Sunday, July 6, 2008

സ്റ്റോക്ക്ഹോം സിന്‍റ്രോം?

(സമര്‍പ്പണം: വേണുവിനും പാമുവിനും; പിന്നെ മറ്റു സുഹൃത്തുക്കള്‍ക്കും)
**********
ആശുപത്രി വിടാറായപ്പോള്‍ അകാരണമായ ദുഃഖം മനസ്സില്‍. ചിലപ്പോഴൊക്കെ കടല്‍ത്തീരത്തു ഒറ്റയ്ക്കിരിയ്ക്കുമ്പോള്‍ പണ്ട് തോന്നാറുണ്ടായിരുന്നതുപോലെ.

ആശുപത്രിമുറിയിലെ ജനാല; അതിനപ്പുറത്തെ ഫ്ലൈ ഓവര്‍; അല്പം ദൂരെക്കാണുന്ന സ്കൂള്‍; സ്കൂള്‍ ബസ്സില്‍
നിന്നിറങ്ങിയോടുന്ന കൊച്ചു കുഞ്ഞുങ്ങള്‍; പാരപ്പെറ്റില്‍ ചാടിയോടുന്ന കുരങ്ങന്മാര്‍; റ്റ്യൂബു ലൈറ്റിനടുത്തു
ഇരകാത്തിരിയ്ക്കുന്ന തടിയന്‍ പല്ലി; അങ്ങനെ എല്ലാത്തിനേയും ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരുന്നു.

ഇടയ്ക്കിടെ മനസ്സിനെ കടിഞാണില്ലാതെ അലയാന്‍ വിടും. അതിനു പിറകേ ഞാനും. ചിലപ്പോള്‍ രൌദ്രഭാവമാര്‍ന്ന ബദരീനാഥില്‍ നിന്നും യുധിഷ്ഠിരനും, സഹോദരന്മാരും പഞ്ചാലിയും പിന്നെ ആ
ശുനകനും പോയ വഴിയിലൂടെ, വസുധരാ ഫാള്‍സിലേയ്ക്കു. അങ്ങുതാഴെ ജലകണങ്ങള്‍ പുകയായി പതയുന്നതും കണ്ട് മനസ്സും ഞാനും, നീലാകാശത്തു മഴവില്ലിലൂടെ
വെണ്മേഘങ്ങളെ തഴുകി നടന്നു നടന്നു സ്വര്‍ഗാരോഹിണിയിലേയ്ക്ക്..

മറ്റുചിലപ്പോള്‍ മനസ്സ് മൂകവും മ്ലാനവുമായി, നീലക്കടലിന്‍റെ എകാന്തമായ അടിത്തട്ടിലേയ്ക്കു, മരണത്തെത്തേടി
ഗതികെട്ട് അടിയാറാകുമ്പോള്‍, ആരോ ഒരാള്‍, എവിടെ നിന്നോ, ദയാവായ്പുമായി ഒന്നും മിണ്ടാതെ
ബലിഷ്ഠകരങ്ങള്‍ ഞങ്ങള്‍ക്കു നേരേ നീട്ടുന്നു. എന്‍റെ മെലിഞ്ഞ കരങ്ങള്‍ അവന്‍ തൊട്ടുവോ?അന്ധകാരപൂര്‍ണ്ണമായ ആ ദുരിതങ്ങള്‍ മാറി ഒരു സൂര്യോദയത്തിന്‍റെ അരുണശോഭയില്‍ ഞങ്ങള്‍
സ്നേഹോന്മത്തരായി ആനന്ദഗാനമാലപിച്ചു.

ഞാന്‍ സ്നേഹിയ്ക്കപ്പെടുന്നു.
അരൊക്കെയോ എന്നെ സ്നേഹിയ്ക്കുന്നു.

വേറോരിയ്ക്കല്‍ മനസ്സു, ‘മോമാര്‍ട്’ കത്തീഡ്രല്‍ തെരുവിലെ വഴിയോര ചിത്രകാരനു വേണ്ടി ഒരു മഗ്
ബിയര്‍ മൊത്തിക്കുടിച്ചിരിയ്ക്കുമ്പോള്‍, അവള്‍ ‘ഡോറാ മാറ്’ എന്‍റെ മുടിയില്‍ വിരലോടിച്ചു. ആത്മാക്കളുടെ മഹായുദ്ധത്തിനിടയില്‍, കത്തിക്കരിഞ്ഞുപോയെ എന്‍റെ ‘ഗര്‍ണിക്കയെ’ നിഴലും വെളിച്ചവുമായി
അവള്‍ പുനര്‍ജ്ജീവിപ്പിച്ചു.

എന്‍റെ ഡോറാ മാറ്, തീവ്രരാഗത്തിലേയ്ക്കുള്ള ഈ പ്രയാണത്തിനിടയ്ക്കു, മസൃണമായ നിന്‍റെ ഉഛ്വാസത്തെ
എന്തിനീ പുകയിലഗന്ധം കൊണ്ട് മലീമസമാക്കി?

പ്രണയവും കടം വീട്ടലാണെന്നു ധരിച്ചു, ആ കടാക്ഷവും മന്ദഹാസവും ഛിന്നഭിന്നമാക്കിക്കൊണ്ട്, ‘ഡോറാ
മാറ്’ നീ കാലത്തിന്‍റെ ഘടികാരമായി ഉരുകിയൊലിച്ചു.

ആശുപത്രി മുറിയുടെ പടികളിറങ്ങുമ്പോള്‍ ഒരു സത്യം മനസ്സിലായി. ഫുട്ട്പാത്തുകളിലും, അഴുക്കുചാലുകള്‍ക്കിടയിലും, ശൌചാലയത്തിനടുത്തും, അങ്ങനെ ആശുപത്രിത്തെരുവില്‍ ഇടം
കിട്ടുന്നിടത്തെല്ലാം വിരിപ്പു വച്ചുറങ്ങാന്‍ ശ്രമിയ്ക്കുന്ന കുഞ്ഞുങ്ങളും, സ്ത്രീകളും, പുരുഷന്മാരും, വൃദ്ധരും ആയ
എല്ലാ മനുഷ്യക്കോലങ്ങളേയും ഞാനിപ്പോള്‍ സ്നേഹിയ്ക്കുന്നു; കീറിയ പഴംചാക്കുതുണ്ടിലിരുന്നു
നിസ്കരിയ്ക്കുന്ന ആ വികൃതനായ വൃദ്ധനേയും.

ഞാന്‍ എന്‍റെ ആശുപത്രിയെ സ്നേഹിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.
വീട്ടിലെ സുരക്ഷിതത്വത്തിലും, ആശുപത്രി എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു, കണ്ണിരും പുഞ്ചിരിയും തൂകി.

12 comments:

ഹരിത് said...

ആശുപത്രി എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു, കണ്ണിരും പുഞ്ചിരിയും തൂകി.

ഗുപ്തന്‍ said...

:)


ഓഫ്
പൊളിറ്റിക്കല്‍ പദാവലിയില്‍ സ്റ്റോ.സി.നെ കുറിച്ച് എഴുതണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇടയ്ക്കെങ്ങനെയോ വിട്ടുപോയി. നോക്കട്ടെ..

അങ്കിള്‍ said...

:)

ഗുപ്തന്‍ said...

യ്യൊ മുന്‍പിലത്തെ പോസ്റ്റ് ഇപ്പൊഴെ കണ്ടുള്ളൂ.. ആശുപത്രി ഒക്കെ ഭാവനയാണെന്നോത്താ മുകളില്‍ ഉഴപ്പി കമന്റിട്ടത്.. ഹോപ്പ് യൂ ആര്‍ ഫുള്ളൂ ഓള്‍ റൈറ്റ് നൌ...


ആന്‍ഡ് സോറി എബൌറ്റ് നോട്ട് ബീ‍യിംഗ് പ്രെസെന്റ് റ്റു ദ സിറ്റുവേഷന്‍ :(

പാമരന്‍ said...

സുഖമായെന്നറിഞ്ഞതില്‍ സന്തോഷം ഹരിത്തേ..

ആശുപത്രിയോടുള്ള സ്നേഹം അവിടേയ്ക്കു തീരിച്ചുപോകാന്‍ തോന്നിപ്പിക്കതിരുന്നെങ്കില്‍ മതിയായിരുന്നു :)

നന്ദി.

വാല്‍മീകി said...

ഹരിതിന് സുഖമായി എന്നറിഞ്ഞതില്‍ സന്തോഷം.
നല്ല പോസ്റ്റ്. ആദ്യം ഒന്നും മന്‍സ്സിലായില്ല. വീണ്ടും വീണ്ടും വായിച്ചപ്പോള്‍ ഒരു ചിത്രം തെളിഞ്ഞു.

ശ്രീ said...

ഇപ്പോള്‍ സുഖമായല്ലോ അല്ലേ മാഷേ?

കോറോത്ത് said...

മാഷേ.. കുറച്ചു ദിവസം ലീവ് ആയിരുന്നു..ഇന്നാ 2പോസ്റ്റും കണ്ടത് .. ബാക്ക് ടു നോര്‍മല്‍ റൂട്ടീന്‍ ആയെന്നു വിചാരിക്കുന്നു..
കുറച്ചു നാളത്തേക്ക് ഇനി മധുരം തൊട്ടാല്‍ ..ഹ്മ്മം .. :)

ഹരിത് said...

ഗുപ്തന്‍: സ്റ്റോ. സി ക്കുറിച്ചു തീര്‍ച്ചയായും എഴുതണം. രസകരമായ അര്‍ത്ഥതലങ്ങളുള്ള കോണ്‍സെപ്റ്റാണിതു , അല്ലേ? ഐ ആം ബാക്ക് റ്റു റൊറ്റീന്‍ നൌ. താങ്ക്സ്.

അങ്കിള്‍: സ്വാഗതം.

പാമു: ആശുപത്രിയില്‍ തിരിച്ചു പോവില്ല . സ്റ്റോക്കു്ഹോം സിന്‍റ്റ്രോം എന്നു തലക്കെട്ടിട്ടതു അതു സൂചിപ്പിയ്ക്കാനും കൂടിയായിരുന്നു.

വാല്‍മീകി: മഹര്‍ഷേ, ചിലപ്പോളൊക്കെ ഞാനെഴുതുന്നതു എനിയ്ക്കുതന്നെ മനസ്സിലാവാറില്ല.:)
ഈ പോസ്റ്റില്‍ അത്യാവശ്യം ലിങ്ക് കൊടുത്തതു, വേണമെന്നുള്ളവര്‍ക്കു റെഫര്‍ ചെയ്യാനും കൂടിയാണു ( കോപ്പിറൈറ്റുകാരും കൈപ്പള്ളിയും അറിയണ്ട). നന്ദി

ശ്രീ: സുഖമായി ശ്രീ. ജോലിയില്‍ പ്രവേസിച്ചു. ശാപ്പാട് കുറച്ചു. വ്യായാമം കൂട്ടി. ഇനി രണ്ടാഴ്ച കഴിഞ്ഞോരു ഫോളോഅപ്പ്. നന്ദി.

കോറോത്ത്: ആദ്യമായിട്ടാണോ ഇവിടെ? സ്വാഗതം.കോറോത്തിന്‍റെ രണ്ട് പോസ്റ്റ് ഞാനും കണ്ടു. ഫ്രീക്വന്‍സി കൂട്ടിക്കൂടേ?

മധുരവും ഞാനും പണ്ടേ പിരിഞ്ഞവര്‍:( കുറച്ചു കാലമായി ഷുഗര്‍ ഫ്ര്റീ പരീക്ഷിക്കുന്നുണ്ട്.
വളരെ നന്ദി. കൊ. ത്രേസ്യായുടെ ലേബല്‍ കടമെടുത്താല്‍, “ഞാന്‍ നോര്‍മലായി” എന്നും പറയാം. ( ആശുപത്രിക്കാര്‍ എന്നെ സൈക്കാറ്റ്രി റ്റെസ്റ്റിനു വിധേയനാക്കിയിട്ടില്ല):)

താരകം said...

2 പോസ്റ്റും വായിച്ചു സുഖായീന്നറിഞ്ഞതില്‍ സന്തോഷം.

മധുരം കുറച്ച് മധുരമേറിയ ജീവിതം ആസ്വദിക്കുക.

ഹരിത് said...

താരകം: ആദ്യമായി ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. വീണ്ടും വരുമല്ലോ.

വേണു venu said...

ഹരിത്തേ സുഖമായെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. ഒപ്പം പ്രാര്‍ത്ഥനകളും.:)