Monday, March 30, 2009

നാളെ നാളെ

വേദനയുടെ രാത്രികള്‍ നീണ്ടു. നിദ്ര യാചിച്ചു. വേദന സഹിക്കാന്‍ പഠിച്ചാലേ വേദനയില്ലാത്തിന്‍റെ സുഖം മനസ്സിലാക്കാന്‍ പറ്റൂ എന്നൊക്കെ ചിന്തിച്ച് നാളത്തെ പ്രഭാതത്തിനായി ഞാന്‍ പ്രതീക്ഷിച്ചു കിടക്കുകയാണ്. നാളെ ഒരു പക്ഷേ വേദന മാറും. കാലുകളുടെ മരവിപ്പും പാദങ്ങളിലെ നീരും കുറയും.പ്രഭാതത്തില്‍ ഇളം കുളിരും ഏറ്റു എനിയ്ക്കു പതുക്കെ പതുക്കെ നടക്കുവാന്‍ കഴിയും. പുലരിയില്‍ എന്നും കാണാറുള്ള വെളുത്ത പക്ഷികള്‍ നാളെ എന്‍റെ കാലൊച്ച കേട്ട് പറന്നകലില്ല. പൂജയ്ക്കു പൂക്കള്‍ ഇറുക്കാനെത്തുന്ന വൃദ്ധന്‍ എന്നെ നോക്കി വീണ്ടും പുഞ്ചിരിയ്ക്കും.


ജീവിതം ഓരോ ദിവസവും എന്നോടു ദയ കാട്ടുന്നു. പ്രതീക്ഷ നഷ്ടപ്പെട്ട നാളുകളിലൊന്നില്‍ അസുഖങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും ഒളിച്ചോടാനായി പുതിയ പലതും പരീക്ഷിയ്ക്കാന്‍ തുടങ്ങി. നാളെ നാളെ എന്നു കരുതി മടിച്ചു മടിച്ചിരുന്നതും എന്നാല്‍ ഹൃദയത്തോടു ചേര്‍ത്തു വച്ചിരുന്നതുമായ കാര്യങ്ങള്‍ ഓരോന്നായി ഞാന്‍ ചെയ്യാന്‍ തുടങ്ങി. അസുഖങ്ങളോടു അങ്ങനെ ഞാന്‍ മത്സരിച്ചു. ചില ദിവസങ്ങളിലെങ്കിലും ഞാനും ജയിക്കാന്‍ തുടങ്ങി. അങ്ങനെ തുടങ്ങിയതാണ് ‘അക്ഷരപ്പച്ച’. 2007 ലെ ഒരു സെപ്റ്റംബര്‍ രാത്രിയില്‍ ഞാന്‍ ആദ്യത്തെ പോസ്റ്റ് എഴുതി. പതിനഞ്ചു വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ അവസരമില്ലാതിരുന്ന മാതൃഭാഷ വീണ്ടും എടുത്തുപയോഗിക്കാന്‍ കഴിയുമെന്ന അഹങ്കാരം! എന്തൊക്കെയോ എഴുതി. പക്ഷേ കഴിഞ്ഞ മൂന്നു മാസങ്ങളായി എഴുത്തും അകന്നു. വേദന പകയോടെ പരാജയപ്പെടുത്താന്‍ പല വേഷങ്ങളില്‍. ഒരിക്കലും മടുക്കാതിരുന്ന വായനയെ ഞാന്‍ മറന്നു തുടങ്ങി. വായിക്കാന്‍ തുടങ്ങുമ്പോള്‍ അസ്വസ്ഥത. പുസ്തകങ്ങള്‍ തുറക്കാതെയായി ഇപ്പോള്‍. ചിത്രങ്ങള്‍ എടുക്കാതെയായി. ക്യാമറ തൊട്ടിട്ടു മാസങ്ങളായി. പാട്ടു കേള്‍ക്കുന്നതും കുറഞ്ഞു.

വേദന ജയിക്കാന്‍ തുടങ്ങുന്നതു എനിയ്ക്കു ഇഷ്ടമല്ല. വാശിയോടെ ഞാന്‍ പുതിയ രീതികളും വഴികളും നോക്കുന്നു. ജോലിയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ചെയ്യുന്നു. പുതിയ ഭാഷ പഠിക്കാന്‍ നോക്കുന്നു. ഓരോരോ ദിവസങ്ങളും ഞാന്‍ പൂര്‍ണ്ണമായി ജീവിയ്ക്കാന്‍ ശ്രമിയ്ക്കുന്നു.അതിനിടെ ഒരു നോവലെറ്റെഴുതാന്‍ തുടങ്ങി. അതു പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. വിരലുകള്‍ ഇടയ്ക്കിടെ പണിമുടക്കുന്നതു കൊണ്ട് റ്റൈപ്പു ചെയ്യുവാന്‍ പ്രയാസം. പക്ഷേ മനസ്സില്‍ ആ കഥയുണ്ട്. വേദന കാരണം ഉറങ്ങാതെ കിടക്കുന്ന രാതികളില്‍ എന്‍റെ കഥാപാത്രങ്ങള്‍ എന്നോടു സംസാരിക്കാറുണ്ട്. ഓ എന്‍ വി കുറുപ്പിന്‍റെ വരികള്‍ മനസ്സില്‍ എത്തും.“ അക്ഷരങ്ങളായ് പൊട്ടിവിരിയാത്ത ദുഃഖബീജങ്ങളെത്രയുണ്ടെന്നുള്ളില്‍”


പക്ഷേ കഥയും പാട്ടും ചിത്രങ്ങളും പുസ്തകങ്ങളും മാത്രമല്ലല്ലോ ജീവിതം. കലുഷമായ ജീവിത സത്യങ്ങള്‍ ദിനം പ്രതി അനുഭവിക്കേണ്ടിവരുന്നു. ജോലി സംബന്ധമായും വ്യക്തിപരമായും. കാര്യകാരണ ബന്ധങ്ങളെല്ലാം പകച്ചു നില്‍ക്കുന്ന ഒരവസ്ഥ. എല്ലാവര്‍ക്കും ഇങ്ങനെയൊക്കെയായിരിക്കും ജീവിതം എന്ന തിരിച്ചറിവ്, ആശ്വാസത്തിനു പകരം ഒരങ്കലാപ്പാണു ജനിപ്പിയ്ക്കുന്നത്. മെഡിറ്റേഷനും യോഗയ്ക്കും സ്പിരിച്ച്വാലിറ്റിയ്ക്കുമപ്പുറം സമാധാനവും ആശ്വാസവും തേടാന്‍ നമ്മളില്‍ പലരും മഹര്‍ഷിവര്യന്മാരൊന്നും അല്ലല്ലൊ.


കഴിഞ്ഞയാഴ്ചയാണ് റിവോള്‍വറിനുള്ള ആള്‍ ഇന്‍ഡ്യ ലൈസന്‍സ് കിട്ടിയത്. ജമ്മു കാശ്മീരൊഴിച്ച് ഇന്‍ഡ്യയിലെവിടെ വേണമെങ്കിലും തോക്കും കൊണ്ടു ഇനി നടക്കാം. ആത്മരക്ഷയ്ക്കു വേണ്ടി ഇനി എനിയ്ക്കു തോക്കുപയോഗിക്കാം. എന്നു വച്ചാല്‍ എനിയ്ക്കു ജീവിയ്ക്കാന്‍ വേണ്ടി വേണമെങ്കില്‍ വേറൊരു മനുഷ്യജീവനെ വരെ നശിപ്പിയ്ക്കാം. രോഗങ്ങളൊഴിച്ചു എന്നെ ആരും ഇതുവരെ കൊല്ലാന്‍ ശ്രമിച്ചിട്ടില്ല. ഞാനും ഇതുവരെ ആരെയും കൊല്ലണമെന്നും വിചാരിച്ചിട്ടുമില്ല. എങ്കിലും നാളെ തോക്കു ഡീലര്‍ വരുമ്പോള്‍ ചോദിക്കേണ്ട ചോദ്യങ്ങളാണ് വേദനയലട്ടുന്ന ഈ രാത്രിയില്‍ പോലും ഞാന്‍ ചിന്തിക്കുന്നത്.


തോക്കു വാങ്ങിക്കഴിഞ്ഞാല്‍ ആരെയാണു ഞാന്‍ കൊല്ലേണ്ടത്? പ്രഭാതത്തില്‍ എന്നും കാണാറുള്ള വെളുത്ത പക്ഷികളേയോ? പൂജാപുഷ്പത്തിനെത്തുന്ന വൃദ്ധനേയോ? അതോ വര്‍ഷങ്ങളായി എന്നെ കൊല്ലാന്‍ ശ്രമിയ്ക്കുന്ന വേദനകളേയോ?

. ആരോ പറഞ്ഞതുപോലെ “ There is nothing to writing, all you do is sit down at a typewriter and open a vein". വേദനയുള്ള ഈ രാത്രിയില്‍ ഇനി വെയിന്‍ മുറിയ്ക്കുന്ന വേദന കൂടെ സഹിക്കാനുള്ള മനസ്സാന്നിദ്ധ്യമില്ല. അതുകൊണ്ടു നാളത്തെ പ്രഭാതത്തെ പ്രതീക്ഷിച്ചുകൊണ്ട ഇപ്പോള്‍ ഞാനീ ചവറുതന്നെ എഴുതി പോസ്റ്റു ചെയ്യുന്നു.

32 comments:

ശ്രീ said...

അന്നത്തെ അസുഖത്തിന്റെ ബാക്കിയാണോ മാഷേ? ഇതു വരെ ഭേദമായില്ലേ? ഇപ്പോഴും വിശ്രമത്തിലാണോ?

ശ്രീവല്ലഭന്‍. said...

ഹരിതിന്റെ കഥകള്‍ വളരെ ഇഷ്ടപ്പെട്ടിരുന്നു. വേദന വിജയിക്കാന്‍ അനുവദിക്കരുത്. വീണ്ടും എഴുതാന്‍ ശ്രമിക്കുക. വേഗം സുഖം ആകട്ടെ എന്ന് ആശംസിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വല്ലാതെ സങ്കടം തോന്നുന്നു ഹരിത്.

വേദനയെ വിജയിക്കണം. അതിനുള്ള കരുത്ത് ഈശ്വരന്‍ നല്‍കും..

പ്രാര്‍ത്ഥനയോടേ...

നാട്ടുകാരന്‍ said...

എനിക്ക് പേടിയാകുന്നു ...... ഇന്ന് ഞാന്‍ നാളെ നീ എന്നാണെന്നോര്‍മ്മ വേണം.

വേണു venu said...

വാക്കുകള്‍ പൊട്ടിച്ച് വേദന പുറത്തു വരുന്നു ഹരിത്തേ.
നിഴലുകള്‍ പോലെ എന്നും കണ്ടു മറയുമ്പോള്‍, നിശ്ശബ്ദമായി ഞാന്‍ ചിന്തിച്ചിരുന്നു. അവിടെയും സുഖം ഇവിടെയും.
അതിനാല്‍ തന്നെ പലപ്പോഴും ഔപചാരികതയൊന്നുമില്ലാത്ത മൌനം അവലംബിച്ചിരുന്നു.
വളരെ വിഷമിക്കുന്നു.
ഇപ്പോള്‍ ഇതില്‍ കൂടുതല്‍ എഴുതാന്‍ കഴിയുന്നില്ല.
പ്രാര്ഥനകള്‍ മാത്രം...

തണല്‍ said...

ഹരിത്തേ,
വേദന ..,അതെന്തുമായിക്കൊള്ളട്ടെ.,
പക്ഷേ അതിനെ തോല്‍പ്പിച്ച് പുറത്തേക്കൊഴുക്കാനുള്ള ഈ കഴിവും ശുഭാപ്തി വിശ്വാസവുമുള്ളപ്പോള്‍ പിന്നെന്തു വേണമെന്റെ പൊന്നാര ചങ്ങാതീ ..?
തളംകെട്ടിനില്‍ക്കാതെ പാഞ്ഞുതന്നെ ഒഴുകുക..!

വല്യമ്മായി said...

'മെഡിറ്റേഷനും യോഗയ്ക്കും സ്പിരിച്ച്വാലിറ്റിയ്ക്കുമപ്പുറം സമാധാനവും ആശ്വാസവും തേടാന്‍ നമ്മളില്‍ പലരും മഹര്‍ഷിവര്യന്മാരൊന്നും അല്ലല്ലൊ.'

അതു ശരിയല്ല ഹരിത്.മഹര്‍ഷിമാര്‍ക്ക് മാത്രമല്ല അതിനു കഴിയുന്നത്,നമ്മെ പോലെ സാധാരണക്കാര്‍ക്കും കഴിയും.വേദനയോട് തോല്‍ക്കാതിരിക്കാന്‍ കഴിവുകിട്ടട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്.

ശിവ said...

പ്രാര്‍ത്ഥനയോടെ....സസ്നേഹം....

അഗ്രജന്‍ said...

ഹരിത്, തളരരുത്... പ്രാര്‍ത്ഥനകളോടെ...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

എല്ലാം ശരിയാവും... പ്രതീക്ഷകളിൽ ഉണാരുക.. നിരാശകൾ ദൂരെയെറിയുക.. അതിനുള്ള ശ്രമത്തിലാണു ഞാനും..
കർമ്മ നിരതനാവുക.. എല്ലാം ശരിയാവട്ടെ

[Shaf] said...

വേദന വിജയിക്കാന്‍ അനുവദിക്കരുത്. വീണ്ടും എഴുതാന്‍ ശ്രമിക്കുക. വേഗം സുഖം ആകട്ടെ എന്ന് ആശംസിക്കുന്നു.

nardnahc hsemus said...

ജീവിതം ചങ്കുറപ്പുള്ളവര്‍ക്കുള്ളതാണ്!!
യു കാന്‍ ഡൂ ഇറ്റ് മാന്‍..!

Sureshkumar Punjhayil said...

Prarthanakalode... Snehapoorvam...!!!

kichu said...

ഹരിത്

ഒരിക്കലും വേദന തളര്‍ത്താതിരിക്കട്ടെ. പൊരുതി മുന്നേറൂ. എല്ലാ പ്രാര്‍ത്ഥനക
ളും നിന്നോടൊപ്പമുണ്ടാകും..

ശിശു said...

ഹരിത് ആദ്യാമായാണിവിടെ..
എനിക്ക് ഹരിതിനെ മനസ്സിലാകുന്നു. ഞാനും ഒരിക്കല്‍ ഇതെ അവസ്ഥയില്‍പ്പെട്ടിരുന്നു.അതൊരു പോസ്റ്റായി ഇവിടെക്കാണാം. മനസ്സിലാണ് രോഗം ആദ്യം ആക്രമിക്കുന്നതെന്ന് തോന്നുന്നു. മനസ്സ് അടിപ്പെട്ടുപോയാല്‍ പിന്നെ ശരീരത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് മനസ്സിന് ശക്തിനല്‍കുന്ന എന്തും ശീലിക്കുക. ഒരുപാട് മാര്‍ഗ്ഗങ്ങളുള്ളതുകൊണ്ട് ഒന്നും വിവരിക്കുന്നില്ല.(താല്പര്യമനുസരിച്ച് തിരഞ്ഞെടുക്കാം)
എല്ലാം അതിജീവിക്കാന്‍ താങ്കള്‍ക്കാകട്ടെ എന്നാത്മാര്‍ത്തമായി ആഗ്രഹിക്കുന്നു.

കൃഷ്‌ണ.തൃഷ്‌ണ said...

What did happen to you dear?
Feel like you wrote it from the bottom. Please come up! Desperation doesnt make heroes. You can win over. Time heals all! There are hands around you, come up!

കോറോത്ത് said...

enthu patti maashey :( ?

vedanakalokke maari pettannu sukhaavatte ennu prarthikkunnu..

കുഞ്ഞന്‍ said...

ഹരിത് മാഷെ..

തളരുത്...ഇതിലും വേദന സഹിക്കുന്നവരെക്കുറിച്ച് ഓര്‍ക്കുക കാണുക. എത്രയും പെട്ടന്ന് അസുഖത്തില്‍ നിന്നും മുക്തി ലഭിച്ച് പൂര്‍ണ്ണ ആരോഗ്യാവാനായിത്തീരട്ടേ..

അപ്പു said...

മനസ് തളരാതിരുന്നാല്‍ ഒരു പ്രശ്നവും ഇല്ല. പ്രഭാതം അകലെയല്ല.

സന്തോഷ് said...

എല്ലാം ശരിയാവട്ടെ എന്നാശംസിക്കുന്നു.

തറവാടി said...

പ്രാര്‍ത്ഥന.

ഗുപ്തന്‍ said...

ഹരിത്!

ശ്രീഹരി::Sreehari said...

സാരമില്ല ബ്രോ..
എല്ലാം ശരിയാവും....
ബി ഹാപ്പി....

G.manu said...

വേദനയെ അതിജീവിക്കണം മാഷേ... വേഗം സുഖം പ്രാപിക്കാന്‍ പ്രാ‍ര്‍ഥിക്കുന്നു..

ഹരിത് കഥകളെ ഇഷ്ടപ്പെടുന്ന ഒരാള്‍

vadavosky said...

Please call me

കാന്താരിക്കുട്ടി said...

ഞങ്ങളുടെ എല്ലാവരുടെയും ആത്മാർഥമായ പ്രാർഥന ഹരിതിനൊപ്പം ഉണ്ട്.തളരാതെ മുന്നേറൂ.എല്ലാം ശരിയാകും

ഇത്തിരിവെട്ടം said...

പ്രാര്‍ത്ഥനകള്‍...

ശാരദനിലാവ് said...

അതിജീവനത്തിനുള്ള ആത്മാര്‍ഥമായ പ്രാര്‍ത്ഥനയോടെ ..

P.R said...

ഹരിത്തേ!
മെഡിറ്റേഷന്‍ സാധിയ്ക്കുമെങ്കില്‍ നിര്‍ത്താതെ തുടരൂ..
പ്രാര്‍ത്ഥനകളോടെ..

::സിയ↔Ziya said...

ഹരിത്...
താങ്കള്‍ തളരില്ല...
ഒത്തിരി പ്രാര്‍ത്ഥനകള്‍ ഒപ്പമുണ്ട്.
ഒത്തിരി സ്നേഹത്തോടെ...

തണല്‍ said...

ഹരിത്,
സുഖമെന്നു കരുതുന്നു.

അനുരൂപ് said...

"തോക്കു വാങ്ങിക്കഴിഞ്ഞാല്‍ ആരെയാണു ഞാന്‍ കൊല്ലേണ്ടത്? പ്രഭാതത്തില്‍ എന്നും കാണാറുള്ള വെളുത്ത പക്ഷികളേയോ? പൂജാപുഷ്പത്തിനെത്തുന്ന വൃദ്ധനേയോ? അതോ വര്‍ഷങ്ങളായി എന്നെ കൊല്ലാന്‍ ശ്രമിയ്ക്കുന്ന വേദനകളേയോ?"
തകര്‍ത്തു കളഞ്ഞല്ലോ ആ വാക്കുകള്‍..
ജീവിതത്തെ ചലനാത്മകമാക്കുന്ന അനന്ത ശക്തിക്ക് സ്തുതി...