Sunday, October 19, 2008

ചന്ദ്രേട്ടന്‍റെ കടലാമകളും അഞ്ചു നക്ഷത്രങ്ങളും.

‘ചന്ദ്രേട്ടന്‍റെ ആകാശം. ചന്ദ്രേട്ടന്‍റെ ഭൂമി. ചന്ദ്രേട്ടന്‍റെ കടല്‍. എല്ലാമെല്ലാം ചന്ദ്രേട്ടന്‍റെ!’ നരസിംഹനോടു കുട്ടികളും
കൂടി. എന്നെ കളിയാക്കിയതാ‍. യാത്രക്കിടയില്‍ ചന്ദ്രേട്ടന്‍റെ ഓഫീസില്‍ ഇവരെ ഒന്നു കൊണ്ട്വോയി. ചന്ദ്രേട്ടന്‍റെ
ചേമ്പര്‍ കാട്ടിക്കൊടുത്തു. ചന്ദ്രേട്ടന്‍റെ ക്യാന്റ്റീനില്‍ നിന്നും എല്ലാര്‍ക്കും ചായയും സ്നാക്ക്സും കൊടുപ്പിച്ചു. ഞാന്‍
തന്നെ ഓടി നടന്നു എല്ലാവര്‍ക്കും ചായ കിട്ടുന്നുണ്ടോ എന്നു ശ്രദ്ധിച്ചു. ചന്ദ്രേട്ടന്‍റെ വിശ്രമമുറിയിലെ
സൌകര്യങ്ങള്‍ കാട്ടിക്കൊടുത്തപ്പോള്‍ പെണ്ണുങ്ങളുടെ മോന്തായം ഒന്നു കാണേണ്ടതായിരുന്നു. ജലസീ, വെറും
ജലസി. ഓഫീസിലോട്ടു പോവാന്‍ ഒരൊന്നര മണിക്കൂര്‍ ഡൈവേര്‍ഷന്‍. അതിനാണു ഈ നരസിംഹനും, പ്രേമനും,
സുരേഷിനുമൊക്കെ മുറുമുറുപ്പ്. അല്ലേലും നേരത്തേ ബീച്ചിലെത്തേണ്ട ഒരു കാര്യവുമില്ല. കടലാമകള്‍ മുട്ടയിടാന്‍
വരുന്നതു നേരേ ചൊവ്വേ കാണണമെങ്കില്‍ പാതി രാത്രിയെങ്കിലും ആവണം. കടലാമകളെ കാണാനുള്ള എല്ലാ
ഏര്‍പ്പാടുകളും ചന്ദ്രേട്ടന്‍ ചെയ്തിട്ടുണ്ട്. പിന്നെന്തിനാ ഇവര്‍ക്കൊരു വെപ്രാളം?

കടലാമകള്‍ മുട്ടയിടാന്‍ വരുന്നതു കാണാന്‍ പോകാമെന്നു പ്ലാനിട്ടതേ ഞാനാണു. പിന്നെ ഈ ആറു
ഫാമിലികളേയും കോ ഓര്‍ഡിനേറ്റു ചെയ്തു എല്ലാം അറേഞ്ചു ചെയ്തു. റൂംസ് ബുക്കുചെയ്തു, ഫൂഡ്
റെഡിയാക്കി. കുഞ്ഞുങ്ങള്‍ക്കുള്ള പാല് പ്രത്യേകം. ഡയബെറ്റിക്സ്കാര്‍ക്കു ഷുഗറിടാതെ. പത്ത് നാല്പത്തിരണ്ട്
പേരുള്ള റ്റൂര്‍ മാനേജ് ചെയ്യുന്നത് എളുപ്പപണിയാണോ? പിന്നെ ചന്ദ്രേട്ടനു എല്ലായിടത്തും കോണ്ടാക്റ്റ്സ് ഉള്ളതു
ഭാഗ്യം.

“ അഴകാന മെയിലി വെരും,
അലിവോടെ ഡെയിലി വെരും,
എന്നാളും ഓടി വെരും,
ഠോണിക്കുഠാ.....
ഇന്നല്ലെങ്കില്‍ നാളെ വെരും
നാളെല്ലെങ്കില്‍ മറ്റന്നാ വെരും
കണ്ണാടിപോലെ വെരും
ഠോണിക്കുഠാ.....”

ഈ നരസിംഹനു വട്ടാ. കുട്ടികളോടൊപ്പം കുത്തിമറിയുവാ. വൃത്തികെട്ട ഈ ഒരു പാട്ടും. നരസിംഹന്‍റെ
വൈഫൊരു പാവം കുട്ടിയാ. ഒരു കണ്ട്രോളും ചെയ്യില്ല ഭര്‍ത്താവിനെ. ചന്ദ്രേട്ടന്‍ അങ്ങനെയല്ല. എല്ലാം ശാന്തമായി
കൈകാര്യം ചെയ്യും. കാര്യം പറഞ്ഞാല്‍ ചന്ദ്രേട്ടനു മനസ്സിലാവും. വെറുതേ ആര്‍ഗുമെന്‍റിനൊന്നും വരില്ല.

“ ഭാനുമതിയേയ്, നീയ്യ് വേണ്ടെതെന്തെന്നു വച്ചാ അങ്ങു ചെയ്തോ.”
എന്നാവും ചന്ദ്രേട്ടന്‍റെ അവസാന വാക്യം.
ചന്ദ്രേട്ടന്‍ ഇപ്പോള്‍ വണ്ടിയോടിയ്ക്കാറില്ല. പേടിയാണ്. ഓരോ വളവിലും തിരിവിലും അപകടം
കാത്തുനില്‍ക്കുന്നത്രേ. പണ്ടൊന്നും ചന്ദ്രേട്ടന്‍ ഇങ്ങനേ ആയിരുന്നില്ല. നൂറ്റമ്പതു കിലോമീറ്റര്‍ സ്പീഡില്‍ വണ്ടി പറത്തും. ഒരിക്കലും മരണം ചന്ദ്രേട്ടനു വിഷയം ആയിരുന്നിട്ടേയില്ല. അമ്പത്തി രണ്ടാം പിറന്നാളിനാണു ചന്ദ്രേട്ടന്‍ മരണത്തെ ആദ്യമായി പേടിച്ചത്.ആരോ വെടിവയ്ക്കാന്‍ ശ്രമിച്ചെന്ന്.

“വെറുതേ തോന്നുന്നതാ ചന്ദ്രേട്ടാ”

“ഭാനുമതിയേയ്, ഇനി അധിക കാലമില്ല എനിയ്ക്ക്”

അതുവരെ ജീവിച്ച് മദിച്ചിരുന്ന ചന്ദ്രേട്ടന്‍ പിന്നെ ഓരോ നിമിഷവും മരിയ്ക്കാന്‍ തുടങ്ങി. വിമാനയാത്രയ്ക്കു
പേടി. വിമാനം ആകാശത്തു വച്ച് തീ പിടിയ്ക്കും പോലും. സിറ്റിമാളില്‍ പോകാന്‍ പേടി. ബോംബു പൊട്ടി
മരിയ്ക്കുമെന്നാണു വിചാരം. ഓഫീസിലിരിയ്ക്കുമ്പോള്‍ വാടകക്കൊലയാളികള്‍ തോക്കുചൂണ്ടി നില്‍ക്കുന്നതു
കണ്ടെന്ന്‍. എന്താചെയ്ക? വെളിയില്‍ പറയാന്‍ പറ്റുമോ? ആളുകള്‍ വട്ടാണെന്നു പറഞ്ഞു പരത്തില്ലേ?
അല്ലെങ്കിലും ഒക്കെ അസൂയക്കാരാണ്. ചന്ദ്രേട്ടന്‍റെ കമ്പനിയില്‍ പണമിറക്കുന്നതു ഹവാലക്കാരാണു
അണ്ടര്‍വേള്‍ഡുകാരാണെന്നൊക്കെ പറഞ്ഞു കളഞ്ഞില്ലേ. അല്ലേലും ഈ മലയാളികളെ ഒട്ടും വിശ്വസിക്കാന്‍ പറ്റില്ല.നായന്മാര്‍ക്കും അച്ചായന്മാര്‍ക്കും പണ്ടേ ഒരു ചൊരുക്കുണ്ട്.

“കുഡുമ്മത്തിപ്പെറന്ന നല്ല ചോവനും ചോവത്തിയ്ക്കും ഉണ്ടായതു തന്ന്യാ എന്‍റെ ചന്ദ്രേട്ടന്‍. അഭിമാനേള്ളൂ
അതില്”
സമാജത്തിന്‍റെ മീറ്റിങില്‍ വച്ച് ഞാനിതു പറഞ്ഞപ്പോള്‍ ഒറ്റയെണ്ണം മിണ്ടിയോ?

പാവം ചന്ദ്രേട്ടന്‍. ഇപ്പോള്‍ നരസിംഹനോടൊപ്പം കുട്ടികളോട് അന്താക്ഷരി കളിയ്ക്കുന്നു. എന്നെ
കളിയാക്കാറുണ്ട്ങ്കിലും നരസിംഹന്‍ യാത്ര കൊഴുപ്പിയ്ക്കും. അവനുണ്ടെങ്കില്‍ ബോറടിയ്ക്കില്ല. ചന്ദ്രേട്ടന്‍
ചിരിയ്ക്കുന്നു. എത്ര കാലമായി ചന്ദ്രേട്ടന്‍ ഭീതിയില്ലാതെ ഒന്നു ചിരിച്ചിട്ട്. കടലാമകള്‍ മുട്ടയിടാന്‍ വരുന്നതു
കാണാനുള്ള ഈ യാത്ര എന്തായാലും നന്നായി.

നക്ഷത്രദീപങ്ങള്‍ തെളീഞ്ഞൂന്ന പാട്ട് കുട്ട്യോള്‍ അന്താക്ഷരി പാടീപ്പഴാ ചന്ദ്രേട്ടന്‍ പറഞ്ഞത്“ നല്ല ആള്വോള് മരിച്ചു സ്വര്‍ഗ്ഗത്തീ പോമ്പഴാ നക്ഷത്രങ്ങളാവുന്നേ. ഇഷ്ടൊള്ളോരെ കാണുമ്പോ അതാ അവറ്റ
കണ്ണ് ചിമ്മുന്നേ"
ച്ന്ദ്രേട്ടന്‍റെ ഓരോ കള്ള കഥകള്. കുട്ട്യോളെ പറ്റിയ്ക്കാനായിട്ട്. അല്ലെങ്കിലും കഥയുണ്ടാക്കാന്‍ ചന്ദ്രേട്ടന്‍ മിടുക്കനാ.

ഡെല്ലീല് നടന്ന കാര്യം ആലോചിക്കുമ്പോള്‍ തന്നെ പേടിയാവും. ചന്ദ്രേട്ടന്‍റെ ഈ പേടീം പങ്കപ്പാടുമൊക്കെ ഒന്നു
ചികിത്സിക്കാനാ ആരും അറിയാതെ ആള്‍ ഇന്‍ഡ്യാ മെഡിക്കലില്‍ പോയത്. നാട്ടീ ചികിത്സിച്ചാ പിന്നെ അതു
പാട്ടാവും. എന്തു ചെയ്താ ചന്ദ്രേട്ടന്‍ ഹോട്ടലീന്നു വെളീ എറങ്ങില്ല. ഡെല്ലീ ബ്ലാസ്റ്റ് നടന്നത് ചന്ദ്രേട്ടനെ
കൊല്ലാമ്മേണ്ടീന്നാ. വല്ലാത്ത പേടി. ഞങ്ങള് ഷോപ്പിങ് കഴിഞ്ഞു വന്നപ്പോ കൈത്തണ്ടേലെ ഞരമ്പും മുറിഞ്ഞ്
ചോരയൊലിച്ചു ചന്ദ്രേട്ടനവിടെ ബാത്ത്രൂമില്‍.പിന്നെന്താ പുകില്. ചന്ദ്രേട്ടനു പിന്നെ പാര്‍ട്ടീലൊക്കെ നല്ല
പിടിപാടുള്ളതുകൊണ്ട് വയലാര്‍ജിയും ഈ അഹമ്മദ്ജിയും ഒക്കെ സഹായിച്ചു. പോലീസ് കേസാവാതെ
രക്ഷപ്പെട്ടു. പിന്നെ ചോദിച്ചപ്പം പറയുവാ ഞങ്ങള്‍ ഷോപ്പിങിനു പോയിരുന്നപ്പോ നാലു ഗുണ്ടകള്‍ മുറിയില്‍
വന്നു ബലമായി പിടിച്ചു വച്ച് കൈത്തണ്ടയിലെ ഞരമ്പു മുറിച്ചെന്നു. ഇങ്ങനെയുള്ള കള്ളക്കഥകള്‍ പറഞ്ഞു
കളയും ചന്ദ്രേട്ടന്‍.

ചന്ദ്രേട്ടന്‍റെ സോണല്‍ മാനേജര്‍ അക്ബര്‍ അലിയാണു കടലാമകളെ കാണാന്‍ ബീച്ചില്‍ പോകേണ്ട പെര്‍മിറ്റിനുള്ള
ഏര്‍പ്പാടൊക്കെ ചെയ്തത്. പാതിരാത്രിയായി. രാത്രിയും കടലും കറുത്തു. അക്ബര്‍ അലി ഒരു പ്രത്യേക
വണ്ടിയില്‍ ഞങ്ങളെ കയറ്റി. ശ് ശ് ശ്...കുട്ടികള്‍ ശബ്ദമുണ്ടാക്കരുത്. ഫോട്ടോഫ്ലാഷടിയ്ക്കാന്‍ പാടില്ല. അക്ക്ബര്‍
അലി മാത്രം കടപ്പുറത്ത് റ്റോര്‍ച്ചടിയ്ക്കും. ആ വെളിച്ചം കണ്ട്, ഉറക്കെ സംസാരിക്കാതെ എല്ലാരും പിറകേ
പോണം. ആയിരക്കണക്കിനു മൈലു താണ്ടി അമ്മക്കടലാമകള്‍ എല്ലാ സീസണിലും വരും. കടപ്പുറം കറുക്കുമ്പോ,
തിരകളുടെ നാവില്‍ നിന്ന് കടലാമകള്‍ മണലിലൂടെ, കട്ടിയുള്ള പങ്കായകൈകള്‍ അരിച്ചരിച്ചു ഇഴഞ്ഞു കയറും.
ഭ്രാന്തിയെപ്പോലെ മണലുചിക്കി വലിയ കുഴി കുഴിയ്ക്കും. പ്രണയ സാഫല്യത്തിന്‍റെ വഴു വഴുത്ത മുട്ടകള്‍
കുഴിയിലിടാന്‍ തപസ്സിരിയ്ക്കുമ്പോള്‍, കടലാമയുടെ കണ്ണുകളില്‍ നിന്നും ലവണജലമൊഴുകും. മണല്‍ക്കുഴിയുടെ
ചൂടില്‍ കടലാമയുടെ പുതു തലമുറ മുട്ടകള്‍ക്കുള്ളില്‍ തുടിയ്ക്കും. പങ്കായക്കൈകള്‍ കൊണ്ടു മണല്‍ ചിക്കി കുഴി
മൂടി കടലാമ തിരമാലകളില്‍ അരിച്ചിറങ്ങി ആഴക്കടലിലേയ്ക്കു, തിരിഞ്ഞു നോക്കാതെ യാത്രയാവും. കടലാമകള്‍
സ്വന്തം മക്കളെ വീണ്ടുമൊരിക്കലും കണ്ടു മുട്ടില്ല.

“ എല്ലാരും കൂടെ കൊന്നു, എന്‍റെ കടലാമയെ” ചന്ദ്രേട്ടന്‍ പിറുപിറുക്കുന്നു.
ഒരു തടിയന്‍ കടലാമ ചത്തു മലച്ചു കിടക്കുന്നു. അതിന്‍റെ പുറത്തു കയറിനിന്നു ഫോട്ടോയെടുക്കുവാ ചില റ്റ്യൂറിസ്റ്റ്സ്.

നരസിംഹനാണു കൊച്ചു കൊച്ചു കടലാമക്കുഞ്ഞുങ്ങളെ ആദ്യം കണ്ടതു. കറുത്ത മണലില്‍ കുറേ കറുത്ത
കടലാമക്കുഞ്ഞുങ്ങള്‍ പിരു പിരാ ചിന്നം പിന്നം.

“ അതിനെ ചവിട്ടരുത്” ചന്ദ്രേട്ടന്‍ അലറി. ഏതു കുഴിയില്‍ എപ്പോഴാണു കാലു വയ്ക്കുന്നതെന്നു ഈ ഇരുട്ടത്ത് എങ്ങനെ അറിയാനാ? അക്ബര്‍ അലി കടലാമക്കുഞ്ഞിനെ കൈയ്യിലെടുത്തു റ്റോര്‍ച്ചടിച്ചു കുട്ട്യോളെ കാട്ടുന്നു. എന്തു ക്യൂട്ടാ കടലാമക്കുഞ്ഞുങ്ങള്‍!
“അതാ വേറൊരെണ്ണം”
കടലാമ കുഴി കുഴിയ്ക്കുന്നതു കാണാന്‍ എല്ലാരും അങ്ങോട്ടോടി. തിക്കും തിരക്കും.
“ ആരാ ഫ്ലാഷടിച്ചതു? ആരാ ഫ്ലാഷടിച്ചതു?”
ചന്ദ്രേട്ടന്‍ വീണ്ടും ഉറക്കെ വിളിച്ചു.ചന്ദ്രേട്ടന്‍ കുട്ടികളുടെ ക്യാമറകളെല്ലാം പിടിച്ചു വാങ്ങി, കറുത്ത കടലിലേയ്ക്കു നിഴലുപോലെ ചന്ദ്രേട്ടന്‍
ഓടുന്നു. പിറകേ ക്യാമറകള്‍ക്കായി കുട്ട്യോളുടെ നിഴലുകളും.
“ ചന്ദ്രേട്ടാ, എന്തു പ്രാന്താ നിങ്ങളീ കാട്ടണേ”
നരസിംഹന്‍റെ കറുത്ത നിഴല്‍ ചന്ദ്രേട്ടനും കുഞ്ഞുങ്ങള്‍ക്കും
പിറകില്‍.

കടലാമകള്‍ കുഴിച്ച കുഴികള്‍ക്കിടയിലൂടെ, കടലാമക്കുഞ്ഞുങ്ങളെ ചവിട്ടിമെതിച്ചു കൊണ്ട് ഞങ്ങള്‍ ഇരുണ്ട രാത്രിയിലൂടെ ഓടി. ചന്ദ്രേട്ടനേയും നാലു കുട്ട്യോളേയും തേടി. അഞ്ചു പുത്തന്‍ നക്ഷത്രങ്ങള്‍കൂടിയുദിച്ച പോലെ ചന്ദ്രേട്ടന്‍റെ സ്വന്തം ആകാശം, ചന്ദ്രേട്ടന്‍റെ കടലിനെ തൊട്ടുതാലോലിച്ചു . തിരകളുടെ കറുത്ത നാവുകള്‍ കൊണ്ട് അറബിക്കടല്‍ തരാട്ടു പാടി.

20 comments:

ഹരിത് said...

തിരകളുടെ കറുത്ത നാവുകള്‍ കൊണ്ട് അറബിക്കടല്‍ തരാട്ടു പാടി.

പാമരന്‍ said...

ഹരിത്തേ, ഫീഗരാ..! ഉഗ്ഗുഗ്രന്‍! നിറഞ്ഞു.

"തിരകളുടെ നാവില്‍ നിന്ന് കടലാമകള്‍ മണലിലൂടെ, കട്ടിയുള്ള പങ്കായകൈകള്‍ അരിച്ചരിച്ചു ഇഴഞ്ഞു കയറും.
ഭ്രാന്തിയെപ്പോലെ മണലുചിക്കി വലിയ കുഴി കുഴിയ്ക്കും. പ്രണയ സാഫല്യത്തിന്‍റെ വഴു വഴുത്ത മുട്ടകള്‍
കുഴിയിലിടാന്‍ തപസ്സിരിയ്ക്കുമ്പോള്‍, കടലാമയുടെ കണ്ണുകളില്‍ നിന്നും ലവണജലമൊഴുകും."

namath said...

ഹരിത്. കഥയുണ്ടെന്നറിയാമായിരുന്നേലും ഇത്രേം കഥയുണ്ടെന്നറിയില്ലായിരുന്നു. എല്ലാ കഥകള്‍ക്കും ചേര്‍ത്ത് ഒരു കൂട്ടച്ചിയേഴ്സ്!

ശ്രീവല്ലഭന്‍. said...

ഹരിതിന്‍റെ കഥകള്‍ വളരെ ഇഷ്ടമാണ്. ഇതും വളരെ ഇഷ്ടപ്പെട്ടു. :-)

siva // ശിവ said...

തികച്ചു ഇഷ്ടമായി ഈ കഥ...

ശ്രീ said...

ഈ കഥയും നന്നായി മാഷേ... ചന്ദ്രേട്ടനും കടലാമകളും...

ഹരിത് said...

പാമൂസ്: നാട്ടില്‍ നിന്നും തിരിച്ചെത്തിയല്ലോ, അല്ലേ? ആദ്യ കമന്‍റിനും പ്രോത്സാഹനത്തിനും നന്ദി.

നമത്: സ്വാഗതം നമതേ. കഥയില്ലായ്മയില്‍ നിന്നായിരുന്നു തുടക്കം.പിന്നെ കഥയിലെത്തി. കഥകളെ സീരിയസ്സായി കാണുന്ന ബൂലോകത്തെ കുറച്ചു അജ്ഞാത സുഹൃത്തുക്കള്‍ പ്രോത്സാഹിപ്പിച്ചതുകൊണ്ട് വീണ്ടും കഥയെഴുത്തല്‍ യത്നം തുടരുന്നു. എന്‍റെ കഥകളെക്കാളേറെ അവര്‍ എന്നെയും സ്നേഹിക്കുന്നെന്നു പിന്നീടു ഞാന്‍ മനസ്സിലാക്കി നമതേ. ഈ കഥകള്‍ക്കും ആ അജ്ഞാത സുഹൃത്തുക്കള്‍ക്കും വേണ്ടി ഇന്നു കോക്ക്റ്റൈല്‍ ആയിക്കോട്ടേ. ചിയേഴ്സ്!

ശ്രീവല്ലഭന്‍, ശിവ, ശ്രീ, അങ്കിള്‍: വളരെ നന്ദി, ഇവിടെ വന്നതിനും, വായിച്ചതിനും, കമന്‍റെഴുതിയതിനും

സന്തോഷ്‌ കോറോത്ത് said...

kidil :) :)

ഗുപ്തന്‍ said...

നല്ല കഥ ഹരിത് :)

vadavosky said...

ഹരിത്‌,
നല്ല കഥ. ഭാഷയും നന്നായി.അഭിനന്ദനങ്ങള്‍.:)

"നല്ല ആള്വോള് മരിച്ചു സ്വര്‍ഗ്ഗത്തീ പോമ്പഴാ നക്ഷത്രങ്ങളാവുന്നേ. ഇഷ്ടൊള്ളോരെ കാണുമ്പോ അതാ അവറ്റ
കണ്ണ് ചിമ്മുന്നേ"

ഈ വരികള്‍ ഒരു സൂചന ആദ്യമേ തന്നെ തരുന്നുണ്ട്‌. അതുകൊണ്ട്‌ അതൊരു അപാകത പോലെ തോന്നി.

വേണു venu said...

കൈ നരമ്പ് മുറിച്ച് കുറ്റം ഭീകരരിലെറിഞ്ഞ ചന്ദ്രേട്ടന്‍, കഥാന്ത്യത്തിന്‍റെ സൂചന അവിടത്തന്നെ തന്നിരുന്നു.
ആയിരക്കണക്കിനു മൈലു താണ്ടി വരുന്ന അമ്മക്കടലാമ, ഭ്രാന്തിയെപ്പോലെ മണലുചിക്കി വലിയ കുഴി കുഴിയ്ക്കുന്നു.
പ്രണയ സാഫല്യത്തിന്‍റെ വഴു വഴുത്ത മുട്ടകള്‍ കുഴിയിലിടാന്‍ തപസ്സിരിയ്ക്കുമ്പോള്‍, കടലാമയുടെ കണ്ണുകളില്‍ നിന്നും ലവണജലമൊഴുകുന്നു.
സ്വന്തം മക്കളെ ഇനി ഒരിക്കലും കാണില്ലെന്നറിഞ്ഞ് തിരിഞ്ഞു നോക്കാതെയുള്ള മടക്ക യാത്ര. ആഴക്കടലിലേയ്ക്ക്.
വളരെ ചുരുങ്ങിയ ആ വാക്കുകളിലെ ചിത്രം, കഥയെ കടത്തി വെട്ടിയിരിക്കുന്നു. ഹരിത്തേ. ഇഷ്ടമായി...

Jayasree Lakshmy Kumar said...

വളരേ നല്ല കഥ. ഇഷ്ടമായി

Santhosh said...

കഥ ഇഷ്ടമായി ഹരിത്!

ഹരിത് said...

കോറോത്ത്, ഗുപ്തന്‍: നന്ദി കോറോത്ത്. ഗുപ്തര്‍ക്കു സ്വാഗതം.അപര ശല്യത്തില്‍ നിന്നും മുക്തി ലഭിക്കട്ടെ എന്നാശംസിയ്ക്കുന്നു:)

വ്ഡവോ: നന്ദി. സൂചനകള്‍ ദുരൂഹത കുറയ്ക്കാന്‍ വേണ്ടി കൊടുത്തതാണു. ഇനി ഒരു പൊളിച്ചെഴുത്തുണ്ടാവുമ്പോള്‍ വഡവോ പറഞ്ഞ കുറവും പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കാം.

വേണു: വളരെ നന്ദി. വേണുവിന്‍റെ പുത്തന്‍ പോസ്റ്റിനായി കാത്തിരിയ്ക്കുന്നു.

ലക്ഷ്മി: കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

സന്തോഷ്: സ്വാഗതം. ഈയിടെയായി കാണാറേയില്ലല്ലൊ? കഥയിഷ്ടപ്പെട്ടതില്‍ സന്തോഷം.( ചീട്ടുകളിയൊക്കെ നിന്നു , അല്ലേ?:)

ചീര I Cheera said...

കഥ ഇന്നലേ വായിച്ചിരുന്നു!
പെട്ടെന്നൊന്നും എഴുതാന്‍ വന്നില്ല.
മുകളില്‍ പറഞ്ഞ പോലെ നക്ഷത്രങ്ങളെ കുറിച്ചുള്ള പാരാമര്‍ശവും, ചന്ദ്രേട്ടന്റെ മാറ്റങ്ങളും സൂചനകള്‍ തന്നിരുന്നു. (അത് അപാകതയാണോന്നൊന്നും അറിയില്ല ട്ടൊ)
അതിലേറെ ഭാനുമതിയേയും നന്നായി മനസ്സിലാവുന്നു.
വളരെ ഇഷ്ടമായി.

പലപ്പൊഴും ഹരിതിന്റെ എഴുത്ത് ഉള്ളിലൊരു ‘ഇന്‍സ്പിരേഷന്‍‘ ഇട്ടുതരാറുണ്ട്.. അതുകൊണ്ട് ഇനിയും ഇനിയും പോരട്ടേ നിറയേ കഥകള്‍..:)

namath said...

കോക്ടെയിലിനു വിരോധമേതുമില്ല. തൊട്ടുകൂട്ടാന്‍ കഥ കൂടെ പോരട്ടെ!

കുറ്റ്യാടിക്കാരന്‍|Suhair said...

ഗുഡ് കഥ സര്‍...

മുസാഫിര്‍ said...

ചന്ദ്രേട്ടന്റെ കടലിനേയും ആകാശത്തേയും ആമകളേയും സ്നേഹിച്ചു പോയി , കഥ കഴിയുമ്പോഴേക്കും.

ഹരിത് said...

പീ.ആറ്: വളരെ നന്ദി. കഥ ഇഷ്ടപ്പെട്ടു അല്ലേ?പക്ഷേ കഥ ഈയിടെയായി എഴുതാന് വലിയ പാടാണ്.ശ്രമം തുടരുന്നു, എങ്കിലും.വീണ്ടും വരിക അക്ഷരപ്പച്ചയില്.

നമത്: ഇവിടെ തൊട്ടുകൂട്ടാൻ ചെങ്കീരിയും, കടലാമയും, എലികളും, പാമ്പുകളും ഒക്കെയേ ഉള്ളൂ. മീന് തൊട്ടുകൂട്ടാനാണെങ്കില് ഫ്രെഷ് വാട്ടര് പ്രോണും ഉണ്ടാവും. ഹ ഹ..മീന് തൊട്ടുതന്നെ തുടങ്ങാം!:)

കുറ്റ്യാടിക്കരന്, മുസാഫിര്: വളരെ നന്ദി

ഭൂമിപുത്രി said...

ദൈവങ്ങൾക്കും മനോവിഭ്രാന്തി വരുമ്പോൾ
ഭക്തർ നിസ്സഹായരായി നക്ഷത്രമെണ്ണാതെ മറ്റെന്തു
ചെയ്യാൻ!
കുഴഞ്ഞുമറിഞ്ഞ വിഷയമാൺ..ചന്ദ്രേട്ടന്റെ മനസ്സുപോലെത്തന്നെ.
വൈരുദ്ധ്യങ്ങളുടെ സൂചനകൾ
സമർത്ഥമായിക്കൊണ്ടുവരുന്നുണ്ട് ഹരിത്