ശീതക്കാറ്റും നീര്‍ത്തുള്ളികളും:
പതിനാറാം നൂറ്റാണ്ടിലെ ഏതോ ഒരു പ്രഭാതത്തില്‍ റിമ്പോച്ചേ ‘ലാച്ചുനി‘ ലെ അവസാനത്തെ ഗ്രാമത്തില്‍ നിന്നും ഹിമാലയ സാനുക്കളിലേക്കു യാത്ര തിരിച്ചു. വരാന്‍ പോകുന്ന നല്ല നാളുകളെ പ്രവചിച്ചു, ഗ്രാമവാസികളോട് വിട പറഞ്ഞു. വാഴയിലയില്‍ പൊതിഞ്ഞ കുറച്ചു ചോറ് പാഥേയമായി കരുതി ഗുരു റിമ്പോച്ചേ.
പതിനെണ്ണായിരം അടി ഉയരത്തിലുളള മഞ്ഞുമലയിലെവിടെയോ ഗുരു ഏകാന്തനായി ധ്യാനത്തില്‍ മുഴുകി.ചെമ്മരി ആടു മേയ്ച്ചു അലഞ്ഞു നടക്കുന്ന ഇടയന്മാര് റിമ്പോച്ചേയെ പദ്മസംഭവന്‍ എന്നും വിളിച്ചു.
അല്‍ഭുതം, !! യാത്രക്കിടയില്‍ ഗുരു അവിടവിടെ വിതറിയ പൊതിച്ചോര്‍ വറ്റുകള്‍, അന്നുവരെ പച്ചപ്പു കണ്ടിട്ടില്ലാത്ത മഞ്ഞുമലഞ്ചരിവിലെ മരവിച്ച മണ്ണില്‍ നെല്‍ച്ചെടി പുളകങ്ങളായി മാറിയത്രെ! വഴിയോരങ്ങളില്‍ കുഴിച്ചിട്ട വാഴയിലച്ചിന്തുകള്‍ വാഴക്കന്നുകളായി മുളച്ചു! കൊടും ശീതക്കാറ്റില്‍ ഇന്നും ഇളകിയാടുന്ന നെല്‍വയലുകളും , വാഴത്തോട്ടങ്ങളും റിമ്പോച്ചേയുടെ വരദാനങ്ങള്‍.
ശിശിരത്തില്‍ ആ ഹിമശൃംഗത്തിലെ എല്ലാ ഉറവകളും, ഓരോ നീര്‍ത്തുള്ളിയും ഘനീഭവിച്ചു. ആട്ടിടയന്മാര് കുടിവെള്ളത്തിനായി ഉഴറി. റിമ്പോച്ചെയെ കണ്ടു സങ്കടം പറഞ്ഞു. പ്രാര്‍ത്ഥിച്ചു. ഗുരു പാദങ്ങളില്‍ ശരണം പ്രാപിച്ചു.
“ ബുദ്ധം ശരണം ഗച്ഛാമി......”
റിമ്പോച്ചേ കരുണാര്‍ദ്രമായി അവരെ കടാക്ഷിച്ചു। മസൃണമായ കൈവിരലുകള്‍ കൊണ്ട് റിമ്പോച്ചേ, ഉറഞ്ഞു കട്ടിയായ മഞ്ഞില്‍ പതുക്കെ ഒന്നു സ്പര്‍ശിച്ചു. പ്രാര്‍ത്ഥിക്കുന്ന മനസ്സുകള്‍ക്കൊപ്പം മഞ്ഞും ഉരുകി, തുഷാരകണങ്ങളായി, നീര്‍ത്തുള്ളികളായി. പിന്നെ ഏതു കൊടും ശൈത്യത്തിലും ഒരിക്കലും ഉറയാത്ത അമൃത തടാകമായി. ഗുരു തീര്‍ത്ഥമായി ഈ മനോഹര തീരം.
(ഗുരു ദോങ്മാര്‍ ലേക്ക്: 17600 ഫീറ്റ്, നോര്‍ത്ത് സിക്കിം. 2007 ജൂണ്‍ മാസത്തില്‍ എടുത്ത ചിത്രങ്ങളില്‍ ചിലത്.)
7 comments:
informative post
ചാത്തനേറ്: ഇത്രയും നല്ല പടങ്ങള്‍ ഫുള്‍ സൈസില്‍ വാട്ടര്‍മാര്‍ക്കില്ലാതെ ആരും ഇടാറില്ല. അടിച്ച് മാറ്റിക്കളയും..(ചാത്തന് ഇപ്പോള്‍ തന്നെ അടിച്ചു മാറ്റി)
ലേ വരെ പോയില്ലേലും റോഹ്താങ് പാസ് വരെ പോയിരുന്നു. ലേ എത്ര സുന്ദരമാണെന്നറിയാം കൂട്ടുകാര്‍ രണ്ട് തവണ ലേ വരെ ബൈക്കില്‍ പോയിരുന്നു. അവരു കൊണ്ടു വന്ന പടങ്ങള്‍ കണ്ട് അസൂയപ്പെട്ടിട്ടുണ്ട്...
http://jayansr.blogspot.com/2006/08/himalayan-motorcycle-expedition-2006.html
ഹരിത് എവിടെയാ?
ചാത്തനേറ് നന്നായി സുഖിച്ചു.ജയ്ന്റെ പോസ്റ്റും കണ്ടു. നല്ല ഫോട്ടോസ്.നല്ല പൊസ്റ്റ്.ഒരുപാട് ഇഷ്ടമായി.
ഞാനും കേര കേദാര ഹരിത ഭൂമിയില്‍ തന്നെ ജനിച്ചു വളര്‍ന്നതാണു. ഇപ്പൊള്‍ ദെല്‍ഹിയില്‍.പ്രഭാകരന്റെയും ഗോവര്ഥനന്റെയും പയ്യന്റ്റെയുംദെല്ഹി.ഫൊട്ടോ അടിച്ചുമാറ്റുന്നതില്‍ സന്തോഷമേ ഉള്ളൂ. എന്റെ രാജ്യത്തിന്റെ സമ്മോഹന സൌന്ദര്യം എല്ലായിടത്തും പ്രചരിക്കട്ടെ. എനിക്കു ഫോട്ടോസിന്റെ കോപ്പി റൈറ്റോ പേറ്റന്റ്റോ വേണ്ട. ചാത്തന്മാര് അടിച്ചു മാറ്റിക്കോട്ടെ.സന്തോഷം മാത്രം.
റിമ്പോച്ചേ എന്ന വാക്കില്‍തന്നെ ഒരിതുണ്ട്..ഹിമാലയത്തിന്റെ ഫോട്ടോകള്‍ എത്ര വേണേല്‍ കണ്ടുകൊണ്ടിരിക്കാം...
പദ്മസംഭവഗുരു റിമ്പോച്ചേയുടെ നാട്... നല്ല പോസ്റ്റ് ഹരിത്ത് (ഒരു കമന്റേണിവഴി കയറിപ്പറ്റിയതാണ്, ബ്ലോഗ് വായന ഈയിടെ തീരെക്കുറവ് ... )
ശെഫി, മനു, കുട്ടിച്ചാത്തന്.മൂര്‍ത്തി, ദേവന്.... എല്ലാവര്ക്കും നന്ദി...ഥാങ്ക്സ് ഫൊര്‍ യുവര്‍ കമന്റ്സ്.
Post a Comment