Thursday, February 14, 2008

ഇന്നു ഞാന്‍ നാളെ നീ

മുംബൈയില്‍ എത്തുമ്പോള്‍, സാധാരണ എയര്‍പോര്‍ട്ടില്‍ നുന്നും ഒരു പ്രി പെയിഡ് ടാക്സി എടുത്ത് നേരേ ഘാട്ട്കൂപ്പറിലെ സാമിയുടെ ഫ്ലാറ്റിലേക്കു
പോകാറാണു പതിവ്. സാമി എന്നാല്‍ നമ്മുടെ സ്റ്റേറ്റ് ബാങ്കിലെ സാക്ഷാല്‍ സുബ്രഹ്മണിയ അയ്യര്‍ എന്ന കറുത്ത പട്ടര്‍. സാമി ബാങ്കില്‍ പോയാലും, ഫ്ലാറ്റില്‍ സയ്യ്ദ് ഉണ്ടാവും.( പുള്ളിക്കാരനെ കെയര്‍റ്റേക്കര്‍ എന്നു മാത്രമേ വിളിക്കാന്‍ പാടുള്ളൂ.) ഡല്‍ഹിയില്‍ പോകുന്ന വഴിക്കു ചിലപ്പോഴൊക്കെ മുംബൈയില്‍ രണ്ടു ദിവസം ഞാന്‍ സാമിയോടൊപ്പം കൂടും. സഹമുറിയന്മാരും പഴയ കൂട്ടുകാരുമൊക്കെയായി ഒരു ചെറിയ ആഘോഷം. അങ്ങനെ കൂടുമ്പോഴൊക്കെയാണു മനസ്സു തുറന്നു ഒന്നു ചിരിക്കാറുള്ളത്.


യാത്രതിരിക്കുനതിനു മുന്‍പ് സാമിയുടെ ഫോണ്‍ ഊണ്ടായിരുന്നു.

“ നീ ഇന്നു പ്രി പെയിഡ് ടാക്സിയൊന്നും എടുക്കാന്‍ നില്‍ക്കണ്ട.ഞാന്‍ ഉണ്ടാവും എയര്‍പോര്‍ട്ടില്‍”

“അതിനു നെനക്കിന്നു ബാങ്കിപ്പോണ്ടേ?”

“ ഇന്നു ലിവാ...നീ വാ..വന്നിട്ടു സംസാരിക്കാം”

സാമി സംഭാഷണം നീട്ടാനുള്ള മൂഡിലല്ലെന്നു തോന്നി.
എയര്‍പോര്‍ട്ടിനു വെളിയില്‍ സാമി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. യാത്രകഴിഞ്ഞെത്തുമ്പോള്‍ ആരെങ്കിലും നമുക്കുവേണ്ടി കാത്തുനില്‍ക്കുന്നതു സന്ധ്യാദീപം കാണുമ്പോള്‍ ഉള്ള നിറവു പോലെയാണെനിക്കു.. അതുകൊണ്ടു തന്നെ ആരെങ്കിലും എയര്‍പോര്‍ട്ടിലോ, റെയിവേ സ്റ്റേഷനിലോ സ്വീകരിക്കാന്‍ വരുമെന്നു പറഞ്ഞാല്‍ ഞാന്‍ വേണ്ടെന്നു പറയാറില്ല. നഗരങ്ങള്‍, അവിടെ നമുക്കുള്ള സൌഹൃദങ്ങളുടെ സാന്ദ്രത പോലെ മാത്രം സുന്ദരങ്ങള്‍ ആണ്. റ്റ്രയിനിങ് സമയത്തു ഒറ്റക്കു വിയന്നയില്‍ ലക്ഷ്യമില്ലതെ അലയുമ്പോള്‍ മനസ്സിലെ ഡിപ്രഷന്‍, ഭൂപേന്ദ്ര സിംഗിന്റെ സിനിമാപ്പാട്ടായി നുരഞ്ഞു പൊന്തുമായിരുന്നു.


“ഏക് അകേലാ ഇസ് ഷഹറ് മേ...
രാത് മേ ഓര്‍ ദോപഹറ് മേ..
............................................................
...........................................................
ദിന്‍ ഘാലീ ഘാലീ ബര്‍തന് ഹൈ ഓര്‍
രാത്ത് ഹൈ ജൈസേ അന്ധാ കുവാ..
ഇന്‍ ഖൂനീ അന്ധേരീ ആംഖോമെ
ആന്‍സൂ കീ ജഗാ ആത്താ ഹെ ധൂവാ

ജീനേകീ വചാ തൊ കോയീ നഹീ
മര്‍നേകാ ബഹാനാ ഠൂണ്ട്ത്താ ഹേ
............................................................................
ഇസ് അജ്നബീസേ ഷഹറ് മേ
ജാനാ പഹചാനാ ഠുണ്ട്ത്താ ഹേ”

അന്നു ആ സുന്ദര നഗരത്തില്‍ സന്ധ്യാദീപമായി കാത്തിരിക്കാന്‍ ആ നീലക്കണ്ണുകള്‍ ഇല്ലായിരുന്നല്ലോ. ഇപ്പോഴിപ്പോള്‍ നഗരങ്ങള്‍ എത്ര അപരിചിതമാണെങ്കിലും മനസ്സു പരിചയക്കാരെ തേടി വ്യാകുലപ്പെടാറില്ല. എന്നാല്‍ മുംബൈ എനിക്കു അങ്ങനെ ആയിത്തിര്‍ന്നിട്ടില്ല ഇതുവരെയും - അതു എന്റെയും , സാമിയുടെയും സെയ്യദിന്റേയും എവിടുന്നൊക്കെയോ വന്നുപെട്ടു ഒന്നിച്ച കുറച്ചു സൌഹൃദങ്ങളുടെയും കൂടി നഗരമാണ്.
സ്വാമി എയര്‍പോര്‍ട്ടിനു വെളിയില്‍ ടാക്സി തിരയുന്നു. കുറെ ഡ്രൈവര്‍ന്മാര്‍ സാമിയെ വേണ്ടെന്നു വച്ചു അടുത്ത യാത്രക്കാരനെ തേടിപ്പോകുന്നു. മറ്റുചിലരെ സാമി തന്നെ തഴയുന്നു.

“എന്തെടേ സാമിയാരേ പ്രശ്നം? ടാക്സിക്കാര്‍ക്കു ഘാട്ക്കൂപ്പര്‍ വരെ പോകാന്‍ വയ്യേടേ? എന്നാ കന്യാകുമാരി വരെ പോകാമോന്ന് ചോദിച്ചു നോക്ക്”

“ അപ്പടി ഒണ്ണും ഇല്ലൈ.. നമുക്കു ഭയ്യമാരുടെ ടാക്സി വേണ്ട. മറാത്താ പുലികളുടെ ടാക്സി മതി”

“ ആരുടേതായാലും നമുക്കെന്താ?”

ടാക്സി കിട്ടി. ഞങ്ങള്‍ യാത്ര തുടങ്ങി. സാമി സീരിയസ്സായി. “രാജ് ഠാക്കറെയുടെ ആള്‍ക്കാര്‍ നഗരത്തില്‍ അക്രമം നടത്തുന്നു. ഉത്തരേന്‍ഡ്യാക്കാര്‍ മഹാരാഷ്ട്ര വിടണമത്രേ! വഴിയില്‍ വച്ചു കണ്ണില്‍കണ്ട ഉത്തരേന്‍ഡ്യക്കാരെ തെരഞ്ഞുപിടിച്ചു ആക്രമിക്കുന്നു. രാഷ്ടീയ നിലനില്‍പ്പിനായി രാജ് ഠാക്കറെ നടത്തുന്ന പ്രകോപനപരമായ സ്റ്റേറ്റ്മെന്റുകള്‍ എരിയുന്ന തീയില്‍ എണ്ണ ഒഴിക്കുന്നു. മറാത്താ ആത്മഗൌരവര്ത്തിന്റെ മൊത്തം കോണ്ട്രാക്റ്റ് കൈവിട്ടു പോകുമെന്നു പേടിച്ചു ഉധവ് ഠാക്കറെയും തീകൊണ്ടുള്ള കളി തുടങ്ങിയത്രേ!!!”

സാമി കിതയ്ക്കുന്നു. ആത്മരോഷം തോന്നുമ്പോള്‍ സാമി അങ്ങനെയാണു. അടിയന്തരാവസ്ഥക്കാലത്തു സുദീപിനെ പോലീസുകാരും കോണ്‍ഗ്രസ്സുകാരും ചേര്‍ന്നു സ്കൂള്‍ കോമ്പൌണ്ടില്‍ വച്ച് തല്ലിച്ചതച്ചതു കണ്ട സാമി കിതച്ചുകൊണ്ട് അവനെ രക്ഷിക്കാന്‍ ഓടിയതു പെട്ടെന്നു ഓര്‍ത്തു. വര്‍ഷങ്ങള്‍ കഴിഞ്ഞു. സാമി ഇപ്പോഴും കിതക്കാതിരിക്കാന്‍ പഠിച്ചില്ല. സുദീപ് പിന്നെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. കെ. റ്റി . ഡി സി ചെയര്‍മാനും ആയി.

ഞാന്‍ കാറിലിരുന്നു പുറത്തേക്കു നോക്കി. നഗരം ശാന്തമായിത്തന്നെ ഒഴുകുന്നു. യു പി, ബിഹാറ്കാര്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്നു എന്നു വാര്‍ത്ത. പക്ഷേ എനിക്കു പ്രകടമായി അതൊന്നും കാണാന്‍ കഴിഞ്ഞില്ല. അല്ലെങ്കിലും മുംബൈ ജീവിതത്തിന്റെ നഗരമാണു. എന്തു സംഭവിച്ചാലും അടുത്തനിമിഷം ജീവിതത്തിന്റെ അക്കരപ്പച്ചകള്‍ തേടി യാത്ര പുനരാരംഭിച്ചേ പറ്റൂ. ഡല്‍ഹി പോലെ ഉപജാപങ്ങളുടെ ശവകുടിരമല്ല. കൊല്‍ക്കത്തപോലെ മരിച്ച നഗരവുമല്ല.

“ ഇന്നലെ നാസിക്കില്‍ ഒരു തൊഴിലാളിയെ തച്ചു കൊന്നു”

സാമി നിസ്സഹായതോടെ പറഞ്ഞു. കേന്ദ്ര - രാജ്യ സര്‍ക്കാറുകള്‍ രാഷ്ട്രീയ ലാഭനഷ്ടങ്ങളുടെ ബാലന്‍സ്ഷീറ്റ് ഉണ്ടാക്കുന്നതേയുള്ളൂ. അവരുടെ കേളികൊട്ടും തിരനോട്ടവും കഴിഞ്ഞിട്ടില്ല. മനസ്സിലെ കത്തിവേഷങ്ങളഴിച്ചു വച്ച് കളിയാട്ടത്തിനെത്താനുള്ള മുഹൂര്‍ത്തത്തിനായി അവര്‍ ഇനിയും കാത്തിരിക്കുന്നു. മുഖം മിനുക്കി പച്ചയും , മിനുക്കുമായി ചുട്ടികുത്തി, വേഷപ്പകര്‍ച്ചയണിഞ്ഞു പ്രത്യക്ഷപ്പെടാന്‍ സമയമായില്ലാ പോലും!
ട്രഫിക് സിഗ്നലില്‍ കുട്ടികള്‍ ന്യൂസ് പേപ്പറുകളുമായി എത്തി. മിഡ് ഡേ വാങ്ങി.

‘പ്രധാന മന്ത്രി, സെന്‍സെക്സില്‍ വന്ന ഇടിവു വെറും താല്‍ക്കാലികമാണെന്നു ഇന്നു പ്രസ്താവച്ചു.

’‘രാജ് ഠാകറെയുടെയും അമിതാബച്ചന്റെയും ബംഗ്ലാവുകള്‍ക്കു കനത്തസുരക്ഷ നല്‍കാന്‍ ആവശ്യമായനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നു , എസ്സ്. സി ശുക്ലയുടെ ഒന്നാം ചരമവാര്‍ഷികാഘോഷപ്രോഗ്രാമിനു പോകാനായി എയര്‍പോര്‍ട്ടിലെത്തിയ, യൂണിയന്‍ ഹോം മിനിസ്റ്റര്‍ പത്രക്കാരെ അറിയിച്ചു.’
പെട്ടെന്നു ടാക്സി ഡ്രൈവര്‍ വണ്ടി ചവുട്ടി നിറുത്തി. ‘ഹാജിഅലി’ക്കടുത്ത്. അതെ അവര്‍ തന്നെ..... ലാത്തികളും കത്തികളുമായി അങ്ങോട്ടും ഇങ്ങോട്ടും..... വാഹനങ്ങളെ ഒക്കെ തടഞ്ഞുനിര്‍ത്തി അവര്‍ ഉത്തരേന്‍ഡ്യക്കാരെ തെരയുന്നു. ആക്രോശിക്കുന്നു.... ആറേഴുപേര്‍ ഞങ്ങളുടെ കാറിനടുത്തേയ്ക്ക്...... വലിച്ചിറക്കി ഞങ്ങളെ...... ഞങ്ങളുട്രെ ഡ്രൈവര്‍ മറാത്തിയില്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. ഒരുവന്‍ എന്റെ നേരേ.... ഭയം എന്തെന്നു ഞാന്‍ അറിഞ്ഞു. വയറിനുള്ളില്‍ നിന്നും എന്തോ ഒന്നു നെഞ്ചിന്‍ കൂടിലേക്കു ‘ഗുമ്മെന്നു’ ശക്തിയായി ഒരു റോക്കറ്റുപോലെ...... ശരീരത്തില്‍ എവിടെയൊക്കെയോ വിറയല്‍ പോലെ... എന്നിലെപ്പോഴും കുടികൊള്ളുന്നു എന്നു ഞാന്‍ കരുതിയ ആത്മഹത്യയോടുള്ള ആഭിമുഖ്യവും അസ്തിത്വ ദുഖവും ഒന്നും അപ്പോള്‍ മനസ്സില്‍ തോന്നിയില്ല.
സാമി പെട്ടെന്നു വിളിച്ചു പറഞ്ഞു.

“ സാബ്...ബച്ചാലീജിയേ...ഹം കേരല്‍ വാലേ ഹൈ.... പ്ലീസ്......”

എന്റെ നേരേ വിരല്‍ചൂണ്ടിക്കൊണ്ട് യാചിച്ചു, “വൊ..മലയാളം .പത്രകാര്‍ ഹൈ.....”

പിന്നെ എന്തൊക്കെയോ സാമി അലറി...അതു കേട്ട് ഒരു നേതാവു പറഞ്ഞു.

“ സാലാ.. കാലേ മദ്രാസീ ലോഗ് ഹൈ........ജാനേ ദോ....”

ഞങ്ങള്‍ ഫ്ലാറ്റില്‍ എത്തി.
സെയ്യിദ് ആഹാരം ഉണ്ടാക്കിയിരുന്നു. ഞങ്ങള്‍ക്കു വിശപ്പും ദാഹവും ഒന്നും തോന്നിയിരുന്നില്ല. സാമി മുഖം പൊത്തി സോഫയുടെ അടുത്തു, വെറും തറയില്‍ ചടഞ്ഞിരുന്നു.വൈകുന്നേരം സുഹൃത്തുക്കളും റൂം മേറ്റ്സും എത്തി. സംഭവങ്ങള്‍ ഞങ്ങള്‍ വിവരിച്ചു പറഞ്ഞു. അവര്‍ ചിരിച്ചു. ഞങ്ങള്‍ അനുഭവിച്ച ആ ഭീതി അവര്‍ക്കു മനസ്സിലാകാത്തപോലെ..സാമി വീണ്ടും പറഞ്ഞു. “ഈ പാവങ്ങളെ ഇങ്ങനെ തല്ലിയോടിക്കുന്നതു കഷ്ടം തന്നെ”വിഷയം അവര്‍ സീരിയസ്സായി എടുത്തില്ല. ബിയര്‍ കുപ്പികള്‍ ഒഴിഞ്ഞു, കവിതകളും തമാശകളും പൊട്ടിച്ചിരികളും മുഴങ്ങി.
സെയ്യ്ദ് പറഞ്ഞു:

“ ഇവന്മാര്‍ക്കു ഇങ്ങനെ തന്നെ വേണം. പണ്ട് ശിവസേനക്കാര്‍ സൌത്തിന്‍ഡ്യാക്കാരെ അടിച്ചോടിച്ചപ്പോള്‍, ഒറ്റ നൊര്‍ത്തിന്‍ഡ്യാക്കാരന്‍ അനങ്ങിയോ?”

ആരും ശ്രദ്ധിച്ചില്ല ഈ അഭിപ്രായപ്രകടനവും. പക്ഷേ സാമി ഇതുകേട്ട് അന്തം വിട്ടിരുന്നു. ഭിവാനിയില്‍ കലാപത്തിനു മുന്‍പു മൂന്നു തയ്യല്‍കടകള്‍ നടത്തിയിരുന്ന ആളാണു സെയ്യ്ദ്. കമ്മ്യൂണല്‍ റയട്ടില്‍ എല്ലാം കത്തിനശിച്ച്, പെരുവഴിയില്‍ ആയപ്പോള്‍ സാമി കൂടെ കൂട്ടിയതാണു സെയ്യ്ദിനെ....എന്നിട്ടിപ്പോള്‍....... സാമി വെറുതെ വീണ്ടും കിതയ്ക്കാന്‍ തുടങ്ങി.

17 comments:

ഹരിത് said...

ഇന്നു ഞാന്‍ നാളെ നീ.....

vadavosky said...

പോകെപ്പോകെ ഇതൊക്കെ നിത്യസംഭവമാകും ഹരിത്‌. കലാപം ഉണ്ടായി എന്ന് കേള്‍ക്കുമ്പോള്‍ അത്‌ എന്നെ ബാധിക്കുമോ എന്ന് മാത്രമേ ആളുകള്‍ തിരക്കുകയുള്ളു. ഈ അവസ്ഥയാണ്‌ നമ്മള്‍ പേടിയോടെ കാണേണ്ടത്‌.

ഉപാസന || Upasana said...

യഥാര്‍ത്ഥ്യത്തില്‍ താക്കറെയുടെ കാര്‍ക്കശ്യവും, സംഭാഷണചാതുരിയും ഒക്കെ കിട്ടിയിരിക്കുന്നത് ഉദ്ധവിനെകാളേറെ രാജ് താക്കറെ ക്ക് തന്നെ.

ഇന്ന് രാജിന്റെ ഈ അഭ്യാസപ്രകടങ്ങള്‍ അപകടത്തിലാക്കുന്നത് താക്കറെയെ അത്ര പരിഭ്രാന്തനാക്കില്ലെങ്കിലും ഉദ്ധവിനെ ബാധിക്കും.
കാരണം രാജ് ന് ഉദ്ധ്വിനെ തള്ളിപ്പറയാന്‍ പറ്റും, താക്കറെയെ എതിര്‍ക്കാന്‍ സാധിക്കില്ല.

താക്കറെ നടപ്പില്‍ വരുത്തിയതില്‍ കവിഞ്ഞ് ഒന്നും ഇപ്പോ സംഭവിക്കുന്നുമില്ല.

ഇതൊക്കെ വേഗം കെട്ടടങ്ങുമെന്ന് തന്നെയാണ് വിശ്വാസം.

സംഭാഷണശൈലിയില്‍ എഴുതിയത് നന്നായിരിക്കുന്നു.
എന്‍.എസ്. മാധവന്‍ സിഖ് കലാപത്തെപ്പറ്റി ഒരു കന്യാസ്ത്രീ മഠത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ഒരു സൂപ്പര്‍ കഥയുണ്ട്.
അതോര്‍മ വന്നു..!
:)
ഉപാസന

ശ്രീവല്ലഭന്‍. said...

ഹരിത്,
വളരെ നന്നായ്‌ എഴുതിയിരിക്കുന്നു. ബോംബെ കലാപം നടക്കുമ്പോള്‍ 10 വയസ്സുള്ള കസിന്‍ അതിനെക്കുറിച്ച് ഭീതിയൊടെ വിവരിച്ചതോര്‍മ്മ വരുന്നു.

അതുല്യ said...

കര്‍ട്ടന്‍ മാറ്റി ഞാന്‍ 15 ആം നിലയില്‍ നിന്ന് താഴേയ്ക്ക് നോക്കി, ചേരികളൊക്കെ അവിടേ കത്തുന്നു, ഇപ്പറത്ത് ഒരു റ്റാക്സി വാലയാണെന്ന് തോന്നുന്നു, ഭാര്യേടേ കുത്തിനു പിടിച്ച് അസഭ്യം പറയുന്നുണ്ട്, അങ്ങേയറ്റത്തെ റോഡില്‍ ബന്ദ് പോലെ ഒന്ന്, കുറെ കട കത്തിയ്ക്കുകയും, അടപ്പിയ്ക്കുകയുമൊക്കെ ചെയ്യുന്നു, അതിനുമപ്പുറത്ത്, ഇന്നലെ അടര്ന്ന് വീണ പഴേ കെട്ടിടത്തിന്റെ അവശിഷ്ടവും, ശവശരീ‍രങ്ങളും കൊണ്ട് പോകാനുള്ള വണ്ടിയുടെ തിക്കും തിരക്കും.
പിന്നേം കാപ്പി കപ്പ് ചുണ്ടിലേയ്ക്ക് അടുപ്പിച്ചപോഴ്, കാപ്പി തീര്‍ന്നതായി തോന്നി. ജോലിയിലേയ്ക്ക് വീണ്ടും. വെറുതേ കാപ്പി കുടിക്കുമ്പോഴും സിഗരറ്റ് ആഞ് വലിക്കുമ്പോഴും കണ്ണുകള്‍ക്ക് നേരമ്പോക്കാനുള്ള വെറും കാഴ്ചകളാണിതൊക്കെ അവിടെയുള്ളവര്‍ക്ക്. മനുഷ്യനു വിലയുണ്ടോ? അതില്ലാത്തത് കൊണ്ടാണല്ലോ ഇന്ന് രാവിലെ റ്റി.വിയില്‍ മുമ്പായ് ട്രേയിനില്‍ പാലായനം ചെയ്ത സമയത്ത് ക്ലോസറ്റില്‍ പ്രസവിച്ച അമ്മയേ അതേ പടി ചോരക്കുഞുമായി കാട്ടീത്. എല്ലാ സ്ഥലങ്ങളിലും പാര്‍ട്ടികള്‍ ഹൈലൈറ്റ് അന്ന്വേക്ഷിച്ചിറങുമ്പോഴ്, അശരണരായവരേ, ചോരയൊഴുകുന്നവരേ, സോഫയില്‍ ഇരുന്ന് കാപ്പി നുണഞ് റ്റി.വിയിലൂടെ നിങ്ങളെ പിന്നേമ്പിന്നേം കണ്ട് കൊണ്ടിരുന്ന് ഒന്നും ചെയ്യാതെ, രാത്രി ഡിന്നറിനും പോകുന്ന എന്നോട് ക്ഷമിയ്ക്ക്ണേ. ഒരാള്‍ക്കോ ഒരു പാര്‍ട്ടിയ്കോ വേണ്ടി നിങ്ങളൊക്കെ ചോരയൊലിപ്പിയ്ക്ക്കൂ, മരിച്ച് വീഴുക. ഇന്ത്യ അറിയപെടട്ടേ. ബ്രേക്കിങ് ന്യൂസിനും വിഷയുമുണ്ടാവട്ടെ.

Sethunath UN said...

കഷ്ടം. ഭീകരം!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്തു പറയാന്‍???

ദിലീപ് വിശ്വനാഥ് said...

ഭീകരം. ഇതു ഇനി ദക്ഷിണേന്ത്യക്കാരുടെ നേരെയും നീളാത്തിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം. അല്ലാതെന്തു ചെയ്യാന്‍?

രാജ്യം കുളം തോണ്ടാന്‍ ഇറങ്ങിയിരിക്കുന്ന കുറെ കുടുംബങ്ങള്‍! കഷ്ടം.

രാജന്‍ വെങ്ങര said...

"അല്ലെങ്കിലും മുംബൈ ജീവിതത്തിന്റെ നഗരമാണു. എന്തു സംഭവിച്ചാലും അടുത്തനിമിഷം ജീവിതത്തിന്റെ അക്കരപ്പച്ചകള്‍ തേടി യാത്ര പുനരാരംഭിച്ചേ പറ്റൂ. "
അതാണ് അതിന്റെ നേരു.ഞാന്‍ ഇന്നലെ വീണ്ടും മുംബൈയില്‍ എത്തി.നേത്രാവതി ഫ്ലാറ്റ് ഫോമില്‍ എത്തിയപ്പോള്‍ തന്നെ രാജ് ഠാക്കറെ അറസ്റ്റു ചെയ്തു എന്നറിഞു.സ്റ്റേഷനില്‍ നിന്നും പുറത്തിറങിയപ്പോള്‍ അന്ദേരീലേക്കു ടാക്സിയൊ ഓട്ടൊയൊ ഒന്നും വരാന്‍ തയ്യറായില്ല.യാത്രക്കാരെ നോക്കുകുത്തികളാക്കി റ്റാക്സിക്കാരും,ഓട്ടൊക്കാരും അമിത ചാര്‍ജ് പറഞു യാത്രക്കരെ പരമാവധി കുഴപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.നഗരത്തില്‍ ആകെ ഒരു വലിയ കുഴപ്പം അരങ്ങേറി വരുന്ന പ്രതീതി ഉളവാക്കി യാത്രാക്കാരെ പരമാവധി പിഴിയാന്‍ തയ്യറെടുത്തു നിന്നിരിക്കയായിരുന്നു റ്റക്സിക്കാരും ഓട്ടൊക്കാരും.

ഞാന്‍ കാലുവലിച്ചു നടന്നു.ഹൈ വേ വരെ എത്തിയാല്‍ എന്തെങ്കിലും ഉപായം കാണും എന്നു മനസ്സില്‍ കരുതി കുറ്ച്ചു ദൂരം നടന്നപ്പോഴേക്കും ഒരു യു പി കാരന്‍ വ്രുദ്ധന്‍എന്റടുത്തു റിക്ഷ കൊണ്ടു വന്നു നിര്‍ത്തി. അയാളും ഭയത്തിന്റെയും വേവലാതിയുടെയും നെറുകയിലായിരുന്നു.എങ്കിലും എന്നൊടു അലിവു കാണിച്ചു. എന്നെ വിദ്യാവിഹാര്‍ സ്റ്റേഷന്‍ വരെ കൊണ്ടുവിടാം എന്നു പറഞ്ഞു.എനിക്കതു വലിയ ആശ്വാസം ആയി. അവിടെ നിന്നും ഫ്ലൈ ഒവര്‍ കടന്നു വീണ്ടും ഒരു വാ‍ഹനമേതെങ്കിലും പിടിക്കാം എന്നു മന്‍സ്സില്‍ നിരൂപിച്ചു.മിനുട്ടിനകം വിദ്യാവിഹാര്‍ സ്റ്റേഷന്‍ എത്തി. ചര്‍ജ് ആയി പതിനൊന്നു രൂപ കൊടുത്തു. കുര്‍ള ടെര്‍മിനസ്സില്‍ വിലപേശി നിന്ന ഓട്ടൊക്കാരന്‍ ഇവിടം വരെ വരാന്‍ എണ്‍പതു രൂപയാണു ചോദിച്ചതു.
ഫ്ലൈ ഓവര്‍ കടന്നു വീണ്ടും ഓട്ടൊക്കായി ശ്രമിച്ചപ്പോല്‍ ആരും വരാന്‍ തയ്യാറായില്ല. ശരി,കമാനി വരെ നടക്കാം. അവിടെ നിന്നും ബസ്സു കിട്ടാതിരിക്കില്ല. ഓഫീസു വിടുന്ന സമയമയതിനാല്‍ റോഡുകള്‍ നല്ല തിരക്കിലായിരുന്നു.റോഡിലൊക്കെ വാഹനങ്ങള്‍ പരക്കം പായുന്നുണ്ടായിരുന്നു. ബസ്സും ഓടികൊണ്ടിരുന്നു.ആളുകളും! എന്നിട്ടും എനിക്കു ഒരു ഓട്ടൊക്കരനെയും കിട്ടിയില്ല. ഞാന്‍ നടന്നു.
അപ്പൊഴാ‍ണു സുഹ്രുത്തിനെ കുറിചു ഓര്‍ത്തതു. വിളിച്ചു അവനെ. അരമണിക്കൂറിനകം അവന്‍ ബൈക്കും കൊണ്ടു വന്നു എന്നെ കൂട്ടി വീട്ടിലെത്തിച്ചു.
വീട്ടിലെത്തി ടി വി യില്‍ വാര്‍ത്തകള്‍ ശ്രധിച്ചപ്പോള്‍ രാജ് ഠാക്കറെക്കു ജാമ്യം കിട്ടി എന്നും സംഘര്‍ഷാവസ്തക്കു അയവു വന്നു എന്നും അറിയാനായി.നാളെ ഇനി എങ്ങീനെയവോ എന്നും മനസ്സൂ ഉല്‍ഘണ്ഠ പെട്ടു.


വഴി നീളെ ഞാന്‍ ഓര്‍ത്തതു ,എത്ര നേരിയ ഒരു ബലത്തിലാണു ഞങ്ങള്‍ മുംബൈ വാസികള്‍ ജീവിതത്തിന്റെ നൂല്‍പ്പാലം വലിച്ചു കെട്ടിയിരിക്കുന്നതു എന്നാണു. ഒരു മുറുമുറുപ്പൂ,അല്ലെങ്കില്‍ ഒരു കിംവദന്തി നമ്മുടെ ജീവിതത്തിന്റെ സകല താളങ്ങളും തെറ്റിക്കുന്നു.
പൊയ്പോയ ദുരന്തങ്ങളില്‍ നിന്നും മനസ്സിലടിഞ്ഞ
ഭയ വിഹ്വലതകളുടെ തിരിനാമ്പുകള്‍ക്കു പൊട്ടിമുളക്കുവാന്‍ ഏതൊരു ചെറിയ അപായമുഴക്കവും കാരണമാവുന്നു.നാം ഭീതിയുടെ വാള്‍ തലപ്പില്‍ തലവച്ചവര്‍.

Gopan | ഗോപന്‍ said...

ഹരിത്..
ഈ കുറിപ്പിനു നന്ദി..
ഭീകരത ഇന്നു കച്ചവട ചരക്കാണ്
ഇഷ്ടം പോലെ വാങ്ങി എവിടെയും
ഉപയോഗിക്കാവുന്ന ഒന്ന്.

siva // ശിവ said...

വളരെ നല്ല ലേഖനം...നന്ദി...

ഹാരിസ് said...

ഇനിയും എഴുതൂ

ഏ.ആര്‍. നജീം said...

ഹരിത്..

ശരിക്കും ഭയന്നു പോകുന്നു...
എന്നാ ഇതിനൊക്കെ ഒരു അറുതിയുണ്ടാവുക...

രാജന്‍ വെങ്ങരയ്ക്കും നന്ദി. സമാനമായ ഒരനുഭവം പങ്കുവച്ചതിന്

ഹരിത് said...

വടവോസ്കി, ശരിയാ... വലിയ ദുരന്തത്തിലേക്കാണു് ആ സ്വാര്‍ത്ഥയുടെ പോക്കു്.
നന്ദി ഉപാസനാ, എന്‍ എസ്സ്. മാധവന്‍റെ കഥ വായിച്ചിട്ടില്ല. വായിക്കണം.
ശ്രീവല്ലഭന്‍ , നന്ദി.
അതുല്യ ആദ്യമായാണു ഇവിടെ വന്നതെന്നു തോന്നുന്നു. സ്വാഗതം. നന്ദി. എന്‍റെ കുറിപ്പു് അതുല്യയെ ചിന്തിപ്പിച്ചു എന്നു മനസ്സിലാക്കുന്നതില്‍ സന്തോഷമുണ്ട്.
നിഷ്കളങ്കന്‍, പ്രിയ,വാല്‍മീകി നന്ദി.
രാജന്‍ വെങ്ങരയുടെ അനുഭവവും വല്ലാത്ത അമര്‍ഷത്തോടെയും നൊമ്പരത്തോടെയും ആണു വായിച്ചതു്. നമ്മുടെ നിസ്സഹായതയെ എങ്ങനെയാണു അതിജീവിക്കേണ്ടതു്?
ഗോപന്‍, ശിവകുമാര്‍, ഹാരിസ്, നജീം: നല്ല വാക്കുകള്‍ക്കു നന്ദി.

പ്രണയത്തിന്‍റെ ദിനത്തില്‍ ഇങ്ങനെ വെറുപ്പിന്‍റേയും കാലുഷ്യത്തിന്‍റേയും കുറിപ്പു് എഴുതേണ്ടിവന്നതില്‍ ദുഖമുണ്ടു്. വായിച്ചവര്‍ക്കെല്ലാം നന്ദി.

Anonymous said...

nalla vivaranam. santhacruzinum ghatcoperinum idayil haji ali ????

ഹരിത് said...

കഥയില്‍ ചോദ്യമില്ല അനോണീ

absolute_void(); said...

ഒരു വര്‍ഷത്തില്‍​ താഴെ മാത്രമേ ഞാന്‍ ബോംബെയില്‍​ ജോലി നോക്കിയിട്ടുള്ളൂ. കഴിഞ്ഞ നവംബറില്‍ അവിടം വിട്ടു. പക്ഷെ കഴിയുന്നില്ല. ജീവിതത്തില്‍ എന്തെങ്കിലും മിസ് ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാല്‍ അതു് ബോംബെയാണു്. മേയ് - ജൂണില്‍ അവിടേക്കു് തന്നെ തിരിച്ചെത്തും. മറ്റൊരു മാധ്യമസ്ഥാപനത്തിലേക്കു്. മറ്റൊരു താമസസ്ഥലത്തേയ്ക്കു്.

വല്ലാതെ തിരിച്ചുവിളിക്കുന്ന നഗരമാണിതു്. അതിന്റെ എല്ലാ കുഴപ്പങ്ങളോടുകൂടിയും എനിക്കിഷ്ടമാണാനഗരത്തെ. ചെന്നൈയില്‍​ ചെല്ലുന്ന മലയാളികള്‍ക്കും തെലുങ്കന്മാര്‍ക്കും തമിഴ് സംസാരിക്കാമെങ്കില്‍ ബോംബെയിലെത്തുന്നവര്‍ മറാഠി കേട്ടാല്‍ തിരിച്ചറിയാനെങ്കിലും ശ്രമിക്കണം എന്നു് ചാരു നിവേദിത എഴുതിയിരിക്കുന്നു. രാജ് താക്കറേമാര്‍ ഉണ്ടാകുന്നതിനു് കാരണം വ്യക്തമല്ലേ?

തീവണ്ടിയില്‍ ജീവിക്കുന്ന മറ്റൊരു നഗരവും കാണില്ല, ഇന്ത്യയില്‍. ഇവിടെ പൊട്ടിപ്പുറപ്പെടുന്ന അസ്വാസ്ഥ്യങ്ങളും അസ്വാരസ്യങ്ങളും പെട്ടെന്നൊടുങ്ങുന്നു. മുയല്‍ക്കൂട്ടില്‍ നിന്നു് ഇണകളിലൊന്നിനെ പാചകം ചെയ്യാനായി പിടിക്കുമ്പോള്‍ മുയല്‍ക്കൂട്ടം പരുമ്മുംപോലെ ഒരു നിമിഷത്തേക്കു് ഇവിടെ എല്ലാം സ്തംഭിക്കുന്നു. അടുത്ത നിമിഷം ജീവിതത്തിന്റെ ആഘോഷം പുനരാരംഭിക്കുന്നു. തൊട്ടുമുമ്പു് ഒരു ജീവിതം പൊലിഞ്ഞതറിയാതെ!

ഓരോ ഇഞ്ചിനും ശ്വാസംമുട്ടുന്ന നഗരത്തില്‍ കലാപങ്ങള്‍ പ്രകൃതിയുടെ നിര്‍ദ്ധാരണമാര്‍ഗ്ഗങ്ങളാണു്. അതില്‍ പെട്ടു് നാളെ ഞാനോ നിങ്ങളോ മരിച്ചുവീഴാം. നമ്മുടെ ചോരയ്ക്കു് മുകളിലൂടെ ഒരു നഗരം ജീവിക്കുകയാണു്. അതിജീവനത്തിന്റെ കൊടിയുമായി.