മുംബൈയില്‍ എത്തുമ്പോള്‍, സാധാരണ എയര്‍പോര്‍ട്ടില്‍ നുന്നും ഒരു പ്രി പെയിഡ് ടാക്സി എടുത്ത് നേരേ ഘാട്ട്കൂപ്പറിലെ സാമിയുടെ ഫ്ലാറ്റിലേക്കു
പോകാറാണു പതിവ്. സാമി എന്നാല്‍ നമ്മുടെ സ്റ്റേറ്റ് ബാങ്കിലെ സാക്ഷാല്‍ സുബ്രഹ്മണിയ അയ്യര്‍ എന്ന കറുത്ത പട്ടര്‍. സാമി ബാങ്കില്‍ പോയാലും, ഫ്ലാറ്റില്‍ സയ്യ്ദ് ഉണ്ടാവും.( പുള്ളിക്കാരനെ കെയര്‍റ്റേക്കര്‍ എന്നു മാത്രമേ വിളിക്കാന്‍ പാടുള്ളൂ.) ഡല്‍ഹിയില്‍ പോകുന്ന വഴിക്കു ചിലപ്പോഴൊക്കെ മുംബൈയില്‍ രണ്ടു ദിവസം ഞാന്‍ സാമിയോടൊപ്പം കൂടും. സഹമുറിയന്മാരും പഴയ കൂട്ടുകാരുമൊക്കെയായി ഒരു ചെറിയ ആഘോഷം. അങ്ങനെ കൂടുമ്പോഴൊക്കെയാണു മനസ്സു തുറന്നു ഒന്നു ചിരിക്കാറുള്ളത്.
യാത്രതിരിക്കുനതിനു മുന്‍പ് സാമിയുടെ ഫോണ്‍ ഊണ്ടായിരുന്നു.
“ നീ ഇന്നു പ്രി പെയിഡ് ടാക്സിയൊന്നും എടുക്കാന്‍ നില്‍ക്കണ്ട.ഞാന്‍ ഉണ്ടാവും എയര്‍പോര്‍ട്ടില്‍”
“അതിനു നെനക്കിന്നു ബാങ്കിപ്പോണ്ടേ?”
“ ഇന്നു ലിവാ...നീ വാ..വന്നിട്ടു സംസാരിക്കാം”
സാമി സംഭാഷണം നീട്ടാനുള്ള മൂഡിലല്ലെന്നു തോന്നി.
എയര്‍പോര്‍ട്ടിനു വെളിയില്‍ സാമി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. യാത്രകഴിഞ്ഞെത്തുമ്പോള്‍ ആരെങ്കിലും നമുക്കുവേണ്ടി കാത്തുനില്‍ക്കുന്നതു സന്ധ്യാദീപം കാണുമ്പോള്‍ ഉള്ള നിറവു പോലെയാണെനിക്കു.. അതുകൊണ്ടു തന്നെ ആരെങ്കിലും എയര്‍പോര്‍ട്ടിലോ, റെയിവേ സ്റ്റേഷനിലോ സ്വീകരിക്കാന്‍ വരുമെന്നു പറഞ്ഞാല്‍ ഞാന്‍ വേണ്ടെന്നു പറയാറില്ല. നഗരങ്ങള്‍, അവിടെ നമുക്കുള്ള സൌഹൃദങ്ങളുടെ സാന്ദ്രത പോലെ മാത്രം സുന്ദരങ്ങള്‍ ആണ്. റ്റ്രയിനിങ് സമയത്തു ഒറ്റക്കു വിയന്നയില്‍ ലക്ഷ്യമില്ലതെ അലയുമ്പോള്‍ മനസ്സിലെ ഡിപ്രഷന്‍, ഭൂപേന്ദ്ര സിംഗിന്റെ സിനിമാപ്പാട്ടായി നുരഞ്ഞു പൊന്തുമായിരുന്നു.
“ഏക് അകേലാ ഇസ് ഷഹറ് മേ...
രാത് മേ ഓര്‍ ദോപഹറ് മേ..
............................................................
...........................................................
ദിന്‍ ഘാലീ ഘാലീ ബര്‍തന് ഹൈ ഓര്‍
രാത്ത് ഹൈ ജൈസേ അന്ധാ കുവാ..
ഇന്‍ ഖൂനീ അന്ധേരീ ആംഖോമെ
ആന്‍സൂ കീ ജഗാ ആത്താ ഹെ ധൂവാ
ജീനേകീ വചാ തൊ കോയീ നഹീ
മര്‍നേകാ ബഹാനാ ഠൂണ്ട്ത്താ ഹേ
............................................................................
ഇസ് അജ്നബീസേ ഷഹറ് മേ
ജാനാ പഹചാനാ ഠുണ്ട്ത്താ ഹേ”
അന്നു ആ സുന്ദര നഗരത്തില്‍ സന്ധ്യാദീപമായി കാത്തിരിക്കാന്‍ ആ നീലക്കണ്ണുകള്‍ ഇല്ലായിരുന്നല്ലോ. ഇപ്പോഴിപ്പോള്‍ നഗരങ്ങള്‍ എത്ര അപരിചിതമാണെങ്കിലും മനസ്സു പരിചയക്കാരെ തേടി വ്യാകുലപ്പെടാറില്ല. എന്നാല്‍ മുംബൈ എനിക്കു അങ്ങനെ ആയിത്തിര്‍ന്നിട്ടില്ല ഇതുവരെയും - അതു എന്റെയും , സാമിയുടെയും സെയ്യദിന്റേയും എവിടുന്നൊക്കെയോ വന്നുപെട്ടു ഒന്നിച്ച കുറച്ചു സൌഹൃദങ്ങളുടെയും കൂടി നഗരമാണ്.
സ്വാമി എയര്‍പോര്‍ട്ടിനു വെളിയില്‍ ടാക്സി തിരയുന്നു. കുറെ ഡ്രൈവര്‍ന്മാര്‍ സാമിയെ വേണ്ടെന്നു വച്ചു അടുത്ത യാത്രക്കാരനെ തേടിപ്പോകുന്നു. മറ്റുചിലരെ സാമി തന്നെ തഴയുന്നു.
“എന്തെടേ സാമിയാരേ പ്രശ്നം? ടാക്സിക്കാര്‍ക്കു ഘാട്ക്കൂപ്പര്‍ വരെ പോകാന്‍ വയ്യേടേ? എന്നാ കന്യാകുമാരി വരെ പോകാമോന്ന് ചോദിച്ചു നോക്ക്”
“ അപ്പടി ഒണ്ണും ഇല്ലൈ.. നമുക്കു ഭയ്യമാരുടെ ടാക്സി വേണ്ട. മറാത്താ പുലികളുടെ ടാക്സി മതി”
“ ആരുടേതായാലും നമുക്കെന്താ?”
ടാക്സി കിട്ടി. ഞങ്ങള്‍ യാത്ര തുടങ്ങി. സാമി സീരിയസ്സായി. “രാജ് ഠാക്കറെയുടെ ആള്‍ക്കാര്‍ നഗരത്തില്‍ അക്രമം നടത്തുന്നു. ഉത്തരേന്‍ഡ്യാക്കാര്‍ മഹാരാഷ്ട്ര വിടണമത്രേ! വഴിയില്‍ വച്ചു കണ്ണില്‍കണ്ട ഉത്തരേന്‍ഡ്യക്കാരെ തെരഞ്ഞുപിടിച്ചു ആക്രമിക്കുന്നു. രാഷ്ടീയ നിലനില്‍പ്പിനായി രാജ് ഠാക്കറെ നടത്തുന്ന പ്രകോപനപരമായ സ്റ്റേറ്റ്മെന്റുകള്‍ എരിയുന്ന തീയില്‍ എണ്ണ ഒഴിക്കുന്നു. മറാത്താ ആത്മഗൌരവര്ത്തിന്റെ മൊത്തം കോണ്ട്രാക്റ്റ് കൈവിട്ടു പോകുമെന്നു പേടിച്ചു ഉധവ് ഠാക്കറെയും തീകൊണ്ടുള്ള കളി തുടങ്ങിയത്രേ!!!”
സാമി കിതയ്ക്കുന്നു. ആത്മരോഷം തോന്നുമ്പോള്‍ സാമി അങ്ങനെയാണു. അടിയന്തരാവസ്ഥക്കാലത്തു സുദീപിനെ പോലീസുകാരും കോണ്‍ഗ്രസ്സുകാരും ചേര്‍ന്നു സ്കൂള്‍ കോമ്പൌണ്ടില്‍ വച്ച് തല്ലിച്ചതച്ചതു കണ്ട സാമി കിതച്ചുകൊണ്ട് അവനെ രക്ഷിക്കാന്‍ ഓടിയതു പെട്ടെന്നു ഓര്‍ത്തു. വര്‍ഷങ്ങള്‍ കഴിഞ്ഞു. സാമി ഇപ്പോഴും കിതക്കാതിരിക്കാന്‍ പഠിച്ചില്ല. സുദീപ് പിന്നെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. കെ. റ്റി . ഡി സി ചെയര്‍മാനും ആയി.
ഞാന്‍ കാറിലിരുന്നു പുറത്തേക്കു നോക്കി. നഗരം ശാന്തമായിത്തന്നെ ഒഴുകുന്നു. യു പി, ബിഹാറ്കാര്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്നു എന്നു വാര്‍ത്ത. പക്ഷേ എനിക്കു പ്രകടമായി അതൊന്നും കാണാന്‍ കഴിഞ്ഞില്ല. അല്ലെങ്കിലും മുംബൈ ജീവിതത്തിന്റെ നഗരമാണു. എന്തു സംഭവിച്ചാലും അടുത്തനിമിഷം ജീവിതത്തിന്റെ അക്കരപ്പച്ചകള്‍ തേടി യാത്ര പുനരാരംഭിച്ചേ പറ്റൂ. ഡല്‍ഹി പോലെ ഉപജാപങ്ങളുടെ ശവകുടിരമല്ല. കൊല്‍ക്കത്തപോലെ മരിച്ച നഗരവുമല്ല.
“ ഇന്നലെ നാസിക്കില്‍ ഒരു തൊഴിലാളിയെ തച്ചു കൊന്നു”
സാമി നിസ്സഹായതോടെ പറഞ്ഞു. കേന്ദ്ര - രാജ്യ സര്‍ക്കാറുകള്‍ രാഷ്ട്രീയ ലാഭനഷ്ടങ്ങളുടെ ബാലന്‍സ്ഷീറ്റ് ഉണ്ടാക്കുന്നതേയുള്ളൂ. അവരുടെ കേളികൊട്ടും തിരനോട്ടവും കഴിഞ്ഞിട്ടില്ല. മനസ്സിലെ കത്തിവേഷങ്ങളഴിച്ചു വച്ച് കളിയാട്ടത്തിനെത്താനുള്ള മുഹൂര്‍ത്തത്തിനായി അവര്‍ ഇനിയും കാത്തിരിക്കുന്നു. മുഖം മിനുക്കി പച്ചയും , മിനുക്കുമായി ചുട്ടികുത്തി, വേഷപ്പകര്‍ച്ചയണിഞ്ഞു പ്രത്യക്ഷപ്പെടാന്‍ സമയമായില്ലാ പോലും!
ട്രഫിക് സിഗ്നലില്‍ കുട്ടികള്‍ ന്യൂസ് പേപ്പറുകളുമായി എത്തി. മിഡ് ഡേ വാങ്ങി.
‘പ്രധാന മന്ത്രി, സെന്‍സെക്സില്‍ വന്ന ഇടിവു വെറും താല്‍ക്കാലികമാണെന്നു ഇന്നു പ്രസ്താവച്ചു.
’‘രാജ് ഠാകറെയുടെയും അമിതാബച്ചന്റെയും ബംഗ്ലാവുകള്‍ക്കു കനത്തസുരക്ഷ നല്‍കാന്‍ ആവശ്യമായനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നു , എസ്സ്. സി ശുക്ലയുടെ ഒന്നാം ചരമവാര്‍ഷികാഘോഷപ്രോഗ്രാമിനു പോകാനായി എയര്‍പോര്‍ട്ടിലെത്തിയ, യൂണിയന്‍ ഹോം മിനിസ്റ്റര്‍ പത്രക്കാരെ അറിയിച്ചു.’
പെട്ടെന്നു ടാക്സി ഡ്രൈവര്‍ വണ്ടി ചവുട്ടി നിറുത്തി. ‘ഹാജിഅലി’ക്കടുത്ത്. അതെ അവര്‍ തന്നെ..... ലാത്തികളും കത്തികളുമായി അങ്ങോട്ടും ഇങ്ങോട്ടും..... വാഹനങ്ങളെ ഒക്കെ തടഞ്ഞുനിര്‍ത്തി അവര്‍ ഉത്തരേന്‍ഡ്യക്കാരെ തെരയുന്നു. ആക്രോശിക്കുന്നു.... ആറേഴുപേര്‍ ഞങ്ങളുടെ കാറിനടുത്തേയ്ക്ക്...... വലിച്ചിറക്കി ഞങ്ങളെ...... ഞങ്ങളുട്രെ ഡ്രൈവര്‍ മറാത്തിയില്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. ഒരുവന്‍ എന്റെ നേരേ.... ഭയം എന്തെന്നു ഞാന്‍ അറിഞ്ഞു. വയറിനുള്ളില്‍ നിന്നും എന്തോ ഒന്നു നെഞ്ചിന്‍ കൂടിലേക്കു ‘ഗുമ്മെന്നു’ ശക്തിയായി ഒരു റോക്കറ്റുപോലെ...... ശരീരത്തില്‍ എവിടെയൊക്കെയോ വിറയല്‍ പോലെ... എന്നിലെപ്പോഴും കുടികൊള്ളുന്നു എന്നു ഞാന്‍ കരുതിയ ആത്മഹത്യയോടുള്ള ആഭിമുഖ്യവും അസ്തിത്വ ദുഖവും ഒന്നും അപ്പോള്‍ മനസ്സില്‍ തോന്നിയില്ല.
സാമി പെട്ടെന്നു വിളിച്ചു പറഞ്ഞു.
“ സാബ്...ബച്ചാലീജിയേ...ഹം കേരല്‍ വാലേ ഹൈ.... പ്ലീസ്......”
എന്റെ നേരേ വിരല്‍ചൂണ്ടിക്കൊണ്ട് യാചിച്ചു, “വൊ..മലയാളം .പത്രകാര്‍ ഹൈ.....”
പിന്നെ എന്തൊക്കെയോ സാമി അലറി...അതു കേട്ട് ഒരു നേതാവു പറഞ്ഞു.
“ സാലാ.. കാലേ മദ്രാസീ ലോഗ് ഹൈ........ജാനേ ദോ....”
ഞങ്ങള്‍ ഫ്ലാറ്റില്‍ എത്തി.
സെയ്യിദ് ആഹാരം ഉണ്ടാക്കിയിരുന്നു. ഞങ്ങള്‍ക്കു വിശപ്പും ദാഹവും ഒന്നും തോന്നിയിരുന്നില്ല. സാമി മുഖം പൊത്തി സോഫയുടെ അടുത്തു, വെറും തറയില്‍ ചടഞ്ഞിരുന്നു.വൈകുന്നേരം സുഹൃത്തുക്കളും റൂം മേറ്റ്സും എത്തി. സംഭവങ്ങള്‍ ഞങ്ങള്‍ വിവരിച്ചു പറഞ്ഞു. അവര്‍ ചിരിച്ചു. ഞങ്ങള്‍ അനുഭവിച്ച ആ ഭീതി അവര്‍ക്കു മനസ്സിലാകാത്തപോലെ..സാമി വീണ്ടും പറഞ്ഞു. “ഈ പാവങ്ങളെ ഇങ്ങനെ തല്ലിയോടിക്കുന്നതു കഷ്ടം തന്നെ”വിഷയം അവര്‍ സീരിയസ്സായി എടുത്തില്ല. ബിയര്‍ കുപ്പികള്‍ ഒഴിഞ്ഞു, കവിതകളും തമാശകളും പൊട്ടിച്ചിരികളും മുഴങ്ങി.
സെയ്യ്ദ് പറഞ്ഞു:
“ ഇവന്മാര്‍ക്കു ഇങ്ങനെ തന്നെ വേണം. പണ്ട് ശിവസേനക്കാര്‍ സൌത്തിന്‍ഡ്യാക്കാരെ അടിച്ചോടിച്ചപ്പോള്‍, ഒറ്റ നൊര്‍ത്തിന്‍ഡ്യാക്കാരന്‍ അനങ്ങിയോ?”
ആരും ശ്രദ്ധിച്ചില്ല ഈ അഭിപ്രായപ്രകടനവും. പക്ഷേ സാമി ഇതുകേട്ട് അന്തം വിട്ടിരുന്നു. ഭിവാനിയില്‍ കലാപത്തിനു മുന്‍പു മൂന്നു തയ്യല്‍കടകള്‍ നടത്തിയിരുന്ന ആളാണു സെയ്യ്ദ്. കമ്മ്യൂണല്‍ റയട്ടില്‍ എല്ലാം കത്തിനശിച്ച്, പെരുവഴിയില്‍ ആയപ്പോള്‍ സാമി കൂടെ കൂട്ടിയതാണു സെയ്യ്ദിനെ....എന്നിട്ടിപ്പോള്‍....... സാമി വെറുതെ വീണ്ടും കിതയ്ക്കാന്‍ തുടങ്ങി.