Monday, March 30, 2009

നാളെ നാളെ

വേദനയുടെ രാത്രികള്‍ നീണ്ടു. നിദ്ര യാചിച്ചു. വേദന സഹിക്കാന്‍ പഠിച്ചാലേ വേദനയില്ലാത്തിന്‍റെ സുഖം മനസ്സിലാക്കാന്‍ പറ്റൂ എന്നൊക്കെ ചിന്തിച്ച് നാളത്തെ പ്രഭാതത്തിനായി ഞാന്‍ പ്രതീക്ഷിച്ചു കിടക്കുകയാണ്. നാളെ ഒരു പക്ഷേ വേദന മാറും. കാലുകളുടെ മരവിപ്പും പാദങ്ങളിലെ നീരും കുറയും.പ്രഭാതത്തില്‍ ഇളം കുളിരും ഏറ്റു എനിയ്ക്കു പതുക്കെ പതുക്കെ നടക്കുവാന്‍ കഴിയും. പുലരിയില്‍ എന്നും കാണാറുള്ള വെളുത്ത പക്ഷികള്‍ നാളെ എന്‍റെ കാലൊച്ച കേട്ട് പറന്നകലില്ല. പൂജയ്ക്കു പൂക്കള്‍ ഇറുക്കാനെത്തുന്ന വൃദ്ധന്‍ എന്നെ നോക്കി വീണ്ടും പുഞ്ചിരിയ്ക്കും.


ജീവിതം ഓരോ ദിവസവും എന്നോടു ദയ കാട്ടുന്നു. പ്രതീക്ഷ നഷ്ടപ്പെട്ട നാളുകളിലൊന്നില്‍ അസുഖങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും ഒളിച്ചോടാനായി പുതിയ പലതും പരീക്ഷിയ്ക്കാന്‍ തുടങ്ങി. നാളെ നാളെ എന്നു കരുതി മടിച്ചു മടിച്ചിരുന്നതും എന്നാല്‍ ഹൃദയത്തോടു ചേര്‍ത്തു വച്ചിരുന്നതുമായ കാര്യങ്ങള്‍ ഓരോന്നായി ഞാന്‍ ചെയ്യാന്‍ തുടങ്ങി. അസുഖങ്ങളോടു അങ്ങനെ ഞാന്‍ മത്സരിച്ചു. ചില ദിവസങ്ങളിലെങ്കിലും ഞാനും ജയിക്കാന്‍ തുടങ്ങി. അങ്ങനെ തുടങ്ങിയതാണ് ‘അക്ഷരപ്പച്ച’. 2007 ലെ ഒരു സെപ്റ്റംബര്‍ രാത്രിയില്‍ ഞാന്‍ ആദ്യത്തെ പോസ്റ്റ് എഴുതി. പതിനഞ്ചു വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ അവസരമില്ലാതിരുന്ന മാതൃഭാഷ വീണ്ടും എടുത്തുപയോഗിക്കാന്‍ കഴിയുമെന്ന അഹങ്കാരം! എന്തൊക്കെയോ എഴുതി. പക്ഷേ കഴിഞ്ഞ മൂന്നു മാസങ്ങളായി എഴുത്തും അകന്നു. വേദന പകയോടെ പരാജയപ്പെടുത്താന്‍ പല വേഷങ്ങളില്‍. ഒരിക്കലും മടുക്കാതിരുന്ന വായനയെ ഞാന്‍ മറന്നു തുടങ്ങി. വായിക്കാന്‍ തുടങ്ങുമ്പോള്‍ അസ്വസ്ഥത. പുസ്തകങ്ങള്‍ തുറക്കാതെയായി ഇപ്പോള്‍. ചിത്രങ്ങള്‍ എടുക്കാതെയായി. ക്യാമറ തൊട്ടിട്ടു മാസങ്ങളായി. പാട്ടു കേള്‍ക്കുന്നതും കുറഞ്ഞു.

വേദന ജയിക്കാന്‍ തുടങ്ങുന്നതു എനിയ്ക്കു ഇഷ്ടമല്ല. വാശിയോടെ ഞാന്‍ പുതിയ രീതികളും വഴികളും നോക്കുന്നു. ജോലിയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ചെയ്യുന്നു. പുതിയ ഭാഷ പഠിക്കാന്‍ നോക്കുന്നു. ഓരോരോ ദിവസങ്ങളും ഞാന്‍ പൂര്‍ണ്ണമായി ജീവിയ്ക്കാന്‍ ശ്രമിയ്ക്കുന്നു.അതിനിടെ ഒരു നോവലെറ്റെഴുതാന്‍ തുടങ്ങി. അതു പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. വിരലുകള്‍ ഇടയ്ക്കിടെ പണിമുടക്കുന്നതു കൊണ്ട് റ്റൈപ്പു ചെയ്യുവാന്‍ പ്രയാസം. പക്ഷേ മനസ്സില്‍ ആ കഥയുണ്ട്. വേദന കാരണം ഉറങ്ങാതെ കിടക്കുന്ന രാതികളില്‍ എന്‍റെ കഥാപാത്രങ്ങള്‍ എന്നോടു സംസാരിക്കാറുണ്ട്. ഓ എന്‍ വി കുറുപ്പിന്‍റെ വരികള്‍ മനസ്സില്‍ എത്തും.“ അക്ഷരങ്ങളായ് പൊട്ടിവിരിയാത്ത ദുഃഖബീജങ്ങളെത്രയുണ്ടെന്നുള്ളില്‍”


പക്ഷേ കഥയും പാട്ടും ചിത്രങ്ങളും പുസ്തകങ്ങളും മാത്രമല്ലല്ലോ ജീവിതം. കലുഷമായ ജീവിത സത്യങ്ങള്‍ ദിനം പ്രതി അനുഭവിക്കേണ്ടിവരുന്നു. ജോലി സംബന്ധമായും വ്യക്തിപരമായും. കാര്യകാരണ ബന്ധങ്ങളെല്ലാം പകച്ചു നില്‍ക്കുന്ന ഒരവസ്ഥ. എല്ലാവര്‍ക്കും ഇങ്ങനെയൊക്കെയായിരിക്കും ജീവിതം എന്ന തിരിച്ചറിവ്, ആശ്വാസത്തിനു പകരം ഒരങ്കലാപ്പാണു ജനിപ്പിയ്ക്കുന്നത്. മെഡിറ്റേഷനും യോഗയ്ക്കും സ്പിരിച്ച്വാലിറ്റിയ്ക്കുമപ്പുറം സമാധാനവും ആശ്വാസവും തേടാന്‍ നമ്മളില്‍ പലരും മഹര്‍ഷിവര്യന്മാരൊന്നും അല്ലല്ലൊ.


കഴിഞ്ഞയാഴ്ചയാണ് റിവോള്‍വറിനുള്ള ആള്‍ ഇന്‍ഡ്യ ലൈസന്‍സ് കിട്ടിയത്. ജമ്മു കാശ്മീരൊഴിച്ച് ഇന്‍ഡ്യയിലെവിടെ വേണമെങ്കിലും തോക്കും കൊണ്ടു ഇനി നടക്കാം. ആത്മരക്ഷയ്ക്കു വേണ്ടി ഇനി എനിയ്ക്കു തോക്കുപയോഗിക്കാം. എന്നു വച്ചാല്‍ എനിയ്ക്കു ജീവിയ്ക്കാന്‍ വേണ്ടി വേണമെങ്കില്‍ വേറൊരു മനുഷ്യജീവനെ വരെ നശിപ്പിയ്ക്കാം. രോഗങ്ങളൊഴിച്ചു എന്നെ ആരും ഇതുവരെ കൊല്ലാന്‍ ശ്രമിച്ചിട്ടില്ല. ഞാനും ഇതുവരെ ആരെയും കൊല്ലണമെന്നും വിചാരിച്ചിട്ടുമില്ല. എങ്കിലും നാളെ തോക്കു ഡീലര്‍ വരുമ്പോള്‍ ചോദിക്കേണ്ട ചോദ്യങ്ങളാണ് വേദനയലട്ടുന്ന ഈ രാത്രിയില്‍ പോലും ഞാന്‍ ചിന്തിക്കുന്നത്.


തോക്കു വാങ്ങിക്കഴിഞ്ഞാല്‍ ആരെയാണു ഞാന്‍ കൊല്ലേണ്ടത്? പ്രഭാതത്തില്‍ എന്നും കാണാറുള്ള വെളുത്ത പക്ഷികളേയോ? പൂജാപുഷ്പത്തിനെത്തുന്ന വൃദ്ധനേയോ? അതോ വര്‍ഷങ്ങളായി എന്നെ കൊല്ലാന്‍ ശ്രമിയ്ക്കുന്ന വേദനകളേയോ?

. ആരോ പറഞ്ഞതുപോലെ “ There is nothing to writing, all you do is sit down at a typewriter and open a vein". വേദനയുള്ള ഈ രാത്രിയില്‍ ഇനി വെയിന്‍ മുറിയ്ക്കുന്ന വേദന കൂടെ സഹിക്കാനുള്ള മനസ്സാന്നിദ്ധ്യമില്ല. അതുകൊണ്ടു നാളത്തെ പ്രഭാതത്തെ പ്രതീക്ഷിച്ചുകൊണ്ട ഇപ്പോള്‍ ഞാനീ ചവറുതന്നെ എഴുതി പോസ്റ്റു ചെയ്യുന്നു.