്കുവരോടു വള്ളുവനാടന്‍ ഭാഷയില്‍ പറഞ്ഞുകൊണ്ടിരുന്ന ആയമ്മയെക്കണ്ട് നൊന്തു.


ആദ്യം കണ്ടത് കോളേജിലെ ഒരു സമ്മേളനത്തില്‍ വച്ച്. സൈലന്‍റ് വാലിയെക്കുറിച്ച് കാമ്പസ്സുകളില്‍ കവിതകളും ചര്‍ച്ചകളും വിടരുന്ന കാലം. മാധവിക്കുട്ടി അല്പം നേരത്തേ എത്തി. പ്രിന്‍സിപ്പാളിനും , സാഹിത്യകാരന്മാര്‍ക്കും, വീ ഐ പീ കള്‍ക്കും വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സദസ്സിലെ മുന്‍‌വരിയില്‍ അറിയാതെ വന്നിരുന്ന ഒരു ചേരിക്കാരന്‍ തെണ്ടിച്ചെക്കനെ ഭാരവാഹികളില്‍ ചിലര്‍ വിരട്ടിയോടിച്ചു. ഒരാള്‍ കല്ലെടുത്തെറിയുന്നതു പോലെ ആഗ്യം കാട്ടി. അവന്‍ ക്യാമ്പസ്സു വിട്ടോടിപ്പോയി. പ്രസംഗിക്കാന്‍ അവസരം വന്നപ്പോള്‍ മാധവിക്കുട്ടി ഈ സംഭവം വിവരിച്ചു കൊണ്ട് എല്ലാവരോടുമായി ചോദിച്ചു,

“ മനുഷ്യനെ സ്നേഹിക്കാനറിയാത്ത നിങ്ങളോക്കെയാണോ ഇനി മരങ്ങളെ സ്നേഹിക്കാന്‍ പോണത്?”


എട്ടാം ക്ലാസ്സുകാരന്‍റെ അമ്മ ഭീമാ ജ്യുവലറിയില്‍ പോയിരിക്കുകയാണ്. അവര്‍ സ്റ്റേറ്റ് ബാങ്കിന്‍റെ ലോക്കറിലും പോയി തിരിച്ചു വരുന്ന വഴി ഞങ്ങളെ ഡീ സീ ബുക്കസില്‍ നിന്നും പിക്കു ചെയ്യാം എന്നു പറഞ്ഞതാണ്. ഇതുവരെ കണ്ടില്ല.

ഞാന്‍ പ്ലാസ്റ്റിക്ക് സഞ്ചിയിലെ പുസ്തകക്കെട്ടില്‍ നിന്നും ഒരെണ്ണം എടുത്തു മറിച്ചു നോക്കി. കേ. പീ അപ്പന്‍റെ ‘രോഗവും സാഹിത്യഭാവനയും’. അവിടെയും ഇവിടേയും ഒന്നു ഓടിച്ചു വായിച്ചപ്പോള്‍ തന്നെ ഡിപ്രഷന്‍ അരിച്ചരിച്ചു കയറുന്നപോലെ തോന്നി. വേണ്ട, വായിക്കണ്ട. ഈ പുസ്തകവും എന്‍റെ ഷെല്‍ഫില്‍ വെറുതേ വച്ചേക്കാം. ഞായറാഴ്ച തോറും പൊടിയടിച്ചു വൃത്തിയാക്കുമ്പോള്‍ സ്വകാര്യമായി കുമ്പസാരിക്കാന്‍.

Wednesday, August 5, 2009

ചാനലുകളിലെ “ഖബറടക്കം”

ആദരണീയനായ ശിഹാബ് തങ്ങള്‍ അന്തരിച്ച വാര്‍ത്ത കൊടുക്കുന്ന സമയത്ത്, കേരളത്തിലെ ചാനലായ ചാനലിലെല്ലാം ഉള്ള അവതാരക കുഞ്ഞുങ്ങള്‍ ‘ഖബറടക്കം, ഖബറടക്കം’ എന്നു പറഞ്ഞു കൊണ്ടേയിരുന്നു. എഴുതിയും കാണിച്ചത് ‘ഖബറടക്കം’ എന്നു തന്നെ.

പണ്ട് സ്ക്കൂളില്‍ ഹിന്ദി സാര്‍ പഠിപ്പിച്ച ഓര്‍മ്മ, ‘ഖബര്‍’ എന്ന വാക്കിനു ‘വാര്‍ത്ത’ എന്നര്‍ത്ഥമെന്നാണ്. മയ്യത്തടക്കുന്നതിനെ ‘കബറടക്കുക’ എന്നാണു പണ്ട് പറഞ്ഞു പഠിച്ചിരുന്നത്. കബറടക്കുന്ന സ്ഥലത്തെ ‘ കബറിസ്ഥാന്‍’ എന്നും.

ഇനിയിപ്പോള്‍ വാര്‍ത്തകളെ വളച്ചും ഒടിച്ചും കൊലപാതകം നടത്തുന്ന ചാനലുകള്‍, വാര്‍ത്തകളെ കബറടക്കിക്കൊണ്ടിരിക്കുന്ന കാര്യമാണോ ‘ ഖബറടക്കം’ എന്ന പ്രയോഗത്തിലൂടെ വ്യംഗ്യമായി ധ്വനിപ്പിക്കുന്നത്?


‘വാഴക്കൊലപാതകമെന്നു’ കാര്‍ട്ടൂണ്‍ കവിതയില്‍ പ്രയോഗിച്ച അയ്യപ്പപ്പണിക്കര്‍ ജീവിച്ചിരുന്നെങ്കില്‍, ‘വാര്‍ത്തക്കൊലപാതകം’ എന്നോ, ‘ഭാഷക്കൊലപാതകം’ എന്നോ മറ്റോ പറഞ്ഞു വല്ലതും കുത്തിക്കുടിച്ചേനേ!

ഇവര്‍ ഇങ്ങനെ പറഞ്ഞു പറഞ്ഞു എനിക്കു ഇപ്പോള്‍ വലിയ കണ്‍ഫ്യൂഷന്‍ ആയി. ഇനിയിപ്പോള്‍ ഖബറടക്കമാണോ ശരി?

ബൂലോകത്തെ അറിവുള്ള ഭാഷാ പണ്ഡിതന്മാര്‍ ഈ കണ്‍ഫ്യൂഷന്‍ തീര്‍ത്തു തരണേ...... ഇവിടെ ഈ മൂലയില്‍ കരഞ്ഞു കരഞ്ഞിരിക്കുന്ന മലയാളത്തെ ഒന്നു ഗുണദോഷിക്കാനാ.... പ്ലീസ്, വല്ലാത്ത കണ്‍ഫ്യൂഷന്‍ !!!!

Saturday, June 13, 2009

വിഭീഷണനെന്നു കേട്ടാലോ?

സാധാരണയായി ഈ ബ്ലോഗില്‍ കക്ഷിരാഷ്ട്രീയ പ്രശ്നങ്ങള്‍ ഒഴിവാക്കുകയാണു പതിവ്. അത് രാഷ്ട്രീയാഭിപ്രായങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. അരാഷ്ട്രീയത നല്ലതാണെന്ന തോന്നല്‍ കൊണ്ടും അല്ല. രാഷ്ട്രീയ വിഷയങ്ങള്‍ക്കു വേറേ മീഡിയങ്ങള്‍ തേടുന്നുവെന്നു മാത്രം. ഇന്നെഴുതുന്നതും കക്ഷിരാഷ്ട്രീയ നിലപാടുകളെക്കുറിച്ചല്ലെന്നൊരു മുന്‍‌കൂര്‍ ജാമ്യം.

ഇഷ്ടമില്ലാത്തച്ചു തൊട്ടതെല്ലാം കുറ്റം എന്ന രീതിയില്‍ ഒരു കൂട്ടരും സി ഐ ഡി വിജയന്‍ മോഷ്ടാവാണെന്ന രീതിയില്‍ മറു പക്ഷവും ‘മീഡിയാ സിന്‍ഡിക്കേറ്റുകളില്‍’ കൂടി നടത്തുന്ന മത്സരക്കലാശങ്ങള്‍ കണ്ട് കണ്ട് ഓക്കാനം വരുന്ന വേളയില്‍ അതാ ചാനലുകളില്‍ ഒരു ലീഗല്‍ ല്യൂമിനറി. രണ്ടു പേര്‍ പിടിച്ചു നടത്തി മൈക്കിന്‍റെ മുന്നില്‍ കൊണ്ടിരുത്തുന്നു ജസ്റ്റിസ് കൃഷ്ണയ്യരെ. ഈ വിനീതന്‍ കണ്ണുകള്‍ തുറന്നു, കാതോര്‍ത്തു. ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞതിന്‍റെ മലയാളം ഇത്രയേ ഉള്ളൂ, മന്ത്രിസഭയുടെ ഉപദേശം കേള്‍ക്കാതെ പോലീസിന്‍റെ ഉപദേശം കേട്ടു തീരുമാനമെടുക്കുന്നവന്‍ കേരള ഗവര്‍ണ്ണര്‍.ജനാധിപത്യത്തിന്‍റെ കടയ്ക്കു കത്തിവയ്ക്ക്കുന്നവന്‍‍. സ്വേച്ഛാധിപത്യസ്വഭാവമുള്ളവന്‍, ഭരണഘടനയെക്കുറിച്ചു വിവരമില്ലാത്തവന്‍.
രാവിലെ മുടിവെട്ടിയ്ക്കാന്‍ ചന്തമുക്കില്‍ സഖാവ് സുകുമാരന്‍റെ ബാര്‍ബര്‍ ഷാപ്പില്‍ പോയപ്പോള്‍ അയാള്‍ കത്തി വച്ചതും ഏതാണ്ടിങ്ങനെയൊക്കെ തന്നെ ആയിരുന്നു.

രാഷ്ട്രീയാഭിപ്രായം പറയുന്നതു ബാര്‍ബര്‍ സുകുമാരനായാലും പ്രകാശ് കാരാട്ടായാലും ശ്രദ്ധയോടെ കേട്ടിരിക്കാന്‍ ഞാന്‍ എന്നേ ശീലിച്ചിരിക്കുന്നു.ക്ഷമയോടെ വെറുതേ ചിരിച്ച്, പ്രതികരിക്കാതെ, മുഖത്തു നീരസമോ, അസഹിഷ്ണുതയോ വരാതെ അവര്‍ പറയുന്നതു കേട്ടു തലയാട്ടാന്‍ എന്നേ പഠിച്ചു കഴിഞ്ഞു. അനാവശ്യ രാഷ്ടീയ വിവാദങ്ങളിലേര്‍പ്പെട്ടു ഉണ്ടായിരുന്ന വ്യക്തിബന്ധങ്ങള്‍ക്കു മുറിവേറ്റ സംഭവങ്ങളാകാം ഈ തിരിച്ചറിവ് നല്‍കിയത്.

1979ലെ പാര്‍ലമെന്‍റ്തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ഒരിക്കലും തോല്‍ക്കില്ലെന്നു കരുതിയിരുന്നു ഞാനും എന്‍റെ അച്ഛനും. ഇലക്ഷന്‍ വെറും ഫാര്‍സ് ആയിരിക്കുമെന്നും റിഗ്ഗുചെയ്തു ഇന്ദിരാഗാന്ധി ജയിക്കും എന്നുമുള്ള പാര്‍ട്ടിലൈനാണു എന്‍റെ വിശ്വാസത്തിനാധാരമെങ്കില്‍, അടിയന്തരാവസ്ഥയുടെ സ്തുതി പാഠകനായിരുന്ന അച്ഛന്‍ കോണ്‍ഗ്രസ്സ് ഭക്തനായതു കൊണ്ട് അവര്‍ ജയിക്കും എന്ന് പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു. അവസാനം മാതൃഭൂമി പത്രമാപ്പീസില്‍ ചെന്നു ഇലക്ഷന്‍ റിസള്‍ട്ടിന്‍റെ ലേറ്റസ്റ്റ് ചോദിച്ചപ്പോള്‍ അവിടെയിരുന്ന ഒരു ചേട്ടന്‍ പറഞ്ഞതു ഇങ്ങനെയായിരുന്നു,

“രായ് ബറേലിയില്‍ ഇന്ദിരാഗാന്ധിയും തോറ്റു, അരൂരില്‍ ഗൌരിയമ്മയും തോറ്റു,”

പാര്‍ട്ടി ലൈന്‍ തെറ്റിപ്പോയ അങ്കലാപ്പില്‍ ഞാന്‍ വീട്ടിലെത്തി. അച്ഛനോട് ഇന്ദിരാഗാന്ധി തോറ്റ സന്തോഷം പറഞ്ഞൊന്നു കളിയാക്കാന്‍ നോക്കി.
ഈ അടുത്ത കാലത്തു അച്യുതാനന്ദന്‍ സഖാവ് പ്രസ്സ്കോണ്‍ഫറന്‍സില്‍ ചിരിച്ച പോലെ അച്ഛന്‍ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു,

“ എടാ ഇന്ദിരാഗാന്ധി തോറ്റാല്‍ ഞങ്ങള്‍ ഇവിടെ പട്ടാള ഭരണം കൊണ്ടു വരും, നിന്‍റെ ഗൌരിയമ്മ ഇനി ഈച്ചയടിച്ചോണ്ടിരിയ്ക്കയേ ഉള്ളൂ”

വല്ലാത്ത ദേഷ്യംവന്ന ഞാന്‍ ഒന്നു പറഞ്ഞു ഒന്നു പറഞ്ഞു അച്ഛനുമായി വല്ലാതെ തെറ്റി. ചങ്കു നോക്കി എയ്ത വാക്ശരങ്ങള്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നൊന്നും അപ്പോള്‍ ഓര്‍ത്തില്ല. പിന്നീട് ഒരിക്കലും എന്നോടു അച്ഛന്‍ രാഷ്ട്രീയം പറയാതെയായി. കളി തമാശകളും തര്‍ക്കങ്ങളുമായി എന്നും ഉണര്‍ന്നിരുന്ന ആ വീട്ടില്‍ പിന്നിടൊരിക്കലും രാഷ്ട്രീയ വിവാദങ്ങള്‍ ഒച്ചയുയര്‍ത്തിയിട്ടില്ല. വിവാദങ്ങളും അസഹിഷ്ണുതയും കൊണ്ടു ഒരുപാടു വ്യക്തി ബന്ധങ്ങള്‍ ഉലഞ്ഞു പിന്നീടും. പല ബന്ധങ്ങള്‍ എന്നെന്നേയ്ക്കുമായി അറ്റു.


പറഞ്ഞു വന്നതു കൃഷ്ണയ്യരുടെ പ്രസ്സ് സ്റ്റേറ്റ്മെന്‍റിനെക്കുറിച്ചാണ്. സഖാവ് കൃഷണയ്യരായല്ല റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയെന്നുള്ള നിലയിലാണു അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ക്കു ഞാന്‍ മൂല്യം കാണാറുള്ളത്. വന്ദ്യനും, ജ്ഞാന വൃദ്ധനും, ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയില്‍ സ്വതന്ത്രാംഗമെന്നനിലയില്‍ മന്ത്രിയും, പിന്നീടു ജഡ്ജിയായി ഉയര്‍ന്നു സുപ്രീം കോടതി വരെ എത്തിയ നിയമജ്ഞനും, റിട്ടയറായതിനു ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകനും ഒക്കെയായ ,നമ്മളെല്ലാം ബഹുമാനിക്കുന്ന കൃഷ്ണയ്യരുടെ ഈ പ്രകടനം എന്നെ അമ്പരപ്പിച്ചു , ദുഖിപ്പിച്ചു. അദ്ദേഹം ഗവര്‍ണറെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ എന്തു വേണമോ ചെയ്യട്ടെ, പക്ഷേ പറയുന്ന വാക്കുകളും, വാദങ്ങളും അദ്ദേഹത്തിന്‍റെ പാണ്ഡിത്വത്തിനു തെല്ലെങ്കിലും നിരക്കുന്നതാവണ്ടേ? ചന്തമുക്കിലെ ബാര്‍ബര്‍ സുകുമാരനെപ്പോലെ ലോജിക്കും കോപ്പും ഒന്നും ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറയാനാനെങ്കില്‍ ജയ്ഹിന്ദും , കൈരളിയുല്‍ ഉള്‍പ്പെടെയുള്ള ചാനലായ ചാനലിലൊക്കെ ആളുകള്‍ നിറഞ്ഞു വിലസുകയല്ലേ? ഈ തൊണ്ണൂറ്റിനാലാം വയസ്സില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ തന്നെ ഇങ്ങനെ ചെയ്യണോ? ചെയ്യാം അതു അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യം. റ്റ്വന്‍റി 20 ക്രിക്കറ്റു മത്സരങ്ങള്‍ കൊഴുപ്പിയ്ക്കാന്‍ അര്‍ദ്ധ നഗ്നരായി ആടുന്ന ചീയര്‍ ലീഡര്‍ പെണ്ണുങ്ങള്‍ എത്ര പാവങ്ങള്‍! ജീവിക്കാനുള്ള കാശിനു വേണ്ടി അവര്‍ ആടിത്തിമിര്‍ക്കുന്നു. പക്ഷേ ജസ്റ്റിസ് കൃഷ്ണയ്യരോ? ഇതൊരുമാതിരി.... വേണ്ട അദ്ദേഹത്തോടുള്ള ആദരവു ഇതു എഴുതി മുഴുവനാക്കാന്‍ എന്നെ അനുവദിക്കുന്നില്ല. പണ്ടൊരിക്കല്‍ എം, കൃഷ്ണന്‍ നായര്‍ ദൂരദര്‍ശനില്‍ പ്രൈം റ്റൈമില്‍ പ്രോഗ്രാം നടത്തിയിരുന്ന സിനിമാ നടന്‍ അശോക് കുമാറിനെക്കുറിച്ചു എഴുതിയത് ഏതാണ്ടിങ്ങനെ ആണെന്നു തോന്നുന്നു.

“ എനിയ്ക്കേറ്റവും ഇഷ്ടമുള്ള നടന്മാരിലൊരാളാണു അശോക് കുമാര്‍. പക്ഷേ വീട്ടില്‍ കൊച്ചുമക്കളുമൊത്തു കഴിയേണ്ട ഈ പ്രായത്തില്‍ റ്റീവീയില്‍ വായ്പ്പുണ്ണും കാട്ടി വരുന്നത് എന്നില്‍ അറപ്പുളവാക്കുന്നു, വെറുപ്പുളവാക്കുന്നു. ഞാന്‍ ദുഃഖിക്കുന്നു.”

താനിത്രകാലവും കോണ്ടു നടന്നതും, കൃഷ്ണയ്യരെ ജസ്റ്റിസ് കൃഷ്ണയ്യരാക്കിയതുമായ ജുഡിഷ്യറിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പബ്ലിക്ക് സ്റ്റേറ്റ്മെന്‍റിറക്കുന്നതും ഒരു ഓര്‍മ്മത്തെറ്റുപോലെ കൃഷ്ണയ്യരെ ഈയിടെയായി പിന്തുടരുന്നെന്നു തോന്നുന്നു. ഈ ലാവ്‌ലില്‍ കേസിനെക്കുറിച്ചു തന്നെ അദ്ദേഹം ലോവര്‍ ജുഡിഷ്യറിയെ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ ഒരു സ്റ്റേറ്റ്മെന്‍റ് ഇറക്കുകയുണ്ടായി. ഒന്നര ദിവസം കഴിയും മുന്‍പു തന്നെ സബ് ജുഡിസായ കേസിനെ ഇന്‍ഫ്ലുവന്‍സ് ചെയ്യാനല്ല താന്‍ ഉല്പ്രേക്ഷിച്ചതെന്നൊരു മറു സ്റ്റേറ്റ്മെന്‍റ് ഇറക്കി തടി തപ്പുകയും ചെയ്തു. വല്ല കാര്യവും ഉണ്ടായിരുന്നോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല.

അതുപോലെ ബിനായക് സെന്നിനെ ജയിലില്‍ നിന്നും വിടണമെന്നു പറഞ്ഞിറക്കിയ പ്രസ്താവനയിലും സെഷന്‍സ് കോടതിയെ നിശിതമായി വിമര്‍ശിച്ചു. ബിനായക് സെന്‍ നല്ല മനുഷ്യനാണെന്നും അദ്ദേഹത്തെ ജയിലടയ്ക്കേണ്ട ഒരാവശ്യവും ഇല്ലെന്നും ഞാന്‍ വിശ്വസിക്കുമ്പോഴും, അണ്ടര്‍ റ്റ്രയലില്‍ ഉള്ള ഒരു കേസിനെക്കുറിച്ചു ഒരു റിട്ട്. സുപ്രീം കോടതി ജഡ്ജി പറയുമ്പോള്‍ ഉണ്ടാകേണ്ട പക്വതയോ. ആഴമോ, നിയമ വിശകലനമോ ഒന്നും ഇല്ലാതെ വെറുതേ കാള മൂത്രമൊഴിക്കുന്നതു പോലെ സ്റ്റേറ്റ്മെന്‍റിറക്കിയ ജസ്റ്റിസിനെയോര്‍ത്തു എനിക്കു വ്യസനമുണ്ടായി. ഇങ്ങനെ പതിരുപോലത്തെ പ്രസ്താവനയിറക്കാനാണെങ്കില്‍ ഇവിടെ അരുന്ധതി റായ് ഉണ്ടല്ലോ! കൃഷ്ണയ്യരുടെ ആവശ്യമില്ല.

എത്രയെത്ര മഹത്വമാര്‍ന്ന കേസുകളില്‍ ആര്‍ജ്ജവത്തോടെ കാര്യ കാരണ സഹിതം വിധികളെഴുതിയ ഒരു ജുഡിഷ്യല്‍ മൈന്‍ഡിന്‍റെ പതനം! കോടതികള്‍ വിമര്‍ശനത്തിനതീതമെന്നല്ല വിവക്ഷ. വിമര്‍ശിക്കുന്നെങ്കില്‍ അതിന്‍റെ കാതല്‍ കേട്ടു നിഷ്പക്ഷമതികള്‍ തലകുലുക്കണം.വെറും റിട്ടറിക്ക് കൃഷ്ണയ്യരില്‍ നിന്നും പ്രതീക്ഷിക്കാതിരുന്നതു എന്‍റെ തെറ്റ്. റിട്ടയറാകുന്നതു വരെ ജുഡിഷ്യറി ജുഡിഷ്യറി എന്നു ജപിച്ചുകൊണ്ടിരുന്നിട്ടു ഇപ്പോള്‍ ബ്രദര്‍ ജഡ്ജുമാര്‍ക്കെതിരേപോലും വാച്യമായും വ്യംഗ്യമായും പ്രതികരിച്ചുകൊണ്ടേയിരിക്കുന്ന കൃഷ്ണയ്യര്‍ മറ്റൊരു കുട്ടിക്കൃഷ്ണനെ ഓര്‍മ്മിപ്പിച്ചു.കുട്ടികൃഷ്ണമാരാര്‍. സഹോദരനെ ഒറ്റിക്കൊടുത്തു മറുകണ്ടം ചാടിയ വിഭീഷണനെക്കുറിച്ചു മാരാര്‍ എവിടെയോ പറഞ്ഞിട്ടുണ്ട്. ഏതാണ്ടിങ്ങനെയോ മറ്റോ,

“ വിഭീഷണനോ? ആ പേരു കേട്ടാല്‍ പോയി കുളിക്കണം”

Sunday, May 31, 2009

നീര്‍മാതളപ്പൂവ്

ഈ നീര്‍മാതളപ്പൂവിനെ കണ്ണീരില്‍ കഴുകി അശുദ്ധമാക്കരുത്. കണ്ണീരു കൊണ്ട് ദഹിപ്പിയ്ക്കാം.

Tuesday, May 12, 2009

ജരാ യാദ് കരോ കുറ്ബാനീ

കുറച്ചു മാസങ്ങളായി ഛത്തീസ്ഗഡിലാണ്.

ഇന്നലെ നഗരി എന്ന ഗ്രാമത്തില്‍ 12പോലീസ് കോണ്‍സ്റ്റബിള്‍സിനേയും ഒരു സിവിലിയന്‍ ഡ്രൈവറേയും മാവോയിസ്റ്റുകള്‍ ബ്ലാസ്റ്റ് ചെയ്തു ഛിന്ന
ഭിന്നമാക്കി. ജീവന്‍റെ തുടിപ്പു മിച്ചമുണ്ടായിരുന്നവരെ വീണ്ടും വെടിവച്ചു; കൊന്നു എന്നുറപ്പു വരുത്താന്‍. പരുക്കേറ്റ 31 ജവാന്മാരില്‍ 7 പേരുടെ നില ഗംഭീരം.

ഇന്നലെത്തന്നെ കുരുസനാറില്‍ സ്ഫോടനത്തില്‍ മറ്റൊരു പോലീസുകാരന്‍ മരിച്ചു.

മെനിഞ്ഞാന്ന് സാലേപ്പള്ളിയില്‍ രണ്ട് സ്പെഷ്യല്‍ പോലീസ് ഓഫീസേഴ്സ് ഉള്‍പ്പെടെ മൂന്നു പേരെ കൊന്നു.


മേയ് 8 : ഫര്‍സ്ഗഡില്‍ ഒരു പോലീസ് സിപ്പായി ബലിറാം ഘോട്ടായിയെ മാവോയ്സ്റ്റുകള്‍ കൊന്നു.

മേയ് 7 : ഫര്‍സ്ഗാവിലെ ഹാട്ട് ബജാറില്‍ മലക്കറി വാങ്ങിക്കൊണ്ടിരുന്ന ഠൌണ്‍ ഇന്‍സ്പെക്റ്റര്‍ അബ്ദുള്‍ വാഹിദ് ഖാനെ കുത്തികൊലപ്പെടുത്തി.

മേയ് 6 - ആസിര്‍ഗുഡയില്‍ വിസ്ഫോടനം. 2 പോലീസ് കോണ്‍സ്റ്റബ്ബിള്‍സ്, 5 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 11 പേര്‍ പൊട്ടിച്ചിതറി മരിച്ചു വീണു.

- മര്‍ദാപ്പാലില്‍ ഒരു ചൌക്കീദാരെ കൊന്നു.

മേയ് 5: - ആങ്ദ്ധീ ഗ്രാമത്തില്‍ ലോക്കല്‍ ബീ ജേ പീ നേതാവിലെ കൊന്നു.

- തിമാപൂറില്‍ ഒരു സ്പെഷ്യല്‍ പോലീസ് ഓഫീസറെ കൊന്നു.

- മാന്‍പൂറില്‍ ബീ ജേ പീ നേതാവ് ദര്‍ബാര്‍ സിങ് മണ്ടാവിയുടെ ഹത്യ.

മേയ് 4: പങ്ഖാജൂറിലെ ജന്‍പഥ് പഞ്ചായത്ത് ഉപാദ്ധ്യക്ഷനെ കൊന്നു.

മേയ് 2: കോറീരാസ് ഗ്രാമത്തിനടുത്ത് സീആര്‍പീഎഫിലെ 3 ജവാന്മാര്‍ക്കു ഗംഭീര പരിക്ക്.


2009 ജനുവരി മുതല്‍ ഏപ്രില്‍ വരെ 221 നക്സല്‍ ആക്രമണങ്ങള്‍ നടന്നു. 65 ജീവന്‍ നഷ്ടപ്പെട്ടു. 20 പോലീസുകാര്‍, 4 സ്പെഷ്യല്‍ പോലീസുകാര്‍, 28
സിവിലിയന്‍സ്, 13 നക്സലൈറ്റ്കള്‍.

2008ല്‍ 272 പോലീസുകാര്‍ രക്തസാക്ഷികളായി. സാധാരണക്കാരും, സ്പെഷ്യല്‍ പോലീസുകാരും, നക്സലൈറ്റ്സും ഉള്‍പ്പെടെ 600 ല്‍ പരം മരണങ്ങള്‍ വേറേ.

കുറേ കൊല്ലങ്ങളായി ഇതു തുടരുന്നു.

മാവോയിസ്റ്റ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ ജനാധിപത്യമെന്ന “ Farce", "sham", " illution" നേയും “pig sty" എന്നു വിളിയ്ക്കുന്ന നിയമ നിര്‍മ്മാണ സഭകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പു നാടകത്തേയും രക്ഷിക്കാന്‍ വേണ്ടി ബലിയാടുകളായ സാധുക്കളാണ് ഇവര്‍.

“ഉന്നതവും, യഥാര്‍ത്ഥവും സത്യസന്ധവും” ആയ ജനാധിപത്യ വ്യവസ്ഥിതിയ്ക്കു വേണ്ടി യത്നിയ്ക്കുന്ന “Revolutionary People's Committee"കള്‍ക്കും "Revolutionary Peasent's Committee"കള്‍ക്കും വേണ്ടി “രണാങ്കണങ്ങളില്‍ മാവോയിസ്റ്റുകള്‍ വിടര്‍ത്തിയ ആദിവാസി രാജമല്ലിപ്പൂക്കള്‍” നൂറ്റുക്കണക്കിനു വേറേയും.


ഇരു ഭാഗത്തും മരിച്ചുവീണവരില്‍ അധികവും ആദിവാസികളും, പട്ടിണിയോടൊട്ടിനില്‍ക്കുന്ന കൃഷിക്കാരന്‍റെ മക്കളും, വയറ്റുപ്പിഴപ്പിനു വേണ്ടി ജോലിയെടുക്കുന്ന പോലീസ് സിപ്പായികളും


വെറുതേ ജനിച്ചു, വെറുതേ മരിച്ചു വീഴുന്ന ഈ പാഴ്ജന്മങ്ങള്‍ക്കു വേണ്ടി അര്‍ണാ ഗോസ്വാമിയുടെ കണ്ണുകളില്‍ നിന്നും തീപ്പൊരി പാറിയില്ല. തോളുകള്‍ ഇളക്കി അയാളെപ്പോലെയുള്ളവര്‍ ‘ ഇന്‍ഡ്യയുടെ മനസ്സറിയാന്‍‘ എസ്സ് എം എസ്സ് വോട്ടുകള്‍ ചോദിച്ചില്ല. ബര്‍ഖാ ദത്ത് ക്യാമറക്കണ്ണുകളും , ലൈറ്റുമായി അബൂജ് മാഡിലെ വനവീഥികള്‍കളില്‍ എത്തിയില്ല. ഖുശ്വന്ത് സിങും, കരന്‍ ഥാപ്പറും, പ്രഫുല്‍ ബിദ്വായിയും ഉള്‍പ്പെടുന്ന അസംഖ്യം കോളമിസ്റ്റുകള്‍ ആഴ്ച്ചക്കുറിപ്പുകള്‍ സ്പോണ്‍സര്‍ ചെയ്തില്ല. മഹാശ്വേതാ ദേവി വിലാപ സാഹിത്യമെഴുതിയില്ല. രാമചന്ദ്ര ഗുഹ ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റില്ക്കല്‍ വീക്കിലിയില്‍ ഗവേഷണ പേപ്പറിട്ടില്ല. നന്ദിനീ സുന്ദര്‍ മിണ്ടിയില്ല. സിദ്ധാര്‍ദ്ധ വരദരാജന്‍ ദ് ഹിന്ദുവില്‍ വിപ്ലവം വമിച്ചില്ല. ജസ്റ്റിസ് കൃഷ്ണയ്യര്‍, ലോവര്‍ ജുഡിഷ്യറി ഇവരുമായി ബന്ധപ്പെട്ട അണ്ടര്‍ റ്റ്രയല്‍ കേസുകളില്‍ എങ്ങനെ തീരുമാനമെടുക്കേണ്ടതെന്നറിയിച്ചു കൊണ്ടുള്ള വിധി, പ്രസ്താവന രൂപത്തില്‍ ഇറക്കിയില്ല. അരുന്ധതീ റായിയും, മേദ്ധാ പാട്ക്കറും, സന്ദീപ് പാണ്ടേയും മറ്റും വിമാനം കയറി ഛത്തീസ്ഗഡിലെത്തി ബുഡാ താലാബു മുതല്‍ ഘഡീ ചൌക്കു വരെ
പ്രതിക്ഷേധ റാലി നടത്തി ക്ഷീണിച്ചു ബിസിലറി വെള്ളം കുടിച്ചില്ല. നോബല്‍ സമ്മാന ജേതാക്കള്‍ ഇന്‍ഡ്യന്‍ പ്രധാന മന്ത്രിക്കും പ്രസിഡന്‍റിനും പ്രതിഷേധ
പെറ്റീഷനുകള്‍ അയച്ചില്ല.ആംനെസ്റ്റി ഇന്‍റര്‍ നാഷനലും മറ്റു അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളും ഇവരെക്കുറിച്ചു കേട്ടിട്ടേയില്ല. യൂ എസ്സിലെ
ഇന്‍ഡ്യന്‍ കൌണ്‍സലേറ്റിനു മുന്‍പിലും, യൂ ക്കേയിലെ ഇന്‍ഡ്യന്‍ എംബസ്സിയ്ക്കു മുന്നിലും, ചര്‍ച്ചു ഗേറ്റിലും, ഇന്‍ഡ്യാഗേറ്റിലും കത്തിച്ച മെഴുകു തിരികളുമായി ആരും പ്രദര്‍ശനത്തിനെത്തിയില്ല. എഡില്‍ബെറോ യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ -ബെര്‍ക്കെലേയും ജേ എന്‍ യൂവും ഒരു സെമിനാര്‍ പോലും സംഘടിപ്പിച്ചില്ല. ആരും സ്വര്‍ണ്ണമെടലുകളും ഇന്‍റര്‍ നാഷണല്‍ അവാര്‍ഡുകളും കൊടുത്തില്ല.


ഛത്തീസ്ഗഡിന്‍റെ മണ്ണില്‍ പിടഞ്ഞു വീണ ഈ പ്രാണനു താങ്ങുവിലയിട്ട സര്‍ക്കാര്‍ കനിഞ്ഞു കൊടുക്കുന്ന കാശിനു വേണ്ടി ചെറുപ്പക്കാരികാളായ
വിധവകള്‍ കൈക്കുഞ്ഞുങ്ങളുമായി എസ്സ്പീ ഓഫീസിലും, താലൂക്കു കച്ചേരിയിലും, റ്റ്രഷറി കൌണ്ടറിനു മുന്നിലും. പിന്നെ ദയാപൂര്‍വ്വം ഇന്‍ഷ്വറന്‍സ് കമ്പനി വച്ചു നീട്ടുന്ന ചെക്കിനു വേണ്ടി മരണ സര്‍ട്ടിഫിക്കറ്റു തേടി നരകയാത്രകള്‍.


ഇവിടെ വര്‍ഗ്ഗ ബോദ്ധമില്ലാത്ത ഈ പ്രതിവിപ്ലവകാരി മറ്റൊന്നും ചെയ്യാനില്ലാതെ ഏ സീ മുറിയിലിരുന്നു ലാപ്പ്റ്റോപ്പില്‍ റ്റൈപ്പു ചെയ്തു ബ്ലോഗില്‍ പോസ്റ്റിടുന്നു.

ഇപ്പോള്‍ തോന്നുന്നത് ഏകാന്ത ശൂന്യത മാത്രം. കസ്തൂരിമാനും കല്ലോലിനിയും ഒന്നുമില്ലാത്ത മനസ്സില്‍ തന്നോടു തന്നെയുള്ള ഹീന ഭാവന; സ്വയം വെറുപ്പു.


ഇതു വായിക്കാനെത്തുന്ന ചുരുക്കം ചില ഫ്രണ്ട്സിനോടു പറയുവാന്‍ നെരൂദയുടെ പറഞ്ഞു പഴകിയ ഈ വരികള്‍ മാത്രം,

“Come and see the blood in the streets.
Come and see
the blood in the streets.
Come and see the blood
in the streets!”

Saturday, April 18, 2009

അല്ലെങ്കി വേണ്ടച്ഛാ

എന്‍റെ അച്ഛന്‍ ഒരു പേടിത്തൊണ്ടനാണ്. ഒരു കാര്യവും നേരേ ചൊവ്വേ ചെയ്യാമ്പറ്റൂല അച്ഛന്. കൊച്ചുന്നാളിലേ ഞാനിതു മനസ്സിലാക്കിയതാ.
ഒന്നിപ്പഠിക്കുമ്പഴേ അച്ഛന്‍റെ ഈ വഴുവഴുപ്പന്‍ സ്വഭാവം ഞാന്‍ അനുഭവിച്ചിട്ടുള്ളതല്ലേ. വൈദ്യമഠത്തീന്നു പിഴിച്ചിലു കഴിഞ്ഞു വരുന്നവഴി ഒരാളെന്നെ നോക്കി കണ്ണുരുട്ടി. നാക്കു നീട്ടി. വിരലു ചൂണ്ടി.

“ അച്ഛാ, അഛാ.... ഇങ്ങേരാര്? പോലീസാ? എന്നെ വെരുട്ടുണു”

അച്ഛന്‍ ഒന്നും മിണ്ടാതെ വെറുതേ ചിരിച്ചതേയുള്ളൂ. അയാളെ ഒന്നും പറഞ്ഞില്ല.

“ അച്ഛാ, ഒരു കത്തിയെടുത്ത് അയാളെ വെട്ടിയാലോ? അല്ലെങ്കി വേണ്ടച്ഛാ ഒരു കല്ലെടുത്ത് എറിയാം”

ഞാന്‍ റോഡില്‍ നിന്നൊരു കല്ലെടുത്തു.
അച്ഛന്‍ വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു,

“ അതു നമ്മുടെ തട്ടുകടക്കാരന്‍ കിഷനല്ലേടാ”

എനിയ്ക്കു ദേഷ്യം വന്നു. അച്ഛന്‍ അയാളെ വെരുട്ടീലെന്നു മാത്രമല്ല “ നിന്‍റെ മരുമോന്‍റെ വിസ ശരിയായോടാ കിഷാ” എന്നു ചോദിച്ചു കിന്നാരം
പറയാനും തുടങ്ങി.

പിന്നെ ഞാന്‍ പോട്ടേന്നു വച്ച് എറിയാനോങ്ങിയ കല്ലു പോക്കറ്റിലിട്ടു.


അമ്മ അനിയനെ പെറ്റു ആശൂത്രീല് കെടക്കുമ്പഴാ. മെഡിക്കല്‍ കോളേജ് ജങ്ഷനി വച്ച് ഞങ്ങടെ സൈക്കിളിനെ ഒരു കറുത്ത അമ്പാസിഡര്‍ ഓവര്‍ട്ടേക്കു ചെയ്തു ‘ശൂ’ന്നു ഒറ്റപ്പോക്ക്. സൈക്കിള്‍ ആശൂത്രീടെ സൈഡില്‍ വച്ച് അമ്മേം അനിയനേം കാണാന്‍ ഞങ്ങള്‍ പോകാമ്പോയപ്പഴാ ഞാന്‍ കണ്ടത്. ആ കറുത്ത അമ്പാസിഡര്‍ കാറ് അവിടെ നിയ്ക്കുണു. അതീന്നൊരുത്തന്‍ എറങ്ങി ജാഡയില്‍ അച്ഛനോടു പറയുവാ

“ സാറേ ആ സൈക്കിളൊന്നു മാറ്റുത്തരുമോ? റിവേഴ്സെടുക്കാനാ”
എന്ന്. എന്നിട്ടങ്ങനെ പവറിലു നിയ്ക്കയാ.

“പോടാ നിന്‍റെ പാട്ടിനു” എന്നു പറയണമെന്നുണ്ടായിരുന്നു. എന്നാ അച്ഛന്‍ കമാന്നൊരക്ഷരം മിണ്ടാതെ സൈക്കിളെടുത്ത് മാറ്റിക്കൊടുത്ത്.ആശൂത്രീടെ അഞ്ചാമത്തെ നെലേന്ന് കാറിന്‍റെ പുറത്തോട്ടിടാന്‍ ഒരു കല്ല് ഞാന്‍ എടുത്ത് പോക്കറ്റിലിട്ടു. “വച്ചിട്ടൊണ്ടെടാ നെനക്കു. അവന്‍റെ ഒരു ജാഡയും
പവറും!” എന്നു മനസ്സിപ്പറഞ്ഞു.
അച്ഛനാനെങ്കി നന്നാവണോന്നു ഒരു വിചാരോമില്ല.

“ അച്ഛാ, അഛാ, നമുക്കൊരു അമ്പാസഡര്‍ കാറ് വേടിയ്ക്കണം, കേട്ടോ. അല്ലെങ്കിവേണ്ടച്ഛാ, ഒരു റോക്കറ്റ് വേടിയക്കാം. അതിനാ ഏറ്റവും കൂടുതല്‍
സ്പീഡ്”

“ നമുക്കതൊക്കെ മേടിയ്ക്കം നീ ആദ്യം ആ കല്ലെടുത്തു കള. ആരെയും കല്ലെടുത്തെറിയാമ്പാടില്ലാന്നു ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞു തന്നിട്ടുള്ളതാ”

ഒരു കല്ലു പോക്കറ്റീന്നെടുത്ത് ഞാന്‍ കളഞ്ഞു. വേറൊരെണ്ണം പോക്കറ്റിലുള്ളത് അച്ഛനറിയാതെ ഒളിപ്പിച്ചു വച്ചു.
വൃത്തിയായിട്ടു ഒരു തീരുമാനമെടുക്കാന്‍ അച്ഛനെക്കൊണ്ട് ഒരിക്കലും ഒക്കുകേല. ഞാനേ ഏഴിപ്പഠിക്കുമ്പഴാണ് എനിയ്ക്കു മനസ്സിലായത്. വെറുതേ സ്ക്കൂളിമാത്രം പഠിച്ചാപ്പോര വേറേ എന്തെങ്കിലും ഒക്കെക്കൂടെ പഠിക്കണം . സ്കൂളി പ്പോകുന്ന വഴി അച്ഛനോടു ഞാമ്പറഞ്ഞു,

“ അച്ഛാ, അഛാ ഇപ്പൊഴൊക്കെ വേറേ എന്തെങ്കിലുമൊക്കെ കൂടെ പഠിച്ചാലേ ഗുണമൊള്ളൂ. ഹിന്ദി പഠിച്ചാലോ അച്ഛാ”

“ നെനക്കതാണു നല്ലതെന്നു തോന്നിയാ പഠിച്ചോ. രാഷ്ട്രം, വിശാരദ് എന്നൊക്കെ സര്‍ട്ടിഫിക്കറ്റ് കിട്ടും”


“ അല്ലെങ്കി വേണ്ടച്ഛാ, നമുക്ക് റ്റെപ്പ് പഠിക്കാമച്ഛാ. അതിനാ ഇപ്പൊ ഡിമാന്‍റ്”

“ എന്നാ ആയിക്കോട്ടെ”

“ അല്ലെങ്കി വേണ്ടച്ഛാ, കമ്പ്യൂട്ടറ് പഠിക്കാം. അതാവുമ്പം കമ്പ്യൂട്ടര്‍ ഫോട്ടോഗ്രാഫീം ചെയ്യാമ്പറ്റും”

അച്ഛന്‍ ഒന്നും മിണ്ടീല്ല. അച്ഛന് ഒരു തീരുമാനോം എടുക്കാനുള്ള കഴിവില്ല.

അച്ഛന്‍ പഠിപ്പിക്കുന്ന സ്കൂളിത്തന്നെയാ ഞാനും അനിയനും പഠിച്ചിരുന്നത്. അവന്‍ അവന്‍റെ കൂട്ടുകാരോടെ സ്കൂളിപ്പോം. അച്ഛനെ ഒറ്റയ്ക്കു വിട്ടാല്‍
ശരിയാവൂല്ല. അതുകൊണ്ട് ഞാന്‍ അച്ഛന്‍റെ കൂടേ സ്കൂളിപ്പോവൂ.

“ നെനക്ക് അവനെപ്പോലെ നെന്‍റെ കൂട്ടുകാരുടെ കൂടെ സ്കൂളിപ്പൊയ്ക്കൂടേ”

എന്നിട്ടു വേണം നാട്ടുകാരുടെ വായിലിരിയ്ക്കുന്നതൊക്കെ കേട്ട് അച്ഛന്
മാനംകെട്ട് വളവളാന്നു നടക്കാന്‍. എന്‍റെ പോക്കറ്റില്‍ കല്ലുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ഞാങ്കൂടെ ഉണ്ടെങ്കില്‍ അച്ഛനെ ആരും ഒന്നും പറയില്ല.


സ്കൂളിലെ ജാനമ്മ സാറാണ് എന്നെ വെറുതേ എപ്പഴും തോല്‍പ്പിയ്ക്കുന്നത്. അവര്‍ക്ക് എന്നെ കണ്ണു കീറിയാല്‍ കണ്ടൂട. അവര് ഒറ്റ ഒരുത്തി കാരണമാണ് അനിയന്‍ എന്നെക്കാളും വലിയ ക്ലാസ്സിലായത്. ജാനമ്മ സാറിന്‍റെ ചെരിപ്പെടുത്ത് ഞാന്‍ ആണുങ്ങടെ മൂത്രപ്പെരയില്‍ കൊണ്ടിട്ടു. ഞാനാണെന്നറിഞ്ഞപ്പോള്‍, “ അവനിതിനൊക്കെയുള്ള കുരുട്ട് ബുദ്ധിയൊണ്ട്” എന്നും പറഞ്ഞ് എന്‍റെ ചെവിയില്‍ തിരുമി.. വേദനിച്ചപ്പോള്‍ എനിക്കു ദേഷ്യം വന്നു. ജാനമ്മ സാറിന്‍റെ മോള്‍ ആ ഗുണ്ടുമണി ശ്രീലത ആട്ടോ റിക്ഷയിടിച്ചു ചത്തുപോട്ടേന്ന് ഞാന്‍ എല്ലാരും കേള്‍ക്കെ പ്രാകി. അതുകേട്ട് കരഞ്ഞും കൊണ്ട് ജാനമ്മ സാര്‍ വീണ്ടും വീണ്ടും ദേഷ്യപ്പെട്ട് എന്നെ തല്ലി. ഞാന്‍ പോക്കറ്റീന്നു കല്ലെടുത്ത് ജാനമ്മ സാറിനെ ഇടിയ്ക്കും എന്നു പറഞ്ഞു. അതവരുടെ മനസ്സിക്കെടപ്പൊണ്ട്. അതിന്‍റെ ചൊരുക്കു തീര്‍ക്കാനാണ് എന്നെ വീണ്ടു വീണ്ടും തോല്‍പ്പിച്ചത്.


അച്ഛന് ഒരു വിവരവും ഇല്ല. ഇത്രയും വലുതായിട്ടും എനിയ്ക്കു വള്ളി നിക്കറാണു വാങ്ങിച്ചു തരുന്നത്.

“ അച്ഛാ, അഛാ.. അനിയനെപ്പോലെ ഞാന്‍ പാന്‍റ് ഇട്ടോട്ടെ?”

“ ശരി നമുക്കു പാന്‍റ് മേടിയ്ക്കാം”

“ അല്ലെങ്കി വേണ്ടച്ഛാ, മുണ്ട് മതി. മുണ്ടാവുമ്പം മഴയത്ത് മടക്കിക്കുത്താം”

എന്തായാലും അടുത്ത ഓണത്തിനു, തോളില് വള്ളിയുള്ള പാന്‍റ് അച്ഛന്‍ വേടിച്ചു തന്നു.

അച്ഛനു മുന്നും പിന്നും നോക്കുന്ന ശീലമേയില്ല. എന്‍റെ ഭാവിയെക്കുറിച്ചു ഒരു ശ്രദ്ധയും ഇല്ല. എന്‍റെ ആഗ്രഹം അച്ഛനോടു ഒരിക്കല്‍ പറഞ്ഞു,

“ അച്ഛാ, അഛാ ഞാന്‍ അനിയനെപ്പോലെ ഒരു കളക്ടരായാലോ അച്ഛാ?”

“ അവനെപ്പോലെ നന്നായി പഠിച്ചാല്‍ നെനക്കും കളക്ടറാവാം”

“ അല്ലെങ്കി വേണ്ടച്ഛാ, ഡാക്ക്ടരാവാം. അതാവുമ്പം നല്ല വെള്ള കോട്ടൊക്കെ ഇടാം.”

പഠിക്കമ്പറ്റീല്ല. അവസാനം അച്ഛന്‍റെ സ്കൂളിത്തന്നെ ജോലിയും കിട്ടി. ഒരു പണിയും ഇല്ലാത്ത ജോലിയാ. പീരീഡ് കഴിയുമ്പം മണി അടിയ്ക്കണം. അത്രേ ഉള്ളൂ. പിന്നെ ചായ വങ്ങിക്കൊടുക്കാനൊന്നും ഞാമ്പോവൂല്ല..


ജാനമ്മ സാറിന്‍റെ മോള്‍ ശ്രീലതയെ അനിയന്‍ കെട്ടി. എന്നാ, മൂത്തവന്‍ കെട്ടാതെയിരിക്കുന്നെന്ന വല്ല വിചാരവും അച്ഛനുണ്ടായിരുന്നോ? ആ ശ്രീലതയെ എനിക്കു കെട്ടിച്ചു തന്നൂടായിരുന്നൊ? അനിയനെ പെറ്റപ്പഴേ അമ്മ ചത്തുപോയി. അമ്മയുണ്ടായിരുന്നെങ്കി ശ്രീലതയെ എനിയ്ക്കു തന്നെ കിട്ടിയേനേ. ഇതാ ഞാന്‍ ആദ്യമേ പറഞ്ഞത് അച്ഛനു ഒരു ഉത്തരവാദിത്തവുമില്ലെന്ന്.


അനിയന്‍ കളക്ടറായിരിക്കുന്ന പത്രാസ്സൊക്കെ ഒന്നു പോയി കാണണ്ടേ? അച്ഛനു ങേ ഹേ , ആ വിചാരമേയില്ല.

“ അച്ഛാ, അഛാ, നമുക്കു അനിയന്‍റെ വീടുവരെ ഒന്നു പോയിട്ട് വന്നാലോ?”

“ അതിനെന്താ , നമുക്കു പോവാം”

അനിയന്‍റവിടെ പോകാനായി ബസ്റ്റാന്‍റി നിന്നപ്പോഴാണ് തോന്നിയത് ഈ അച്ഛനു ഒരു വീണ്ടു വിചാരോം ഇല്ലെന്ന്.

“ അല്ലെങ്കി വേണ്ടച്ഛാ, നമുക്ക് പോണ്ട. ഞാമ്പോണത് ശ്രീലതയ്ക്കു കുറച്ചിലായാലോ?”

Wednesday, April 15, 2009

ആത്മ പ്രയാഗ


കാല്‍ വിരലുകള്‍ കൊണ്ടൊന്നു തൊട്ടു. ഓളങ്ങള്‍ തരിച്ചു. നീലജലത്തിനു ആദ്യപ്രണയത്തിന്‍റെ കുളിര്. പതുക്കെ പതുക്കെ നീന്തല്‍ക്കുളത്തില്‍ ഇറങ്ങി.
ദിവസങ്ങള്‍ക്കു ശേഷം. ഒന്നു മുങ്ങി. ഒരു നിമിഷത്തേയ്ക്കു പഴയ പേടി വീണ്ടും. വെള്ളത്തിലിറങ്ങുമ്പോള്‍ ഇപ്പോഴും ആദ്യം കേള്‍ക്കുന്നത് ഒരു
മുഴക്കമാണ്. പതുക്കെ പതുക്കെ നീന്താന്‍ ശ്രമിച്ചു.

പണ്ട് നീന്തല്‍ പഠിപ്പിച്ച യശ്പാല്‍ ടോക്കസ് പറയുമായിരുന്നു, “ നീന്തലിനൊരു താളമുണ്ട്, ശ്വാസോഛ്വാസത്തിനൊരു ക്രമമുണ്ട്”. ആ താളവും
ക്രമവുമൊക്കെ ക്ഷമയോടെ അയാള്‍ പരിശീലിപ്പിച്ചു. ‘ഒരു പ്രായം കഴിഞ്ഞാല്‍ നീന്തലൊന്നും പഠിക്കാന്‍ പറ്റില്ല’ എന്നു പറഞ്ഞവരുടെ മുന്നിലുടെ ടോക്കസിനോടൊപ്പം അന്‍പതു മീറ്റര്‍ നീളവും ആദ്യമായി നീന്തിക്കടന്നപ്പോള്‍ ഒരു വാശികൂടി നേടിയെടുത്ത സംതൃപ്തിയിലായിരുന്നു. പിന്നെ സീസണ്‍ കഴിയാറായപ്പോള്‍ അരമണിക്കൂറിനുള്ളില്‍ പത്തു പന്ത്രണ്ട് ലെങ്ത്ത് ചെയ്യാമെന്നായി, എല്ലാ സ്റ്റ്രോക്ക്സും ശീലവുമായി. നീന്തല്‍ ഭ്രാന്തായി. നീന്തല്‍ക്കുളം അടയ്ക്കുന്ന ദിവസത്തെ രാത്രി ടോക്കസും ഞാനും കുളത്തിനരികിലെ പുല്‍ത്തകിടിയിലിരുന്നു തണുത്ത ബിയര്‍ കഴിച്ചു. ഹിമശൃംഗങ്ങളിലെ പഹാഡികളുടെ ഗ്രാമത്തിലെ കഥകള്‍ ടോക്കസ് പറഞ്ഞു. ഒരു അതിരുതര്‍ക്കത്തിനൊടുവില്‍ ടോക്കസിന്‍റെ ചാച്ച അവന്‍റെ വലതു കൈപ്പത്തി വെട്ടി. മുറിഞ്ഞു മലര്‍ന്ന കൈപ്പത്തി മുണ്ടുകൊണ്ട് വാരിക്കെട്ടി, വാര്‍ന്നൊഴുന്ന ചോരയുമായി ടോക്കസ് നിന്തല്‍ പഠിക്കാന്‍ വരാറുണ്ടായിരുന്ന ഡോക്ടറുടെ വീട്ടിലേയ്ക്കോടി. രാത്രിതന്നെ ഓപ്പറേഷന്‍ തീയേറ്റര്‍ തുറന്ന് അയാള്‍ ടോക്കസിന്‍റെ കൈപ്പത്തിയിലെ ഓരോ ഞരമ്പും തുന്നിച്ചേര്‍ത്തു. തണുത്ത ബിയര്‍, കൈപ്പത്തിയിലേയ്ക്കു പതുക്കെ പതുക്കെ ഒഴിച്ചു കൊണ്ട് ടൊക്കസ് ആ ഡോക്റ്ററെ ഓര്‍ത്തു. നന്മ നേര്‍ന്നു.


അസുഖമായതിനു ശേഷം ആദ്യമായാണു നീന്താന്‍ ശ്രമിക്കുന്നത്. ടോക്കസ് പിറകില്‍ നിന്നും വിളിച്ചു പറയുന്നതുപോലെ,
“ സാബ് ടര്‍നാ മത്. ആരാം സേ ..... കുച്ഛ് നഹി ഹോഗാ....... ഇല്ല പേടിയ്ക്കാന്‍ പാടില്ല. ധൈര്യമായി നീന്തൂ. പതുക്കെ , പതുക്കെ. ആദ്യം ബാക്ക് സ്റ്റ്രോക്ക്, പിന്നെ ബ്രസ്റ്റ് സ്റ്റ്രോക്ക്. കൈകള്‍ക്കും കാലുകള്‍ക്കും വേദനയ്ണ്ടെങ്കില്‍ ഫ്രീ സ്റ്റൈല്‍ പതുക്കെ ചെയ്താല്‍ മതി. സ്പൈനല്‍ പെയിനുള്ളതുകൊണ്ട് ബട്ടര്‍ ഫ്ലൈ സ്റ്റ്രോക്ക് വേണ്ടേ വേണ്ട”.

എന്തൊക്കെ മണ്ടത്തരങ്ങളാണ് ആലോചിയ്ക്കുന്നത്? ടോക്കസിനേയും അവന്‍റെ നഗരത്തേയും വിട്ടിട്ടു വര്‍ഷങ്ങളായില്ലേ?


“അറിഞ്ഞുകൊണ്ട് ചെയ്ത പാപങ്ങളുടെ ഫലങ്ങള്‍ അനുഭവിച്ചേ മതിയാവൂ, ഏതു പ്രയാഗയില്‍ കുളിച്ചാലും തീരില്ലത്”, രുദ്രപ്രയാഗയിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ അവള്‍ രുദ്രയായി. സ്വര്‍ണപ്രയാഗ, കര്‍ണ്ണപ്രയാഗ, ദേവപ്രയാഗ അങ്ങനെ ഒരു യാത്ര. ഒടുവില്‍ അലഹബാദിലെ പ്രയാഗയില്‍. മന്ദാകിനി, അളകനന്ദ, ഭാഗീരഥി, സരസ്വതി. അമ്മയുടെ കഥകളിലെ ദൈവങ്ങളുടെ നദികള്‍. വീടിനു "പ്രയാഗ" എന്നു പേരിട്ടപ്പോള്‍ മുതല്‍ ഉള്ള ആഗ്രഹമാണ് ഹിമനദികളില്‍ ഒരിക്കലെങ്കിലും ഒന്നു മുങ്ങി മനസ്സു തണുപ്പിക്കണമെന്ന്. പാപക്കറകള്‍ കഴുകാനല്ല ഈ യാത്രയെന്നു അവള്‍ക്കു നന്നായറിയാം. എന്നിട്ടും.
മാന്‍സരോവറില്‍ മാത്രം പോകാന്‍ കഴിഞ്ഞില്ല. മുടിഞ്ഞ മെഡിക്കല്‍ റ്റെസ്റ്റ്.യാത്രയില്‍ ഇടയ്ക്കിടെ മൌനം ഗംഗോത്രി പോലെ ഉറഞ്ഞു നിന്നു. ചിലപ്പോള്‍ ഉരുകിയൊലിച്ചു. മാനാ ഗ്രാമത്തില്‍ നിന്നും സ്വര്‍ഗ്ഗാരോഹിണി വഴി യുധിഷ്ടിരനു പിന്നാലേ പാണ്ഡവരും ദ്രൌപദിയും പോയ വഴിയേ ഞങ്ങള്‍ നടന്നു. അവള്‍ എന്‍റെ പിറകേ. ദുര്‍ഘടമായ ഒറ്റയടി പാതകളില്‍ അവളെ കൈ പിടിച്ചു നടത്തി.. ദ്രൌപദി വീണ സ്ഥലം കണ്ടപ്പോള്‍ അവള്‍ അഞ്ചു ഭര്‍ത്താക്കന്മാരെയും വികാര രഹിതമായ ഒരു മര്‍മര ശബ്ദത്തില്‍ ശപിച്ചു. വസുധാരാ വെള്ളച്ചാട്ടത്തിനു സൌമ്യതയായിരുന്നു. അവസാനം, വസുധാരായുടെ ജലകണങ്ങള്‍ പുകപോലെ അന്തരീക്ഷത്തില്‍ അലിഞ്ഞലിഞ്ഞില്ലാതെയായി. ഒരു മഴവില്ല് വര്‍ണ്ണനിഴല്‍ പോലെ വസുധാരായുടെ ആത്മാവില്‍ മറഞ്ഞു നിന്നിരുന്നു. മഞ്ഞു നദികളിലൊക്കെ മുങ്ങിക്കുളിച്ചിട്ടും മനസ്സുകള്‍ ഗൌരീകുണ്ട് പോലെ തപിച്ചു തന്നെ കിടന്നു, അറിഞ്ഞും അറിയാതെയും ചെയ്തുപോയ പാപങ്ങളുടെ ബാക്കിപത്രം പോലെ.


നീന്തുമ്പോള്‍ വേദന തോന്നുന്നുണ്ടോ? ഇല്ലെന്നു തന്നെ കരുതി. പതുക്കെ കൈകാലുകള്‍ നീന്തലിന്‍റെ താളം തിരിച്ചറിഞ്ഞപോലെ. നീന്തല്‍കുളത്തില്‍ വളരെ കുറച്ചു പേരേയുള്ളൂ. രണ്ടു കൊച്ചു കുഞ്ഞുങ്ങളെ അച്ഛന്‍ നീന്തല്‍ പഠിപ്പിയ്ക്കുന്നു. അമ്മ കരയില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ വിളിച്ചു പറയുന്നു.
“ ഒണ്‍ റ്റൂ ത്രീ ഫോര്‍...പുഷ്,,,..... ഡോണ്‌ഡ് സ്റ്റോപ്പ്.....”
“ കീപ്പ് ദ ഹെഡ് ഡൌണ്‍”കൊച്ചു കുറുമണി കുഞ്ഞുങ്ങളിലൊരാള്‍ ആഴം കൂടിയ ഭാഗത്തെത്തിയപ്പോള്‍ പേടിച്ചു പോയി.
“പാപ്പാ മുച്ഛേ ബച്ചാവോ...ബച്ചാവോ” എന്നു ഉറക്കെ വിളിച്ചു കരയാന്‍ തുടങ്ങി. അച്ഛന്‍ ചിരിച്ചുകൊണ്ട് കുഞ്ഞിനെ മാറോടടുപ്പിച്ചു.


വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ഡിസംബര്‍ പതിനൊന്നിനു അച്ഛനറിയാതെ കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിയ്ക്കാന്‍ പോയതോര്‍ക്കുന്നു. തിരകളില്‍ ആറാടി തിമിര്‍ത്ത് ഞങ്ങള്‍ അഞ്ചുപേര്‍. അരയോളം വെള്ളത്തില്‍. അന്നു നീന്തലറിയില്ല. ആര്‍ത്തടുക്കുന്ന തിരയ്ക്കൊപ്പം കരയിലേയ്ക്കോടിക്കയറും. പിന്നെ തിരിച്ചറിഞ്ഞു, തിരയ്ക്കൊപ്പം കടപ്പുറത്തേയ്ക്കു ഓടിക്കയറാന്‍ സാധിയ്ക്കുന്നില്ല. മാത്രമല്ല ആഴ്ക്കടലിലേയ്ക്കു അറിയാതെ നീങ്ങി
പൊയ്ക്കൊണ്ടിരിയ്ക്കുന്നു. കാലുകള്‍ കടല്‍ത്തട്ടില്‍ ആഴ്ന്നു പോകുന്നതുപോലെ. ഓരോ തിരയും പാദങ്ങള്‍ക്കടിയില്‍നിന്നും പൂഴിമണല്‍ വലിച്ചെടുത്ത് കടലിലേയ്ക്കു തിരിച്ചു പോയി. വെള്ളം കഴുത്തറ്റമായി. പിന്നെ തലയ്ക്കു മുകളിലൂടെ തിരമാലകള്‍ കടന്നു പോകുന്ന മുഴക്കം. ഇളം പച്ച നിറം ചാലിച്ച നീല സാഗരം ചുറ്റും ചാഞ്ചാടി. വെപ്രാളത്തിനിടെ ജീവിതം വേഗതയോടെ റീ വൈന്‍ഡ് ചെയ്യുന്ന ചിത്രങ്ങള്‍ വ്യക്തമായി കണ്ടു. ഏറ്റവും അടുത്ത സുഹൃത്ത് എന്‍റെ കഴുത്തില്‍ ചവിട്ടിക്കയറി എങ്ങനെയെങ്കിലും ശ്വാസം കിട്ടാന്‍ തത്രപ്പെട്ടു. പിന്നെ എങ്ങനെയോ അവന്‍ കൈവിട്ടു അകന്നകന്നു പോയി.
എവിടെ നിന്നോ ‘ഡൊണ്ട് റ്റച്ച് മൈ ബോഡി, ഡോണ്ട് റ്റച്ച്’ എന്നൊരു മുഴക്കം. പിന്നെ വെള്ളം കക്കി കടല്‍ക്കരയില്‍ കിടക്കുന്നതുമാത്രം ഓര്‍മ്മ.
ഞങ്ങളഞ്ചുപേരേയും റ്റ്യൂറിസ്റ്റ്സും മുക്കുവരും കൂടെ രക്ഷപ്പെടുത്തി. പിന്നീടു ഒന്നു നന്ദി പറയാന്‍ പോലും അവരെ കണാന്‍ കഴിഞ്ഞില്ല. നിയോഗം
കഴിഞ്ഞു അവരെവിടെയോ പോയി. അടുത്ത കൊല്ലം ഡിസംബര്‍ പതിനൊന്നിനു നാഷണല്‍ മീറ്റിനു വന്ന എട്ടു അത്‌ലെറ്റുകള്‍ അതേ കടവില്‍. മൂന്നാം പക്കം മൂന്നോ നാലോ ശവങ്ങള്‍ കരയ്ക്കടുത്തു. ബാക്കിയുള്ളവരെ അറബിക്കടലിന്‍റെ അടിയൊഴുക്ക്, ഇളം പച്ച നിറമുള്ള നീലജലത്തിലെവിടെയോ ഒരു മുഴക്കത്തോടെ. എങ്ങോട്ടോ..


കൈകാലുകള്‍ വേദനിച്ചു തുടങ്ങിയപ്പോള്‍ നീന്തല്‍ക്കുളത്തിന്‍റെ ഓരത്തെ കമ്പിയില്‍ പടിച്ചു ഞാന്‍ ക്ഷീണമകറ്റുന്നതിനിടെ ആരോ പറയുന്നതു കേട്ടു നാളെ മുതല്‍ ‘ദന്തേശ്വരി മന്ദിരത്തിലെ രഥയോട്ടം‘ തുടങ്ങുന്നെന്ന്. ദന്തിനിയും ശംഖിനിയും നദികള്‍ സംഗമിയ്ക്കുന്ന കരയില്‍ മാ ദന്തേശ്വരിയുടെ തേരുരുളുന്ന ദിനങ്ങള്‍.


“ വാത്തി എങ്കെ പോയിട്ടാന്‍?” പ്രഭാത പൂജകഴിഞ്ഞ് നടയടച്ചു വാത്തി പോയതാണ്. പിന്നെ കാണാനില്ല. വാത്തിയെ കാണാനില്ലെന്ന വാര്‍ത്ത പരന്നു.
കൊല്ലത്തി മുടിപ്പര വാതില്‍ക്കല്‍ അലമുറയിട്ടു. വാത്തിയുടെ മുതുമുത്തച്ഛന് കിണറ്റില്‍ വെള്ളം കോരുന്നതിനിടെ കിട്ടിയ പാക്ക് രണ്ടായി
മുറിച്ചപ്പോള്‍ ധാര ധാരയായി ചോരയൊഴുകി. ഭഗവതിമാരാണെന്നു പ്രശ്നം വച്ചപ്പോള്‍ തെളിഞ്ഞു. ഭക്തി പൂര്‍വ്വം ചടങ്ങുകളോടെ പ്രതിഷ്ഠ നടത്തി.
മുടിപ്പുരയും കെട്ടി. പൂജയ്ക്കുള്ള അവകാശം തലമുറകളായി കൊല്ലന്‍റെ കുടുംബക്കാര്‍ക്ക്. ആ വഴിയ്ക്കാണു കുമരപ്പണിയ്ക്കന്‍ വാത്തിയായത്.
ഇന്നലെ ഗരുഡന്‍ തൂക്കത്തുള്ള വില്ലു പൂജിയ്ക്കാന്‍ വാത്തിയുണ്ടായിരുന്നു. പര്‍ണേറ്റുകളത്തിലും വാത്തിയുണ്ടായിരുന്നു. ദേവിമാരേയും എഴുന്നള്ളിച്ചു, ‘ദാരിക വീരാ പോരിനു വാടാ’ എന്ന ആര്‍പ്പു വിളികള്‍ക്കിടയില്‍ മടലു ചെത്തി മിനുപ്പിച്ച വാളുകൊണ്ട് ദാരുകന്‍റെ കുരുത്തോലത്തല ദേവിമാരാവാഹിച്ച വാത്തി കൊയ്തെടുത്തതാണല്ലോ?എല്ലാരും വാത്തിയെ അന്വേഷിച്ചു നടന്നു. വാത്തിയെ കണ്ടുകിട്ടിയില്ല. കൊല്ലത്തി പറഞ്ഞാണു പിന്നെ നാട്ടുകാരറിഞ്ഞത് പര്‍ണേറ്റിനു ദാരുകനായി വേഷം
കെട്ടിയ ചെക്കന്‍റെ കൂടെ വാത്തിയുടെ ഇളയ മകള്‍ രാത്രി ഒളിച്ചോടിപ്പോയി.
മുടിപ്പുരയുടെ തെക്കേപ്പറമ്പിലെ ചെളിക്കുളത്തിലെ ആഫ്രിക്കന്‍ പായലുകള്‍ക്കിടയില്‍, വാത്തി പൂജാസമയത്തു അരയില്‍ ചുറ്റാറുള്ള ചുവന്ന പട്ട് ആദ്യം കണ്ടത് ഞാനായിരുന്നു.


നീന്തല്‍ക്കുളം അടയ്ക്കാന്‍ ഇനിയും നേരമായിട്ടില്ല. സമയം തെറ്റി ഒരു ചാറ്റല്‍ മഴ. വെറുതേ നീല ജലത്തില്‍ മലര്‍ന്നു കിടന്നു തീര്‍ത്ഥം തളിച്ചതുപോലെ മഴത്തുള്ളികള്‍ മുഖത്തു വീണപ്പോള്‍ വേദനകളെക്കുറിച്ചു ഞാന്‍ ഓര്‍ത്തതേയില്ല.

Monday, March 30, 2009

നാളെ നാളെ

വേദനയുടെ രാത്രികള്‍ നീണ്ടു. നിദ്ര യാചിച്ചു. വേദന സഹിക്കാന്‍ പഠിച്ചാലേ വേദനയില്ലാത്തിന്‍റെ സുഖം മനസ്സിലാക്കാന്‍ പറ്റൂ എന്നൊക്കെ ചിന്തിച്ച് നാളത്തെ പ്രഭാതത്തിനായി ഞാന്‍ പ്രതീക്ഷിച്ചു കിടക്കുകയാണ്. നാളെ ഒരു പക്ഷേ വേദന മാറും. കാലുകളുടെ മരവിപ്പും പാദങ്ങളിലെ നീരും കുറയും.പ്രഭാതത്തില്‍ ഇളം കുളിരും ഏറ്റു എനിയ്ക്കു പതുക്കെ പതുക്കെ നടക്കുവാന്‍ കഴിയും. പുലരിയില്‍ എന്നും കാണാറുള്ള വെളുത്ത പക്ഷികള്‍ നാളെ എന്‍റെ കാലൊച്ച കേട്ട് പറന്നകലില്ല. പൂജയ്ക്കു പൂക്കള്‍ ഇറുക്കാനെത്തുന്ന വൃദ്ധന്‍ എന്നെ നോക്കി വീണ്ടും പുഞ്ചിരിയ്ക്കും.


ജീവിതം ഓരോ ദിവസവും എന്നോടു ദയ കാട്ടുന്നു. പ്രതീക്ഷ നഷ്ടപ്പെട്ട നാളുകളിലൊന്നില്‍ അസുഖങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും ഒളിച്ചോടാനായി പുതിയ പലതും പരീക്ഷിയ്ക്കാന്‍ തുടങ്ങി. നാളെ നാളെ എന്നു കരുതി മടിച്ചു മടിച്ചിരുന്നതും എന്നാല്‍ ഹൃദയത്തോടു ചേര്‍ത്തു വച്ചിരുന്നതുമായ കാര്യങ്ങള്‍ ഓരോന്നായി ഞാന്‍ ചെയ്യാന്‍ തുടങ്ങി. അസുഖങ്ങളോടു അങ്ങനെ ഞാന്‍ മത്സരിച്ചു. ചില ദിവസങ്ങളിലെങ്കിലും ഞാനും ജയിക്കാന്‍ തുടങ്ങി. അങ്ങനെ തുടങ്ങിയതാണ് ‘അക്ഷരപ്പച്ച’. 2007 ലെ ഒരു സെപ്റ്റംബര്‍ രാത്രിയില്‍ ഞാന്‍ ആദ്യത്തെ പോസ്റ്റ് എഴുതി. പതിനഞ്ചു വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ അവസരമില്ലാതിരുന്ന മാതൃഭാഷ വീണ്ടും എടുത്തുപയോഗിക്കാന്‍ കഴിയുമെന്ന അഹങ്കാരം! എന്തൊക്കെയോ എഴുതി. പക്ഷേ കഴിഞ്ഞ മൂന്നു മാസങ്ങളായി എഴുത്തും അകന്നു. വേദന പകയോടെ പരാജയപ്പെടുത്താന്‍ പല വേഷങ്ങളില്‍. ഒരിക്കലും മടുക്കാതിരുന്ന വായനയെ ഞാന്‍ മറന്നു തുടങ്ങി. വായിക്കാന്‍ തുടങ്ങുമ്പോള്‍ അസ്വസ്ഥത. പുസ്തകങ്ങള്‍ തുറക്കാതെയായി ഇപ്പോള്‍. ചിത്രങ്ങള്‍ എടുക്കാതെയായി. ക്യാമറ തൊട്ടിട്ടു മാസങ്ങളായി. പാട്ടു കേള്‍ക്കുന്നതും കുറഞ്ഞു.

വേദന ജയിക്കാന്‍ തുടങ്ങുന്നതു എനിയ്ക്കു ഇഷ്ടമല്ല. വാശിയോടെ ഞാന്‍ പുതിയ രീതികളും വഴികളും നോക്കുന്നു. ജോലിയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ചെയ്യുന്നു. പുതിയ ഭാഷ പഠിക്കാന്‍ നോക്കുന്നു. ഓരോരോ ദിവസങ്ങളും ഞാന്‍ പൂര്‍ണ്ണമായി ജീവിയ്ക്കാന്‍ ശ്രമിയ്ക്കുന്നു.അതിനിടെ ഒരു നോവലെറ്റെഴുതാന്‍ തുടങ്ങി. അതു പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. വിരലുകള്‍ ഇടയ്ക്കിടെ പണിമുടക്കുന്നതു കൊണ്ട് റ്റൈപ്പു ചെയ്യുവാന്‍ പ്രയാസം. പക്ഷേ മനസ്സില്‍ ആ കഥയുണ്ട്. വേദന കാരണം ഉറങ്ങാതെ കിടക്കുന്ന രാതികളില്‍ എന്‍റെ കഥാപാത്രങ്ങള്‍ എന്നോടു സംസാരിക്കാറുണ്ട്. ഓ എന്‍ വി കുറുപ്പിന്‍റെ വരികള്‍ മനസ്സില്‍ എത്തും.“ അക്ഷരങ്ങളായ് പൊട്ടിവിരിയാത്ത ദുഃഖബീജങ്ങളെത്രയുണ്ടെന്നുള്ളില്‍”


പക്ഷേ കഥയും പാട്ടും ചിത്രങ്ങളും പുസ്തകങ്ങളും മാത്രമല്ലല്ലോ ജീവിതം. കലുഷമായ ജീവിത സത്യങ്ങള്‍ ദിനം പ്രതി അനുഭവിക്കേണ്ടിവരുന്നു. ജോലി സംബന്ധമായും വ്യക്തിപരമായും. കാര്യകാരണ ബന്ധങ്ങളെല്ലാം പകച്ചു നില്‍ക്കുന്ന ഒരവസ്ഥ. എല്ലാവര്‍ക്കും ഇങ്ങനെയൊക്കെയായിരിക്കും ജീവിതം എന്ന തിരിച്ചറിവ്, ആശ്വാസത്തിനു പകരം ഒരങ്കലാപ്പാണു ജനിപ്പിയ്ക്കുന്നത്. മെഡിറ്റേഷനും യോഗയ്ക്കും സ്പിരിച്ച്വാലിറ്റിയ്ക്കുമപ്പുറം സമാധാനവും ആശ്വാസവും തേടാന്‍ നമ്മളില്‍ പലരും മഹര്‍ഷിവര്യന്മാരൊന്നും അല്ലല്ലൊ.


കഴിഞ്ഞയാഴ്ചയാണ് റിവോള്‍വറിനുള്ള ആള്‍ ഇന്‍ഡ്യ ലൈസന്‍സ് കിട്ടിയത്. ജമ്മു കാശ്മീരൊഴിച്ച് ഇന്‍ഡ്യയിലെവിടെ വേണമെങ്കിലും തോക്കും കൊണ്ടു ഇനി നടക്കാം. ആത്മരക്ഷയ്ക്കു വേണ്ടി ഇനി എനിയ്ക്കു തോക്കുപയോഗിക്കാം. എന്നു വച്ചാല്‍ എനിയ്ക്കു ജീവിയ്ക്കാന്‍ വേണ്ടി വേണമെങ്കില്‍ വേറൊരു മനുഷ്യജീവനെ വരെ നശിപ്പിയ്ക്കാം. രോഗങ്ങളൊഴിച്ചു എന്നെ ആരും ഇതുവരെ കൊല്ലാന്‍ ശ്രമിച്ചിട്ടില്ല. ഞാനും ഇതുവരെ ആരെയും കൊല്ലണമെന്നും വിചാരിച്ചിട്ടുമില്ല. എങ്കിലും നാളെ തോക്കു ഡീലര്‍ വരുമ്പോള്‍ ചോദിക്കേണ്ട ചോദ്യങ്ങളാണ് വേദനയലട്ടുന്ന ഈ രാത്രിയില്‍ പോലും ഞാന്‍ ചിന്തിക്കുന്നത്.


തോക്കു വാങ്ങിക്കഴിഞ്ഞാല്‍ ആരെയാണു ഞാന്‍ കൊല്ലേണ്ടത്? പ്രഭാതത്തില്‍ എന്നും കാണാറുള്ള വെളുത്ത പക്ഷികളേയോ? പൂജാപുഷ്പത്തിനെത്തുന്ന വൃദ്ധനേയോ? അതോ വര്‍ഷങ്ങളായി എന്നെ കൊല്ലാന്‍ ശ്രമിയ്ക്കുന്ന വേദനകളേയോ?

. ആരോ പറഞ്ഞതുപോലെ “ There is nothing to writing, all you do is sit down at a typewriter and open a vein". വേദനയുള്ള ഈ രാത്രിയില്‍ ഇനി വെയിന്‍ മുറിയ്ക്കുന്ന വേദന കൂടെ സഹിക്കാനുള്ള മനസ്സാന്നിദ്ധ്യമില്ല. അതുകൊണ്ടു നാളത്തെ പ്രഭാതത്തെ പ്രതീക്ഷിച്ചുകൊണ്ട ഇപ്പോള്‍ ഞാനീ ചവറുതന്നെ എഴുതി പോസ്റ്റു ചെയ്യുന്നു.

Monday, February 16, 2009

കെംതാ ഭീല്‍ ക്കോ കോന്‍ മാരാ?


അദ്ധ്യായം ഒന്ന്: സൂഖാ*1

ഇനി യാത്ര മീറ്റര്‍ ഗേജ് റ്റ്രയിനിലാണ്. മുപ്പതു മണിക്കൂര്‍ യാത്ര ചെയ്തു കഴിഞ്ഞു. ക്ഷീണം കൊണ്ട് ഗായത്രി സ്റ്റേഷനിലെ ബഞ്ചില്‍ ചാരിയിരുന്നു
മയങ്ങുന്നു. മടിയില്‍ തുക്കുഡുവും. അവളുടെ കുഞ്ഞു നെറ്റിയില്‍ വിയര്‍പ്പ്. മേഘനഗറിലേയ്ക്കുള്ള റ്റ്രയിന്‍ രാവിലേ അഞ്ചരയ്ക്കേയുള്ളൂ.
ഇനിയും രണ്ടര മണിക്കൂര്‍ ഈ ജങ്ഷനിലെ അരണ്ട ഇരുട്ടില്‍. പുതിയൊരു നാട്ടില്‍ മറ്റൊരു വേഷത്തിനായുള്ള യാത്ര തുടരാനായി വീണ്ടും ഒരു കാത്തിരുപ്പ്.

“ ദ ഡിസ്റ്റ്രിക്റ്റ് ഈസ് റീലിങ് അണ്ടര്‍ ദ് സിവ്യറസ്റ്റ് ഡ്രോട്ട് സിന്‍സ് ദ് റ്റേണ്‍ ഓഫ് ദ സെഞ്ചുറി. ഊപ്പര്‍ സേ യേ ലോ ഏന്‍റ് ഓര്‍ഡര്‍ ഭീ. ഇറ്റ് ഇസ് എ വെരി ബിഗ് ചലഞ്ച് ബേട്ടാ. മീറ്റ് ദ് സീ എം ആള്‍സോ ബിഫോര്‍ യു പ്രൊസീഡ് റ്റു ജോയിന്‍”

ആദ്യത്തെ ഡിസ്റ്റ്രിക്റ്റ് ചാര്‍ജിനു മുന്‍പേ ചീഫ് സെക്രട്ടറിയുടെ ബ്രീഫിങ്. സെക്രട്ടറിയേറ്റിലെ പല മുറികള്‍ കയറിയിറങ്ങി. ഒടുവില്‍ മുഖ്യമന്ത്രിയെയും
കണ്ടുകഴിഞ്ഞപ്പോള്‍ രാത്രി പത്തുമണി.

യാത്രയില്‍ മിക്കവാറും ഗായത്രി മടുപ്പോടെ മിണ്ടാതെയിരുന്നതേയുള്ലൂ. ഇടയ്ക്ക് അവള്‍ പറഞ്ഞു,

“ഏഴു വര്‍ഷത്തിനുള്ളില്‍ ഇതു പത്താമത്തെ റ്റ്രാന്‍സ്ഫറാണു. എല്ലാം കെട്ടിപ്പെറുക്കി തേരാപ്പാരാ ...നിയ്ക്ക് ഇത്ന്ന്യാ വിധി. എന്തെങ്കിലും അറിയണൊ, റ്റീ സീ വാങ്ങാനും, ഗ്യാസ് റ്റ്രാന്‍സ്ഫെര്‍ ചെയ്യാനും പാക്കിങിനും ഒക്കെ ഞാന്‍ തന്നെ ഓടണം.ഇവിടൊരു മഹാത്മാവുണ്ടല്ലോ! സത്യാന്വേഷണ പരീക്ഷണങ്ങള്‍ എഴുതീട്ടില്യാന്നെയുള്ളു.”

ജില്ലയില്‍ റയട്ട് നടന്നതുകാരണം കളക്റ്റര്‍ ഉടനേ ജോയിന്‍ ചെയ്യണം എന്നു സീ എമ്മിനു നിര്‍ബന്ധം. വേണമെങ്കില്‍ സ്റ്റേറ്റ് പ്ലെയിനില്‍ പൊയ്ക്കോള്ളാന്‍
പറഞ്ഞതു നിരസിച്ചതറിഞ്ഞ് ഗായത്രി പറഞ്ഞു,
“ ഇങ്ങനേം ഒരു മനുഷ്യന്‍!”.

പാവം ഗായത്രി. ബാഗേജിനു പുറത്തു കാലു കയറ്റിവച്ചു ഈ വൃത്തികെട്ട ബെഞ്ചില്‍ വിയര്‍ത്തുരുകി. എം ഡി കഴിഞ്ഞെങ്കിലും അവളുടെ പ്രാക്റ്റീസ്
മാത്രം നടന്നില്ല.ആദ്യം തുക്കുഡുവിന്‍റെ പ്രസവം. പിന്നെ എന്‍റെ റ്റ്രാന്‍സ്ഫറുകള്‍.മെഡിക്കല്‍ കോളേജില്‍ അഡ്‌ഹോക്ക് അസിസ്റ്റന്‍റ് പ്രൊഫസറായി ആറുമാസം പോലും ജോലി നോക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേയ്ക്കും ഈ റ്റ്രാന്‍സ്ഫറും!

“ങ്ങടെ പിറകേ സാമ്പാറും വച്ചു നടക്കാന്‍ ന്നെ കിട്ടില്ല”

സ്ഥിരം പല്ലവി തുടങ്ങിയപ്പോള്‍ തന്നെ വെറുതേ ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചു,

“ ഡിസ്റ്റ്രിക്റ്റില്‍ എന്തായാലും നെനക്കു പ്രാക്റ്റീസ്ചെയ്യാന്‍ പറ്റ്വന്‍റെ ഗായത്രിയേ”

അഞ്ചരയുടെ വണ്ടി ഇരുട്ട് തുരന്നു വരാറയില്ലേ?
ഗായത്രി ഒന്നു ഞെട്ടിയുണര്‍ന്നു. എന്തോ പിറുപിറുത്തും കൊണ്ട് തുക്കുഡുവിന്‍റെ സ്ഥാനം തെറ്റിക്കിടന്ന ഫ്രോക്ക് പിടിച്ചു നേരേയിട്ട്, അവളെ ഒന്നുകൂടെ വയറ്റില്‍ ചേര്‍ത്ത് അടക്കി പിടിച്ച്, വീണ്ടും മയക്കം തുടര്‍ന്നു..

വേള്ളകീറിത്തുടങ്ങി. വണ്ടി ഏതോ വരണ്ട നാട്ടിലൂടെ. ഡിസ്റ്റ്രിക്റ്റിന്‍റെ ബോര്‍ഡര്‍ തുടങ്ങിക്കാണുമോ? മൊട്ടക്കുന്നുകള്‍. ചെമ്മണ്ണു ചുവന്ന ചുടുകാറ്റ്
രാവിലേതന്നെ പച്ചപ്പു തേടി ഉഴറുന്നു..

“ എന്താ ഒരു സ്ഥലം! നോട്ട് ഈവന്‍ എ ബ്ലേഡ് ഒഫ് ഗ്രാസ്സ് ഇന്‍ ദീസ് ഹില്ല്സ്”
ഗായത്രിയ്ക്ക് സ്ഥലം ഒട്ടും ഇഷ്ടമായില്ല.
അടുത്ത സ്റ്റേഷനില്‍ കുറേ പാല്‍ കച്ചവടക്കാര്‍ കയറി. പാല്‍ ക്യാനുകള്‍ വളഞ്ഞ ഒരു കമ്പിയില്‍ കൊരുത്ത് റ്റ്രയിനിന്‍റെ ജനല്‍ കമ്പികളില്‍
കെട്ടിയിട്ടു.റ്റ്രയിനിന്‍റെ താളത്തിനൊപ്പിച്ചു അവ വെടിപ്പില്ലാതെ ചിലമ്പി.വിറകു കെട്ടുകള്‍ തലച്ചുമടുകളാക്കി കുറേ പെണ്ണുങ്ങള്‍. ഠൌണില്‍ വില്പനയ്ക്കണെന്നു തോന്നുന്നു. ഇതു മരക്കഷണങ്ങള്‍ കൂട്ടിയ വിറകു കെട്ടുകളല്ല.
എവിടെനിന്നോ കുഴിച്ചെടുത്തു കൊണ്ടു വരുന്ന വേരുകളുടെ തുണ്ടുകളാണ്. കെട്ടൊന്നിനു അയ്യഞ്ചുരൂപ റെയില്‍‌വേ പോലീസിനു കൊടുത്താലേ ഇവരെ
റ്റ്രയിനില്‍ യാത്ര ചെയ്യാന്‍ സമ്മതിയ്ക്കൂത്രേ!
മേഘനഗര്‍ സ്റ്റേഷനില്‍ പുതിയ കളക്റ്ററെ സ്വീകരിയ്ക്കാന്‍ കുറേപ്പേര്‍. അഡിഷണല്‍ കളക്റ്റര്‍, അഡിഷണല്‍ എസ്സ് പി, ഡെപ്യൂട്ടി കലക്റ്റേഴ്സ്, സബ്
ഡിവിഷണല്‍ മജിസ്റ്റ്രേറ്റ്, തഹസീല്‍ദാര്‍ തുടങ്ങി ധാരാളം പേര്‍. തുക്കുഡു ആള്‍ക്കൂട്ടം കണ്ട് ഗായത്രിയുടെ സാരിത്തുമ്പില്‍ ചമ്മലോടെ മറഞ്ഞു നില്‍ക്കാന്‍ ശ്രമിച്ചു.

“ ദ നൈറ്റ് ഹാസ് ബീന്‍ ബാഡ് ഫോര്‍ അസ് സര്‍. ദ ഡി എഫ് ഓ വാസ് കില്ല്ഡ് യെസ്റ്റെര്‍ഡേ നൈറ്റ്”.
അഡിഷണല്‍ കളക്ടറുടെ സ്വാഗത വചനം.

“നക്സലൈറ്റ്സ്?”

“ നോട്ട് ഷുവര്‍ സര്‍” അഡിഷണല്‍ എസ്സ് പി.
“ എസ്സ് പി ലീവിലാണ്. അദ്ദേഹത്തിന്‍റെ വിവാഹമാണ് മറ്റന്നാള്‍” മറ്റൊരാള്‍.

എസ്സ് പി ഫോണില്‍ സംസാരിച്ചിരുന്ന കാര്യം പറഞ്ഞു. ഐ ഏ എസ്സ്. ഐ പീ എസ്സ് ഈഗോ ക്ലാഷ് ആയി ആദ്യദിവസം തന്നെ ആരും വ്യാഖ്യാനിയ്ക്കരുതല്ലോ.ലാല്‍ ബത്തി വച്ച വെള്ള അംബാസ്സഡര്‍ കാറില്‍ കയറുമ്പോള്‍ത്തന്നെ ഗായത്രി മേഘനഗര്‍ സ്റ്റേഷനോടുള്ള അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു.

മേഘനഗറിലെ മൊട്ടക്കുന്നുകളില്‍ നിന്നും, വരണ്ട് ചുവന്ന ചുടുകാറ്റ് വന്ന് തുക്കുടുവിനേയും ഗായത്രിയേയും വാത്സല്യത്തോടെ തഴുകി. ഗായത്രി
നിരാശയോടെ സാരിത്തുമ്പുകൊണ്ട് തുക്കുഡുവിന്‍റെ വിയര്‍ത്തു കരുവാളിച്ച മുഖം തുടച്ചു.

“സാബ്, ഞാന്‍ കെംതാ ഭീല്‍*2, സാബിന്‍റെ ഡ്രൈവര്‍”. കാക്കിയുടുപ്പിട്ട വയസ്സന്‍.
കണ്ണുകള്‍ക്കു താഴെ ഈരണ്ട് വരകള്‍ പച്ച കുത്തിയിരിയ്ക്കുന്നു. മുടി പറ്റെ വെട്ടിച്ചിട്ടുണ്ട്.
“പോലീസ് ഡ്രൈവറാണോ?”
“അല്ല സാബ്, കളക്ടറേറ്റിലെ”
ഗായത്രി ഊറിച്ചിരിച്ചുകൊണ്ട് ചോദിച്ചു,
“ എന്താ അയ്യാളുടെ പേര്?”
തുക്കുഡു കൊഞ്ചി,
“കെംറ്റാ ബീല്‍”
മുന്‍സീറ്റിലിരുന്ന് കെംതാ ഭീലും ഗണ്‍‌മാനും ചിരിച്ചു.
കെംത ഠൌണിലുള്ള ഒരു കെട്ടിടത്തിനു മുന്നില്‍ വണ്ടി നിറുത്തി. തീപിടിച്ചു എരിഞ്ഞടങ്ങിയിരിക്കുന്ന ആ ബില്‍ഡിങ് കാട്ടി കെംത പറഞ്ഞു,

“സാബ്, ഇതാണ് കലാപത്തില്‍ കത്തിച്ചുകളഞ്ഞ ഥാന*3”.

രണ്ടാഴ്ചയ്ക്കു മുന്‍പ് നാലു പോലീസുകാരെ ലോക്കപ്പില്‍ പൂട്ടിയിട്ട് ജീവനോടെ കത്തിച്ചു കളഞ്ഞു വയ്‌ലന്‍റ് മോബ്. വണ്ടിയില്‍നിന്നിറങ്ങി ഞാന്‍ കത്തിക്കരിഞ്ഞ പോലീസ് സ്റ്റേഷനിലേയ്ക്കു നടന്നു. എസ്ക്കോട്ട് വാനില്‍ നിന്നും പോലീസുകാര്‍ ഇറങ്ങി ഓടിവന്നു ചുറ്റിലും നിന്നു. ആഡിഷണല്‍ കലക്ടറും , മറ്റു ഓഫീസേഴ്സും എത്തി. പഴയ എസ്സ് പിയെ വാളുകൊണ്ട് വെട്ടിയിട്ട സ്ഥലം അവര്‍ കാട്ടിത്തന്നു. എസ് പി മരിച്ചെന്നു കരുതി കലാപക്കാര്‍ പിന്നെ കളക്ടറുടെ നേരേ തിരിഞ്ഞു. ജാഥയായി കളക്ടറെ നഗരപ്രദക്ഷിണം ചെയ്യിച്ചു.. മുഖത്തു കരിഓയില്‍ പുരട്ടി, കഴുത്തില്‍ ചപ്പല്‍ മാല അണിയിച്ച്, വഴിയില്‍ കിടന്ന സിഗരറ്റുകുട്ടികള്‍ പെറുക്കി അവ നിര്‍ബന്ധമായി അയാളെക്കൊണ്ട് വലിപ്പിച്ചു. ഇടയ്ക്കു വച്ചു തെരുവില്‍ കണ്ട ഒരു കാളയുടെ പുറത്തു അയാളെ അര്‍ദ്ധനഗ്നനാക്കി ഇരുത്തി. ഒരു ചിത റെഡിയാക്കി കലക്ടറെ ജീവനോടെ ദഹിപ്പിക്കാനായി പിന്നെ ആള്‍ക്കൂട്ടത്തിന്‍റെ ശ്രമം. എങ്ങിനെയോ കളക്റ്റര്‍ രക്ഷപ്പെട്ടെങ്കിലും ജില്ല മുഴുവനും അക്രമങ്ങള്‍ തുടര്‍ന്നു. വിവരങ്ങള്‍ പറഞ്ഞുതന്ന ഓഫീസേഴ്സിന്‍റെ സ്വരത്തില്‍ ഭീതി കലര്‍ന്ന നിരാശ.

തിരിച്ചു വണ്ടിയില്‍ കയറി. ഡോറടയ്ക്കുന്ന ശബ്ദം കേട്ട്‍, ക്ഷീണം കൊണ്ട് മയക്കത്തിലായിരുന്ന ഗായത്രി ഒന്നു ഞെട്ടി ഉണര്‍ന്നു. വീണ്ടും മയങ്ങി. ഈ
കലാപക്കഥകള്‍ ഒന്നും അറിയാതെ അവള്‍ ശാന്തമായി ഉറങ്ങട്ടെ.
പഴയ കളക്ടറെ അപമാനിച്ചു നടത്തിക്കൊണ്ട് പോയ വഴികളിലൂടെ കെംത വണ്ടിയോടിച്ചു. പതുക്കെ. അടുത്തുള്ള ഒരു പെറ്റ്രോള്‍ പമ്പു ചൂണ്ടിക്കാട്ടി
കെംത പറഞ്ഞു,

“ സര്‍, ശങ്കര്‍ ബഞ്ചാരേജി കാ പമ്പ്. ഇവിടെ നിന്നാണു ഥാന*3 കത്തിക്കാനും, കളക്ടറെ ചുട്ടെരിയ്ക്കാനായുണ്ടാക്കിയ ചിതയിലും മറ്റും പെറ്റ്രോള്‍
എത്തിച്ചത്.”

ബസ്തിയില്‍ മുന്‍സില്‍പ്പാലിറ്റി റ്റാങ്കറില്‍ നിന്നും കുടിവെള്ളം പിടിയ്ക്കാനുള്ള തിക്കും തിരക്കും.പെണ്ണുങ്ങളുടെയും കുട്ടികളുടേയും കലപില. ചെറുപ്പക്കാര്‍ റ്റാങ്കറിന്‍റെ മുകളില്‍ കയറി അടപ്പുമാറ്റി വെള്ളമെടുക്കാനുള്ള മത്സരം. മുന്‍സിപ്പലിറ്റി ജീവനക്കാര്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്നു. ഒന്നു രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍സ് അടുത്തുള്ള ഢാബ്ബയിലെ കയറ്റു കട്ടിലിലിരുന്ന് ഒന്നുമറിയാത്തതുപോലെ ചായ ഊതിക്കുടിയ്ക്കുന്നു.

കെംത ഭീല്‍ ബ്രേക്കൊന്നു ചവിട്ടി. ഡോറിലൂടെ തല പുറ്ത്തേയ്ക്കിട്ട്., അധികാരസ്വരത്തില്‍ പറഞ്ഞു,

“ ക്യാ ലഫഡാ ഹൈ. ? സബ് ലൈന്‍ മെം ഖടേ ഹോ ജാ. ഫടാഫട്ട്. ഊപ്പര്‍ സേ പാനീ നികാല്‍ത്തേ ഹോ? നീച്ചേ ഉതര്‍, സാലേ കയീങ്‌ക്കാ”
ഒരു മിനിട്ടു കൊണ്ട് എല്ലാരും ക്യൂവില്‍ ആയി. പോലീസുകാര്‍ ചായ ഉപേക്ഷിച്ച്, ആളുകളെ നിയന്ത്രിക്കാന്‍ തുടങ്ങി. കെംത വീണ്ടും വണ്ടി മുന്നോട്ടെടുത്തു.

“ഈ കിളവന്‍ നത്തുപോലെയിരുന്നാലും , ആളുകൊള്ളാല്ലോ!”
ഗായത്രിയ്ക്ക് കെംതയുടെ അധികാരപ്രയോഗം ഇഷ്ടപ്പെട്ടു.

കളക്ടര്‍ ബംഗ്ലാവിന്‍റെ മുപ്പത്തി എട്ടു ഹെക്റ്റര്‍ പറമ്പില്‍ സീതാഫലത്തോട്ടങ്ങള്‍ വാടിത്തളര്‍ന്നു മുഷിപ്പോടെ.... ഗോതമ്പുപാടങ്ങള്‍ വരണ്ടു മുരടിച്ചു ശൂന്യമായി ചെമ്പിച്ച്....ചുടുകാറ്റത്ത് ഗതകാല സ്മരണകളുടെ മര്‍മ്മരവുമായി കരിയിലകള്‍......കളക്ടര്‍ ബംഗ്ലാവിലെ റ്റ്യൂബ്‌വെത്സെല്ലാം തുരുമ്പുവെള്ളം കക്കി ചത്തുനില്‍ക്കുന്നു.

“ ദേഖ്നേ ലായക്ക് ധാ സാബ്, അപ്നാ ബഗീച്ച*4. നശിച്ച ഈ സൂഖായില്‍ എല്ലാം വരണ്ടു.”
കെംതാ ഭീല്‍ കളക്ടറുടെ തോട്ടത്തിന്‍റെ പഴയ പ്രതാപകാലമോര്‍ത്തു നെടുവീര്‍പ്പിട്ടു.
ബ്രിട്ടീഷുകാരുണ്ടാക്കിയ പഴയ ബംഗ്ലാവ്. വിസ്തൃതമായ ലോണ്‍. ജോലിക്കാര്‍ക്കും , സെക്യൂരിട്ടിയ്ക്കും താമസിക്കാനുള്ള ബാരക്കുകള്‍.1930 ല്‍
കളക്റ്ററായിരുന്ന ജോണ്‍സന്‍സായ്‌വിന്‍റെ പെറ്റ്ഡോഗിനെ അടക്കിയ മാര്‍ബിള്‍ കുടീരം. കേണല്‍ സഞ്ചാനയുടെ അമ്മ 1946ല്‍ നട്ടു വളര്‍ത്തിയ വേപ്പുമരം.അങ്ങനെ കെംത ഗായത്രിയ്ക്കു കളക്ടര്‍ ബംഗ്ലാവിന്‍റെ പഴയ പ്രൌഢി വര്‍ണിച്ചു കേള്‍പ്പിയ്ക്കാന്‍ തുടങ്ങി.

“ തുക്കുഡുവിനു ഓടിക്കളിയ്ക്കാന്‍ നല്ല സ്ഥലമുണ്ട്”
റ്റ്രാന്‍സ്ഫറിന്‍റെ നല്ല വശങ്ങള്‍ ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു. ഗായത്രി അതു കേള്‍ക്കാത്തഭാവത്തില്‍ പറഞ്ഞു,

“ എന്തിനാ ഈ ജനാലകളും വെന്‍റിലേറ്റ്രറോക്കെ കൊട്ടിയടച്ചിരിക്കുന്നെ? വീട്ടിനൊരു മുശിടു നാറ്റം!”

“ പഴയ കളക്ടര്‍ സാബ്ബിനു പല്ലികളെയും പാമ്പുകളെയും ഒക്കെ പേടിയായിരുന്നു. അതുകൊണ്ട് എല്ലാം തടി ക്രോസ്സാക്കി വച്ചു ആണിയടിച്ചു അടച്ചു കളഞ്ഞു,” ആരോ പറഞ്ഞു.

“ കെംതാ, എല്ലാം ഒന്നു തുറന്നിടൂ, ച്ചെരെ കാറ്റും വെളിച്ചവും വരട്ടെ വീട്ടില്”
കാര്‍പ്പെന്‍ററും ജോലിക്കാരും പുതിയ മേം സാബ്ബിന്‍റെ ആജ്ഞ് അനുസരിച്ചു ജോലി തുടങ്ങിക്കഴിഞ്ഞു.

“ഇന്നു ഫോര്‍നൂണില്‍ തന്നെ ജോയിന്‍ ചെയ്യാം അല്ലേ”?
ഗായത്രിയുടെ മൊഴിമുത്തുകള്‍ വിഷം പുരണ്ട് വരുമെന്നറിഞ്ഞ് അറച്ചറച്ചാണു ഞാന്‍ വിഷയം അവതരിപ്പിച്ചത്.

“ചെന്നാട്ടെ ചെന്നാട്ടെ, ഇനി ഇന്നുതന്നെ ഭരണം തുടങ്ങിയില്ലെന്നു വേണ്ട! വീടുസെറ്റു ചെയ്യാന്‍ ജോലീം കൂലീല്ലാതെ ഒരുത്തി ഇരുപ്പുണ്ടല്ലോ. അമ്മേ വിളിച്ചു ചോദിച്ചോളൂ, രാഹുകാലം എപ്പോഴാണെന്നറിയാലോ”

ഗായത്രി അല്പം മയപ്പെട്ടു വരുന്നുണ്ട്.

കളക്ടറേറ്റില്‍ വരവേല്‍പ്പും, പരിചയപ്പെടുത്തലും. ട്രഷറിയുടെ ചാര്‍ജും എടുത്തു കഴിഞ്ഞ് സീനിയര്‍ ഓഫീസേഴ്സ് മീറ്റിങ് തുടങ്ങി. സ്റ്റ്യൂഡന്‍റ്സ് സമരം എട്ടാം ദിവസം എല്ലാ തഹസീലുകളിലും. ബഞ്ചാരെയുടെ ഒറ്റയാള്‍ പാര്‍ട്ടിയുടെ കിസാന്‍ സമരവും വഴിതടയലും ഇന്നും തുടരും.ഹിന്ദു ജാഗരണ്‍ മഞ്ചിന്‍റെ തഹസീല്‍ ബന്ദും റ്റ്രയിന്‍ ഉപരോധവും. റ്റ്രൈബല്‍ ഏരിയയില്‍ ഇന്നലെ റേഷനും കൊണ്ടു പോയ രണ്ടു ട്രക്കുകള്‍ ആദിവാസി മുകതിസേന ലൂട്ടു ചെയ്തു വിതരണം നടത്തി. നക്സലൈറ്റുകള്‍ നാലു ഫോറസ്റ്റ് ജീപ്പു കത്തിച്ചുകളഞ്ഞു. ഒരു ഫോറസ്റ്റു ഗാര്‍ഡിന്‍റെ കൈപ്പത്തി വെട്ടിക്കളഞ്ഞു. കൊടുമ്പിരി കൊണ്ടിരിയ്ക്കുന്ന വരള്‍ച്ചയില്‍ തൊഴില്‍ ദാനത്തിനായി ഇരുന്നൂറ്റിനാല്‍പ്പതി ഏഴിടത്തു സ്കേഴ്സിറ്റി വര്‍ക്ക്സ് നടത്തുന്നു. പീ ഡബ്ല്യൂഡി 73 വര്‍ക്‍സ്. ഇറിഗേഷന്‍ 31 വര്‍ക്ക്‍സ്, സോയില്‍ കണ്‍സര്‍വേഷന്‍18 വര്‍ക്സ്, പഞ്ചായത്ത് 56 വര്‍ക്ക്സ്...... ഒരു ലക്ഷത്തിഅറുപതിനായിരത്തില്‍ പരം ആളുകള്‍ക്ക്
‘സൂഖാ രാഹത്ത്’ എന്ന സ്കേഴ്സിറ്റി വര്‍ക്കുകള്‍ വഴി തൊഴില്‍. കന്നുകാലികള്‍ക്കു ഭക്ഷണത്തിനായി 76 ‘ചാരാഗാ*5 വിതരണ്‍’ കേന്ദ്രങ്ങള്‍.റ്റ്രൈബല്‍ ഹോസ്റ്റലിലെ സ്റ്റ്യൂഡന്‍റിനെ വാര്‍ഡന്‍ റേപ്പുചെയ്തതില്‍ പ്രതിഷേധിച്ചു ഭരണകക്ഷി എം എല്‍ ഏയുടെ ഒരു ദിവസത്തെ ഉപവാസ സമരം.

“ സര്‍, കോട്ടയ്ക്കുള്ളിലെ ഹവേലിയില്‍ മീരാ നയ്യറുടെ സിനിമാ ഷൂട്ടിങ് നടക്കുന്നു. രേഖയും നസറുദ്ദിന്‍ ഷായും വന്നിട്ടുണ്ട്. മേം സാബിനും കുഞ്ഞിനും ഷൂട്ടിങ് കാണാന്‍ പോകണമെന്നുണ്ടെങ്കില്‍ പ്രോട്ടോക്കോള്‍ ഡെപ്യൂട്ടി കലക്ടറെ.......”
എന്‍റെ നോട്ടം കണ്ട്, ഏ ഡീ എം സംസാരം പകുതി വച്ചു നിറുത്തി.

“പീ ആറ് ഡിയ്ക്കു വേണ്ടി റ്റ്രൈബല്‍ കള്‍ച്ചറിനെക്കുറിച്ചു ഫിലിം എടുക്കുന്നുണ്ട്. സെയ്ദ് മിര്‍സയേയും കൊണ്ട് ജോയിന്‍റ് ഡയറക്ടര്‍ മാതേശ്വരി മന്ദിറില്‍ പോയിരിയ്ക്കുന്നു.”
ജില്ലാ പി അര്‍ ഓയുടെ ഇന്‍ഫര്‍മേഷന്‍. അയാളോട് കഴിഞ്ഞ രണ്ടാഴ്ചയിലെ ന്യൂസ് പേപ്പര്‍ കട്ടിങ്സ് എത്തിയ്ക്കാന്‍ പറഞ്ഞു.

ആദിവാസി കള്‍ച്ചറിനെക്കുറിച്ചു മതിപ്പില്ലാത്ത മദ്രാസിയെ കളക്ടറായി കിട്ടിയതിലെ നിരാശയോടെ പീ ആര്‍ ഓ പറഞ്ഞു,

“പത്രക്കാരൊക്കെ കാണാന്‍ വന്നിട്ടുണ്ട്”

“കായിക്കെ പത്രകാര്‍! സബ് ചോര്‍ ചപ്പാട്ടെ ഹൈ സാബ്ബ്. ബ്ലഡീ ബ്ലാക്ക് മൈലേഴ്സ്. എല്ലാം സ്റ്റ്രിങേഴ്സ് ആണു സാബ്”
അഡിഷനല്‍ എസ്സ് പിയുടെ അസഹിഷ്ണുത പീ ആര്‍ ഓയ്ക്കു ഇഷ്ടപ്പെട്ടില്ല.

“ഇവിടെ നിന്നും 18 ലോക്കല്‍ പത്രങ്ങള്‍ ഇറങ്ങുന്നുണ്ട്”

പത്രക്കാരെ കോണ്‍ഫറന്‍സ് ഹാളില്‍ ഇരുത്തിക്കൊള്ളാന്‍ പീ ആര്‍ ഓയോടു പറഞ്ഞു.

“ഇന്നത്തെ ലാ ഏന്‍ഡ് ഓര്‍ഡര്‍ ഡ്യൂട്ടിയിലുള്ള എക്സിക്കുട്ടീവ് മജിസ്റ്റ്രേട്ട്സിന്‍റെ ഡ്യൂട്ടിചാര്‍ട്ടും റ്റെലഫോണ്‍ നമ്പരും തരൂ”
എന്‍റെ ചോദ്യം കേട്ട് ഏ ഡീ എം പരുങ്ങി,
“ അങ്ങനെ പ്രത്യേകിച്ചു ഡ്യൂട്ടി ഒന്നും ഇട്ടിട്ടില്ല സാബ്”
“ എന്നാല്‍ ഇനി മുതല്‍ ഡ്യൂട്ടി ഇട്ടോളൂ.യൂ വില്‍ ബീ ഇന്‍ ചാര്‍ജ് ഒഫ് ബഞ്ചാരേസ് അജിറ്റേഷന്‍. ആന്‍ഡ് സെന്‍റ് എ വയര്‍ലെസ്സ് റ്റു സീ എം, സീ എസ്സ് അന്‍ഡ് കമ്മീഷണര്‍ ദാറ്റ് ഐ ഹാവ് ജോയിന്‍ഡ് ”

താപ്പാന അവിശ്വാസത്തോടെ എന്നെ നോക്കി. കണ്ണുകളില്‍ നിരാശ.

അഡിഷണല്‍ എസ്സ് പീ കുറുക്കന്‍റെ കണ്ണുകളോടെ അടക്കി രഹസ്യം പറഞ്ഞു,

“ ബഞ്ചാരേയേ പേടിയാണു സാബ് ഇയ്യാള്‍ക്ക്”
അയാളോട് പോലീസ് ഫോഴ്സിന്‍റെ ഡിപ്ലോയ്മെന്‍റിനെക്കുറിച്ചു ചോദിച്ചപ്പോള്‍, ഡീറ്റയ്ല്സുമായി ഒരു മണിക്കൂര്‍ കഴിഞ്ഞു വരാമെന്നു മറുപടി. കുറുക്കന്‍ വാലു ചുരുട്ടി എസ്സ് പീ ഓഫീസിലേയ്ക്കു പോയി.

പോലീസ് സ്റ്റേഷന്‍ കത്തിച്ച കേസിന്‍റെ കോണ്‍ഫിഡന്‍ഷ്യല്‍ കറസ്പോണ്ടെന്‍റെന്‍സ് ഫയല്‍ എടുത്തു വയ്ക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയോടു പറഞ്ഞിട്ട് പത്രക്കാരെ കാണാനായി കോണ്‍ഫെറന്‍സ് ഹാളിലെത്തി.

പത്ര സമ്മേളനത്തിനല്ല എല്ലാവരേയും ഒന്നു പരിചയപ്പെടാന്‍ വേണ്ടി വന്നതാണെന്നു പറഞ്ഞപ്പോള്‍ പരിഹാസസ്വരത്തില്‍ ആദ്യ ചോദ്യം വന്നു,

“ഹിന്ദി പറഞ്ഞാല്‍ വല്ലതും മനസ്സിലാവുമോ?”
ഹിന്ദി പ്രൊഫസറായ അച്ഛന്‍ കുഞ്ഞുന്നാളിലേ അടിച്ചേല്‍പ്പിച്ച ഭാഷയാണു ഹിന്ദി എന്നു പറഞ്ഞില്ല.
“രാഷ്ട്ര ഭാഷയല്ലേ, കുറച്ചൊക്കെ മനസ്സിലാവും”
“പഴയ കളക്ടറെ മുഖം കറുപ്പിച്ചു കാളപ്പുറത്തിരുത്തിയ സംഭവം അറിയാമോ?”
“കേട്ടിട്ടുണ്ട്”
“ബഞ്ചാരേജിയുടെ സമരം എങ്ങനെയാണു റ്റാക്കിള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?”
“ ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും പ്രതിഷേധിയ്ക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ലാ ആന്‍ഡ് ഓര്‍ഡര്‍ തകര്‍ക്കാന്‍ ആരേയും അനുവദിയ്ക്കില്ല”
“ എന്താണു താങ്കളുടെ പ്രൈയോറിറ്റി?”“ പ്രത്യേകിച്ചൊന്നുമില്ല, ഗവര്‍മെന്‍റിന്‍റെ പ്രയോറിറ്റി തന്നെയാണു എന്‍റേയും പ്രയോറിറ്റി.”
“നക്സലൈറ്റ് പ്രശ്നം.....”
“ ഇത്രയും മതി . ജോയിന്‍ ചൈതല്ലേ ഉള്ളൂ ഇന്ന്‍. നമുക്കു വിശദമായി പിന്നെ സംസാരിയ്ക്കാം”

ദിവസം മുഴുവനും ആളുകളെ കാണലും , ബ്രീഫിങും ഒക്കെയായി തിരക്കായിരുന്നു. ഭാഗ്യത്തിനു സമരങ്ങളൊക്കെ ഇന്നു ഇന്‍സിഡന്‍റ് ഫ്രീ ആയിരുന്നു.

വീട്ടില്എത്തിയപ്പോള്‍ ഒരു മൂകത. ഗായത്രി കട്ടിലില്‍ മുഖം വീര്‍പ്പിച്ചു കിടക്കുന്നു. തലമുടി പിന്നിയിട്ടിരിയ്ക്കുന്നു. അപ്പോള്‍ ഒരു പൊട്ടിത്തെറി
എന്തായാലും ഉറപ്പ്. സാധാരണ ദേഷ്യം വരുമ്പോളാണു അവള്‍ മുടിപിന്നിക്കൊണ്ടിരിയ്ക്കുന്നതു.

“ എന്താ ഗായത്രീ , സുഖമില്ലേ?”
“ നിങ്ങളിനി കൂടുതല്‍ സുഖിപ്പിയ്ക്കാതിരുന്നാല്‍ മതി”
“ഗായത്രീ, ആദ്യ ദിവസമായിട്ടു....”
“ നിങ്ങളെന്‍റെ പ്രാക്റ്റീസിനെക്കുറിച്ചു അന്വേഷിച്ചോ? ഇല്ല. എനിയ്ക്കറിയാം ന്‍റെ ഒരു തലേലെഴുത്ത്”

അവള്‍ ഹിസ്റ്റീരിയാ പിടിച്ചതുപോലെ തല കട്ടിലില്‍ തല്ലാന്‍ തുടങ്ങി.
“ഗായത്രീ, എന്താ ഇങ്ങനെ?”
അവള്‍ എന്‍റെ കൈ ശക്തിയായി തള്ളിമാറ്റി.
“തൊട്ടുപോകരുതെന്നെ”
“ ഗായത്രീ...”
തുക്കുഡു പേടിച്ചു എന്‍റെ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചു. എന്നിട്ടു ചിണുങ്ങിക്കൊണ്ട് ചോദിച്ചു,

“ തുക്കുഡുക്ക് ഷൂട്ടിങ് കാണാന്‍ കൊണ്ട്വോവോ?”
ഞാന്‍ അവളെ കെട്ടിപ്പിടിച്ചു.

അഡിഷണല്‍ കളക്ടരുടെ ഫോണ്‍,
“സെയ്യ്ദ് മിര്‍സ എത്തിയിട്ടുണ്ട്. ഒന്നു കാണണമെന്നു പറയുന്നു. ബഗ്ലാവില്‍ വരാന്‍ പറയട്ടേ?”

വീടു സെറ്റായിട്ടില്ല. പിന്നെ ഗായത്രിയുടെ ഈ മൂഡും.

“ ഞാന്‍ സര്‍ക്ക്യൂട്ട് ഹൌസില്‍*6 പോയി അദ്ദേഹത്തെ കാണാം”

കോളേജു ദിനങ്ങള്‍. ഫിലിം സൊസൈറ്റി. ഫിലിം ഫെസ്റ്റിവത്സ്. സൈയ്യദ് മിര്‍സയെ ദൂരെ നിന്നു കണ്ടിട്ടേയുള്ളൂ.

മിര്‍സാ ഒരു ഡ്രിങ്ക് ഒഴിച്ചു. വിഷയങ്ങളുടെ ചൂടു കാറ്റില്‍ മിര്‍സ തിളച്ചു. പതുക്കെ പറഞ്ഞു,

“ഐ ഡിഡിന്‍റ് ഷൂട്ട് മാതേശ്വരി മന്ദിര്‍. ഇന്‍സ്റ്റഡ് ഐ ഷോട്ട് സൂഖാ. ഹാവ് യൂ സീന്‍ ‘ബാരാ’, ദ് കന്നഡാ മൂവി ഓണ്‍ അ കളക്റ്റര്‍ ഒഫ് അ ഡ്രോട്ട്
അഫെക്ടഡ് ഡിസ്റ്റ്രിക്റ്റ്?”
അതെ എന്നു തലയാട്ടി. ഗായത്രിയുടെ കൈവിരല്‍ കോര്‍ത്ത് ഫിലിം സൊസൈറ്റി ഫെസ്റ്റിവലില്‍.
മിര്‍സ ഇന്നു ഡിസ്റ്റ്രിക്റ്റില്‍ കണ്ട വരള്‍ച്ചയുടെ ഭീകരത വിവരിച്ചു.
മിര്‍സ ഉരുകി.
കെംതാ ഭീല്‍ അറ്റുത്ത ഡ്രിങ്ക് ഒഴിച്ചു.
മിര്‍സ കെംതയോടു സംസാരിച്ചു. പകുതി തമാശയായി മിര്‍സ പറഞ്ഞു,
“ ഒരു സൌത്തിന്‍ഡ്യന്‍ കളക്റ്റര്‍. റ്റ്രൈബല്‍ ഡിസ്റ്റ്രിക്റ്റ്. സമരങ്ങള്‍ക്കും വരള്‍ച്ചക്കും നക്സലൈറ്റസിനും നടുവില്‍. കളക്ടറുടെ ആദിവാസി ഡ്രൈവരുടെ ആംഗ്ഗിളില്‍ സ്ക്രിപ്റ്റ് എഴുതിയാലോ?”
ഞാന്‍ ചിരിച്ചു.
അടുത്ത ഡ്രിങ്ക് എടുത്തു
“എന്താ റ്റൈറ്റില്?”

“കെംതാ ഭീല്‍ക്കോ കോന്‍ മാരാ?”
മിര്‍സ കെംതയെ നോക്കിച്ചിരിച്ചു.
അതു വേണ്ട. കൊല്ലണ്ട. മനസ്സു പറഞ്ഞു. ‘കെംതാ ഭീല്‍ ക്കോ കോന്‍ ജാന്‍‌ത്താ’ എന്നു പോരേ? കെംതാ ഭീലിനെ ആര്‍ക്കറിയാം! അല്ലെങ്കില്‍ ‘കെംതാ ഭീലിനെ ആരറിഞ്ഞു’ എന്നോ മറ്റോ മലയാളത്തില്‍ ഡബ്ബും ചെയ്യാം.

കെംതയുടെ കണ്ണുകളുടെ താഴെ പച്ചകുത്തിയ ഈരണ്ട് വരകള്‍ ചുളുങ്ങി.

മിര്‍സയുടെ ചിരിയില്‍ ചുടുതീ പാറി,
“ കെംതാ ഭീല്‍ ക്കോ കോന്‍ മാരാ?”



(തുടരും)

*
1. സൂഖാ: വരള്‍ച്ച.
2. ഭീല്‍: ആദിവാസികളിലെ ഒരു ഉപജാതി.
3:ഥാന: പോലീസ് സ്റ്റേഷന്‍.
4: ബഗീച്ച: തോട്ടം
5: ചാരാഗ: കന്നുകാലികള്‍ക്കു തിന്നാനായുള്ള പുല്ല്/വയ്ക്കോല്‍
6: സര്‍ക്ക്യൂട്ട് ഹൌസ്: സര്‍ക്കാര്‍ ഗസ്റ്റ് ഹൌസ്.