Tuesday, July 1, 2008

സ്നേഹിതനേ.... സ്നേഹിതനേ

സ്നേഹിതര്‍ ഡോക്ടേഴ്സായാലും ഡോക്ടേഴ്സ് സ്നേഹിതരായാലും ഫലം ഒന്നു തന്നെ. അവര്‍ സ്നേഹം പ്രകടിപ്പിയ്ക്കുന്നതു ചികിത്സയിലൂടെയാണു. അത്തരം സ്നേഹത്തിന്‍റെ പാര്‍ശ്വഫലത്തിനിരയായി ഞാന്‍ കഴിഞ്ഞ
അഞ്ചു ദിവസങ്ങളായി നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയില്‍ അഡ്മിറ്റഡാണു. ഒരു സ്നേഹിതന്‍ വഴി മെഡിക്കല്‍ സൂപ്രണ്ടിനെ പരിചയമുള്ളതുകൊണ്ട് പ്രൈവറ്റ് വാര്‍ഡെന്ന പേരില്‍ അറിയപ്പെടുന്ന അറപ്പുളവാക്കുന്ന ആ മുറി മാറ്റി, വീ ഐ പി മുറി തന്നെ അലോട്ട് ചെയ്തു കിട്ടി. രോഗിയായിട്ടാണെങ്കിലും വീ ഐ പി ആവുന്നതു ഒരു സുഖമുള്ള ഏര്‍പ്പാടാണു.

ആശുപത്രി വാസം കാരണം ബ്ലോഗു വായനയും കമന്‍റെഴുത്തും കുറവ്. ഗൂഗിള്‍ റീഡറില്‍ വായിക്കാത്ത പോസ്റ്റുകള്‍ കുമിയുന്നു. പുസ്തകവായന ഉണ്ട്. മാധവിക്കുട്ടിയുടെ ‘മനോമി’ വീണ്ടും വായിച്ചു. കാക്കനാടന്‍റെ
‘ഒറോത’യും കഴിയാറായി. പുനര്‍വായനയില്‍ കൂടുതല്‍ ഇഷ്ടം തോന്നിയ കൃതികള്‍ കുറവു്. ആ തോന്നല്‍ മാറ്റാന്‍ ഈ പുസ്തകങ്ങള്‍ക്കും കഴിഞ്ഞില്ല. യാത്രയില്‍ തടിയന്‍ പുസ്തകങ്ങള്‍ കരുതാറില്ല. ലാപ്റ്റോപ്പിലിട്ടു കാണാമെന്നു കരുതി കുറച്ചു സീ ഡികളും എടുത്തിരുന്നു.
നിഴല്‍ക്കുത്ത്, നാടോടിക്കാറ്റ്, ഒരേകടല്‍,ഗുരു, സര്‍ക്കാര്‍, തകരച്ചെണ്ട, ശിങ്കാരവേലന്‍, മൈക്കല്‍ മദനകാമരാജന്‍. ഒന്നും കാണണമെന്നു തോന്നിയില്ല. ഇന്‍വെസ്റ്റിഗേഷനും മരുന്നുകള്‍ക്കുമിടയില്‍, ഏ ആര്‍ റഹമാനും, കുമാര്‍ ഗന്ധര്‍വും ആണു ഇപ്പോഴത്തെ ഹരം.

വീട്ടുകാരെയും ബന്ധുക്കളെയും ഒന്നും അറിയിച്ചില്ല. ഒന്നു രണ്ട് അടുത്ത സ്നേഹിതരോട് വിവരം പറഞ്ഞു. അതിലൊരാള്‍ 30 കൊല്ലത്തോളമായി ആത്മാര്‍ത്ഥ സുഹൃത്താണു. ഹോസ്പിറ്റലില്‍ ആയെന്നറിഞ്ഞാല്‍ അവന്‍
ഓടി വരും. മുഴുവന്‍ സമയവും കൂടെയുണ്ടാകും. ഡോക്ട്ടേഴ്സിന്‍റെ ഗൂഡ്ഡാലോചനയുടെ ഫലമായി ഇടയ്ക്കിടെ വാങ്ങിക്കേണ്ട മരുന്നുകള്‍, ഐ വീ ഫ്ലൂയിഡ് ഒക്കെ വാങ്ങിത്തരും. ടെസ്റ്റുകള്‍ക്കു പോകുമ്പോള്‍ സ്നേഹിതന്‍
മോറല്‍ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് കൂടെയുണ്ടാവും.
വെറുതേ ഓരോരോ മോഹങ്ങള്‍!.
നാലു കൊല്ലങ്ങള്‍ക്കു മുന്‍പു ഹോസ്പിറ്റലൈസ് ആയപ്പോള്‍ പാലക്കാട്ടുനിന്നും പറന്നെത്തിയ മറ്റൊരു സ്നേഹിതന്‍ കണ്ടിഷന്‍
ചെയ്യിപ്പിച്ചെടുത്ത വേണ്ടാത്ത ശീലങ്ങള്‍!

ഇവിടെയുള്ള ഈ സ്നേഹിതന്‍, പണ്ട് അവശനായി ലിവറും , ഈസോഫാഗ്ഗസ് വെയിന്‍സും ഒക്കെ പൊട്ടാറായി തിരുവനന്തപുരത്തു ആശുപത്രിയില്‍ കിടപ്പായപ്പോള്‍, രണ്ടുപ്രാവശ്യം ഡെല്‍ഹിയില്‍ നിന്നും ഞാന്‍ ഓടി പിടിച്ചു അവിടെച്ചെന്നു കൂട്ടിരുന്നതിനുള്ള ഒരു പ്രത്യുപകാര കാംക്ഷ മനസ്സിലെ ഏതോ കോണില്‍ ഒളിച്ചു വച്ചിരുന്നത് എന്‍റെ തെറ്റ്.

മൂന്നാം ദിവസം സ്നേഹിതന്‍ സന്ദര്‍ശകനായി എത്തിയപ്പോള്‍ വിഷമം തോന്നി. പകല്‍ സമയത്തുതന്നെ നല്ലവണ്ണം മദ്യപിച്ചിരിയ്ക്കുന്നു. വേച്ചു വേച്ചു മുറിയില്‍ വന്നു. സോഫാസെറ്റില്‍ പൊടിതൂത്തു മാറ്റാന്‍ തുടങ്ങി. പിന്നെ ഇരുന്നു. രണ്ടു മിനിട്ട് കഴിയുമ്പോള്‍ വീണ്ടും എണീയ്ക്കും , പിന്നെയും ഇല്ലാത്ത സാങ്കല്‍പ്പിക പൊടി തുടയ്ക്കും, പിന്നെയും ഇരിയ്ക്കും. ഇതിങ്ങനെ തുടര്‍ന്നു കൊണ്ടേയിരുന്നു.നേരത്തേ വന്നു കാണാന്‍ പറ്റാതിരിയ്ക്കാനുള്ള കാരണങ്ങള്‍ പറഞ്ഞു:

എം ബീ ബീ എസ്സ് എന്റ്രന്‍സിനു പഠിയ്ക്കുന്ന മകനു ഉച്ചയ്ക്കു പറോട്ടയും ബീഫ് ഫ്രൈയും വാങ്ങിക്കൊടുക്കണം; ഒരു തമിഴന്‍ ഓഫീസറുമായുള്ള അപ്പോയിന്മെന്‍റ് നാലാമത്തെ പ്രാവശ്യവും മാറ്റിവയ്ച്ചാല്‍ ആയാള്‍ എന്തു കരുതും ?; ആശുപത്രി വളപ്പില്‍ കാര്‍ പാര്‍ക്കു ചെയ്യാനുള്ള പ്രയാസങ്ങള്‍!; നാട്ടില്‍നിന്നും ഭാര്യ എത്തുന്നതിനു മുന്‍പു തിരക്കിട്ടു നടത്തേണ്ട ഹൌസ്കീപ്പിങ്; ബോസിന്‍റെ മകളുടെ സെപ്റ്റംബറിലുള്ള കല്യാണത്തിനു ഒരു സര്‍പ്രൈസ് ഗിഫ്റ്റായി കൊടുക്കേണ്ട ഇന്‍വിറ്റേഷന്‍ കാര്‍ഡിന്‍റെ മ്യൂറല്‍ പെയിന്‍റിങ് ഡിസൈനിങ്.

ഹൈദ്രാബാദിലും, മസ്കറ്റിലും,പാലക്കാട്ടും, തിരുവനന്തപുരത്തും ഉള്ള ഞങ്ങളുടെ ഉറ്റ സ്നേഹിതന്മാരെ ഇവന്‍ ഞാന്‍ അഡ്മിറ്റായ ദിവസം തന്നെ ഫോണില്‍ പ്രത്യേകം പ്രത്യേകം വിളിച്ചു ഈ കാരണങ്ങളൊക്കെ അറിയിച്ചിരുന്നു. അവനിതെല്ലാം ഇന്‍ കൊഹെറന്‍റായി പറഞ്ഞപ്പോള്‍ എന്‍റെ സ്നേഹിതന്മാര്‍ക്കു അത്ഭുതം തോന്നിയിരുന്നില്ല.

“ ഹരിത്തേ, നീ ചുമ്മാ പ്രതീക്ഷിക്കരുതു്. അവനൊരു രോഗിയാണെന്നു കരുതണം. നിന്നെക്കാള്‍ അവനിപ്പോഴിഷ്ടം മദ്യത്തെയാണു. ഒറ്റയ്ക്കു കിട്ടുമ്പോള്‍, അവന്‍റെ ഈ തരികിടകളൊക്കെ നമുക്കു മനസ്സിലാവും എന്നു
പറഞ്ഞേയ്ക്കൂ. എന്താണു ഉദ്ദേശമെന്നു ചോദിച്ചു നോക്ക്. റ്റ്രൈ റ്റു ഹെല്‍പ്പ് ഹിം എഗൈന്‍” പാലക്കാട്ടുകാരന്‍ സ്നേഹിതന്‍.

“ അവനെ അവന്‍റെ പാട്ടിനു പോവാമ്പറയെടേ, അവനില്ലാതെ കാര്യങ്ങള്‍ നടക്കൂല്ലേ” തിരുവനന്തപുരം സ്നേഹിതന്‍.
ഇങ്ങോട്ടു വരാന്‍ തുനിഞ്ഞ സ്നേഹിതന്മാരെ നിര്‍ബന്ധപൂര്‍വ്വം തടഞ്ഞു.

സ്നേഹിതന്‍ എനിയ്ക്കു വേണ്ടി കുറെ പറോട്ട , ബീഫ് ഫ്രൈ, അച്ചപ്പം, നേന്ത്രപ്പഴം, മിക്ചര്‍, കപ്പലണ്ടി മുട്ടായി, എന്നിങ്ങനെ മലയാളിക്കടയില്‍ കിട്ടുന്ന ജങ് ഫുഡ് മുഴുവനും കൊണ്ടു വന്നിട്ടുണ്ട്.
“ എനിയ്ക്കിതൊന്നും കഴിയ്ക്കാന്‍ പാടില്ലല്ലോടാ,ഫാസ്റ്റിങ് ഷുഗര്‍ 436 ആയിരുന്നു.”

മദ്യലഹരിയില്‍ സ്നേഹിതന്‍ സോഫയില്‍ ഇരുന്നു ഉറങ്ങാന്‍ തുടങ്ങി. ചെറിയ രീതിയില്‍ കൂര്‍ക്കം വലിയും തുടങ്ങി. ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം പുസ്തകമെന്ന ആഗോളപ്രശ്നത്തില്‍ ഇന്നു ഏതു ജില്ലയാണ്
ഹര്‍ത്താലാഘോഷിയ്ക്കുന്നതെന്നറിയാന്‍ ഉള്ള ജിജ്ഞാസ കാരണം ഞാന്‍ റ്റി വി ഓണ്‍ ചെയ്തു. ശബ്ദം കേട്ടു സ്നേഹിതന്‍ ഞെട്ടി ഉണര്‍ന്നു.
“ രാത്രി ഞാന്‍ ഇവിടെ കിടക്കേണ്ട കാര്യമൊന്നുമില്ലല്ലോ”
പിറുപിറുക്കുന്നതു പോലെ അവന്‍ പുലമ്പി. വീണ്ടും മയക്കത്തിലോട്ടു മടങ്ങി. അള്‍റ്റ്രാ സൌണ്ട് റിപ്പോര്‍ട്ടും, റ്റി എം റ്റിയ്ക്കുള്ള കണ്‍സള്‍ട്ടേഷന്‍ പേപ്പറുമായി മുറിയിലെത്തിയ റെസിഡന്‍റ് ഡോക്റ്റര്‍, സ്നേഹിതന്‍റെ വാതുറന്നുള്ള ഉറക്കം കണ്ട് ആംഗ്യഭാഷയില്‍ എന്താ സംഭവം എന്നു ചോദിച്ചു. ഏതോ സിനിമയിലെ മോഹന്‍ ലാലിനെ അനുകരിച്ച് കണ്ണുകളിറുക്കി ഞാന്‍ പറഞ്ഞു,“ചുമ്മാ”

അഞ്ചു മണിവരെ ഈ മയക്കം സ്നേഹിതന്‍ തുടര്‍ന്നു. എനിയ്ക്കു സഹതാപവും വെറുപ്പും ദേഷ്യവും ഒക്കെക്കൂടി കൂട്ടിക്കുഴഞ്ഞു സ്റ്റ്രെസ്സ് ഫീലു ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇടയ്ക്കു മയക്കം തെളിഞ്ഞു ചോദിച്ചു,
‘രാത്രി കഞ്ഞി കൊണ്ടു വരണോ?”
മറുപടി കേള്‍ക്കുന്നതിനു മുന്‍പുതന്നെ വീണ്ടും മയക്കത്തിലോട്ട് മറിഞ്ഞു. സ്നേഹിതന്‍റെ മകന്‍റെ ഫോണ്‍ അഞ്ചര മണിയ്ക്കു വന്നു. ഉണര്‍ന്നു സ്നേഹിതന്‍.
‘ മോനു വെശക്കുന്നെന്നു’.
തണുത്തു മരവിച്ച പറോട്ടയും , ബീഫ് ഫ്രൈയും, മറ്റു പലഹാരങ്ങളുമായി പുത്രസ്നേഹത്തിന്‍റെ ഹാങ്ങോവറില്‍, മെടിക്കല്‍ എന്‍റ്റ്രന്‍സിനു പഠിയ്ക്കുന്ന മോനുള്ള ലഞ്ചുമായി സ്നേഹിതന്‍ യാത്രപറഞ്ഞു

‘ എടേയ് എന്താവശ്യമുണ്ടെങ്കില്‍ പറയണം, കേട്ടോ’.

ഇന്നു, ആശുപത്രിവാസത്തിന്‍റെ ആറാം നാള്‍, സ്നേഹിതന്‍റെ വരവും പ്രതീക്ഷിച്ചു, ഒരു വീ ഐ പി രോഗിയെന്ന നാട്യത്തില്‍ ഞാന്‍.....

ആരാണെന്നു പോലും അറിയാതെ, എന്നെ സ്നേഹിയ്ക്കുന്നു എന്നു ഞാന്‍ കരുതുന്ന ബൂലോകത്തെ കുറച്ചു സ്നേഹിതര്‍ക്കു വേണ്ടി ഈ വരികള്‍ ഇവിടെ കുറിയ്ക്കട്ടെ!

സ്നേഹത്തോടെ,
ഹരിത്

19 comments:

Siju | സിജു said...

എത്രയും വേഗം വിഐപി അല്ലാതാകട്ടെ..

ഹരിത് said...

നന്ദി സിജു :)

പാമരന്‍ said...

ഹരിത്തേ, ഇതെന്തുപറ്റി?

എവിടെയാണ്‌? ഏതാശുപത്രിയില്‍?
ഈ കമന്‍റിലൂടെ എന്‍റെ സാമീപ്യം അങ്ങോട്ടയയ്ക്കുന്നു. ഗെറ്റ്‌ വെല്‍ സൂണ്‍..

എന്തേ ആരേയും അറിയിക്കാതിരുന്നത്‌? ഒറ്റപ്പെടല്‍ സ്വയം സ്വീകരിക്കുന്നതാണോ?

കണ്ണൂസ്‌ said...

ഫാസ്റ്റീംഗ് ഷുഗര്‍ 436?

മാഷേ കാര്യമായ എന്തോ പ്രശ്നം ഉണ്ടല്ലോ? എന്തായാലും വളരെ വേഗം സുഖം പ്രാപിക്കട്ടേ എന്നു പ്രാര്‍ത്ഥന.

തറവാടി said...

എത്രയും വേഗം സുഖം പ്രാപിക്കട്ടെ

തറവാടി/വല്യമ്മായി

RR said...

get well soon!

ശ്രീലാല്‍ said...

വേഗം സുഖമാവട്ടെ.

Santhosh said...

സത്യം? അതോ ഭാവനയോ?
എത്രയും വേഗം ആശുപത്രി വിടൂ.

ഹരിത് said...

പാമു: ഡയബറ്റിക്സുമായി ബന്ധപ്പെട്ട ചില്ലറ പ്രശ്നങ്ങള്‍. വലിയ സീരിയസ് ഒന്നും അല്ല പാമു. ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം ആശുപത്രി വിടും. ഒറ്റപ്പെടല്‍ ഒന്നും അല്ല. കൊച്ചു കൊച്ചു കാര്യങ്ങള്‍ക്കു കഴിയുന്നതും ആരെയും ഉപദ്രവിയ്ക്കാതിരിയ്ക്കാനാണു ശ്രമം.സുഹൃത്തുക്കള്‍ ധാരാളമുണ്ട് ഡല്‍ഹിയില്‍ സഹായത്തിനു. നന്ദി.

കണ്ണൂസ്: ഫാസ്റ്റിങ് ഷുഗര്‍ ഇപ്പോള്‍ റെഡിയായി 140-190. ഒന്നു രണ്ട് ദിവസങ്ങള്‍ക്കകം 100ല്‍ താഴെയാകും.നന്ദി.
തറവാടി/വലിയമ്മായി,ആര്‍ ആര്‍,ശ്രീലാല്‍: സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി.

സന്തോഷ്: ഭാവനയും കാവ്യാമാധവനും ഒന്നും അല്ല സന്തോഷേ.:) രണ്ടു ദിവസങ്ങള്‍ക്കകം ആശുപത്രി വിടാനാകുമെന്നാണു പ്രതീക്ഷ. നന്ദി.

ആരും എന്‍റെ രോഗിയായ സ്നേഹിതനെക്കുറിച്ചൊന്നും പറഞ്ഞു കണ്ടില്ല.:( നമുക്കവനേയും രക്ഷിക്കണ്ടേ?

ഗീത said...

എത്രയും വേഗം സുഖം പ്രാപിച്ചു വരൂ.

പിന്നെ ആ സ്നേഹിതനെ കുറിച്ച് : എത്ര മദ്യപിച്ചിരുന്നാലും, സ്വന്തം മകന്റെ കാര്യം മറക്കുന്നില്ലല്ലോ. അതു മതിയായിരിക്കാം അദ്ദേഹത്തിന്റെ കുടുംബത്തിന്. വീട്ടുകാര്‍ മനസ്സു വയ്ക്കുന്നില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ക്ക് എന്തു ചെയ്യാന്‍ പറ്റും.

ദിലീപ് വിശ്വനാഥ് said...

പാരകള്‍ സ്നേഹിതരൂപത്തിലും.. പക്ഷെ സ്നേഹമില്ലെന്ന് പറയാനാവില്ല അല്ലേ?

എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

siva // ശിവ said...

ഞാനും ആശംസിക്കുന്നു എത്രയും വേഗം സുഖം കൈവരിക്കാന്‍...

സസ്നേഹം,

ശിവ

വേണു venu said...

ഹരിത്തേ, എങ്ങനെയോ ഇവിടെ എത്തപ്പെട്ടു. ഒരു പക്ഷേ ഞാന്‍ ഇന്നലെ എഴുതിയ, കഥയ്ക്കു് ആദ്യം വന്ന ഹരിത്തിന്‍റെ കമന്‍റും ഒരു നിമിത്തമായിരിക്കും.
ഹരീ,
ഇന്നലെ ഞാനിട്ട പോസ്റ്റു് തീയതി ശരിയല്ലാത്തതിനാല്‍ അതു ഫെബ്രുവരി 7 /2008 ആയാണു വന്നതു്. ഹരിത്തിന്‍റെ കമന്‍റു ഞാന്‍ സൂക്ഷിച്ചു വച്ചിട്ടു്, അതിനെ വൈകുന്നേരം ഡ്രാഫ്റ്റാക്കി. ഇന്നു തന്നെ അതിനെ നല്ല നാളും തീയതിയും നോക്കി പ്രസിദ്ധീകരിക്കും.
ഇനി കാര്യത്തിലേയ്ക്കു്.
400 നു മുകളില്‍ ഷുഗര്‍. അങ്ങനെയുള്ള അവസ്ഥയില്‍, അഡ്മിറ്റായിരുന്നപ്പോള്‍ .....ഒന്നും ഇഷ്ടപ്പെടാനൊക്കാത്ത ആശുപത്രിയന്തരീക്ഷത്തില്‍ പെട്ടെന്നു വന്ന എന്‍റെ പോസ്റ്റിനൊരു കുറിമാനം എഴുതാനൊരു മനസ്സു വരുക. എന്‍റെ ആ പോസ്റ്റു് ധന്യമാകുന്നു. ഹരിത്തിന്‍റെ അസുഖം എത്രയും വേഗം സുഖമാകുമെന്നും അതിനായി ഞാന്‍ ആ പോസ്റ്റു സമര്‍പ്പിച്ചു കൊണ്ടും പോസ്റ്റു ബട്ടണില്‍ തീയതി ശരി ആക്കിയതിനു ശേഷം വീണ്ടും ഉടനെ തന്നെ ഞെക്കും.
പിന്നെ ആ സുഹൃത്തിനെ പഴി ചാരണ്ടാ. അതു ജീവിതമാണു്.
അനുഭവങ്ങളങ്ങനെ ഒക്കെ വലിയ വായില്‍ പറയുന്നു. ഒരു പക്ഷേ സുഹൃത്തു് കിടക്കയിലായിരുന്നെങ്കിലും സംഭവിക്കാവുന്നതു്.
That is the rhytham of life. yes.Spirit....
രോഗ വിമുക്തനാകൂ. ഷുഗറിനെ നേരിടാനൊക്കെ ചെല എളുപ്പ വഴികളുണ്ട്‌. അറിയാവുന്നതു്, ഞാനതു് ഒരു പോസ്റ്റാക്കിയിടാം.
ഓ.ടോ. മധുരിക്കും ഓര്‍മ്മകളേ...... ആ പാട്ടൊക്കെ ഷുഗറൊക്കെയുള്ളവര്‍ക്കു് കേള്‍ക്കുമ്പോള്‍ .....:)
എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
എന്‍റെ പ്രാര്ത്ഥനകള്‍.!

Unknown said...

എത്രയും പെട്ടെന്ന് അസുഖമൊക്കെ മാറി
നല്ല ചുണകുട്ടനായി വരാന്‍ പ്രാത്ഥിക്കുന്നു.

ഹരിത് said...

ഗീത: വളരെ നന്ദി. സ്നേഹിതനൂ മകനും എന്‍റ്രന്‍സും ഒരു ഒബ്സഷനായി മാറിയിരിയ്ക്കുന്നു. ചെക്കനുള്ള ഉച്ച ഭക്ഷണം വൈകുന്നേരം അഞ്ചരയ്ക്കാണു കൊണ്ടു കൊടുക്കാന്‍ പോകുന്നതു!ഇങ്ങനെ മകന്‍റെ കാര്യം പോലുക് മദ്യം കുഴപ്പത്തില്‍ കൊണ്ടെത്തിയ്യ്ക്കുന്നു. വീട്ടുകാരെ കുറ്റം പറയാനുംവയ്യ.. അവരെ വിറ്റ കാശു പോക്കറ്റിലിട്ടു നടക്കുകയാണു ഈ കുറുക്കന്‍.

വാല്‍മീകീ ജീ: നന്ദി. സ്നേഹിതന്‍ പാരയല്ല. മദ്യാസക്തി അവന്‍റെ പ്രയോറൊറ്റീസ് മുഴൂവനും തകിടം മറിച്ചു കളഞ്ഞു എന്നേയുള്ളൂ.

ശിവ, അനൂപ്: പ്രാ‍ാര്‍ത്ഥനകള്‍ക്കും ആശംസകാള്‍ക്കും വളരെ നന്ദി..

വേണു: മനസ്സിലിള്ളതു കമന്‍റിനു മറുപടിയായി എഴുതി നശിപ്പിയ്ക്കുന്നില്ല വേണൂ. ത്രെഡ് മില്‍ റ്റെസ്റ്റ് കഴിഞ്ഞപ്പോള്‍ സ്നേഹിതന്‍ കൂടെയായ ഡോക്ടര്‍ തമാശമട്ടില്‍ പറഞ്ഞു,
“ യൂ ഹാവ് അ ഗ്രൈറ്റ് ഹാര്‍ട്ട്”. ഇന്നു വീണ്ടും കാണുമ്പോള്‍ ഞാന്‍ ഡോക്ടറോട് സീരിയസായിത്തന്നെ പറയുന്നുണ്ട്
“ ഐ ഹാവ് മെറ്റ് അനദര്‍ പേഴ്സന്‍ വിത്ത് അ ഗ്രേറ്റര്‍ ഹാര്‍ട്ട്. ഹീ ലെഫ്റ്റ് എ വെരി റ്റച്ചിങ് കമന്‍റ് ഓണ്‍ മൈ ബ്ലോഗ്”

Kichu $ Chinnu | കിച്ചു $ ചിന്നു said...

രോഗവിമുക്തനാവാന്‍ ആശംസകള്‍.. :)
get well soon

പാമരന്‍ said...

engngane undu ippol?

ഹരിത് said...

നന്ദി കിച്ചു ചിന്നു.
പാമൂ, ഇന്നു ഹോസ്പിറ്റലില്‍ നിന്നും ഡിസ്ച്ചാര്‍ജ് ആയി. വളരെ നല്ല ഇമ്പ്രൂവ്മെന്‍റ് ഉണ്ട്. things are much better.
thanks for coming again.

ശ്രീ said...

മാഷേ... ഈ രണ്ടു പോസ്റ്റുകളും ഒരുമിച്ചാണ് വായിയ്ക്കാനൊത്തത്.

എത്രയും വേഗം പഴയതു പോലെ പൂര്‍ണ്ണ ആരോഗ്യവാനാകട്ടെ എന്ന് ആശംസിയ്ക്കുന്നു.