Sunday, August 9, 2009

വായിക്കാത്തവന്‍റെ സുവിശേഷം

തിരുവനന്തപുരം ഡീ സീ ബുക്ക്സില്‍ മലയാളം പുസ്തകങ്ങള്‍ ഉഷ്ണമേഘലയിലിരുന്നു വിയര്‍ക്കുന്നു. ഇങ്ഗ്ലീഷു പുസ്തങ്ങള്‍ക്കു ശീതീകരിച്ച മുറിയുണ്ട്.

“ ഹരി മാമാ ഡീ സീ ബുക്ക്സില്‍ പോകാം”

ഗള്‍ഫില്‍ നിന്നും അവധിയ്ക്കു വന്ന, എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന അനന്തരവന് സ്കൂളില്‍ ഉപന്യാസമെഴുതാന്‍ മാധവിക്കുട്ടിയുടെ ഒരു കഥ വേണം. അങ്ങനെ എത്തിയതാണു ഡീ സീ ബുക്ക്സില്‍. കഥ കിട്ടി. വേറേയും കുറേ പുസ്തകങ്ങള്‍ ഞാന്‍ വാങ്ങി. കേ പീ അപ്പന്‍റെ സമ്പൂര്‍ണ്ണ കൃതികളോ തെരഞ്ഞെടുത്ത് കൃതികളോ ഇല്ല. അദ്ദേഹത്തിന്‍റെ മറ്റുകൃതികള്‍ വാങ്ങി. ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തിന്‍റെ’ കാലത്ത് വായിക്കാനുള്ള ആര്‍ത്തി മാത്രം. വാങ്ങാന്‍ കാശില്ല. നരേന്ദ്രപ്രസാദ് സാറിന്‍റെ കൈയ്യില്‍ നിന്നും ഇരന്നു വാങ്ങിയാണ് അന്നത് വായിച്ചത്. ഇന്ന് വിലകൊടുത്തു പുസ്തങ്ങള്‍ വാങ്ങാനുള്ള ആര്‍ത്തി മാത്രം മിച്ചം. വായനയുടെ ആവേശം വഴിയിലെവിടെയോ വച്ചു കൊഴിഞ്ഞു പോയി. ഇപ്പോള്‍ ഒന്നോ രണ്ടോ ചാപ്റ്റര്‍ വായിച്ചു മടക്കിവച്ച പുസ്തകങ്ങളാണു ബെഡ് റൂമില്‍ അധികവും. പിന്നീടു കുറേ ദിവസങ്ങള്‍ കഴിയുമ്പോള്‍ മുറി വൃത്തിയാക്കുന്നവര്‍ അതെടുത്തു ഷെല്‍ഫില്‍ വയ്ക്കും. പിന്നെ ഏതെങ്കിലും ഒരു ഞായറാഴ്ച ഷെല്‍ഫ് ഡസ്റ്റ് ചെയ്യുമ്പോള്‍ അവയെ കുറ്റബോധത്തോടെ തലോടും. എന്നാലും പുസ്തകം വാങ്ങലിനു ഒരു കുറവും ഇല്ല.


“ മാമാ, മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണ കൃതിയ്ക്കു രെജിസ്റ്റര്‍ വച്ചിട്ടുണ്ട്”

ഇങ്ഗ്ലീഷു സെക്ഷനിലാണ് രെജിസ്റ്റ്രേഷന്‍. പ്രീ പബ്ലിക്കേഷന്‍ സൌജന്യവും കാണുമായിരിക്കും. വേണ്ട. രെജിസ്റ്റര്‍ ചെയ്തില്ല. മിക്കവാറും സാഹിത്യ പ്രവര്‍ത്തകര്‍ക്കു മരണം കൊടുക്കുന്ന വാഗ്ദാനമാണ് സമ്പൂര്‍ണ്ണ കൃതികള്‍. ഒരു ‘പോസ്റ്റ് ഡെത്ത്’ സൌജന്യം. എന്നെപ്പോലെ പുസ്തങ്ങള്‍ വാങ്ങി ഷെല്‍ഫില്‍ വയ്ക്കുന്നവര്‍ക്കു നല്ല അവസരം. ബഷീര്‍ കൃതികള്‍ക്കും, വയലാര്‍ കൃതിയ്ക്കും അടുത്തു ചേര്‍ത്തു വച്ച് അലങ്കരിക്കാം.


അനന്തരവന്‍ ചെക്കന്‍ കുട്ടികളുടെ സെക്ഷനിലേയ്ക്കു പോയി.

‘ ലിവിങ് റ്റു റ്റെല്‍ ദ റ്റേല്‍’. മാര്‍ക്വെസ്സിന്‍റെ ഞാന്‍ കണ്ടിട്ടില്ലാത്ത പുസ്തകം.. തിരിച്ചും മറിച്ചും നോക്കി വാങ്ങാന്‍ തീരുമാനിച്ചു കഴിഞ്ഞപ്പോള്‍ പഴയ ഒരു സഹപാഠി വന്നു. ആള്‍ ഇന്‍ഡ്യാ റേഡിയോയിലെ പ്രശസ്തന്‍. അവന്‍റെ വകയായി പുത്തന്‍ എഴുത്തുകാരുടെ കുറേ പുസ്തകങ്ങള്‍ കൂടെ തെരെഞ്ഞെടുത്തു തന്നു. മലയാളം സെക്ഷനിലെ കൌണ്ടറിലിരുന്നു വിയര്‍ക്കുന്നവനോടു ആകാശവാണിയുടെ വക ബ്ഡായി,

“ അയ്യോ, ശശീ, ഈ ഹരിത്തിനെ അറിയില്ലേ, ഡല്‍ഹിയില്‍ ജേര്‍ണലിസ്റ്റാ. നമ്മുടെ ഡീ സീ രവിയുടെ ഒക്കെ അടുത്ത ഫ്രണ്ടാ.”

ഞാന്‍ ഒരിക്കലും കണ്ടിട്ടുപോലും ഇല്ലാത്ത ഡീ സീ രവിയുടെ സൌഹൃദം എന്നില്‍ അടിച്ചേല്‍പ്പിച്ചത് അല്പം ഡിസ്കൌണ്ടിനു വേണ്ടി. കുറുക്കന്‍. അവന്‍ നന്നാവില്ല. കോളേജില്‍ വച്ചേ ഇതേ പരിപാടിയായിരുന്നു അവന്. പഴയ സൌഹൃദങ്ങളുടെ കാനേഷുമാരി നടത്തി, ആകാശവാണി. കുറേപ്പേരുടെ മൊബൈല്‍ നമ്പരുകള്‍ ബിസ്സ്നസ്സ് കാര്‍ഡാക്കി ഫോര്‍വേഡ് ചെയ്തു. കൂട്ടുകാരില്‍ ഒരുത്തന്‍ ചിക്കന്‍ ഗുനിയ പിടിച്ചു ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്നും വിടവാങ്ങി. ആകാശവാണി അവന്‍റെ മൊബൈല്‍ നമ്പര്‍ ഡെലീറ്റു ചെയ്തു.


എട്ടാം ക്ലാസ്സുകാരന്‍ അഞ്ചാറ് ബുക്കു തെരഞ്ഞെടുത്തിരിക്കുന്നു. പക്ഷേ കൌണ്ടറില്‍ വന്നപ്പോള്‍ ഒരു പുസ്തകം മാത്രം.

“ എന്തെടാ , ബാക്കി ബുക്ക്സ് ഒന്നും മേടിക്കുന്നില്ലേ?”

“ ഇതു വായിച്ചിട്ടു ഇഷ്ടപ്പെട്ടാ ബാക്കി നാളെ മേടിക്കാം”.


ഈ വില്ലാളി ഈ പ്രായത്തിലേ സെലക്റ്റീവാണല്ലോ. മാത്രവുമല്ല പത്തു മുന്നൂറു പേജുള്ള ഈ പുസ്തകം ഇന്നു തന്നെ വായിച്ചു തീര്‍ക്കാനുള്ള പ്ലാന്‍ ആണ്.ഇവനും പ്രായമാകുമ്പോള്‍ എന്നെപ്പോലെ പുസ്തകങ്ങള്‍ വാങ്ങുക മാത്രം ചെയ്യുന്ന വേതാളം ആവാതിരുന്നാല്‍ മതിയായിരുന്നു.


പുസ്തകങ്ങള്‍ക്കിടയില്‍ വച്ച് നട്ടെല്ലു വേദന അറിഞ്ഞിരുന്നില്ല. ഡീ സീയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അസഹനീയമായ വേദന വീണ്ടും. സ്പൈനല്‍ സപ്പോര്‍ട്ട് ബെല്‍റ്റ് ഒന്നു കൂടെ മുറുക്കിക്കെട്ടി. വയ്യ. ഒന്നു ഇരിക്കണം. ഡീ സീ യുടെ കെട്ടിടത്തിന്‍റെ പടിയില്‍ത്തന്നെ ഒരരികില്‍ ഇരുന്നു. എട്ടാം ക്ലാസ്സ് ഒരു പെപ്സിയും കുടിച്ചു അരികില്‍ നില്‍പ്പുണ്ട്. മാധവിക്കുട്ടിയുടെ ഏതു കഥയെക്കുറിച്ചു എസ്സെ എഴുതണമെന്ന അവന്‍റെ ചോദ്യം എന്നെ വലച്ചു. ഏതാ ഇപ്പൊ പറഞ്ഞു കൊടുക്കുക?

“ നീ ആദ്യം കഥകള്‍ വായിച്ചു നോക്ക്. എന്നിട്ടു നിനക്കു ഇഷ്ടപ്പെട്ടതു ഏതെന്നു പറ.”

ഉത്തരം അവനത്ര ബോധിച്ചില്ല.


മുകളിലത്തെ നിലയില്‍ നിന്നും ആരോ കുറേ വെള്ളം താഴോട്ടൊഴിച്ചു. അവിടെ പാര്‍ക്കു ചെയ്തിരുന്ന സ്ക്കൂട്ടറുകളും ബൈക്കുകളും ഒക്കെ നന്നായി നനഞ്ഞു. കെട്ടിട കാവല്‍ക്കാരന്‍റെ തൊപ്പിയും യൂണിഫോമും നനഞ്ഞു. അയാള്‍ മുകളിലേയ്ക്കു നോക്കി തെറി പറയാന്‍ തുടങ്ങി. പിന്നെ ബോധോദയം വന്നവനെപ്പോലെ ചിരിച്ചു കൊണ്ട് തെറി വിളി അബ്രപ്റ്റായി നിറുത്തി.

സെക്രറ്റേറിയേറ്റ് ഉപരോധിച്ചുകൊണ്ടിരുന്ന കുറേപ്പേരെ പോലീസുകാര്‍ ഓടിച്ചിട്ടടിക്കുന്നു. ഖദറാണു സമരത്തൊഴിലാളികളുടെ വേഷം. അഹിംസാ പാര്‍ട്ടിയുടെ യുവജന വിഭാഗം. അവര്‍ ജനറല്‍ ആശുപത്രി സൈഡിലേയ്ക്കു ഓടി.പിറകേ പോലീസുകാര്‍. സിറ്റി മെഡിക്കത്സിന്‍റെ മുന്‍പില്‍ കണ്ണീര്‍ വാതകത്തിന്‍റെ പുക മറ.

എന്താ പ്രശ്നം?

“ ഇതു എന്നും ഉള്ള കലാപരിപാടിയാ സാറേ ഇവിടെ”

കാവല്‍ക്കാരന്‍ തൊപ്പി വെയിലത്തു ഉണക്കാന്‍ വച്ചിട്ടു തത്വചിന്തകനായി പിന്നെയും സംസാരം തുടര്‍ന്നു..


ആകെ രണ്ടു പ്രാവശ്യമേ ഞാന്‍ മാധവിക്കുട്ടിയെ കണ്ടിട്ടുള്ളൂ. ഒടുവില്‍ കണ്ടത് വലിയതുറയ്ക്കടുത്ത് ഒരു കവലയില്‍ അമ്പാസ്സഡര്‍ കാറില്‍ കെട്ടിവച്ച മൈക്കിലൂടെ ചുറ്റും നില്‍ക്കുന്ന പത്തിരുപത്തഞ്ചു പേരോടു പ്രസംഗിക്കുന്ന ലോക്സഭാ സ്ഥാനാര്‍ത്ഥിയായിട്ട്. ‘എന്‍റെ കഥ’ ആത്മ കഥയല്ല വെറും ഭാവനയാണെന്നൊക്കെ അക്ഷരാഭ്യാസം കുറഞ്ഞ മുക്കുവരോടു വള്ളുവനാടന്‍ ഭാഷയില്‍ പറഞ്ഞുകൊണ്ടിരുന്ന ആയമ്മയെക്കണ്ട് നൊന്തു.


ആദ്യം കണ്ടത് കോളേജിലെ ഒരു സമ്മേളനത്തില്‍ വച്ച്. സൈലന്‍റ് വാലിയെക്കുറിച്ച് കാമ്പസ്സുകളില്‍ കവിതകളും ചര്‍ച്ചകളും വിടരുന്ന കാലം. മാധവിക്കുട്ടി അല്പം നേരത്തേ എത്തി. പ്രിന്‍സിപ്പാളിനും , സാഹിത്യകാരന്മാര്‍ക്കും, വീ ഐ പീ കള്‍ക്കും വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സദസ്സിലെ മുന്‍‌വരിയില്‍ അറിയാതെ വന്നിരുന്ന ഒരു ചേരിക്കാരന്‍ തെണ്ടിച്ചെക്കനെ ഭാരവാഹികളില്‍ ചിലര്‍ വിരട്ടിയോടിച്ചു. ഒരാള്‍ കല്ലെടുത്തെറിയുന്നതു പോലെ ആഗ്യം കാട്ടി. അവന്‍ ക്യാമ്പസ്സു വിട്ടോടിപ്പോയി. പ്രസംഗിക്കാന്‍ അവസരം വന്നപ്പോള്‍ മാധവിക്കുട്ടി ഈ സംഭവം വിവരിച്ചു കൊണ്ട് എല്ലാവരോടുമായി ചോദിച്ചു,

“ മനുഷ്യനെ സ്നേഹിക്കാനറിയാത്ത നിങ്ങളോക്കെയാണോ ഇനി മരങ്ങളെ സ്നേഹിക്കാന്‍ പോണത്?”


എട്ടാം ക്ലാസ്സുകാരന്‍റെ അമ്മ ഭീമാ ജ്യുവലറിയില്‍ പോയിരിക്കുകയാണ്. അവര്‍ സ്റ്റേറ്റ് ബാങ്കിന്‍റെ ലോക്കറിലും പോയി തിരിച്ചു വരുന്ന വഴി ഞങ്ങളെ ഡീ സീ ബുക്കസില്‍ നിന്നും പിക്കു ചെയ്യാം എന്നു പറഞ്ഞതാണ്. ഇതുവരെ കണ്ടില്ല.

ഞാന്‍ പ്ലാസ്റ്റിക്ക് സഞ്ചിയിലെ പുസ്തകക്കെട്ടില്‍ നിന്നും ഒരെണ്ണം എടുത്തു മറിച്ചു നോക്കി. കേ. പീ അപ്പന്‍റെ ‘രോഗവും സാഹിത്യഭാവനയും’. അവിടെയും ഇവിടേയും ഒന്നു ഓടിച്ചു വായിച്ചപ്പോള്‍ തന്നെ ഡിപ്രഷന്‍ അരിച്ചരിച്ചു കയറുന്നപോലെ തോന്നി. വേണ്ട, വായിക്കണ്ട. ഈ പുസ്തകവും എന്‍റെ ഷെല്‍ഫില്‍ വെറുതേ വച്ചേക്കാം. ഞായറാഴ്ച തോറും പൊടിയടിച്ചു വൃത്തിയാക്കുമ്പോള്‍ സ്വകാര്യമായി കുമ്പസാരിക്കാന്‍.

15 comments:

kichu / കിച്ചു said...

കുത്തിക്കുറിപ്പുകളാണെങ്കിലും എന്തു നല്ല എഴുത്താ മാഷേ.... :) :)

വേണു venu said...

:)

Anonymous said...

“ഈ പുസ്തകങള്‍ നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ ഉപകാരികളാണ്.ഇളകിയ കസേരയെ ഉറപ്പിച്ചുനിര്‍ത്താം.ഇടയ്ക്കുറങുമ്പോള്‍ മുഖം മറക്കാം.ഒന്നു മുട്ടാതെ കയറിയിറങുന്ന പൂച്ചകളെ എറിഞു പേടിപ്പിക്കാം...” ഏതൊ ഒരു ഇഗ്ലിഷ് സാഹിത്യകാരന്‍ പറഞത്.മറന്നു പോയി ആളെ.

വായനയുടെ വഴി തിരിയുമാറാകട്ടെ..

namath said...

ഹരിത്. പുസ്തകശാലകളിലെ ഷെല്‍ഫുകളും വാങ്ങിയ പുസ്തകങ്ങളും വൈരസ്യം വിളമ്പുന്നത് ഒരു പകര്‍ച്ചവ്യാധിയാണോ? പങ്കുവെക്കുന്നു.

ചാണക്യന്‍ said...

വശ്യമായ എഴുത്ത്....ആശംസകള്‍....

Unknown said...

“ ഹരി മാമാ ഡീ സീ ബുക്ക്സില്‍ പോകാം”
അവസാനം ഹരിമാമാ അപ്പൻ മാഷിന്റെ പുസ്തകം
എടുത്തിട്ട് ആ ക്രൂരത വേണ്ടായിരുന്നു.
എന്നാലും ഹരിത് മാഷിന്റെ എഴുത്ത് വായിക്കാൻ
നല്ല രസമാ

ഹരിയണ്ണന്‍@Hariyannan said...

വായനക്ക് വയസ്സാവുന്നത് സത്യം!

നല്ല എഴുത്ത്.

“സൈലന്‍റ് വാലിക്കെതിരേ കാമ്പസ്സുകളില്‍ കവിതകളും ചര്‍ച്ചകളും വിടരുന്ന കാലം” എന്നതില്‍ എന്തോ പിശകുള്ളതുപോലെ!
:)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നല്ല രസമുള്ള ശൈലി.ഹരിതിനെ ഈയിടെ കാണാറില്ലല്ലോ?എന്ത് പറ്റി?
ആശംസകള്‍.......

അങ്കിള്‍ said...

ഹരിത് ഡൽഹിയിൽ തിരിച്ചെത്തിയോ. അടുത്ത ഒന്നു മുതൽ 15 വരെ ഞാനും ഡൽഹിയിൽ ഉണ്ടാകും. പേരക്കുട്ടികളോടൊത്തുചേരാൻ.

ശ്രീ said...

കിച്ചു ചേച്ചി പറഞ്ഞതു തന്നെ പറയുന്നു... വെറുതേ കുത്തിക്കുറിയ്ക്കുന്നതു പൊലും വായിച്ചിരിര്യ്ക്കാന്‍ ഒരു സുഖമുണ്ട്, മാഷേ.

സുഖം തന്നെ എന്ന് കരുതുന്നു.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഇവിടെയാണ്‌ ലൈബ്രറിയുടെ വിജയം. തിരിച്ചു കൊടുക്കേണ്ടതുകൊണ്ട്‌ അതിനുമുമ്പ്‌ എങ്ങിനേയും വായിച്ചു തീര്‍ക്കും. ഇഷ്ടം പോലെ സമയമുണ്ടല്ലോ എന്ന ചിന്തക്കുഅവിടെ തീരെ സ്പേസ്‌ ഇല്ലല്ലോ.

siva // ശിവ said...

നല്ല സുഖമുള്ള വായന...

Promod P P said...

വാങ്ങിയവ വായിക്കാതെ ഷെൽഫിൽ കയറ്റാറില്ല.

ശ്രീ said...

ഹരിത് മാഷേ. സുഖം തന്നെ എന്ന് കരുതുന്നു. ഓണാശംസകള്‍!

Consulting Credit said...

Hey there, love the feel of your site. Might you thoughts informing everybody what design you can be by using? So i am novices at this kind of and i am hoping to receive my very own researching just about anywhere close to trendy mainly because one. Thanks much.