Sunday, August 31, 2008

കുട്ടണ്ണന്‍റെ ജാക്കോബൈറ്റ് ചിരി

ഗുളുഗുഗ്ഗുളുഗുളുഗ്ഗുളു എന്ന ചിരി പഴയതു പോലെ തിരമാലകളുടെ സീല്‍ക്കാരത്തില്‍ അവസാനിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആ ചിരി ഫോണിലൂടെ കേട്ടപ്പോള്‍ ഞാന്‍ അറിയാതെ വിളിച്ചുപോയി,

“കുട്ടണ്ണാ”

“എന്തരെടേയ്, നീയിപ്പം ഭയങ്കര കതകളൊക്കെ കുനു കുനാ എഴുതണല്ല്, മനുഷ്യര്‍ക്കു മനസ്സിലാവണ വല്ലും തന്നേടേ മച്ചമ്പീ”

“അതുപിന്നെ കുട്ടണ്ണാ......”


ഏതോ പൊളിഞ്ഞ കോവിലകത്തുനിന്നും ദാരിദ്ര്യത്തോടൊപ്പം കോളേജിലെത്തിയ ദേവദത്ത വര്‍മ്മയ്ക്കു ‘കുട്ടണ്ണന്‍’ എന്നപേരടിച്ചു കൊടുത്തത് ഞാനാണു. വെള്ളമുണ്ട്, കാച്ചെണ്ണയുടെ മണം, ഡിബേറ്റിലെല്ലാം
വിവേകാനന്ദന്‍റെ കോട്ട്സ്, പെണ്‍ പിള്ളേരെ കാണുമ്പോള്‍ നാണം, ബിയറുപോലും തൊടാത്ത പക്കാ വെജിറ്റേറിയന്‍. ഗാന്ധിയെന്ന വട്ടപ്പേരായിരുന്നു ബെസ്റ്റ്. പക്ഷേ രണ്ട് പെണ്ണുങ്ങളുടെ തോളില്‍ കൈവച്ചു നടന്നതിനു വേറൊരുത്തന്‍ ഗാന്ധിയായിപ്പോയതു കൊണ്ട്, വര്‍മ്മയ്ക്കു “കുട്ടണ്ണന്‍”കൊള്ളാമെന്നു തോന്നി. അതങ്ങു പതിഞ്ഞു.


തിരമാലകളുടെ സീല്‍ക്കാരത്തിലവസാനിയ്ക്കുന്ന ഫേമസ് ഗുളു ഗുഗ്ഗുളു ചിരിയുമായി കുട്ടണ്ണന്‍ കാമ്പസ്സില്‍ നിറഞ്ഞു നിന്നു, പഠനമൊഴിച്ചുള്ള മറ്റെല്ലാ കാര്യങ്ങള്‍ക്കും. പാട്ടും ഡിബേറ്റുമാണു കുട്ടണ്ണന്‍റെ തട്ടകം. മേഴ്സീ
ഭക്തവത്സലമെന്ന നാടാത്തിപ്പെണ്ണിനു കുട്ടണ്ണനോടോരു പൊടിപ്രേമം ഉണ്ടായിരുന്നെന്നു അവളുടെ നാണം കുണുങ്ങല്‍ കണ്ടപ്പഴേ തോന്നിയതാണു. ഒടുവില്‍ ലാബില്‍ നിന്നും അവള്‍ കണ്ണീരോടെ ഇറിങ്ങിപ്പോയപ്പോഴും കുട്ടണ്ണന്‍ ഗുളുഗുഗ്ഗുളൂന്നു ചിരിച്ചു. പിന്നീടവള്‍ പഠിത്തം നിര്‍ത്തി.


“ അന്തിച്ചെമ്മാനം കണ്ടാശിക്കല്ലേ പെണ്ണേ,
അന്തിച്ചെമ്മാനമിരുണ്ടു പോകും”

ഞങ്ങളുടെ വല്ലപ്പോഴുമ്മുള്ള ബിയര്‍ പാര്‍ട്ടികളില്‍ കുട്ടണ്ണന്‍ കാലിക്കുപ്പിയില്‍ ഓപ്പണര്‍ കൊണ്ട് താളം കൊട്ടി ഉച്ചസ്ഥായിയില്‍ പാടും. പല താളത്തിലും , പല സ്കെയിലിലും ‘അന്തിച്ചെമ്മാനം’പാടും. അവസാനത്തെ ബിയര്‍കുപ്പിയും കാലിയാവുന്ന വരെ കുട്ടണ്ണന്‍റെ വക എന്‍റര്‍റ്റൈന്മെന്‍റ്. പക്ഷേ കുട്ടണ്ണന്‍ കുട്ടണ്ണനായതുകൊണ്ടു തന്നെ ബിയര്‍ കുടിയ്ക്കുന്ന പ്രശ്നമേയില്ല.


അപ്പാവിയായിരുന്ന കുട്ടണ്ണന്‍ പോകെ പോകെ സ്മാര്‍ട്ടായി. വേഷം മാറി, സ്റ്റൈലും മാറി. ആ‘തമ്പിയളിയോ’രീതിയിലെ വര്‍ത്തമാനം മാത്രം മാറിയില്ല. ആയിടയ്ക്കു കുട്ടണ്ണനും സന്ധ്യാറാണിയും കന്യാകുമാരിയിലെ ഒരു ലോഡ്ജില്‍ നിന്ന്‍ ഒന്നിച്ചിറങ്ങി വരുന്നത് കണ്ടെന്നൊരു ശ്രുതി പരന്നു. പെണ്ണുങ്ങളുടെ ഏരിയയില്‍ നിന്നാണു അടക്കിയും പതിഞ്ഞും ഈ സംസാരം തുടങ്ങിയത്. ‘സൈനൈഡ്’ ടി പി തങ്കമണി അവളുടെ
ചേച്ചിയുടെ കൊച്ചിന്‍റെ ചോറൂണിനു കന്യാകുമാരിയില്‍ പോയപ്പോഴാണു കുട്ടണ്ണനേയും സന്ധ്യയേയും കണ്ടത്. സാക്ഷി സൈനൈഡായതുകൊണ്ട് പാതിയേ വിശ്വസിക്കാന്‍ പാടുള്ളൂ. കുട്ടണ്ണനോടു കണ്‍ഫേം ചെയ്യാനായി
ചോദിച്ചപ്പോള്‍, ദേ വീണ്ടും ആ ഗുളു ഗുളു ചിരി മാത്രം. സന്ധ്യാറാണി ഡസ്കില്‍ മുഖമൊളിപ്പിച്ചു വാവിട്ടു കരഞ്ഞു. “ സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ..... സ്നേഹമയീ....” ഞങ്ങള്‍ കോറസായി ഉറക്കെയുറക്കെ പാടി.


ബോട്ടണി ലക്ചറര്‍ ഡെയ്സി എബ്രഹാം എന്ന ശകുന്തള കുട്ടണ്ണന്‍റെ ചെകിട്ടത്ത് വീശിയടിച്ചത്രേ. റിക്കാര്‍ഡ് ബുക്കും പിടിച്ച്, തലകുനിച്ച് ബോട്ടണി ലാബില്‍ നിന്നിറങ്ങി വരുന്ന കുട്ടണ്ണന്‍റെ ഇടതു കണ്ണു ചുവന്നിരുന്നത്
കണ്ടവരുണ്ട്. ശകുന്തള അടികൊടുത്തെന്നുള്ളത് സാഹചര്യത്തെളിവുകള്‍ അനുസരിച്ചു ആരോ ‘ഇറക്കിയത്’ ആണെന്നൊരു സംശയവും നിലവിലുണ്ടായിരുന്നു. കുട്ടണ്ണനോടു ചോദിച്ചു സത്യമറിയാമെന്നു ആരും കരുതണ്ട. മറുപടി ഗുളു ഗുഗ്ഗുളു ഗുളുഗ്ഗുളുവും തിരമാലയും മാത്രം.


കുട്ടണ്ണന്‍റെ പരീക്ഷകള്‍ ഒക്കെ സ്വാഹ. ക്വസ്റ്റ്യന്‍ പേപ്പര്‍ തിരിച്ചും മറിച്ചും വായിയ്ക്കും. ഡെസ്കില്‍ ശബ്ദമുണ്ടാക്കാതെ താളം പിടിയ്ക്കും. എന്തെങ്കിലും ഒക്കെ അരമണിക്കൂര്‍ കുത്തിക്കുറിയ്ക്കും. ആന്‍സര്‍ ബുക്കു കൊടുത്ത് ഇറങ്ങിപ്പോകാനുള്ള മിനിമം സമയം കഴിയുമ്പോള്‍ വിജയശ്രീലാളിതനെപ്പോലെ ഒന്നു പുഞ്ചിരിയ്ക്കും. ഇന്‍വിജിലേറ്ററേയും അത്ഭുതപ്പെടുത്തിക്കൊണ്ട് രാജകലയില്‍ ഇറങ്ങിപ്പോകും. മറ്റുള്ളവര്‍ അപ്പോഴും വിരണ്ടിരുന്നു പരീക്ഷയെഴുതിക്കൊണ്ടിരിയ്ക്കുമ്പോള്‍ മാമൂട്ടില്‍ നിന്നു കുട്ടണ്ണന്‍റെ ദുഖഗാനം ഉയര്‍ന്നു പരീക്ഷാമുറികളില്‍ ഒഴുകി വരും.

“തെക്കന്‍ കായലിലോളം തല്ലുമ്പോള്‍
ഓര്‍ക്കും ഞാനെന്‍റെ മാരനേ,
മാരനേ വീരനേ അന്‍പുറ്റ മണിമാരനേ”


“ മച്ചമ്പീ , എടേയ് നീ ഒടനേ കോളേജിലോട്ടു വാ” പരീക്ഷ കഴിഞ്ഞുള്ള അവധി ആസ്വദിച്ചു വീട്ടില്‍ ഉറങ്ങിക്കിടന്നപ്പോഴാണു കുട്ടണ്ണന്‍റെ ഫോണ്‍. ചെന്നപ്പോഴാണു കൊനഷ്ട് പരിപാടിയാണെന്നു മനസ്സിലായത്. യൂണിവേഴ്സിറ്റി ഓഫീസില്‍നിന്നും പരീക്ഷാ കണ്ട്രോളറുടെ ഒപ്പും സീലും വച്ച ഒരു വ്യാജ മാര്‍ക്കുലിസ്റ്റുണ്ട് കുട്ടണ്ണന്‍റെ കൈയ്യില്‍. കുട്ടണ്ണനു എല്ലാ വിഷയത്തിലും എണ്‍പതും എണ്‍പത്തിഅഞ്ചും ശതമാനം മാര്‍ക്ക്. കാലി മാര്‍ക്കുലിസ്റ്റ് സംഘടിപ്പിച്ച് തോന്നിയ മാര്‍ക്കു സ്വയം എഴുതിച്ചേര്‍ത്തിരിയ്ക്കുകയാണ് കുട്ടണ്ണന്‍.എന്‍റെ ടാസ്ക്: ദേവദത്ത വര്‍മ്മ അല്ലെങ്കില്‍ സേതു ലക്ഷ്മി വര്‍മ്മയ്ക്കു കോവിലകത്തിന്നടുത്ത ഒരു വീട്ടിലുള്ള ഫോണിലേയ്ക്കു ഒരു പീ പീ കോള്‍ ബുക്കു ചെയ്യണം. ദേവദത്തന്‍ വീട്ടിലില്ലാത്തതുകൊണ്ട് ഒബ്വ്വിയസ്സ്ലി കുട്ടണ്ണന്‍റെ അമ്മ സേതു ലക്ഷ്മി വര്‍മ്മ ഫോണറ്റന്‍റ് ചെയ്യും. യൂണിവേഴ്സിറ്റി ഓഫീസിലെ പരീക്ഷാ സെക്ക്ഷനിലെ ക്ലെര്‍ക്കെന്ന വ്യാജേന, കുട്ടണ്ണന്‍ തന്‍റെ ഫ്രണ്ടാണെന്നും ഒഫിഷ്യലായി റിസല്‍റ്റ് വരുന്നതിനും നേരത്തേ റിസല്‍റ്റ് ദേവദത്തനെ അറിയിക്കനായാണു ഫോണ്‍ ചെയ്യുന്നതെന്നും ഒക്കെ കള്ളം പറഞ്ഞു വ്യാജ മാര്‍ക്കു മുഴുവനും ആ പാവം അമ്മയെക്കൊണ്ട് കുറിപ്പിച്ചു വയ്ക്കണം.േവദത്തന്‍ വീട്ടില്‍ വരുമ്പോള്‍ ഈ റിസല്‍റ്റ് അറിയിക്കണേ അമ്മേ എന്നൊരു റിക്വസ്റ്റും.

ഗുളു ഗുഗ്ഗുളു ഗുളുഗുളു.

ഞാന്‍ ആ പാപം ചെയ്തു.


റിസല്‍റ്റ് വന്ന് ഒരാഴ്ച ആയിക്കാണും, കുട്ടണ്ണന്‍ കൊടുങ്കാറ്റുപോലെ മുറിയില്‍. കയ്യില്‍ അന്നത്തെ പത്രവുമുണ്ട്.

“ മച്ചമ്പീ, ഞാന്‍ ലപ്പം ഇട്ട് അടച്ചു വച്ചിരുന്നതൊക്കെ എളവിപ്പോയെടേ”

“ എന്തു പറ്റി കുട്ടണ്ണാ?”

കുട്ടണ്ണന്‍ മാതൃഭൂമി പത്രം നിവര്‍ത്തിക്കാട്ടി. കുട്ടണ്ണന്‍റെ ഒറിജിനല്‍ മാര്‍ക്കു ലിസ്റ്റിന്‍റെ ഫോട്ടോ പത്രത്തിന്‍റെ ഫ്രണ്ട് പേജില്‍. ഇങ്ക്ലീഷിനു പതിനൊന്നു, ഹിന്ദിയ്ക്കു ഒന്‍പത്. എല്ലാവിഷയത്തിനും ഇരുപതു ശതമാനത്തില്‍ കുറവു
മാര്‍ക്കു.

“ എടേയ് ഇതാ നസ്രാണികളുടേ മനോരമയിലോ മറ്റോ വന്നിരുന്നെങ്കി വീട്ടില്‍ അറിയില്ലായിരുന്നു. ഇതിപ്പോ ആകെ കൊളമായി..”

വേറൊരു ദേവദത്ത വര്‍മ്മയാണു ന്യൂസ് കൊടുത്തിരിയ്ക്കുന്നത്. അവനു കിട്ടിയ മാര്‍ക്കുലിസ്റ്റിലെ റോള്‍ നമ്പര്‍ തെറ്റ്, മലയാളം സെക്കന്‍റ് ലാങ്ഗ്വേജിന്‍റെ മാര്‍ക്കിനു പകരം ഹിന്ദിയ്ക്കു മാര്‍ക്കു, ഇതു വരെ എല്ലാത്തിനും ഫസ്റ്റ്ക്ലാസ്സ് കിട്ടിക്കൊണ്ടിരുന്ന പയ്യനു ലിസ്റ്റിലെ മാര്‍ക്കു കണ്ട് ഷോക്കടിച്ചു ഓടി മാതൃഭൂമി ആപ്പീസില്‍ ചെന്നതാണു.

“ എലിമെന്‍ററി, കുട്ടണ്ണന്‍ എലിമെന്‍ററി. സംഗതി സിമ്പിള്‍. അപരനായ വേറൊരു ദേവദത്ത വര്‍മ്മ ഹാള്‍റ്റിക്കറ്റുമായി മാര്‍ക്കുലിസ്റ്റ് വാങ്ങാന്‍ വന്നപ്പോള്‍ കോളേജിലെ ക്ലര്‍ക്കു നിന്‍റെ ഒര്‍ജിനല്‍ മാര്‍ക്കുലിസ്റ്റെടുത്തു ആളറിയാതെ കൊടുത്തു”

“മച്ചമ്പീ, രാവിലേ അമ്മ പേപ്പറെടുത്തു കാണിച്ചപ്പോ കണ്ണിലിരുട്ടു കേറി. ചത്തുകളയാമെന്നു നിരീച്ചു. എങ്ങനെ ചാവണമെന്നായി. റെയില്‍ പാളത്തില്‍ ചാടി ചാവാമെന്നു വച്ച് റ്റേഷന്‍ വരെ പെയ്. അപ്പഴാണ് തോന്നിയത്
ഏന്തരായാലും എവമ്മാര് നമ്മളെ മൂഞ്ചിച്ച്, ഇനി ഏതു വരെ മൂഞ്ചിക്കുമെന്നു കൂടെ കണ്ടിട്ടു ചാവാം. പിന്നെ നൂരേ ഇങ്ങോട്ട് വിട്ട്”

കുട്ടണ്ണന്‍ ഈ പറഞ്ഞത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഗുരുമന്ത്രമായി.
ഒരു പ്ലാസ്റ്റിക്കു കൂടിനുള്ളില്‍ കുട്ടണ്ണന്‍ ഹാള്‍ട്ടിക്കറ്റിന്‍റെ നനഞ്ഞു കീറിയ കുറെ കഷണങ്ങള്‍ കാണിച്ചു,

“ പാക്കറ്റില്‍ കെടന്നതാണു. അമ്മയെടുത്ത് നനച്ച് കളഞ്ഞ്. നീ എന്തെരെങ്കിലും ഒടനേ ചെയ്യെടേ. ആ വിക്കന്‍ ഈ.എം.എസ്സാണെങ്കി ഈ സംഭവം അന്വേഷിക്കിനം എന്നും വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കിനം എന്നൊക്കെ
പറയിനെടേ”

മൂന്നു ദിവസത്തെ മെനക്കേടിനു ശേഷം പ്രശ്നം താനേ അങ്ങ് ഒതുങ്ങി.


പ്യൂണ്‍ ശേഖരേട്ടനാണ് ആ കത്ത് വീട്ടില്‍ കൊണ്ട് തന്നത്. പാവം. വേണമെങ്കില്‍ ഞാന്‍ പഠിത്തം കഴിഞ്ഞു കോളേജില്‍ നിന്നു പോയി എന്നു പറഞ്ഞു തിരിച്ചയക്കാമായിരുന്നു. ചോനനുറുമ്പുകള്‍ വരി വരിയായി നടന്നു പോകുന്നതുപോലെ അടുക്കി അടുക്കി എഴുതിയ ഒരു കത്ത്. സേതു ലക്ഷ്മി വര്‍മ്മയുടേത്.

‘ദേവദത്തന്‍റെ അമ്മയാണു. മോനേ നീ ഇവിടം വരെ ഒന്നു വരണം. ഞായറാഴ്ച രാവിലെ ഒന്‍പതിനും പതിനൊന്നിനും ഇടയ്ക്കേ വരാവൂ. ശേഷം നേരില്‍’.

ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത എന്നെ അമ്മ എങ്ങനെ അറിയും? കുട്ടണ്ണന്‍
പറഞ്ഞറിഞ്ഞിരിയ്ക്കുമോ? കത്തെഴുതിയിട്ടു രണ്ട് ഞായറാഴ്ച കഴിഞ്ഞിരിയ്ക്കുന്നു.


കുട്ടണ്ണന്‍റെ കോവിലകം മുഴുവനും നിശ്ശബ്ദമായ വേദനകള്‍ ഇരുണ്ട് കിടക്കുന്നതു പോലെ. വര്‍ഷങ്ങളായ് അരയ്ക്കു താഴെ തളര്‍ന്നു കിടക്കുന്ന അച്ഛന്‍. മെലിഞ്ഞു വിളറിയ അമ്മ. വെള്ളപ്പാണ്ട് പിടിച്ച് കല്യാണം കഴിയാതെ നില്‍ക്കുന്ന മൂത്ത ചേച്ചി. അല്പം ബുദ്ധി ഉറയ്ക്കാത്ത ചേട്ടന്‍. ചേച്ചി റ്റെലഫോണ്‍ എക്സേഞ്ചില്‍ ജോലിയ്ക്കു പോകുന്നതു കൊണ്ട് കുടുംബത്ത് പട്ടിണിയില്ലാതെ പോകുന്നു.


അമ്മ എന്നെക്കണ്ട് കരഞ്ഞു. കുട്ടണ്ണന്‍ കെട്ടാന്‍ പോണ പെണ്ണെന്നു പറഞ്ഞു തിരുവല്ലാക്കാരി ഒരു സൂസന്നാ ജോര്‍ജ്ജ് കോവിലകത്തു താമസമായിരിയ്ക്കുന്നു. അവളും അവളുടെ അമ്മയും സ്ഥിരതാമസം. ഇടയ്ക്കിടയ്ക്കു വന്നു പോകുന്ന അമ്മാവനും അമ്മാവന്‍റെ മകനും. അവരും ചില രാത്രി അവിടെ തങ്ങും. കിടപ്പുമുറിയില്‍
നിന്നും അച്ഛനേയും അമ്മയേയും അവര്‍ ചായ്പ്പിലേയ്ക്കു മാറ്റി. അവടെയിപ്പോള്‍ സൂസന്നയുടെ അമ്മയാണ്. സൂസന്ന കുട്ടണ്ണന്‍റെ ചേട്ടന്‍റെ മുറിയെടുത്തു. അമ്മാവനും മകനും വരുമ്പോള്‍ കുട്ടണ്ണനും ചേട്ടനും വരാന്തയില്‍ കിടക്കും. ചേച്ചി അടുക്കളയില്‍. സൂസന്നയുടെ അമ്മ അടുക്കള കൈയ്യടക്കി മീനും ബീഫുമൊക്കെ ഉണ്ടാക്കുന്നതാണ് അമ്മയ്ക്കു
ഒട്ടും സഹിയ്ക്കാന്‍ പറ്റാത്തത്. അവര്‍ പള്ളിയില്‍ പോകുന്ന സമയത്തേ എന്നോടു സംസാരിയ്ക്കാന്‍ പറ്റൂ എന്നുള്ളതു കൊണ്ടാണു ഞായറാഴ്ച രാവിലേ വരാന്‍ പറഞ്ഞത്.

ആ കുടുംബത്തിന്‍റെ സഹനശേഷിയില്‍ എനിയ്ക്കു അതിശയം തോന്നി.

“ അമ്മയ്ക്കെന്താ അവരോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞാല്”

“ദേവന്‍ കെട്ടാന്‍ പോണ കുടുംബക്കാരോട് എങ്ങിനെയാ വെറുത്ത വര്‍ത്തമാനം പറയുന്നത്?”

എന്തു പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി.

“ മോനേ, ദേവനോടു ഇവരേയും കൊണ്ട് എങ്ങോട്ടെങ്കിലും പോകാന്‍ പറയണം. അര തളന്നു കെടക്കണ ഈ മനുഷ്യനെ ഓര്‍ത്തെങ്കിലും.”

ആ അച്ഛന്‍റെ നനഞ്ഞ നോട്ടം എന്നെ ദയനീയനാക്കി.

ഞാനും ചേട്ടനും കൂടെ കുട്ടണ്ണന്‍ പള്ളിയില്‍ നിന്നും വന്നശേഷം സംസാരിക്കമെന്നു നിശ്ചയിച്ചു.

സംസാരിച്ചു. കുട്ടണ്ണന്‍ മറുപടി ഒന്നും പറയാതെ ഗുളുഗുഗ്ഗുളുഗുളുഗ്ഗുളു എന്ന ചിരിച്ചു. ആ ചിരി തിരമാലകളുടെ സീല്‍ക്കാരത്തില്‍ അവസാനിച്ചു.

കുട്ടണ്ണന്‍റെ ബുദ്ധിയുറച്ചിട്ടില്ലാത്ത ചേട്ടന്‍ നീറുന്ന വേദനയോടെ പറമ്പിന്‍റെ മൂലയ്ക്ക് അറിയാതെ ഇരുന്നുപോയി.തലയില്‍ കൈ താങ്ങി, മുഖമുയര്‍ത്തി ആരോടെന്നില്ലാതെ പറഞ്ഞു,

“കണ്ടില്ലേ അവന്‍റെ ആ ജാക്കോബൈറ്റ് ചിരി.”

കുട്ടണ്ണന്‍ വീണ്ടും ചിരിച്ചു. തിരമാലകളുടെ സീല്‍ക്കാരത്തില്‍ അവസാനിയ്ക്കുന്ന ആ പഴയ ചിരി,
“ഗുളു ഗുഗ്ഗുളു ഗുളു ഗുളു.”

Friday, August 15, 2008

തെറ്റ്

ജീവിതത്തില്‍ കുറച്ചു ശരികളും ചെയ്തിട്ടുണ്ടാവും, ഇല്ലേ?

.

Monday, August 11, 2008

വേണ്‍ഗംഗയുടെ നിയോഗങ്ങള്‍


വേനലില്‍, വേണ്‍ഗംഗാനദി മജീദ്ഖാനെ നോക്കി വിയര്‍ത്തു.
അവള്‍ ചുട്ടുപൊള്ളുന്ന മണല്‍ത്തിട്ടയില്‍ ഒട്ടകപ്പക്ഷിയായി ഒളിച്ചു.
മജീദ്ഖാന്‍ നദിയെ ദയയോടെ നോക്കിയിരുന്നു, മതിയാവോളം.
പ്രണയത്തിന്‍റെ ആരവവുമായി അവള്‍ വീണ്ടും കരനിറഞ്ഞൊഴുകുന്നതുവരെ, പ്രചണ്ഡമായ ഈ താപം അവര്‍ക്കു സഹിച്ചേ മതിയാവൂ.
ഏതോ മഴയത്ത് ശിവക്ഷേത്രത്തിന്‍റെ ഗോപുരം വരെ വേണ്‍ഗംഗയില്‍ മുങ്ങിപ്പോയത്രേ.
രുദ്രയായി, അവള്‍ പര്‍വതങ്ങള്‍ ചാലിച്ച് ചുവന്നൊഴുകിപ്പോയപ്പോള്‍, ശിവചൈതന്യം നിറഞ്ഞ പൊളിഞ്ഞ കല്ലമ്പലം മാത്രം ബാക്കിയായി, മജീദ്ഖാന്‍റെ നെറ്റിയില്‍ ചുംബിക്കുവാനുള്ള നിയോഗവുമായി.
അടുത്ത പ്രളയം വരെ ഇനി മജീദ്ഖാനു അഭയം ഇവിടം തന്നെ.

2

വേണ്‍ഗംഗയിലെ മരണത്തിന്‍റെ ദിനങ്ങളിലൊന്നില്‍ മജീദ്ഖാന്‍ ശവങ്ങളുടെ ഇടയില്‍കിടന്നു ഞരങ്ങി.
ഏതോരക്ഷാപ്രവര്‍ത്തകന്‍ അയാളെ ആശുപത്രിയിലെത്തിച്ചിരിക്കണം.
അലറി മലയ്ക്കുന്ന വേണ്‍ഗംഗയുടെ ആഴത്തില്‍ ആത്മാക്കള്‍ മുങ്ങി മറഞ്ഞിട്ട്, മിച്ചമായ ജീര്‍ണ്ണവസ്ത്രങ്ങള്‍ പൊന്തുന്നതും കാത്ത് കാത്ത് നിസ്സഹായതയോടെ തോരാത്ത മഴയത്ത്.....
ബോധം തെളിഞ്ഞപ്പോള്‍ മുതല്‍ മകന്‍റെ മൃതദേഹവും പേറി മജീദ്ഖാന്‍ ഗിരിജയെ തേടുകയായിരുന്നു.
ഭ്രാന്തമായി കരഞ്ഞു.
“ഗിരിജേ, ഗിരിജേ” എന്നുറക്കെ വിളിച്ചു അയാള്‍ അവളെ തിരഞ്ഞു, മൊര്‍ച്ചറിയില്‍, ആശുപത്രികളില്‍.
വേണ്‍ഗംഗ, ഗര്‍ഭിണിയായ ഗിരിജയെ തിരിച്ചുകൊടുക്കാതെ മാറത്തൊളിപ്പിച്ച് ഗോദാവരിയിലൂടെ, അനന്തമായ നീലക്കടലില്‍ ലയിച്ചിരിയ്ക്കണം.
മതങ്ങളില്ലാത്ത ശവശരീരങ്ങള്‍ക്കൊപ്പം മജീദിന്‍റെ മകനും അഗ്നിശുദ്ധിനേടി, വേണ്‍ഗംഗയുടെ തീരത്തൊരുക്കിയ ചിതകളിലൊരെണ്ണത്തില്‍.
മേഘഗര്‍ജനങ്ങളുടെ അകമ്പടിയോടെ വേണ്‍ഗംഗ മജീദിന്‍റെ മകന്‍റെ ചിതാഭസ്മവും പേറി ഗിരിജയുടെ സവിധത്തിലേയ്ക്കു കുത്തിയൊലിച്ചു. അസഹനീയമായതെല്ലാം സഹിക്കാന്‍ വിധിയ്ക്കപ്പെടുമ്പോള്‍ അനുഭവപ്പെടുന്ന ശൂന്യമായ ശാന്തതയെന്തെന്നു മജീദ് അറിഞ്ഞു,
“പരമകാരുണികനായ .....”
3
കല്ലമ്പലത്തിലെ പൊളിഞ്ഞ തറയില്‍ മജീദ് വേണ്‍ഗംഗയുടെ ശുഷ്കമായ സംഗീതത്തിനു വേണ്ടി കാതോര്‍ത്തു കിടന്നു.
വേനല്‍ക്കാറ്റ് അക്കരെക്കാട്ടിലെവിടെയോനിന്നും ആദിമനുഷ്യരുടെ ചടുലതാളവും പരുഷനാദവും പേറി ഇടയ്ക്കിടെ സംഭോഗശൃംഗാരത്തിന്‍റെ സീല്‍ക്കാരമെന്നപോലെ കടന്നുപോയി, ഉന്മത്തതയോടെ.
നിശ്വാസങ്ങള്‍ കരിയിലകളായ് അടര്‍ന്നു വീഴുന്ന കറുത്ത രാത്രിമരങ്ങള്‍ക്കിടയിലൂടെ മജീദ് സ്വന്തം ആകാശത്തേയും ഗിരിജയുടെ
നക്ഷത്രങ്ങളേയും നനവോടെ കണ്ടു.
അന്നും മജീദ്ഖാന്‍ കല്ലമ്പലത്തില്‍നിന്നിറങ്ങി വേണ്‍ഗംഗയുടെ തീരത്തു മുഖം ചേര്‍ത്തു പഞ്ചാരമണല്‍ കെട്ടിപ്പിടിച്ചു കമഴ്ന്നു കിടന്നു.
ആ വേനല്‍ക്കാലനിശയില്‍പ്പോലും മകന്‍റെ ശവശരീരം പോലെ അതു തണുതണുത്തിരുന്നു.
രാവേറെച്ചെല്ലുംവരെ മജീദ്ഖാന്‍ മണല്‍പ്പുറത്തിനടിയില്‍ ഉറവയായ് തേങ്ങുന്ന വേണ്‍ഗംഗയുടെ വിങ്ങലുകള്‍ക്കിടയില്‍, ഗിരിജയുടെ സാന്ത്വനവും അവളുടെ ഗര്‍ഭത്തിലെ ശിശുവിന്‍റെ രോദനവും................

“ഓമനത്തിങ്കള്‍ കിടാവോ നല്ല.......”

മാന്ത്രികവലയത്തിലെ ആ മയക്കത്തിനിടയ്ക്കെവിടെവച്ചോ വേണ്‍ഗംഗ ചിലപ്പോള്‍ മജീദിന്‍റെ ഉമ്മയായി മറ്റുചിലപ്പോള്‍ സഹോദരിയായി മാപ്പിളപ്പാട്ടു മൂളി,

“എങ്ങനെ പോണുമ്മാ? എങ്ങനെ പോണിക്കാ?
തലേലില്ലാഞ്ഞ് ന്‍റെ തലേലില്ലാഞ്ഞ്,
നല്ല പുരുസന്‍ വീട്ടില്‍....
എങ്ങനെ പോണുമ്മാ, എങ്ങനെ പോണിക്കാ....

കൊടുപ്പിനുമ്മാ ങ്ങടെ തലേലെ തട്ടം,
കൊട്പ്പിനുമ്മാ ങ്ങടെ തലേലെ തട്ടം
പെണ്ണു ചമഞ്ഞുപോട്ട്
നല്ല പുരുസന്‍ വീട്ടില്‍....”

അക്കരെ ഗല്‍ച്ചിറോളിക്കാടുകളില്‍ പുലരിപൊട്ടുന്നതിനും ഏറെ മുന്‍പ് ഭില്ലാളവര്‍ഗ്ഗക്കാരുടെ ‘തടുവി’ വെസ്തയും കൂട്ടരും വറ്റിവരളാറായ നദി നടന്നു കയറി വന്നു ആര്‍ദ്രതയോടെ മജീദിനെ വിളിച്ചുണര്‍ത്തി,

“ബാബ്ച്ചീ, നീ ഉണരൂ, ‘ഝിങ്കാ’പിടിയ്ക്കാന്‍ സമയമായി”
എല്ലാ രാജാക്കന്മാരും, എല്ലാഗുരുദേവന്മാരും ഭില്ലാളര്‍ക്കു ബാബ്ചിയാണു. മജീദ്ഖാനെന്ന അവരുടെ ബാബ്ചി പുഴയിലെ ചെമ്മീന്‍ പിടിയ്ക്കാന്‍ അവരോടൊപ്പം കൂടി.
ആദ്യത്തെ ‘ഝിങ്കാ ഝീല്‍’ ബാബ്ചിയുടെ കൈകള്‍കൊണ്ടു തന്നെ വേണം കുഴിയ്ക്കാന്‍.
ബാബ്ചി ഗിരിജയുടെ കഥകളിലെ ഈശ്വരന്മാരോട് അനുവാദം
ചോദിച്ച്, നദിയുടെ മണല്‍പ്പരപ്പില്‍ അബലമായ തന്‍റെ കരങ്ങള്‍കൊണ്ട് കുഴിയ്ക്കാന്‍ തുടങ്ങി, വരണ്ട പുറം മണല്‍ മാറി ഈര്‍പ്പത്തിന്‍റെ പശിമ തൊട്ടറിയും വരെ.
പിന്നെ വെസ്തയും, കെംതയും, മംഗ്ലിയും ഒക്കെച്ചേര്‍ന്നു മണല്‍ത്തട്ടു കുഴിച്ചു ഒരു ചെറു കുഴിയുണ്ടാക്കി. നദിയുടെ വെള്ളത്തില്‍ നിന്നൊരു ചാലു കീറി കുഴിയില്‍ ജലമെത്തിച്ചു.
കുഴിയില്‍ മൂന്നു കമ്പുകള്‍ നാട്ടി, രത്തന്‍ജോഥ്ബീജങ്ങള്‍ കത്തിച്ചുണ്ടാക്കിയ ഒരു വിളക്ക് കമ്പുകളുടെ നടുക്കു കെട്ടി ‘ഝിങ്കാഝീലിന്‍റെ’ തൊട്ടുമുകളില്‍ ഞാത്തിയിട്ടു.
പിന്നെ കാത്തിരുന്നു.
പുഴയിലെ ചെമ്മീന്കൂട്ടം, വെളിച്ചത്തില്‍ ആകൃഷ്ടരായി വെള്ളത്തിന്‍റെ ചാലു വഴി നീന്തി നീന്തി ആ കൊച്ചു ‘വാരിക്കുഴി’യില്‍ പെട്ടുപോകും വരെ. പിന്നെ വെറും കൈകൊണ്ട് ചെമ്മീന്‍ വാരിയെടുക്കാം.
നേരം പരപരാ വെളുക്കുന്നതുവരെ ബാബ്ചി, ഭില്ലാളകള്‍ മഹുവപ്പൂക്കള്‍ വാറ്റിയെടുക്കുന്ന മദിരയും മോന്തി ചതിക്കുഴിയില്‍ പെട്ടുപിടയുന്ന ചെമ്മീനിന്‍റെ, കൃഷ്ണമണികള്‍ മാത്രമുള്ള ഉരുണ്ട കണ്ണുകളിലേയ്ക്കു നോ‍ക്കിയിരുന്നു.
ഗിരിജയുടെ അവസാനനോട്ടത്തിലെ പിടച്ചിലുണ്ടോ അവയ്ക്കും?വെയിലുറച്ചപ്പോള്‍ മജീദ്ഖാന്‍ മഹുവയുടെ ലഹരിയില്‍ കല്ലമ്പലത്തിന്‍റെ പൊളിഞ്ഞ സ്വന്തം തറയില്‍ തിരിച്ചെത്തി, ഒരു സ്വപ്നാടകനെപ്പോലെ.
ഒരു നീണ്ട പകല്‍ കൂടി ഇനിയും ബാക്കി; മജീദ്ഖാനും
വേണ്‍ഗംഗയ്ക്കും പ്രചണ്ഡമായ സൂര്യ താപത്തില്‍....

4

തപിച്ചുവരളുന്ന മണല്‍പ്പരപ്പില്‍ ശ്രാവണ രാത്രികളിലൊന്നില്‍, മഞ്ചാടിമുത്തുകള്‍ വാരിവിതറുന്നതുപോലെ ജലകണങ്ങള്‍ വേണ്‍ഗംഗയെ തരളിതയാക്കും.
കറുത്തമേഘങ്ങള്‍ ഗല്‍ച്ചിറോളിക്കാട്ടിലെ ഭില്ലാളകളുടെ പെരുമ്പറഭേരിയ്ക്കൊപ്പിച്ച് പൊട്ടിയൊഴുകും.
ലാസ്യതവെടിഞ്ഞു വര്‍ഷം, വിഷയാസക്തയായി ത്രസിയ്ക്കും.
ഒടുവില്‍ വേണ്‍ഗംഗ കുത്തിയൊഴുകുമ്പോള്‍ ആദിവാസികളുടെ ഝീങ്കായെന്ന ചെമ്മീന്‍ കൂട്ടങ്ങള്‍ നിയോഗം പൂര്‍ണ്ണമാക്കാന്‍ നീന്തിത്തുടിച്ച് ഗോദാവരിയുടെ മാറിലൂടെ നീലസാഗരത്തിന്‍റെ അഗാധതയിലെത്തി പ്രജനനം നടത്തി, കര്‍മ്മമവസാനിച്ച ലാഘവത്തോടെ, ജീവാത്മാവും വെടിഞ്ഞ് ലവണ ജലത്തില്‍ കണങ്ങളായി ലയിക്കും.
പുതുതലമുറയുടെ ഉത്സാഹം, ഒഴുക്കിനെതിരേ കാതങ്ങള്‍ തുഴഞ്ഞ്, ഗോദാവരിയും താണ്ടി വീണ്ടും വേണ്‍ഗംഗയുടെ സംശുദ്ധമായ മുലപ്പാലുണ്ണാന്‍ തിരിച്ചു വരും.
അടുത്ത വേനലില്‍ വീണ്ടും ആയിരക്കണക്കിനു ജീവാണ്ഡങ്ങളും ഗര്‍ഭം ധരിച്ച് തുഴഞ്ഞുതുഴഞ്ഞു ചെമ്മീന്‍ കൂട്ടങ്ങള്‍ അവരുടെ കടലിലേയ്ക്കു, വേണ്‍ഗംഗയോടു എന്നെന്നേയ്ക്കുമായി വിടപറഞ്ഞു പോകും.
മറ്റൊരു പുതുപുത്തന്‍ തലമുറയെ ഒരിയ്ക്കല്‍ കൂടി വേണ്‍ ഗംഗയുടെ മടിയിലെത്തിയ്ക്കാന്‍ വേണ്ടി......

5

ഗിരിജയുടെ മകള്‍, നീലക്കടലിന്‍റെ അനന്തതയില്‍നിന്നു ഗോദാവരിയും താണ്ടി വേണ്‍ഗംഗയിലെ ഝിങ്കാഝീലില്‍ തിരിച്ചെത്തുന്ന ഒരു നറു പുലരിയ്ക്കായി, ശിവചൈതന്യത്തെ സാക്ഷിനിര്‍ത്തി, പോളിഞ്ഞ കല്ലമ്പലത്തിലെ സ്വന്തം
തറയില്‍ മജീദ്ഖാനെന്ന ബാബ്ചി തന്‍റെ നിസ്കാരം തുടരുന്നു.
പ്രണയത്തിന്‍റെ ആരവം കാത്തിരിയ്ക്കുന്ന വേണ്‍ഗംഗയെയും തഴുകി, മഹുവപ്പൂക്കളുടെ മണമുള്ള നനുത്ത ഗല്‍ച്ചിറോളിക്കാറ്റ് സ്നേഹത്തോടെ വെറുതേ മജീദ്ഖാനെ ഒന്നു തൊട്ടു.
‘റബ്ബുല്‍ ആലമീനായ തമ്പുരാനേ.......’