Monday, August 11, 2008

വേണ്‍ഗംഗയുടെ നിയോഗങ്ങള്‍


വേനലില്‍, വേണ്‍ഗംഗാനദി മജീദ്ഖാനെ നോക്കി വിയര്‍ത്തു.
അവള്‍ ചുട്ടുപൊള്ളുന്ന മണല്‍ത്തിട്ടയില്‍ ഒട്ടകപ്പക്ഷിയായി ഒളിച്ചു.
മജീദ്ഖാന്‍ നദിയെ ദയയോടെ നോക്കിയിരുന്നു, മതിയാവോളം.
പ്രണയത്തിന്‍റെ ആരവവുമായി അവള്‍ വീണ്ടും കരനിറഞ്ഞൊഴുകുന്നതുവരെ, പ്രചണ്ഡമായ ഈ താപം അവര്‍ക്കു സഹിച്ചേ മതിയാവൂ.
ഏതോ മഴയത്ത് ശിവക്ഷേത്രത്തിന്‍റെ ഗോപുരം വരെ വേണ്‍ഗംഗയില്‍ മുങ്ങിപ്പോയത്രേ.
രുദ്രയായി, അവള്‍ പര്‍വതങ്ങള്‍ ചാലിച്ച് ചുവന്നൊഴുകിപ്പോയപ്പോള്‍, ശിവചൈതന്യം നിറഞ്ഞ പൊളിഞ്ഞ കല്ലമ്പലം മാത്രം ബാക്കിയായി, മജീദ്ഖാന്‍റെ നെറ്റിയില്‍ ചുംബിക്കുവാനുള്ള നിയോഗവുമായി.
അടുത്ത പ്രളയം വരെ ഇനി മജീദ്ഖാനു അഭയം ഇവിടം തന്നെ.

2

വേണ്‍ഗംഗയിലെ മരണത്തിന്‍റെ ദിനങ്ങളിലൊന്നില്‍ മജീദ്ഖാന്‍ ശവങ്ങളുടെ ഇടയില്‍കിടന്നു ഞരങ്ങി.
ഏതോരക്ഷാപ്രവര്‍ത്തകന്‍ അയാളെ ആശുപത്രിയിലെത്തിച്ചിരിക്കണം.
അലറി മലയ്ക്കുന്ന വേണ്‍ഗംഗയുടെ ആഴത്തില്‍ ആത്മാക്കള്‍ മുങ്ങി മറഞ്ഞിട്ട്, മിച്ചമായ ജീര്‍ണ്ണവസ്ത്രങ്ങള്‍ പൊന്തുന്നതും കാത്ത് കാത്ത് നിസ്സഹായതയോടെ തോരാത്ത മഴയത്ത്.....
ബോധം തെളിഞ്ഞപ്പോള്‍ മുതല്‍ മകന്‍റെ മൃതദേഹവും പേറി മജീദ്ഖാന്‍ ഗിരിജയെ തേടുകയായിരുന്നു.
ഭ്രാന്തമായി കരഞ്ഞു.
“ഗിരിജേ, ഗിരിജേ” എന്നുറക്കെ വിളിച്ചു അയാള്‍ അവളെ തിരഞ്ഞു, മൊര്‍ച്ചറിയില്‍, ആശുപത്രികളില്‍.
വേണ്‍ഗംഗ, ഗര്‍ഭിണിയായ ഗിരിജയെ തിരിച്ചുകൊടുക്കാതെ മാറത്തൊളിപ്പിച്ച് ഗോദാവരിയിലൂടെ, അനന്തമായ നീലക്കടലില്‍ ലയിച്ചിരിയ്ക്കണം.
മതങ്ങളില്ലാത്ത ശവശരീരങ്ങള്‍ക്കൊപ്പം മജീദിന്‍റെ മകനും അഗ്നിശുദ്ധിനേടി, വേണ്‍ഗംഗയുടെ തീരത്തൊരുക്കിയ ചിതകളിലൊരെണ്ണത്തില്‍.
മേഘഗര്‍ജനങ്ങളുടെ അകമ്പടിയോടെ വേണ്‍ഗംഗ മജീദിന്‍റെ മകന്‍റെ ചിതാഭസ്മവും പേറി ഗിരിജയുടെ സവിധത്തിലേയ്ക്കു കുത്തിയൊലിച്ചു. അസഹനീയമായതെല്ലാം സഹിക്കാന്‍ വിധിയ്ക്കപ്പെടുമ്പോള്‍ അനുഭവപ്പെടുന്ന ശൂന്യമായ ശാന്തതയെന്തെന്നു മജീദ് അറിഞ്ഞു,
“പരമകാരുണികനായ .....”
3
കല്ലമ്പലത്തിലെ പൊളിഞ്ഞ തറയില്‍ മജീദ് വേണ്‍ഗംഗയുടെ ശുഷ്കമായ സംഗീതത്തിനു വേണ്ടി കാതോര്‍ത്തു കിടന്നു.
വേനല്‍ക്കാറ്റ് അക്കരെക്കാട്ടിലെവിടെയോനിന്നും ആദിമനുഷ്യരുടെ ചടുലതാളവും പരുഷനാദവും പേറി ഇടയ്ക്കിടെ സംഭോഗശൃംഗാരത്തിന്‍റെ സീല്‍ക്കാരമെന്നപോലെ കടന്നുപോയി, ഉന്മത്തതയോടെ.
നിശ്വാസങ്ങള്‍ കരിയിലകളായ് അടര്‍ന്നു വീഴുന്ന കറുത്ത രാത്രിമരങ്ങള്‍ക്കിടയിലൂടെ മജീദ് സ്വന്തം ആകാശത്തേയും ഗിരിജയുടെ
നക്ഷത്രങ്ങളേയും നനവോടെ കണ്ടു.
അന്നും മജീദ്ഖാന്‍ കല്ലമ്പലത്തില്‍നിന്നിറങ്ങി വേണ്‍ഗംഗയുടെ തീരത്തു മുഖം ചേര്‍ത്തു പഞ്ചാരമണല്‍ കെട്ടിപ്പിടിച്ചു കമഴ്ന്നു കിടന്നു.
ആ വേനല്‍ക്കാലനിശയില്‍പ്പോലും മകന്‍റെ ശവശരീരം പോലെ അതു തണുതണുത്തിരുന്നു.
രാവേറെച്ചെല്ലുംവരെ മജീദ്ഖാന്‍ മണല്‍പ്പുറത്തിനടിയില്‍ ഉറവയായ് തേങ്ങുന്ന വേണ്‍ഗംഗയുടെ വിങ്ങലുകള്‍ക്കിടയില്‍, ഗിരിജയുടെ സാന്ത്വനവും അവളുടെ ഗര്‍ഭത്തിലെ ശിശുവിന്‍റെ രോദനവും................

“ഓമനത്തിങ്കള്‍ കിടാവോ നല്ല.......”

മാന്ത്രികവലയത്തിലെ ആ മയക്കത്തിനിടയ്ക്കെവിടെവച്ചോ വേണ്‍ഗംഗ ചിലപ്പോള്‍ മജീദിന്‍റെ ഉമ്മയായി മറ്റുചിലപ്പോള്‍ സഹോദരിയായി മാപ്പിളപ്പാട്ടു മൂളി,

“എങ്ങനെ പോണുമ്മാ? എങ്ങനെ പോണിക്കാ?
തലേലില്ലാഞ്ഞ് ന്‍റെ തലേലില്ലാഞ്ഞ്,
നല്ല പുരുസന്‍ വീട്ടില്‍....
എങ്ങനെ പോണുമ്മാ, എങ്ങനെ പോണിക്കാ....

കൊടുപ്പിനുമ്മാ ങ്ങടെ തലേലെ തട്ടം,
കൊട്പ്പിനുമ്മാ ങ്ങടെ തലേലെ തട്ടം
പെണ്ണു ചമഞ്ഞുപോട്ട്
നല്ല പുരുസന്‍ വീട്ടില്‍....”

അക്കരെ ഗല്‍ച്ചിറോളിക്കാടുകളില്‍ പുലരിപൊട്ടുന്നതിനും ഏറെ മുന്‍പ് ഭില്ലാളവര്‍ഗ്ഗക്കാരുടെ ‘തടുവി’ വെസ്തയും കൂട്ടരും വറ്റിവരളാറായ നദി നടന്നു കയറി വന്നു ആര്‍ദ്രതയോടെ മജീദിനെ വിളിച്ചുണര്‍ത്തി,

“ബാബ്ച്ചീ, നീ ഉണരൂ, ‘ഝിങ്കാ’പിടിയ്ക്കാന്‍ സമയമായി”
എല്ലാ രാജാക്കന്മാരും, എല്ലാഗുരുദേവന്മാരും ഭില്ലാളര്‍ക്കു ബാബ്ചിയാണു. മജീദ്ഖാനെന്ന അവരുടെ ബാബ്ചി പുഴയിലെ ചെമ്മീന്‍ പിടിയ്ക്കാന്‍ അവരോടൊപ്പം കൂടി.
ആദ്യത്തെ ‘ഝിങ്കാ ഝീല്‍’ ബാബ്ചിയുടെ കൈകള്‍കൊണ്ടു തന്നെ വേണം കുഴിയ്ക്കാന്‍.
ബാബ്ചി ഗിരിജയുടെ കഥകളിലെ ഈശ്വരന്മാരോട് അനുവാദം
ചോദിച്ച്, നദിയുടെ മണല്‍പ്പരപ്പില്‍ അബലമായ തന്‍റെ കരങ്ങള്‍കൊണ്ട് കുഴിയ്ക്കാന്‍ തുടങ്ങി, വരണ്ട പുറം മണല്‍ മാറി ഈര്‍പ്പത്തിന്‍റെ പശിമ തൊട്ടറിയും വരെ.
പിന്നെ വെസ്തയും, കെംതയും, മംഗ്ലിയും ഒക്കെച്ചേര്‍ന്നു മണല്‍ത്തട്ടു കുഴിച്ചു ഒരു ചെറു കുഴിയുണ്ടാക്കി. നദിയുടെ വെള്ളത്തില്‍ നിന്നൊരു ചാലു കീറി കുഴിയില്‍ ജലമെത്തിച്ചു.
കുഴിയില്‍ മൂന്നു കമ്പുകള്‍ നാട്ടി, രത്തന്‍ജോഥ്ബീജങ്ങള്‍ കത്തിച്ചുണ്ടാക്കിയ ഒരു വിളക്ക് കമ്പുകളുടെ നടുക്കു കെട്ടി ‘ഝിങ്കാഝീലിന്‍റെ’ തൊട്ടുമുകളില്‍ ഞാത്തിയിട്ടു.
പിന്നെ കാത്തിരുന്നു.
പുഴയിലെ ചെമ്മീന്കൂട്ടം, വെളിച്ചത്തില്‍ ആകൃഷ്ടരായി വെള്ളത്തിന്‍റെ ചാലു വഴി നീന്തി നീന്തി ആ കൊച്ചു ‘വാരിക്കുഴി’യില്‍ പെട്ടുപോകും വരെ. പിന്നെ വെറും കൈകൊണ്ട് ചെമ്മീന്‍ വാരിയെടുക്കാം.
നേരം പരപരാ വെളുക്കുന്നതുവരെ ബാബ്ചി, ഭില്ലാളകള്‍ മഹുവപ്പൂക്കള്‍ വാറ്റിയെടുക്കുന്ന മദിരയും മോന്തി ചതിക്കുഴിയില്‍ പെട്ടുപിടയുന്ന ചെമ്മീനിന്‍റെ, കൃഷ്ണമണികള്‍ മാത്രമുള്ള ഉരുണ്ട കണ്ണുകളിലേയ്ക്കു നോ‍ക്കിയിരുന്നു.
ഗിരിജയുടെ അവസാനനോട്ടത്തിലെ പിടച്ചിലുണ്ടോ അവയ്ക്കും?വെയിലുറച്ചപ്പോള്‍ മജീദ്ഖാന്‍ മഹുവയുടെ ലഹരിയില്‍ കല്ലമ്പലത്തിന്‍റെ പൊളിഞ്ഞ സ്വന്തം തറയില്‍ തിരിച്ചെത്തി, ഒരു സ്വപ്നാടകനെപ്പോലെ.
ഒരു നീണ്ട പകല്‍ കൂടി ഇനിയും ബാക്കി; മജീദ്ഖാനും
വേണ്‍ഗംഗയ്ക്കും പ്രചണ്ഡമായ സൂര്യ താപത്തില്‍....

4

തപിച്ചുവരളുന്ന മണല്‍പ്പരപ്പില്‍ ശ്രാവണ രാത്രികളിലൊന്നില്‍, മഞ്ചാടിമുത്തുകള്‍ വാരിവിതറുന്നതുപോലെ ജലകണങ്ങള്‍ വേണ്‍ഗംഗയെ തരളിതയാക്കും.
കറുത്തമേഘങ്ങള്‍ ഗല്‍ച്ചിറോളിക്കാട്ടിലെ ഭില്ലാളകളുടെ പെരുമ്പറഭേരിയ്ക്കൊപ്പിച്ച് പൊട്ടിയൊഴുകും.
ലാസ്യതവെടിഞ്ഞു വര്‍ഷം, വിഷയാസക്തയായി ത്രസിയ്ക്കും.
ഒടുവില്‍ വേണ്‍ഗംഗ കുത്തിയൊഴുകുമ്പോള്‍ ആദിവാസികളുടെ ഝീങ്കായെന്ന ചെമ്മീന്‍ കൂട്ടങ്ങള്‍ നിയോഗം പൂര്‍ണ്ണമാക്കാന്‍ നീന്തിത്തുടിച്ച് ഗോദാവരിയുടെ മാറിലൂടെ നീലസാഗരത്തിന്‍റെ അഗാധതയിലെത്തി പ്രജനനം നടത്തി, കര്‍മ്മമവസാനിച്ച ലാഘവത്തോടെ, ജീവാത്മാവും വെടിഞ്ഞ് ലവണ ജലത്തില്‍ കണങ്ങളായി ലയിക്കും.
പുതുതലമുറയുടെ ഉത്സാഹം, ഒഴുക്കിനെതിരേ കാതങ്ങള്‍ തുഴഞ്ഞ്, ഗോദാവരിയും താണ്ടി വീണ്ടും വേണ്‍ഗംഗയുടെ സംശുദ്ധമായ മുലപ്പാലുണ്ണാന്‍ തിരിച്ചു വരും.
അടുത്ത വേനലില്‍ വീണ്ടും ആയിരക്കണക്കിനു ജീവാണ്ഡങ്ങളും ഗര്‍ഭം ധരിച്ച് തുഴഞ്ഞുതുഴഞ്ഞു ചെമ്മീന്‍ കൂട്ടങ്ങള്‍ അവരുടെ കടലിലേയ്ക്കു, വേണ്‍ഗംഗയോടു എന്നെന്നേയ്ക്കുമായി വിടപറഞ്ഞു പോകും.
മറ്റൊരു പുതുപുത്തന്‍ തലമുറയെ ഒരിയ്ക്കല്‍ കൂടി വേണ്‍ ഗംഗയുടെ മടിയിലെത്തിയ്ക്കാന്‍ വേണ്ടി......

5

ഗിരിജയുടെ മകള്‍, നീലക്കടലിന്‍റെ അനന്തതയില്‍നിന്നു ഗോദാവരിയും താണ്ടി വേണ്‍ഗംഗയിലെ ഝിങ്കാഝീലില്‍ തിരിച്ചെത്തുന്ന ഒരു നറു പുലരിയ്ക്കായി, ശിവചൈതന്യത്തെ സാക്ഷിനിര്‍ത്തി, പോളിഞ്ഞ കല്ലമ്പലത്തിലെ സ്വന്തം
തറയില്‍ മജീദ്ഖാനെന്ന ബാബ്ചി തന്‍റെ നിസ്കാരം തുടരുന്നു.
പ്രണയത്തിന്‍റെ ആരവം കാത്തിരിയ്ക്കുന്ന വേണ്‍ഗംഗയെയും തഴുകി, മഹുവപ്പൂക്കളുടെ മണമുള്ള നനുത്ത ഗല്‍ച്ചിറോളിക്കാറ്റ് സ്നേഹത്തോടെ വെറുതേ മജീദ്ഖാനെ ഒന്നു തൊട്ടു.
‘റബ്ബുല്‍ ആലമീനായ തമ്പുരാനേ.......’


17 comments:

ഹരിത് said...

പ്രണയത്തിന്‍റെ ആരവത്തെ കാത്തിരിയ്ക്കുന്ന
വേണ്‍ഗംഗയെയും തഴുകി, മഹുവപ്പൂക്കളുടെ മണമുള്ള ഒരു നനുത്ത ഗല്‍ച്ചിറോളിക്കാറ്റ് സ്നേഹത്തോടെ
മജീദ്ഖാനെ തൊട്ടു.

പാമരന്‍ said...

ആഹാ!

അനില്‍@ബ്ലോഗ് said...

ആദ്യമായാണിവിടെ,
നന്നായിട്ടുണ്ട്.
വീണ്ടും വരാം.

കാര്‍വര്‍ണം said...

manoharamayirikkunnu

:)

ഹരിത് said...

പാമൂ: ആ‍ാ‍ാഹാ‍ാ‍ാ ആണോ, ആഹാ‍ാ‍ാ ആണോ അതോ ആ‍ാ‍ാ‍ാഹ ആണോ? ഓരോന്നിനും മോഡുലേഷന്‍ അനുസരിച്ചു ഓരോരോ അര്‍ത്ഥമാണേ.. ഇഷ്ടമായില്ലേ? :(

അനില്‍@ബ്ലോഗ്: ആദ്യമായി വന്നതിനു സ്വാഗതം. ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

കാര്‍വര്‍ണ്ണം: thanks a lot

പാമരന്‍ said...

ഇഷ്ടമായില്ലേന്നോ..! കൂടുതല്‍ പറഞ്ഞു വെടക്കാക്കണ്ടാന്നു വച്ചല്ലേ ആഹായില്‍ നിര്‍ത്തിയത്‌ :)

ഇത്‌ 'ആഹാ' തന്നെ :)

വാല്‍മീകി said...

നന്നായി.. പക്ഷെ രണ്ടു വായന വേണ്ടി വന്നു...

മിർച്ചി said...

“അസഹനീയമായതെല്ലാം സഹിയ്ക്കാന്‍ വിധിക്കപ്പെടുമ്പോള്‍ അനുഭവപ്പെടുന്ന ശൂന്യമായ ശാന്തത” എന്തെന്ന് മജീദ് മാത്രമല്ല കൂട്ടുകാരാ അറിഞ്ഞത്. ഇത് വായിയ്ക്കുന്ന എല്ലാവര്‍ക്കും അനുഭവപ്പെടുമെന്ന് തോന്നുന്നു.

“ഗിരിജയുടെ മകള്‍, നീലക്കടലിന്‍റെ അനന്തതയില്‍നിന്നു ഗോദാവരിയും താണ്ടി വേണ്‍ഗംഗയിലെ ഝിങ്കാഝീലില്‍ തിരിച്ചെത്തുന്ന ഒരു നറും പുലരിയ്ക്കായി” മജീദ്ഖാനൊപ്പം നമുക്കും കാത്തിരിക്കാം.

നല്ല രചന, നല്ല ശൈലി.. മനസ്സിനെ തൊട്ടുണര്‍ത്തുന്ന വാക്കുകളും വരികളും.

വാല്‍മീകി രണ്ടു വായനയ്ക്കല്ലെ പോയുള്ളൂ. എനിക്കതിലും കൂടുതല്‍ വേണ്ടി വന്നു കേട്ടോ മനസ്സിലാക്കാന്‍.

കൂട്ടുകാരാ, ഞാനിവിടെ ആദ്യമാണ്. ഇതു വായിച്ചപ്പോള്‍ പഴയവയിലേയ്ക്കും ഒന്ന് കടന്നു ചെന്നാലോ എന്ന ഒരു തോന്നല്‍.

കഥയെക്കാള്‍ കൂടുതലായി കമെന്റ് അല്ലെ? !!!!

ശ്രീ said...

:)

vadavosky said...

ഞാനിപ്പോഴും പാക്കുവെട്ടിയുടെ ഹാങ്ങോവറിലാണ്‌ ഹരിത്‌. ഭാഷയുടെ ആ ശക്തി പിന്നീട്‌ ഉണ്ടാകുന്നില്ല എന്ന തോന്നല്‍ മാറുന്നില്ല. എന്റെ കുഴപ്പമാവാം.

ഹരിത് said...

ഒന്നുകൂടെ നന്ദി പാമൂ.


വാത്മീകി: നന്ദി. റീഡബിലിറ്റി കുറവാണെന്ന് എനിക്കു തന്നെ തോന്നിയിരുന്നു.

മിര്‍ച്ചി: ആദ്യ സന്ദര്‍ശനത്തിനു നന്ദി. സ്വാഗതം. പലപ്രാവശ്യം വായിപ്പിച്ചു ബുദ്ധിമുട്ടിച്ചതില്‍ ക്ഷമ. വേണമെന്നുവച്ചു ചെയ്യുന്നതല്ല. എഴുതി വരുമ്പോള്‍ ചിലപ്പോള്‍ അങ്ങനെ ആയിപ്പോകുന്നതാണൂ.ഒരു പ്രത്യേകവഴിയിലൂടെ കഥ തെളിച്ചു വിടാമെന്നു കരുതും. പക്ഷേ ചിലപ്പോള്‍ കഥ അതിന്‍റെ പാട്ടിനു വഴി മാറി പൊയ്ക്കളയും. പിന്നെ പോയ വഴിയേ തെളിയ്ക്കാം എന്നു കരുതും, അല്ലാതെന്തു ചെയ്യാനാ? കമന്‍റ് എത്ര വസ്ലൌതാവുന്നോ അത്രയും നല്ലത്. നന്ദി വീണ്ടും വരണേ.

ശ്രീ: നന്ദി.

വഡവോ: നാട്ടില്‍ നിന്നും പിന്നെ ഹിമാലയത്തില്‍ നിന്നും തിരിച്ചെത്തി അല്ലേ?

സ്വയം ഇമിറ്റേറ്റ് ചെയ്യാതിരിയ്ക്കാനായ് പാക്കുവെട്ടിയില്‍ നിന്നൊരു മോചനം സ്വയം അടിച്ചേല്‍പ്പിയ്ക്കുന്നുണ്ടോ എന്നെനിയ്ക്കു തന്നെ ഒരു സംശയം തോന്നുന്നു ഇപ്പോള്‍. എന്തായാലും ക്രിക്കറ്റിലെ ഫോം പോലെ എക്സ്പ്ലൈന്‍ ചെയ്യാന്‍ പറ്റാത്ത എന്തോ ഒരു സംഗതി എഴുത്തിലും ഉണ്ടായിരിയ്ക്കും. പിന്നെ പത്തിരുപതു വര്‍ഷം മലയാള അക്ഷരങ്ങള്‍ കൈകൊണ്ടു തൊടാന്‍ ഭാഗ്യമില്ലതിരുന്ന എന്നെപ്പോലെ ഒരാള്‍ക്കു ഓരോ പോസ്റ്റും ഓരൊ പുത്തന്‍ പരീക്ഷണങ്ങളാണ് വഡവോ. ചിലതു കുറിക്കു കൊള്ളും മറ്റു ചിലതു പിഴയ്ക്കും. അതിന്‍റെ പരാജയങ്ങള്‍ എല്ലാം എനിയ്ക്കു സ്വന്തം.
വ്ഡാവോ കമന്‍റിടാത്തതു കോണ്ട് അപൂര്‍ണ്ണമായചില പഴയ പോസ്റ്റുകളൂണ്ട്. നാട്ടില്‍ പോയപ്പോള്‍ ഇട്ടതാണു. വായിക്കണേ
വളരെ നന്ദി.

vadavosky said...

:)

ഭൂമിപുത്രി said...

വായനക്കാർക്ക് അത്രയ്ക്ക് പരിചിതമല്ല്ലാത്ത അന്തരീക്ഷവും ജീവിതങ്ങളും..വേറിട്ടൊരു വായനാ‍നുഭവം’ എന്നൊക്കെപ്പറഞ്ഞാൽ പറഞ്ഞുതേഞ്ഞ വാക്കുകളാകും,,അല്ലെ?

ഹരിത് said...

വന്നതിലും അഭിപ്രായം പറഞ്ഞതിനും നന്ദി ഭൂമിപുത്രീ.താങ്കളുടെ കമന്‍റുകള്‍ വളരെ താല്പര്യത്തോടെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. വാക്കുകളിലല്ലല്ലോ അതിനു പിന്നിലെ ഭാവനയും മനസ്സും അല്ലേ കാര്യം. നന്ദി

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്നായിരിക്കുന്നു. ആശംസകള്‍

ഗുപ്തന്‍ said...

റീഡര്‍ ഇടയ്ക്ക് പണിമുടക്കിയതായി തോന്നിയതില്‍ പിന്നെ ശ്രദ്ധിച്ചിരുന്നില്ല. കഥ കാണാന്‍ വൈകി ഹരിത്ത്.

നന്നായിട്ടുണ്ട്. വൈക്കത്തിന്റെ പണ്ടുവായിച്ചു മറന്ന ഒരു നോവലിനെ ഓര്‍മിപ്പിച്ചു ഭാഷയും അന്തരീക്ഷവും. (ബ്ലോഗിലെ സാഹിത്യചര്‍ച്ചയില്‍ ഒരിടത്തും കേള്‍ക്കാത്ത പേരാണത്. എന്തോ?)

ഹരിത് said...

കിച്ചുവിനും ചിന്നുവിനും നന്ദി. ഗുപ്തന്‍ നന്ദി. പണ്ട് കുങ്കുമത്തില്‍ ക്കൂടി വൈക്കത്തെ അറിഞ്ഞതോര്‍ക്കുന്നു. വത്സല എന്ന പേരിലും.