Monday, January 7, 2013

ആർ. ഗോപാലകൃഷണനെക്കുറിച്ച്
മരുഭൂമിയിൽ നിന്നും വിളിച്ചുപറയുന്നവന്റെ ശബ്ദമായിരുന്നു അത്.  എനിക്കു വന്ന ആ കത്തിന്റെ ആദ്യവരി ഇങ്ങനെ ആയിരുന്നു: ‘ ഈ നൂറ്റാണ്ടിലേക്കും വലിയവറുതിയുടെ  നടുവിലാണു ജില്ല.’ ആ കത്തിലൂടെയാണു മധ്യപ്രദേശിലെ ഝാബുവാ ജില്ലയുടെ കലക്ടർ ആർ. ഗോപാലകൃഷ്ണൻ, എന്നെ മീഡിയാ പ്രവർത്തനത്തിന്റെ ആദ്യ പടവിലേയ്ക്ക് 1986ൽ സ്വാഗതം ചെയ്തത്.


ഇന്ത്യയിലെ ഏറ്റവും പിന്നാക്കമുള്ള ആദിവാസി ജില്ലകളിലൊന്നായിരുന്നു ഝാബുവാ. ഏകദേശം 93% ആദിവാസികൾ. അവിടെ തുടർച്ചയായുള്ള വരൾച്ചയിൽ പച്ചപ്പുകൾ മരിച്ച് മൊട്ടക്കുന്നുകളും മരുഭൂമികളും ജനിക്കുകയായിരുന്നു. അവിടെയാണ് തിരുവല്ലയിൽ നിന്നുള്ള ഒരു മനുഷ്യൻ വ്യത്യസ്തമായ ചിന്തയും പ്രവൃത്തിയും സന്നിവേശിപ്പിച്ച് നീരുറവക്കൾ ഉണ്ടാക്കിയത്. വെള്ളം ശേഖരിക്കാനും സന്തുലിയതമായി വിതരണം ചെയ്യാനുമുള്ള പദ്ധതി അദ്ദേഹം തയ്യാറാക്കി. പദ്ധതിയുടെ നടത്തിപ്പിനെ അന്നാട്ടുകാർക്കു തൊഴിലവസരമാക്കി. അന്നുണ്ടായ നീരുറവകൾ ഝാബുവായിൽ ഇന്നും വറ്റിയിട്ടില്ല.

സിവിൽ സർവീസ് രംഗത്തുള്ളവർക്കു മാതൃകയാക്കവുന്ന ചുരുക്കം ചില ഐ എ എസ്സു കാരിലൊരാളെയാണ് ആർ. ഗോപാലകൃഷ്ണന്റെ മരണത്തിലൂടെ നഷ്ടമാകുന്നത്. ഉത്തമനായൊരു സർക്കാർ ഉദ്യോഗസ്ഥനും നല്ല കുടുംബസ്ഥനും സഹോദരനും സുഹൃത്തും എന്തായിരിക്കണം എന്നതിനു നല്ല പാഠമായിരുന്നു അദ്ദേഹം. ഈ ലോകത്തല്ല അദ്ദേഹം ജീവിച്ചതെന്നു തോന്നും. എപ്പോഴും പുതിയ ആശയങ്ങളും ആലോചനകളും.

കഴിഞ്ഞ പത്തു വർഷത്തോളം രോഗത്തിന്റെ കാഠിന്യങ്ങളിലൂടെ കടന്നു പോയപ്പോഴും അപാരമായ ആത്മവിശ്വാസം ഓരോ ശ്വാസത്തിലും നിറച്ചു ജീവിച്ചു. അടുത്ത കാലത്തായി , വീട്ടിൽ കാണാൻ ചെല്ലുമ്പോഴൊക്കെ വയലാറിന്റെ വരികൾ മൂളി അദ്ദേഹം ചിരിക്കും: മതിയാകുംവരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?....

ഫയലുകളുടെ വരൾച്ചയിൽ നിന്ന് എങ്ങനെ മനുഷ്യപ്പറ്റിന്റെ പച്ചപ്പിലേക്കു നടക്കാമെന്നു കാട്ടിത്തന്നതു അദ്ദേഹമാണ്. പെൻഷൻ ലഭിക്കുന്നില്ലെന്ന പരാതിയുമായി മുന്നിലെത്തുന്നവന്റെ പരാതി തീർക്കുന്നതിനൊപ്പം അദ്ദേഹം ചിന്തിക്കുക അത്തരം പരാതികൾ ഉണ്ടാവാതിരിക്കാൻ എന്തു മാർഗമെന്നാണ്. ഒരു സ്കൂളിലെ പുസ്തക ദൗർലഭ്യത്തിൽ നിന്നാവും ഒരു സംസ്ഥാനം മുഴുവൻ സ്കൂളുകളിൽ ലൈബ്രറി വികസിപ്പിക്കുന്നതിലേക്ക് അദ്ദേഹം കാര്യങ്ങൾ എത്തിക്കുക. എന്താണു ചെയ്യുന്നതെന്നു മനസ്സിലാകാത്തവർക്കെന്നപോലെ ഇടയ്ക്കു ഗോപാലകൃഷ്ണൻ ആ പഴയ ചൊല്ല് ഓർമ്മിപ്പിക്കും : ഇരുട്ടിനെ പഴിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും....

ഭോപ്പാൽ വാതക ദുരന്തമുണ്ടാകുന്ന കാലത്ത് അദ്ദേഹമാണ് മധ്യപ്രദേശിന്റെ പബ്ലിക്ക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ. ദുരന്തത്തിന്റെ വിശദാംശങ്ങൾ രാജ്യാന്തര, ദേശീയ മാധ്യമങ്ങളിൽ എത്തിക്കുന്നതിൽ അദ്ദേഹം കാണിച്ച മികവ്് ഇന്നും എടുത്തു പറയുന്നവരുണ്ട്.

ആദർശം പ്രവർത്തിച്ചുകാണിക്കാനായിരുന്നു അദ്ദേഹത്തിനു താല്പര്യം. രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് മനുഷ്യവികസന റിപ്പോർട്ട് ഉണ്ടാക്കുന്നത് മധ്യപ്രദേശിലാണ്. ഭരണതലത്തിലെ പിഴവുകൾ ആ റിപ്പോർട്ടിലൂടെ അദ്ദേഹം എടുത്തുകാട്ടി. എല്ലാം നന്നായിരിക്കുന്നു എന്നുപറഞ്ഞിരുട്ടാക്കുന്നതിനു പകരം പോരായ്മകൾ നികത്താനുള്ള കൈപ്പുസ്തകം പോലെ ആ റിപ്പോർട്ടിനെ പ്രയോജനപ്പെടുത്തി. റിപ്പോർട്ടിലൂടെ കണ്ടെത്തിയ കോട്ടങ്ങളിൽ നിന്നും പഠിച്ച് നയങ്ങളുണ്ടാക്കി. ഗ്രാമതലങ്ങളിൽ വരെ എത്തിയ ഏകാദ്ധ്യാപക വിദ്യാലയെമെന്ന ആശയം അങ്ങനെയാണുണ്ടായത്. കേന്ദ്രത്തിലത്` പകർത്തി, രാജ്യത്താകെ പദ്ധതിയായി, സർവ ശിക്ഷാ അഭിയാൻ തുടങ്ങിയവയിലൂടെ വികസിച്ചു.

മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയസിങ്ങിന്റെ വികസനമുഖം എന്നു പേരെടുക്കുന്നതിനും ഏറെ മുൻപ് 31ആം വയസിലാണ് അദ്ദേഹം ഡെൽഹിയിലേക്ക് വിളിക്കപ്പെടുന്നത്. രാജീവ് ഗാന്ധി സർക്കാർ നടത്തിയ, കുടിവെള്ള ടെക്നോളജി മിഷനിൽ സാം പിത്രോദയുമായി സഹകരിക്കുവാനായിരുന്നു ആ വിളി. ഝാബുവായിലെ നീരുറവകളായിരുന്നു അതിനു കാരണം. ദിഗ്വിജയ് സിങ്ങിന്റെ ഓഫീസിൽ പ്രവൃത്തിച്ച 10 വർഷങ്ങളിലാണ് സംസ്ഥാനത്ത് ‘ മിഷൻ മോഡിൽ’ പദ്ധതികൾ നടപ്പാക്കാൻ അദ്ദേഹം മുൻ കൈ എടുത്തത്.  നിശ്ചിത സമയത്തിനുള്ളിൽ വിദ്യാഭ്യാസ, ആരോഗ്യ, നീർമറി പദ്ധതികൾ അദ്ദേഹം നടപ്പാക്കി എടുത്തു.

സർക്കാരെന്നത് ജനങ്ങൾക്കൊപ്പം നിൽക്കണമെന്നു വാദിക്കുമായിരുന്ന വ്യക്തി, പദ്ധതികളുടെ താത്വിക വശത്തിനൊപ്പം പ്രായോഗികതയിലും ഊന്നി. സന്ധിചെയ്യാത്ത നീതി ബോധമായിരുന്നു അപ്പോഴൊക്കെ വഴി നടത്തിയത്. പദ്ധതികൾ എഴുതി ഉണ്ടാക്കാൻ അപാര മിടുക്കായിരുന്നു. തയാറാക്കുന്ന പദ്ധതി എങ്ങനെയുണ്ടെന്നു നാലഞ്ചു കലക്ട്ർമാരെയെങ്കിലും വിളിച്ചു വരുത്തി അഭൊപ്രായം ചോദിക്കും. ഫീൽഡിലുഌഅവർക്കാണ് സംഗതി നടപ്പാകുമോ എന്നു പറയാനാവുകയെന്നു ന്യായം. തിരുത്തലുകൾപറഞ്ഞാൽ മടിക്കാതെ സ്വീകരിക്കും. മിടുക്കുള്ള സഹപ്രവർത്തകനെ ഭയപ്പാടോടെ നോക്കി ഒതുക്കാൻ ശ്രമിക്കാതെ, ആ മികവ് എങ്ങനെ പ്രയോജനപ്പെടുത്താമെന്നു അദ്ദേഹം ആലോചിക്കും.


കേന്ദ്രത്തിൽ ജവഹർലാൽ നെഹ്രു നഗര നവീകരണ പദ്ധതി, ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി തുടങ്ങിയ യൂ പീ ഏ സർക്കറിന്റെ പല ജനകീയ പരിപാടികളിലും ആർ. ഗോപാലകൃഷ്ണന്റെ വിരൽപ്പാടുകൾ കാണാം. പ്രധാനമന്ത്രിയുടെ ഓഫീസിൽ അഡീഷണൽ സെക്രട്ടറിയായിരിക്കേയാണ് ദേശീയ ഇന്നവേഷൻ കൗൺസിലിന്റെ മെംബർ സെക്രട്ടറിയാവുന്നത്. അസുഖത്തിന്റെ വല്ലായ്മകളും മാറ്റിവച്ച് അദ്ദേഹം അവസാനം പങ്കെടുത്തത് തിരുവന്തപുരത്തും ഭോപ്പാലിലും ഇന്നവേഷൻ കൗൺസിലിന്റെ പരിപാടികളിലാണ്.


ഭോപ്പാലിൽ ആർ. ഗോപാലകൃഷ്ണന്റെ ഓഫീസ് മുറിയിൽ ശ്രദ്ധേയമായ സാന്നിദ്ധ്യമൊരു പോസ്റ്ററാണ്. അതിന്മേലുള്ളത് പഞ്ചാബിലെ പാഷ്് എന്ന വിപ്ലവകവിയുടെ വരികൾ. അവ ഇങ്ങനെ അവസാനിച്ചു:            ‘ ഏറ്റവും അപകടകരം നമ്മുടെ സ്വപ്നങ്ങളുടെ മരണമാണ്.’  മരണമുനമ്പിലൂടെ നടക്കുമ്പോഴും  ആർ. ഗോപാലകൃഷ്ണൻസാർ സ്വ്പ്നങ്ങളെ മരിക്കാൻ വിട്ടില്ല.

ശുഭം.......

Sunday, January 6, 2013

കണ്ണീരും കൈയ്യുമായ്

കണ്ണീരും കയ്യുമായ് ഈ ബ്ലോഗ് നടത്തിക്കൊണ്ടു പോകാൻ മടുത്ത നാളിൽ, ഏകദേശം രണ്ടു കൊല്ലം മുൻപ` ഈ ബ്ലോഗ് പൂട്ടി.  പിന്നെ യക്ഷികളും മാറാലകളും കടവാവലുകളുമായി ഇതു പൂട്ടിത്തന്നെ കിടന്നു. ലോകത്തിനും എനിക്കും ഒന്നും സംഭവിച്ചില്ല. ഒന്നോരണ്ടോപേർ വന്നു ചോദിച്ചു, വല്ലതും എഴുതിക്കൂടേ എന്നു`? പറ്റിയില്ല.

അമ്മ ചോദിച്ചു നീ കമ്പ്യ്യൂട്ടറിൽ എഴുതുന്നുണ്ടോ? . രണ്ടു സ്നേഹിതർ(കിച്ചു, പാമു)  ഒഴിച്ചു മറ്റുള്ളവർ ഒന്നും ചോദിച്ചില്ല. ഇന്നു ഈ രാത്രിയിൽ വീണ്ടും അനാവശ്യമായി മനസ്സു വേദനിക്കുമ്പോൾ കുത്തിക്കുറിക്കുവാൻ ഒരു എനിക്കു ഒരു ബ്ലോഗുണ്ട് , എന്റെ മാത്രം ബ്ലോഗ്. വെറുതേ,  അമ്മയോടു "ഞാൻ വീണ്ടൂം എഴുതുന്നു "എന്നു പയ്യാരം പറയുവാൻ വേണ്ടി മാത്രം ഈ അർത്ഥമില്ലാത്ത കുറിപ്പു്.
"ലോകാ സമസ്താ സുഖിനോ ഭവന്തു:"