Sunday, July 13, 2008

ഒരറമ്പാതവും ഇല്ല!!

തിരുവനന്തപുരം ജില്ലയ്ക്കു വടക്കോട്ടുള്ളവര്‍ക്കു ഈ തലക്കെട്ടിന്‍റെ ഗുട്ടന്‍സ് പിടികിട്ടുമോ?

സാധ്യതയില്ല.

‘ഒരു നിവൃത്തിയും ഇല്ല’, ‘ഒരു രക്ഷയും ഇല്ല’, ‘ഒരു വഴിയും ഇല്ല’, ‘ഒരു നിശ്ചയവും ഇല്ല’ എന്നൊക്കെ പറഞ്ഞാല്‍ പോലും ഈ ‘അറമ്പാതം’ നല്‍കുന്ന ഇമ്പാക്ടിന്‍റെ ഏഴയലത്തു പോലും വരില്ല.

‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന സിനിമയില്‍ ( തിരുത്തിനു കടപ്പാട്: മൂര്‍ത്തി. നന്ദി) മോഹന്‍ലാല്‍, “ലേലു അല്ലി , ലേലു അല്ലി... എന്നെ അഴിച്ചുവിട്” എന്നു പറയുമ്പോള്‍ മുഖത്തു പ്രത്യക്ഷപ്പെടുന്ന ഭാവം ഓര്‍മ്മയുണ്ടോ?
ഒരറമ്പാതവും ഇല്ലാതെ നില്‍ക്കുന്നവന്‍റെ നിസ്സഹായതയുടെയും ഫ്രസ്റ്റ്രേഷന്‍റേയും അല്പമെങ്കിലും അടുത്തു വരും ആ അഭിനയം എന്നു വേണമെങ്കില്‍ പറയാം.

ബ്ലഡ്ഷുഗറ് കൂടിപ്പോയതിന്‍റെ സുഖചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയ എനിയ്ക്കു, ഇപ്പോള്‍ പഞ്ചാര കുറഞ്ഞുപോകുന്ന പ്രശ്നം. ചിലപ്പോള്‍ 48ഉം 55ഉം 65 ഒക്കെ ആവും . ഫാസ്റ്റിങില്‍ 70തില്‍ താഴെയായാല്‍ ഹൈപ്പോഗ്ലൈസീമിയാ എന്നു ഓമനപ്പേരുള്ള ‘ലവന്‍’വരും. കോമാ വന്നു തട്ടിപ്പോകാം. ചത്തുപോകാന്‍ എനിയ്ക്കു ഒട്ടും ഇഷ്ടമല്ലാത്തതുകൊണ്ട് ഇടയ്ക്കിടെ ഷുഗര്‍ ചെക്കു ചെയ്യും, പിന്നെ ആവശ്യാനുസരണം പഞ്ചാര, ആഹാരം, ഫലവര്‍ഗ്ഗങ്ങള്‍ ഇത്യാദി കഴിച്ചും ഇന്‍സുലിന്‍ അല്പസ്വല്പം കുറച്ചും ആഘോഷമായി ജീവിതം ആസ്വദിച്ചിരിയ്ക്കുകയായിരുന്നു.

രാത്രി ശാപ്പാടിനു മുന്‍പ് ഇന്‍സുലിന്‍ ഇന്‍ജെക്ക്ഷനൊക്കെ എടുത്തു ആഹാരത്തിനു മുന്നിലെത്തിയപ്പോഴാണു വൊമിറ്റിങോടുകൂടിയ ഡയേറിയ തുടങ്ങിയതു. അതും ആസ്വദിച്ചു ഒന്നരദിവസം. ഇടയ്ക്കിടെ കഞ്ഞിവെള്ളം കുടിച്ചും, പഞ്ചാരക്കുഞ്ചുവായും ഒരു പടക്കുറുപ്പിനെപ്പോലെ ഈ വക പീറ രോഗങ്ങള്‍ക്കെതിരായി പൊരുതി വിലസിയിരുന്ന്പ്പോഴാണു, ദാ വൈറല്‍ ഫീവര്‍ എന്ന ഭീകരന്‍. അവനാകട്ടെ നമ്മുടെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ‘നിവേദിതാ ഭീ കരനെക്കാള്‍’ വലിയ പീ ഹരന്‍. അവസാനം ഒരു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ വൈറന്‍ ഭീകരന്‍ നാണംകെട്ടു,അഫിഡവിറ്റിന്‍റെ രൂപത്തില്‍ നിരുപാധികം മാപ്പും പറഞ്ഞു പിന്മാറി.

ഇതെല്ലാം ഞാന്‍ പരമസുഖമായി ആസ്വദിച്ചു.പരിചയക്കാരെ ഒക്കെ ഫോണില്‍ വിളിച്ചു കിട്ടാവുന്ന സഹതാപമൊക്കെ സംഘടിപ്പിച്ചു അങ്ങനേയിരിയ്ക്കുമ്പോള്‍, വരുന്നു ചെസ്റ്റ് കഞ്ജഷന്‍! ആസ്തലിന്‍ എന്ന ഇന്‍ഹേലര്‍ സ്പ്രേ വലിച്ചുകയറ്റാന്‍ എന്തു സുഖമാണെന്നറിയാമോ?

അതും ഞാന്‍ സഹിച്ചു.

‘അമേരിയ്ക്കയെക്കുറിച്ചു ഒരക്ഷരം മിണ്ടിപ്പോകരുതു, എനിയ്ക്കതിഷ്ടമില്ല’ എന്നു ശ്രീനിവാസന്‍ സ്റ്റൈലില്‍ 1,2,3 ആയി പറഞ്ഞു നടന്നിട്ടിപ്പോള്‍, ഒരറമ്പാതവുമില്ലാതെ കലിപ്പുകളുമായി പ്രസ്കോണ്‍ഫ്രന്‍സിനിരിയ്ക്കുന്ന സഖാവു കാരാട്ടിന്‍റെ ഇഞ്ചി കടിച്ച മുഖഭാവമെങ്കിലും റ്റീ വിയില്‍ കണ്ട് സമാധാനിയ്ക്കാം എന്നു വച്ചു ന്യുസ് ചാനലായ ചാനലെല്ലാം മാറ്റി മാറ്റി നോക്കി.

പരമകാരുണികരായ ചാനല്‍ ആങ്കറുമാരെല്ലാം കഴിഞ്ഞ രണ്ടു ദിവസങ്ങളായി കണ്ടിന്വസ്സായി ഓരോരോ അരമണിയ്ക്കൂറിടവിട്ട് ആ പാവം ‘ആരുഷി തല്‍വാറിനെ’ ഹിന്ദിയിലും ഇംഗ്ലീഷിലും ആവേശത്തോടെ വീണ്ടും വീണ്ടും കൊന്നുകൊണ്ടേയിരിയ്ക്കുന്നു. :(

‘തന്തോഷം കൊണ്ടെനിയ്ക്കിരിയ്ക്കാന്‍ മേലേ!!!!’

“ഒരറമ്പാതവും ഇല്ലേ!”

വടക്കന്മാര്‍ക്കു ഞങ്ങടെ ‘അറമ്പാതത്തിന്‍റെ’ ഒരു ഏകദേശ അര്‍ത്ഥമെങ്കിലും ഊഹിയ്ക്കാന്‍ കഴിയണേ എന്‍റെ ആറ്റുകാലമ്മച്ചീ.

നാടോടിക്കാറ്റും, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്റ്റ്രീറ്റും സീ ഡിയിട്ടു വീണ്ടും കണ്ട് മനസ്സു ന്യൂറ്റ്രലൈസ് ചെയ്ത ഒരു ധൈര്യത്തിന്‍റെ പുറത്താണു ഈ പോസ്റ്റിടുന്നതു. ഇനി രാത്രി ഒന്‍പതരമുതല്‍ പതിനൊന്നു വരെ മലയാളം ചാനലുകളില്‍ വരുന്ന ന്യൂസ് എന്ന കോമഡിറ്റൈം കൂടി കണ്ട് കഴിയുമ്പോള്‍ കമ്പ്ലീറ്റിലി നോര്‍മല്‍ ആകും.

‘ലോകാ സമസ്താ സുഖിനോ ഭവന്തുഃ’

27 comments:

ഹരിത് said...

‘ലോകാ സമസ്താ സുഖിനോ ഭവന്തുഃ’

മൂര്‍ത്തി said...

തേന്മാവിന്‍ കൊമ്പത്ത് എന്നു തിരുത്തൂ..തൂവാനത്തുമ്പികള്‍ അല്ല..:)

ഗുപ്തന്‍ said...

കലിപ്പുകള് തന്നെ :)

ഈ ഡയബെറ്റസ് ശരിക്കും കുരുവാണല്ലേ :(

yousufpa said...

ദെന്തൂട്ടണ് എറമ്പാതം ആര്‍ക്കാണ്ടും വാതം പിടിച്ചപൊലെ.....
ന്തായാലും സംഗതി പിടി കിട്ടീട്ട ഗഡി.

ഹരിയണ്ണന്‍@Hariyannan said...

തന്നപ്പീ..
ഇപ്പം ടീവികള് വച്ചാ വവുതികളായിറ്റൊണ്ട്!
ഇതിനെക്ക എന്നടേ ചെല്ലാ ഒരറുമ്പാതം വരണത്?

പിന്ന ഹൈപ്പോഗ്ലൈസീമിയ വരൂന്നെങ്ങാനും സംശയം ഒണ്ടെങ്കി കയ്യിലൊരു ക്ല്ലൂക്കോസിന്റെ മൌത്സ്പ്രേ വച്ചേക്കണം!
പറ്റിയാ പോക്കറ്റിലൊരു കുറിപ്പും കരുതണം!
“ഞാനൊരു പഞ്ചാരക്കാരനാണ്;എന്നെ പരിതാപകരമായിക്കണ്ടാല്‍ അല്പം പഞ്ചാരതന്നേക്കുക്”എന്ന്!

വയറിളക്കത്തിന് കുറിപ്പൊന്നും വേണ്ട;ഒരു കുപ്പി ബിസ്ലേരിവെള്ളം കരുത്യാമതി!!
:)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

"എന്തരപ്പീ പറയണത്.ഇന്ന് ആകാശത്ത് കൂരാപ്പൂ‍ണ്ടല്ല് അപ്പീ”.
വെള്ളായണി വിജയന്‍

പാമരന്‍ said...

ഇതുവരെ ഓക്കേ ആയില്ലേ മാഷെ? നല്ല കഷ്ടപ്പാടിലാണെന്നു തോന്നുന്നല്ലോ... ഒന്നു മാറുമ്പോള്‍ ഒന്ന്‌? ഇപ്പഴും ദില്ലീലാ?

അറമ്പാതം വല്ലാത്തൊരു പാതകം തന്നെ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ലെവന്‍ മേടിയ്ക്കൂം

നന്ദു said...

ഹരിത് :)
അറമ്പാതമൊക്കെ വരും. ആർട്ട് ഓഫ് ലിവിങ്. പരീക്ഷിക്കൂ.. നല്ലതാത്രെ.

ഹരിത് said...

മൂര്‍ത്തി: തിരുത്തി. നന്ദി.

ഗുപ്തന്‍: ഡയബെറ്റിക്സെന്നു പറഞ്ഞു പേടിച്ചിരിക്കേണ്ട കാര്യമൊന്നും ഇല്ല ഗുപ്താ. ലൈഫ് സ്റ്റൈല്‍ നന്നാക്കിയാല്‍ ഒപ്പിച്ചു പോകാം. കുരുവാണെന്നു കരുതെണ്ട. അങ്ങനെയാണെങ്കില്‍ കാന്‍സര്‍ ബാധിച്ചവര്‍ , കിഡ്നി നഷ്ടപ്പെട്ടവര്‍, ഹൃദയരോഗമുള്ളവര്‍, എന്നിങ്ങനെയുള്ളവരെക്കുറിച്ചു ഓര്‍ത്തു നോക്കൂ.....:(

അത്ക്കന്‍: സംഗതികള് പിടികിട്ടിയല്ല്. അതു മതി. നന്ദി

ഹരിയണ്ണന്‍: നന്ദി ഹരിയണ്ണാ. ആവശ്യത്തിനു സുരക്ഷാ ഉപായങ്ങള്‍ ഒക്കെ നോക്കുന്നുണ്ട്.

വെള്ളായണി വിജയന്‍: ആദ്യമായി ഇവിടെ എത്തിയ വിജയന്‍ സാറിനു സ്വാഗതം. ഇനിയും വരുമല്ലോ?

ഓ. ടോ: വെള്ളായണി അര്‍ജുനന്‍റെ ബന്ധുവോ മറ്റോ ആണോ? പണ്ടങ്ങേരെഴുതിയ ഒരു പുസ്തകം പഠിക്കാനുണ്ടായിരുന്നൂ. അതായിരുന്നു ഒര്‍ജിനല്‍ പീഡനം!

പാമു: ഇപ്പോ ഡബിള്‍ ഓക്കേ. സമയം അല്പം മോശം ആണെന്നു സന്തോഷ് മാധവന്‍ സാമി പറഞ്ഞിരുന്നു. അങ്ങേര്‍ക്കു ജാമ്യം കിട്ടിയിട്ടു വേണം ഒരു ഏലസ്സ് ജപിച്ചു കെട്ടാന്‍. അതുവരെ ആറ്റുകാല്‍ രാധാകൃഷണനെക്കൊണ്ട് ഒരുവിധം ഒപ്പിയ്ക്കാം. ഇപ്പോള്‍ ഡല്‍ഹിയില്‍‍ തന്നെ. മമ്മൂട്ടി സാര്‍ പറഞ്ഞതു പോലെ,
‘ ഉപജാപങ്ങളുടെ സിരാകേന്ദ്രമായ ഡെല്‍ഹി‘യില്‍.

പ്രിയ ഉണ്ണികൃഷ്ണന്‍: ഇതെന്നോടു പറഞ്ഞതാണോ അതോ ഉണ്ണിക്കിഷാണ്ണന്‍റടുത്തു പറഞ്ഞതോ? രണ്ടായാലും സന്തോഷം.

കാപ്പിലാന്‍: കാപ്പിലാനന്ദ സ്വാമികള്‍ മൌന വ്രതം ഭഞ്ജിച്ചല്ലോ!!! ഇംഗ്ലീഷിലായാലെന്ത്!വീണ്ടുമ്ം സ്വാഗതം. നാട്ടില്‍ പോയി കണ്ട കള്ളുഷാപ്പൊക്കെ നെരങ്ങി നടന്നിട്ട്, ഇപ്പൊ അമേരിയ്ക്കന്‍ ഇങ്ഗ്ലീഷു പറഞ്ഞു വെരട്ടുന്നൊ?? ങൂം ..അതിനു വേറേ ആളു നോക്കണം!!!:)

നന്ദു: നന്ദി നന്ദു. ഞാന്‍ യോഗ കുറേക്കാലമായി ചെയ്യുന്നുണ്ട്, പക്ഷേ റെഗുലറായിട്ടു നടക്കാറില്ല. ആര്‍ട്ട് ഒഫ് ലിവിങ് ബുധിമുട്ടായിരിയ്ക്കും. വേറോന്നുമല്ല. എനിയ്ക്കാ ശ്രീ ശ്രീ‍യെ , എന്തോ മനസ്സിനു പിടിയ്ക്കുന്നില്ല. ഒരു അവലക്ഷണം പോലെ. തികച്ചും പേഴ്സണലാണു. നോ ഒഫന്സ് ഇന്‍റെന്‍ററ്റ്.
നന്ദു വളരെ നന്ദി.

അങ്കിള്‍ said...

അപ്പോള്‍ ഹരിത്-ം പഞ്ചാര പ്രീയനാണല്ലേ. ലോകത്തിലെ എന്തസുഖവും അടുത്തുകൂടെ പോയാല്‍മതി നമ്മളെക്കൂടെ ഒന്നു സ്നേഹിച്ചിട്ടേ അവറ്റകള്‍ പോകൂ. ഇതാ സൂക്കേടിന്റെ പ്രത്യേകതയാണ്‍ ഹരി:തേ. ഹരിയണ്ണന്‍ പറഞ്ഞ ആ മൌത്സ്പ്രേ നമ്മുടെ നാട്ടില്‍ കിട്ടിത്തുടങ്ങിയോ എന്തോ.

കുഞ്ഞന്‍ said...

ഏത്രയും പെട്ടെന്ന് രോഗവിമുക്തനാകട്ടെ..!

വേറൊരു ഗുണമുണ്ടായില്ലെ..രണ്ടു സിനിമ വൃത്തിക്ക് കാണാന്‍ പറ്റിയില്ലെ..

ഇപ്പോഴും വഞ്ചി തിരുനക്കരെ തന്നെ..എന്താണ് ഒരറമ്പാത...ഏത് ബാധയാണ്..?

മലമൂട്ടില്‍ മത്തായി said...

അങ്ങിനെ ഒരു തിരോന്തരം വാക്കിന്റെ കൂടി അര്ത്ഥം പിടികിട്ടി. ഈ വാക്ക് ഒരു സിനിമയില്‍ ജഗതി ഉപയോഗിച്ചു കേട്ടിട്ടുണ്ട്, ഇപ്പോഴാണ്‌ പ്രയോഗം മനസ്സിലായത്. പ്രമേഹം നല്ല ശ്രദ്ധ അര്‍ഹിക്കുന്ന ക്ഷിപ്ര കോപിയായ ഒരു കൂട്ടുകാരനെ പോലെ ആനന്നെനാണ് ഇതുള്ള ഒരു കസിന്‍ എന്നോട് പറഞ്ഞിട്ടുള്ളത്. എന്തായാലും ക്ഷേമം ആശംസിക്കുന്നു.

Unknown said...

entherannnaaa
sukhagalu thannnee?
sugarinu oru arumpathaum elleee annnaaa
take care

നന്ദു said...

ശരിയാണ് ഹരിത്, താങ്കളുടെ മാനസികാവസ്ഥ തന്നെയായിരുന്നു കുറേ നാൾ മുൻപു വരെ എനിക്കും. ഒടൂവിൽ കൂടുതൽ അറിഞ്ഞപ്പോൾ ആ ധാരണകളൊക്കെ മാറി. ചില കാര്യങ്ങൾ അങ്ങിനെയാ‍ണ് അടുത്തറിയുമ്പോൾ നമ്മുടേ ഉള്ളിലുള്ള വെറൂപ്പ് കുറയും. വ്യക്തികളെയും അങ്ങിനെയാണ്. ദൂരെ നിന്ന് കാണുമ്പോൾ “ഹോ ... അവനെന്തൊരു ജാഡ..“ എന്നൊക്കെ മനസ്സിൽ തോന്നും. പക്ഷെ അടുത്ത് കഴിഞ്ഞാൽ ഒരു പക്ഷെ മനസ്സിലയാളെ കുറിച്ച് നമ്മൾ കരുതിയതൊക്കെ തെറ്റാണേന്നു തോന്നും. ഇതുമൊരുപക്ഷെ അങ്ങിനെ മാറിക്കൂടെന്നില്ല.
ഡൽഹിയിലും 1, 2, തിരുവനന്തപുരത്ത് മരുതങ്കുഴിയിലും കഴിയുമെങ്കിൽ സന്ദർശിക്കൂ. ഇഷ്ടമല്ലെങ്കിൽ ആ വ്യക്തിയെ നോക്കണ്ട. അദ്ദേഹത്തിന്റെ സിസ്റ്റം നോക്കിയാൽ മതി. യോഗയും ആർട്ട് ഓഫ് ലിവിങിന്റെ ചര്യകളും തമ്മിൽ വ്യത്യാസമുണ്ട്.

Unknown said...

ദാ വൈറല്‍ ഫീവര്‍ എന്ന ഭീകരന്‍. അവനാകട്ടെ നമ്മുടെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ‘നിവേദിതാ ഭീ കരനെക്കാള്‍’ വലിയ പീ ഹരന്‍. അവസാനം ഒരു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ വൈറന്‍ ഭീകരന്‍
ഈ നിവേദിത അത്ര ഭീകരയാണോ
നല്ല രസികന്‍ എഴുത്ത് ഹരിതെ

താരകം said...

രോഗങ്ങള്‍ ഇത്രയധികം സ്നേഹിക്കുന്ന ഒരു ശരീരമൊ ഹരിത്തിന്‍്?

ഒരറമ്പാതം വരുത്തിയേ പറ്റു. ഇതൊക്കെയാണെങ്കിലും ഇത്ര സരസമായി എഴുതാന്‍ കഴിയുന്നതില്‍ അഭിനന്ദനങള്‍. ഇനിയും രോഗപീഡകള്‍ ഉണ്ടാവാതിരിക്കട്ടെ.

മയൂര said...

ഇപ്പം അറമ്പാതങ്ങളൊക്കെയായാ ?
:)

കൊച്ചുത്രേസ്യ said...

ഇപ്പോ തന്നെ ഒരു മെഡിക്കല്‍ കോളേജ്‌ തുടങ്ങാനുള്ളത്ത്രേം അസുഖങ്ങളായല്ലോ.. ചുമ്മാ ടിവി കണ്ട്‌ ബ്ലഡ്‌ പ്രഷറ്‌ കൂട്ടാതെ പോയി റെസ്റ്റെടുക്കൂ മഹനേ..

ശ്രീ ശ്രീയെ അങ്ങോട്ടു ദഹിക്കുന്നില്ല അല്ലേ..എനിക്കുമതേ..പക്ഷേ അങ്ങേരുടെ സുദര്‍ശന്‍ ക്രിയ കൊള്ളാം. സംഭവം കണ്ട്രോള്‍ഡ്‌ ഹൈപ്പര്‍ വെന്റിലേഷന്‍ ആണെന്നൊക്കെ വിവരമുള്ളവരു പറയുന്നു. എന്തോ ആവട്ടെ..നമ്മക്കു നമ്മടെ കാര്യം നടന്നാല്‍ പോരേ :-))

ഹരിത് said...

അങ്കിള്‍: നന്ദി അങ്കിള്‍.ശരിയാ, പക്ഷേ പഞ്ചാര കൂടുമ്പോഴല്ലേ അതു നോര്‍മലായിരിക്കുന്നതിന്‍റെ സുഖം അറിയാന്‍ പറ്റൂ. അ‌‌-മധുരന്മാര്‍ക്കു ഇതു വല്ലോം പിടികിട്ടുമോ?
ഹരിയണ്ണന്‍ പറഞ്ഞ മൌത്ത് സ്പ്രേ ഇവിടെ കിട്ടുമോ എന്നന്വേഷിയ്ക്കാം. കിട്ടിയാല്‍ അറിയിക്കാം.

കുഞ്ഞന്‍:രോഗവിമുക്തനായി കുഞ്ഞനിയാ. വളരെ നന്ദി. സിനിമ കണ്ടതു ലാഭമായി. അറമ്പാതത്തെക്കുറിച്ചു ഇനിയും, മനസ്സിലായില്ല അല്ലേ, സാരമില്ല. നമുക്കു ആ ഗുപ്തന്‍ സാറിനോടു പറയാം ‘ ‘സ്റ്റോക്ക്ഹോം സിന്‍റ്രോ‘മിനെക്കുറിച്ചു എഴുതിയതുപോലെ ഒരു പോസ്റ്റ് ഇതിനെക്കുറിച്ചും ഇടാന്‍.

മലമൂട്ടില്‍ മത്തായി: അല്ല ഇതാര് മത്തായിയോ? ആദ്യമായാണിവിടെ അല്ലേ? സ്വാഗതം. ജഗതിയണ്ണനും ഒടുവില്‍ ഉണ്ണിക്കിഷനും ‘പാവപ്പെട്ട പണക്കാറന്മാരായി’ അഭിനയിച്ച ഒരു പടത്തിലാണെന്നു തോന്നുന്നു അറമ്പാതമില്ല എന്നു പറയുന്നതു.
പ്രമേഹം ക്ഷിപ്രകോപിയായ കൂട്ടുകാരനൊന്നും അല്ല. ഇപ്പോള്‍ അവള്‍ സദാ കോപിഷ്ഠയായ പത്നിയെപ്പോലെയാണു. നന്ദി. ( മത്തായീ‍ീ‍ീ, അപ്പൊ മുളമൂട്ടില്‍ അടിമയുടെ ആരായിട്ടു വരും പറഞ്ഞു വരുമ്പോള്‍? അതോ മൂലംകുളി സദാനന്ദന്‍റെ ബന്ധുവോ?)

രെശ്മി: എടീ കൊച്ചേ, നീ ആ കുറ്റിച്ചല്‍ കിഷന്‍പിള്ളാണ്ണന്‍റെ എളേ മോള്‍ല്ല്യോടീ. നീ യിപ്പൊ ജര്‍മനീല് നോഴ്സോ മറ്റോ അല്ല്യോ? ഇങ്ഗ്ലീഷിലു കടുവറത്തപ്പഴേ കരുതിയതാ കാച്ചില്‍ കൃഷ്ണപിള്ളയുടെ സന്തതി തന്നെന്ന്‍. സ്വാഗതം. നന്ദി

നന്ദു: ശ്രീ ശ്രീ അയോദ്ധ്യപ്രശ്നത്തിലും പിന്നെ ഗൂജ്ജര്‍ പ്രശനം പോലുള്ള പൊളിറ്റിക്കല്‍ ഇഷ്യൂസില്‍ അനാവശ്യമായി ഇടപെടാന്‍ തുടങ്ങിയതു മൂലമായിരിയ്ക്കും ഒരു ധീരേന്ദ്ര ബ്രഹ്മചാരി മണമടിച്ചതു. പിന്നെ ആര്‍ട്ട് ഓഫ് ലിവിങ് പരീക്ഷിയ്ക്കാന്‍ മടിയൊന്നുമില്ല നന്ദൂ. ഡല്‍ഹിയില്‍ ഇതിന്‍റെ ആക്ടീവ് പ്രവര്‍ത്തകരായ പല സുഹൃത്തുക്കളും എനിയ്ക്കുണ്ട്. ലിങ്കുകള്‍ക്കു നന്ദി. സജഷനു നന്ദി. എഗ്രീഡ്.

അനൂപ്: നിവേദിതയ്ക്കു പേരില്‍ മാത്രമേ പീ ഹരന്‍ എന്ന ഭീകരന്‍ ഉണ്ടാവാന്‍ വഴിയുള്ളൂ. പിന്നെ അല്പം മന്ദബുദ്ധിയല്ലേ എന്നു മീഡിയാ റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ ഒരു സംശയം!
നന്ദി അനൂപ്.

താരകം: നന്ദി. നമ്മളെ സ്നേഹിച്ചില്ലെങ്കിലും നമ്മള്‍ അങ്ങോട്ടു സ്നേഹിക്കണമല്ലോ. രോഗങ്ങളാണെന്നു കരുതി സ്നേഹിക്കാതിരിയ്ക്കാന്‍ പറ്റുമോ?

മയൂര: ഇപ്പോള്‍ , രോഗങ്ങള്‍ക്കൊരു അറമ്പാതമായി. നന്ദി.

കൊച്ചുത്രേസ്യാ: ഹല്ല ഇത്താര്! നമ്മടെ കോ.ത്രേ അല്ലിയോ!സാദാ മെഡിക്കല്‍ കോളേജൊന്നും തുടങ്ങില്ല. തുടങ്ങുന്നെങ്കില്‍ ഒര്‍ജിനല്‍ എയിംസ് തന്നെ തുടങ്ങും! മഹാന്‍ എന്നൊന്നും വിളിച്ച് എന്നെ പുകഴ്ത്തരുത്. നമ്മള്‍ എത്ര മഹാനായാലും ഡൌണ്‍ റ്റു എര്‍ത്ത് ആയിരിക്കണമല്ലോ. അച്ചരത്തെറ്റില്ലാതെ മഹാന്‍ എന്നെഴുതാന്‍ പഠിച്ചിട്ടു വാ കൊച്ചേ.

ഇമ്മിണി പുളിയ്ക്കും. ആരെങ്കിലും കൊ.ത്രേ പറയുന്നതും കേട്ട് സുദര്‍ശന ക്രീയ പഠിക്കാന്‍ പോവുമോ! ജിമ്മില്‍ പോയ കഥ നമുക്കറിയാവുന്നതല്ലേ! ചുമ്മാ പറഞ്ഞതാ ത്രേസ്യേ. നമുക്കു ആലോചിക്കാവുന്ന വിഷയമാണു കണ്ട്രോള്‍ഡ് ഹൈപ്പര്‍ വെന്‍റിലേഷന്‍.
വളരെ നന്ദി.

തറവാടി said...

ഹരിത്,

സന്‍‌മനസ്സുള്ളവര്‍ക്ക് സമാധാനം,
മമ്മുട്ടിയുടെ പടം , കൊച്ചിന്‍ ഹനീഫയുടെ പേര് മറന്നു.
ടി.പി ബാലഗോപാലന്‍ എം.എ
ഗാന്ധിനഗര്‍ സെക്ക. സ്ട്രീറ്റ്.
വാര്‍ദ്ധക്ക്യപുരാണം.
ഓടരുതമ്മാവാ ആളറിയാം
ബോയിങ്ങ് ബോയിങ്ങ് ( ഒന്നാഭാഗം ? )

ഒരു പിടിയുണ്ട് പിന്നെ തരാം വേണമെങ്കില്‍

ഇതൊക്കെ കണ്ടതായിരിക്കും എന്നാലും കണ്ട് കൊണ്ടിരിക്ക് , ദയവായി ടി.വീ ഓണാക്കല്ലെ , കുട്ടിച്ചാത്തന്‍ മാരും , പുണ്യാളനുമൊക്കെ കറങ്ങി നടപ്പുണ്ട് , ഒപ്പം റിയാലിറ്റി പേരിലുള്ള മറ്റു ചിലതും അവരെയൊക്കെ കണ്ടാല്‍ ഒന്നുകില്‍ അവര്‍ താങ്കളെ വിഴുങ്ങും അല്ലെങ്കില്‍ അസുഖം വീണ്ടും വരും :)

അസുഖം പെട്ടെന്ന് മാറട്ടെ.

Dr. Prasanth Krishna said...

അത്ര വടക്കന്‍ അല്ല എങ്കിലും ആദ്യമായാണ് അറമ്പാതം എന്ന വക്കുകേട്ടത്. പുതിയ ഒരു വാക്ക് പരിചയപ്പെടുത്തി തന്നതിന് നന്ദി ഹരിത്.

ശ്രീ said...

ഞാനും ആദ്യമായിട്ടാണ് അറമ്പാതം എന്ന് കേള്‍ക്കുന്നത്. എന്നാലും കാര്യം മനസ്സിലായി.

എന്തു പറ്റി മാഷേ? തുടര്‍ച്ചയായി അസുഖങ്ങളുടെ പെരുമഴയാണല്ലോ... ആരോഗ്യം ശരിയ്ക്കു ശ്രദ്ധിയ്ക്കൂ...

ഹരിത് said...

തറവാടി: ശരിയാ. പിന്നെ ലങ്കാദഹനം, റെസ്റ്റ് ഹൌസ്, ലേടീസ് ഹോസ്റ്റല്‍, എറണാകുളം ജങ്ഷന്‍,എന്നിങ്ങനെയുള്ള ശശികുമാര്‍ ബ്ലാക്ക് & വൈറ്റ് പടങ്ങളും കണ്ടു. പ്രേം നസീര്‍ സാര്‍ ഒരു വൈപ്പു താടിയും , കൂളിങ്ഗ്ലാസ്സും വച്ചു കഴിഞ്ഞാന്‍ , പിന്നെ ഒറ്റ മനുഷ്യര്‍ക്ക് കണ്ടു പിടിയ്ക്കാന്‍ പറ്റില്ല.
എന്തായാലും പുണ്യാളന്മാരെയും , കുട്ടിച്ചാ‍ാത്തനേയും റിയാലിറ്റിയെക്കാളും എത്രയോ ഭേദം!!!
നല്ല കുറേ പാട്ടുകളെങ്കിലും ക്കേള്‍ക്കാം.

പ്രശാന്ത്: വന്നതിനും , അഭിപ്രായം എഴുത്തിയതിനും നന്ദി.

ശ്രീ: അസുഖങ്ങളുടെ പെരുമഴ പെയ്തൊഴിഞ്ഞു എന്നു കരുതുന്നു. ഇപ്പോള്‍ എല്ലാം പഴയതുപോലെ റുറ്റീനില്‍ ആയി. നന്ദി ശ്രീ.

കുറ്റ്യാടിക്കാരന്‍|Suhair said...

നല്ല ലേഖനം മാഷെ,

അറമ്പാതം ആദ്യമായാണ് കേള്‍ക്കുന്നത്..

:)

ഹരിത് said...

നന്ദി , കുറ്റ്യാടീ.

Anonymous said...

Arumpatham famous aakiyathinu nandi. Nalla introduction. sookedukalkku oru aruthi varuthanam