കരണന് ചിറ്റപ്പന് ഠീം. അയ്യോ പൊത്തോന്നു ലൂണയില്‍ നിന്നും തെറിച്ചു വീണു. കല്ലുവെട്ടാം കുഴിയുടെ അടുത്തുള്ള വളവില്‍ വച്ചു്. കാള മണിയന്റെ ബുള്ളറ്റ് വലതു കാലിലൂടെ കയറിയിറങ്ങിയെത്രേ! എല്ലുകള്‍ പടപടാ പൊട്ടിയിരിക്കും. ഫ്രാങ്ക്ലീന്‍ ഡാക്ടര് ഏറ്റില്ല. പെട്ടെന്നു മെഡിക്കലില്‍ കൊണ്ട്പൊയ്ക്കൊള്ളാന്‍ പറഞ്ഞു.
കാളമണിയന്‍, ചിറ്റപ്പനെ ബുള്ളറ്റില്‍ പിടിച്ചിരുത്തി ഒറ്റ പോക്കു പോയി ആശുപത്രിയിലേയ്ക്കു. ആ വണ്ടിവിടലു കാണേണ്ട ഒരു കാഴ്ച്ച ആയിരുന്നിരിക്കും!
“ചത്തോടാ അവന്” പായമ്മ പാക്കുവെട്ടി തുടച്ചു വൃത്തിയാക്കിക്കൊണ്ട് ആരോടെന്നില്ലാതെ ചോദിച്ചു.
“ പായമ്മേ, നിങ്ങള്‍ കരിനാക്കെടുത്തു വളയ്ക്കല്ലേ, അവനും നിങ്ങടെ വയറ്റില്‍ കുരുത്തതു തന്നെ!”
കൊച്ചപ്പൂപ്പന്‍ മിറ്റത്തു ചാരുകസേരയില്‍ വീണ്ടും ചുരുണ്ടു. പായമ്മയ്ക്കിപ്പോള്‍ കൊച്ചപ്പൂപ്പനൊരാളേയുള്ളൂ മൂന്നു ഭര്ത്താക്കന്മാരില്. മറ്റു രണ്ടു പേര് കൊച്ചപ്പൂപ്പന്റെ മൂത്ത സഹോദരങ്ങള്‍.മരിച്ചുപോയി. വലിയപ്പൂപ്പന് മരിച്ചതെല്ലാം എനിക്കു ഓര്‍മ്മയുണ്ട്. പതിനൊന്നു പോലെ മീശ . കഷണ്ടിത്തല. കൊച്ചപ്പൂപ്പനെപ്പോലെ കറുത്തിട്ടല്ല. വലിയപ്പൂപ്പന് ‘ഓലക്കാല് ശീലക്കാല്‘ പോലീസായിരുന്നെന്നു കരണന് ചിറ്റപ്പന്
കളിപറയുമായിരുന്നു. വലിയപ്പൂപ്പന് മരിച്ചപ്പോള്‍ അഛനാണു ബലിയിട്ടതു്. എന്നെയും കൂടെ കൂട്ടും ചടങ്ങിനായി.അന്നു പായമ്മ കരഞ്ഞായിരുന്നോ? ഓര്‍മ്മയില്ല. മൂത്തപ്പൂപ്പന്‍ എന്റെ അഛന് ജനിക്കുന്നതിനും മുന്‍പേ പാമ്പുകടിച്ചു മരിച്ചുപോയി!
“അവന്റെ ഏതു കാലാടാ ഒടിഞ്ഞത്?” പാക്കുനുറുക്കിക്കൊണ്ട് പായമ്മ ചോദിച്ചു.
“നിയ്ക്കറിയില്ല പായമ്മേ”
“ വലതു കാലായിരിക്കും, അതുപിന്നെ അങ്ങനെയല്ലേ വരൂ. സുഭദ്രേടെ ശാപം അല്ലാതെന്താ?”
സുഭദ്രച്ചിറ്റ മരിച്ചിട്ട് , രണ്ടാം കെട്ടു കെട്ടിയതു മുതല്‍ പായമ്മയ്ക്കു ചിറ്റപ്പനെ കാണുന്നതു തന്നെ ചതുര്‍ത്ഥിയാണു. നട ചവിട്ടിപ്പോകരുതെന്നു പായമ്മ. ചിറ്റപ്പന്റെ പട്ടിവരും നടചവിട്ടാനെന്നു മറുപടി.
“ ഈ തള്ളയ്ക്കു മൂന്നുപേരെ ഒരേസമയം കെട്ടാം . ഒന്‍പതു മക്കള്‍ ആവാം. ഞാനിപ്പം വീണ്ടും കെട്ടിയതാ ഇപ്പൊ പൊല്ലാപ്പായതു. നിങ്ങള്‍ നിങ്ങടെ പാട്ടിനു പോയീനെ”. കരണന് ചിറ്റപ്പന് ഗേറ്റില്‍ വന്നു തുള്ളി.
പായമ്മ കേട്ട ഭാവം കാണിക്കാതെ, വരാന്തയില്‍ കാലും നീട്ടിയിരുന്നു, പാക്കുവെട്ടിയുടെ മെതിയടിപോലുള്ള കറുത്ത കീഴ്ത്തടിയില്‍ പുകയില കുറുകേ വച്ച്, മുകളിലത്തെ മൂര്‍ച്ചയുള്ള കത്തിയുടെ കൈപ്പിടിയില്‍ സാ മട്ടില്‍ ഉള്ളം കൈ ഒന്നമര്‍ത്തി. പുകയില ‘ജിങ്’എന്നു മുറിഞ്ഞു. കൊച്ചപ്പൂപ്പന്റെ മുഖത്തു നീരസം. അല്ലെങ്കിലും പായമ്മയുടെ ഈ വെറ്റിലമുറുക്കുന്ന കലാപരിപാടി കൊച്ചപ്പൂപ്പനു കണ്ണെടുത്താല്‍ കണ്ടൂടാ.
കരണന് ചിറ്റപ്പന് ഇത്തിരി അവശനായി കിടക്കുന്നതു കാണണമെന്നൊരു ഗൂഢമായ മോഹം എനിക്കുണ്ട്. ഈ ചിറ്റപ്പനൊരുത്തന്‍ കാരണമാണു എനിക്കതു പറ്റിയത്`. അക്കൊല്ലം ഫാന്‍സീ ഡ്രസ്സ് മത്സരത്തിനു മുരുകന്റെ വേഷം കെട്ടിയ്ക്കാമെന്നു തീരുമാനിച്ചതു കരണന് ചിറ്റപ്പനാണു. എല്ലാകൊല്ലവും എന്നെക്കൊണ്ട് ഫാന്‍സീഡ്രസ്സ് ചെയ്യിക്കും. ആദ്യത്തെകൊല്ലം പള്ളീലച്ചനായിട്ടായിരുന്നു. പിന്നത്തെക്കൊല്ലം അയ്യപ്പസ്വാമി. അപ്രാവശ്യം ഞാനങ്ങനെ വേല് മുരുകന്റെ വേഷം കെട്ടി കുട്ടപ്പനായി നില്ക്കുമ്പോഴാണു കരണന് ചിറ്റപ്പന്റെ വെളിപാട്,മുരുകന്റെ മുണ്ട് കഥകളി പോലെ തോന്നിക്കുന്നു. മുണ്ട് വേണ്ടാ പട്ടു കോണകം മതി. അതു കേള്‍ക്കാത്ത താമസം ചിറ്റപ്പന്റെ സില്‍ബന്ധി കാളമണിയന്‍ എന്റെ മുണ്ട് വലിച്ചു ഉരിഞ്ഞു. പട്ടു കോണകം സംഘടിപ്പിച്ചു വരുന്നതുവരെ ഞാന്‍ സ്റ്റേജിനു പിറകിലെ ക്ലാസ്മുറിയില്‍ കഴുക്കാണി ആയി പിറന്ന പടി , അയ്യേ..
“ അണ്ണാ , പായമ്മച്ചീടെ പാക്കുവെട്ടി എടുത്തോണ്ടു വരട്ടേ? ഇവന്റെ പിടുക്കു് അതു വച്ച് വെട്ടിയിങ്ങെടുക്കാം”
കാള മണിയന് കരണന് ചിറ്റപ്പനോടു പറഞ്ഞതു കേട്ടു ജനാലയിലൂടെ നോക്കിനിന്ന പെണ്പിള്ളേര് പൊട്ടിച്ചിരിച്ചു. അവര്‍ ചിരിച്ചതാണു പിടുക്കു പോകുന്നതിനെക്കാള്‍ എനിക്കു വിഷമമായതു്. അരയിലൊരു കറുത്ത ചരട് കെട്ടി , ചുവന്ന പട്ടുകോണകം ഉടുപ്പിച്ചു കരണന് ചിറ്റപ്പന്. സ്റ്റേജില്‍ നിന്നും ഇറങ്ങിയപ്പോള്‍ എനിക്കു സംശയം കോണകമുടുത്തു മുരുകനായി നിന്ന എന്നെക്കണ്ട് കുട്ടികള്‍ ചിരിക്കുകയായിരുന്നോ എന്നു.
അപ്പോഴത്തെ വെപ്രാളത്തില്‍ ഒന്നും ശരിക്കങ്ങു മനസ്സിലായില്ല. അപ്പോഴാണു സിസിലിറ്റീച്ചറുടെ ശബ്ദം.
“ എടേ പട്ടുകോണകം, ഇങ്ങോട്ട് വാ. നാണവും മാനവും ഇല്ലാതെ പബ്ലിക്കായി. എന്ത്വാടേ ഇതു?” ഞാന്‍ കരഞ്ഞു പോയി. അന്നുമുതല്‍ എന്റെ ഇരട്ടപ്പേര് ‘പട്ടുകോണകന്‍’ എന്നും ആയി. കരണന് ചിറ്റപ്പനാണു ഇതിനെല്ലാത്തിനും.........
ചിറ്റപ്പന് സാധാരണപോലെ ബനിയന് അല്പം പൊക്കിവച്ചു കുടവയറും തടവി ചാരിക്കിടക്കുന്നു. ആശുപത്രി ബെഡാണെന്നൊരു വ്യതാസം മാത്രം. അച്ഛന് ഒന്നും മിണ്ടാതെ സ്റ്റൂളില്‍ ഇരുന്നു. ബെഡില്‍ ചേര്‍ത്തു ചാരി വച്ചിരുന്ന അച്ഛന്റെ കാലന്‍കുട താഴെ വീണു. ചിറ്റപ്പന് ചിരിച്ചുകൊണ്ട് വര്‍ണ്ണക്കടലാസില്‍ ഉണ്ടാക്കിയ രണ്ടു തത്തകള്‍ എനിക്കു തന്നു.
“ ഇന്നുണ്ടാക്കിയതാ, ഇവിടെക്കിടന്നു ബോറഡിച്ചപ്പോള്‍. നീ എടുത്തോ” കരണന് ചിറ്റപ്പനു ഒരുപാടു സാധനങ്ങള്‍ ഉണ്ടാക്കാനറിയാം. പട്ടങ്ങള്‍ തന്നെ പല തരത്തില്‍. വാലുള്ളതു്. വാലില്ലാത്തതു്. കുഞ്ചലം വച്ചതു്. മൂന്നുനാലു പട്ടങ്ങള്‍ കൊരുത്ത അടുക്കു പട്ടങ്ങള്‍.കിളികള്‍, തോരണങ്ങള്‍. ഇതെല്ലാം ഉണ്ടാക്കുമ്പോള്‍ കരണന് ചിറ്റപ്പന്റെ വിരലുകള്‍ ചലിക്കുന്നതു കാണാന്‍ തന്നെ നല്ല രസമാണു. മുടിപ്പുരയിലെ ഉത്സവത്തിനു എല്ലാരും പട്ടം പറത്തും. കരയിലുള്ള ഒട്ടുമുക്കാല്‍ പിള്ളേരുടേയും പട്ടങ്ങള്‍ക്കു സൂക്ഷം കെട്ടിക്കൊടുക്കുന്നതു ചിറ്റപ്പനാണു്.സൂക്ഷം ശരിയായി കെട്ടിയില്ലെങ്കില്‍ പട്ടം പറന്നു പൊന്തില്ല.
കാള മണിയന് ചിറ്റപ്പനു കാപ്പിയും ഓറഞ്ചും ഒക്കെയായി വന്നു. ഒരു ഓറഞ്ചെടുത്തു ചിറ്റപ്പന് എന്റെ നേരേ നീട്ടി.എനിക്കു സങ്കടം വന്നു. എന്റെ പകയും ദേഷ്യവും ഒക്കെ അലിഞ്ഞു. ‘ എന്റെ മുടിപ്പുര ദേവീ, കരണന് ചിറ്റപ്പന് ചത്തുപോകാതെ നോക്കണേ’
“അണ്ണാ, രാജസ്ഥാനിലോ യൂപ്പിലോ എവിടെയോ യന്ത്രക്കാലു വച്ചു പിടിപ്പിക്കുന്ന ആശുപത്രി ഉണ്ടെന്നു ഡാക്ടര് പറഞ്ഞു”
“ നമുക്കു അന്വേഷിക്കാം കരണാ. ആദ്യം മുറിവുണങ്ങട്ടെ” അച്ഛന് പറഞ്ഞു.
ചിറ്റപ്പനെ കാളമണിയന്‍ കട്ടിലില്‍ ഒന്നു ഏന്തിച്ചു ഇരുത്താന്‍ ശ്രമിച്ചപ്പോഴാണു ഞാന്‍ കണ്ടതു. കരണന് ചിറ്റപ്പന്റെ വലത്തേ മുട്ടിനു താഴെ കാല് ഇല്ല. അയ്യോ... മുട്ടിനുതാഴെ വെളുത്ത തുണികൊണ്ട് കെട്ടി വച്ചിരിക്കുന്നു. ഇനിയിപ്പൊ ചിറ്റപ്പന് എങ്ങനെ നടക്കും? ഇത്രയും വേദനയുണ്ടായിട്ടും ചിറ്റപ്പന് എങ്ങനെ ചിരിക്കുന്നു? എങ്ങനെ വര്‍ണ്ണക്കടലാസില്‍ തത്തകളെ ഉണ്ടാക്കുന്നു?
ഡാക്ടരന്മാര് ചിറ്റപ്പന്റെ കാലു മുറിച്ചു കളഞ്ഞതാണെന്നു അച്ഛന് പറഞ്ഞു. എങ്ങനെയാ അവര്‍ കാലു മുറിക്കുന്നതു? ഇത്രയും വലിയ പാക്കുവെട്ടിയുണ്ടാവോ ഡാക്ടര്‍മ്മാരുടെ കയ്യില്‍? പാവം ചിറ്റപ്പന്.
പായമ്മ ചിറ്റപ്പനെ കാണാന്‍ അശുപത്രിയില്‍ പോയില്ല.
“ പായമ്മേ നീയ്യ് അവനെപ്പോയൊന്നു കാണു്, എത്രകാലമെന്നു പറഞ്ഞിട്ടാ ഈ വാശിയും വൈരാഗ്യവും?”
കൊച്ചപ്പൂപ്പന്‍ എത്ര നിര്‍ബന്ധിച്ചിട്ടും പായമ്മ കേട്ടില്ല. ഒന്നും മിണ്ടിയും ഇല്ല. പായമ്മയുടെ നാവും ചുണ്ടുകളും മുറുക്കാന്‍ കറ കൊണ്ട് കൂടുതല്‍ ചുവന്നതുപോലെ. ഈ പായമ്മയ്ക്കു ആരെയും ഇഷ്ടമല്ലേ? മൂന്നപ്പൂപ്പന്മാരില്‍ ആരെയാ കൂടുതലിഷ്ടം? മക്കളില്‍ ആരോടാ കൂടുതല്‍ സ്നേഹം? കരണന് ചിറ്റപ്പന്റെ അച്ഛന് ഈ മൂന്നപ്പൂപ്പന്മാരില്‍ ആരാണ്? എന്നെങ്കിലും ഞാന്‍ ചോദിക്കും പായമ്മയോട്.
വക്കീലിന്റെ എഴുത്തുവന്നു. പായമ്മയ്ക്കു വായിക്കാനറിയില്ല. ഞാനാ വായിച്ചു കൊടുത്തതു്. കേസിന്റെ അടുത്ത ഡേറ്ററിയിച്ചതാണു്.അന്നു കരണന് ചിറ്റപ്പനെ രക്ഷിക്കാന്‍ പോയ ഏറ്റവും ഇളയ രണ്ടു ചിറ്റപ്പന്മാര് ഇപ്പോഴും ജയിലിലാണു്. സ്വന്തം ചേട്ടന്റെ മകളെ കരണന് ചിറ്റപ്പനുമായി മുട്ടിച്ചതു കാളമണിയന്‍ തന്നെ.അവളുടെ അച്ഛന് ആശുപത്രിയില്‍ രാത്രി കാവലാണു പണി.അന്നു പക്ഷേ ചിറ്റപ്പന് പെട്ടുപോയി.രാത്രി തന്നെ തിരിച്ചു വന്ന അയാള്‍ കരണന് ചിറ്റപ്പനെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു. ഉലക്കയിട്ടു പെണ്ണിന്റെ തന്തയുടെ തലയില്‍ അടിച്ചതു മാധവന് ചിറ്റപ്പന്.വിക്രമന് ചിറ്റപ്പന് കഴുത്തു ഞെരിച്ചത്രേ. എന്നും രാത്രി അവളുടെ കൂടെയുണ്ടാകാറുള്ള കരണന് ചിറ്റപ്പന്റെ പേരു് എഫ് ഐ ആറില്‍ ഇല്ല. അവളു പോലീസിലും കോടതീലും കൊടുത്ത മൊഴിയിലും കരണന് ചിറ്റപ്പന്റെ പേരു പറഞ്ഞിട്ടില്ല.മറ്റു ചിറ്റപ്പന്മാര് രക്ഷപ്പെടില്ലത്രേ, കൊലക്കേസല്ലേ. പാവം ചിറ്റപ്പന്മാര്.
മട്ടുപ്പാവുള്ള ഒരേ ഒരു വീടു അന്നു കരണന് ചിറ്റപ്പന്റേതു മാത്രം. പട്ടം പറത്തുന്നതിനിടയില്‍ മൂത്രമൊഴിക്കാന്‍ ഞാന്‍ താഴെ ഓടി. സുഭദ്ര ചിറ്റ വിറകു പുരയുടെ മൂലയ്ക്കു കുനിഞ്ഞിരുന്നു കരയുന്നു.
ചിറ്റപ്പന് സുഭദ്രച്ചിറ്റയുടെ മൂത്രമൊഴിക്കുന്ന സ്ഥാനത്തു വെള്ളപ്പാവാടയുടെ മുകളിലൂടെ വലതുകാല്‍ വച്ച് അഞ്ഞാഞ്ഞു ചവിട്ടുന്നു.
“ എരുമേ, നീ എന്റെ ജീവിതം തകര്‍ത്തു.”
കറുത്തതാണു ചിറ്റ. മുതുകത്തമ്പിടി തേമലും.
ചിറ്റയുടെ വെള്ളപ്പാവാടയില്‍ മുറുക്കിത്തുപ്പിയതുപോലെ ചോര. ചിറ്റ മട്ടുപ്പാവുള്ള വീട്ടിലെ വിറകുപുരയില്‍ നിന്നും വെള്ളപ്പാവാടമാത്രമുടുത്തു, അടിവയറ്റില്‍ നിന്നും വാര്‍ന്നൊഴുകുന്ന രക്തവുമായി, പാതി തുറന്ന ജമ്പറുമിട്ടു പായമ്മയുടെ വീട്ടിലേയ്ക്കു ഓടി. പിറകേ കരണന് ചിറ്റപ്പനും.
ലോകത്താരെയും ഇഷ്ടമില്ലാത്ത പായമ്മ എന്തിനാ എരുമ പോലെ കറുത്ത സുഭദ്രചിറ്റയെ കെട്ടിപ്പിടിച്ചതു? പടികയറിവന്ന കരണന് ചിറ്റപ്പന്റെ നേരേ മണ്ടയ്ക്കാട്ടു കൊടയ്ക്കു ചിറ്റപ്പന് തന്നെ വാങ്ങിക്കോണ്ടുവന്ന പാക്കുവെട്ടി പായമ്മ എന്തിനാ ആഞ്ഞെറിഞ്ഞതു?
പാവം കരണന് ചിറ്റപ്പന്. ഒന്നരക്കാലുമായി ഇനി...
Friday, April 11, 2008
Subscribe to:
Post Comments (Atom)
30 comments:
പാക്കുവെട്ടി
ഈ പാക്കു വെട്ടിയ്ക്കു് ഒത്തിരി കഥകള്‍ പറയാനുള്ളതു പോലെ. :)
ബ്ലോഗില്‍ വായിച്ച നല്ല കഥകളിലൊന്ന്.നല്ല ഭാഷയും ശൈലിയും. ഹരിതിന്റെ എഴുത്തില്‍ നല്ല മാറ്റം വന്നതായും തോന്നുന്നു.അഭിനന്ദങ്ങള്‍.(ചില സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് പറയുന്ന രീതിയിലല്ലല്ലോ).
ചിലയിടങ്ങളില്‍ ചില സംശയങ്ങള്‍ വന്നെങ്കിലും നല്ല എഴുത്ത്, മാഷേ.
ഈ കഥ എവിടെയൊക്കെയോ ഉറങ്ങിക്കിടന്ന ഓര്‍മ്മകള്‍ ചികഞ്ഞെടുപ്പിച്ചു. ചില കഥാപാത്രങ്ങളെ കണ്ടു നല്ല പരിചയം. ഇഷ്ടപ്പെട്ടു. :-)
ഇവിടെ ആദ്യമായാണ്.
എഴുത്ത് ശ്ശ്യ പിടിച്ചു.
കാഥാപാത്രങ്ങളോട് വ്യക്തിപരിചയമുള്ള പോലെ...
വരാം
ഈ പുതിയ സ്റ്റൈല്‍ സ്റ്റൈലായിട്ടുണ്ട് ഹരിതന്ജീ.. കിണ്ണം കാച്ചി എഴുത്ത്.. പാത്രസൃഷ്ടി ബഹുകേമം! ഒറിജിനല്‍ സാധനങ്ങളാണോ? അടിമേടിക്കുമോ?
ങേഹേ.. എനിക്കു അസൂയ ഒട്ടും വെരുന്നില്ല.. ങ്ഹാ..
മഷെ..
വഡോവസ്കിയോട് യോജിക്കുന്നു...
ബ്ലൊഗില്‍ വായിച്ച നല്ല കഥകലിലൊന്ന്,
ഒപ്പം വ്യത്യസ്ഥം...
ആശംസകള്‍...
ഇനിയും വരാം ഇതു വഴിയെല്ലാം....
:)
ഹരിത്,
കഥയുടെ അവതരണവും
ഭാഷയും വളരെ ഇഷ്ടപ്പെട്ടു.
I am sure, this is one of your best ! തുടരുക, ബൂലോകത്ത് ഇനിയും നല്ല കഥകള്‍ ഉണ്ടാകട്ടെ.
‘ജീവിതത്തില്നിന്നടറ്ത്തിയെടുത്ത’എന്നൊക്കെ
പറയില്ലെ,അതുപോലെ തോന്നി ഹരിത്.
നല്ല നറേഷനും.
നല്ല കഥ. നന്നായി ഇഷ്ടപ്പെട്ടു ‘പാക്കുവെട്ടി’.
ഒരുപാട് ഇഷ്ടമായി ഈ കഥ.
ഹരിതെ പാക്കു വെട്ടി പേരു കേട്ടപ്പോള്‍
ഞാന്‍ എന്റെ മരിച്ചു പോയ മുത്തശിയെ ഒരു നിമിഷം ഓര്‍ത്ത് പോയി
നല്ല അവതരണം
ഇഷ്ടപ്പെട്ടു.
വേണുജി, ഇവിടെ വന്നതിനും പാക്കുവെട്ടി വായിച്ചതിനും വളരെ നന്ദി.
വടവോ, വളരെ നന്ദി. എഴുത്തിനെ സീരിയസായി കാണാന്‍ താങ്കളുടെ അഭിപ്രായങ്ങള്‍ എപ്പോഴും പ്രേരിപ്പിക്കുന്നു. സംഭാഷണങ്ങള്‍ ശ്രദ്ധിക്കാം. ചെറിയ മിനുക്കു പണികള്‍ ചെയ്യാം.
ശ്രീ, നന്ദി. സംശയം തോന്നാനിടയുണ്ട് എന്നു എനിക്കു തോന്നിയ ഒരു ഭാഗം അല്പം കൂടെ സ്പഷ്ടമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ശ്രീവല്ലഭന്ജിയ്ക്കു ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.
നജൂസിനു സ്വാഗതം. കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടെന്നറിയുമ്പോള് സന്തോഷം.
പാമരന്ജി, ഇത്രയ്ക്കങ്ങു പുകഴ്ത്തിയാല്‍ എനിക്കു അഹങ്കാരം കൂടും. നല്ല വാക്കുകള്‍ക്കു വളരെ നന്ദി. കഥ ഒരിജിനല് തന്നെ . എവിടെ നിന്നും അടിച്ചു മാറ്റിയതല്ല. കഥാപാത്രങ്ങള്‍ ഒര്‍ജിനലല്ല. അവിടെയും ഇവിടെയും ഒക്കെ കണ്ടുമറന്ന ചിലരുടെ ചില സ്വഭാവങ്ങള്‍ അവിടെയും ഇവിടെയും ഒക്കെ ഉണ്ടാകാം.അടിമേടിക്കാന്‍ കാരണങ്ങള്‍ കാണുന്നില്ല. പാമുവിനു കഷണ്ടിയില്ലാത്തതുകൊണ്ട് അസൂയയും ഉണ്ടാവില്ല. രണ്ടിനും ഒരേ ഒറ്റ്മൂലിയല്ലേ ഉള്ളൂ. :)
പുടയൂരിനു സ്വാഗതം. വളരെ നന്ദി.
ഗോപനു ഒരുപാടു നന്ദി. വെറുതെ ഒരു തമാശയ്ക്കു തുടങ്ങിയെ ബ്ലോഗെഴുത്തു നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ കൊണ്ട് ഇപ്പൊ ഒരുപാടു സീരിയസായിത്തന്നെ എടുക്കുന്നു.
ഭൂമിപുത്രിയ്ക്ക്, പ്രോത്സാഹനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി.
സാരംഗി ആദ്യമായിട്ടാണു ഇവിടെ , അല്ലേ? സ്വാഗതം. നന്ദി.
വാത്മീകീ, അനൂപ്, സന്തോഷ് , കഥ ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.
ഹരിത്, നന്നായെഴുതി.
കരണന് ചിറ്റപ്പന് അങ്ങനെതന്നെ വരണമല്ലോ.......
കഥ നന്നായിട്ടുണ്ട്, ഹരിത്.
നന്നായി ഹരിത്. വിഷയങ്ങളിലെ വൈവിധ്യം ശ്രദ്ധേയമാണ്.
:)
Excellent Story which is written in a very serious manner. Keep it up and hoping more to come.
A good Story Harith Bhai.
naattumpuraththe eththiya pole thOnni
:-)
Upasana
ആശാനെ, ഞാന്‍ കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരാണോ, അവരുടെ കയ്യീന്ന് അടി മേടിക്കുമോന്നാ ചോദിച്ചത്.. തെറ്റിദ്ധരിച്ചില്ലല്ലോ?
ഹരിത്തേ,
ഇഷ്ടമാകുന്നു കഥകളൊക്കേയും..
നന്നായി കഥ പറഞ്ഞിരിക്കുന്നു.
പടിപ്പുര, ഗീത , ഗുപ്തന്, ഹാരിസ്,അനോണി, ഉപാസന, പീ ആര്, ഇഞ്ചി ഇവിടെ വന്നു കഥ വായിച്ചു അഭിപ്രായം പറഞ്ഞതിനു നന്ദി.
പാമരനോളം ഇല്ലെങ്കിലും അല്പം വിശേഷബുദ്ധി എനിക്കും കിട്ടിയിട്ടുണ്ട്. അതുകൊണ്ട് പാമു ആദ്യം എഴുതിയതു ശരിയായിത്തന്നെ മനസ്സിലായി. പിന്നെ ഒരു അല്പം അനര്‍ത്ഥം കൂട്ടിച്ചേര്‍ത്തു ഉത്തരം പറഞ്ഞപ്പോള്‍ , അത്രയേ ഉള്ളൂ.
വായിച്ചവര്‍ക്കെല്ലാം നന്ദി
കാണാന്‍ കുറച്ച് വൈകിയെങ്കിലും കഥ വളരെ ഇഷ്ടമായി ഹരിത്തേ. ഫ്ലാഷ് ബാക്കിലേക്കുള്ള പോക്ക് ആദ്യം മനസ്സിലായില്ല. രണ്ടാമതും വായിച്ചപ്പം പിടി കിട്ടി.
വളരെ നന്ദി പപ്പൂസേ,
ഹരിത്
നല്ല കഥ. നന്നായി പറഞ്ഞിരിക്കുന്നു. ഇഴമുറുക്കത്തോടെ.
നന്ദി സെബിന്
വരാന്‍ വൈകി ഹരിത്.
ഒരു കഥക്കുള്ളില്‍ തന്നെ രണ്ട് ദൃഷ്ടികോണ്..നല്ല ആശയം, നല്ല ഒതുക്കം, നല്ല അവതരണം.
Post a Comment