Thursday, May 22, 2008

ദാമോരന്‍

‘ദാമോരാ’ എന്നു നീട്ടിവിളിച്ചാല്‍ മതി അവനെത്തും. മൊട്ടത്തലയന്‍. ഗ്രഹണിപിടിച്ച വയറും കാട്ടി, വലത്തേ തോളില്‍ നിന്നും ഊര്‍ന്നിറങ്ങിക്കിടക്കുന്ന വള്ളിയുള്ള നരച്ച നിക്കറും ഇട്ടു്, പോളിയൊ ബാധിച്ച കാലുകളും ഏന്തിച്ചു കോളേജ് കാന്‍റീനിനടുത്തുള്ള ഇടവഴിയില്‍ അപശകുനം പോലെ.

ദാമോരനു അടിയന്തരാവസ്ഥയെക്കാള്‍ പന്ത്രണ്ടോ പതിമ്മൂന്നോ വയസ്സേ കൂടുതല്‍ കാണൂ. ഒരിക്കലും വിശപ്പടങ്ങാത്ത ദാമോരന്‍ മഞ്ഞ കോന്ത്രപ്പല്ലുകള്‍ ഇളിച്ചു കാട്ടി യാചിക്കും,
“ അണ്ണാ, ഒരു 4 അണ താടാ”.
പൈസ കൊടുത്താല്‍ കാലില്‍ തൊട്ടു തൊഴും. കൊടുത്തില്ലെങ്കില്‍ “ പോടാ പട്ടീ... മൈ....” എന്നൊക്കെ വിളിയ്ക്കും. ബി ഏയ്ക്കു പഠിക്കുന്ന ചേച്ചിമാര്‍ കേള്‍ക്കും എന്നതൊന്നും തെറി വിളിയ്ക്കുന്ന സമയത്തു ദാമോരനു പ്രശ്നമല്ല. അമ്പതു പൈസ കൊടുത്താല്‍ പ്രതിഫലമായി ആരോടു വേണമെങ്കിലും എന്തും പറയും അവന്‍. കോളേജിനു തൊട്ടപ്പുറത്തുള്ള സ്കൂളില്‍ നിന്നും പാസായി വന്നവര്‍ക്കു പഴയ സാറന്മാരോടുള്ള
വിരോധം തീര്‍ക്കാനും ദാമോരന്‍ അമ്പതു പൈസ റേറ്റ് ഫിക്സ് ചെയ്തിട്ടുണ്ടായിരുന്നു. സ്കൂളില്‍ ക്ലാസ്സ് നടക്കുമ്പോള്‍,ദാമോരന്‍ ഏന്തി ഏന്തിനടന്നു സ്കൂളിലെ ക്ലാസ് റൂമില്‍ കയറിച്ചെല്ലും. മൊട്ടത്തല ചരിച്ചു പിടിച്ചു ക്രാവി ക്രാവി നോക്കി, ഉച്ചത്തില്‍ ചോദിക്കും.
“ സാറേ, ആട്ടിന്‍ കുട്ടി ഉണ്ടോ..... ബ്ബേഏഏഏ......”
ആട്ടിന്‍ കുട്ടി, ആ സാറിന്‍റെ ഇരട്ടപ്പേരാണു്. ക്ലാസ്സ് ഇളകി മറിയും.കൂകി വിളിയ്ക്കും. ആട്ടിന്‍ കുട്ടിയുടെ പഴയ സ്റ്റൂഡന്‍റ്സ്, അങ്ങേരുടെ ക്രൂരതകള്‍ക്കു പകരം വീട്ടിയ സന്തുഷ്ടിയോടെ കോളേജ് കാമ്പസ്സിന്‍റെ സുരക്ഷിതത്വത്തില്‍
രസിച്ചിരിക്കും. ഈ കലാപരിപാടികള്‍ ഹിറ്റ്ലര്‍,ആട്ടുകല്ല്, അരുവട്ടി, ഫാമറ്, കമ്പം, അസ്ഥിക്കറുപ്പന്‍,ജുബ്ബാ, കുഞ്ഞിരാമന്‍ എന്നീ വീരശൂരപരാക്രമികളായ സാറന്മാരുടെ ക്ലാസ്സുകളിലും ആവര്‍ത്തിക്കും. ദാമോരനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്കു തെറികൊണ്ടന്നു അഭിഷേകം ആയിരിക്കും. അതുകൊണ്ട് സാധാരണ അവന്‍റെ ഇരകള്‍ നാണക്കേടു കരുതി എല്ലാം സഹിക്കും. ഒരിക്കല്‍ പട്ടത്തി ഭാഗ്യലക്ഷ്മിയുടെ സാരിത്തുമ്പില്‍ പിടിച്ചു വലിച്ച് “ ചേച്ചീ ഒരു രണ്ട് രൂപാ തരാന്‍ കെടക്കിണാ” എന്നു ചോദിച്ചതില്‍ ദ്വയാര്‍ത്ഥം ആരോപിച്ചു അവളുടെ കാമുകന്‍ തോമസ് എബ്രഹാം ദാമോരനെ വലത്തേ കൈ വീശി ഒറ്റ അടി വച്ചുകൊടുത്തു. ദാമോരന്‍ അലറിക്കരയാന്‍ തുടങ്ങി. കോളേജങ്കണത്തിലെ രാഷ്ട്രീയ വടവൃക്ഷത്തിന്‍ ചുവട്ടില്‍ മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി അലമുറയിട്ടുകൊണ്ടേയിരുന്നു. പട്ടത്തിയും എബ്രഹാമും തമ്മിലുള്ള പ്രണയരഹസ്യങ്ങളൊക്കെ ദാമോരന്‍ കരച്ചിലിനിടയില്‍ പബ്ലിക്കായി വിളിച്ചു പറയുന്നുമുണ്ടായിരുന്നു. അവരുടെ സിനിമാതീയേറ്റര്‍ കഥ പറഞ്ഞു കഴിഞ്ഞ് അവധിദിവസങ്ങളിലെ എക്സ്റ്റ്രാക്ലാസെന്ന കള്ളപ്പേരില്‍ അറിയപ്പെടുന്ന പ്രണയ സമാഗമങ്ങളുടെ ഭാണ്ഡം ദാമോരന്‍ തുറക്കും
എന്നായപ്പോള്‍ നിവര്‍ത്തിയില്ലാതെ എബ്രഹാം 5 രൂപാ കൊടുത്തു വല്ലവിധത്തിലും അവന്‍റെ കരച്ചില്‍ യജ്ഞം അവസാനിപ്പിച്ചു് തടിയൂരി.

ഫിസിക്സ് ലക്ചറര്‍ സോമശേഖരന്‍ സാര്‍ ഐലന്‍റ് എക്സ്പ്രസിന്‍റെ നെറുകയിലേയ്ക്ക് റയില്‍ പാതയിലൂടെ നടന്നു നടന്നു കയറുന്നതിനും ഒരാഴ്ച മുന്‍പാണു, ദാമോരന്‍ ലാബില്‍ കയറിവന്നതു്. വെര്‍ണിയര്‍ കാലിപ്പേഴ്സ് എങ്ങനെ ഉപയോഗിക്കണം എന്നു ഡെമോണ്‍സ്റ്റ്രേറ്റ് ചെയ്തുകൊണ്ടിരുന്ന സാറിനെ തൊട്ട് “അച്ഛാ, അച്ഛാ,... വിശക്കുന്നു അച്ഛാ..” എന്നു പറഞ്ഞു കൊണ്ടേയിരുന്നു. പ്രാക്റ്റിക്കല്‍ ക്ലാസ്സില്‍ റെക്കാര്‍ഡ് ബുക്കു കൊണ്ട് വരാത്തതിനു സോമ ശേഖരന്‍ സാര്‍ പുറത്തിറക്കിവിട്ടവരിലാരുടെയോ ക്രൂരമായ പ്രതികാരം. ക്ലാസ്സില്‍ വല്ലാത്ത മൂകത. സാര്‍ ഒന്നും മിണ്ടാതെ കുറേ നേരം കുനിഞ്ഞിരുന്നു. പിന്നെ പതുക്കെ സ്റ്റാഫ് റൂമിലേയ്ക്കു പോയി.പിന്നത്തെ ആഴ്ച സാറിനു ഞങ്ങളുടെ പ്രാക്റ്റിക്കല്‍ ക്ലാസ്സെടുക്കാന്‍ കഴിഞ്ഞതുമില്ല.

അടിയന്തരാവസ്ഥ എതിര്‍ക്കപ്പെടേണ്ടതാണെന്ന ആശയം കോളേജിലെ സുന്ദരനും, ബുദ്ധിജീവിയും, സാഹിത്യകാരനും ഒക്കെയായ ഇങ്ഗ്ലീഷ് ലക്ചറര്‍ക്കാണ് ആദ്യം തോന്നിയതു. അങ്ങനെ ഞങ്ങള്‍ കുറച്ചു വിപ്ലവകാരികള്‍ അടിയന്തരാവസ്ഥയ്ക്കെതിരായി പോസ്റ്റര്‍കള്‍ എഴുതി. ആരു ഇതു കോളേജില്‍ ഒട്ടിയ്ക്കും? ആരെങ്കിലും കണ്ടുപിടിച്ചാല്‍ ഞങ്ങള്‍ എല്ലാം ഉടനേ അകത്താവും. എല്ലാവര്‍ക്കും ചെ ഗുവേരയാകണം. രക്തസാക്ഷിയാകാന്‍ ആളില്ലാതെയായി. ഒടുവില്‍ ദാമോരനെക്കൊണ്ട് പോസ്റ്റര്‍ ഒട്ടിയ്ക്കുവാന്‍ തീരുമാനമായി. ദാമോരനു 10 രൂപാ കൊടുത്തു ഞങ്ങള്‍ വിപ്ലവം ഔട്ട് സോഴ്സ് ചെയ്തു. ദാമോരന്‍ ഞായറാഴ്ച പോസ്റ്റര്‍ ഒട്ടിച്ചു. തിങ്കളാഴ്ച അവന്‍ കൃത്യമായും വൃത്തിയായും അകത്തായി. ലക്ചറര്‍ രണ്ട് മാസത്തെ അവധിയെടുത്തു പോയി. ഞങ്ങള്‍ ഒരാഴ്ച മുങ്ങി നടന്നു. പിന്നെ പരീക്ഷയായി, പങ്കപ്പാടായി. റിസല്‍റ്റ് വന്നു. ഞങ്ങള്‍ പലവഴിയ്ക്കും പിരിഞ്ഞു പോയി.

ദാമോരനെ പണ്ടേ മറന്നിരിയ്ക്കുകയായിരുന്നു. ഇന്നലെ എയര്‍പോര്‍ട്ടില്‍ നിന്നും വരുന്ന വഴിയ്ക്കു മെയിന്‍ ‍റോഡില്‍ ജാഥകാരണം, അപ്രോച്ചു റോഡില്‍ കാര്‍ ജാമായി കിടക്കുകയായിരുന്നു. വീട്ടിലെത്താനുള്ള ആകാംക്ഷയില്‍ ജാഥയെ ശപിച്ചുകൊണ്ട് ഒരു പെപ്സി കുടിയ്ക്കാന്‍ മുറുക്കാന്‍ കടയിലേയ്ക്കു നടക്കുമ്പോഴാണു ദാമോരനെ കണ്ടതു.
റ്റാര്‍പ്പാളിനും പഴയ ഫ്ലെക്സ് ബാനറുകളും കൊണ്ടു കൂരയുണ്ടാക്കിയ ഒരു കുടിലിന്‍റെ മുന്നില്‍. ചേരിയിലെ അവസാനിക്കാത്ത ദുര്‍ഗന്ധമാര്‍ന്ന വ്യഥപോലെ ഒരു ചാക്കു തുണ്ടില്‍ ചോദ്യചിഹ്നമായി ദാമോരന്‍. പ്രായം
അല്പം നരപ്പിച്ചിട്ടുണ്ട്.

“ ദാമോരാ, ദാമോരാ...ഞാന്‍....”
ദാമോരന്‍ ഒന്നും മറന്നിട്ടില്ല.

“ അണ്ണാ , അന്നു പോലീസ് അടിച്ചു നടുവൊടിച്ചിട്ടും അണ്ണമ്മാരുടെ പേരൊന്നും ഞാമ്പറഞ്ഞില്ല.”
ചേരിയിലെ ഒരു വേശ്യയാണു നടുവൊടിഞ്ഞു കിടപ്പിലായ ദാമോരനെ വര്‍ഷങ്ങളായി നോക്കുന്നതു.പെഴ്സ് തുറന്നു കുറച്ചു പണം കൊടുത്തപ്പോള്‍ ദാമോരന്‍ വാങ്ങിയില്ല. തിരിച്ചു വണ്ടിയില്‍ ചെന്നു പെട്ടിതുറന്നു കൂട്ടുകാര്‍ക്കായി സൂക്ഷിച്ചിരുന്ന സ്കോച്ച് എടുത്തു ദാമോരന്‍റെ
അടുത്തെത്തി.
“ ദാമോരാ ഇതെങ്കിലും.......”
ദാമോരന്‍റെ കണ്ണുകളില്‍ ആസക്തിയുടെ കൊള്ളിയാന്‍ മിന്നി. ചുണ്ടുകള്‍ കൊതിയോടെ കൂര്‍ത്തു. മൊട്ടത്തല ചരിച്ചു പിടിച്ചു അവന്‍ സ്വാര്‍ത്ഥതയോടെ കെനീട്ടി.

ദാമോരന്‍ ഇതെങ്കിലും വാങ്ങിയില്ലായിരുന്നെങ്കില്‍ ഞാന്‍ കരഞ്ഞു പോകുമായിരുന്നു.

30 comments:

കാര്‍വര്‍ണം said...

:(

nannayirikkunnu

ഹരിത് said...

നന്ദി കാര്‍വര്‍ണം

vadavosky said...

വളരെ നന്നായി എഴുതിയിരിക്കുന്നു.

Dinkan-ഡിങ്കന്‍ said...

ഹൃദ്യം

Gopan | ഗോപന്‍ said...

നന്നായിരിക്കുന്നു ഹരിത്. :)

Sathees Makkoth | Asha Revamma said...

നന്നായിട്ടുണ്ട്

മൂര്‍ത്തി said...

നന്നായിട്ടുണ്ട് ഹരിത്..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ലളിതം ഹൃദ്യം

yousufpa said...

ഹരിത്,
ഹ്‌റ്ദയത്തില്‍ തട്ടി നന്നായി എഴുതി.

Unknown said...

ദാമോദരനെപോലെ ഒരു കഥാപാത്രം
ഞങ്ങളുടെ നാട്ടിലുണ്ട്
പേര് കുഞ്ഞിപൈലി
ഈ പറഞ്ഞ ഗുണഗണങ്ങളൊക്കുയുള്ള
ഒരു കഥാപാത്രം

കാപ്പിലാന്‍ said...

നന്നായി ,എന്നൊന്നും ഞാന്‍ പറയില്ല .ഇതൊക്കെ ചിന്നത് .ഇതിലും പെരിശ് വരാന്‍ കിടക്കുന്നു അല്ലേ ഹരിത് :)

ഹരിത് said...

കാര്‍വര്‍ണ്ണം: ആദ്യ കമന്‍റിനു വളരെ നന്ദി. ആദ്യമായിട്ടാണു് ഈ വഴി വന്നത് അല്ലേ? വീണ്ടും വരുമല്ലോ?

വഡവോ: കോടതിയടപ്പിച്ചു നാട്ടിലെത്തിയോ? നന്ദി.
ഡിങ്കന്‍ , ഗോപന്‍, സതീശ് , മൂര്‍ത്തി: നന്ദി. ആദ്യമായി ഇവിടെ കമന്‍റിട്ടതിനു സതീശ് മാക്കോത്തിനു സ്വാഗതം.
പ്രിയ , അത്കന്‍: കുറിപ്പ് ഇഷ്ടപ്പെട്ടെന്നറിയിച്ചതിനു നന്ദി.

അനൂപ്: നന്ദി. കുഞ്ഞിപ്പൈലിയെക്കുറിച്ചൊരു പോസ്റ്റിടൂ അനൂപ്.

കാപ്പിത്സ്: എന്താ കാപ്പിലാനന്ദ സ്വാമിയാകാന്‍ പോകുന്നോ? എല്ലാത്തിലും ഒരു വിരക്തി! ബ്ലോഗിങില്‍ അര്‍ത്ഥമില്ല എന്നൊക്കെ പറഞ്ഞു, ഫാന്‍സിനെ വിരട്ടുന്നു കാപ്പി. ഇനി ലോകമേ മായയാണെന്നു പറഞ്ഞു ഇറങ്ങിയാല്‍ മതി.നല്ല വാക്കുകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി.

Santhosh said...

നല്ല പോസ്റ്റ്.

പാമരന്‍ said...

ഹരിത്‌ജീ. വേദനിച്ചു.

പാഞ്ചാലി said...

ഈ പോസ്റ്റ് ഇഷ്ടമായി.

ശ്രീ said...

ശരിയ്ക്കും മനസ്സില്‍ തൊട്ടു മാഷേ...

പൈസ ചോദിയ്ക്കുന്നതും തെറി പറയുന്നതുമെല്ലാം വായിച്ചപ്പോള്‍ ഞാന്‍ പഠിച്ചിരുന്ന കോളേജിനടുത്തുണ്ടായിരുന്ന കുട്ടനെ ഓര്‍ത്തു. വനും ഇതു പോലെ എടാ ചേട്ടാ എന്നൊക്കെയാണ് വിളിയ്ക്കാറ്. ചിലപ്പോള്‍ ആരൊക്കെ കേള്‍ക്കുന്നുണ്ട് എന്നു നോക്കാതെ ആരോടാണ് പറയുന്നത് എന്നു ശ്രദ്ധിയ്ക്കാതെ ചീത്തയും വിളിയ്ക്കും.

ശ്രീവല്ലഭന്‍. said...

ഒരു കഥപോലെ തോന്നി. വളരെ നല്ല അനുഭവക്കുറിപ്പ്. :-(

വല്യമ്മായി said...

നല്ല കഥ ,നല്ല അവതരണം.

തറവാടി said...

ഹരിത് നല്ല കഥ(?)
മുറുക്കുള്ള അവതരണം.

Anonymous said...

അടിയന്തിരാവസ്ഥക്കാലത്തു ദാമോദരനു പത്തുറുപ്പിക കൊടുത്തു എന്നു പറഞ്ഞാല്‍ വിശ്ശ്വസിക്കാന്‍ പ്രയാസം. പിന്നെയാണു മനസ്സിലായതു, വിപ്ലവപത്രപ്രവറ്ത്തകരെപ്പോലെ വിശ്വസിപ്പിക്കന്‍ വേണ്ടി, നടന്ന സംഭവമ്പോലെ, നടന്നുകാണാന്‍ അവരാഗ്രഹിച്ച കാര്യങ്ങള്‍ എഴുതിയ ഒരു “കഥ” മാത്രമാണതെന്ന്.
സ്കോച്ചു കൊടുത്തതുകൂടി വായിച്ചപ്പോള്‍ മനസ്സിലായി അണികളെ കൂടെനിറുത്താ‍ന്‍ നേതാക്കള്‍ ചെയ്യുന്ന സങ്ഗതികളെ നന്നായി അറിയും ലേഖകനെന്ന്.
അവിടെപ്പോയി കല്ലെറിയ്, ഇവിടെപ്പോയി കല്ലെറിയ് എന്നു കുട്ടിസഖാക്കളോടും നോക്കുകൂലിക്കാരോടും പറയുന്ന നേതൃത്വത്തെ പരിഹസിച്ച ഈ കഥ നന്നായി.മതംകൊണ്ടോ മയക്കുമരുന്നുകോണ്ടോ പ്രത്യയശാസ്ത്രംകൊണ്ടോ കീഴടക്കപ്പെട്ട ദാമോദരന്മാരോട് അവിടെ ബോംബ് വക്കെട, ഇവിടെ ബോംബ് വക്കെട എന്നു പറയുന്നവര്‍, ദാമോദരനു പോലിസിന്റെ അടികിട്ടുമ്പോള്‍ ‘മനുഷ്യാവകാശം,പോട്ടാ ’ എന്നൊക്കെ വിളിച്ചുകൂവുന്നതുകൂടി ധ്വനിപ്പിക്കാമായിരുന്നു.
പത്തുറുപ്പികയും ഒരുകുപ്പി സ്കോച്ചും- വിപ്ലവ മൂലധനം തന്നെ!

ഹരിത് said...

സന്തോഷ്, പാമു, പാഞ്ചാലി: പോസ്റ്റ് ഇഷ്ടപ്പെട്ടെന്നറിഞ്ഞ്തില്‍ സന്തോഷം. നന്ദി.
ശ്രീ: അസുഖമായിരുന്നോ? ഇപ്പോള്‍ എല്ലാം ഭേദമായില്ലേ. കുട്ടന്‍റെ പോസ്റ്റും വായിച്ചു. വളരെ നന്നായിട്ടുണ്ട്.
ശ്രീവല്ലഭന്‍: പോസ്റ്റ് ആസ്വദിച്ചതില്‍ ആഹ്ലാദമുണ്ട്. നന്ദി.
വല്യമ്മായി, തറവാടി: കഥ (?) ഇഷ്ടമായതില്‍ സന്തോഷം.
അനോണി: “അപാരേ കാവ്യസംസാരേ കവിരേവ പ്രജാപതി” എന്നല്ലേ ചൊല്ല്. എഴുതണമെന്നു തോന്നി. അറിയാവുന്ന രീതിയില്‍ എഴുതി. എനിക്കുള്ള അതേ അതിരില്ലാത്ത സ്വാതന്ത്ര്യം അനോണി എന്ന വായനക്കാരനും , വ്യഖ്യാതാവിനും , നിരൂപകനും തത്തുല്യമായി ഉണ്ടല്ലോ. ഞാന്‍ അതിനെ ബഹുമാനിക്കുന്നു. പിന്നെ എഴുത്തുകാരന്‍ തന്നെ സ്വയം എഴുതിയതു വിശദീകരിക്കേണ്ടി വരുന്നതു എഴുത്തിന്‍റെ പരാജയമായി കണക്കാക്കുന്നതിനാല്‍ അതിനു മുതിരുന്നില്ല.( ആര്‍ക്കും സ്വയം പരാജയം ആണെന്നു സമ്മതിച്ചു തരാന്‍ ഇഷ്ടം കാണില്ലല്ലോ.)വായനാനുഭവം പങ്കുവച്ചതിനു വളരെ നന്ദി

യാരിദ്‌|~|Yarid said...

ഹരിത് മാഷെ, ഇപ്പോഴാ കാണുന്നതു, നല്ല ഒഴുക്കുള്ള എഴുത്ത്. നന്നായിട്ടെഴുതിയിരിക്കുന്നു..:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഇതൊരു കഥയായി തോന്നിയില്ല, കാരണം ഹരിത്‌ എഴുതേണ്ട രീതിയില്‍ (കൂടാതേയും കുറയാതേയും കുറിക്കു കൊള്ളുന്ന രീതിയില്‍)എഴുതിയിരിക്കുന്നു. വളരെ നന്നായിരിക്കുന്നു.

("അച്ഛാ വിശക്കുന്നു" എന്നത്‌ കേള്‍ക്കുമ്പോള്‍ തലകുനിച്ചിരിക്കുന്ന മാസ്റ്ററുടെ ചിത്രം മറ്റൊരു കഥയ്ക്കുള്ള സ്ക്കോപ്പ്‌ ആണ്‌. പറ്റുമെങ്കില്‍ ഒന്നു ശ്രമിച്ചു നോക്കു. )

ഹരിത് said...

യാരിദ്: നല്ല വാക്കുകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി.

ജിതേന്ദ്ര കുമാര്‍: അക്ഷരപ്പച്ചയിലേയ്ക്കു സ്വാഗതം. കമന്‍റിനു നന്ദി. കഥയായി എഴുതിയതല്ല. അങ്ങനെ ലേബലും കൊടുത്തിട്ടില്ല.
കഥയ്ക്കുള്ള സജഷനും നന്ദി. നോക്കട്ടെ.ഫിസീക്സ് സാര്‍ ഒരു നൊമ്പരമായി മനസ്സില്‍ എന്നും ഉണ്ടായിരുന്നു. കഥയായി പൊട്ടിമുളച്ചില്ല എന്നേയുള്ളൂ. ഒരീക്കല്‍ കൂടി നന്ദി

ചീര I Cheera said...

ഈ എഴുത്ത് വളരെ ഇഷ്ടായി.

സജീവ് കടവനാട് said...

എഴുത്ത് നന്നായിരിക്കുന്നു. :)

ഹരിത് said...

പീ. ആര്‍, കിനാവ് നന്ദി. വീണ്ടും വരിക.

ശ്രീ said...

അതെ, ഹരിത് മാഷേ. ചിക്കന്‍ പോക്സ് കാരണം രണ്ടാഴ്ച നാട്ടിലായിരുന്നു, ഇപ്പോ എല്ലാം ഭേദമായി, നന്ദി.

ഇനിയും ഇതു പോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിയ്ക്കുന്നു. :)

കൊച്ചുത്രേസ്യ said...

എല്ലാവര്‍ക്കും ചെ ഗുവേരയാകണം. രക്തസാക്ഷിയാകാന്‍ ആളില്ലാതെയായി
:-))
കൊള്ളാം. നന്നായി ഇഷ്ടപ്പെട്ടു

ഹരിത് said...

ശ്രീ: ഓ ക്കേ.

കൊച്ചു ത്രേസ്യാകൊച്ച് : സ്വാഗതം ആദ്യമായി ഇവിടെ വന്നതിനു.

നന്ദി ( എന്തിനെന്നല്ലേ? മറിഞ്ഞു പോയ തോണിയെ തിരിച്ചിട്ട് സ്വപ്നങ്ങള്‍ വീണ്ടും കാണാനായി തുനിയാതെ, ഏഴര വെളുപ്പിനെണീറ്റ് ഇവിടെ കമന്‍റിട്ടതിനു. എന്നു വച്ചാല്‍, പോത്തുപോലെ കെടന്നുറങ്ങാതെ പോസ്റ്റ് വായിച്ചതിനു)