Sunday, July 27, 2008

പേശാമടന്ത

വിക്രമാദിത്യന്‍ ആകുലനായി. ചിന്തയില്‍ മുഴുകി. ഇനിയെന്തു വഴി? കാടാറുമാസം നാടാറുമാസം എന്നു പറഞ്ഞു നടക്കാന്‍ തുടങ്ങിട്ടു സംവത്സരങ്ങള്‍ എത്രയെത്ര കഴിഞ്ഞു! ഇനിയും പേശാമടന്തയെ സംസാരിപ്പിക്കാനാവുന്നില്ലല്ലോ!

ചക്രവര്‍ത്തി ഭട്ടിയോടു പറഞ്ഞു,
“പ്രിയ മിത്രമേ, സഹോദരാ, സചിവോത്തമാ, ഈ പേശാമടന്തയെ എങ്ങനെ ഒന്നു സംസാരിപ്പിയ്ക്കും?”

വേതാളം എന്നേ മറുകണ്ടം ചാടി,ചുടുകാട്ടിലൂടെ ഓടി, ഏതോ കൊടിമരത്തിന്‍റെ കൊമ്പത്തു തലകീഴായി ഉറക്കം നടിച്ചു കിടക്കുന്നു!. തിരശ്ശീലയും, വസ്ത്രങ്ങളും, തൂവാലയും എന്തിനു വിക്രമാദിത്യന്‍റെ പേരുകേട്ട തൃപ്പതാകകള്‍ പോലും ഈയിടെയായി കഥകള്‍ പറയാറില്ല.

ധര്‍മ്മാധര്‍മ്മങ്ങളുടെ സങ്കടങ്ങള്‍ക്കിടയില്‍ സത്യത്തിന്‍റെ രാജനീതി ആരും കാംക്ഷിക്കുന്നില്ല.
ഭട്ടി കൂലം കഷമായി ആലോചിച്ചു.
“രാജന്‍, നമുക്കു പേശാമടന്തയെ വധിച്ചാലോ?”

“ശാന്തം പാപം. നമുക്കു അന്യായമായ വിധികള്‍ വിധിയ്ക്കാം. അതുകേട്ട് പേശാമടന്ത സംസാരിയ്ക്കാതിരിക്കില്ല. നീതിന്യായത്തിനെതിരായത് കണ്ടും കേട്ടും അവള്‍ക്കു എങ്ങനെ പ്രതികരിയ്ക്കാതിരിയ്ക്കാനാവും?”

വിക്രമാദിത്യന്‍ അന്യായങ്ങള്‍ ചെയ്തു തുടങ്ങി. പിന്നെപ്പിന്നെ ച്ക്രവര്‍ത്തിയ്ക്കു അതൊരു ശീലമായി. പേശാമടന്തയ്ക്കു പൊറുതിമുട്ടി. എന്നിട്ടും അവള്‍ മിണ്ടിയില്ല. അവള്‍ അധര്‍മ്മത്തിനു നേരേ പഞ്ചേന്ദ്രിയങ്ങള്‍ കൊട്ടിയടച്ചു.

ഭട്ടിയും രാജനും പേശാമടന്തയെ മൊട്ടയടിപ്പിച്ചു, ശരീരം മുഴുവനും പുള്ളികുത്തി, കഴുതപ്പുറത്തിരുത്തി രാജ്യം മുഴുവനും ചുറ്റിച്ചു. എന്നിട്ടും മിണ്ടാട്ടമില്ലെന്നു കണ്ടപ്പോള്‍ അവളെ കല്ലെറിഞ്ഞു; ലൈഗികപീഡനം ചെയ്തു; മുഖവും മുലയും തീവച്ചു പൊള്ളിച്ചു.

എന്നിട്ടും പേശാമടന്ത ഒന്നും മിണ്ടാതെ ..ഇങ്ങനെ.....

“ഭട്ടീ, ഇനി നാമെന്തു ചെയ്യും?”
“എന്തു ചെയ്യാനാ?”

വിക്രമാദിത്യന്‍റെ മുഖം തെളിഞ്ഞു, പ്രകാശം ചൊരിഞ്ഞു.

ഒരുള്‍വിളിയിലെന്നപോലെ വിക്രമാദിത്യന്‍ ഉറക്കെ വിളീച്ചുപറഞ്ഞു,
“പേശാമടന്ത നീണാള്‍ വാഴട്ടെ!!!”

ഭട്ടിയും കൂട്ടരും അതേറ്റു വിളീച്ചു,
“പേശാമടന്ത നീണാള്‍ വാഴട്ടെ”

നമുക്കു അതേറ്റു പറയാം,
‘പേശാമടന്ത നീണാള്‍ വാഴട്ടെ!’

Monday, July 21, 2008

ചൈവന

“ജമ്മീ..”
എണ്‍പത്തേഴു സെന്‍റിന്‍റെ ജന്മി സദാനന്ദന്‍ പിള്ള ഒരു നാളീകേരത്തിന്‍റെ പുറത്തു കുന്തിച്ചിരുന്നു്, ശ്രദ്ധാപൂര്‍വം
ഒരു കാക്കത്തൂവല്‍ ഉരിച്ചു നന്നാക്കി അതിന്‍റെ സൌന്ദര്യം നോക്കി തൃപ്തനായി.എന്നിട്ടു, പറമ്പിലെ തെങ്ങുകളെ വീണ്ടും ഒന്നുകൂടെ എണ്ണാന്‍ തുടങ്ങി. നാപ്പത്തെട്ട്, നാപ്പത്തൊമ്പത്......എല്ലാം കൂടെ 53 മൂട് തെങ്ങുണ്ട്.

“ജ്ജമ്മീ”
ചിന്ന വീണ്ടും വിളിച്ചു.

കേള്‍ക്കാത്തഭാവത്തില്‍ സദാനന്ദന്‍ മൊതലാളി, കാക്കത്തൂവല്‍ വലതു
ചെവിയ്ക്കുള്ളിലേയ്ക്കിട്ടു പതിയെ കറക്കാന്‍ തുടങ്ങി. എന്താ ഒരു സുഖം !
ചിന്ന, മുതലാളിയെ സൂക്ഷിച്ചു നോക്കി. ചൂണ്ടാണി വിരലിനും തള്ളവിരലിനുമിടയില്‍ കാക്കത്തൂവലിന്‍റെ തണ്ട് കടയുമ്പോള്‍ മൊതലാളിയുടെ മുഖത്തു ഉണ്ടാവുന്ന ഭാവമാറ്റങ്ങള്‍ ചിന്നയെ കൊതിപ്പിച്ചു. ലക്ഷണമൊത്ത ഒരു കാക്കത്തൂവല്‍ കൊണ്ട് സ്പര്‍ശമേല്‍ക്കാന്‍ ചിന്നയുടെ കാതുകള്‍ തരിച്ചു.

‘ജമ്മീ, ഒരു നാലു നാളീഗേരം ചിന്നയ്ക്കു തരുമോ?’

മൊതലാളി, തെങ്ങിന്‍റെ മുകളിലേയ്ക്കു മെയ് വഴക്കത്തോടേ അനായാസമായി കയറുന്ന കിട്ടന്‍റെ കുശലതതയെ അസൂയയോടെ നോക്കിയിരുന്നു.

‘ജ്ജമ്മീ, ഒരു നാലു നാളീഗേരം” ചിന്ന വിടുന്ന മട്ടില്ല.

സദാനന്ദന്‍ മൊതലാളി കാക്കത്തൂവല്‍ ഇടതു ചെവിക്കുള്ളിലേയ്ക്കു കടത്തി.

‘ജമ്മി അതു കേട്ടുഗാണിഗില്ലായിരിയ്ക്കും’

ചിന്നയുടെ കെട്ടിയവന്‍ പാച്ചനു സദാനന്ദന്‍ മുതലാളിയുടെ അച്ഛന്‍റെ കാലത്തു പത്തുസെന്‍റ് കുടികിടപ്പായി കൊടുത്തതാണു. പാച്ചന്‍ തൂങ്ങിച്ചത്തതിനു ശേഷം ചിന്നയുടെ മക്കള്‍, കിട്ടനും രണ്ട് ഇളയ്ത്തുങ്ങളും,
കൂലിപ്പണിയ്ക്കു പോയിത്തുടങ്ങി.

‘ജമ്മീ, ഒരമ്പതു രൂപാ താ ചിന്നയ്ക്കു’

സദാനന്ദന്‍ മൊതലാളി അടത്തിട്ട തേങ്ങാ എണ്ണാന്‍ തുടങ്ങി.

‘ജ്ജമ്മീ, രൂപാ തരുന്നോ ഇല്ലയോ?’

മൊതലാളിയ്ക്കു കേട്ട ഭാവമില്ല.

‘ജമ്മി, അതും കേട്ടുഗാണുഗില്ലായിരിയ്ക്കും’

മൊതലാളി ഒരു കരിക്കു ചെത്തി കുടിയ്ക്കാന്‍ തുടങ്ങി.

‘ജമ്മീ, കുടീലൊണ്ടായതാ, അഞ്ചാറ് അയണിച്ചക്കപ്പഴം, ജമ്മി കൊണ്ട്വൊക്കോ’

സദാനന്ദന്‍ മൊതലാളി തിരിഞ്ഞ് ചിന്നയെ നോക്കി.

‘ അപ്പൊ ജമ്മി അതു കേട്ടുഗാണുമായിരിയ്ക്കും’

ചിന്നയുടെ മുള്ളുവച്ച വര്‍ത്താനം കേട്ടപ്പോള്‍ മൊതലാളിയ്ക്കു ശുണ്ഠി വന്നു.
‘ ചുമ്മാതാണോടീ നിന്‍റെ കെട്ട്യോന്‍, ആ എമ്പോക്കി തൂങ്ങിച്ചത്തത്’

ചിന്നയുടെ മുഖത്തു നോക്കാതെ, പതിവുപോലെ അഞ്ചു തേങ്ങാ, മൊതലാളി അവളുടെ കുടിലിന്‍റെ മിറ്റത്തേയ്ക്കു എറിഞ്ഞു കൊടുത്തു.

‘നെന്‍റെ തള്ളയ്ക്കു വായകരിയിടാന്‍ ഇതൊണ്ട്വോയി കൊട്, ശാപം കിട്ടണ്ടാല്ലോ’
ചിന്നയ്ക്കായി മൊതലാളി ഒരമ്പതു രൂപാ കിട്ടന്‍റെ കയ്യില്‍ കൊടുത്തു.
തേങ്ങാവെട്ടിയ്ക്കാന്‍ വരുമ്പോഴെല്ലാം ചിന്നയും മൊതലാളിയും പതിവായി നടത്തിവരാറുള്ള ഈ കിളിത്തട്ടു കളി കണ്ടും കേട്ടും കിട്ടനു പുതുമയില്ലാതായി. ചിന്നയ്ക്കു മൊതലാളിയെ ശുണ്ഠി പിടിപ്പിയ്ക്കുന്നതു ഒരു രസമാണു്. സദാനന്ദന്‍ മൊതലാളിയ്ക്കു ചിന്നയെ ചോറിയുന്നതു ഒരു ശീലവും.

അമ്പത്തഞ്ചു വയസ്സില്‍ റിട്ടയറായതിനു ശേഷം തികച്ചും നാടന്‍ ജീവിതമാണു മൊതലാളി തെരഞ്ഞെടുത്തത്. ‘റിട്ടയേര്‍ഡ് സ്പെഷ്യല്‍ സെക്രട്ടറി സദാനന്ദന്‍ പിള്ള’ എന്നു ഇവിടെ ആരും പറയാറില്ല. കൊപ്ര കച്ചവടം
നടത്തി പൊളിഞ്ഞു പോയെങ്കിലും, കൊപ്രാ മൊതലാളി എന്ന സ്ഥാനം മറക്കാന്‍ നാട്ടുകാര്‍ തയാറായില്ല. ചിന്നയൊഴിച്ചു എല്ലാവരും സദാനന്ദനെ മൊതലാളീ എന്നു വിളിച്ചു. ചിന്നയ്ക്കു അയാള്‍ എന്നും എപ്പോഴും
ജന്മി മാത്രം.

ആശ്രമം പോലെ ഒരു വീടു്. ചുറ്റുമതിലിനോടു ചേര്‍ന്നു വര്‍ണ്ണക്കിളികള്‍ നിറഞ്ഞ, നീളത്തിലൊരു കിളിക്കൂട്. ചെറിയ ഒരു കുളം, അതില്‍ ആമ്പലുകളും, ജല സസ്യങ്ങളും. മത്സ്യങ്ങള്‍, കൊച്ചു ആമകള്‍. വെള്ളം നിറയ്ക്കാന്‍ കിണറ്റില്‍ പമ്പു വയ്ച്ചിട്ടുണ്ട്. പറമ്പില്‍ പലതരം ചെടികള്‍. എല്ലാം ഫലം നല്‍കുന്നവ. കാര്‍ഷിക കോളേജില്‍ പോകുമ്പോഴെല്ലാം മൊതലാളി നാട്ടിലെങ്ങും കാണാത്ത മറുനാടന്‍ ചെടികള്‍ വാങ്ങിക്കൊണ്ട് വരും. നമ്മുടെ കാലാവസ്ഥയ്ക്കു ചേരില്ല എന്നൊന്നും പറഞ്ഞാല്‍ മൊതലാളി കേട്ട ഭാവം കാട്ടില്ല.

ചിന്ന കൊണ്ട്പൊയ്ക്കുള്ളാന്‍ പറഞ്ഞ അയണിച്ചക്കപ്പഴം മൊതലാളി എടുത്തില്ല. പകരം പറമ്പു മുഴുവനും അരിച്ചു പെറുക്കി, അണ്ണാന്‍
കൊത്തിയിട്ട പഴത്തിലെ വിത്തുകള്‍ തെരഞ്ഞുപിടിച്ചു ഒരു സഞ്ചിയിലാക്കി കൊണ്ട് വന്നിട്ടുണ്ട്. ഇനി കുറേ ദിവസത്തേയ്ക്കു ഇതാവും കൃഷി. പീച്ച്, ആപ്പിള്‍, നാസ്പാതി, സാത്ത്ക്കുടി എന്നിവയൊക്കെ സദാനന്ദന്‍ മൊതലാളി മറക്കും. ഇനി അവ മാസങ്ങളോളം അയാളുടെ കരസ്പര്‍ശത്തിനായി കൊതിയ്ക്കും.

സദാനന്ദന്‍റെ പറമ്പില്‍ മുളകൊണ്ടുള്ള നാലു ബെഞ്ചുകള്‍ ഉണ്ട്. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും ആരെങ്കിലും ഒക്കെ ഇടയ്ക്കു വരുമ്പോള്‍ രാത്രി മുഴുവന്‍ ചര്‍ച്ചകളും പൊട്ടിച്ചിരികളുമായി അവര്‍ ബെഞ്ചുകളില്‍ നിറഞ്ഞിരിയ്ക്കും. അന്നു അയാള്‍ തന്‍റെ പഴയ ഗ്രാമഫോണും റിക്കാര്‍ഡുകളും പൊടിതട്ടി പുറത്തെടുക്കും. ബീറ്റിത്സ്, എം. എല്‍. വസന്തകുമാരി, ഹേമന്ത്കുമാര്‍, ബഡാഗുലാമലിഖാന്‍, സൈഗാള്‍,എല്‍വിസ്. അതിശയിപ്പിക്കുന്ന ഒരിജിനല്‍ റിക്കാര്‍ഡ്സ് കളക്ക്ഷനാണു സദാനന്ദന്‍ മൊതലാളിയ്ക്കുള്ളത്. വീടു നിറയെ പുസ്തകങ്ങളാണു്. ഒരു അടുക്കും ചിട്ടയുമില്ലാതെ പൊടിയടിച്ചു ആയിരക്കണക്കിനു പുസ്തകങ്ങള്‍. കാലത്തിനനുസരിച്ചു സദാനന്ദന്‍ മുതലാളിയുടെ മാറി മാറിയുള്ള താത്പര്യങ്ങള്‍ ആ പുസ്തകങ്ങളിലൂടെ അറിയാം. കമ്യൂണിസ്റ്റു പുസ്തകങ്ങള്‍ മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന മറവില്‍ നക്സലൈറ്റ് അനുഭാവിയായിരുന്നപ്പോഴുള്ളതാണു്. പിന്നെ ആറെസ്പിയാണു യഥാര്‍ത്ഥ കമ്മൂണിസ്റ്റ് പ്രസ്ഥാനമെന്നും ശ്രീകണ്ഠന്‍ നായരാണു ഒരേ ഒരു കമ്മൂണിസ്റ്റെന്നും പറഞ്ഞു നടന്ന കാലം.

“ ആ വിക്കന്‍ നമ്പൂരിയാണു കമ്മ്യൂണിസത്തിന്‍റെ ശാപം. തൊലിപ്പുറത്തെ വിപ്ലവം അല്പമൊന്നു ചുരണ്ടിയാല്‍ മാടമ്പിത്തരവും ഫ്യൂഡലിസവും പുറത്തുവരും! ഒരാല്‍മരം പോലെ, ഏക്കേജിയുടെ വളര്‍ച്ച പോലും അയാള്‍
മുരടിപ്പിച്ചു.”

അറെസ്പിയുടെ രാഷ്റ്റ്രീയ സാഗത്യത്തെക്കുറിച്ചു റിസര്‍ച്ചു നടത്തുന്ന ദീപാ ഗാങ്ഗുലീ എന്ന ജേ.എന്‍.യൂ വിദ്യാര്‍ത്ഥിനി, കേട്ടറിഞ്ഞു ഈ പുസ്തകപ്പുരയിലും എത്തി. പാര്‍ട്ടിയാപ്പീസില്‍ പോലും കിട്ടാത്തരേഖകള്‍
മൊതലാളിയുടെ പക്കല്‍ നിന്നും കിട്ടിയത്രേ!

സഖാവ് ശിബ്ദാസ്ഘോഷിന്‍റെ പുസ്തകങ്ങളും എസ്സ് യൂ സി ഐയ്യുമായി പിന്നത്തെ ഹരം. അവിടുന്നു പടിയിറങ്ങിയപ്പോള്‍ സദാനന്ദന്‍പിള്ള ആതമരോഷത്തോടെ പറഞ്ഞു,

“ കമ്മൂണിസ്റ്റ് പ്രസ്ഥാനമാത്രേ!! ഫൂ... ആ കൃഷ്ണാ ചക്രവര്‍ത്തിയുടെ മോക്ക് ഐസ്ക്രീം വാങ്ങിക്കൊടുക്കുന്നതാണോടാ വിപ്ലവം”

പിന്നെ സ്വാമി അരബിന്ദോ, പ്രകൃതി ചികിത്സ, ആയുര്‍വേദം, സുദര്‍ശനക്രീയ, ആര്‍ക്കിയോളജി, ഇങ്ങനെ ഓരൊന്നോരോന്നായി മാറി മാറി സദാനന്ദന്‍ പിള്ളയെ സ്വാധീനിച്ചു. ഓരോന്നും മടുത്തു കഴിയുമ്പോള്‍
കാര്യകാരണയുക്തമായി അതിനെ തള്ളിപ്പറയും മുതലാളി. ഈയിടെയായി വേദങ്ങള്‍, വേദാന്തം, ഹിറ്റ്ലര്‍, ശങ്കരാചാര്യര്‍, ക്രിസ്റ്റ്ഫര്‍ കോഡ്വല്‍, ഭഗവത് ഗീത എന്നിവയിലാണു താല്പര്യം.

കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ സദാനന്ദന്‍റെ കൂടെയാണു് താമസം. പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു സമാഗമം. റിട്ടയര്‍ ചൈതതിനു ശേഷമുള്ള വിശേഷങ്ങള്‍ പലരും പറഞ്ഞു ഞാനറിഞ്ഞിരുന്നു, ഇപ്പോള്‍
ഒറ്റയ്ക്കു ഗ്രാമത്തിലാണെന്നും. ഒന്നു ചെന്നു കാണണമെന്നു എനിയ്ക്കു പെട്ടെന്നു തോന്നി. ഇനി ചിലപ്പോള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലോ?

ചിന്നയുടെ മകന്‍ കിട്ടനാണു സഹവാസി. അവന്‍റെ അനിയന്‍ ജോലിയ്ക്കു നില്‍ക്കുന്ന ചായക്കടയില്‍നിന്നും സദാനന്ദനു പാഴ്സലായി ആഹാരമെത്തിയ്ക്കാന്‍ ഏര്‍പ്പാടുണ്ട്. വാഴയിലയില്‍ പൊതിഞ്ഞ ഭക്ഷണം കോളേജു വിട്ടതിനു ശേഷം വീണ്ടും ഞാന്‍ കഴിയ്ക്കുന്നതു ഇപ്പോഴാണു്. വാട്ടിയ വാഴയിലയില്‍, വിയര്‍ത്ത പൊതിച്ചോറിനു വല്ലാത്ത ഹരമുള്ള മണവും സ്വാദും. കുവൈറ്റിലെ ജോലി മതിയാക്കി വരുന്നതിനു മുന്‍പ് ഞാന്‍ സദാനന്ദനെ വിളിച്ചു.
“നെനക്കു എന്തെങ്കിലും കൊണ്ട് വരണോ ഇവിടെ നിന്നും?

“തേടുന്നതാരേ ശൂന്യതയില്‍ ..
ഈറന്‍ മിഴികളേ,
തേടുന്നതാരേ..തേടുന്നതാരേ”,
‘ഈ പാട്ടുണ്ട്ങ്കില്‍ കോപ്പി ചെയ്തു സീ ഡീ കൊണ്ടു വാ’.
എസ്സ്. ജാനകിയുടെ പാട്ടുകള്‍ എനിയ്ക്കിഷ്ടമാണെന്നു അവനറിയാം.

സദാനന്ദന്‍റെ പൂജാമുറിയില്‍ മരിച്ചുപോയ അമ്മയുടേയും അച്ഛന്‍റേയും പിന്നെ ശ്രീകൃഷ്ണന്‍റേയും പടങ്ങള്‍. തെന്താ ഇങ്ങനെ? കൃഷ്ണന്‍റെ പല ഭാവത്തിലുള്ള പടങ്ങള്‍.
“മറ്റുദൈവങ്ങളോട് പിണക്കമാണോ?”
“വൃത്തിയും വെടിപ്പുമുള്ള വേറേ ഒറ്റയെണ്ണവും ഇല്ല വീട്ടില്‍ കയറ്റാന്‍ കൊള്ളാവുന്നതായി. എലിയുടേയും പുലിയുടേയും, പാമ്പിന്‍റേയും പരുന്തിന്‍റേയും പുറത്തല്ലേ ഓരോന്നിന്‍റേയും വാസം!”
ഭഗവത് ഗീതയെക്കുറിച്ചായി പിന്നെ പ്രവചനം.

‘കൃഷ്ണയുടെ മക്കള്‍?’

മടിച്ചു മടിച്ചാണു ഞാന്‍ അവളെക്കുറിച്ചു ചോദിച്ചു പോയതു. സെക്രട്ടേറിയേറ്റ് പിടിച്ചു കുലുക്കിയ ഒരവിശുദ്ധ പ്രേമം. രണ്ടു പേരും വിവാഹിതര്‍. കൃഷ്ണയ്ക്കു നാലു മക്കള്‍. കൃഷ്ണയുടെ അടുത്ത
കൂട്ടുകാരിയാണു സദാനന്ദന്‍റെ ഭാര്യ. സദാനദന്‍റെ ജാതി മാറിയുള്ള രജിസ്റ്റര്‍ മാര്യേജിനു സാക്ഷികള്‍ ഞാനും കൃഷ്ണയും. സദാനന്ദനു രണ്ട് കുട്ടികള്‍ ആയതിനു ശേഷമാണു കൃഷ്ണ അവനൊരഭിനിവേശമായത്. സെക്രട്ടേറിയേറ്റ്
ക്യാന്‍റീനിനു മുന്നിലുള്ള മരത്തിന്‍റെ ചുവട്ടില്‍ എന്നും ഉച്ചയ്ക്കു ലഞ്ച് കഴിഞ്ഞു ദീര്‍ഘനേരം സംസാരിച്ചു നില്‍ക്കാറുള്ള ഡെപ്പ്യൂട്ടി സെക്രട്ടറി സദാനന്ദന്‍ പിള്ളയുടേയും സെക്ഷന്‍ അപ്പീസര്‍ കൃഷ്ണ വേണിയുടെയും
കഥകള്‍ കോളറ പോലെ ഭരണ സിരാകേന്ദ്രം മുഴുവനും പടര്‍ന്നു.

“ എന്താ സദാനന്ദാ ഈ കേള്‍ക്കുന്നതു? ഇതൊക്കെ ശരിയാണെന്നു തോന്നുന്നുണ്ടോ?”
എന്നു സ്വകാര്യമായി ചോദിച്ച മുഖ്യമന്ത്രിയോടു സദാനന്ദന്‍ ഇടഞ്ഞു,

“ സഖാവേ, എന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതു”

അന്നു മുതല്‍ ക്യാന്‍റീനു മുന്നിലുള്ള സംസാരം ഒരു വാശിയ്ക്കു സെക്രട്ടേറിയേറ്റ് വളപ്പിനു പുറത്തു വേലുത്തമ്പിയുടെ പ്രതിമയ്ക്കു മുന്നിലേയ്ക്കു മാറ്റി. പിന്നെ പിന്നെ എല്ലാവര്‍ക്കും ഈ മുതു പ്രേമം ഒരു
വിഷയമല്ലാതായി മാറി.

‘നാലുകൊല്ലം നരകയാതന അനുഭവിച്ചാണു കൃഷ്ണ മരിച്ചതു. ക്യാന്‍സര്‍.എനിയക്കത് ഓര്‍ക്കാന്‍ കൂടി വയ്യ’

സദാനന്ദന്‍ അസ്വസ്ഥനായി. ആ വൃദ്ധകാമുകന്‍റെ കണ്ണുകള്‍ നനഞ്ഞതു പോലെ. കൃഷ്ണയുടെ ഭര്‍ത്താവു ആത്മഹത്യ ചെയ്തതിനു ശേഷം സദാനന്ദന്‍ അവളുടെ വീട്ടിലായി പൊറുതി. അവളുടെ നാലു മക്കളുടെ
പഠിത്തത്തിനും കല്യാണങ്ങള്‍ക്കും പിന്നെ കൃഷ്ണയുടെ ആശുപത്രിച്ചെലവിനുമായി നഗരത്തിലെ വീടും നാട്ടിലെ
പറമ്പും എല്ലാം വില്‍ക്കേണ്ടി വന്നു അവനു്. കൃഷ്ണയുടെ മരണത്തിനു ശേഷം അവളുടെ അച്ഛന്‍ ചീത്തപറഞ്ഞു സദാനന്ദനെ ആ വീട്ടില്‍ നിന്നും അടിച്ചിറക്കിയപ്പോള്‍ അവളുടെ നാലു മക്കളും കുടുംബവും ഒന്നും മിണ്ടാതെ നോക്കി നിന്നെന്നാണ് ഞാന്‍ കേട്ടത്. എന്തായാലും ആ‍ അദ്ധ്യായം കഴിഞ്ഞു.

“എന്തെങ്കിലും സംഭവിച്ചാല്‍ ശവദാഹത്തിനു നീ ഓടി വരികയൊന്നും വേണ്ടാ. പക്ഷേ പിന്നീടൊരിയ്ക്കല്‍ വരണം. ഇത്രയേ ഞാന്‍
അച്യുതിനോടും പറഞ്ഞുള്ളൂ”

അച്യുത് സദാനന്ദന്‍റെ സ്വന്തം മകനാണു. അവനും കുടുംബവും സിയാറ്റിലില്
നിന്നും ഇത്തവണ അവധിയ്ക്കു വന്നപ്പോള്‍ അച്ഛനെ കാണണമെന്നു തോന്നിയതു ആരോ ചെയ്ത പുണ്യഫലം.

വൈകുന്നേരം കടപ്പുറത്തു ഒന്നു നടന്നിട്ടു തിരികെ വരുമ്പോള്‍ സദാനന്ദന്‍ മൊതലാളിയുടെ വീടിനു മുന്നില്‍ ഒരാള്‍ക്കൂട്ടം. അവനു വല്ലതും പറ്റിയോ? വിഭ്രാന്തിയോടെ ഞാന്‍ തിടുക്കത്തില്‍ വീട്ടിലെത്തി. തടിയന്‍ ഒരു
തമിഴന്‍ ഒരുകയ്യിലൊരു വാഴത്തടയും മറ്റേകയ്യില്‍ തെങ്ങിന്‍പൂക്കുലയുമായി സദാനന്ദന്‍റെ കാല്‍ച്ചുവട്ടില്‍. ചെമ്പരത്തിപ്പൂമാലയും, ഒരു വെറ്റില മാലയും കഴുത്തില്‍. ശരീരം മുഴുവനും ഭസ്മം. അരയില്‍ ഒരു പട്ടുടുത്തിട്ടുണ്ട്. ചെണ്ടക്കാരുടെ താളത്തിനൊത്ത് കുലുങ്ങുന്നുമുണ്ട്.

ചിന്നയാണു കഥാസംഗ്രഹം പറഞ്ഞുതന്നത്. അറുമുഖം നാട്ടിലെ പ്രമുഖ മന്ത്രവാദിയാണു. മഷിനോക്കാനറിയാം. ചാത്തന്‍ സേവയും ഉണ്ട്. അറുമുഖത്തെ ചെങ്കോട്ടയില്‍ നിന്നും വന്ന ഒരു മാണിക്യന്‍ വെല്ലുവിളിച്ചു.
പോട്ടിയെങ്കില്‍ പോട്ടിയെന്നു അറുമുഖം. മത്സരം കുറിച്ച നാള്‍മുതല്‍ അറുമുഖത്തിനു കഷ്ടകാലം. ദുഃശ്ശകുനങ്ങള്‍. അറുമുഖം പ്രാര്‍ത്ഥിച്ചു. മഷിയിട്ടുനോക്കി. സംഗതികള്‍ തെളിഞ്ഞുവന്നു. മാണിക്ക്യന്‍ ചതിച്ചിരിയ്ക്കുന്നു. അവന്‍ ‘ചെയ്‌വന’ ചെയ്തു അറുമുഖത്തെ നശിപ്പിക്കാന്‍. ചാത്തന്‍ സേവയുള്ളതുകൊണ്ട് അറുമുഖത്തു മറ്റു മന്ത്രവാദങ്ങള്‍ നിഷിദ്ധം. എന്തുചെയ്യണമെന്നറിയാതെ ഉഴറിയ അറുമുഖത്തെ, ചിന്ന ജമ്മിയുടെ അരികിലെത്തിച്ചു.ജമ്മി ഒന്നു കണ്ണടച്ചു. ധ്യാനം കഴിഞ്ഞു അറുമുഖത്തോടു പറഞ്ഞു.
“ ചൈവന ദോഷം. വീടും പറമ്പും വീട്ടിലോട്ടുള്ള വഴിയും ഒക്കെ ഒന്നു നോക്കണം. മുട്ടയിലാണു പ്രയോഗം എന്നു കാണുന്നു”

അച്ചെട്ടായിരുന്നു ജമ്മി പറഞ്ഞതു. അറുമുഖത്തിന്‍റെ വീട്ടിലേയ്ക്കുള്ള ഊടു വഴിയില്‍ മുട്ടത്തോടും ചിരട്ടയും കിട്ടി. തളര്‍ന്നു പോയ അറുമുഖം ചിന്നയേയും കൂട്ടി വീണ്ടും ജമ്മിയുടെ അടുത്തെത്തി.
‘മൊതലാളിസാമീ തന്നെ രക്ഷിക്കണം’.
അറുമുഖം അടിയറവു പറഞ്ഞു. ചിന്ന നിര്‍ബന്ധിച്ചപ്പോള്‍ ജമ്മി ‘മറു ചൈവനയ്ക്കു‘ സമ്മതം മൂളി. മൂന്നു നാരങ്ങ, പച്ചമുളകു പിന്നെ മാണിയ്ക്കന്‍റെ ഒരു മുടി. ഇത്രയും വേണം ജമ്മിയ്ക്കു. എങ്കിലേ ‘മറു ചൈവന’ നടക്കൂ. എല്ലാം ശരിയാക്കാം. എങ്കിലും മാണിയ്ക്കന്‍റെ മുടി. അതെങ്ങിനെ ഒപ്പിയ്ക്കും. അമ്പട്ടന്‍ ചെല്ലപ്പനോടു പറഞ്ഞാലോ? അതിനു മാണിയ്ക്കന്‍ മുടിവെട്ടിയ്ക്കാന്‍ പോയാലല്ലേ സാധിയ്ക്കൂ. ഒടുവില്‍ ചിന്ന തന്നെ വേണ്ടിവന്നു. മാണിയ്ക്കന്‍ താഴേവീട്ടിലെ സരോജിനിയുടെ വീട്ടില്‍ രാത്രി രാത്രി ചൂട്ടും കത്തിച്ചു പോകുന്നതു കണ്ടു പിടിച്ചതും, മാണിയ്ക്കന്‍റെ മുടികിട്ടിയില്ലെങ്കില്‍ ജമ്മിയോടു പറഞ്ഞു സരോജിനിയ്ക്കെതിരേയും ‘ചൈവന’ ചെയ്യുമെന്നു പേടിപ്പിച്ചതും ചിന്ന. ഒടുവില്‍ സരോജിനി വഴങ്ങി. ഒരു പ്ലാസ്റ്റിക്കു കൂടില്‍ മാണിയ്ക്കത്തിന്‍റെ അഞ്ചാറു മുടിയിഴകള്‍ ചിന്നയുടെ കയ്യില്‍.

ജമ്മി, നാരങ്ങയും മുളകും മാണിയ്ക്കന്‍റെ മുടിയും ജപിച്ചു ചൈവന ചെയ്തു കൊടുത്തു. മാണിയ്ക്കന്‍ നടക്കുന്ന വഴിയില്‍ ‘ചൈവന’ കുഴിച്ചിടണം. അവന്‍ അതു മറികടക്കണം. എങ്കിലേ ഫലിയ്ക്കൂ. അവനെക്കൊണ്ടെങ്ങനെ മറികടപ്പിയ്ക്കും? മണ്ടന്‍ അറുമുഖത്തിനു ബുദ്ധിയോതിക്കൊടുത്തത് ചിന്നതന്നെ. രാത്രി പത്തു മണി കഴിഞ്ഞു സരോജിനിയുടെ വീട്ടിലേയ്ക്കുള്ള വഴിയില്‍ ‘ചൈവന’ കുഴിച്ചിടുക. ചൂട്ടുകറ്റയുമായി രാത്രി രഹസ്യക്കാരിയെക്കാണാന്‍ വരുമ്പോള്‍ മാണിയ്ക്കന്‍ വീഴും, മൂന്നരത്തരം. ചിന്നയുടെ ബുദ്ധി ഫലിച്ചു. മാണിയ്ക്കന്‍ ചൈവന മറികടന്നു. അവസാനം മത്സരത്തില്‍ തോറ്റ് മാണിയ്ക്കന്‍ അറുമുഖത്തിന്‍റെ കാല്‍ക്കല്‍ തളര്‍ന്നു വീണു. അറുമുഖം ചുട്ടകോഴിയെ പറപ്പിച്ചു. നാട്ടുകാരെ വിറപ്പിച്ചു. വരത്തന്‍ മാണിയ്ക്കനു ജീവന്‍ ഭിക്ഷയായി കൊടുത്തു വരുന്ന വരവാണു ജമ്മിയുടെ അടുത്തേയ്ക്കു, പര്‍ണേറ്റു കഴിഞ്ഞു ദാരികന്‍റെ ശിരസ്സുമായി വരുന്ന ദേവിയെപ്പോലെ. നന്ദി സൂചകമായി വാഴത്തടയും പൂക്കുലയും അറുമുഖന്‍ സദാനന്ദന്‍റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു.

ഞാന്‍ അന്തം വിട്ടിരുന്നു. റിട്ടയേറ്ഡ് സ്പെഷ്യല്‍ സെക്രട്ടറി, എക്സ് നക്സലൈറ്റ് അനുഭാവി സദാനന്ദന്‍ പിള്ള ഇവിടെ ‘ചൈവന’ ചെയ്യുന്ന ദുര്‍മന്ത്രവാദിയോ? വെറുപ്പു കലര്‍ന്ന സങ്കടത്തോടെ ഞാന്‍ ചോദിച്ചു,

“ എന്താ ഇതൊക്കെ സദാനന്ദാ? നീ ഈ ചൈവനയൊക്കെ എന്നു പഠിച്ചു? ഓരോരോ അന്ധവിശ്വാസങ്ങള്!”

സദാനന്ദന്‍ വെറുതേ ചിരിച്ചു,
“പത്തു മുപ്പതു കൊല്ലം സെക്രട്ടറിയേറ്റിലല്ലായിരുന്നോ പണി. അവിടെ പിടിച്ചു നില്‍ക്കാനായി ചൈവനയും മറുചൈവനയുമൊക്കെ വേണ്ടേ?. പിന്നെ എന്‍റെ വഴികളിലെല്ലാം ചൈവന ചെയ്തു വച്ചിരുന്ന ദൈവത്തേക്കാളും വലിയ ദുര്‍മന്ത്രവാദിയാണോ ഞാന്‍”

മൂന്നു ചെറുനാരങ്ങകളും, പച്ചമുളകുകളും, നരച്ച സ്വന്തം മുടിയിഴകളുമായി സദാനന്ദന്‍ മൊതലാളി എന്ന ചിന്നയുടെ ജമ്മി, റിട്ടയേര്‍ഡ് സ്പെഷ്യല്‍ സെക്രട്ടറി, ശ്രീകൃഷ്ണന്‍റെ പടങ്ങള്‍ മാത്രമുള്ള തന്‍റെ പൂജാമുറിയില്‍ കയറി കതകടച്ചു.

Sunday, July 13, 2008

ഒരറമ്പാതവും ഇല്ല!!

തിരുവനന്തപുരം ജില്ലയ്ക്കു വടക്കോട്ടുള്ളവര്‍ക്കു ഈ തലക്കെട്ടിന്‍റെ ഗുട്ടന്‍സ് പിടികിട്ടുമോ?

സാധ്യതയില്ല.

‘ഒരു നിവൃത്തിയും ഇല്ല’, ‘ഒരു രക്ഷയും ഇല്ല’, ‘ഒരു വഴിയും ഇല്ല’, ‘ഒരു നിശ്ചയവും ഇല്ല’ എന്നൊക്കെ പറഞ്ഞാല്‍ പോലും ഈ ‘അറമ്പാതം’ നല്‍കുന്ന ഇമ്പാക്ടിന്‍റെ ഏഴയലത്തു പോലും വരില്ല.

‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന സിനിമയില്‍ ( തിരുത്തിനു കടപ്പാട്: മൂര്‍ത്തി. നന്ദി) മോഹന്‍ലാല്‍, “ലേലു അല്ലി , ലേലു അല്ലി... എന്നെ അഴിച്ചുവിട്” എന്നു പറയുമ്പോള്‍ മുഖത്തു പ്രത്യക്ഷപ്പെടുന്ന ഭാവം ഓര്‍മ്മയുണ്ടോ?
ഒരറമ്പാതവും ഇല്ലാതെ നില്‍ക്കുന്നവന്‍റെ നിസ്സഹായതയുടെയും ഫ്രസ്റ്റ്രേഷന്‍റേയും അല്പമെങ്കിലും അടുത്തു വരും ആ അഭിനയം എന്നു വേണമെങ്കില്‍ പറയാം.

ബ്ലഡ്ഷുഗറ് കൂടിപ്പോയതിന്‍റെ സുഖചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയ എനിയ്ക്കു, ഇപ്പോള്‍ പഞ്ചാര കുറഞ്ഞുപോകുന്ന പ്രശ്നം. ചിലപ്പോള്‍ 48ഉം 55ഉം 65 ഒക്കെ ആവും . ഫാസ്റ്റിങില്‍ 70തില്‍ താഴെയായാല്‍ ഹൈപ്പോഗ്ലൈസീമിയാ എന്നു ഓമനപ്പേരുള്ള ‘ലവന്‍’വരും. കോമാ വന്നു തട്ടിപ്പോകാം. ചത്തുപോകാന്‍ എനിയ്ക്കു ഒട്ടും ഇഷ്ടമല്ലാത്തതുകൊണ്ട് ഇടയ്ക്കിടെ ഷുഗര്‍ ചെക്കു ചെയ്യും, പിന്നെ ആവശ്യാനുസരണം പഞ്ചാര, ആഹാരം, ഫലവര്‍ഗ്ഗങ്ങള്‍ ഇത്യാദി കഴിച്ചും ഇന്‍സുലിന്‍ അല്പസ്വല്പം കുറച്ചും ആഘോഷമായി ജീവിതം ആസ്വദിച്ചിരിയ്ക്കുകയായിരുന്നു.

രാത്രി ശാപ്പാടിനു മുന്‍പ് ഇന്‍സുലിന്‍ ഇന്‍ജെക്ക്ഷനൊക്കെ എടുത്തു ആഹാരത്തിനു മുന്നിലെത്തിയപ്പോഴാണു വൊമിറ്റിങോടുകൂടിയ ഡയേറിയ തുടങ്ങിയതു. അതും ആസ്വദിച്ചു ഒന്നരദിവസം. ഇടയ്ക്കിടെ കഞ്ഞിവെള്ളം കുടിച്ചും, പഞ്ചാരക്കുഞ്ചുവായും ഒരു പടക്കുറുപ്പിനെപ്പോലെ ഈ വക പീറ രോഗങ്ങള്‍ക്കെതിരായി പൊരുതി വിലസിയിരുന്ന്പ്പോഴാണു, ദാ വൈറല്‍ ഫീവര്‍ എന്ന ഭീകരന്‍. അവനാകട്ടെ നമ്മുടെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ‘നിവേദിതാ ഭീ കരനെക്കാള്‍’ വലിയ പീ ഹരന്‍. അവസാനം ഒരു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ വൈറന്‍ ഭീകരന്‍ നാണംകെട്ടു,അഫിഡവിറ്റിന്‍റെ രൂപത്തില്‍ നിരുപാധികം മാപ്പും പറഞ്ഞു പിന്മാറി.

ഇതെല്ലാം ഞാന്‍ പരമസുഖമായി ആസ്വദിച്ചു.പരിചയക്കാരെ ഒക്കെ ഫോണില്‍ വിളിച്ചു കിട്ടാവുന്ന സഹതാപമൊക്കെ സംഘടിപ്പിച്ചു അങ്ങനേയിരിയ്ക്കുമ്പോള്‍, വരുന്നു ചെസ്റ്റ് കഞ്ജഷന്‍! ആസ്തലിന്‍ എന്ന ഇന്‍ഹേലര്‍ സ്പ്രേ വലിച്ചുകയറ്റാന്‍ എന്തു സുഖമാണെന്നറിയാമോ?

അതും ഞാന്‍ സഹിച്ചു.

‘അമേരിയ്ക്കയെക്കുറിച്ചു ഒരക്ഷരം മിണ്ടിപ്പോകരുതു, എനിയ്ക്കതിഷ്ടമില്ല’ എന്നു ശ്രീനിവാസന്‍ സ്റ്റൈലില്‍ 1,2,3 ആയി പറഞ്ഞു നടന്നിട്ടിപ്പോള്‍, ഒരറമ്പാതവുമില്ലാതെ കലിപ്പുകളുമായി പ്രസ്കോണ്‍ഫ്രന്‍സിനിരിയ്ക്കുന്ന സഖാവു കാരാട്ടിന്‍റെ ഇഞ്ചി കടിച്ച മുഖഭാവമെങ്കിലും റ്റീ വിയില്‍ കണ്ട് സമാധാനിയ്ക്കാം എന്നു വച്ചു ന്യുസ് ചാനലായ ചാനലെല്ലാം മാറ്റി മാറ്റി നോക്കി.

പരമകാരുണികരായ ചാനല്‍ ആങ്കറുമാരെല്ലാം കഴിഞ്ഞ രണ്ടു ദിവസങ്ങളായി കണ്ടിന്വസ്സായി ഓരോരോ അരമണിയ്ക്കൂറിടവിട്ട് ആ പാവം ‘ആരുഷി തല്‍വാറിനെ’ ഹിന്ദിയിലും ഇംഗ്ലീഷിലും ആവേശത്തോടെ വീണ്ടും വീണ്ടും കൊന്നുകൊണ്ടേയിരിയ്ക്കുന്നു. :(

‘തന്തോഷം കൊണ്ടെനിയ്ക്കിരിയ്ക്കാന്‍ മേലേ!!!!’

“ഒരറമ്പാതവും ഇല്ലേ!”

വടക്കന്മാര്‍ക്കു ഞങ്ങടെ ‘അറമ്പാതത്തിന്‍റെ’ ഒരു ഏകദേശ അര്‍ത്ഥമെങ്കിലും ഊഹിയ്ക്കാന്‍ കഴിയണേ എന്‍റെ ആറ്റുകാലമ്മച്ചീ.

നാടോടിക്കാറ്റും, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്റ്റ്രീറ്റും സീ ഡിയിട്ടു വീണ്ടും കണ്ട് മനസ്സു ന്യൂറ്റ്രലൈസ് ചെയ്ത ഒരു ധൈര്യത്തിന്‍റെ പുറത്താണു ഈ പോസ്റ്റിടുന്നതു. ഇനി രാത്രി ഒന്‍പതരമുതല്‍ പതിനൊന്നു വരെ മലയാളം ചാനലുകളില്‍ വരുന്ന ന്യൂസ് എന്ന കോമഡിറ്റൈം കൂടി കണ്ട് കഴിയുമ്പോള്‍ കമ്പ്ലീറ്റിലി നോര്‍മല്‍ ആകും.

‘ലോകാ സമസ്താ സുഖിനോ ഭവന്തുഃ’

Sunday, July 6, 2008

സ്റ്റോക്ക്ഹോം സിന്‍റ്രോം?

(സമര്‍പ്പണം: വേണുവിനും പാമുവിനും; പിന്നെ മറ്റു സുഹൃത്തുക്കള്‍ക്കും)
**********
ആശുപത്രി വിടാറായപ്പോള്‍ അകാരണമായ ദുഃഖം മനസ്സില്‍. ചിലപ്പോഴൊക്കെ കടല്‍ത്തീരത്തു ഒറ്റയ്ക്കിരിയ്ക്കുമ്പോള്‍ പണ്ട് തോന്നാറുണ്ടായിരുന്നതുപോലെ.

ആശുപത്രിമുറിയിലെ ജനാല; അതിനപ്പുറത്തെ ഫ്ലൈ ഓവര്‍; അല്പം ദൂരെക്കാണുന്ന സ്കൂള്‍; സ്കൂള്‍ ബസ്സില്‍
നിന്നിറങ്ങിയോടുന്ന കൊച്ചു കുഞ്ഞുങ്ങള്‍; പാരപ്പെറ്റില്‍ ചാടിയോടുന്ന കുരങ്ങന്മാര്‍; റ്റ്യൂബു ലൈറ്റിനടുത്തു
ഇരകാത്തിരിയ്ക്കുന്ന തടിയന്‍ പല്ലി; അങ്ങനെ എല്ലാത്തിനേയും ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരുന്നു.

ഇടയ്ക്കിടെ മനസ്സിനെ കടിഞാണില്ലാതെ അലയാന്‍ വിടും. അതിനു പിറകേ ഞാനും. ചിലപ്പോള്‍ രൌദ്രഭാവമാര്‍ന്ന ബദരീനാഥില്‍ നിന്നും യുധിഷ്ഠിരനും, സഹോദരന്മാരും പഞ്ചാലിയും പിന്നെ ആ
ശുനകനും പോയ വഴിയിലൂടെ, വസുധരാ ഫാള്‍സിലേയ്ക്കു. അങ്ങുതാഴെ ജലകണങ്ങള്‍ പുകയായി പതയുന്നതും കണ്ട് മനസ്സും ഞാനും, നീലാകാശത്തു മഴവില്ലിലൂടെ
വെണ്മേഘങ്ങളെ തഴുകി നടന്നു നടന്നു സ്വര്‍ഗാരോഹിണിയിലേയ്ക്ക്..

മറ്റുചിലപ്പോള്‍ മനസ്സ് മൂകവും മ്ലാനവുമായി, നീലക്കടലിന്‍റെ എകാന്തമായ അടിത്തട്ടിലേയ്ക്കു, മരണത്തെത്തേടി
ഗതികെട്ട് അടിയാറാകുമ്പോള്‍, ആരോ ഒരാള്‍, എവിടെ നിന്നോ, ദയാവായ്പുമായി ഒന്നും മിണ്ടാതെ
ബലിഷ്ഠകരങ്ങള്‍ ഞങ്ങള്‍ക്കു നേരേ നീട്ടുന്നു. എന്‍റെ മെലിഞ്ഞ കരങ്ങള്‍ അവന്‍ തൊട്ടുവോ?അന്ധകാരപൂര്‍ണ്ണമായ ആ ദുരിതങ്ങള്‍ മാറി ഒരു സൂര്യോദയത്തിന്‍റെ അരുണശോഭയില്‍ ഞങ്ങള്‍
സ്നേഹോന്മത്തരായി ആനന്ദഗാനമാലപിച്ചു.

ഞാന്‍ സ്നേഹിയ്ക്കപ്പെടുന്നു.
അരൊക്കെയോ എന്നെ സ്നേഹിയ്ക്കുന്നു.

വേറോരിയ്ക്കല്‍ മനസ്സു, ‘മോമാര്‍ട്’ കത്തീഡ്രല്‍ തെരുവിലെ വഴിയോര ചിത്രകാരനു വേണ്ടി ഒരു മഗ്
ബിയര്‍ മൊത്തിക്കുടിച്ചിരിയ്ക്കുമ്പോള്‍, അവള്‍ ‘ഡോറാ മാറ്’ എന്‍റെ മുടിയില്‍ വിരലോടിച്ചു. ആത്മാക്കളുടെ മഹായുദ്ധത്തിനിടയില്‍, കത്തിക്കരിഞ്ഞുപോയെ എന്‍റെ ‘ഗര്‍ണിക്കയെ’ നിഴലും വെളിച്ചവുമായി
അവള്‍ പുനര്‍ജ്ജീവിപ്പിച്ചു.

എന്‍റെ ഡോറാ മാറ്, തീവ്രരാഗത്തിലേയ്ക്കുള്ള ഈ പ്രയാണത്തിനിടയ്ക്കു, മസൃണമായ നിന്‍റെ ഉഛ്വാസത്തെ
എന്തിനീ പുകയിലഗന്ധം കൊണ്ട് മലീമസമാക്കി?

പ്രണയവും കടം വീട്ടലാണെന്നു ധരിച്ചു, ആ കടാക്ഷവും മന്ദഹാസവും ഛിന്നഭിന്നമാക്കിക്കൊണ്ട്, ‘ഡോറാ
മാറ്’ നീ കാലത്തിന്‍റെ ഘടികാരമായി ഉരുകിയൊലിച്ചു.

ആശുപത്രി മുറിയുടെ പടികളിറങ്ങുമ്പോള്‍ ഒരു സത്യം മനസ്സിലായി. ഫുട്ട്പാത്തുകളിലും, അഴുക്കുചാലുകള്‍ക്കിടയിലും, ശൌചാലയത്തിനടുത്തും, അങ്ങനെ ആശുപത്രിത്തെരുവില്‍ ഇടം
കിട്ടുന്നിടത്തെല്ലാം വിരിപ്പു വച്ചുറങ്ങാന്‍ ശ്രമിയ്ക്കുന്ന കുഞ്ഞുങ്ങളും, സ്ത്രീകളും, പുരുഷന്മാരും, വൃദ്ധരും ആയ
എല്ലാ മനുഷ്യക്കോലങ്ങളേയും ഞാനിപ്പോള്‍ സ്നേഹിയ്ക്കുന്നു; കീറിയ പഴംചാക്കുതുണ്ടിലിരുന്നു
നിസ്കരിയ്ക്കുന്ന ആ വികൃതനായ വൃദ്ധനേയും.

ഞാന്‍ എന്‍റെ ആശുപത്രിയെ സ്നേഹിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.
വീട്ടിലെ സുരക്ഷിതത്വത്തിലും, ആശുപത്രി എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു, കണ്ണിരും പുഞ്ചിരിയും തൂകി.

Tuesday, July 1, 2008

സ്നേഹിതനേ.... സ്നേഹിതനേ

സ്നേഹിതര്‍ ഡോക്ടേഴ്സായാലും ഡോക്ടേഴ്സ് സ്നേഹിതരായാലും ഫലം ഒന്നു തന്നെ. അവര്‍ സ്നേഹം പ്രകടിപ്പിയ്ക്കുന്നതു ചികിത്സയിലൂടെയാണു. അത്തരം സ്നേഹത്തിന്‍റെ പാര്‍ശ്വഫലത്തിനിരയായി ഞാന്‍ കഴിഞ്ഞ
അഞ്ചു ദിവസങ്ങളായി നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയില്‍ അഡ്മിറ്റഡാണു. ഒരു സ്നേഹിതന്‍ വഴി മെഡിക്കല്‍ സൂപ്രണ്ടിനെ പരിചയമുള്ളതുകൊണ്ട് പ്രൈവറ്റ് വാര്‍ഡെന്ന പേരില്‍ അറിയപ്പെടുന്ന അറപ്പുളവാക്കുന്ന ആ മുറി മാറ്റി, വീ ഐ പി മുറി തന്നെ അലോട്ട് ചെയ്തു കിട്ടി. രോഗിയായിട്ടാണെങ്കിലും വീ ഐ പി ആവുന്നതു ഒരു സുഖമുള്ള ഏര്‍പ്പാടാണു.

ആശുപത്രി വാസം കാരണം ബ്ലോഗു വായനയും കമന്‍റെഴുത്തും കുറവ്. ഗൂഗിള്‍ റീഡറില്‍ വായിക്കാത്ത പോസ്റ്റുകള്‍ കുമിയുന്നു. പുസ്തകവായന ഉണ്ട്. മാധവിക്കുട്ടിയുടെ ‘മനോമി’ വീണ്ടും വായിച്ചു. കാക്കനാടന്‍റെ
‘ഒറോത’യും കഴിയാറായി. പുനര്‍വായനയില്‍ കൂടുതല്‍ ഇഷ്ടം തോന്നിയ കൃതികള്‍ കുറവു്. ആ തോന്നല്‍ മാറ്റാന്‍ ഈ പുസ്തകങ്ങള്‍ക്കും കഴിഞ്ഞില്ല. യാത്രയില്‍ തടിയന്‍ പുസ്തകങ്ങള്‍ കരുതാറില്ല. ലാപ്റ്റോപ്പിലിട്ടു കാണാമെന്നു കരുതി കുറച്ചു സീ ഡികളും എടുത്തിരുന്നു.
നിഴല്‍ക്കുത്ത്, നാടോടിക്കാറ്റ്, ഒരേകടല്‍,ഗുരു, സര്‍ക്കാര്‍, തകരച്ചെണ്ട, ശിങ്കാരവേലന്‍, മൈക്കല്‍ മദനകാമരാജന്‍. ഒന്നും കാണണമെന്നു തോന്നിയില്ല. ഇന്‍വെസ്റ്റിഗേഷനും മരുന്നുകള്‍ക്കുമിടയില്‍, ഏ ആര്‍ റഹമാനും, കുമാര്‍ ഗന്ധര്‍വും ആണു ഇപ്പോഴത്തെ ഹരം.

വീട്ടുകാരെയും ബന്ധുക്കളെയും ഒന്നും അറിയിച്ചില്ല. ഒന്നു രണ്ട് അടുത്ത സ്നേഹിതരോട് വിവരം പറഞ്ഞു. അതിലൊരാള്‍ 30 കൊല്ലത്തോളമായി ആത്മാര്‍ത്ഥ സുഹൃത്താണു. ഹോസ്പിറ്റലില്‍ ആയെന്നറിഞ്ഞാല്‍ അവന്‍
ഓടി വരും. മുഴുവന്‍ സമയവും കൂടെയുണ്ടാകും. ഡോക്ട്ടേഴ്സിന്‍റെ ഗൂഡ്ഡാലോചനയുടെ ഫലമായി ഇടയ്ക്കിടെ വാങ്ങിക്കേണ്ട മരുന്നുകള്‍, ഐ വീ ഫ്ലൂയിഡ് ഒക്കെ വാങ്ങിത്തരും. ടെസ്റ്റുകള്‍ക്കു പോകുമ്പോള്‍ സ്നേഹിതന്‍
മോറല്‍ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് കൂടെയുണ്ടാവും.
വെറുതേ ഓരോരോ മോഹങ്ങള്‍!.
നാലു കൊല്ലങ്ങള്‍ക്കു മുന്‍പു ഹോസ്പിറ്റലൈസ് ആയപ്പോള്‍ പാലക്കാട്ടുനിന്നും പറന്നെത്തിയ മറ്റൊരു സ്നേഹിതന്‍ കണ്ടിഷന്‍
ചെയ്യിപ്പിച്ചെടുത്ത വേണ്ടാത്ത ശീലങ്ങള്‍!

ഇവിടെയുള്ള ഈ സ്നേഹിതന്‍, പണ്ട് അവശനായി ലിവറും , ഈസോഫാഗ്ഗസ് വെയിന്‍സും ഒക്കെ പൊട്ടാറായി തിരുവനന്തപുരത്തു ആശുപത്രിയില്‍ കിടപ്പായപ്പോള്‍, രണ്ടുപ്രാവശ്യം ഡെല്‍ഹിയില്‍ നിന്നും ഞാന്‍ ഓടി പിടിച്ചു അവിടെച്ചെന്നു കൂട്ടിരുന്നതിനുള്ള ഒരു പ്രത്യുപകാര കാംക്ഷ മനസ്സിലെ ഏതോ കോണില്‍ ഒളിച്ചു വച്ചിരുന്നത് എന്‍റെ തെറ്റ്.

മൂന്നാം ദിവസം സ്നേഹിതന്‍ സന്ദര്‍ശകനായി എത്തിയപ്പോള്‍ വിഷമം തോന്നി. പകല്‍ സമയത്തുതന്നെ നല്ലവണ്ണം മദ്യപിച്ചിരിയ്ക്കുന്നു. വേച്ചു വേച്ചു മുറിയില്‍ വന്നു. സോഫാസെറ്റില്‍ പൊടിതൂത്തു മാറ്റാന്‍ തുടങ്ങി. പിന്നെ ഇരുന്നു. രണ്ടു മിനിട്ട് കഴിയുമ്പോള്‍ വീണ്ടും എണീയ്ക്കും , പിന്നെയും ഇല്ലാത്ത സാങ്കല്‍പ്പിക പൊടി തുടയ്ക്കും, പിന്നെയും ഇരിയ്ക്കും. ഇതിങ്ങനെ തുടര്‍ന്നു കൊണ്ടേയിരുന്നു.നേരത്തേ വന്നു കാണാന്‍ പറ്റാതിരിയ്ക്കാനുള്ള കാരണങ്ങള്‍ പറഞ്ഞു:

എം ബീ ബീ എസ്സ് എന്റ്രന്‍സിനു പഠിയ്ക്കുന്ന മകനു ഉച്ചയ്ക്കു പറോട്ടയും ബീഫ് ഫ്രൈയും വാങ്ങിക്കൊടുക്കണം; ഒരു തമിഴന്‍ ഓഫീസറുമായുള്ള അപ്പോയിന്മെന്‍റ് നാലാമത്തെ പ്രാവശ്യവും മാറ്റിവയ്ച്ചാല്‍ ആയാള്‍ എന്തു കരുതും ?; ആശുപത്രി വളപ്പില്‍ കാര്‍ പാര്‍ക്കു ചെയ്യാനുള്ള പ്രയാസങ്ങള്‍!; നാട്ടില്‍നിന്നും ഭാര്യ എത്തുന്നതിനു മുന്‍പു തിരക്കിട്ടു നടത്തേണ്ട ഹൌസ്കീപ്പിങ്; ബോസിന്‍റെ മകളുടെ സെപ്റ്റംബറിലുള്ള കല്യാണത്തിനു ഒരു സര്‍പ്രൈസ് ഗിഫ്റ്റായി കൊടുക്കേണ്ട ഇന്‍വിറ്റേഷന്‍ കാര്‍ഡിന്‍റെ മ്യൂറല്‍ പെയിന്‍റിങ് ഡിസൈനിങ്.

ഹൈദ്രാബാദിലും, മസ്കറ്റിലും,പാലക്കാട്ടും, തിരുവനന്തപുരത്തും ഉള്ള ഞങ്ങളുടെ ഉറ്റ സ്നേഹിതന്മാരെ ഇവന്‍ ഞാന്‍ അഡ്മിറ്റായ ദിവസം തന്നെ ഫോണില്‍ പ്രത്യേകം പ്രത്യേകം വിളിച്ചു ഈ കാരണങ്ങളൊക്കെ അറിയിച്ചിരുന്നു. അവനിതെല്ലാം ഇന്‍ കൊഹെറന്‍റായി പറഞ്ഞപ്പോള്‍ എന്‍റെ സ്നേഹിതന്മാര്‍ക്കു അത്ഭുതം തോന്നിയിരുന്നില്ല.

“ ഹരിത്തേ, നീ ചുമ്മാ പ്രതീക്ഷിക്കരുതു്. അവനൊരു രോഗിയാണെന്നു കരുതണം. നിന്നെക്കാള്‍ അവനിപ്പോഴിഷ്ടം മദ്യത്തെയാണു. ഒറ്റയ്ക്കു കിട്ടുമ്പോള്‍, അവന്‍റെ ഈ തരികിടകളൊക്കെ നമുക്കു മനസ്സിലാവും എന്നു
പറഞ്ഞേയ്ക്കൂ. എന്താണു ഉദ്ദേശമെന്നു ചോദിച്ചു നോക്ക്. റ്റ്രൈ റ്റു ഹെല്‍പ്പ് ഹിം എഗൈന്‍” പാലക്കാട്ടുകാരന്‍ സ്നേഹിതന്‍.

“ അവനെ അവന്‍റെ പാട്ടിനു പോവാമ്പറയെടേ, അവനില്ലാതെ കാര്യങ്ങള്‍ നടക്കൂല്ലേ” തിരുവനന്തപുരം സ്നേഹിതന്‍.
ഇങ്ങോട്ടു വരാന്‍ തുനിഞ്ഞ സ്നേഹിതന്മാരെ നിര്‍ബന്ധപൂര്‍വ്വം തടഞ്ഞു.

സ്നേഹിതന്‍ എനിയ്ക്കു വേണ്ടി കുറെ പറോട്ട , ബീഫ് ഫ്രൈ, അച്ചപ്പം, നേന്ത്രപ്പഴം, മിക്ചര്‍, കപ്പലണ്ടി മുട്ടായി, എന്നിങ്ങനെ മലയാളിക്കടയില്‍ കിട്ടുന്ന ജങ് ഫുഡ് മുഴുവനും കൊണ്ടു വന്നിട്ടുണ്ട്.
“ എനിയ്ക്കിതൊന്നും കഴിയ്ക്കാന്‍ പാടില്ലല്ലോടാ,ഫാസ്റ്റിങ് ഷുഗര്‍ 436 ആയിരുന്നു.”

മദ്യലഹരിയില്‍ സ്നേഹിതന്‍ സോഫയില്‍ ഇരുന്നു ഉറങ്ങാന്‍ തുടങ്ങി. ചെറിയ രീതിയില്‍ കൂര്‍ക്കം വലിയും തുടങ്ങി. ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം പുസ്തകമെന്ന ആഗോളപ്രശ്നത്തില്‍ ഇന്നു ഏതു ജില്ലയാണ്
ഹര്‍ത്താലാഘോഷിയ്ക്കുന്നതെന്നറിയാന്‍ ഉള്ള ജിജ്ഞാസ കാരണം ഞാന്‍ റ്റി വി ഓണ്‍ ചെയ്തു. ശബ്ദം കേട്ടു സ്നേഹിതന്‍ ഞെട്ടി ഉണര്‍ന്നു.
“ രാത്രി ഞാന്‍ ഇവിടെ കിടക്കേണ്ട കാര്യമൊന്നുമില്ലല്ലോ”
പിറുപിറുക്കുന്നതു പോലെ അവന്‍ പുലമ്പി. വീണ്ടും മയക്കത്തിലോട്ടു മടങ്ങി. അള്‍റ്റ്രാ സൌണ്ട് റിപ്പോര്‍ട്ടും, റ്റി എം റ്റിയ്ക്കുള്ള കണ്‍സള്‍ട്ടേഷന്‍ പേപ്പറുമായി മുറിയിലെത്തിയ റെസിഡന്‍റ് ഡോക്റ്റര്‍, സ്നേഹിതന്‍റെ വാതുറന്നുള്ള ഉറക്കം കണ്ട് ആംഗ്യഭാഷയില്‍ എന്താ സംഭവം എന്നു ചോദിച്ചു. ഏതോ സിനിമയിലെ മോഹന്‍ ലാലിനെ അനുകരിച്ച് കണ്ണുകളിറുക്കി ഞാന്‍ പറഞ്ഞു,“ചുമ്മാ”

അഞ്ചു മണിവരെ ഈ മയക്കം സ്നേഹിതന്‍ തുടര്‍ന്നു. എനിയ്ക്കു സഹതാപവും വെറുപ്പും ദേഷ്യവും ഒക്കെക്കൂടി കൂട്ടിക്കുഴഞ്ഞു സ്റ്റ്രെസ്സ് ഫീലു ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇടയ്ക്കു മയക്കം തെളിഞ്ഞു ചോദിച്ചു,
‘രാത്രി കഞ്ഞി കൊണ്ടു വരണോ?”
മറുപടി കേള്‍ക്കുന്നതിനു മുന്‍പുതന്നെ വീണ്ടും മയക്കത്തിലോട്ട് മറിഞ്ഞു. സ്നേഹിതന്‍റെ മകന്‍റെ ഫോണ്‍ അഞ്ചര മണിയ്ക്കു വന്നു. ഉണര്‍ന്നു സ്നേഹിതന്‍.
‘ മോനു വെശക്കുന്നെന്നു’.
തണുത്തു മരവിച്ച പറോട്ടയും , ബീഫ് ഫ്രൈയും, മറ്റു പലഹാരങ്ങളുമായി പുത്രസ്നേഹത്തിന്‍റെ ഹാങ്ങോവറില്‍, മെടിക്കല്‍ എന്‍റ്റ്രന്‍സിനു പഠിയ്ക്കുന്ന മോനുള്ള ലഞ്ചുമായി സ്നേഹിതന്‍ യാത്രപറഞ്ഞു

‘ എടേയ് എന്താവശ്യമുണ്ടെങ്കില്‍ പറയണം, കേട്ടോ’.

ഇന്നു, ആശുപത്രിവാസത്തിന്‍റെ ആറാം നാള്‍, സ്നേഹിതന്‍റെ വരവും പ്രതീക്ഷിച്ചു, ഒരു വീ ഐ പി രോഗിയെന്ന നാട്യത്തില്‍ ഞാന്‍.....

ആരാണെന്നു പോലും അറിയാതെ, എന്നെ സ്നേഹിയ്ക്കുന്നു എന്നു ഞാന്‍ കരുതുന്ന ബൂലോകത്തെ കുറച്ചു സ്നേഹിതര്‍ക്കു വേണ്ടി ഈ വരികള്‍ ഇവിടെ കുറിയ്ക്കട്ടെ!

സ്നേഹത്തോടെ,
ഹരിത്