Showing posts with label നുറുങ്ങ്. Show all posts
Showing posts with label നുറുങ്ങ്. Show all posts

Saturday, November 29, 2008

മൃത്യുവിന്‍റെ ഗുഹയില്‍ പുതിയ രക്തപുഷ്പങ്ങള്‍

എത്രപേര്‍ മരിച്ചു എന്നറിയില്ല.
മരിച്ചവരില്‍ എത്ര മലയാളികളുണ്ട്,എത്ര പോലീസുകാരുണ്ട്, എത്ര സിവിലിയന്‍സ് ഉണ്ട്, എത്ര എന്‍ എസ്സ് ജീക്കാരുണ്ട്, എത്ര റ്റെററിസ്റ്റ് ഉണ്ട് എന്നും എഴുതുന്നില്ല.

നിതാന്ത സത്യമായ മരണം മാത്രം മിച്ചം.

വല്ലാത്തൊരു ഹീന ഭാവനയാണ് മനസ്സിലിപ്പോള്‍.
സഹജീവികള്‍ കാര്യകാരണങ്ങളില്ലാതെ വെറുതേ ചത്തൊടുങ്ങുമ്പോള്‍, തമ്മില്‍ കൊന്നൊടുക്കുമ്പോള്‍ നിസ്സഹായനായ് റിയാലിറ്റി ഷോ കാണുന്നവന്‍റെ ആത്മഗ്ലാനി.
സ്വയം ജീവിച്ചിരിയ്ക്കുന്നതിലെ ആശ്വാസം.
സ്വന്തക്കാര്‍ സുരക്ഷിതരാണോയെന്നറിയാനുള്ള വെമ്പല്‍.
പിന്നെ പരിചയക്കാരെക്കുറിച്ചും ചോദിച്ചു തുടങ്ങി.
തീര്‍ന്നു ആകാംക്ഷകള്‍.


പാലസ്തീനില്‍ ആളുകള്‍ വര്‍ഷങ്ങളായി മരിച്ചുകൊണ്ടേയിരിക്കുമ്പോള്‍, ‘ ഇവര്‍ക്കെന്താ വട്ടാണോ’ എന്നു തോന്നിയിരുന്നു. പഞ്ചാബിലും കാശ്മീരിലും ഓരോ ദിവസങ്ങളിലും മരിച്ചു വീഴുന്നവരുടെ വാര്‍ത്തകള്‍ നിറഞ്ഞ പേജുകള്‍ ലാഘവത്തോടെ മറിച്ച്, അവസാനത്തെ വിക്കറ്റ് വീഴ്ചയെക്കുറിച്ചു വായിച്ചിരുന്ന നാളുകള്‍! വന്‍ മരം വീണപ്പോള്‍ ഉണ്ടായ കുലുക്കത്തില്‍ പെട്ട് പച്ചജീവനോടെ കത്തി മരിച്ച സര്‍ദാര്‍ജിമാരെക്കുറിച്ചു വായിക്കേണ്ടി വന്നപോള്‍ ‘ ഇവന്മാര്‍ക്കു ഇത്രയു അത്യാവശ്യം’ എന്നു പറഞ്ഞ സുഹൃത്ത്. മാവോ സെ തൂങ് മരിച്ചതുകേട്ട് വാവിട്ടു കരഞ്ഞ കാപട്യക്കാരനായ സഹപാഠി സഖാവ്.

വീണ്ടും വീണ്ടും മരണങ്ങള്‍.
ഓരോന്നോരോന്നായി പിന്നീടു മറന്നു.
പിന്നെ ജീവിത പ്രശനങ്ങളുമായി മുന്നോട്ട്.
വിശപ്പും ദാഹവും കാമവും അടക്കാനുള്ള നെട്ടോട്ടം.
ജീവിച്ചിരിയ്ക്കാനായി ആശുപത്രികളും പഥ്യങ്ങളും.
ആത്മഹത്യയെക്കുറിച്ചു ആലോചിച്ചപ്പോഴൊക്കെ പേടിച്ചു പിന്മാറി.

മരണത്തേയും ആത്മഹത്യയേയും സ്തുതിയ്ക്കുന്ന കവിതകളും, ഗസലുകളും പാട്ടുകളും കഥകളുമൊക്കെ മോഹത്തോടെ ഗൃഹാതുരത്വത്തോടെ വര്‍ണ്ണ സ്വപ്നങ്ങളാക്കി.

“വെളിച്ചം, വെളിച്ചം വിളിയ്ക്കുന്ന മര്‍ത്ത്യന്‍റെ നാദമടങ്ങിക്കഴിഞ്ഞു,
ഇന്നു കേള്‍ക്കുന്നതു വേറേ നിവേദനം
ജാനകി തേങ്ങിമറഞ്ഞ ധരയുടെയാഴത്തില്‍നിന്നുമുദിയ്ക്കുന്നൂ പ്രണവമായ്
മൃത്യു മൃത്യു ജയ മൃത്യു മൃത്യു”

എന്നോമറ്റോ ആരോ എഴുതിയിട്ടില്ലേ?


നമുക്ക്, നമ്മുടേതായ സ്വാര്‍ത്ഥകളുമായി ഈ മരണങ്ങളേയും ഇനി വരാനിരിയ്ക്കുന്ന മരണങ്ങളേയും ആഘോഷിയ്ക്കാം.

(വീ ആര്‍ കമിങ് ബാക്ക് റ്റു യു വിത് അ ബ്രേക്കിങ് ന്യൂസ്, ആന്‍ഡ് എക്സ്ലൂസ്സിവ് ഫുട്ടേജ്; ബട്ട് ജസ്റ്റ് ആഫ്റ്റര്‍ ദ കമേഴ്സ്യല്‍ ബ്രേക്ക്. പ്ലീസ് ഡോണ്ട് ഗോ എവേ)

Sunday, July 27, 2008

പേശാമടന്ത

വിക്രമാദിത്യന്‍ ആകുലനായി. ചിന്തയില്‍ മുഴുകി. ഇനിയെന്തു വഴി? കാടാറുമാസം നാടാറുമാസം എന്നു പറഞ്ഞു നടക്കാന്‍ തുടങ്ങിട്ടു സംവത്സരങ്ങള്‍ എത്രയെത്ര കഴിഞ്ഞു! ഇനിയും പേശാമടന്തയെ സംസാരിപ്പിക്കാനാവുന്നില്ലല്ലോ!

ചക്രവര്‍ത്തി ഭട്ടിയോടു പറഞ്ഞു,
“പ്രിയ മിത്രമേ, സഹോദരാ, സചിവോത്തമാ, ഈ പേശാമടന്തയെ എങ്ങനെ ഒന്നു സംസാരിപ്പിയ്ക്കും?”

വേതാളം എന്നേ മറുകണ്ടം ചാടി,ചുടുകാട്ടിലൂടെ ഓടി, ഏതോ കൊടിമരത്തിന്‍റെ കൊമ്പത്തു തലകീഴായി ഉറക്കം നടിച്ചു കിടക്കുന്നു!. തിരശ്ശീലയും, വസ്ത്രങ്ങളും, തൂവാലയും എന്തിനു വിക്രമാദിത്യന്‍റെ പേരുകേട്ട തൃപ്പതാകകള്‍ പോലും ഈയിടെയായി കഥകള്‍ പറയാറില്ല.

ധര്‍മ്മാധര്‍മ്മങ്ങളുടെ സങ്കടങ്ങള്‍ക്കിടയില്‍ സത്യത്തിന്‍റെ രാജനീതി ആരും കാംക്ഷിക്കുന്നില്ല.
ഭട്ടി കൂലം കഷമായി ആലോചിച്ചു.
“രാജന്‍, നമുക്കു പേശാമടന്തയെ വധിച്ചാലോ?”

“ശാന്തം പാപം. നമുക്കു അന്യായമായ വിധികള്‍ വിധിയ്ക്കാം. അതുകേട്ട് പേശാമടന്ത സംസാരിയ്ക്കാതിരിക്കില്ല. നീതിന്യായത്തിനെതിരായത് കണ്ടും കേട്ടും അവള്‍ക്കു എങ്ങനെ പ്രതികരിയ്ക്കാതിരിയ്ക്കാനാവും?”

വിക്രമാദിത്യന്‍ അന്യായങ്ങള്‍ ചെയ്തു തുടങ്ങി. പിന്നെപ്പിന്നെ ച്ക്രവര്‍ത്തിയ്ക്കു അതൊരു ശീലമായി. പേശാമടന്തയ്ക്കു പൊറുതിമുട്ടി. എന്നിട്ടും അവള്‍ മിണ്ടിയില്ല. അവള്‍ അധര്‍മ്മത്തിനു നേരേ പഞ്ചേന്ദ്രിയങ്ങള്‍ കൊട്ടിയടച്ചു.

ഭട്ടിയും രാജനും പേശാമടന്തയെ മൊട്ടയടിപ്പിച്ചു, ശരീരം മുഴുവനും പുള്ളികുത്തി, കഴുതപ്പുറത്തിരുത്തി രാജ്യം മുഴുവനും ചുറ്റിച്ചു. എന്നിട്ടും മിണ്ടാട്ടമില്ലെന്നു കണ്ടപ്പോള്‍ അവളെ കല്ലെറിഞ്ഞു; ലൈഗികപീഡനം ചെയ്തു; മുഖവും മുലയും തീവച്ചു പൊള്ളിച്ചു.

എന്നിട്ടും പേശാമടന്ത ഒന്നും മിണ്ടാതെ ..ഇങ്ങനെ.....

“ഭട്ടീ, ഇനി നാമെന്തു ചെയ്യും?”
“എന്തു ചെയ്യാനാ?”

വിക്രമാദിത്യന്‍റെ മുഖം തെളിഞ്ഞു, പ്രകാശം ചൊരിഞ്ഞു.

ഒരുള്‍വിളിയിലെന്നപോലെ വിക്രമാദിത്യന്‍ ഉറക്കെ വിളീച്ചുപറഞ്ഞു,
“പേശാമടന്ത നീണാള്‍ വാഴട്ടെ!!!”

ഭട്ടിയും കൂട്ടരും അതേറ്റു വിളീച്ചു,
“പേശാമടന്ത നീണാള്‍ വാഴട്ടെ”

നമുക്കു അതേറ്റു പറയാം,
‘പേശാമടന്ത നീണാള്‍ വാഴട്ടെ!’

Saturday, June 7, 2008

അതേയ്

അതേയ്,
ഇന്നെവിടെയൊ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്
കണ്ടുപിടിയ്ക്കാമെന്നു വച്ചാല്‍
കണ്ണു വിയര്‍ത്തതു കാരണം
ഒരു മങ്ങല്‍ പോലെ,
മറന്നു കളയാമെന്നു വച്ചാല്‍
മനസ്സു ചൊരുത്തതു കാരണം
ഒരു വിങ്ങല്‍ പോലെ.
..........................
...............
....
..
.
(8/6/08: 8.30 AM:
ഇപ്പോള്‍ കമന്‍റില്‍ എഴുതിയതാണു്. അപ്പോള്‍ തോന്നി പോസ്റ്റില്‍ തന്നെ ഇട്ടേയ്ക്കാം ഈ കണ്‍ഫെഷന്‍ എന്നു്:
പോസ്റ്റിലുള്ള ഒരു വരി ഞാന്‍ അടിച്ചു മാറ്റിയതാണു. അനിയത്തിയുടെ വീട്ടില്‍ പോയപ്പോള്‍ ഒന്നാം കളാസ്സില്‍ പഠിക്കുന്ന അനന്തരവന്‍ ചെക്കന്‍ സ്ക്കൂളില്‍ പോകാന്‍ മടിച്ചു കരഞ്ഞുകൊണ്ടിരിയ്ക്കുന്നു.
“ നാണമില്ലേടാ സ്കൂളില്‍ പോകാതെ കരഞ്ഞോണ്ടിരിയ്ക്കാന്‍ നെനക്കു്?” എന്‍റെ ചോദ്യം.
നിറഞ്ഞ കണ്ണുമായി അവന്‍റെ ഇന്നൊവേറ്റിവ് മറുപടി:
“ കരഞ്ഞതല്ല ഹരി മാമാ. കണ്ണു വിയര്‍ത്തതാണു”
അവനിപ്പൊള്‍ വളര്‍ന്നു സ്കൂളിലെ പ്രസിഡെന്‍റു തെരഞ്ഞെടൂപ്പ് ജയിച്ചതില്‍ വല്ല അത്ഭുതവുമുണ്ടോ?)

Tuesday, January 8, 2008

ദൈവത്തിന്റെ മറുപടി (മുന്‍പ് കേട്ടിട്ടില്ലാത്തവര്‍ക്കുവേണ്ടി)

ഞങ്ങള്‍ പത്രപ്രവര്‍ത്തകരുടെ ഇക്കഴിഞ്ഞ സെമിനാറിലാണു ദൈവവും പങ്കെടുത്തത്. ദൈവം എന്നുപറഞ്ഞാല്‍ സാക്ഷാല്‍ ഭഗവാനും, ഈശ്വരനും അള്ളായും ഒക്കെയായ ഒറിജിനല്‍ ദൈവം. ദൈവം പ്രസംഗിക്കാന്‍ തുടങ്ങുന്നതിനു മുന്‍പു, താടിവച്ച ഒരു പത്രപ്രവര്‍ത്തകന്‍, ഏഷ്യാനെറ്റിലെ കെ. പി. മോഹനന്റെ സ്റ്റൈലില്‍ "ഈ മണ്ടന്‍ എന്തുത്തരം പറയാനാ” എന്ന മുഖഭാവത്തില്‍, സ്ഥായിയായ പുഛത്തോടെ, ഒരു ചോദ്യം ദൈവത്തിനോട് ചോദിച്ചു:

Mr. God, mmm... aaa..ee.. what do you think the difference between you and journalists?"

ചോദ്യം കേട്ടു ദൈവം ഒന്നു പതറി. പിന്നെ പരുങ്ങി പരുങ്ങി പതിയെ മുരടനക്കി,

“ Well, errrrr... there is one difference....I never think myself as a journalist.....but in the case of jouralists..........."

പെട്ടെന്നു സദസ്സില്‍ നിശ്ശബ്ദത. രണ്ടു സെക്കന്റ് കഴിഞ്ഞപ്പോള്‍ മനസ്സിലായവര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കരഘോഷം മുഴക്കി.

സദസ്സില്‍ ഒരാള്‍ മാത്രം ഒരു ചെറുപുഞ്ചിരി പോലുമില്ലാതെ ഒന്നും മനസ്സിലാവാത്തപോലെ വളരെ സീരിയസായിരിക്കുന്നു. അയാളെക്കുറിച്ചറിയാന്‍ എനിക്കു ജിജ്ഞാസ.

“ആരാ അയാള്‍? ” അടുത്തിരുന്ന ജേര്‍ണോയോട് ഞാന്‍ ചോദിച്ചു. കൈരളിയിലെ ജോണ്‍ ബ്രിട്ടാസ്, ഫാരീസ് അബുബക്കറെ നോക്കി ചിരിച്ചതു പോലെ, ജേര്‍ണോ എന്നെ നോക്കി എല്ലാമറിയുന്ന ആ ‘ചാനല്‍ ചിരി‘ ചിരിച്ചു. എന്നിട്ട് പറഞ്ഞു,

“ അറിയില്ലേ, അതു നമ്മുടെ എം. കെ.ഹരികുമാറല്ലേ, കലാകൌമുദിയിലെ അക്ഷരജാലക്കാരന്‍”

Sunday, December 30, 2007

സാരഥി

രഥ്യയിലൂടെന്‍ തേരുരുളുമ്പോള്‍,
സ്വപ്നങ്ങളിലെന്‍ മനമുഴറുമ്പോള്‍,
വിഭ്രാന്തിലൊഴുകും മനുജരിലെന്റെ,
സാരഥിയെങ്ങോ മറഞ്ഞു!

സാരഥിയില്ലാതടരാടുക നീ,
നേടുക പലതും, ജീവിതമതിനാം


രഥ്യയിലൂടെന്‍ തേരുരുളുമ്പോള്‍,
സ്വപ്നങ്ങളിലെന്‍ മനമുഴറുമ്പോള്‍,
വിഭ്രാന്തിയിലൊഴുകും മനുജരിലെന്റെ,
സാരഥിയെന്തേ മറഞ്ഞു?

Wednesday, December 12, 2007

ബോല് രാധാ ബോല്....


“രാധാ....”

“ങൂ....”

“എനിക്കു കാണണം”

“നിക്കും”

“എങ്ങിന്യാ കാണ്വാ...”

“മൂന്നു മാസമായി ഫോണിലൂടെ ദ് തന്നെ ചോദിച്ചോണ്ടിരിക്ക്വാ? വൈകിട്ടു 4 മണിക്കു സൌത്ത് എക്സിലെ ‘ബരിസ്തായില്‍' വന്നാപ്പോരെ കാണാന്‍!!”