Sunday, May 16, 2010

ചിന്തല്‍നാറിലെ ശവങ്ങള്‍.

എഴുപത്തിആറു ശവങ്ങളിലൊന്നു് മലയാളിയുടേത്.

ദന്ത്യവാഡയിലെ ചിന്തല്‍നാര്‍ സീ ആര്‍ പീ എഫ് ക്യാമ്പിനടുത്തുള്ള യുദ്ധഭൂമിലെ മണ്ണിലെ രക്തത്തിനു കറുപ്പു നിറം.

വീഞ്ഞപ്പെട്ടിയുടെ പലക പോലെ വിലകുറഞ്ഞ എന്തോകൊണ്ടു പെട്ടെന്നു ഉണ്ടാക്കിയെടുത്ത എഴുപത്തിആറു ശവപ്പെട്ടികള്‍ ജഗ്ദല്‍‍പൂറിലെ പൊലീസ് ലൈനിലെ മൈതാനത്തു കേന്ദ്രഗൃഹ മന്ത്രിയുടേയും, മുഖ്യമന്ത്രിയുടേയും, ഗവര്‍ണറുടേയും അന്തിമാഭിവാദനങ്ങള്‍ സ്വീകരിക്കാനായി കാത്തു കിടന്നു.

മന്ത്രിമാരുടെ സ്പെഷ്യല്‍ പ്ലൈനുകളും ഹെലികോപ്റ്ററുകളും റ്റേക്കോഫ് ചെയ്തുകഴിഞ്ഞാല്‍ ശവങ്ങളുമായി വിമാനം ഡെല്‍ഹിയിലേയ്ക്ക്.

പിന്നെ അവിടെനിന്നും രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കും.

ചിതറിയ ശവശരീരങ്ങള്‍ ചെറുപ്പക്കാരുടേതായിരുന്നു.

ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ളവര്‍.

പാവപ്പെട്ട വീട്ടിലെ യുവാക്കള്‍.

ജീവിക്കാന്‍ വേണ്ടി, കുടുംബപ്രാരാബ്ധങ്ങള്‍ക്കു വിരാമമാവും എന്നു കരുതി സീ ആര്‍ പീ എഫില്‍ ജവാന്മായി പണിയെടുക്കുന്നവര്‍.

വീട്ടുകാരുടെ വാവിട്ട വിലാപങ്ങള്‍ മാധ്യമക്കാഴ്ച്ചകള്‍.

ആര്‍ക്കുവേണ്ടിയാണു ഈ ചെറുപ്പക്കാര്‍ ചിന്നിച്ചിതറിയത്?

എന്തിനുവേണ്ടിയാണ് ഈ അറും കൊല ചെയ്തത്?

സമത്വ സുന്ദരമായ, ചൂഷണ രഹിതമായ ഒരു നല്ല നാളേയ്ക്കു വേണ്ടി.....!

മധുര മനോഹര മനോജ്ഞ ചൈനയിലെ ചെയര്‍മാന്‍ മാവോയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി......!

മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടി......!

ഇനിയും ഉത്തരം കിട്ടുന്നില്ലെങ്കില്‍ നമുക്കു ഹസാര്‍ ചൌരാസ്സി കീ മായും , ഗോഡ് ഒഫ് സ്മാള്‍ തിങ്സും , മോഹമഞ്ഞയും സമ്മാനിച്ച പ്രിയപ്പെട്ട കഥാകാരികളോടു ചോദിക്കാം.

വശ്യമായ ഭാഷയില്‍, തീവ്രതയോടെ, ലേഖനങ്ങളെന്ന നാട്യത്തില്‍ ‍അവരെഴുന്ന അനന്തമായ കഥകള്‍ വായിച്ചു നമുക്ക് നമ്മുടെ മോഹങ്ങളെ ചുവപ്പിക്കാം...

വര്‍ഗ്ഗ ശത്രുക്കള്‍ തുലയട്ടെ!

വിപ്ലവം ജയിക്കട്ടെ!

ശവങ്ങള്‍ ചിതറട്ടെ!

5 comments:

kichu / കിച്ചു said...

പ്രതികരണം തീക്ഷ്ണമാണല്ലോ ഹരിത്..

അസമയത്ത് അണഞ്ഞുപോയ എത്രയോ മോഹങ്ങള്‍...സ്വപ്നങ്ങള്‍...പ്രതീക്ഷകള്‍..

പകരം വെയ്ക്കാനാവുമോ മറ്റെന്തെങ്കിലിനും? ചിതറിത്തെറിപ്പിച്ചവര്‍ ഇതറിയുന്നുവോ !!

ശ്രീ said...

ഒന്നും പറയാനില്ല മാഷേ...

jayanEvoor said...

തീവ്രവാദം... അത് ജാതിയുടെയൊ, മതത്തിന്റെയോ, ഭാഷയുടെയോ,രാഷ്ട്രീയത്തിന്റെയോ... എന്തിന്റെ പേരിലായാലും എതിർക്കപ്പെടേണ്ടതാണ്.

ഈ കുറിപ്പിന്റെ അന്തസത്തയോട് യോജിക്കുന്നു.

വേണു venu said...

പറയാനറിയുന്നത് പണ്ട് പഠിച്ചതല്ലേ.
പുലിക്കോടനേയും ജയറാം പടിക്കലിനേയും കണ്ട കണ്‍കളല്ലേ.
ഹരിത്തേ കിച്ചുവിന്‍റെ ആദ്യ കമന്‍റിനു് രണ്ടര്‍ത്ഥത്തിലും സലാം.

ഹരിത് said...

കിച്ചു, പാവപ്പെട്ടവന്‍റെ ജീവനും മോഹങ്ങള്‍ക്കും, പ്രതീക്ഷകള്‍ക്കും അല്ലെങ്കിലും എന്തു വില?

ശ്രീ, എന്തു പറയാന്‍ ?

ജയന്‍, അഭിപ്രായത്തോട് ജോജിക്കുന്നു.

വേണു, താങ്കളുടെ തന്നെ പേരുള്ള ഒരു പഴയ വിപ്ലവകാരിയെ നമ്മള്‍ ഇന്നും കാണുകയും കേള്‍ക്കുകയും വായിക്കുകയും ഒക്കെ ചെയ്യുന്നില്ലേ?