Thursday, September 25, 2008

ഞാന്‍ സാവിത്രി

"എവളാ തൊമ്മിച്ചന്‍റെ കൂടെ ഒളിച്ചോടിപ്പോയ പീസല്യോടേ, അമ്പലത്തി കേറ്റാമ്പാടില്ല ഇതിനെയൊന്നും”

ആര്‍ക്കാടാ അറിയേണ്ടത്? അമ്പലം നിന്‍റെ തന്തേടെ വകയാണോടാ എന്നു തിരിഞ്ഞു നിന്നൊന്നു രൂക്ഷമായി
ചോദിച്ചാല്‍ ചുരുളുന്ന വാലുകളേയുള്ളൂ ഇവ്റ്റകള്‍ക്ക്, എങ്കിലും കേള്‍ക്കാത്ത ഭാവത്തില്‍ തിടുക്കത്തില്‍
അമ്പലത്തിന്‍റെ പടിയിറങ്ങാനാണു അപ്പോള്‍ തോന്നിയത്.തനിയ്ക്കെന്നും എല്ലാത്തിനും തിടുക്കമായിരുന്നു. മാസം തികയാതെ ജനിയ്ക്കാന്‍, ഏട്ടനോടൊപ്പം സ്ക്കൂളില്‍
പോകാന്‍, ഒന്‍പതു വയസ്സാവും മുന്‍പു തിരളാന്‍, മനസ്സും മാറും വളരുന്നതിനു മുന്‍പു പ്രണയിക്കാന്‍,
പതിനേഴു വയസ്സാകും മുമ്പ് ഒളിച്ചൊടി കെട്ടാന്‍, ഒരു കൊല്ലത്തിനകം പ്രസവിയ്ക്കാന്‍ അങ്ങനെ എല്ലാത്തിനും
തിടുക്കമായിരുന്നു.

വോഡക്കയുടെ ഇളം ലഹരിയില്‍, എന്‍റെ വീര്‍ത്ത വയറില്‍ മുഖം അമര്‍ത്തി, നനുത്ത സ്വകാര്യം പോലെ എന്‍റെ
തോമസ്സ് ചോദിച്ചതോര്‍ത്തുപോയി.

“ സാവീ, നീ എന്തിനാണു മുടങ്ങാതെ ഒരു ഒബ്സഷന്‍ പോലെ അമ്പലത്തില്‍ പോകുന്നെ?”
“ അതൊരു ഹാബിറ്റാ തൊമ്മീ. ചൈനീസ് ഫുഡ് പോലെ, ആദ്യമൊന്നും ഇഷ്ടമുണ്ടായിരുന്നില്ല. പിന്നെ ശീലമായി.
ഇപ്പൊ ഒരു വാശിയും”

കര്‍പ്പൂരത്തിന്‍റെ മണമായിരുന്നു തൊമ്മിയ്ക്ക്. പ്രണയത്തിന്‍റെ നാളുകളില്‍ ദീപാരാധനയ്ക്കു മുടങ്ങാതെ
പോയിരുന്നത് കര്‍പ്പൂരനാളത്തില്‍ കൈ ഉഴിഞ്ഞ് രഹസ്യമായി ഒന്നു മണത്തു നോക്കാനായിരുന്നു.

നോത്ത്രേദാം കത്തിഡ്രലില്‍ ഞങ്ങള്‍ മെഴുകുതിരികള്‍ കത്തിയ്ക്കുന്ന ഫോട്ടോ കമ്പ്യൂട്ടറിലെവിടെയോ ഒളിഞ്ഞു
കിടന്നതു തപ്പിപ്പിടിച്ചെടുത്തതു മകനാണു.

“മമ്മാ, പപ്പാ ലുക്ക്സ് ലൈക്ക് ആന്‍ ഇന്‍റലക്ച്വല്‍”
“ ഹീ വാസ് ബേട്ടാ, ആന്‍ഡ് ഹീ റിസെംബ്ലഡ് ജീസസ് ക്രൈസ്റ്റ്”

നോത്ത്രേദാമില്‍ ഞങ്ങളുടെ ഫോട്ടോ എടുത്തു തന്ന കൊറിയാക്കാരിയെ തോമ്മി കെട്ടിപ്പിടിച്ചു നന്ദി പറഞ്ഞതിനു ഞാവനനോടു കെറുവുനടിച്ചു. “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്നു കത്തീഡ്രലിലെ വിസിറ്റേഴ്സ് പ്രെയര്‍ ബുക്കില്‍ മലയാളത്തില്‍ തൊമ്മി എഴുതിയതു നോക്കിനിന്ന എന്‍റെ പിന്‍കഴുത്തില്‍ കര്‍പ്പൂരത്തിന്‍റെ മണമുള്ള ഒരു ചുംബനസ്പര്‍ശം.

രണ്ട് കുഞ്ഞുങ്ങളുമായി നാണമില്ലാതെ ഞാന്‍ വാര്യത്തു തിരിച്ചു ചെന്നു യാചിച്ചു. അച്ഛന്‍ ശ്വാസം മുട്ടലോടെ
നെഞ്ചു തടവി, ചുമച്ചു ചുമച്ചു ..... അമ്മ കരഞ്ഞു.

“നീയ്യ് ഈ ചതിക്കുഴിയില്‍ വീണുപോയല്ലോ മോളേ, വേറേ പെണ്ണും കുട്ടികളുമുള്ളവന്‍റെ കൂടെ...”

അനിയത്തിമാര്‍ നിശ്ശബ്ദരായിനിന്നു മനസ്സുകള്‍ കൊണ്ട് എന്നെ സാന്ത്വനിപ്പിച്ചതുപ്പോലെ. ഏട്ടനും ഒന്നും പറഞ്ഞില്ല.
ഏട്ടത്തി എന്‍റെ കുഞ്ഞുവാവയെ കയ്യിലെടുത്തു മാറോടു ചേര്‍ത്തു. ആരെങ്കിലും എന്നെ ഒന്നു വഴക്കു
പറഞ്ഞെങ്കില്‍, വീട്ടില്‍ കയറ്റാതെ ഇറക്കി വിട്ടിരുന്നെങ്കില്‍, ആ സ്നേഹത്തിന്‍റെ വേദനിപ്പിക്കുന്ന പീഡയില്‍ നിന്നും
എന്നെ വേരോടെ പറിച്ചെറിഞ്ഞിരുന്നെങ്കില്‍.....

സോ ബീ ഇറ്റ് എന്നു ദൈവം കല്‍പ്പിച്ചോ? തഥാസ്തു എന്നോ മറ്റോ? സന്ധ്യയ്ക്കു ചേക്കേറാന്‍ ഒരു
കൂടുപോലും ഇല്ലാതെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ആരോരുമില്ലാത്ത നഗരത്തില്‍ ഒരു
തള്ളപ്പക്ഷി പകച്ചു. വേരറ്റ്, പോകാനൊരിടമില്ലാതെ. ലോക്കപ്പിനുള്ളില്‍ വിശപ്പുകൊണ്ടുമയങ്ങുമ്പോള്‍ മുന്നില്‍
ഗുരുവായൂരമ്പലം. മാമ്മിയുര്‍ ക്ഷേത്രം. സാവിത്രിയെന്ന ഞാന്‍ ദേവകിയായി. വസുദേവനില്ലാതെ കാരാഗ്രഹത്തില്‍
ഒറ്റയ്ക്കു. അമ്പലച്ചുവരിലെ മ്യൂറല്‍ ചിത്രങ്ങളിലൊന്നിലെവിടെയോ നിന്നും ഫിറോസ് ദയയോടെ ഇറങ്ങി വന്നു.
ഒരു മേല്‍വിലാസം തന്നു.

എന്‍റെ തെറിച്ച മുലകളില്‍ തട്ടി ഫിറോസ് പറഞ്ഞു,

“ യൂ വില്‍ ബീ എ റ്റെറിഫിക് മോഡല്‍ ഫോര്‍ മീ”

ഫിറോസിന്‍റെ ചിത്രങ്ങളിലൂടെ എന്‍റെ നഗ്നത ചുരന്ന മുലപ്പാല്‍ കുടിച്ചു എന്‍റെ കുട്ടികളില്‍ ജീവന്‍ പതച്ചു.
അവന്‍റെ ‘ഗീത്ഗോവിന്ദ്’സീരീസ് ചിത്രങ്ങളിലെ രാധയാകാന്‍ സ്റ്റുഡിയോയിലെത്തി ഉടുതുണിമാറ്റനായി ഒരു
മറവു തേടുമ്പോള്‍ ഫിറോസ് വെറുതേ പുഞ്ചിരിയ്ക്കും. ഫിറോസില്‍ നിന്നൊളിച്ചുവയ്ക്കാന്‍ എന്‍റെ ശരീരത്തില്‍
ഒരു തന്മാത്ര പോലും ബാക്കിയില്ലെങ്കിലും അവന്‍റെ മുന്നില്‍ വച്ചു തുണിപറിച്ചു കളയാന്‍ വയ്യ..

“റ്റു ഹെല്‍ വിത്ത് യുവര്‍ സര്‍ക്കാസ്റ്റിക്ക് സ്മൈല്‍ ഫിറോസ്, ഐ വുഡ് ഫീല്‍ ലൈക്ക് എ പ്രോസ്റ്റിറ്റ്യൂട്ട് ഇഫ്
ഐ.....”

ഒരു ദിവസം ഇരുണ്ട സ്റ്റുഡിയോ മുറി ഉഷ്ണിച്ചു. പൊടിപിടിച്ചു കിടന്ന ക്യാന്‍വാസുകള്‍ വിയര്‍ത്തു.

“യാഹി മാധവ, യാഹികേശവ. വാവത കൈതവ വാദം....” കിശോരി അമോന്‍കറുടെ ആലാപനം.
“പ്രിയേ, ചാരു ശീലേ, പ്രിയേ ചാരുശീലേ.....” ബാലമുരളി കൃഷ്ണയുയ്ടെ സഹഗാനം. എന്‍റേയും ഫിറോസിന്‍റേയും പ്രിയപ്പെട്ട ജുഗല്‍ഗാനം.

മീനമാസത്തില്‍ വഴിതെറ്റി വരുന്ന പുതുമഴയേറ്റ് പുളകം കൊള്ളുന്ന ചുടു മണ്ണിന്‍റെ മണമായിരുന്നു
ഫിറോസിനപ്പോള്‍. കുര്‍ത്തയുടെ പോക്കറ്റില്‍ നിന്നും അന്നു അവനെടുത്തു എന്‍റെ കൈയ്യില്‍ ഒളിപ്പിച്ച പണത്തിനു
ചായത്തിന്‍റെ മണമില്ലായിരുന്നു. ഗീത്ഗോവിന്ദത്തിലെ രാധയ്ക്കു പിന്നിടൊരിയ്ക്കലും നഗ്നയാവാന്‍
സ്റ്റുഡിയോയിലെ ഇരുണ്ട കോണിന്‍റെ മറവുകള്‍ വേണ്ടി വന്നില്ല.

മുന്‍സിപ്പല്‍ സ്കൂളിന്‍റെ പ്രിന്‍സിപ്പലിന്‍റെ മുന്നില് വല്ലാതെ ചെറുതായി, തലകുനിച്ചു‍....... പൊളിഞ്ഞ ഷൂസുമിട്ട്
നടക്കുന്ന എന്‍റെ മകനെ ക്ലാസ്സിലിരുത്തില്ല.

“സര്‍, ഒരാഴ്ച സമയം, പ്ലീസ്”.

മകന്‍ അന്നു വൈകുന്നേരം ആ കീറിപ്പറിഞ്ഞ ഷൂസുകള്‍ ജനാലയിലൂടെ പുറത്തേയ്ക്കു വലിച്ചെറിഞ്ഞു. എന്നിട്ടു
പകയോടെ വെറുപ്പോടെ എന്നെ തുറിച്ചു നോക്കി. മഞ്ജീത് ദീദി അതുകണ്ട് പകച്ചു. ദയയുള്ള ഒരു സ്പിന്‍സ്റ്റര്‍
മാത്രമാണോ മഞ്ജീത് കൌര്‍ എന്ന ഹൌസ് ഓണര്‍? പേയിങ് ഗസ്റ്റ്സെന്നൊരു സ്ഥാനപ്പേര്‍ മാത്രമേ
ഉണ്ടായിരുന്നുള്ളൂ എനിയ്ക്കും എന്‍റെ മക്കള്‍ക്കും. മഞ്ജീത് കൌര്‍ ഒരിയ്ക്കലും വാടക ചോദിച്ചിട്ടില്ല. ദീദി
അന്നു തന്നെ അവനു ഷൂസു വാങ്ങിക്കൊടുത്തു. പക്ഷേ അവനെ ദീദി നിറഞ്ഞ മാറില്‍ അമര്‍ത്തിച്ചേര്‍ത്തു
ചുണ്ടുകളില്‍ തെരു തെരെ ചുംബിച്ചതു കണ്ടപ്പോള്‍ ഒരു തണുത്ത പേടി മനസ്സില്‍ അരിച്ചരിച്ചിറങ്ങി.മഞ്ജീത് ദീദിയുടെ തടിച്ച ചുണ്ടുകള്‍ക്ക് ശീമനെല്ലിയ്ക്കയുടെ പുളിപ്പാണ്, മാറുകള്‍ക്കു കടുകെണ്ണയുടെ മണവും.

“അവന്‍ കൊച്ചല്ലേ ദീദീ, ആണുങ്ങളെ ഇഷ്ടമില്ലെന്നു പറഞ്ഞിട്ടിപ്പോള്‍”

അന്നും മഞ്ജീത് കൌറിന്‍റെ
ബര്‍സാത്തിയില്‍ രാത്രിമഴ ശബ്ദമില്ലാതെ അടക്കം പറഞ്ഞു. പിന്നെ വിതുമ്പി.


ഫിറോസിനു മോഡലിനോടു തോന്നിയ പൊസ്സസ്സീവ്നെസ്സു മാത്രമായിരുന്നില്ല ‘ഗീത് ഗോവിന്ദ്’ എന്ന
ചിത്രപ്രദര്‍ശനം സാവിത്രി എന്ന പുതിയ ചിത്രകാരി നടത്താന്‍ കാരണം. ഹിന്ദുവായ കണ്ണന്‍റെ രാധയെ
വിവസ്ത്രയാക്കാന്‍ ഏതു ഫിറോസിനാണിന്നു ധൈര്യം? രാധയുടെ പ്രണയത്തിന്‍റെ ലാസ്യഭാവങ്ങള്‍. സ്വയം
അര്‍പ്പിയ്ക്കുന്ന സംഭോഗശൃഗാര ചിത്രങ്ങളിലെ ഭക്തിസാന്ദ്രത, അനന്തമായ പ്രേമത്തിന്‍റെ അനശ്വരത എല്ലാം
അമ്പലവാസിയായ സാവിത്രിയുടെ ചിത്രങ്ങളില്‍ പത്രനിരൂപകര്‍ കണ്ടു പുകഴ്ത്തി. ചിത്രരചനയില്‍ ഭാരതീയ
സംസക്കാരം പാരമ്പര്യമായി രക്തത്തിലലിഞ്ഞ ഒരു പുതിയ താരോദയം. ലളിത കലാ അക്കാഡമിയുടെ
ഗ്യാലറിയില്‍ രാധയുടെ നഗ്നചിത്രങ്ങള്‍ കണ്ട് ആസക്തിയോടെ എന്നെ അവര്‍ ഓരോനിമിഷവും വീണ്ടും വീണ്ടും വിവസ്ത്രയാക്കി.

ഫിറോസ് തന്‍റെ മോണോലിസയെത്തേടി തെരുവുകളില്‍ അലഞ്ഞു നടന്നെന്നും, ഒടുവില്‍ മദ്യത്തിന്‍റേയും
കഞ്ചാവിന്‍റെയും ലഹരിയിലെവിടെയോ കുഴഞ്ഞു വീണു മരിച്ചെന്നും അറിഞ്ഞതു പാരീസിലെ റിറ്റ്സ്
ഹോട്ടലിലെ കുളിമുറിയില്‍ വച്ചാണു. സാംസ്ക്കാരിക വകുപ്പു മന്ത്രി, പഴയ മേജര്‍ ജനറലിന്‍റെ ഗന്ധകത്തിന്‍റെ
മണം ഫിറോസിന്‍റെ ഓര്‍മ്മകളോടൊപ്പം ഷവറിലൂടെ ഒലിച്ചു പോയിക്കഴിഞ്ഞപ്പോള്‍, നോത്ത്രദാം കത്തീഡ്രലില്‍
വീണ്ടും ഒരു മെഴുകുതിരികൂടെ കത്തിക്കണമെന്ന ചിന്ത മാത്രമായിരുന്നു മനസ്സില്‍.

ജീവിതം ഒരു നീണ്ട കഥ പോലെ തുടരുമ്പോള്‍, വാര്യത്തിനടുത്തെ എന്‍റെ അമ്പലത്തില്‍ ഒരിയ്ക്കല്‍ കൂടി
കര്‍പ്പൂരനാളം തൊട്ടു മണപ്പിച്ചു വീണ്ടും തിടുക്കത്തില്‍ അമ്പലപ്പടികളിറങ്ങുന്നു, ഞാന്‍ സാവിത്രി .