സര്‍വത്ര വിവാദം നടക്കുന്ന ഈ സമയത്തു്, ഈ പോസ്റ്റ് അസ്ഥാനത്താണെന്നറിഞ്ഞുകൊണ്ടു തന്നെ എഴുതുകയാണു്. ഇന്നു നമ്മുടെ പ്രിയ കവി പാലാ നാരായണന് നായര്‍ അന്തരിച്ചു. റ്റി വി ന്യൂസു വഴിയാണു വാര്‍ത്ത അറിഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പു നമുക്കു പ്രിയപ്പെട്ട നെയ്യാറ്റിങ്കര വാസുദേവനും, കടമ്മനിട്ടയും പി ഭാസ്കരനുമൊക്കെ നമ്മെ വിട്ടു പോയി. ഇവരുടെ മരണ വാര്‍ത്ത നമ്മുടെ റ്റീ വീ ചാനലുകള്‍ പ്രാമുഖ്യത്തോടെ സാമാന്യം വിശദമായിത്തന്നെ, ആവശ്യത്തിനു റിസര്‍ച്ചും നടത്തി, പഴയ ക്ലിപ്പുകള്‍ അവസരോചിതമായി ചേര്‍ത്തു കാണിക്കുകയുണ്ടായി.
കേരളത്തിലെ മറ്റ് മേഖലകളിലെ പ്രമുഖരുടെ ചരമവാര്‍ത്തകളും റ്റീ വീ ചാനലുകള്‍ കൊടുക്കാറുണ്ട്. പക്ഷേ ഇത്തരം വാര്‍ത്തകളിലെ ദു:ഖകരമായ ഒരു വിഷയം, ഇവര്‍ കാണിയ്ക്കുന്ന വിഷ്വത്സ് ആണു. മരിച്ച ആളിന്റെ അനാവശ്യമായ ക്ലോസപ്പുകള്‍, ആശുപത്രിക്കിടക്കയില്‍ അല്പ വസ്ത്ര ധാരിയായി കിടക്കുന്ന മൃത ശരീരം, ഐ വീ ഫ്ലൂയിഡും ഓക്സിജന്‍ സിലിണ്ടറും ശവശരീരത്തില്‍ നിന്നും മാറ്റുന്ന ആശുപത്രി ജീവനക്കാര്‍ ഇങ്ങനെ ബീഭത്സമായ കാഴ്ചകള്‍ വീണ്ടും വീണ്ടും കാണിച്ചൂ കൊണ്ടേയിരിക്കും. മൂക്കില്‍ വച്ചിരിയ്ക്കുന്ന പഞ്ഞിയിലേയ്ക്കു ക്ലോസപ്പു ചെയ്യുക, ശരീരത്തില്‍ നിന്നും ഒലിച്ചിറങ്ങുന്ന ദ്രാവകങ്ങളെ ഫോക്കസ് ചെയ്യുക, മൃതദേഹത്തില്‍ വന്നിരിയ്ക്കുന്ന ഈച്ചകള്‍ ഷോട്ടില്‍ കാണുക ഇങ്ങനെ ഇന്സെന്സിറ്റീവ് ആയ എത്രയോ ഉദാഹരണങ്ങളുണ്ട് പറയാന്‍. മരിച്ച വ്യക്തി പ്രമുഖനായിക്കോട്ടെ അല്ലെങ്കില്‍ സാധാരണക്കാരനായിക്കോട്ടെ, മൃതശരീരത്തോട് റ്റീ വീക്കാര്‍ക്കു അല്പം ആദരവ് കാട്ടിക്കൂടേ? മൃതദേഹം കാണിക്കരുതെന്നല്ല ഈ പറഞ്ഞു വരുന്നതു; മൃതദേഹത്തോട്, മരിച്ച വ്യക്തിയോട് അല്പം ദയ കാണിക്കണമെന്നു മാത്രമാണ്. മരിച്ചവര്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും സ്വകാര്യതയ്ക്കു അവകാശമില്ലേ?
ഇതുപോലെ ആശുപത്രിയില്‍ അവശരായി കിടക്കുന്ന രോഗികളുടെ ക്ലോസപ്പുകള്‍ പലപ്പോഴും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ റ്റീ വിയില്‍ കാണിക്കുക, ആക്സിഡന്റില്‍ കുടുങ്ങി മരിച്ചുപോയ മനുഷ്യരുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങളുടെ ഷോട്ടുകള്‍ ദീര്‍ഘനേരത്തേയ്ക്കു കാണിക്കുക, തളം കെട്ടിക്കിടക്കുന്ന രക്തം വീണ്ടും വീണ്ടും കാണിക്കുക എന്നതൊക്കെ നമ്മുടെ റ്റീ വീ ചാനലുകളില്‍ സാധാരണ സംഭവിയ്ക്കാറുള്ളതാണു. ന്യൂസ് കണ്ടിട്ടു സഹതാപവും , അമര്‍ഷവും, ദേഷ്യവും, പ്രതിക്ഷേധവും ഉണ്ടാകേണ്ട സ്ഥാനത്തു നമുക്കു തോന്നുന്നത് അറപ്പും വെറുപ്പും ആണു. പിന്നെ, അറപ്പു തോന്നിപ്പോയല്ലോ എന്നൊരു കുറ്റബോധവും മനസ്സില്‍ ബാക്കിയാവും.
(ഞാന്‍ വളരെയധികം ആരാധിയ്ക്കുകയും , ആദരിയ്ക്കുകയും സ്നേഹിയ്ക്കുകയും ചെയ്യുന്ന ഒരു പ്രമുഖന്റെ ശവശരീരം റ്റീ വിയില്‍ ബീഭത്സമായി കണ്ടപ്പോള്‍, അറിയാതെ റിമോട്ടെടുത്തു ചാനല്‍ മാറ്റി കിരണ്‍ റ്റീവിയിലെ, പിഞ്ചിലേ പഴുത്തുപോയ ഒരു പന്ത്രണ്ട്കാരിയുടെ ആങ്കറിങ് എന്ന കലാപരിപാടി കണ്ടുപോയതിലുള്ള കുറ്റബോധം മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും വിട്ടുമാറിയിട്ടില്ല.)
ഇത്തരം വിഷയങ്ങള്‍ റ്റീ വീ യില്‍ കാണിക്കുമ്പോള്‍ പാലിയ്ക്കേണ്ട ഇന്റര്‍നാഷണല്‍ എത്തിക്കല്‍ നോംസോ, ഇന്‍ഡ്യയില്‍ത്തന്നെ നിലവിലുള്ള പ്രോഗ്രാം കോഡോ ഒന്നും നമ്മടെ റ്റീ വീ ചാനലുകള്‍ പാലിച്ചില്ലെങ്കിലും വേണ്ട, മൃത ശരീരങ്ങളോട് അല്പം കരുണയെങ്കിലും കാണിച്ചുകൂടേ?
Subscribe to:
Post Comments (Atom)
17 comments:
അല്പം കരുണ
:-(
ഗൌരവമുള്ള വിഷയം തന്നെ.
അനോണിആന്റണിയും ഇതെക്കുറിച്ച് എഴുതിയിരുന്നു എന്ന് തോന്നുന്നു. പ്രസക്തമായ പോസ്റ്റ്.
1. രാജീവ് ഗാന്ധി മരിച്ചുകിടന്ന സീന്‍ മനസ്സില്‍ ഒന്നോര്‍ത്തുനോക്കൂ.
ഇനി
2. ഡയാന മരിച്ച സമയത്ത് ആ സംഭവവുമായി ബന്ധപ്പെട്ട് മനസ്സില്‍ ഓടിവരുന്ന ടീ.വി. രംഗം ഓര്‍ത്തുനോക്കൂ.
ഏതാണ്ട് ഒരേ തരത്തില്‍ മരിച്ചുപോയ രണ്ട് പ്രസിദ്ധര്‍. പക്ഷേ ഒരു ശവം വയറും തലയും പൊളിഞ്ഞ് ചോരയില്‍ കുളിച്ച് നിലത്തു് മലര്‍ന്നുകിടക്കുന്നു.
മറ്റേ ശവത്തിന്റെ മുഖം പോലും കാണാന്‍ പറ്റിയില്ല. പകരം പൂക്കളുടെ പെരുംകുന്നുകള് റോഡിലൂടെ ശ്മശാനത്തിലേക്കു സാവകാശം നീങ്ങുന്നു!
അതാണ് മീഡിയാ കള്‍ച്ചറിന്റെ വ്യത്യാസം!
അംഗീകരിയ്ക്കുന്നു മാഷേ.
വിശ്വന് മാഷ് പറഞ്ഞിരിയ്ക്കുന്നത് മാത്രം വായിച്ചാല്‍ ആ വ്യത്യാസം മനസ്സിലാക്കാം.
നിങ്ങള്‍ പറയുന്നതാണ് ശരി!പിഞ്ചിലെ പഴുത്ത് പോയ കൌമാരങ്ങളും കരിമൊട്ടിന്റെ കാമകണ്ണും..:(
സത്യം ഹരിത്.
വിശ്വേട്ടന് പറഞ്ഞ ഉദാഹരണത്തെക്കുറിച്ച്:
ഡയാന മരിച്ച ദിവസങ്ങളില്‍ അപടസ്ഥലത്തെ ദൃശ്യങ്ങള്‍ റ്റീവിയില്‍ കാണിച്ഛില്ലായിരിക്കാം. പക്ഷെ പിന്നീട് പലതവണ ബി ബി സി അടക്കമുള്ള പാശ്ചാത്യമാധ്യമങ്ങള്‍ ആ ജഡം പച്ചക്ക് കൊത്തിപ്പറിച്ചിട്ടുണ്ട്. ഒന്നരവര്‍ഷം മുന്‍പ് അത് കണ്ട് എനിക്ക് ഉറക്കം പോയിട്ടുമുണ്ട് :(
രാജീവ് ഗാന്ധിയുടെ മൃതശരീരം നഗ്നത വെളിവാക്കുന്നതരത്തില് മാഗസിനുകളുടെ മുന്‍പേജുകളില്‍ പോലും വന്നിരുന്നു ഇന്ത്യയില്‍. അത്ര നൃശംസത ഡയാനയോട് ഇവിടെ കാണിച്ചില്ല എന്ന് സമ്മതിക്കുന്നു.
ശ്രീവല്ലഭന്: അഭിപ്രായത്തിനു നന്ദി.
ഗുപ്തന്: അനോണിആന്റണിയുടെ പോസ്റ്റ് ഇപ്പോള്‍ വായിച്ചു. അനോണിയുടെ അഭിപ്രായത്തോടു യോജിയ്ക്കുന്നു. ഡയാനയും ബ്രിട്ടീഷ് മീഡിയയും ഒരു യുണീക്ക് കേസാണു. അതു സാധാരണ കേസുകള്‍ക്ക് മാപദണ്ഡമാവുന്നില്ല.ബീ ബീ സീയ്ക്കു സ്വയം റെഗുലേഷന് വ്യവസ്ഥയുണ്ട് , ഇതര റ്റിവീകള്ക്കു ഓഫ്കോം ആണു റെഗുലേറ്റര്‍. ഇന്‍ഡ്യയില്‍ ഒരു സ്വതന്ത്ര കണ്ടന്റ് റെഗുലേറ്റര്‍ ഉണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളും ശക്തമായ റ്റീവി ലോബി വിജയകരമായി പ്രതിരോധിച്ചു വരുന്നു.
ഓ ടോ: കാണാനും കേള്‍ക്കാനും ഇല്ലായിരുന്നല്ലോ? എന്തു പറ്റി?
വിശ്വപ്രഭാജി: സ്വാഗതം. മീഡിയാ കള്‍ച്ചറിനെക്കുറിച്ചു പറഞ്ഞതിനോടു പൂര്ണ്ണയോജിപ്പാണു.
ശ്രീ: നന്ദി.
തണല്‍: ‘കരിമൊട്ടിന്റെകാമക്കണ്ണ്’, വേദനിപ്പിയ്ക്കുന്നതാണെങ്കിലും ശരിയായ പ്രയോഗം. അഭിപ്രായത്തിനു നന്ദി
ഹരിപ്രസാദ്: ആദ്യമായിട്ടാണോ ഇവിടെ? സ്വാഗതം. അഭിപ്രായത്തിനു നന്ദി.
പറയേണ്ടതു പറഞ്ഞു, ഹരിത്തേ.. എന്റേം ഒരൊപ്പ്.
സത്യമാണ് ഹരിത്. :(
എല്ലാം പ്രദര്‍ശന വസ്തുക്കളാണ് ..
മനുഷ്യത്വമൊഴിച്ച്..
പാമു, നിഷ്കളങ്കന്, ഗോപന്: അഭിപ്രായങ്ങള്‍ക്കു നന്ദി.
മനുഷ്യത്വമില്ലാതവരുടെതല്ലെ ഈ ലോകം പിന്നെ
എന്തിന് അതിനെകുറിച്ച് നാം വാചാലരാകണം ഹരിത്
ഹരിത്തേ ഈ പോസ്റ്റു കാണാന്‍ വൈകിപ്പോയി.
ഹരിത്തിനോട് 100 ശതമാനവും യോജിക്കുന്നു. ഹരിത് പറഞ്ഞതെല്ലാം എനിക്കും പലപ്പോഴും തോന്നിയിട്ടുള്ളതാണ്. ടി.വി.ക്കാര് മര്യാദ എന്തെന്നു പഠിക്കേണ്ടിയിരിക്കുന്നു. യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടയ്ക്കുന്നതെന്തിന് എന്നു ചോദിക്കുന്നവരുണ്ടാകാം. എന്നാലും മനസ്സിനെ ഞെക്കിക്കൊല്ലുന്ന ഇത്തരം ദൃശ്യങ്ങള്‍ അസഹ്യം തന്നെ. കുറേ നാള് മുന്‍പ് പത്രം എടുത്താലും ഇതുതന്നെ അവസ്ഥ. മുന്‍ പേജില്‍ത്തന്നെ കാണാന്‍ വയ്യാത്ത ദുരന്ത ദൃശ്യങ്ങളുടേ ഫോട്ടോകള്‍. ഒരിക്കല്‍ ഒരു സ്ത്രീയുടെ കവിളത്ത് ഭര്ത്താവുകുത്തിയിറക്കിയ കത്തിയുമായിരിക്കുന്ന ചിത്രം മുന്‍പേജില്‍. സഹികെട്ട ഏതോ വായനക്കാരന് അതിരാവിലെ പത്രം പകര്‍ന്നു തരുന്ന ഇത്തരം ‘രസാനുഭൂതികള്‍’ക്കെതിരെ ശക്തമായി പ്രതികരിച്ചു. അതിനുശേഷം ആ ട്രെന്‍ഡ് ഒരല്‍പ്പം കുറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു.
ഹരിത്തിന്റെ ഈ പോസ്റ്റ് ടി. വി.ക്കാരൊന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍.......
സുഹ്രുത്തെ
പല കര്യങ്ങളൊടും യോജിക്കുന്നു
haris
നന്ദി ഹാരിസ്.
Post a Comment