Tuesday, February 19, 2008

ജയ് ബജരംഗബലി

ഇതു് മിസ്റ്റര്‍ ഇന്‍ഡ്യ സിനിമയില്‍ വില്ലന്‍ സായിപ്പു് തല്ലുകൊള്ളുമ്പോള്‍ ഹനുമാന്‍ജിയെ വിളിച്ചു കരയുന്നതിനെക്കുറിച്ചല്ല. സീരിയസ് ആയ വിഷയമാണു്. തുടക്കത്തിലേതന്നെ നയം വ്യക്തമാക്കിക്കൊണ്ട് കുറച്ചു കാര്യങ്ങള്‍ പറഞ്ഞോട്ടെ! എനിക്കു എല്ലാ ഹിന്ദു ദൈവങ്ങളേയും , പ്രത്യേകിച്ചു ഹനുമാനെ അത്യധികം ഭക്തിയും വിശ്വാസവും ആണു്. എല്ലാ വ്യാഴാഴ്ചകളിലും വികാസ്ഭവനടുത്തുള്ള ആഞ്ജനേയ ക്ഷേത്രത്തില്‍ പതിവായി പോകാറുണ്ടായിരുന്നു. ഡല്‍ഹിയില്‍, കൊണാട്ട് പ്ലേസിലെ റീഗല്‍ തീയേറ്റരിനടുത്തുള്ള ‘പ്രാചീന്‍ ഹനുമാന്‍ മന്ദിറിലും’ ഞാന്‍ ഇടക്കിടെ പോയി മനസ്സുരുകി പ്രാര്‍ത്ഥിക്കാറുണ്ട്. വീട്ടില്‍ ഹനുമാന്‍ ചാലീസ പുസ്തകവും, കിശോരി അമോന്‍കരെപ്പോലെയുള്ള മിടുക്കികള്‍ പാടിയ ആഞ്ജനേയ കീര്‍ത്തനങ്ങളുടെ സീ. ഡിയും ഉണ്ട്. ഇതല്ലാതെ. ഞാന്‍
ബജരംഗദള്‍, ദുര്‍ഗാവാഹിനി, ആര്‍ എസ്സ് എസ്സ്, വിശ്വഹിന്ദു പരിഷത്, ഏ ബീ വീ പി ഹിന്ദുമുന്നണി മുതലായ എല്ലാ സംഘടനകളുടെയും ശക്തനായ
അനുഭാവിയും ആണു്. നരേന്ദ്ര മോഡിയുടെ ‘മോഡിഫിക്കേഷന്‍’,
ഡാ. തൊഗാടിയയുടെ ‘തൊഗാഡിഫിക്കേഷനന്‍’ എന്ന രണ്ട് ആദര്‍ശസംഹിതകളിലും അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നുണ്ടു്. ഇനിയും വിശ്വാസം വരുന്നില്ലേ? ഇക്കഴിഞ്ഞ 14 ആം തീയതി വാലന്‍റൈന്‍ ദിനം എന്നൊക്കെ പറഞ്ഞ് ഇന്‍ഡ്യന്‍ സംസ്ക്കാരത്തെ നശിപ്പിക്കാന്‍ ഇറങ്ങിയവരെ പബ്ലിക്കായി അടികൊടുത്തതും പിന്നെ നിര്‍ബന്ധപൂര്‍വം കല്യാണം കഴിപ്പിച്ചതും ഒക്കെ ‘എ സ്റ്റെപ്പ് ഇന്‍ ദ റൈറ്റ് ഡിറക്ഷനന്‍’ എന്നു അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.


പക്ഷേ നമ്മുടെ വിശ്വാസങ്ങള്‍ നമ്മുടെ മനസ്സില്‍ ഇരുന്നാല്‍ പോരേ? എന്തിനാണു വെറുതേ പറഞ്ഞു നടക്കുന്നത്? പ്രത്യേകിച്ചും മൈനോറിറ്റി മൈനോറിറ്റീ എന്നു തൊട്ടതിനും പിടിച്ചതിനും ഒക്കെ പറയുന്ന ഒരു സ്ഥാപനത്തോടനുബന്ധിച്ചു കൂലിയെഴുത്തുകാരനായി പണിയെടുക്കുമ്പോള്‍.അതുകൊണ്ട് എന്‍റെ ഭക്തി രഹസ്യമാക്കി മനസ്സിലുള്ളില്‍ സൂക്ഷിച്ചു വച്ചു.അങ്ങനെ ആര്‍ഷഭാരതത്തെക്കുറിച്ചു അഭിമാനിച്ചും ഇടക്കിടെ രഹസ്യമായി മൈക്രോവേവില്‍ വച്ചു എന്‍റെ ഭാരതീയ ഞരമ്പുകളില്‍ ചോരതിളപ്പിച്ചും
സന്തുഷ്ടമായി കഴിഞ്ഞു പോരുന്ന അവസരത്തിങ്കലാണ് എന്‍റെ ബോസ് എന്ന വേഷത്തില്‍ അവതരിച്ച അന്തിക്രിസ്തു ( നമ്മുടെ ഡാമിയന്‍ ഒമനിന്‍ തലയില്‍ 666 എന്നെഴുതിവച്ചിട്ടുള്ള ആ കക്ഷി തന്നെ!) എന്നെ വിളിപ്പിച്ചതു്.

“ ഹരിത്, നമ്മുടെ മുത്തപ്പന്‍ വരുന്നുണ്ട്.”

“ന്‍റെ ബജരംഗബലീ..അല്ല ല്ലാ.. ന്‍റെ ള്ളോ.... എന്തിനാ വരുന്നതു്?”


മുത്തപ്പന്‍ എന്നു വച്ചാല്‍ ഞങ്ങളുടെ തലതൊട്ടപ്പനായ മൊയലാളി. സൌത്തിന്‍ഡ്യയിലെ പത്രങ്ങളായ പത്രങ്ങളുടെ അധിപന്‍, ചാനലായ ചാനലുകളുടെ ചെയര്‍മാന്‍, എഫ് എം റേഡിയോകളുടെ വാനൊലി നാഥന്‍. ഇന്‍കം റ്റാക്സ് കൊടുക്കുന്നതിലും അതു വെട്ടിക്കുന്നതിലും സൌത്തിന്‍ഡ്യയില്‍ ഒന്നാമന്‍.

ഞാന്‍ ഞെട്ടല്‍ മറച്ചുവയ്ക്കാന്‍ ഒരു വൃഥാ ശ്രമം നടത്തിക്കൊണ്ട് അന്തിക്രിസ്തുവിനോടൂ് വീണ്ടും ചോദിച്ചു,

“ ഹെന്നാ... ഹെന്തിനാ വരുന്നതു്?”

“എഡിറ്റേര്‍സ് ഗില്‍ഡ് മീറ്റിങ് എന്നു നാട്യം, മറ്റു പത്രമൊയലാളികളോടു ചേര്‍ന്നു ഗൂഢാലോചന ദൌത്യം, ഗവര്‍മെന്‍റിന്‍റെ ബ്രോഡ്കാസ്റ്റിങ് ബില്ലും കണ്ടന്‍റ് കോഡും നിയമമാകാതെ നോക്കുക ലക്ഷ്യം.”

അന്തിക്രിസ്തുവിന്‍റെ ഭാഷാ ചാതുര്യം ആസ്വദിച്ചു് ‘കുയിലൊത്ത വാക്കീ’എന്നു പറഞ്ഞു അഭിനന്ദിക്കേണ്ട മൂഡിലായിരുന്നില്ല ഞാന്‍.

“You have to find out the status of Broadcasting Regulation Bill and The Content Code from Ministry of I&B and Law Ministry. and if possible obtain a copy for the draft"

(“മക്കളേ, നീ തൊരപ്പന്‍ എലിയായി അവിടെയൊക്കെ പോയി ആ കുന്ത്രാണ്ടങ്ങള്‍ ഒക്കെ കരണ്ടോണ്ട് ഇങ്ങു വാ”)

സുരേഷ് ഗോപിപ്പോലീസിനോട് ജനാര്‍ദ്ദനന്‍ മന്ത്രി പറയുന്ന സ്റ്റൈലില്‍ അന്തിക്രിസ്തു ഗര്‍ജ്ജിച്ചു,

“and you have exactly 48 hours for that"
( “48 മണിക്കൂറ് കഴിഞ്ഞാല്‍ നിന്‍റെ കാര്യം കട്ടപ്പൊക”)


അന്തിക്രിസ്തുവിന്റെ മാന്ത്രിക വലയത്തില്‍ നിന്നും ഞാന്‍ പുറത്തുചാടി. അയാള്‍ എനിക്കിട്ടു പണിഞ്ഞ പാരയാണിതെന്നു എനിക്കു നന്നായി മനസ്സിലായി. കഴിഞ്ഞ തവണത്തെ മുത്തപ്പന്‍ വിസിറ്റിലും എന്നെപ്പിടിച്ചു എല്ലാവരുടെയും മുന്നില്‍ വച്ചു വിദഗദ്ധമായി മുത്തപ്പസിംഹത്തിന്‍റെ മടയില്‍ എറിഞ്ഞു കൊടുത്തതാണു്. വല്ല വിധത്തിലും അന്നു തടിയൂരി എന്നു പറഞ്ഞാല്‍ മതിയല്ലോ.

“ ഈ പഠിപ്പു പോരല്ലോ മക്കളേ” എന്ന വടക്കന്‍ വീരഗാഥ ഡയലോഗ്
പറഞ്ഞു മുത്തപ്പന്‍ പബ്ലിക്കായി എന്നെ ഒന്നു ഊരി. ഇതിപ്പോ സംഗതി സീരിയസ്സാണു്.

‘As discussed , arrangements have been done to obtain copies ........ and Harit is already on this assaignment....' മേഘസന്ദേശം ഈ-മെയില്‍ രൂപത്തില്‍
മൊയലാളിയുടെ ഓഫീസിലെ എല്ലാ കശ്മലന്മാര്‍ക്കും എപ്പോഴേ എത്തിക്കഴിഞ്ഞിരിക്കും!!!!!


പുലര്‍ച്ചക്കു കൂകാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്നു ശബ്ദം നഷ്ടപ്പെട്ടുപോയ പൂവന്‍ കോഴിയെപ്പോലെ ഞാന്‍ ഞെളിപിരികൊണ്ടു.‘ഇനിയെന്‍ മനസ്സില്‍ കവിതയില്ല’ എന്ന പ്രസിദ്ധമായ ദുഖഗാനം മനസ്സില്‍ പാടിക്കൊണ്ട് ശബ്ദമില്ലാതെ കൊക്കി കൊക്കി പ്രസ്സ്ക്ലബ്ബ് ലക്ഷ്യമാക്കി നടന്നു.

2

വിഷമഘട്ടങ്ങളില്‍ ഞാന്‍ ആശയിക്കാറുള്ളത് വര്‍ഗീസ് ചേകവരെ ആണു. പയനീയറിലെ ജയിംസ് വര്‍ഗീസ് എന്ന ചേകവര്‍ നേരത്തേ ചെയ്തിരുന്ന ബീറ്റാണു ഇന്‍ഫൊര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് മിനിസ്റ്റ്രി. പ്രസ്സ് ക്ലബ്ബില്‍ ഞാന്‍ ചേകവരുടെ മുന്നില്‍ ഒരു പാണനെപ്പോലെ വിനീത വിധേയനായി നിന്നു.
“ ആണുങ്ങളായി ജനിച്ചോരെല്ലാം ........”.

“ ജയിംസേ, എനിക്കീ മിനിസ്റ്റ്രിയില്‍ ഒരു സോഴ്സും ഇല്ല. എനിക്കാ കോഡും ബില്ലും ഒക്കെ ഒന്നു സംഘടിപ്പിച്ചു താ..”
ജയിംസ് ഇപ്പോള്‍ കൊണ്‍ഗ്രസ്സും ലെഫ്റ്റുമാണു കവര്‍ ചെയ്യുന്നത്. എങ്കിലും പഴയ കൊണ്ടാക്റ്റ്സ് എനിക്കു വേണ്ടി പൊടിതട്ടി എടുക്കാമെന്നും സമ്മതിച്ചു.
(ചെലവു: മൂന്നു ബ്ലഡി മേരി, ഫ്രൈഡ് റൈസ്, പെപ്പര്‍ ചിക്കന്‍, കുള്‍ഫി )
ചേകവന്‍ ബ്ലഡി മേരിയുടെ ഇഫക്ടില്‍ കളരി പരമ്പര ദൈവങ്ങളെ ധ്യാനിച്ചു....
“ കിട്ടി. ഐഡിയാ... വാട്ട് ആന്‍ ഐഡിയ.!!!... നമുക്കു ദീപ്തി തോമസ്സിനെ കാണാം. അവള്‍ക്കു നല്ല കൊണ്ടാക്റ്റ്സാണു മിനിസ്റ്റ്രിയില്‍. ഇപ്പൊ ഐ ആന്‍ഡ് ബീ യാ അവളുടെ ബീറ്റ്.”

മൊബയില്‍ ഫോണുകളേ, നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശുന്യമീ ലോകം. ചേകവന്‍ ദീപ്തിയെ മൊബൈലില്‍ ചൂണ്ടയിട്ടു പിടിച്ചു.

“ അവള്‍ അതിചിന്ത വഹിച്ചു ഉടജാന്തവാടിയില്‍ സ്ഥിതിചെയ്യുകയാണു.”

ഞാന്‍ : “ എന്നു വച്ചാല്‍?”
“ എന്നുവച്ചാല്‍ അവള്‍, കാമുകന്‍ പറ്റിച്ച സങ്കടം കടിച്ചമര്‍ത്തി, ഫോറിന്‍ കറസ്പോണ്ടന്റ്സ് ക്ലബ്ബിന്റെ ലാണിന്‍റെ മൂലക്കു പോയി കുത്തിയിരിക്കുകായാണെന്നു്”

ഞങ്ങള്‍ അങ്ങോട്ടു വിട്ടു. ദീപ്തി സഹായിക്കാമെന്നു സമ്മതിച്ചു. 4 മണിക്കു ജോയിന്റ് സെക്രട്ടറി I&B ഇക്ബാല്‍ സിംഗ് ബെയിന്‍സു മായി അപ്പോയിന്മെന്‍റും ഫിക്സ് ചെയ്തു. ചേകവര്‍ക്കു വയലാര്‍ജിയെ കാണാന്‍ പോകണമെന്നുള്ളതുകൊണ്ട് യാത്രയായി. 4 മണിക്കു ശാസ്ത്രിഭവനില്‍ I&B ministryilവച്ചു കാണാം എന്നു പറഞ്ഞു. ( പോയതു എന്റെ കാറില്‍, എന്റെ പെറ്റ്രോള്‍ കത്തിച്ചു്: പോക്കു വരവു ചെലവു: 12 ലിറ്റര്‍ പെറ്റ്രോള്‍.)എന്തായാലും ഒന്നു ഒന്നര മണിക്കൂര്‍ സമയം ബാക്കിയുണ്ട്. ദീപ്തി രണ്ടാമത്തെ ഐസ്ക്രീം നുണയാന്‍ തുടങ്ങുന്നു. ഞാന്‍ എന്റെ പൊതു വിജ്ഞാനം വര്‍ധിപ്പിക്കാമെന്നു വച്ചു ദീപ്തിയോടു ബ്രോഡ്കാസ്റ്റ് ബില്ലിനെ ക്കുറിച്ചു ചോദിച്ചു മനസ്സിലാക്കാന്‍ തുടങ്ങി. മൊയലാളിയുടെ മുന്‍പില്‍ പഴയ്തുപോലെ നാണം കെടാന്‍ പാടില്ലല്ലൊ. അവള്‍ ബില്ലിന്റെ 2000 AD മുതലുള്ള ചരിത്രവും ഭൂമിശാസ്ത്രവും പൊളിറ്റിക്കല്‍ സയന്‍സും ഒക്കെ വിസ്തരിച്ചു. പിന്നെയും പിറകോട്ട്പോയി 1995 ലെ കേബിള്‍ ആക്റ്റ്, ആള്‍ ഇന്‍ഡ്യ റേഡിയോ കണ്ടന്‍റ് കോഡ് ഒക്കെയും പറഞ്ഞു കണ്‍വേറ്ജന്‍സ് ബില്ലില്‍ എത്തിയപ്പോഴേക്കും എനിക്കു തല കറങ്ങിത്തുടങ്ങി.
“ ദീപ്തീ, ഇഫ് യു ഡോണ്‌ഡ് മൈന്‍റ്, എനിക്കിതിന്‍റെ മലയാളം മാത്രം പറഞ്ഞു തന്നാല്‍ മതി. എന്റെ മാനേജിങ് എഡിറ്റര്‍ക്കു ഇതിലെന്താ ഇത്ര താല്പര്യം?”

അവള്‍ മൊഴിഞ്ഞു,
“ ഹരിത്, സംഗതി സിമ്പിള്‍. പുതിയ നിയമം നിലവില്‍ വന്നാല്‍ ന്യൂസ്പേപ്പര്‍ നടത്തുന്ന കമ്പനികള്‍ക്കു നടത്താന്‍ പറ്റുന്ന റ്റി വി ചാനലുകളുടെ എണ്ണത്തില്‍ നിയന്ത്രണം വരും. ഉദാഹരണത്തിനു ഇന്‍ഡ്യയില്‍ നിന്നും 300 ചാനലുകള്‍ ഉണ്ടെന്നിരിക്കട്ടെ, Times of India പോലെയുള്ള പത്രഗ്രൂപ്പിനു 15% ത്തില്‍കൂടുതല്‍ ചാനലുകള്‍ അനുവദിക്കില്ല. 45 ചാനലുകള്‍ ആവാം എന്നര്‍ഥം. ഈ സംഭവം എഫ് എം ചാനലുകള്‍ക്കും ബാധകം. നിന്‍റെ മൊയലാളിക്കു ഉറക്കം പോകാന്‍ ഇനി എന്തു വേണം.? മറ്റു കുത്തക മുതലാളിമാരെയും കൂട്ടി കാടിളക്കാനുള്ള വട്ടം കൂട്ടലാണു ഈ വരവു. നിന്നെയും
എന്നെയും പോലെയുള്ള കൂലി എഴുത്തുകാരെക്കോണ്ട് ഇവര്‍ ഇനി എഴുതിക്കും ‘ സര്‍ക്കാര്‍ നിയമം പത്രസ്വാതന്ത്ര്യത്തിന്റെ കഴുത്തു ഞെരിക്കാന്‍’. ബാസ്റ്റേര്‍ഡ്സ്, marketing issues are being smmuggled in as content and editorial issues.”
(പിതൃശൂന്യര്‍, പുട്ടുകച്ചവടത്തിനിടയില്‍ ഓണം കൊണ്ടാടാനുള്ള ശ്രമമാണു.)

എനിക്കു എന്തൊക്കെയോ മനസ്സിലായി വരുന്നതുപോലെ തോന്നി. അപ്പോള്‍ നിയമത്തിലെ ക്രോസ് മീഡിയാ റെസ്റ്റ്രിക്ഷന്‍ ആണു മുത്തപ്പന്റെ പ്രശ്നം! അമ്പട വീരാ!! ചുമ്മാതാണോ ആ ഭാസ്കര്‍ റാവു ഫ്രണ്ട് പേജില്‍ “ muzzling the Media" എന്നു 8 കോളം വെണ്ടക്കാ നിരത്തിയത്!

“ അപ്പൊ , കണ്ടന്റ് കോഡോ?”

“ അതു കുറേക്കൂടി ലാര്‍ജര്‍ ഇഷ്യൂസ് ഉള്ളതാണു. പക്ഷേ നിന്‍റെ മുത്തപ്പന്‍റെ പ്രശ്നം സിമ്പിള്‍. റ്റി വീ ന്യൂസ് എന്ന പേരില്‍ ഇടക്കിടെ ചന്ദ്രകലാധരന്മാര്‍ക്കു കണ്‍കുളിര്‍ക്കാന്‍ പന്തടിച്ചാടി ചഞ്ചാടുന്ന ദേവിമാരെ കാണിക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന ഭീതിയാണു്. നിന്‍റെ ചാനല്‍ തന്നെ സിനിമയിലെ ചുംബനങ്ങളെക്കുറിച്ചുള്ള മോറല്‍ ചര്‍ച്ചയില്‍, ദേവികാറാണി മുതല്‍ മല്ലികാ ശെരാവത്ത് വരെയുള്‍ലവരുടെ A പടങ്ങളിലെ ചുംബന സീനുകളുടെ ബിറ്റ്സ് ചേര്‍ത്ത വിഷ്വത്സ് ന്യൂസ് എന്ന പേരില്‍ അര മണിക്കൂര്‍ വീതം കാണിച്ചില്ലേ? ആ ഡക്കു വേല നിന്നുപോയാല്‍ പിന്നെ how to catch eye balls and increase TAM rates?
(എങ്ങനെ ഉണ്ടക്കണ്ണന്മാരെക്കൊണ്ട് പുളിങ്കൊമ്പില്‍ പിടിപ്പിക്കും?)

ദീപ്തിയുടെ ക്ലാസ് കഴിഞ്ഞപ്പോള്‍ എന്‍റെ സ്ഥിതി കൂടുതല്‍ ദയനീയമായി. കോളറഡ്ജിന്റെ കവിതയിലെന്നപോലെ ‘sader but wiser'.

3


ജോയിന്റ് സെക്രട്ടറി മി. സിംഗിന്‍റെ പി എ യുടെ മുറിയില്‍ എത്തിയപ്പോള്‍ ഞാന്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ദീപ്തി എന്നെ ശാസ്ത്രി ഭവന്റെ 6
നിലകള്‍ നടത്തിച്ചു. ഇതവളുടെ എക്സര്‍സയിസ് ആണത്രേ. ആവശ്യക്കാരന്‍ ഞാന്‍ ആയിപ്പോയില്ലേ. ചേകവര്‍ എത്തിയിട്ടില്ല വയലാര്‍ജിയെ കണ്ടിട്ട് ഈ.
അഹമ്മദിജിയെ കാണാന്‍ പോയതാണോ ...അറിയില്ല. വരുമായിരിക്കും ഉച്ചക്കു 550 രൂപാ വായ്ക്കു അരി ഇട്ടതല്ലേ, വരാതിരിക്കില്ല. സിംഗിന്റെ പീ എ, ദീപ്തിയോട് ചിരിച്ചുകൊണ്ട് ചോദിച്ചു,

“ മാഡംജീ, ആജ്കല്‍ ആപ് സാഹബ് സേ മില്‍നേക്കേലിയേ അപ്പോയ്ന്മെന്റ് ലേനേ ലഗാ ഹൈ? ക്യാ ബാത് ഹൈ?”
( അഴിച്ചടിച്ച കാളയെപ്പോലെ കേറി വന്നോണ്ടിരുന്ന നീ എന്താ കൊച്ചേ ഇന്നു മുഹൂര്‍ത്തം നിശ്ചയിച്ചിട്ടു വന്നത്?).

അവള്‍ വെറുതേ ചിരിച്ചു.
അകത്തുകടന്നപ്പോള്‍ മി. സിംഗ് കമ്പ്യൂട്ടറില്‍ എന്തോ കാര്യമായി എന്‍റര്‍ ചെയ്യുകയായിരുന്നു. നല്ല പൊക്കമുള്ള മെലിഞ്ഞ മനുഷ്യന്‍. താടിയും തലയില്‍ കെട്ടും ഒന്നും ഇല്ല. ഒരു തടിച്ച സര്‍ദാര്‍ജിയെ ആണു ഇക്ക്ബാല്‍ സിംഗ് ബൈന്‍സ് എന്ന പേരുകേട്ടപ്പോള്‍ മനസ്സില്‍ പ്രതിഷ്ടിച്ചിരുന്നത്.

“ ദീപ്തീജി, ജസ്റ്റ് ഗിവ മി എ മിനിട്ട് പ്ലീസ്. ലെറ്റ് മെ ഫിനിഷ് ദിസ്. ആന്‍ഡ് ഹൂ ഇസ് ദിസ് ന്യൂ ഫ്രണ്ട്?”

(ദീപ്തിമോളേ ഞാന്‍ ഈ പണി ഒന്നു തീര്‍ത്തോട്ടേ, ആരാ നിന്റെ കൂടെയുള്ള ഈ പുതിയ കുറ്റി)

“ റ്റേക്ക് യുവര്‍ റ്റൈം പ്ലീസ്.”

അപ്പോഴേക്കും വര്‍ഗീസ് ചേകവരും എത്തി. പരിചയപ്പെടുത്തലും ചായകുടിയുമൊക്കെ കഴിഞ്ഞു. ഞങ്ങള്‍ വിഷയത്തിലേക്കു കടന്നു. താടിയില്ലാത്ത ഈ ‘മോണ സര്‍ദാര്‍‘ ഒരു ജഗജാലകില്ലാടിയാണെന്നു തോന്നി. ബില്ലിന്റെ പത്തൊമ്പതാമത്തെ ഡ്രാഫ്റ്റ് അയാള്‍ എഴുതിക്കൊണിരിക്കുന്നതേയുള്ളൂ, പതിനെട്ടാമത്തെ ഡ്രാഫ്റ്റ്
വേണമെങ്കില്‍ തരാം. കണ്ടന്റ് കോഡും തരാം . ദീപ്തിയുടെ പെന്‍ ഡ്രൈവില്‍ കോഡും , കോടാലിയും എല്ലാം കോപ്പി ചെയ്തു എടുത്തു. ഇങ്ങനെ പെട്ടെന്നു സോഫ്റ്റായി കിട്ടുന്ന കോപ്പികളെയാണു സോഫ്റ്റ് കോപ്പി എന്നു പറയുന്നതു എന്നു എനിക്കു അപ്പോള്‍ മനസ്സിലായി. വന്ന കാര്യം മംഗളമായി നടന്നു കഴിഞ്ഞപ്പോള്‍ കൊച്ചുവര്‍ത്തമാനം തുടങ്ങി

ദീപ്തി.“what is new in the Ministry sir?"

(ശനിയാഴ്ച മഹാദേവ് റോഡ് ഓഡിറ്റോറിയത്തിലെ മിനിസ്റ്റ്രിവക ഫ്രീ സിനിമാ ഏതാ സാറേ?)


"ക്യാ ബതാവൂ ദീപ്തീജീ, ഹനുമാന്‍ജി ക്കാ കാം കര്‍ രഹാ ഹൂ.”

(നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ, ഹനുമാന്‍റെ പണിയാ ഇപ്പൊ)


“ ക്യാ മത് ലബ്?”

(എന്നു വച്ചാ)

“ അരേ ആപ്ക്കോ നഹി പതാ ഹനുമാന്‍ജിക്കാ കാം കാ മതു്ലബു്?”

(കൊച്ചു കള്ളീ, ഹനുമാന്റെ ജോലിയെന്തെന്നു നിനക്കറിയില്ലേ?)
ഞങ്ങള്‍ അജ്ഞാനികള്‍ കാതോര്‍ത്തിരുന്നു, മുസ്ലീമിന്റെ പേരും ഹിന്ദുവിന്റെ അപ്പിയറന്‍സും ഉള്ള ഈ സെക്കുലാര്‍ സര്‍ദാര്‍ജിയില്‍ നിന്നും സുഭാഷിതരത്നാകരം കേള്‍ക്കാനായി!


“ ആപ് ലോഗ് ബതായിയേ, ഹനുമാന്‍ കിസ് കോംബ് കാ ഹൈ?”

(ഹനുമാന്‍ ഏതു സമുദായക്കാരനാണെന്നു പറയാമോടേ?)

മലയാളിയാ സാറേ എന്നു ദീപ്തി. ഇവള്‍ക്കെന്താ വട്ടായോ എന്നു കരുതിയിരുന്നപ്പോള്‍ ഒരു ഫെമിനൈന്‍ ലോജിക്കു പുറത്തെടുത്തു ദീപ്തി. ശ്രീശാന്ത് ക്രിക്കറ്റ് ഫീല്‍ഡില്‍ കാണിക്കുന്ന കോപ്രായങ്ങള്‍ കണ്ടിട്ടാണു ഹനുമാന്‍ മലയാളിയാണെന്നു അവള്‍ തീരുമാനിച്ചത്. വര്‍ഗീസിന്റെ അഭിപ്രായത്തില്‍ ഹനുമാന്‍ മുസ്ലീം ആയിരിക്കും. കാരണം മുസല്‍മാനിലേതു പോലെ ഒരു മാന്‍ ഉണ്ട് ഹനുമാനിലും. അതൊന്നും അല്ല ഉത്തരം എന്നായി ഇക്ക്ബാല്‍ സിംഗ് ബയിന്‍സ് എന്ന ജോയിന്റ് സെക്രട്ടറി. ഞങ്ങള്‍ തോറ്റ് സുല്ലിട്ടു


“ അസല്‍ മേ, ഹനുമാന്‍ സര്‍ദാര്‍ ഹൈ. സിമ്രന്‍ജിത് സിങ് മാന്‍ ജൈസേ ഹനു സിങ് മാന്‍.”


( എടാ കൂവേ, സിമ്രന്‍ജിത് സിങ് മാനിനെപ്പോലെ നല്ല സര്‍ദാര്‍ കുടുമ്മത്തു പിറന്നതാ ഹനുമാനും. പേര്‍ ഹനു സിംഗ് മാന്‍!)

അതെന്താ സാറേ അങ്ങനെ എന്നായി ഞങ്ങള്‍.

“അരേ, കിസീകാ ബീവീ കോ കോയി ഓര്‍ ലേക്കേ ഭാഗ്ഗയാ, യേ ഹനുമാന്‍ അപ്നേ പൂഞ്ഛ് പര്‍ ആഗ് ലഗാകേ ഫടക്ക് രഹേ ഥേ. യേത്തോ സര്‍ദാര്‍ജീ കാ സേവാ കൊയി ഓര്‍ ഹോഹീ നഹി സക്താ..”


( വല്ലവന്‍റേയും പെമ്പിറന്നോരെ ഏതോ ഒരുത്തന്‍ തട്ടിക്കോണ്ട് പോയതിനു, ഈ ഹനുമാന്‍ സ്വന്തം വാലില്‍ തീയും കൊളുത്തി അങ്ങോട്ടും ഇങ്ങോട്ടും ഓട്ടമായി. സര്‍ദാറല്ലാതെ വേറെ ആരെങ്കിലും ഈ വേണ്ടാത്ത പണി ചെയ്യുമോ?)


എന്റെ ബജരംഗബലീ.... സംഗതി നേരാണല്ലോ.


അദ്ദേഹം സ്വന്തം കോണ്ടസ്റ്റില്‍ എങ്ങനെയാണു ഹനുമാന്‍ജി ആയി നടക്കുന്നതു എന്നു വിശദീകരിച്ചു. കാശുള്ള പത്രമുതലാളിമാര്‍ പത്രമടിച്ചു വില്‍ക്കുന്നു, കാശുകൊടുത്ത് കുറെ വായിനോക്കികള്‍ അതു വാങ്ങി വായിക്കുന്നു. കോടികള്‍ മുടക്കി ചിലര്‍ സിനിമാപ്പടം പിടിക്കുന്നു അത് കാശുകൊടുത്തു ആളുകള്‍ പോയിക്കാണുന്നു. റ്റീ വീ ചാനലുകളുടെ കാര്യവും ഇതുപോലെ തന്നെ. I&B ministry യിലെ കുറെ ബ്യൂറോക്രാറ്റ്സ് ഹനുമാനെപ്പോലെ വാലില്‍ തീയും കത്തിച്ചു പാര്‍ലമെന്റു കമ്മിറ്റി, സ്റ്റാന്റിങ് കമ്മിറ്റി, ഗ്രൂപ്പ് ഒഫ് മിനിസ്റ്റേര്‍സ്, അഡ്ജേര്‍ണ്മെന്റ് മോഷന്‍, എമ്പവേര്‍ഡ് കമ്മിറ്റി, കന്റന്റ് കോഡ്, ബ്രോഡ്കാസ്റ്റിങ് റെഗുലേഷന്‍ ബില്ല്, ഡാവിഞ്ചി കോഡ്, അപ്പ് ലിങ്കിങ്, ഡവുണ്‍ ലിങ്കിങ് എന്നൊക്കെ പറഞ്ഞങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.

ആഞ്ജനേയാ,
ഞങ്ങള്‍ ജോയിന്റ് സെക്രട്ടറിസാറിനെ മനസ്സുകൊണ്ട് സാഷ്ടാംഗം നമിച്ചു പോയി.

രാമ രാമാ..അങ്ങേക്കു സീതാദേവിയെ തിരിച്ചുകിട്ടി. പാവം ഹനുമാനോ?
വാലു കത്തിപ്പോയതു മിച്ചം!
4


ബില്ലിന്റെയും കോഡിന്റെയും കോപ്പി കിട്ടിയ സന്തോഷത്തില്‍ ദീപ്തിക്കും ചേകവര്‍ക്കും രാത്രിയിലത്തെ ലിക്ക്വിഡ് ഡയറ്റും ഡിന്നറും പാനും ഇന്‍ഡ്യാ
ഇന്റെര്‍ നാഷനല്‍ സെന്‍ററില്‍. (ചെലവ് : 1867 രൂപ.). അന്തികൃസ്തു വിന്റെ പാരയില്‍ നിന്നും, മുത്തപ്പന്റെ ശ്ലേഷത്തില്‍ നിന്നും ഞാനും രക്ഷപ്പെട്ടു. ഒരു മാസം കഴിഞ്ഞപ്പോള്‍ ശോഭനാ ഭാരതീയയുടെ Hindustan Times ല്‍ ദീപ്തി തോമസ് എന്ന ബൈലയിനിട്ടു് ഒരു ഗമണ്ടന്‍ ന്യൂസ്: Emergency Days are here again: Governemnet plans to stragulate Freedom of Expression throgh Broadcast Regulation and Content Code. എന്‍റെ ആഞ്ജനേയാ, ബജരംഗബലീ നിത്യബ്രഹ്മചാരിയായ അങ്ങ് ഈ കലികാലത്തില്‍ ദീപ്തീ തോമസ് എന്ന നസ്രാണി പെണ്ണിന്‍റെ രൂപത്തില്‍ അവതരിക്കേണ്ടി വന്നല്ലോ!!!!!

സുകൃതക്ഷയം. ജയ് ബജരംഗബലി.
* * * * * * * * * * * * *
[നന്ദി, കടപ്പാട്: അരുണ്‍ ശൌരി, ചന്ദന്‍ മിത്ര, എം ജെ അക്ബര്‍, എം. പി. വീരേന്ദ്രകുമാര്‍, മഹേശ്വരി, രാജീവ് ശുക്ല, ശോഭനാ ഭാരതീയ, ശ്യാം ബനഗല്‍,
ശ്ത്രുഘ്നന്‍ സിന്‍ഹ, ഹേമ മാലിനി, ജയാബച്ചന്‍, ജയപ്രദ, ധാരാസിംഗ്, ധര്‍മ്മേന്ദ്ര, വിനോദ്ഖന്ന എന്നു തുടങ്ങി കുറേ എം പി മാര്‍ക്കും എക്സ് എം പി
മാര്‍ക്കും (രാജീവ് ചന്ദ്രശേഖര്‍,വിജയ മലയ്യ, ദയാനിധിമാരന്‍ തുടങ്ങിയവര്‍ വിട്ടുപോയതല്ല . റ്റി വീ മുതലാളിമാര്‍ക്കു വേണ്ടി പ്രത്യേകം പോസ്റ്റ് ഉടനേ
വരുന്നുണ്ട്)]


16 comments:

ഹരിത് said...

ജയ് ബജരംഗബലി

മൂര്‍ത്തി said...

നന്നായിരിക്കുന്നു..കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയും വാചകങ്ങളിലൂടെയും പിന്നാമ്പുറത്ത് നടക്കുന്നതെന്ത് എന്ന് എഫക്ടാവായി പറഞ്ഞിരിക്കുന്നു. തുടരുക..രസകരമായ ശൈലി..ഇത്തിരി വി.കെ.എന്‍. ഇംഗ്ലീഷ് വാചകങ്ങളുടെ മലയാളഅര്ത്ഥം നല്‍കിയതില്‍‍..:)

നിഷ്ക്ക‌ള‌ങ്ക‌ന്‍|Nishkkalankan said...

ഹരിത്
ന‌ല്ല ഊക്കു‌ള്ള എഴുത്ത്. ഒട്ടും മുഷിയി‌ല്ല. :)
എഴുത്തിന്റെ "പച്ച" ഇവിടെയുണ്ട്. വരിന്‍ വന്നു വായിയ്ക്കിന്‍

ശ്രീവല്ലഭന്‍ said...

പിന്നാമ്പുറ കഥകള്‍ കൊള്ളാം. വളരെ രസകരമായി എഴുതിയിരിക്കുന്നത് കൊണ്ടു വായിക്കാന്‍ എളുപ്പം.
ബോസ്സിന്‍റെ ചെവിയില്‍ എത്തുമോ ഇത്?

vadavosky said...

വളരെ നന്നായിരിക്കുന്നു ഹരിത്‌. അല്‍പം വി.കെ.എന്‍ ടച്ച്‌ ഉണ്ടെങ്കിലും സരസമായി പറഞ്ഞിരിക്കുന്നു.

( സി.പി യില്‍ ജയിന്‍ ലോ ബുക്ക്‌ സ്റ്റോറിലും ബാബ ഖരക്ക്‌ സിംഗ്‌ മാര്‍ഗില്‍ ഗവ. ബുക്ക്‌ സ്റ്റോറിലും ഡ്രാഫ്റ്റ്‌ ബില്ലുകള്‍ കിട്ടേണ്ടതാണ്‌.)

ഹരിത് said...

നന്ദി മൂര്‍ത്തി. വഡവോസ്കി: ഒരു വി കെ എന്‍ ടച്ച് ആയിക്കോട്ടെ എന്നു കരുതി അങ്ങനെ ശ്രമിച്ചതാണു്.വിഷയത്തിനു ആ ഒരു ശൈലി ഉപയോഗപ്രദം ആകുമെന്നു തോന്നി.
ഇപ്പോള്‍ ഈ ഡ്രാഫ്റ്റുകള്‍ മിനിസ്റ്റ്രിയുടെ വെബ്ബ് സൈറ്റിലും മറ്റും അവൈലബിള്‍ ആണു്. ഒരുപാട് ചര്‍ച്ചകളും കഴിഞ്ഞു ഇപ്പോള്‍ കോള്‍ഡ് സ്റ്റോറേജിലാണെന്നാണു കേട്ടത് വഡവോസ്കീ.
നല്ല വാക്കുകള്‍ക്കു നന്ദി നിഷ്കളങ്കന്‍
ശ്രീവല്ലഭന്‍, ബോസ്സിന് ബ്ലോഗില്‍താല്പര്യം ഇല്ല. മറ്റു രണ്ട് കഥാപാത്രങ്ങള്‍ക്കും മലയാളം എഴുതാനും വായിക്കാനും അറിയില്ല. അതുകൊണ്ട് തക്കാലം രക്ഷപ്പെടുമെന്നാണു വിശ്വാസം.

ഉപാസന | Upasana said...

:)

ദില്‍ബാസുരന്‍ said...

രസകരമായി അവതരിപ്പിച്ചിരിക്കുന്നു. വി കെ എന്‍ ശൈലിയും നന്നായിട്ടുണ്ട്. :)

RR said...

really enjoyed reading this :)

ഹരിത് said...

ഉപാസന, ദില്‍ബാസുരന്‍, ആര്‍ ആര്‍. നന്ദി. ദില്‍ബാസുരനും , ആര്‍ ആര്‍ ഉം ആദ്യമായിട്ടാണു ഇവിടെ അല്ലേ. ഇനിയും വരണം . നന്ദി എല്ലാവര്‍ക്കും.

Gopan (ഗോപന്‍) said...

ഹരിത്
അന്തരാര്‍ഥങ്ങള്‍ തുറന്നെഴുതുന്ന ഈ രീതി നന്നേ ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍..
ഗോപന്‍ -

സന്തോഷ് said...

ഹരിത്, ബജരംഗബലി കൊള്ളാം!

പാമരന്‍ said...

അയ്യോ ഞാന്‍ ലേറ്റായിപ്പോയേ..

ഹരിത്തേ.. പോരട്ടങ്ങനെ പോരട്ടേ..

ഹരിത് said...

ഗോപന്‍, സന്തോഷ്,പാമരന്‍ ബജരംഗബലി ഇഷ്ടപ്പെട്ടന്നറിയുന്നതില്‍ വളരെ സന്തോഷം.

സനാതനന്‍ said...

ഗുരുവായ കാര്യങ്ങള്‍ ലഘുവായി....
:)

ഹരിത് said...

നന്ദി സനാതനന്‍ ഗുരു. സംഗതികളുടെ കിടപ്പുവശം സിമ്പിളായി പറഞ്ഞു സനാതനന്‍