Thursday, June 26, 2008

ടെ കണേശാ ഡേയ്

“ടെ കണേശാ ഡേയ്”

അടക്കിയ സ്വരത്തില്‍ താത്തയുടെ സ്ഥിരം സ്റ്റൈല്‍ പിന്‍വിളി. കാലില്‍ ഗാംഗ്രീനടിച്ചു കിടപ്പായിപ്പോയി ഹരിഹരസുബ്ബ്രഹ്മണ്യയ്യര്‍ എന്ന സട കൊഴിഞ്ഞ സിംഹം. ഇല്ലെങ്കില്‍ ഈ എണ്‍പത്തി അഞ്ചാം വയസ്സിലും ഒരു ഒറ്റമുണ്ടും ഖദര്‍ ഷര്‍ട്ടുമിട്ടു വെളുത്ത കുറ്റിത്താടിയും ചൊറിഞ്ഞു, ആരും കാണാത്ത തക്കം നോക്കി വീട്ടില്‍ നിന്നും ഒറ്റ മുങ്ങു മുങ്ങുമായിരുന്നു. വടിയും പാതിതുറന്ന വായയും റ്റ്രേഡുമാര്‍ക്ക്. വച്ചു വിടുന്നതു പഴയ ന്യൂസ് റീലില്‍ ഗാന്ധിജി ഉപ്പു സത്യാഗ്രത്തിനു പോകുന്ന സ്പീഡില്‍.ചെന്നു നില്‍ക്കുന്നതോ ചന്ദ്രന്‍പിള്ളയുടെ ചായക്കടയില്‍. അല്ലെങ്കില്‍ ശാന്താ ബേക്കറിയില്‍.

“കണേശാ ഡേയ്, രെണ്ട് ജിലേബി, കൊഞ്ചം ഓമപ്പൊടി, അന്ത കൊച്ചു കവര്‍ കാരാബൂന്ദി. പോതുംടാ. വാങ്കീട്ടു വാടാ.”
ആജ്ഞാപിയ്ക്കുന്ന മട്ടില്‍ സിംഹം, പാവം യാചിയ്ക്കുന്നു.

“താത്താ, അവ്വയാര്‍ കേള്‍ക്കണ്ട”

തെരുവിലെ കുട്ടികള്‍ സുന്ദരാംബാള്‍ എന്ന എന്‍റെ പാട്ടിയ്ക്കിട്ടിട്ടുള്ള ഓമനപ്പേരാണു അവ്വയാര്‍. വെയ്പ്പു പല്ലാണെങ്കിലും നല്ല ചേലുള്ള ചിരിയാണു വെളുത്തു മെലിഞ്ഞ എന്‍റെ സുന്ദരി അവ്വയാര്‍ക്ക്. കാപ്പിപ്പൊടി കളറിലുള്ള നാര്‍മടിപ്പുടവയും ചുറ്റി മയിലിന്‍റെ നീലനിറമുള്ള ബ്ലൌസുമിട്ട്,കൈ നിറയെ സ്വര്‍ണ്ണ വളകളും, കഴുത്തില്‍ അടുക്കു മാലകളും ധരിച്ചു അണിഞ്ഞൊരുങ്ങി മതിലിനരികിലെ വാട്ടര്‍ റ്റാങ്കിന്‍റെ മുകളില്‍ കയറി അങ്ങനെ നില്‍ക്കുന്നു പാട്ടി. അപ്പുറത്തെ വീട്ടിലെ ഓമനമാമിയുടെ കൂടെ സംസാരിക്കാനാണു ഈ പ്രയത്നം.

“ഓമ്മന്നേ, നീ തന്നെ പറയൂ, ഈ ആള്‍ ചെയ്യുന്നതു അത്ത്ര സരിയാണോ? ഡയബറ്റിക്സുള്ള ആള്‍ അഹാരം ഇങ്ങനെ കഴിയ്ക്കാമ്മോ?”

ഓമന മാമി പാകിസ്താനിലെ ഇന്ത്യന്‍ എമ്പസിയിലെ നയതന്ത്രജ്ഞയെപ്പോലെ വിദഗ്ദ്ധമായി ഒഴിഞ്ഞു.

“അതു പിന്നെ സുന്ദരാമ്മ പറയണതു തന്നെ ശരി. എന്തരായാലും അപ്പൂപ്പനു ഇത്തറയും പ്രായമായെല്ല്. അതുകൊണ്ട് പോട്ടെന്നു വയ്ക്കീ. ഇഷ്ടമുള്ളത് കഴിയ്ക്കിറ്റ്”

അതു ശരി. കട്ടിലില്‍ കിടന്നു ഒന്നിനും രണ്ടിനും പോകും എന്നു പറഞ്ഞു പാട്ടി താത്തായ്ക്കു ആഹാരവും വെള്ളവും റേഷനാക്കിയ ന്യൂസ് ഓമനമാമിയ്ക്കു കിട്ടിയിരിയ്ക്കുന്നു. ഇതു എന്‍റെ അമ്മയുടെ പണിതന്നെ. സംശയം വേണ്ട.വീട്ടില്‍ ഇങ്ങനെ സര്‍വാഭരണ വിഭൂഷിതയായി അവ്വയാര്‍ വിലസുന്നതു അമ്മയ്ക്കു കണ്ണെടുത്താല്‍ കണ്ടുകൂടാ. പത്തു മുപ്പതു കൊല്ലമായി ആ ചൊരുക്കു സഹിയ്ക്കുന്നു. അമ്മ ഇടയ്ക്കിടെ ഇങ്ങനെയുള്ള വൈറ്റല്‍ ഇന്‍ഫൊര്‍മേഷന്‍ അപ്പുറത്തും ഇപ്പുറത്തും ലീക്കു ചെയ്തു പാട്ടിയെ പാരവയ്ച്ചു സമാധാനിയ്ക്കാറുണ്ട്.

“ഓമ്മന്നേ, നിന്നക്കു ഇദൊക്കെ പറയാം. കട്ടില്‍ വൃത്തികേടാക്കുമ്പോള്‍ നാന്‍ തന്നെ വേണ്ടേ ക്ലിനാക്കാന്‍? നീ വരികയ്യില്ലല്ലോ?”
“അതില്ല”
ഓമനമാമി തന്ത്രപരമായി പിന്മാറി.

ഞാന് ബൈക്കു സ്റ്റാര്‍ട്ട് ചെയ്തു. ഭാര്യ പുറകില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അകത്തു നിന്നും വീണ്ടും പതിഞ്ഞ സ്വരം.

“ ടെ കണേശാ ഡേയ്”
ദയനീയമായ ഓര്‍മ്മപ്പെടുത്തല്‍.

പാട്ടി ഓമനമാമിയുമായുള്ള ചര്‍ച്ചയ്ക്കു ഒരു കമേഴ്സിയല്‍ ബ്രേക്കു കൊടുത്തിട്ടു ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.

“ ഗണേശാ എങ്കേപ്പോറേഡാ? ആസ്പത്താല്‍ കൂട്ടീട്ടു പോറേയാ? തിറുമ്പി വറുമ്പോത് നാലു മൊഴം പിച്ചിപ്പൂ കിച്ചിപ്പൂ മാലൈയെതാവത് വാങ്കീട്ടു വാ.”
വണ്ടി ഗിയറിട്ടു മുന്നോട്ടാഞ്ഞപ്പോള്‍ പിറകിലുരുന്നു അവള്‍ പിറുപിറുത്തു.

“കെളവിയ്ക്കു പിച്ചിപ്പൂവും മുല്ലപ്പൂവും! നമ്മള്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ പോണ കാര്യം ഓമനമാമീടെ മുമ്പി വെളമ്പണം.അത്രേയുള്ളൂ”

ഡോ. ബിന്ദുവിന്‍റെ ക്ലിനിക്കില്‍ ഭാര്യയുടെ എക്സാമിനേഷന്‍ കഴിയാന്‍ കാത്തിരിയ്ക്കുംപ്പോള്‍ തോളില്‍ ശക്തമായ ഒരു അടി കിട്ടി. ഞെട്ടി. ജോര്‍ജ് ജോസഫ്.
“പട്ടാ എന്തെടാ ഇവിടെ?”
“ ജോര്‍ജേ?”
“ ഭാര്യ രണ്ടാമതും പെറ്റു. എന്നാ പറയാനാ. രണ്ടും പെണ്ണാ”
ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്‍റെ മുന്നില്‍ വച്ചു എന്തു കള്ളം പറയാനാ? മൂന്നു കൊല്ലമായി. മക്കള്‍ ആയിട്ടില്ല. ഭാര്യ ഡോക്ടറെ കാണാന്‍ അകത്തു പോയിരിക്കുന്നെന്നു പറഞ്ഞു.

“പട്ടാ , ഡേ സത്യം പറയെടാ..കൊഴപ്പം നിനക്കല്ലേടാ?അല്ലെങ്കിലും പട്ടന്മാരു ഫിങ് ഫിങിനു പണ്ടേ മോശമാ...അതല്ലേ പട്ടരു തൊട്ട പെണ്ണും......”
കൂടുതല്‍ പറയാന്‍ സമ്മതിച്ചില്ല.പണ്ടേ ഇവനൊരു ലൂസ് കാനന്‍ ആണു. എട്ടാം ക്ലാസ്സില്‍ വച്ചു ഒരു പാട്ടുണ്ടാക്കി.

“ അട്ടക്കുളങ്ങര എട്ടില്‍ പഠിക്കണ
പട്ടന്‍റെ കൊട്ടയിലട്ട കേറീ”

അതെന്‍റെ നെറ്റിയില്‍ ഒട്ടുകയും ചെയ്തു.

ഭാര്യ ഡോക്ടറുടെ മുറിയില്‍ നിന്നും തലകുനിച്ചു നടന്നു വരുന്നു.

“ഹൌ ഇസ് യുവര്‍ ഗ്രാന്‍ഡ് ഫാദര്‍?” ശാന്താ ബേക്കറിക്കാരന്‍റെ കുശലാന്വേഷണം. താത്തയുടെ കട്ട്ലെറ്റ് റെസിപ്പി ഹിറ്റായത്രേ. ആഫ്റ്റര്‍ ആള്‍, മുപ്പതു കൊല്ലം കല്‍ക്കട്ടായില്‍ കേറ്ററിങ് കമ്പനി നന്നായി നടത്തിയ ആളല്ലേ താത്ത. അവ്വയാറിനു അതും പുച്ഛം.

“എന്നാ കമ്പനി? ചമയ്ക്കല്‍ താനേ തൊഴില്‍”

തിരിച്ചെത്തിയപ്പോള്‍ ഓമനാ സുന്ദര സംവാദം മതിലിനക്കരെ ഇക്കരെ നിന്നും മാറി വരാന്തയില്‍ ആയിരിയ്ക്കുന്നു.കാക്കത്തോള്ളായിരാമത്തെ പ്രാവശ്യം പാട്ടി ഓമന മാമിയോടു ചോദിച്ചു,

“ഓമ്മന്നേ, നീ തന്നെ പറയൂ, ഈ ആള്‍ പതിനെട്ടു കൊല്ലം അവിടെ അവളുടെ കൂടെ താമസിച്ചിട്ടു ഇപ്പോള്‍ എന്‍റെ കൂടെ ഇരിയ്ക്കാന്‍ നാണമില്ലേ?”
“അതു ശരിയാ സുന്ദരാമ്മേ”
“ആ ചാരു മജുംദാരുടെ കൂടെ ഇയ്യാള്‍ക്കും ശെത്തു പോയ്ക്കൂടായിരുന്നോ ഓമന്നേ?”
“ചാരു മജുംദാറല്ല സുന്ദരാമ്മേ, ചാരുലതാ മജുംദാര്‍”
ഓമന മാമിയുടെ ജനറല്‍ നോളഡജ്.
പാട്ടി, ചത്തുപോയ ചാരുലതയുടെ വിഷയം വീണ്ടും വീണ്ടും എടുത്തിടുമ്പോള്‍ താത്ത എന്ന സിംഹം ചുള്ളിക്കാടിന്‍റെ കവിത വായിച്ചു വിഷാദരോഗിയായിപ്പോയ ബു. ജീ യേപ്പോലെ മൌനം കുടിച്ചു, വെളുത്ത താടിചൊറിഞ്ഞു, വായ പകുതി തുറന്നു, ‘ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ’ എന്ന മട്ടില്‍ അസ്തിത്വ ദുഖവും പേറി ശൂന്യതയെ നോക്കിയിരിയ്ക്കും.

ക്ലിനിക്കില്‍ നിന്നും തിരിച്ചു വന്നു, ആരും കാണാതെ ജിലേബി കൊടുത്തു കഴിഞ്ഞപ്പോള്‍,താത്ത പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു,

“ടെ കണേശാ ഡേയ്, എതുക്കെടാ നീ ഇത്തിന പെരിയ തപ്പു പണ്ണറതു?”
താത്തയുടെ സ്വരത്തിനു സഹതാപത്തിന്‍റെ മണം.
പിന്നെ പാതാളക്കിണറിന്‍റെ അനന്തമായ ആഴത്തില്‍ നിന്നും ഞാന്‍ തന്നെ എന്നെ വിളിച്ചു,
“ടെ കണേശാ ഡേയ്”

Tuesday, June 24, 2008

ഭാഷാപോഷിണിയില്‍

ഇന്നലെ ഭാഷാപോഷിണിയുടെ മേയ് 2008 ലക്കം കാണാനിടയായി. ‘മലയാളം ബ്ലോഗുലോകം’ എന്ന പേരില്‍ പതിനെട്ടു പേജില്‍ ആറു ലേഖനങ്ങള്‍.

1. തിരമൊഴി: പി.പി. രാമചന്ദ്രന്‍
2. മലയാളിയുടെ ബൂജീവിതം: സി. എസ്. വെങ്കിടേശ്വരന്‍.
3. ഇ-എഴുത്തും ഈയെഴുത്തും: ഇ.പി.രാജഗോപാലന്‍.
4. വെര്‍ച്വല്‍ താളിലെ കുറിച്ചുവയ്പ്പുകള്‍: കുമാര്‍.എന്‍.എം.
5. മലയാളം ബ്ലോഗ്: കലേഷ് കുമാര്‍.
6. ശ്രീമദ് ഇ.എം.എസ്.അഷ്ടോത്തരശതനാമ സ്തോത്രം: രാജേഷ് ആര്‍. വര്‍മ

മലയാളം ബ്ലോഗിനെക്കുറിച്ചുള്ള ഈ പഠനത്തോടൊപ്പം പത്രാധിപക്കുറിപ്പും കൊടുത്തിട്ടുണ്ട്. കലാകൌമുദി മലയാളബ്ലോഗുകളെക്കുറിച്ചു പരത്തിയ തെറ്റിധാരണകള്‍ മാറ്റാന്‍ കഴിയുന്ന ഗൌരവമുള്ള ലേഖനങ്ങളാണിവ.

ഈ ലേഖനങ്ങളെക്കുറിച്ചു ബൂലോകത്തു ചര്‍ച്ച നടന്നോ എന്നു അറിയില്ല. (യാത്രയില്‍ ആയതുകൊണ്ട് ബ്ലോഗു വായന കുറവ്. അതേകാരണം കൊണ്ടുതന്നെ സ്കാന്‍ ചെയ്തിടാനും കഴിയുന്നില്ല. സൌകര്യപ്പെടുന്നവരാരെങ്കിലും ഒന്നു സ്കാന്‍ ചെയ്ത് ലിങ്ക് കൊടുക്കുമോ?)

താല്പര്യമുള്ളവര്‍ക്കു വായിയ്ക്കാന്‍ വേണ്ടി ഈ സൂചന ഇവിടെ പോസ്റ്റുന്നു എന്നേയുള്ളൂ. ലേഖനങ്ങളെക്കുറിച്ചു ബൂലോ‍കത്തിനുള്ള പ്രതികരണങ്ങള്‍ ഭാഷാപോഷിണിയെ അറിയിയ്ക്കുന്നതു നന്നായിരിയ്ക്കുമെന്നു ഒരു തോന്നല്‍. വിവാദങ്ങള്‍ക്കപ്പുറത്തും ബൂലോകപ്രതികരണശേഷിയ്ക്കു എത്തിപ്പെടാമല്ലോ!

Friday, June 13, 2008

ഇന്‍ ഡിഫെന്‍സ് ഒഫ് അനോണീസ്

കെ പീ സുകുമാരന്‍ അഞ്ചരക്കണ്ടിസാറിന്‍റെ ശിഥിലചിന്തകളില്‍ ഇട്ട ഒരു കമന്‍റ് അത്യാവശ്യം അക്ഷരത്തെറ്റുകള്‍ തിരുത്തി ഇവിടെയും കൊടുക്കുന്നു:

അഭിപ്രായങ്ങള്‍ ‍എഴുതിയില്ലെങ്കിലും “അനോണി-നോണ്‍ അനോണി“ ചര്‍ച്ചകള്‍ കൌതുകപൂര്‍വ്വം വായിച്ചു വരുന്നുണ്ടായിരുന്നു. ബ്ലോഗിന്‍റെ ഏറ്റവും വലിയ ഗുണമായി ഞാന്‍ കാണുന്നത് ‍സ്വാതന്ത്ര്യമാണു. നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം. (സ്വയം നിയന്ത്രണം ഒഴിച്ച്!) . ചിലര്‍ക്കു സ്വന്തം പേരില്‍ എഴുതിയാലും സ്വാതന്ത്ര്യം നഷ്ടമാവില്ല. അവര്‍ അങ്ങനെ ബ്ലോഗു ചെയ്തുകൊള്ളട്ടെ. എന്നാല്‍ മറ്റുചിലര്‍ക്കു പല കാരണങ്ങള്‍ കൊണ്ട് സ്വാതന്ത്യം നഷ്ടമാവുന്നു എന്നു തോന്നുമ്പോള്‍ അവര്‍ അനോണിയാവുന്നു അല്ലെങ്കില്‍ തൂലികാനാമങ്ങള്‍ സ്വീകരിയ്ക്കുന്നു. ചിലപ്പോള്‍ തികച്ചും വ്യക്തിപരമായ കാരണങ്ങളാവാം. മറ്റുചിലപ്പോള്‍, സാമുഹികവും. ചില കേസിലെങ്കിലും മള്‍ട്ടിപ്പിള്‍ കാരണങ്ങളുമാവാം.

ഉദാഹരണത്തിനു ഹരിത്തെന്ന ഞാന്‍ ഒരു വീട്ടമ്മയാണെന്നിരിക്കട്ടെ. വടക്കുനോക്കിയെന്ത്രത്തിലെ ശ്രീനിവാസന്‍റെ സ്വഭാവമുള്ള എന്‍റെ ഭര്‍ത്താവിനു ഞാന്‍ ബ്ലോഗെഴുതുന്നതും മറ്റു പുരുഷന്മാരുടെ ബ്ലോഗില്‍ കമന്‍റിടുന്നതും ഒന്നും ഇഷ്ടമില്ല. അപ്പോള്‍ സ്വന്തം പേരില്‍ ബ്ലോഗെഴുതുന്നതു എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത റിസ്ക് ആണ്. അതുകൊണ്ട് തൂലികാനാമം. പിന്നെ ഭര്‍ത്താവിനിഷ്ടമില്ലെങ്കില്‍ ബ്ലോഗണ്ട എന്ന അഭിപ്രായത്തിനു മറുപടി വേണ്ടല്ലോ.

ഹരിത്തെന്ന ഞാന്‍ വാസ്തവത്തില്‍ എം ടി വാസുദേവന്‍ നായരോ, സാറാ ജോസഫോ, മോഹന്‍ലാലോ, മമ്മൂട്ടിയോ സംവിധായകന്‍ വിനയനോ ആണെന്നിരിക്കട്ടെ. എന്നെ ഇഷ്ടമുള്ളവര്‍ ആരാധിച്ചു കൊല്ലുകയും എഴുതുന്ന ചവറുകള്‍ എല്ലാം മഹത്തരമെന്നു ഘോഷിയ്ക്കുകയും ചെയ്യും. ഇഷ്ടമില്ലാത്ത്തവര്‍ എന്നെ പിച്ചിച്ചീന്തി ഉപ്പിലിട്ടു വയ്ക്കും, ഇല്ലേ? ഇപ്പോള്‍ അനോണിയായിരിയ്ക്കുമ്പോള്‍ മുഖം നോക്കാതെയുള്ള സ്നേഹം, വെറുപ്പു, അഭിപ്രായം, വിമര്‍ശനം ഒക്കെ കിട്ടുന്നില്ലേ. എനിയ്ക്കു ഇപ്പോള്‍ ഇമേജിന്‍റെ പ്രശ്നമില്ലാതെ സ്വതന്ത്രമായി എന്തും എഴുതാമല്ലൊ.

ഹരിത്തെന്ന ഞാന്‍ നാഷണല്‍ സെകൂരിട്ടി അഡ്വൈസര്‍ എം കെ നാരായണനോ, പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടീ ക്കേ ഏ നായരോ, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കേ ജീ ബാലകൃഷ്ണനോ ആണെങ്കിലോ? എന്തെങ്കിലും അഭിപ്രായം പറയാന്‍ എനിയ്ക്കു സ്വാതന്ത്ര്യം ഉണ്ടാവുമോ? അഥവാ സ്വന്തം പേരില്‍ അഭിപ്രായം പറഞ്ഞാല്‍ എന്തെല്ലാം പുലിവാലുണ്ടാവുമെന്നു ആര്‍ക്കും ഒരു നിശ്ചയവും ഉണ്ടാവില്ല. ഇങ്ങനെയുള്ള ഫ്രൊഫഷണല്‍ കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ ചിലര്‍ അനോണി ആവേണ്ടിവരും. അങ്ങനെയുള്ളവര്‍ ബ്ലോഗാന്‍ പോകാതെ ഉള്ള ജോലിയും ചെയ്തു ചുമ്മാ ജീവിച്ചു പൊയ്ക്കൂടേ എന്നു ചോദിച്ചാല്‍ അതിനും ഉത്തരം ഇല്ല.

പട്ടാള ഉദ്യോഗസ്ഥര്‍, പോലീസുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്റ്റ്രീയനേതാക്കള്‍ ഇങ്ങനെ പല വിഭാഗത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിമിതികളുണ്ട്. തൂലികാനാമം ആവര്‍ക്കു ഒരു അനുഗ്രഹമാണു. ഈ പ്രശനം സെലിബ്രേറ്റികള്‍ക്കും ഉന്നത നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും മാത്രമല്ല, ചെറിയ ജോലികള്‍ ചെയ്യുന്നവര്‍ക്കും അവരുടേതായ പരിമിതികളും വിപരീത ചുറ്റുപാടുകളുമുണ്ട്. ഹരിത്തെന്ന ഞാന്‍ ഒരു ബാങ്കിലെ പ്യൂണ്‍ ആണെങ്കില്‍, ഞാന്‍ സ്വന്തം പേരില്‍ ബ്ലോഗെഴുന്നതു എന്‍റെ മാനേജരുള്‍പ്പെടെ അക്ഷര വൈരികളായ പല കൊളീഗ്സിനും അസൂയയുണ്ടാക്കിക്കൂടേ? ക്ലര്‍ക്കായി കിട്ടാന്‍ സാധ്യതയുള്ള പ്രൊമോഷന്‍, ബ്ലോഗുകാരണം പാരവച്ചു നശിപ്പിച്ചാലോ? ആ പേടികോണ്ട് അനോണിയായി ബ്ലോഗുന്നു എന്നും ആകാമല്ലോ.

പിന്നെ എഴുതുന്നതു വെറും ചവറാണോ എന്ന ഭയം കാരണം, എന്നെ അറിയുന്ന ആള്‍ക്കാരുടെ മുന്നില്‍ പരിഹാസ്യ കഥാപാത്രമാകാനുള്ള മടിയുമായിക്കൂടേ ഹരിത്തെന്ന പേരിന്‍റെ പിറകില്‍ ഒളിച്ചിരിയ്ക്കാനുള്ള എന്‍റെ മോട്ടീവ്? അങ്ങനെ എത്ര കാരണങ്ങള്‍ വേണമെങ്കിലും ഉണ്ടാവും അനോണികള്‍ക്കു്. ഇതൊക്കെ സ്വന്തം ഐഡന്‍റിറ്റിയില്‍ ബ്ലോഗുന്നവര്‍ക്കു ബാധകമല്ലേ എന്ന ചോദ്യത്തിനു, അവര്‍ ‘ധൈര്യശാലികള്‍’ (!) എന്നേ പറയാന്‍ പറ്റു. ‘പേടിത്തൊണ്ടന്മാരും‘ ബൂലോകത്ത് അനോണിയായി അല്ലെങ്കില്‍ തൂലികാനാമവുമായി ജീവിച്ചു പൊയ്ക്കോട്ടെന്നേ. ഇഷ്യൂ ആക്കാതെ വിട്ടുകള സുഹൃത്തുക്കളേ.


സ്നേഹത്തോടെ,
ഹരിത്

Wednesday, June 11, 2008

അലപം കരുണ.

സര്‍വത്ര വിവാദം നടക്കുന്ന ഈ സമയത്തു്, ഈ പോസ്റ്റ് അസ്ഥാനത്താണെന്നറിഞ്ഞുകൊണ്ടു തന്നെ എഴുതുകയാണു്. ഇന്നു നമ്മുടെ പ്രിയ കവി പാലാ നാരായണന്‍ നായര്‍ അന്തരിച്ചു. റ്റി വി ന്യൂസു വഴിയാണു വാര്‍ത്ത അറിഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പു നമുക്കു പ്രിയപ്പെട്ട നെയ്യാറ്റിങ്കര വാസുദേവനും, കടമ്മനിട്ടയും പി ഭാസ്കരനുമൊക്കെ നമ്മെ വിട്ടു പോയി. ഇവരുടെ മരണ വാര്‍ത്ത നമ്മുടെ റ്റീ വീ ചാനലുകള്‍ പ്രാമുഖ്യത്തോടെ സാമാന്യം വിശദമായിത്തന്നെ, ആവശ്യത്തിനു റിസര്‍ച്ചും നടത്തി, പഴയ ക്ലിപ്പുകള്‍ അവസരോചിതമായി ചേര്‍ത്തു കാണിക്കുകയുണ്ടായി.

കേരളത്തിലെ മറ്റ് മേഖലകളിലെ പ്രമുഖരുടെ ചരമവാര്‍ത്തകളും റ്റീ വീ ചാനലുകള്‍ കൊടുക്കാറുണ്ട്. പക്ഷേ ഇത്തരം വാര്‍ത്തകളിലെ ദു:ഖകരമായ ഒരു വിഷയം, ഇവര്‍ കാണിയ്ക്കുന്ന വിഷ്വത്സ് ആണു. മരിച്ച ആളിന്‍റെ അനാവശ്യമായ ക്ലോസപ്പുകള്‍, ആശുപത്രിക്കിടക്കയില്‍ അല്പ വസ്ത്ര ധാരിയായി കിടക്കുന്ന മൃത ശരീരം, ഐ വീ ഫ്ലൂയിഡും ഓക്സിജന്‍ സിലിണ്ടറും ശവശരീരത്തില്‍ നിന്നും മാറ്റുന്ന ആശുപത്രി ജീ‍വനക്കാര്‍ ഇങ്ങനെ ബീഭത്സമായ കാഴ്ചകള്‍ വീണ്ടും വീണ്ടും കാണിച്ചൂ കൊണ്ടേയിരിക്കും. മൂക്കില്‍ വച്ചിരിയ്ക്കുന്ന പഞ്ഞിയിലേയ്ക്കു ക്ലോസപ്പു ചെയ്യുക, ശരീരത്തില്‍ നിന്നും ഒലിച്ചിറങ്ങുന്ന ദ്രാവകങ്ങളെ ഫോക്കസ് ചെയ്യുക, മൃതദേഹത്തില്‍ വന്നിരിയ്ക്കുന്ന ഈച്ചകള്‍ ഷോട്ടില്‍ കാണുക ഇങ്ങനെ ഇന്‍സെന്‍സിറ്റീവ് ആയ എത്രയോ ഉദാഹരണങ്ങളുണ്ട് പറയാന്‍. മരിച്ച വ്യക്തി പ്രമുഖനായിക്കോട്ടെ അല്ലെങ്കില്‍ സാധാരണക്കാരനായിക്കോട്ടെ, മൃതശരീരത്തോട് റ്റീ വീക്കാര്‍ക്കു അല്പം ആദരവ് കാട്ടിക്കൂടേ? മൃതദേഹം കാണിക്കരുതെന്നല്ല ഈ പറഞ്ഞു വരുന്നതു; മൃതദേഹത്തോട്, മരിച്ച വ്യക്തിയോട് അല്പം ദയ കാണിക്കണമെന്നു മാത്രമാണ്. മരിച്ചവര്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും സ്വകാര്യതയ്ക്കു അവകാശമില്ലേ?

ഇതുപോലെ ആശുപത്രിയില്‍ അവശരായി കിടക്കുന്ന രോഗികളുടെ ക്ലോസപ്പുകള്‍ പലപ്പോഴും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ റ്റീ വിയില്‍ കാണിക്കുക, ആക്സിഡന്‍റില്‍ കുടുങ്ങി മരിച്ചുപോയ മനുഷ്യരുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങളുടെ ഷോട്ടുകള്‍ ദീര്‍ഘനേരത്തേയ്ക്കു കാണിക്കുക, തളം കെട്ടിക്കിടക്കുന്ന രക്തം വീണ്ടും വീണ്ടും കാണിക്കുക എന്നതൊക്കെ നമ്മുടെ റ്റീ വീ ചാനലുകളില്‍ സാധാരണ സംഭവിയ്ക്കാറുള്ളതാണു. ന്യൂസ് കണ്ടിട്ടു സഹതാപവും , അമര്‍ഷവും, ദേഷ്യവും, പ്രതിക്ഷേധവും ഉണ്ടാകേണ്ട സ്ഥാനത്തു നമുക്കു തോന്നുന്നത് അറപ്പും വെറുപ്പും ആണു. പിന്നെ, അറപ്പു തോന്നിപ്പോയല്ലോ എന്നൊരു കുറ്റബോധവും മനസ്സില്‍ ബാക്കിയാവും.

(ഞാന്‍ വളരെയധികം ആരാധിയ്ക്കുകയും , ആദരിയ്ക്കുകയും സ്നേഹിയ്ക്കുകയും ചെയ്യുന്ന ഒരു പ്രമുഖന്‍റെ ശവശരീരം റ്റീ വിയില്‍ ബീഭത്സമായി കണ്ടപ്പോള്‍, അറിയാതെ റിമോട്ടെടുത്തു ചാനല്‍ മാറ്റി കിരണ്‍ റ്റീവിയിലെ, പിഞ്ചിലേ പഴുത്തുപോയ ഒരു പന്ത്രണ്ട്കാരിയുടെ ആങ്കറിങ് എന്ന കലാപരിപാടി കണ്ടുപോയതിലുള്ള കുറ്റബോധം മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും വിട്ടുമാറിയിട്ടില്ല.)

ഇത്തരം വിഷയങ്ങള്‍ റ്റീ വീ യില്‍ കാണിക്കുമ്പോള്‍ പാലിയ്ക്കേണ്ട ഇന്‍റര്‍നാഷണല്‍ എത്തിക്കല്‍ നോംസോ, ഇന്‍ഡ്യയില്‍ത്തന്നെ നിലവിലുള്ള പ്രോഗ്രാം കോഡോ ഒന്നും നമ്മടെ റ്റീ വീ ചാനലുകള്‍ പാലിച്ചില്ലെങ്കിലും വേണ്ട, മൃത ശരീരങ്ങളോട് അല്പം കരുണയെങ്കിലും കാണിച്ചുകൂടേ?

Saturday, June 7, 2008

അതേയ്

അതേയ്,
ഇന്നെവിടെയൊ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്
കണ്ടുപിടിയ്ക്കാമെന്നു വച്ചാല്‍
കണ്ണു വിയര്‍ത്തതു കാരണം
ഒരു മങ്ങല്‍ പോലെ,
മറന്നു കളയാമെന്നു വച്ചാല്‍
മനസ്സു ചൊരുത്തതു കാരണം
ഒരു വിങ്ങല്‍ പോലെ.
..........................
...............
....
..
.
(8/6/08: 8.30 AM:
ഇപ്പോള്‍ കമന്‍റില്‍ എഴുതിയതാണു്. അപ്പോള്‍ തോന്നി പോസ്റ്റില്‍ തന്നെ ഇട്ടേയ്ക്കാം ഈ കണ്‍ഫെഷന്‍ എന്നു്:
പോസ്റ്റിലുള്ള ഒരു വരി ഞാന്‍ അടിച്ചു മാറ്റിയതാണു. അനിയത്തിയുടെ വീട്ടില്‍ പോയപ്പോള്‍ ഒന്നാം കളാസ്സില്‍ പഠിക്കുന്ന അനന്തരവന്‍ ചെക്കന്‍ സ്ക്കൂളില്‍ പോകാന്‍ മടിച്ചു കരഞ്ഞുകൊണ്ടിരിയ്ക്കുന്നു.
“ നാണമില്ലേടാ സ്കൂളില്‍ പോകാതെ കരഞ്ഞോണ്ടിരിയ്ക്കാന്‍ നെനക്കു്?” എന്‍റെ ചോദ്യം.
നിറഞ്ഞ കണ്ണുമായി അവന്‍റെ ഇന്നൊവേറ്റിവ് മറുപടി:
“ കരഞ്ഞതല്ല ഹരി മാമാ. കണ്ണു വിയര്‍ത്തതാണു”
അവനിപ്പൊള്‍ വളര്‍ന്നു സ്കൂളിലെ പ്രസിഡെന്‍റു തെരഞ്ഞെടൂപ്പ് ജയിച്ചതില്‍ വല്ല അത്ഭുതവുമുണ്ടോ?)

Sunday, June 1, 2008

മണികര്‍ണിക.

ആശുപത്രി മുറിയില്‍ തറയില്‍ തഴപ്പായില്‍ ഞാന്‍ മയങ്ങിത്തുടങ്ങിയപ്പോഴാണു്, അമ്മ വിളിച്ചുണര്‍ത്തി,
ഗംഗാജലമുള്ള ചെപ്പുക്കുടം എന്‍റെ കൈയ്യില്‍ തന്നത്. അമ്മ പിന്നെ പിറു പിറുക്കുന്നതു പോലെ രാമായണം വായിച്ചുകൊണ്ടേയിരുന്നു. “ശ്രീരാമ രാമ രാമ ശ്രീരാമ ചന്ദ്രാ ജയ...”ഗംഗാജലം അച്ഛന്‍റെ ചുണ്ടില്‍ നിന്നും കവിളിലേയ്ക്ക് ഒലിച്ചിറങ്ങി. പഞ്ചഭൂതങ്ങളോരോന്നായി അച്ഛന്‍ ഉപേക്ഷിച്ചു തുടങ്ങിയോ? ഇനി അവസാനം അഗ്നിശൂദ്ധി? അഭിലാഷങ്ങളും, പകയും, വെറുപ്പും അസൂയയും, ദേഷ്യവും ഒക്കെ സ്നേഹത്തോടൊപ്പം എരിഞ്ഞിരുന്ന ഒരു സാധാരണ ജീവന്‍ പൊലിഞ്ഞു. അച്ഛന്‍ മരിച്ചു.

പാസ് ബുക്കു് എന്‍റെ കയ്യില്‍ തരുമ്പോള്‍, അതിനുള്ളില്‍ മടക്കി വച്ചിരുന്ന ഒരു തുണ്ടു കടലാസ്സില്‍ അമ്മ ഒന്നു തൊട്ടു. അച്ഛന്‍റെ കൈപ്പടയില്‍ ഒരു കുറിമാനം.
ഹരിയ്ക്കും രാധയ്ക്കും റാണിമോള്‍ക്കും വിമാനയാത്രയ്ക്കു, ശവദാഹം, സഞ്ചയനം, പതിനാറിനു, നാല്‍പ്പത്തിഒന്ന്, മണികര്‍ണികയാത്ര, .............. ഇങ്ങനെ കുറേ തലക്കെട്ടുകളില്‍ കുറെ കണക്കുകള്‍.
എനിക്കുവേണ്ടി മറ്റു ചില കുറിപ്പുകള്‍ കൂടി. ശവദാഹം ജന്മനാട്ടില്‍ വേണമെന്നു വാസുവും മറ്റും എത്ര പറഞ്ഞാലും അങ്ങനെ ചെയ്യരുതു്. സാധിക്കുമെങ്കില്‍ എലെക്റ്റ്രിക്കു ശമശാനത്തില്‍ ദഹിപ്പിക്കണം. ഹരീ, മൂന്നാം നാള്‍ തന്നെ സഞ്ചയനം നടത്തി നീ തിരികെ പൊയ്ക്കോ. ഉത്തരവാദിത്തമുള്ള ജോലിയല്ലേ. പതിനാറിനും , നാല്‍പ്പത്തിഒന്നിനും ഒന്നും നീ വരണ്ട. അനാഥാലയത്തില്‍ ആഹാരത്തിനു പണമടച്ചാല്‍ മതി. ബാങ്കില്‍ നിന്നും പണമെടുത്തു അയ്യപ്പന്‍റെ കയ്യില്‍ കൊടുത്താല്‍ മതി. അവനാവുമ്പോള്‍ എല്ലാം നോക്കി നടത്തിക്കൊള്ളും.
“ ഹരിയുടെ കയ്യില്‍ സേവിങ്സ് ഒന്നും ഉണ്ടാവില്ല. നീയ്യ് ഈ പാസ്ബുക്കു അവനെ ഏല്‍പ്പിക്കണം”
ഏതോ വിദൂരതയില്‍ നിന്നും അച്ഛന്‍ അമ്മയോടു അടക്കിസംസാരിക്കുന്ന പോലെ.

അച്ഛന്‍ ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ രാധയേയും റാണിമോളേയും കൂട്ടി നാട്ടിലെത്താമെന്നായിരുന്നു കരുതിയതു.
“ ഹരി, നീ പറഞ്ഞാല്‍ ഞാന്‍ ഈ സിങ്കപ്പൂര്‍ റ്റ്രിപ്പ് കാന്‍സെല്‍ ചെയ്യാം. ബട്ട്, മുകുന്ദ് വില്‍ ബെ വെരി അണ്‍ഹാപ്പി”
“വേണ്ട” എന്നു മാത്രം പറഞ്ഞു. എന്തിനു അവളുടെ ബോസിന്‍റെ അപ്രീതി സമ്പാദിക്കണം. എനിയ്ക്കു വേണ്ടി അവളുടെ കരിയറില്‍ സംഭവിച്ച നഷ്ടങ്ങളുടെ പട്ടികയില്‍ എന്‍റെ അച്ഛന്‍റെ മരണമെങ്കിലും ഉണ്ടാവാതിരിക്കട്ടെ!
“ നോ നോ നോ.... റാണി ഷുഡ് നോട്ട് മിസ്സ് ക്ലാസ്സെസ്. അവള്‍ ആന്‍റിയുടെ കൂടെ നില്‍ക്കട്ടെ.”
രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നവള്‍ ഒരാഴ്ച ലീവെടുത്താല്‍ ആകാശം ഇടിഞ്ഞു വീഴുമോ രാധേ? ചോദിച്ചില്ല. ഒരു ആര്‍ഗുമെന്‍റിനുള്ള മനസ്സാന്നിദ്ധ്യം അപ്പോള്‍ എനിയ്ക്കുണ്ടായിരുന്നില്ല.

അച്ഛനു ബോധം ഇല്ലായിരുന്നു. അതുകൊണ്ട് “ എന്‍റെ റാണി ലക്ഷ്മീബായി എവിടെ ഹരീ?” എന്ന ചോദ്യത്തില്‍ നിന്നും ഒഴിവായി. മറ്റുള്ളവരെപ്പോലെ അല്ല, പണ്ടേ ഞാന്‍ കള്ളം പറഞ്ഞാല്‍ അച്ഛനു ഉടനേ മനസ്സിലാവും.
അച്ഛനെ ആശുപത്രിക്കാര്‍ വെള്ളത്തുണിയിട്ടു മൂടി ഒരു സ്റ്റ്രെക്ചറില്‍ കോറിഡോറില്‍ വച്ചിട്ടു, മുറി ലോഷനിട്ടു കഴുകുന്ന തിരക്കിലാണു്. അടുത്ത രോഗിയെ സ്വീകരിക്കാന്‍ ഡെറ്റോളിന്‍റെ ഗന്ധവുമായി ആശുപത്രിമുറി അണിഞ്ഞൊരുങ്ങുന്നു.
മുഖത്തുനിന്നും തുണി അല്പം മാറ്റി അച്ഛന്‍റെ നെറ്റിയില്‍ ഞാന്‍ കൈപ്പത്തി ചേര്‍ത്തു വച്ചു.
“ ശിവാ, അച്ഛന്‍ വല്ലാതെ തണുത്തല്ലോടാ”
“ അതുപിന്നെ ബോഡി തണുക്കത്തില്ലായോ? മണിക്കൂര്‍ രണ്ടായില്ലിയോ” ഹോസ്പ്പിറ്റല്‍ മാനേജര്‍ അലക്സാണ്ടര്‍.
അച്ഛന്‍റെ തണുത്ത ബോഡി, ഞാനും ശിവനും ആശുപത്രി ജീവനക്കാരും ചേര്‍ന്നു വണ്ടിയില്‍ കയറ്റി. എല്ലാത്തിനും ശിവാനന്ദന്‍ കൂടെയുണ്ടായിരുന്നു. ഒന്‍പതാം ക്ലാസ്സു മുതല്‍ ഞങ്ങള്‍ ഒന്നിച്ചു പഠിച്ചതാണു. വീട്ടിലെ ഒരു അംഗത്തെപ്പോലെ. കുളിപ്പിക്കാനും , കരക്കാരെയും ബന്ധുക്കളെയും അറിയിക്കാനും ഒക്കെ ശിവന്‍ തന്നെ.

ചിതാഭസ്മകലശം വീട്ടില്‍ വച്ചു വിളക്കുകൊളുത്തുന്നതു വീട്ടുടമസ്ഥയായ ഭാര്യ ഫാത്തിമയ്ക്കു ഇഷ്ടമില്ലെന്നു മജീദിക്ക പറഞ്ഞു. അമ്മയ്ക്കതു ഷോക്കായി. ഏഴു വര്‍ഷമായി ഒരു വീടുപോലെ കഴിഞ്ഞിരുന്നതല്ലേ.
വാടകക്കാരനായി മജീദിക്ക അച്ഛനെകാണുന്നതു മരണത്തിനു ശേഷമാണെന്നു തോന്നുന്നു. ജീവിതത്തില്‍ ആദ്യമായി അമ്മ തെറിപറഞ്ഞു ഞാന്‍ കേട്ടതന്നാണു്. മജീദിക്കയുടെ കെട്ടിയോള്‍ ഫാത്തിമയുടെ നന്ദികേടു അമ്മയ്ക്കു സഹിച്ചില്ല.
“ ആ കൂത്തിച്ചിയ്ക്കും അവളുടെ മക്കള്‍ക്കും വേണ്ടി ഇവിടൊരാള്‍ ഇനി ചെയ്യാനെന്തെങ്കിലും ബാക്കിയുണ്ടോ? എന്നിട്ടാചിതയാറും മുന്‍പ്...”
അമ്മയുടെ നിര്‍ബന്ധം കാരണം അന്നു തന്നെ ആ വീടൊഴിഞ്ഞു. രണ്ടുദിവസം ഗസ്റ്റ് ഹൌസില്‍, അടുത്തദിവസം ശിവാനന്ദന്‍റെ വീട്ടില്‍. പിന്നെ നഗരത്തില്‍ വെറുതേ പൂട്ടിയിട്ടിരുന്ന രാധയുടെ ഫ്ലാറ്റില്‍, അച്ഛന്‍റെ
ചിതാഭസ്മക്കലശവുമായി, അഭയാര്‍ത്ഥികളെ പോലെ. സഞ്ചയനത്തിനു റാണിമോളെക്കൊണ്ട് നമസ്കരിപ്പിക്കണം എന്നുണ്ടായിരുന്നു. നടന്നില്ല.

പെട്ടിയില്‍ വച്ചിരുന്ന ചിതാഭസ്മ കലശം തുറന്നു കാട്ടണമെന്നു എയര്‍പ്പോര്‍ട്ടിലെ പോലീസുകാരനു നിര്‍ബന്ധം. അച്ഛന്‍റെ ചിതാഭസ്മമാണെന്നു പറഞ്ഞിട്ടും അയാള്‍ കേട്ടില്ല. ശിവാനന്ദനു ആ അയ്യങ്കാര്‍ പോലീസിന്‍റെ മുരട്ട് സംസാരം കേട്ടപ്പോള്‍ വല്ലാതെ ദേഷ്യം വന്നു.
“ സാമീ, അവന്‍റെ ഐഡന്‍റിറ്റി കാര്‍ഡ് കണ്ടാല്‍ നിങ്ങടെ ഐ ജി എണീറ്റു നിന്നു സല്യൂട്ടടിയ്ക്കും. അറിയാമോ? മര്യാദക്കാരുടെമേല്‍ എല്ലാരും കുതിരകേറും. ഇന്നാ തുറന്നു നോക്കിക്കോ. പത്തുദിവസങ്ങള്‍ക്കു മുന്‍പു എന്നേയും നിങ്ങളേയും പോലെ ജീവനുണ്ടായിരുന്ന ഒരു മനുഷ്യന്‍റെ എല്ലും ചാമ്പലുമാ ഇതിനുള്ളില്‍.”
ശിവനെ തടഞ്ഞു. വേണ്ട. അധികാരവും ദേഷ്യവും വിളമ്പേണ്ട സമയവും സന്ദര്‍ഭവും അല്ല ഇതു്. മരണം വല്ലാത്ത ഒരു ലെവലര്‍ ആണു ശിവാ. അതു ബന്ധങ്ങളെ റീ ഡിഫൈന്‍ ചെയ്യുന്നു. അച്ഛന്‍റെ മരണം, എനിക്കു റാണിയോടുള്ള സ്നേഹത്തിന്‍റെ അനന്തമായ ആഴം എന്നെ അറിയിച്ചു. പോലീസുകാരനോടു വഴക്കിട്ടു നശിപ്പിക്കനുള്ളതല്ല, ഈ തിരിച്ചറിവുകളുടെ നിമിഷങ്ങള്‍.
“ ഇതൊക്കെ അവിടെയെവിടെയെങ്കിലും കളഞ്ഞിട്ടുവന്നാല്‍ പോരായിരുന്നോ?” രാധയുടെ ശബ്ദം കനക്കുമ്പോള്‍ ഞാന്‍ ഈയിടെ ഒന്നും മിണ്ടാറില്ല. വീടിനു മുന്നിലുള്ള തുളസിച്ചെടിയുടെ ചുവട്ടില്‍ അച്ഛന്‍റെ
ചിതാഭസ്മമടങ്ങിയ കലശം കുഴിച്ചിട്ടു. ഒരു ചെറിയ വിളക്കും വച്ചു.
ദിവസവും സന്ധ്യക്കു വിളക്കു കൊളുത്തണം. മാസാമാസങ്ങളില്‍ മരണനാളിനു ബലിയിടണം. ഒന്നാം വാര്‍ഷികത്തിനു വാരണാസിയില്‍ , ഗംഗയില്‍, മണികര്‍ണികയില്‍ പിതൃതര്‍പ്പണം. പിന്നെ വര്‍ഷാവര്‍ഷം പിതൃപക്ഷത്തില്‍ വാവുബലിയിടണം. പിന്നെ?

എത്ര രാത്രിയായാലും ഓഫീസില്‍ നിന്നും ഞാന്‍ വന്നിട്ടേ അസ്ഥിത്തറയില്‍ വിളക്കു തെളിയാറുള്ളൂ.
“രാധേ സന്ധ്യയ്ക്കു ഒരു വിളക്കു തെളിയ്ക്കാന്‍ ഓര്‍ത്തുകൂടേ നെനക്കു?”
“ ഓ... ഐ ആം സോറി , ഇറ്റ് ജസ്റ്റ് ഡിഡിന്‍റ് ഒക്കര്‍ റ്റു മി”
സ്യുപ്പര്‍ അടിച്ചു വാരുന്ന ചവറ് അസ്ഥിത്തറയുടെ ചുവട്ടില്‍ കൂനയായ് കൂട്ടിവച്ചു ചൂലും ചാരിവച്ചിരിക്കുന്നതു കണ്ടപ്പോള്‍ എനിക്കു ചങ്കു പൊട്ടുന്നതുപോലെ തോന്നി. ഞാന്‍ അലറി,
“ വാട്ട് ദ ഹെല്‍ ഇസ് ഗോയിങ് ഓണ്‍ ഹിയര്‍? രാധേ ..രാധേ... നിനക്കൊന്നു ശ്രദ്ധിച്ചൂടേ? ..ഇതു കണ്ടോ?”
“ഡോണ്ട് ഷൌട്ട് അറ്റ് മീ... ഐ അം നോട്ട് യുവര്‍ സെര്‍വന്‍റ്... നിങ്ങടെ തന്തേടെ എല്ലും പല്ലും നിങ്ങള്‍ വേണമെങ്കില്‍ സൂക്ഷിച്ചോളണം. ഇറ്റ് ഇസ് നണ്‍ ഒഫ് മൈ പ്രോബ്ലം”
“രാധേ.. നീ...ഇങ്ങനെ.....” ദയനീയനായ എന്നോടു എനിയ്ക്കുതന്നെ പുഛം തോന്നി.
അവള്‍ ചുണ്ടുകള്‍ വക്രിപ്പിച്ചു, തല വെട്ടിച്ചു ദേഷ്യത്തോടെ ബെഡ് റൂമിന്‍റെ കതകു ശക്തിയായി വലിച്ചടച്ചു. റാണി ഇതെല്ലാം കണ്ട് പകച്ചു നിന്നു.
സ്യൂപ്പര്‍ വരുന്ന ദിവസങ്ങളിലൊക്കെ അസ്ഥിത്തറയില്‍ കൂട്ടിവയ്ക്കുന്ന ചവറു കൂന എടുത്തു കളഞ്ഞു ഒരു സാംബ്രാണിത്തിരി കത്തിയ്ക്കുന്നത് എന്‍റെ സ്ഥിരം ജോലിയായി. രാധയോട് പല പ്രാവശ്യം പറഞ്ഞിട്ടും ഈ സ്യൂപ്പര്‍ എന്താ അവള്‍ പറയുന്നതു അനുസരിയ്ക്കാത്തതു്? ഒരുദിവസം ആ തുളസിച്ചെടി ആരോ മൂടോടെ പിഴുതിട്ടിരിയ്ക്കുന്നു. ഇതും ആ സ്യൂപ്പര്‍ ആയിരിക്കണം. വീണ്ടും തിരിച്ചു നട്ടു വച്ചെങ്കിലും, പട്ടുപോയി.

രാവിലേ , റാണിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണു ഞാന്‍ ഉണര്‍ന്നതു? കരഞ്ഞു കരഞ്ഞു കുഞ്ഞു വല്ലാതെ ഏങ്ങലടിയ്ക്കുന്നു. ശ്വാസം കിട്ടാന്‍ പാടുപെടുന്നു അവള്‍. ‘എന്താ മോളേ?’
“ എന്‍റെ പൊന്നു റാണി ലക്ഷ്മീ ബായി അല്ലെ, കരയാതെ മക്കളേ . എന്തു പറ്റീ?”
അവളുടെ ഒരു കമ്മല്‍ കാണാനില്ല. രാവിലേ എല്ലായിടത്തും നോക്കി. ബെഡ്ഷീറ്റെല്ലാം കുടഞ്ഞു നോക്കി. റൂം അടിച്ചു വാരി നോക്കി. കിട്ടിയില്ല. രാധയുടെ ശബ്ദവും മുഖവും കനത്തു. യാതൊരു ശ്രദ്ധയും ഇല്ലാത്ത മൂശേട്ടേ എന്നു പറഞ്ഞു റാണിയെ ബെല്‍റ്റെടുത്തു അടികൊടുത്തു.
“ഒരു ചെറിയ കമ്മലല്ലേ രാധേ, നീ ഇങ്ങനെ കുഞ്ഞിനെ അടിച്ചാലോ?”
“ നമുക്കു വേറേ മേടിയ്ക്കാം കേട്ടോ, റാണി കരയാതെ” ഞാന്‍ സമാധാനിപ്പിച്ചു.

അമ്മയും, അയ്യപ്പന്‍ മാമനും , ശിവനും ഇന്നെത്തും. അച്ഛന്‍റെ ചിതാഭസ്മവും കൊണ്ട് ഞങ്ങള്‍ വാരണാസിയില്‍ മറ്റന്നാള്‍ പോകും.
“ റാണിയെക്കൂടെ കൊണ്ടു പോയാലോ രാധേ?”
“വേണ്ട, വെറുതേ എന്തിനാ ക്ലാസ്സു മിസ്സാക്കുന്നതു?”

ഓഫീസില്‍ പോകാനിറങ്ങിയപ്പോഴാണു കണ്ടതു. പട്ടുപോയ തുളസ്സിച്ചെടിയുടെ ചുവട്ടില്‍ അച്ഛന്‍റെ അസ്ഥിത്തറയില്‍ വീണ്ടും ചവറു കൂമ്പാരവും ചൂലും. ദേഷ്യവും സങ്കടവും കൊണ്ട് ഞാന്‍ നിസ്സഹായനായി. ചവറു വാരി മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണു കണ്ടതു്, റാണിയുടെ ഒറ്റക്കമ്മല്‍ ഈ ചവറിനിടയില്‍. ഇതെങ്ങിനെ ഇവിടെ വന്നു?
ദൈവമേ, ഇതെങ്ങിനെ? ഇനിയിപ്പൊ രാധ വീട്ടില്‍ സ്യൂപ്പറെ ജോലിയ്ക്കു വച്ചിട്ടുണ്ടാവില്ലേ?
മറ്റന്നാള്‍ ഞങ്ങള്‍ വാരണാസിയിലേയ്ക്കു യാത്ര തുടങ്ങുമ്പോള്‍ രാധ അവളുടെ ബോസിനു ഫോണ്‍ ചെയ്യും,
“ മുകുന്ദ്, ഹരിയും ശിവനും ബന്ധുക്കളും ഇന്നു മണികര്‍ണികയില്‍ # പോയിരിക്കുകയാണു്, ചിതാഭസ്മവും കൊണ്ട്”

മരണത്തിനും കാമത്തിനുമിടയില്‍, കളഞ്ഞുപോയ ഒറ്റക്കമ്മല്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ എന്‍റെ സ്വന്തം മകള്‍ റാണി, എന്‍റെ മരിച്ചുപോയ അച്ഛന്‍റെ റാണി ലക്ഷ്മീ ബായി*, ഞങ്ങള്‍ തിരിച്ചു വരുന്നതും കാത്തു കാത്തിരിയ്ക്കും. ബട്ട് ഷീ ഷുഡ് നോട്ട് മിസ്സ് ക്ലാസ്സെസ്.

________________________________________

# Manikarnika :
Manikarnika is considered to be even older than Ganges and as legend has it, Vishnu cared the kund with his discus, and filled it with perspiration from his exertions in creating the world, at the behest of Shiva. When Shiva quivered with delight, his earning fell into this pool, which as Manikarnika - "Jeweled Earring" - became the very First Tirtha in the world.

(* വിവാഹം കഴിയുന്നതിനു മുന്‍പു ഝാന്‍സി റാണിയുടെ പേര് ‘മണികര്‍ണിക’ എന്നായിരുന്നെന്നു് കേട്ടിട്ടുണ്ട്.)