Monday, November 24, 2008

മോക്ഷം

ഒടുങ്ങാത്ത കൊതിയുടെ വിഴുപ്പുകെട്ടുകള്‍ പേറി മനസ്സ് കോലം കെട്ട ഈ ശരീരത്തിനുള്ളില്‍. വീണ്ടും വീണ്ടും
ഒരേ സ്വപനം. ഞെട്ടി ഉണരുമ്പോള്‍ ഓര്‍ത്തു വയ്ക്കും. പക്ഷേ പിന്നീട് എത്ര ശ്രമിച്ചിട്ടും സ്വപ്നം വീണ്ടും
ചികഞ്ഞെടുക്കാനും കഴിയാറില്ല.പങ്കുവയ്ക്കാന്‍ കഴിയാത്ത ഒരന്ധാളിപ്പുപോലെ ആ സ്വപ്നം ഇടയ്ക്കിടെ.
ചിലപ്പോള്‍ അര്‍ദ്ധരാത്രിയില്‍. മറ്റുചിലപ്പോള്‍ ഏഴരവെളുപ്പിന്.


ചതഞ്ഞു ചീര്‍ത്ത വാക്കുകള്‍ കൊണ്ട് ജീവിതത്തെ പൊലിപ്പിച്ചു പറയുമ്പോള്‍, വല്ലാത്ത ഒരു തികട്ടലാണു.
മാനേജ്മെന്‍റ് ചവറുകളില്‍ നിന്നുള്ള സൂക്തങ്ങള്‍ ഈയിടെ പുച്ഛം പോലും ജനിപ്പിക്കാറില്ല. അങ്ങനെ ഒരു
കോണ്‍ഫ്രന്‍സ് കൂടെ കഴിയാറായി. വാലിഡക്ടറി ഫങ്ഷനില്‍ സ്വാമിജിയുടെ പ്രസംഗത്തിനിടയിലാണു നാട്ടില്‍
നിന്നും ഫോണ്‍,

“ഏട്ടാ, നമ്മുടെ കുമാരേട്ടന്‍ മരിച്ചു. ബസ്സാക്സിഡന്‍റ്, ഓഫീസില്‍ നിന്നും മടങ്ങും വഴി.......”

മനസ്സില്‍ ഒരു കുമിള പൊട്ടി. വര്‍ഷങ്ങളായി കുമാരേട്ടനെക്കുറിച്ച് ഓര്‍ത്തിട്ടുകൂടിയില്ല.

“ അത് ഇനി പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞാലേ അറിയാന്‍ പറ്റൂ. ഫുള്‍ വെള്ളമായിരുന്നെങ്കിലും ആര്‍ക്കും ഒരു
ശല്യവും ......”

മുഴുവനും കേട്ടില്ല.


സ്വാമിജി ഐതരേയോപനിഷതിനെക്കുറിച്ചു പ്രസംഗം തുടരുന്നു.
“ Before we discuss about the creation of cosmic person,let us understand the
invocation of Aitereya Upanishad....
ഓം വാങ്മേ മനസി പ്രതിഷ്ഠിതാ, മനോ മേ വാചി പ്രതിഷ്ഠിതാം.....
ഈശ്വരാ, മനസ്സും വാണിയും ഒന്നായി പ്രവര്‍ത്തികണേ, മനസ്സിലൊന്നും വാണിയില്‍ മറ്റൊന്നും ചിന്തിക്കുകയും
പറയുകയും ചെയ്യാതിരിക്കണേ......”

സ്വാമിജിയുടെ സരസമായ ഉദാഹരണങ്ങള്‍. കേട്ടുചിരിക്കുന്ന നയതന്ത്രജ്ഞര്‍, സിവില്‍ സെര്‍വന്‍റ്സ്, ബിസ്സിനസ്സ്
എക്സിക്കൂട്ടീവ്സ്. ഒരാള്‍ക്ക് ഇരുപത്തി അയ്യായിരം രൂപയാണ് കോണ്‍ഫ്രന്‍സ് ഫീസ്.

കോണ്‍ഫ്രന്‍സ് ഹാളില്‍ നിന്നും പുറത്തിറങ്ങി. അമ്മയെ വിളിച്ചു,

“ അമ്മേ, കുമാരേട്ടന്‍....”

അമ്മ വിവരംഅറിഞ്ഞിരിയ്ക്കുന്നു.

“തങ്കമ്മായിയ്യേ, ഇച്ചിരെ ചോറു വെളമ്പിക്കൊള്ളൂ”

വീട്ടിലേയ്ക്കുള്ള വിരളമായ വരവുകളില്‍ കുമാരേട്ടന്‍ പടി
കയറുന്നതു തന്നെ അമ്മയോട് ഊണു ആവശ്യപ്പെട്ടു കൊണ്ടാണ്. നല്ല ചന്തത്തിലാണ് കുമാരേട്ടന്‍ ഊണു
കഴിക്കാറ്. പാത്രത്തില്‍ ചോറ് രണ്ടായി വകുത്തു മാറ്റി, പരിപ്പോ സമ്പാറോ കുഴച്ചു, വലതു ഭാഗത്തുനിന്നും
ചോറുളകളാക്കി, അല്പം അച്ചാറും തൊട്ടു കഴിക്കുന്നതു കാണാന്‍ രസമാണ്. കഴിച്ചു കഴിഞ്ഞാല്‍ ഒരു വറ്റു
ചോറുപോലും പാത്രത്തിലോ ഊണു മേശയിലോ മിച്ചം കിടക്കാറുണ്ടാവില്ല. ഊണു കഴിച്ചാലുടനേ കുമാരേട്ടനു
തിരിച്ചു പോകാന്‍ തിരക്കാണു്.

“തങ്കമ്മായിയ്യേ, ഒരു നൂറുറുപ്പ്യങ്ങെടുത്തോളോ. അടുത്തോണവരുമ്പൊ തിരിച്വൊണ്ടരാം”

അമ്മ പണം കൊടുക്കുന്നേരം പറയും,

“കുമാരാ, കുടിച്ചു കുടിച്ചു കരളുവാട്ടാതിരിയ്ക്കാമ്പാടില്ലേ നെനക്ക്”

ചാരുകസേരയില്‍ നിന്നും അച്ഛന്‍റെ അശരീരി വരും,

“തങ്കം, നെനക്കു വേറേ പണിയൊന്നുമില്ലേ? പോത്തിനോടാ
വേദമോകുന്നതേ! നീയ്യ് വെറുതേ തോള്ളേലെ നീരു വറ്റിയ്ക്കാതെ”

കുമാരേട്ടന്‍ ഇപ്പുറത്തുനിന്നുതന്നെ ഉറക്കെ മറുപടിയും പറയും,

“ ഈയ്യിടെ വാട്ടീസടി കൊറവാ കുട്ടമ്മാമേ”

കുമാരേട്ടന്‍ അടുത്ത തവണ വരുമ്പോള്‍ അമ്മയ്ക്കു നൂറു രൂപ തിരിച്ചു കൊടുക്കാന്‍ തുടങ്ങും. അമ്മ വേണ്ടെന്നു
പറയും. എല്ലാത്തവണയും ഊണു കഴിച്ചു തിരിച്ചു പോകാന്നേരം വീണ്ടും നൂറു രൂപാ വാങ്ങിക്കും. കുമാരേട്ടന്‍
തിരിച്ചുപോയിക്കഴിയുമ്പോള്‍ അമ്മയുടെ ആത്മഗതം,

“പാവം കുമാരന്‍”


കോണ്‍ഫ്രന്‍സ് കഴിഞ്ഞു പാര്‍ട്ടിസിപ്പന്‍റ്സ് പിരിഞ്ഞുതുടങ്ങി. സ്വാമിജിയെ ഗസ്റ്റ് ഹൌസിലേയ്ക്കു എസ്കോര്‍ട്ട്
ചെയ്തു പോയി മുറിയില്‍ സംസാരിച്ചിരുന്നപ്പോഴും കുമാരേട്ടന്‍റെ മരണം ഒരു മണ്‍‌തരിയായി മനസ്സില്‍
ഉരഞ്ഞുകൊണ്ടേയിരുന്നു. ഒരു കിരുകിരുപ്പ്
.
“ വാട്ട് ഇസ് ബോഥെറിങ് യൂ, സര്‍”

സ്വാമിജി സര്‍ എന്നു സംബോധന ചെയ്തത് എന്നെ വിചലിതനാക്കി.

“ അ ഡെത്ത്; ആന്‍ അണ്‍ റ്റൈമിലി ആക്സിഡെന്‍റല്‍ ഡെത്ത് ബാക്ക് അറ്റ് ഹോം, സ്വാമിജി”

പ്രതീക്ഷയ്ക്കു വിപരീതമായി സ്വാമിജി തത്ത്വചിന്തകളും, ഉപദേശങ്ങളും ഒന്നും പറഞ്ഞില്ല. വെറുതേ എന്‍റെ
കൈപ്പത്തികളില്‍ കൈ അമര്‍ത്തി.
ശുഭ്ര വസ്ത്രത്തിന്‍റെ പോക്കറ്റില്‍ നിന്നും ഒരു വെറ്റിലച്ചെല്ലം എടുത്തു, എന്നിട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു,

“ ഐ അം സ്റ്റില്‍ നോട്ട് അ സന്യാസി ഫുള്ളീ. സോ മെനി വേള്‍ഡ്ലി ഡിസൈയേഴ്സ് ആര്‍ ദേര്‍ ഫോര്‍ മീ റ്റു
ഓവര്‍കം.”

സ്വര്‍ണ്ണത്തകിടു പൊതിഞ്ഞ വെറ്റിലച്ചെല്ലത്തില്‍ എന്‍റെ കണ്ണുപെട്ടതു കണ്ട് സ്വാമിജി വീണ്ടും ചിരിച്ചു,

“ എ പ്രെസെന്‍റ് ഫ്രം എ വെല്‍ത്തി ഡിസൈപ്പിള്‍; യൂ കീപ്പ് ഇറ്റ്”

എനിയ്ക്കെന്തിനാ വെറ്റിലച്ചെല്ലം? എങ്കിലും വേണ്ടെന്നു പറയാന്‍ തോന്നിയില്ല. സ്വാമിജി വെറ്റിലയും, പാക്കും,
നൂറും, പുകയിലയും ഒക്കെ ഒരു പേപ്പറില്‍ തട്ടി പൊതിഞ്ഞെടുത്തു. കാലിച്ചെല്ലം എനിയ്ക്കു തന്നു.

ഒന്നിലും ആസക്തിയില്ലാതെ നിര്‍മ്മമനും,വികാരമുക്തനും, മോക്ഷരഹിതനും ആയ ജീവന്മുക്തനാകാന്‍ വളരെ
ചുരുക്കം പേര്‍ക്കല്ലേ കഴിയൂ സ്വാമിജീ. മനസ്സില്‍ തോന്നിയെങ്കിലും പറഞ്ഞില്ല. മോക്ഷം കാംക്ഷിക്കുന്ന ഒരു
സാധാരണ മനുഷ്യനാകാന്‍ പോലും കഴിയാത്ത ഞാനെന്തു പറയാനാ?.

രാത്രിയിലെപ്പൊഴോ സ്ഥിരം സ്വപ്നം കണ്ട് ഞെട്ടി. കിതപ്പു മാറിയെപ്പോള്‍ അല്പം വെള്ളം കുടിച്ചു. എന്നെ
വേട്ടയാടുന്ന ഈ പേക്കിനാവിന്‍റെ പൊരുളെന്ത്? കണ്ണടച്ചുകിടന്നപ്പോള്‍ ഇരുട്ട് പേടിപ്പിച്ചു. സ്വപ്നത്തെ ഒന്നു
ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ങേ ഹേ... ഒരു രക്ഷയുമില്ല. ചിന്തകള്‍ വീണ്ടും കുമാരേട്ടനില്‍ തൊടുത്തി.


ബ്രിട്ടീഷ കൌണ്‍സില്‍ ലൈബ്രറി അടച്ചു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ നടന്നു സെക്രട്ടറിയേറ്റിനു മുന്നിലെത്തും.
സാധാരണ കുമാരേട്ടന്‍ ഉണ്ടാവും, ഹജൂര്‍കച്ചേരിയുടെ മതില്‍ക്കെട്ടിന്‍റെ തിട്ടയില്‍.ഒറ്റയ്ക്ക്. കമ്പിയഴികളില്‍ ചാരി. ശാന്തമായ കണ്ണുകളില്‍ വാത്സല്യത്തിന്‍റെ നനവ്,

“ കുമാരേട്ടനൊരിടത്തും എത്തിപ്പറ്റീല. നീയ്യ് പഠിച്ചു മിടുക്കനായ് കളക്ടര്‍ പരീക്ഷ ജയിക്കണം. തുക്കിടി സായ്‌വായ് ചോപ്പ് ലൈറ്റിട്ട കാറില് നടക്കൊമ്പോ കുമാരേട്ടനെ മറക്വോ?”

കുമാരേട്ടന്‍ റ്റ്യൂട്ടോറിയല്‍ കോളേജില്‍ ഇകണോമിക്സ് പഠിപ്പിച്ചിരുന്ന കാലമായിരുന്നു. പഠിപ്പിക്കുന്നതു
കുമാരേട്ടനു ഹരമായിരുന്നു. എം‌പ്ലോയ്മെന്‍റ് എക്സേഞ്ചില്‍ നിന്നും 89 ദിവസത്തേയ്ക്ക് ബസ്സ്
കണ്ടക്ടറായപ്പോഴും പഴയ ശിഷ്യന്മാരെ ബസ്സിലെ ഫുട്ട്ബോര്‍ഡില്‍ ചാരിനിന്നു ഉറക്കെ പഠിപ്പിക്കും

“ what is inflation? The overall general upward price movement of goods and
services in an economy, usually as measured by the Consumer Price Index and
the Producer Price Index. Over time, as the cost of goods and services
increase, the value..........."

പെണ്‍കുട്ടികള്‍ അടക്കിച്ചിരിയ്ക്കും. മറ്റുയാത്രക്കാര്‍ പകച്ചു നോക്കും, ആണ്‍കുട്ടികള്‍ ആര്‍ത്തു വിളിയ്ക്കും.
കോമാളിയെപ്പോലെ കുമാരേട്ടന്‍ അടുത്ത ടോപ്പിക് തുടങ്ങും,

“ mixed economy means......"
കുട്ടികള്‍ കുമാരേട്ടനെ കുരങ്ങു കളിപ്പിക്കുന്നതു കാണാന്‍ വയ്യാഞ്ഞ് കുമാരേട്ടന്‍റെ ബസ്സില്‍ പിന്നെ പിന്നെ കയറാതായി.


രാവിലെ നടക്കാന്‍ സ്വാമിജിയും കൂടെ കൂടി. ഹാപ്പി വാലി വഴി ഗംഗാ ഹോസ്റ്റലും കടന്ന് തിബറ്റന്‍
സ്ക്കൂളുവഴി പോളോ ഗ്രൌഡിലെത്തി. സ്വാമിജി ബുദ്ധവിഹാരങ്ങളെക്കുറിച്ചും ദലൈ ലാമയെക്കുറിച്ചും
പറഞ്ഞു. ഐ ഏ എസ്സ് അക്കാഡമിയിലെ പ്രൊബേഷണേഴ്സ് ജോഗ് ചെയ്യുന്നു. സ്വാമിജിയെ കളിയാക്കാനായി
ഒരുവന്‍ ചോദിച്ചു,

“ ആര്‍ യൂ ഗോഡ്, ?”

സ്വാമിജി വെറുതേ പുഞ്ചിരിച്ചു.

ആ ജെ എന്‍ യൂ ക്കാരന്‍ ഐ ഏ എസ്സ് വിപ്ലവകാരി വിട്ടില്ല.

“ ഹേയ്യ്, യൂ ലൂക്ക് ലൈക്ക് ഒണ്‍”.

സ്വാമിജി വീണ്ടും പുഞ്ചിരിച്ചു,

“ യേസ് , ഐ ആം ഗോഡ്, ബട്ട് സോ ആര്‍ യൂ”. വേറൊരുത്തന്‍ കൂട്ടുകാരനു
വേണ്ടി സ്വാമിജിയോടു മാപ്പപേക്ഷിച്ചു. അവര്‍ ജോഗിങ് തുടര്‍ന്നു. ഗസ്റ്റ് ഹൌസിലേയ്ക്കു മടങ്ങും വഴിയ്ക്കു
സ്വാമിജി ശാന്ത സ്വരത്തില്‍ പറഞ്ഞു,

“ റ്റ്രൈ ആന്‍ഡ് കീപ്പ് യുവര്‍ മൈന്‍ഡ് കാം”


മനസ്സും ചിന്തകളും അശാന്തമാകാന്‍ ശീലിയ്ക്കുന്നതിനു മുമ്പുള്ള ഏതോ ഒരു പ്രഭാതത്തില്‍ ഞാന്‍ കുമാരേട്ടനെ കണികണ്ടു.
കുമാരേട്ടന്‍ കരയുന്നുണ്ടായിരുന്നു,അച്ഛന്‍റെ മുന്നിലിരുന്ന്,

“ കുട്ടമ്മാമേ, ഞാനിനി.......”

“നെന്നോടും നിന്‍റെ അഛനോടും ഞാനൊരു നൂറുവട്ടം പറഞ്ഞതാ , നമുക്കീ മാറ്റക്കല്യാണം വേണ്ടാ , വേണ്ടാന്ന്.
ആര് കേള്‍ക്കാന്‍!”

കുമാരേട്ടന്‍ ഭാര്യയെ അവളുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കി. പകരത്തിനു കുമാരേട്ടന്‍റെ പെങ്ങളെ അളിയനും പറഞ്ഞു വിട്ടു.


വര്‍ഷങ്ങള്‍ക്കു ശേഷം, തുക്കിടി സായ്‌വ് സ്ഥാനവും ചോപ്പു ലൈറ്റുള്ള വണ്ടിയുമെല്ലാം ത്യജിച്ച്, ഒരു സന്ധ്യയില്‍
ഞാന്‍ ഹജൂര്‍ കച്ചേരിയുടെ മതില്‍ത്തിട്ടയില്‍ കുമാരേട്ടനോടൊപ്പം ഇരുന്നു. മദ്യത്തിന്‍റെ ലഹരിയില്‍ കുമാരേട്ടന്‍
വേലുത്തമ്പിയെ സാക്ഷിയാക്കി കുടു കുടെ കരഞ്ഞു.

“ നെനക്കറിയ്യോ, എനിയ്ക്കവളെ വല്ലാതെ ഇഷ്ടായിരുന്നു. പക്ഷേങ്കി രാത്രി എന്നെ പൊത്തിപ്പിടിയ്ക്കുമ്പൊ അവള്‍ക്ക് അവളുടെ അച്ഛനെയാ ഓര്‍മ്മ വരുന്നെന്ന്..... ഇങ്ങനേം അച്ഛമ്മാരൊണ്ടാവ്വോ ഭൂമീല്?”


രാത്രി സ്വാമിജിയോടൊപ്പം ഭക്ഷണം. അദ്ദേഹം പറഞ്ഞു,

“ ഓം ഭദ്രം കര്‍ണ്ണേഭിഃ ശുണുയാമ ദേവാ ഭദ്രംപശ്യേമാക്ഷഭിര്‍ജയത്രാഃ......................”

ദെവങ്ങളേ, ഞങ്ങളുടെ കാതുകള്‍ മംഗളകരമായ കാര്യങ്ങള്‍ കേള്‍ക്കട്ടെ,കണ്ണുകള്‍ നല്ലതു കാണട്ടെ....


രാക്കിനാവില്‍ കുമാരേട്ടന്‍.

“ എനിയ്ക്കെന്തെങ്കിലും പറ്റീന്നറിഞ്ഞാ നീ ഓടിപ്പിടച്ച് വര്വൊന്നും വേണ്ട. പിന്നെ എന്നെങ്കിലും നാട്ടില്‍ വരുമ്പോ
ഇത്രടം വരെ ഒന്നു വന്നു പോയ്യാ മതീന്നെ”

ആര്‍ത്തിരമ്പി വരുന്ന ബസ്സിനുനേരേ കുമാരേട്ടന്‍ ജീവന്മുകതനായ് ശാന്തനായി.....

ഞെട്ടിയുണര്‍ന്നു.

ഇനി രാവിലെ ഈ സ്വപ്നവും പതിവുപോലെ ഓര്‍ക്കാന്‍ കഴിയില്ലായിരിക്കും

17 comments:

കാപ്പിലാന്‍ said...

മനസ് നുറുങ്ങുന്ന ഓര്‍മ്മകള്‍ നന്നായി ഹരിത് .നല്ല അവതരണം .

പാമരന്‍ said...

ഇങ്ങനെ രക്തവും മാംസവും മജ്ജയുമുള്ള കഥകളേ എനിക്കാസ്വദിക്കാനറിയൂ. തലച്ചോറു കുറവായതുകൊണ്ടാവും.

വളരെ ഇഷ്ടമായി ഹരിത്ജി. നന്നായി നെയ്തെടുത്തിരിക്കുന്നു.

തറവാടി said...

കുമാരേട്ടന്‍ ഒഴുക്കോടെ.

വേണു venu said...

ഹരിത്തേ,
മനസ്സിന്‍റെ വിഹ്വലതകള്‍ ശരിക്കും ഉള്‍ക്കൊള്ളുന്ന എഴുത്ത്.
കുമാരേട്ടനിലൂടെ സ്വാമിജിയിലൂടെ ഒക്കെ, പേക്കിനാവുകള്‍ കാണുന്ന മനസ്സിന്റ്റെ വ്യാപാരങ്ങള്‍ നന്നായി എഴുതിയിരിക്കുന്നു.
നമ്മുട കുമാരനേട്ടനെ അറിയാവുന്നതു പോലെ...

sv said...

മാഷെ.. നല്ല വിവരണം...

ഉള്ളില്‍ എവിടെയോ കൊണ്ടു...

ആശംസകള്‍

മുസാഫിര്‍ said...

നന്നായി പറഞ്ഞിരിക്കുന്ന കഥ.“അട വെച്ചു വിരിച്ച ആ ഐ ഏ എസ്സ് “ എന്ന സിനിമാ ഡയലോഗ് ഒഴിവാക്കിയിരുന്നെങ്കില്‍ എന്നാശിച്ചു പോയി.

ശ്രീ said...

കുമാരേട്ടനെ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു...

ഹരിത് said...

കാപ്പിലാന്‍: വളരെ നന്ദി, നല്ല വാക്കുകള്‍ക്ക്
പാമു: ഹൃദയമുള്ളവര്‍ക്കെല്ലാം കഥ ആസ്വദിയ്ക്കാമല്ലോ. തലച്ചോറു വേണ്ടതു കടം കഥയ്ക്കല്ലേ? ഇഷ്ട്പ്പെട്ടതില്‍ സന്തോഷമുണ്ട്.


തറവാടി: നന്ദി.

വേണു: കൊച്ചു വര്‍ത്തമാനത്തിരക്കിടയിലും വന്നുവല്ലോ. വളരെ നന്ദി. കുമാരേട്ടനെ അറിയാനുള്ള മനസ്സുള്ള വേണുവിനു സ്നേഹാദരങ്ങള്‍.

എസ്സ് വീ: നന്ദി. മനസ്സില്‍ തോട്ടെന്നറിയുമ്പോള്‍ കൃതാര്‍ത്ഥത തോന്നുന്നു.

മുസാഫിര്‍: കഥയിഷ്ടപ്പെട്ടതില്‍ സന്തോഷം. ‘ അടവച്ചതു ‘ സിനിമാഡയലോഗെന്നറിയില്ലായിരുന്നു. എങ്ങനെയോ അതു മനസ്സില്‍ കിടന്നിട്ടുണ്ടാവണം. ചില ഐ എ എസ്സ് പ്രൊബേഷണര്‍ന്മാരുടെ ‘I am arrived' എന്ന ഭാവത്തോടുള്ള എന്‍റെ വിരോധം മൂത്ത് എഴുതിപ്പോയതാകാം.എന്തായാലും മുസാഫിറിന്‍റെ അഭിപ്രായം മാനിയ്ക്കുന്നു. മാറ്റി എഴുതിയിട്ടുണ്ട്.

ശ്രീ: കുമാരേട്ടനെ ഇഷടപ്പെട്ടതില്‍ സന്തോഷം. നന്ദി.

മാണിക്യം said...

ഇന്ന് വായിച്ച ആദ്യ പൊസ്റ്റ്!
തുടക്കം വായിച്ചപ്പോള്‍ ഞാനും ഒരു സ്വപനത്തെ പറ്റിയാണോര്‍‌ത്തത് , കാലത്തെ ഒന്നും ഓര്‍മ്മ വരുന്നുമില്ല... ..
ആ ഫീലിങ്ങ് ഇപ്പോള്‍ ഇരട്ടിയായി .ചുരുക്കം ചില കഥകള്‍ വായിക്കുമ്പോള്‍ മാത്രമാണ് ഉള്ളടക്കം നമ്മേ പിന്‍ തുടരുന്നത് “മോക്ഷം”, പിന്തുടരുന്നു.
കഥ പറഞ്ഞ രീതി മന്‍സ്സില്‍ തട്ടി കുമാരേട്ടനെ കണ്മുന്നില്‍ കണ്ടപോലെ ...

ഓം വാങ്മേ മനസി പ്രതിഷ്ഠിതാ,
മനോ മേ വാചി പ്രതിഷ്ഠിതാം.....

സന്തോഷ്‌ കോറോത്ത് said...

പാമരന്റെ കൂടെ ഞാനും!

vadavosky said...

വളരെ നന്നായി ഹരിത്‌. എഴുതിയ ശൈലി വളരെ ഇഷ്ടപ്പെട്ടു.

ഹരിത് said...

മാണിക്യം: വളരെ നന്ദി. ഓര്‍ത്തെടുക്കാന്‍ കഴിയാത്ത സ്വപ്നം വീണ്ടും വീണ്ടും കാണുന്ന അനുഭവം വല്ലാതെ കുഴയ്ക്കുന്ന ഒന്നാണു. മാണിക്യത്തിനും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത സ്വപ്നാനുഭവും ഉണ്ടായെന്നറിയുമ്പോള്‍ അതിശം തോന്നിയില്ല. കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

കോറോത്ത്: വളരെ നന്ദി.

വഡവോ: കഥ ഇഷ്ടപ്പെട്ടതില്‍ ചാരിതാര്‍ത്ഥ്യം.നന്ദി

കാര്‍വര്‍ണം said...

നന്നായി എന്നു പറഞ്ഞാൽ അതു കുറഞു പോകും. ഏന്നാൽ ശ്രിക്കും പറയേണ്ടതെ എന്താണേന്ന് ഏനിക്കറിയുകയും ഇല്ല.

അരുണ്‍ കരിമുട്ടം said...

വളരെ ടച്ചിംഗാണു കേട്ടോ,പറയാതിരിക്കാന്‍ വയ്യ.

Anonymous said...

Chinna

Believable characters-some of them reminds me of Chekhov's characters who create their own miseries, realastic situations and unhappy outcomes... I liked it. Should get to read more of your stories..

ഹരിത് said...

കാര്‍വര്‍ണ്ണം: നന്ദി. വന്നതിനും , കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും.

അരുണ്‍: ആദ്യമാണല്ലേ ഇവിടെ? സ്വാഗതം. നന്ദി. ഇനിയും വരിക

അനോണി ചിന്ന: കഥയും കഥാപാത്രങ്ങളും ഇഷ്ടപ്പെട്ടന്നറിഞ്ഞു സന്തോഷിക്കുന്നു.ചെക്കോവിന്‍റെ കഥാപാത്രങ്ങളെക്കുറിച്ചു പറഞ്ഞത് ചിന്നയുടെ പരന്ന വായനയുടെ ഗുണം. അല്ലാതെ ആനയേയും ആനപ്പിണ്ഡത്തേയും ഒന്നുപോലെ കണ്ടതെല്ലെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലൊ. ചിന്നയും ആദ്യമായാണു ഇവിടെ കമന്‍റിട്ടതെന്നു തോന്നുന്നു. സ്വാഗതം. ഇനിയും വരിക.

vishnumaya said...

nalla katdhayanu. Systematic and coherrent writing. Vayikkunnavarude kannukal nanakkum. Valare diturbing aanu. Ormaklile edukal purathuvarate.