Sunday, June 1, 2008

മണികര്‍ണിക.

ആശുപത്രി മുറിയില്‍ തറയില്‍ തഴപ്പായില്‍ ഞാന്‍ മയങ്ങിത്തുടങ്ങിയപ്പോഴാണു്, അമ്മ വിളിച്ചുണര്‍ത്തി,
ഗംഗാജലമുള്ള ചെപ്പുക്കുടം എന്‍റെ കൈയ്യില്‍ തന്നത്. അമ്മ പിന്നെ പിറു പിറുക്കുന്നതു പോലെ രാമായണം വായിച്ചുകൊണ്ടേയിരുന്നു. “ശ്രീരാമ രാമ രാമ ശ്രീരാമ ചന്ദ്രാ ജയ...”ഗംഗാജലം അച്ഛന്‍റെ ചുണ്ടില്‍ നിന്നും കവിളിലേയ്ക്ക് ഒലിച്ചിറങ്ങി. പഞ്ചഭൂതങ്ങളോരോന്നായി അച്ഛന്‍ ഉപേക്ഷിച്ചു തുടങ്ങിയോ? ഇനി അവസാനം അഗ്നിശൂദ്ധി? അഭിലാഷങ്ങളും, പകയും, വെറുപ്പും അസൂയയും, ദേഷ്യവും ഒക്കെ സ്നേഹത്തോടൊപ്പം എരിഞ്ഞിരുന്ന ഒരു സാധാരണ ജീവന്‍ പൊലിഞ്ഞു. അച്ഛന്‍ മരിച്ചു.

പാസ് ബുക്കു് എന്‍റെ കയ്യില്‍ തരുമ്പോള്‍, അതിനുള്ളില്‍ മടക്കി വച്ചിരുന്ന ഒരു തുണ്ടു കടലാസ്സില്‍ അമ്മ ഒന്നു തൊട്ടു. അച്ഛന്‍റെ കൈപ്പടയില്‍ ഒരു കുറിമാനം.
ഹരിയ്ക്കും രാധയ്ക്കും റാണിമോള്‍ക്കും വിമാനയാത്രയ്ക്കു, ശവദാഹം, സഞ്ചയനം, പതിനാറിനു, നാല്‍പ്പത്തിഒന്ന്, മണികര്‍ണികയാത്ര, .............. ഇങ്ങനെ കുറേ തലക്കെട്ടുകളില്‍ കുറെ കണക്കുകള്‍.
എനിക്കുവേണ്ടി മറ്റു ചില കുറിപ്പുകള്‍ കൂടി. ശവദാഹം ജന്മനാട്ടില്‍ വേണമെന്നു വാസുവും മറ്റും എത്ര പറഞ്ഞാലും അങ്ങനെ ചെയ്യരുതു്. സാധിക്കുമെങ്കില്‍ എലെക്റ്റ്രിക്കു ശമശാനത്തില്‍ ദഹിപ്പിക്കണം. ഹരീ, മൂന്നാം നാള്‍ തന്നെ സഞ്ചയനം നടത്തി നീ തിരികെ പൊയ്ക്കോ. ഉത്തരവാദിത്തമുള്ള ജോലിയല്ലേ. പതിനാറിനും , നാല്‍പ്പത്തിഒന്നിനും ഒന്നും നീ വരണ്ട. അനാഥാലയത്തില്‍ ആഹാരത്തിനു പണമടച്ചാല്‍ മതി. ബാങ്കില്‍ നിന്നും പണമെടുത്തു അയ്യപ്പന്‍റെ കയ്യില്‍ കൊടുത്താല്‍ മതി. അവനാവുമ്പോള്‍ എല്ലാം നോക്കി നടത്തിക്കൊള്ളും.
“ ഹരിയുടെ കയ്യില്‍ സേവിങ്സ് ഒന്നും ഉണ്ടാവില്ല. നീയ്യ് ഈ പാസ്ബുക്കു അവനെ ഏല്‍പ്പിക്കണം”
ഏതോ വിദൂരതയില്‍ നിന്നും അച്ഛന്‍ അമ്മയോടു അടക്കിസംസാരിക്കുന്ന പോലെ.

അച്ഛന്‍ ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ രാധയേയും റാണിമോളേയും കൂട്ടി നാട്ടിലെത്താമെന്നായിരുന്നു കരുതിയതു.
“ ഹരി, നീ പറഞ്ഞാല്‍ ഞാന്‍ ഈ സിങ്കപ്പൂര്‍ റ്റ്രിപ്പ് കാന്‍സെല്‍ ചെയ്യാം. ബട്ട്, മുകുന്ദ് വില്‍ ബെ വെരി അണ്‍ഹാപ്പി”
“വേണ്ട” എന്നു മാത്രം പറഞ്ഞു. എന്തിനു അവളുടെ ബോസിന്‍റെ അപ്രീതി സമ്പാദിക്കണം. എനിയ്ക്കു വേണ്ടി അവളുടെ കരിയറില്‍ സംഭവിച്ച നഷ്ടങ്ങളുടെ പട്ടികയില്‍ എന്‍റെ അച്ഛന്‍റെ മരണമെങ്കിലും ഉണ്ടാവാതിരിക്കട്ടെ!
“ നോ നോ നോ.... റാണി ഷുഡ് നോട്ട് മിസ്സ് ക്ലാസ്സെസ്. അവള്‍ ആന്‍റിയുടെ കൂടെ നില്‍ക്കട്ടെ.”
രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നവള്‍ ഒരാഴ്ച ലീവെടുത്താല്‍ ആകാശം ഇടിഞ്ഞു വീഴുമോ രാധേ? ചോദിച്ചില്ല. ഒരു ആര്‍ഗുമെന്‍റിനുള്ള മനസ്സാന്നിദ്ധ്യം അപ്പോള്‍ എനിയ്ക്കുണ്ടായിരുന്നില്ല.

അച്ഛനു ബോധം ഇല്ലായിരുന്നു. അതുകൊണ്ട് “ എന്‍റെ റാണി ലക്ഷ്മീബായി എവിടെ ഹരീ?” എന്ന ചോദ്യത്തില്‍ നിന്നും ഒഴിവായി. മറ്റുള്ളവരെപ്പോലെ അല്ല, പണ്ടേ ഞാന്‍ കള്ളം പറഞ്ഞാല്‍ അച്ഛനു ഉടനേ മനസ്സിലാവും.
അച്ഛനെ ആശുപത്രിക്കാര്‍ വെള്ളത്തുണിയിട്ടു മൂടി ഒരു സ്റ്റ്രെക്ചറില്‍ കോറിഡോറില്‍ വച്ചിട്ടു, മുറി ലോഷനിട്ടു കഴുകുന്ന തിരക്കിലാണു്. അടുത്ത രോഗിയെ സ്വീകരിക്കാന്‍ ഡെറ്റോളിന്‍റെ ഗന്ധവുമായി ആശുപത്രിമുറി അണിഞ്ഞൊരുങ്ങുന്നു.
മുഖത്തുനിന്നും തുണി അല്പം മാറ്റി അച്ഛന്‍റെ നെറ്റിയില്‍ ഞാന്‍ കൈപ്പത്തി ചേര്‍ത്തു വച്ചു.
“ ശിവാ, അച്ഛന്‍ വല്ലാതെ തണുത്തല്ലോടാ”
“ അതുപിന്നെ ബോഡി തണുക്കത്തില്ലായോ? മണിക്കൂര്‍ രണ്ടായില്ലിയോ” ഹോസ്പ്പിറ്റല്‍ മാനേജര്‍ അലക്സാണ്ടര്‍.
അച്ഛന്‍റെ തണുത്ത ബോഡി, ഞാനും ശിവനും ആശുപത്രി ജീവനക്കാരും ചേര്‍ന്നു വണ്ടിയില്‍ കയറ്റി. എല്ലാത്തിനും ശിവാനന്ദന്‍ കൂടെയുണ്ടായിരുന്നു. ഒന്‍പതാം ക്ലാസ്സു മുതല്‍ ഞങ്ങള്‍ ഒന്നിച്ചു പഠിച്ചതാണു. വീട്ടിലെ ഒരു അംഗത്തെപ്പോലെ. കുളിപ്പിക്കാനും , കരക്കാരെയും ബന്ധുക്കളെയും അറിയിക്കാനും ഒക്കെ ശിവന്‍ തന്നെ.

ചിതാഭസ്മകലശം വീട്ടില്‍ വച്ചു വിളക്കുകൊളുത്തുന്നതു വീട്ടുടമസ്ഥയായ ഭാര്യ ഫാത്തിമയ്ക്കു ഇഷ്ടമില്ലെന്നു മജീദിക്ക പറഞ്ഞു. അമ്മയ്ക്കതു ഷോക്കായി. ഏഴു വര്‍ഷമായി ഒരു വീടുപോലെ കഴിഞ്ഞിരുന്നതല്ലേ.
വാടകക്കാരനായി മജീദിക്ക അച്ഛനെകാണുന്നതു മരണത്തിനു ശേഷമാണെന്നു തോന്നുന്നു. ജീവിതത്തില്‍ ആദ്യമായി അമ്മ തെറിപറഞ്ഞു ഞാന്‍ കേട്ടതന്നാണു്. മജീദിക്കയുടെ കെട്ടിയോള്‍ ഫാത്തിമയുടെ നന്ദികേടു അമ്മയ്ക്കു സഹിച്ചില്ല.
“ ആ കൂത്തിച്ചിയ്ക്കും അവളുടെ മക്കള്‍ക്കും വേണ്ടി ഇവിടൊരാള്‍ ഇനി ചെയ്യാനെന്തെങ്കിലും ബാക്കിയുണ്ടോ? എന്നിട്ടാചിതയാറും മുന്‍പ്...”
അമ്മയുടെ നിര്‍ബന്ധം കാരണം അന്നു തന്നെ ആ വീടൊഴിഞ്ഞു. രണ്ടുദിവസം ഗസ്റ്റ് ഹൌസില്‍, അടുത്തദിവസം ശിവാനന്ദന്‍റെ വീട്ടില്‍. പിന്നെ നഗരത്തില്‍ വെറുതേ പൂട്ടിയിട്ടിരുന്ന രാധയുടെ ഫ്ലാറ്റില്‍, അച്ഛന്‍റെ
ചിതാഭസ്മക്കലശവുമായി, അഭയാര്‍ത്ഥികളെ പോലെ. സഞ്ചയനത്തിനു റാണിമോളെക്കൊണ്ട് നമസ്കരിപ്പിക്കണം എന്നുണ്ടായിരുന്നു. നടന്നില്ല.

പെട്ടിയില്‍ വച്ചിരുന്ന ചിതാഭസ്മ കലശം തുറന്നു കാട്ടണമെന്നു എയര്‍പ്പോര്‍ട്ടിലെ പോലീസുകാരനു നിര്‍ബന്ധം. അച്ഛന്‍റെ ചിതാഭസ്മമാണെന്നു പറഞ്ഞിട്ടും അയാള്‍ കേട്ടില്ല. ശിവാനന്ദനു ആ അയ്യങ്കാര്‍ പോലീസിന്‍റെ മുരട്ട് സംസാരം കേട്ടപ്പോള്‍ വല്ലാതെ ദേഷ്യം വന്നു.
“ സാമീ, അവന്‍റെ ഐഡന്‍റിറ്റി കാര്‍ഡ് കണ്ടാല്‍ നിങ്ങടെ ഐ ജി എണീറ്റു നിന്നു സല്യൂട്ടടിയ്ക്കും. അറിയാമോ? മര്യാദക്കാരുടെമേല്‍ എല്ലാരും കുതിരകേറും. ഇന്നാ തുറന്നു നോക്കിക്കോ. പത്തുദിവസങ്ങള്‍ക്കു മുന്‍പു എന്നേയും നിങ്ങളേയും പോലെ ജീവനുണ്ടായിരുന്ന ഒരു മനുഷ്യന്‍റെ എല്ലും ചാമ്പലുമാ ഇതിനുള്ളില്‍.”
ശിവനെ തടഞ്ഞു. വേണ്ട. അധികാരവും ദേഷ്യവും വിളമ്പേണ്ട സമയവും സന്ദര്‍ഭവും അല്ല ഇതു്. മരണം വല്ലാത്ത ഒരു ലെവലര്‍ ആണു ശിവാ. അതു ബന്ധങ്ങളെ റീ ഡിഫൈന്‍ ചെയ്യുന്നു. അച്ഛന്‍റെ മരണം, എനിക്കു റാണിയോടുള്ള സ്നേഹത്തിന്‍റെ അനന്തമായ ആഴം എന്നെ അറിയിച്ചു. പോലീസുകാരനോടു വഴക്കിട്ടു നശിപ്പിക്കനുള്ളതല്ല, ഈ തിരിച്ചറിവുകളുടെ നിമിഷങ്ങള്‍.
“ ഇതൊക്കെ അവിടെയെവിടെയെങ്കിലും കളഞ്ഞിട്ടുവന്നാല്‍ പോരായിരുന്നോ?” രാധയുടെ ശബ്ദം കനക്കുമ്പോള്‍ ഞാന്‍ ഈയിടെ ഒന്നും മിണ്ടാറില്ല. വീടിനു മുന്നിലുള്ള തുളസിച്ചെടിയുടെ ചുവട്ടില്‍ അച്ഛന്‍റെ
ചിതാഭസ്മമടങ്ങിയ കലശം കുഴിച്ചിട്ടു. ഒരു ചെറിയ വിളക്കും വച്ചു.
ദിവസവും സന്ധ്യക്കു വിളക്കു കൊളുത്തണം. മാസാമാസങ്ങളില്‍ മരണനാളിനു ബലിയിടണം. ഒന്നാം വാര്‍ഷികത്തിനു വാരണാസിയില്‍ , ഗംഗയില്‍, മണികര്‍ണികയില്‍ പിതൃതര്‍പ്പണം. പിന്നെ വര്‍ഷാവര്‍ഷം പിതൃപക്ഷത്തില്‍ വാവുബലിയിടണം. പിന്നെ?

എത്ര രാത്രിയായാലും ഓഫീസില്‍ നിന്നും ഞാന്‍ വന്നിട്ടേ അസ്ഥിത്തറയില്‍ വിളക്കു തെളിയാറുള്ളൂ.
“രാധേ സന്ധ്യയ്ക്കു ഒരു വിളക്കു തെളിയ്ക്കാന്‍ ഓര്‍ത്തുകൂടേ നെനക്കു?”
“ ഓ... ഐ ആം സോറി , ഇറ്റ് ജസ്റ്റ് ഡിഡിന്‍റ് ഒക്കര്‍ റ്റു മി”
സ്യുപ്പര്‍ അടിച്ചു വാരുന്ന ചവറ് അസ്ഥിത്തറയുടെ ചുവട്ടില്‍ കൂനയായ് കൂട്ടിവച്ചു ചൂലും ചാരിവച്ചിരിക്കുന്നതു കണ്ടപ്പോള്‍ എനിക്കു ചങ്കു പൊട്ടുന്നതുപോലെ തോന്നി. ഞാന്‍ അലറി,
“ വാട്ട് ദ ഹെല്‍ ഇസ് ഗോയിങ് ഓണ്‍ ഹിയര്‍? രാധേ ..രാധേ... നിനക്കൊന്നു ശ്രദ്ധിച്ചൂടേ? ..ഇതു കണ്ടോ?”
“ഡോണ്ട് ഷൌട്ട് അറ്റ് മീ... ഐ അം നോട്ട് യുവര്‍ സെര്‍വന്‍റ്... നിങ്ങടെ തന്തേടെ എല്ലും പല്ലും നിങ്ങള്‍ വേണമെങ്കില്‍ സൂക്ഷിച്ചോളണം. ഇറ്റ് ഇസ് നണ്‍ ഒഫ് മൈ പ്രോബ്ലം”
“രാധേ.. നീ...ഇങ്ങനെ.....” ദയനീയനായ എന്നോടു എനിയ്ക്കുതന്നെ പുഛം തോന്നി.
അവള്‍ ചുണ്ടുകള്‍ വക്രിപ്പിച്ചു, തല വെട്ടിച്ചു ദേഷ്യത്തോടെ ബെഡ് റൂമിന്‍റെ കതകു ശക്തിയായി വലിച്ചടച്ചു. റാണി ഇതെല്ലാം കണ്ട് പകച്ചു നിന്നു.
സ്യൂപ്പര്‍ വരുന്ന ദിവസങ്ങളിലൊക്കെ അസ്ഥിത്തറയില്‍ കൂട്ടിവയ്ക്കുന്ന ചവറു കൂന എടുത്തു കളഞ്ഞു ഒരു സാംബ്രാണിത്തിരി കത്തിയ്ക്കുന്നത് എന്‍റെ സ്ഥിരം ജോലിയായി. രാധയോട് പല പ്രാവശ്യം പറഞ്ഞിട്ടും ഈ സ്യൂപ്പര്‍ എന്താ അവള്‍ പറയുന്നതു അനുസരിയ്ക്കാത്തതു്? ഒരുദിവസം ആ തുളസിച്ചെടി ആരോ മൂടോടെ പിഴുതിട്ടിരിയ്ക്കുന്നു. ഇതും ആ സ്യൂപ്പര്‍ ആയിരിക്കണം. വീണ്ടും തിരിച്ചു നട്ടു വച്ചെങ്കിലും, പട്ടുപോയി.

രാവിലേ , റാണിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണു ഞാന്‍ ഉണര്‍ന്നതു? കരഞ്ഞു കരഞ്ഞു കുഞ്ഞു വല്ലാതെ ഏങ്ങലടിയ്ക്കുന്നു. ശ്വാസം കിട്ടാന്‍ പാടുപെടുന്നു അവള്‍. ‘എന്താ മോളേ?’
“ എന്‍റെ പൊന്നു റാണി ലക്ഷ്മീ ബായി അല്ലെ, കരയാതെ മക്കളേ . എന്തു പറ്റീ?”
അവളുടെ ഒരു കമ്മല്‍ കാണാനില്ല. രാവിലേ എല്ലായിടത്തും നോക്കി. ബെഡ്ഷീറ്റെല്ലാം കുടഞ്ഞു നോക്കി. റൂം അടിച്ചു വാരി നോക്കി. കിട്ടിയില്ല. രാധയുടെ ശബ്ദവും മുഖവും കനത്തു. യാതൊരു ശ്രദ്ധയും ഇല്ലാത്ത മൂശേട്ടേ എന്നു പറഞ്ഞു റാണിയെ ബെല്‍റ്റെടുത്തു അടികൊടുത്തു.
“ഒരു ചെറിയ കമ്മലല്ലേ രാധേ, നീ ഇങ്ങനെ കുഞ്ഞിനെ അടിച്ചാലോ?”
“ നമുക്കു വേറേ മേടിയ്ക്കാം കേട്ടോ, റാണി കരയാതെ” ഞാന്‍ സമാധാനിപ്പിച്ചു.

അമ്മയും, അയ്യപ്പന്‍ മാമനും , ശിവനും ഇന്നെത്തും. അച്ഛന്‍റെ ചിതാഭസ്മവും കൊണ്ട് ഞങ്ങള്‍ വാരണാസിയില്‍ മറ്റന്നാള്‍ പോകും.
“ റാണിയെക്കൂടെ കൊണ്ടു പോയാലോ രാധേ?”
“വേണ്ട, വെറുതേ എന്തിനാ ക്ലാസ്സു മിസ്സാക്കുന്നതു?”

ഓഫീസില്‍ പോകാനിറങ്ങിയപ്പോഴാണു കണ്ടതു. പട്ടുപോയ തുളസ്സിച്ചെടിയുടെ ചുവട്ടില്‍ അച്ഛന്‍റെ അസ്ഥിത്തറയില്‍ വീണ്ടും ചവറു കൂമ്പാരവും ചൂലും. ദേഷ്യവും സങ്കടവും കൊണ്ട് ഞാന്‍ നിസ്സഹായനായി. ചവറു വാരി മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണു കണ്ടതു്, റാണിയുടെ ഒറ്റക്കമ്മല്‍ ഈ ചവറിനിടയില്‍. ഇതെങ്ങിനെ ഇവിടെ വന്നു?
ദൈവമേ, ഇതെങ്ങിനെ? ഇനിയിപ്പൊ രാധ വീട്ടില്‍ സ്യൂപ്പറെ ജോലിയ്ക്കു വച്ചിട്ടുണ്ടാവില്ലേ?
മറ്റന്നാള്‍ ഞങ്ങള്‍ വാരണാസിയിലേയ്ക്കു യാത്ര തുടങ്ങുമ്പോള്‍ രാധ അവളുടെ ബോസിനു ഫോണ്‍ ചെയ്യും,
“ മുകുന്ദ്, ഹരിയും ശിവനും ബന്ധുക്കളും ഇന്നു മണികര്‍ണികയില്‍ # പോയിരിക്കുകയാണു്, ചിതാഭസ്മവും കൊണ്ട്”

മരണത്തിനും കാമത്തിനുമിടയില്‍, കളഞ്ഞുപോയ ഒറ്റക്കമ്മല്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ എന്‍റെ സ്വന്തം മകള്‍ റാണി, എന്‍റെ മരിച്ചുപോയ അച്ഛന്‍റെ റാണി ലക്ഷ്മീ ബായി*, ഞങ്ങള്‍ തിരിച്ചു വരുന്നതും കാത്തു കാത്തിരിയ്ക്കും. ബട്ട് ഷീ ഷുഡ് നോട്ട് മിസ്സ് ക്ലാസ്സെസ്.

________________________________________

# Manikarnika :
Manikarnika is considered to be even older than Ganges and as legend has it, Vishnu cared the kund with his discus, and filled it with perspiration from his exertions in creating the world, at the behest of Shiva. When Shiva quivered with delight, his earning fell into this pool, which as Manikarnika - "Jeweled Earring" - became the very First Tirtha in the world.

(* വിവാഹം കഴിയുന്നതിനു മുന്‍പു ഝാന്‍സി റാണിയുടെ പേര് ‘മണികര്‍ണിക’ എന്നായിരുന്നെന്നു് കേട്ടിട്ടുണ്ട്.)

20 comments:

ഹരിത് said...

“ മുകുന്ദ്, ഹരിയും ശിവനും ബന്ധുക്കളും ഇന്നു മണികര്‍ണികയില്‍ പോയിരിക്കുകയാണു്, ചിതാഭസ്മവും കൊണ്ട്”

ശ്രീവല്ലഭന്‍. said...

നല്ല കഥ. നൊമ്പരങ്ങള്‍ സമ്മാനിച്ചു.

ശ്രീ said...

ഈയ്യിടെയായി കഥകള്‍ കൂടുതല്‍ മനോഹരമാകുന്നു മാഷേ...വല്ലഭന്‍ മാഷ് പറഞ്ഞതു പോലെ കുറച്ചു നൊമ്പരങ്ങള്‍ സമ്മാനിച്ച പോസ്റ്റ്. നല്ല ബന്ധങ്ങളുടെ ആവശ്യകതയെ ഓര്‍മ്മിപ്പിയ്ക്കുന്ന എഴുത്ത്.

vadavosky said...

കഥ എഴുതിയ ശൈലി വളരെ നന്നായി. അവസാനം ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.
( ഓഫ്‌: കോടതി അടച്ചു.കുറച്ചു ജോലി ബാക്കിയുള്ളതുകൊണ്ട്‌ ഇപ്പോഴും ഡല്‍ഹിയില്‍. പത്താം തീയതിയടുത്ത്‌ നാട്ടില്‍ പോകും)

പാമരന്‍ said...

ഉഗ്രന്‍ ആശയം മാഷെ. വായിച്ചിട്ടു ഒരു ഭീതിയാണു കൂടിയത്‌ മനസ്സില്‌..

അവതരണം മുന്പുള്ളവയുടെ അത്രേം നന്നായില്ല എന്നൊരു തോന്നല്‍..

ഹരിത് said...

ശ്രീവല്ലഭന്‍: ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. അദ്യ കമന്‍റിനു നന്ദി.

ശ്രീ: പത്തുമുപ്പതു പോസ്റ്റായപ്പോള്‍ അല്പം എഴുതിത്തെളിഞ്ഞതാവും. നൊമ്പരങ്ങളും വേണ്ടേ ഇടയ്ക്കിടെ. നന്ദി.

വഡവോ: എഴുതണമെന്നു കുറേ നാളായി കരുതിയ വിഷയമായിരുന്നു. തുടങ്ങിയപ്പോള്‍ എങ്ങനെയെങ്കിലും ഒന്നു എഴുതിത്തീര്‍ത്താല്‍ മതിയെന്നായി. അവസാനഭാഗം ആ തിടുക്കത്തില്‍ മോശമായതാവും. നന്ദി.

പാമു: വിഷയത്തിനനുസരിച്ചു ഭാഷയും അവതരണരീതിയും ഓരോപ്രാവശ്യവും പരീക്ഷിച്ചു നോക്കാറുണ്ട്. ഇത്തവണ വിജയമായിട്ടുണ്ടാവില്ല. ഒരു നടുക്കം വായനക്കരനുണ്ടായാല്‍ കൊള്ളാമെന്നു കരുതിയിരുന്നു. വിഷയവും പലര്‍ക്കും ഇഷ്ടമാവില്ലെന്നു മനസ്സിലാക്കിത്തന്നെ തുനിഞ്ഞതാണ്. മനസ്സില്‍ തോന്നിക്കഴിഞ്ഞാല്‍ എഴുതാതിരിക്കാനാണു വിഷമം. അവതരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാം. നന്ദി

Gopan | ഗോപന്‍ said...

ഹരിത്.
മനസ്സില്‍ തട്ടുന്ന കഥ. നിങ്ങളുടെ കഥകള്‍ക്കുള്ള വ്യത്യസ്തത പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. മുന്‍പ് വായിച്ചവര്‍ പറഞ്ഞതു പോലെ, അവസാന ഭാഗം ഒന്നു കൂടെ ആലോചിക്കൂ. :)

ഉപാസന || Upasana said...

ഹരിത് ഭായ്,

ഇപ്പോ അഗ്രഗേറ്ററില്‍ നിത്യസന്ദര്‍ശകന്‍ അല്ലാതിരുന്നിട്ടും നല്ല കഥകള്‍ മിസ്സാവുന്നില്ല.
സന്തോഷകരമാണത്.

കോര്‍പറേറ്റ് ലൈഫിനിടയില്‍ നഷ്ടപ്പെടുന്ന ബന്ധങ്ങളെപ്പറ്റിയുള്ള കഥ നന്നായെന്ന് പ്രത്യേകിച്ച് പറയുന്നില്ല.
ഗംഗ,മണികര്‍ണിക തുടങ്ങിയ ബിംബങ്ങളോട് പണ്ടേ അഭിനിവേശമാണ്.
നന്നായി ഉപയോഗിച്ചിട്ടുണ്ട് അതൊക്കെ.

നന്ദി. ആശംസകള്‍
:-)
എന്നും സ്നേഹത്തോടെ
ഉപാസന

Unknown said...

:

ഹരിത് said...

ഗോപന്‍: വളരെ നന്ദി. അവസാനഭാഗം നന്നാക്കാന്‍ ശ്രമിയ്ക്കാം. പക്ഷേ ഉടനേ ഒരു പൊളിച്ചെഴുത്തിനുള്ള മനസ്സാന്നിദ്ധ്യമില്ല.

ഉപാസന: ഈയിടെ കാണാറേയില്ലല്ലൊ. തിരക്കിലാണോ? വന്നതിനും , നല്ലവാക്കുകള്‍ക്കും നന്ദി.വാരണാസിയില്‍ പോയി മണികര്‍ണിക കുണ്ഡ് കണ്ടതും , അറിഞ്ഞതും, ‘പണ്ട’കളില്‍ നിന്നും പല പല കഥകള്‍ അതിനെക്കുറിച്ചു കേട്ടതും പന്ത്രണ്ട് കൊല്ലം കഴിഞ്ഞിട്ടും മനസ്സില്‍ നിന്നും മാഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണു് വെറും മനുഷ്യരായ ഹരിയേയും ശിവനേയും അങ്ങോട്ടു വിട്ടതു.

അനൂപു്: എന്താ കഥ ഇഷ്ടപ്പെട്ടില്ലേ? രണ്ട് കുത്തുകള്‍ മാത്രം. എന്തായാലും വന്നല്ലോ. നന്ദി.

Santhosh said...

കഥ ഇഷ്ടപ്പെട്ടു, ഹരിത്.

സുനീഷ് said...

വല്യച്ഛന്‍‌റെ അസ്ഥിത്തറയില്‍ ആദ്യം വിളക്കു വച്ചു തൊഴുത് നിന്ന അച്ഛനെയാണ്‍ ഓര്‍മ്മ വന്നത്. കഥ നന്നായി എന്നു പറയുന്നതിനും ഒരു നൊമ്പരം.

വല്യമ്മായി said...

'അതു ബന്ധങ്ങളെ റീ ഡിഫൈന്‍ ചെയ്യുന്നു' വളരെ ശരിയാണ്.പലപ്പോഴും ഒരു മരണ തന്നെ വേണ്ടി വരുന്നു ഇഹലോകത്തിന്റെ നിരര്‍ത്ഥകത നമ്മെ മനസ്സിലാക്കിതരാനും.

വളരെ നല്ല കഥ ഹരിത്.

നന്ദു said...

ഹരിത് ആ‍ദ്യമായാണ് ഞാനിവിടെ. “മണികർണിക” മരണത്തിന്റെ ഒരു തണുത്ത തണുത്ത സ്പർശം നല്കി. നല്ല ക്രാഫ്റ്റ്. എനിക്ക് മൂന്നു കാര്യങ്ങൾ തോന്നിയത്:-
1)മരണ ശേഷം വീട്ടുടമസ്ഥന്റെ ഭാര്യയെ തെറിപറയുന്നത് കഥയിൽ ഒരു കല്ലുകടിയായിപ്പോയി എന്നു തോന്നി.
2) ഫ്ലാറ്റിലേയ്ക്ക് താമസം മാറ്റിയപ്പോൾ അവിടെ മുറ്റവും തൂളസിച്ചെടിയും ഒക്കെ കാണുമോന്നൊരു സംശയം!
3) കഥാവസാ‍നം എന്തൊ ധൃതി കാണിച്ചു നിർത്തിയപോലെ ഫീൽ ചെയ്തു.

ബാക്കിയൊക്കെ ഗംഭീരം.. ഇനിയും വരാം വായിക്കാൻ.
മണികർണികയിലേയ്ക്ക് വിരൽ ചൂണ്ടിയ എന്റെ സുഹൃത്തിനു നന്ദി :)

ഹരിത് said...

സന്തോഷ്: കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം. നന്ദി.

സുനീഷ്: സ്വാഗതം. നന്ദി. അച്ഛനും വല്യച്ഛനും, അവര്‍ നല്‍കിയ സംസ്കാരവും ജീവിതത്തില്‍ ഉണ്ടാവണം. സ്നേഹബന്ധങ്ങള്‍ നഷ്ടപ്പെട്ടാല്‍ എന്തു ജീവിതം, അല്ലേ?

വലിയമ്മായി: നന്ദി. ശരിയാണു പറഞ്ഞതു. ചിലപ്പോള്‍ മരണങ്ങള്‍ മനസ്സിലാക്കിത്തരുന്ന ജീവിതത്തിന്‍റെ നിരര്‍ത്ഥകത, ഒന്നുറങ്ങീണീറ്റു കഴിയുമ്പോള്‍ മറന്നുപോകുന്നതും കണ്ടിട്ടില്ലേ?

നന്ദു: ആദ്യായി വന്നതിനു സ്വാഗതം. ഇനിയും വരുമല്ലോ. അഭിപ്രായത്തിനു നന്ദി.
1) കല്ലുകടി ശരിയാണു്. സാധാരണ ഇത്തരം കഥകളിലുപയോഗിക്കാത്ത വാക്കുപയോഗിച്ചു. വേണമെന്നു വച്ചു എഴുതിയതാണു. ഒന്നുകൂടി ആലോചിച്ചിട്ടു തിരുത്തണമെന്നു ശക്തിയായി തോന്നിയാല്‍ തിരുത്താം. അഭിപ്രായം മാനിക്കുന്നു,
2)ഫ്ലാറ്റിലേയ്ക്കു പെര്‍മനന്‍റായി മാറി എന്നു സൂചന തോന്നുന്നുണ്ടോ? എങ്കില്‍ എഴുത്തിന്‍റെ പരാജയം തന്നെ.
“പിന്നെ നഗരത്തില്‍ വെറുതേ പൂട്ടിയിട്ടിരുന്ന രാധയുടെ ഫ്ലാറ്റില്‍, അച്ഛന്‍റെ
ചിതാഭസ്മക്കലശവുമായി, അഭയാര്‍ത്ഥികളെ പോലെ“

പിന്നെ എയര്‍പോര്‍ട്ടും , ചിതാഭസ്മം നാട്ടില്‍ കളഞ്ഞിട്ടു വരാന്‍ പറയുന്ന രാധയും ഒക്കെ തുളസിത്തറയും മുറ്റവും ഒക്കെയുള്ള ജോലിസ്ഥലത്തൂള്ള പൂട്ടിയിടാത്ത വീടിനെയാണു ഉദ്ദേശിച്ചതു. അടുത്ത തിരുത്തില്‍ കൂടുതല്‍ സ്പഷ്ടമായി സൂചിപ്പിക്കാം.

3)ശരിയാണു്, സമ്മതിക്കുന്നു. മുകളില്‍ ഒരു കമന്‍റില്‍ കാരണം കാണിച്ചിട്ടുണ്ട്. ഇനി ശ്രദ്ധിക്കാം.

നന്ദുവിനെ ഇങ്ങോട്ടു പറഞ്ഞുവിട്ട ആ സുഹൃത്തിനും പ്രത്യേകം നന്ദി.

തറവാടി: പ്രോത്സാഹനത്തിനു നന്ദി.

വെള്ളെഴുത്ത് said...

വായിക്കാന്‍ കുറെ സമയമെടുത്തു. നല്ല കഥ ഹരിത്

എതിരന്‍ കതിരവന്‍ said...

Beautifully crafted story. Neatly placed dialogues.

Thank you, harith!

ഹരിത് said...

വെള്ളെഴുത്തിനും , എതിരനും പിന്നെ ഈ മെയില്‍ വഴി അഭിപ്രായങ്ങള്‍ പറഞ്ഞ ചുരുക്കം ചില സുഹൃത്തുക്കള്‍ക്കും നന്ദി.

നന്ദ said...

ഹൃദയസ്പര്‍ശിയായ കഥ. വളരെ ഇഷ്‌ടമായി.

ഹരിത് said...

നന്ദി നന്ദാ. ആദ്യമായി വന്നതിനും , നല്ല വാക്കുകള്‍ക്കും.