Saturday, April 18, 2009

അല്ലെങ്കി വേണ്ടച്ഛാ

എന്‍റെ അച്ഛന്‍ ഒരു പേടിത്തൊണ്ടനാണ്. ഒരു കാര്യവും നേരേ ചൊവ്വേ ചെയ്യാമ്പറ്റൂല അച്ഛന്. കൊച്ചുന്നാളിലേ ഞാനിതു മനസ്സിലാക്കിയതാ.
ഒന്നിപ്പഠിക്കുമ്പഴേ അച്ഛന്‍റെ ഈ വഴുവഴുപ്പന്‍ സ്വഭാവം ഞാന്‍ അനുഭവിച്ചിട്ടുള്ളതല്ലേ. വൈദ്യമഠത്തീന്നു പിഴിച്ചിലു കഴിഞ്ഞു വരുന്നവഴി ഒരാളെന്നെ നോക്കി കണ്ണുരുട്ടി. നാക്കു നീട്ടി. വിരലു ചൂണ്ടി.

“ അച്ഛാ, അഛാ.... ഇങ്ങേരാര്? പോലീസാ? എന്നെ വെരുട്ടുണു”

അച്ഛന്‍ ഒന്നും മിണ്ടാതെ വെറുതേ ചിരിച്ചതേയുള്ളൂ. അയാളെ ഒന്നും പറഞ്ഞില്ല.

“ അച്ഛാ, ഒരു കത്തിയെടുത്ത് അയാളെ വെട്ടിയാലോ? അല്ലെങ്കി വേണ്ടച്ഛാ ഒരു കല്ലെടുത്ത് എറിയാം”

ഞാന്‍ റോഡില്‍ നിന്നൊരു കല്ലെടുത്തു.
അച്ഛന്‍ വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു,

“ അതു നമ്മുടെ തട്ടുകടക്കാരന്‍ കിഷനല്ലേടാ”

എനിയ്ക്കു ദേഷ്യം വന്നു. അച്ഛന്‍ അയാളെ വെരുട്ടീലെന്നു മാത്രമല്ല “ നിന്‍റെ മരുമോന്‍റെ വിസ ശരിയായോടാ കിഷാ” എന്നു ചോദിച്ചു കിന്നാരം
പറയാനും തുടങ്ങി.

പിന്നെ ഞാന്‍ പോട്ടേന്നു വച്ച് എറിയാനോങ്ങിയ കല്ലു പോക്കറ്റിലിട്ടു.


അമ്മ അനിയനെ പെറ്റു ആശൂത്രീല് കെടക്കുമ്പഴാ. മെഡിക്കല്‍ കോളേജ് ജങ്ഷനി വച്ച് ഞങ്ങടെ സൈക്കിളിനെ ഒരു കറുത്ത അമ്പാസിഡര്‍ ഓവര്‍ട്ടേക്കു ചെയ്തു ‘ശൂ’ന്നു ഒറ്റപ്പോക്ക്. സൈക്കിള്‍ ആശൂത്രീടെ സൈഡില്‍ വച്ച് അമ്മേം അനിയനേം കാണാന്‍ ഞങ്ങള്‍ പോകാമ്പോയപ്പഴാ ഞാന്‍ കണ്ടത്. ആ കറുത്ത അമ്പാസിഡര്‍ കാറ് അവിടെ നിയ്ക്കുണു. അതീന്നൊരുത്തന്‍ എറങ്ങി ജാഡയില്‍ അച്ഛനോടു പറയുവാ

“ സാറേ ആ സൈക്കിളൊന്നു മാറ്റുത്തരുമോ? റിവേഴ്സെടുക്കാനാ”
എന്ന്. എന്നിട്ടങ്ങനെ പവറിലു നിയ്ക്കയാ.

“പോടാ നിന്‍റെ പാട്ടിനു” എന്നു പറയണമെന്നുണ്ടായിരുന്നു. എന്നാ അച്ഛന്‍ കമാന്നൊരക്ഷരം മിണ്ടാതെ സൈക്കിളെടുത്ത് മാറ്റിക്കൊടുത്ത്.ആശൂത്രീടെ അഞ്ചാമത്തെ നെലേന്ന് കാറിന്‍റെ പുറത്തോട്ടിടാന്‍ ഒരു കല്ല് ഞാന്‍ എടുത്ത് പോക്കറ്റിലിട്ടു. “വച്ചിട്ടൊണ്ടെടാ നെനക്കു. അവന്‍റെ ഒരു ജാഡയും
പവറും!” എന്നു മനസ്സിപ്പറഞ്ഞു.
അച്ഛനാനെങ്കി നന്നാവണോന്നു ഒരു വിചാരോമില്ല.

“ അച്ഛാ, അഛാ, നമുക്കൊരു അമ്പാസഡര്‍ കാറ് വേടിയ്ക്കണം, കേട്ടോ. അല്ലെങ്കിവേണ്ടച്ഛാ, ഒരു റോക്കറ്റ് വേടിയക്കാം. അതിനാ ഏറ്റവും കൂടുതല്‍
സ്പീഡ്”

“ നമുക്കതൊക്കെ മേടിയ്ക്കം നീ ആദ്യം ആ കല്ലെടുത്തു കള. ആരെയും കല്ലെടുത്തെറിയാമ്പാടില്ലാന്നു ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞു തന്നിട്ടുള്ളതാ”

ഒരു കല്ലു പോക്കറ്റീന്നെടുത്ത് ഞാന്‍ കളഞ്ഞു. വേറൊരെണ്ണം പോക്കറ്റിലുള്ളത് അച്ഛനറിയാതെ ഒളിപ്പിച്ചു വച്ചു.
വൃത്തിയായിട്ടു ഒരു തീരുമാനമെടുക്കാന്‍ അച്ഛനെക്കൊണ്ട് ഒരിക്കലും ഒക്കുകേല. ഞാനേ ഏഴിപ്പഠിക്കുമ്പഴാണ് എനിയ്ക്കു മനസ്സിലായത്. വെറുതേ സ്ക്കൂളിമാത്രം പഠിച്ചാപ്പോര വേറേ എന്തെങ്കിലും ഒക്കെക്കൂടെ പഠിക്കണം . സ്കൂളി പ്പോകുന്ന വഴി അച്ഛനോടു ഞാമ്പറഞ്ഞു,

“ അച്ഛാ, അഛാ ഇപ്പൊഴൊക്കെ വേറേ എന്തെങ്കിലുമൊക്കെ കൂടെ പഠിച്ചാലേ ഗുണമൊള്ളൂ. ഹിന്ദി പഠിച്ചാലോ അച്ഛാ”

“ നെനക്കതാണു നല്ലതെന്നു തോന്നിയാ പഠിച്ചോ. രാഷ്ട്രം, വിശാരദ് എന്നൊക്കെ സര്‍ട്ടിഫിക്കറ്റ് കിട്ടും”


“ അല്ലെങ്കി വേണ്ടച്ഛാ, നമുക്ക് റ്റെപ്പ് പഠിക്കാമച്ഛാ. അതിനാ ഇപ്പൊ ഡിമാന്‍റ്”

“ എന്നാ ആയിക്കോട്ടെ”

“ അല്ലെങ്കി വേണ്ടച്ഛാ, കമ്പ്യൂട്ടറ് പഠിക്കാം. അതാവുമ്പം കമ്പ്യൂട്ടര്‍ ഫോട്ടോഗ്രാഫീം ചെയ്യാമ്പറ്റും”

അച്ഛന്‍ ഒന്നും മിണ്ടീല്ല. അച്ഛന് ഒരു തീരുമാനോം എടുക്കാനുള്ള കഴിവില്ല.

അച്ഛന്‍ പഠിപ്പിക്കുന്ന സ്കൂളിത്തന്നെയാ ഞാനും അനിയനും പഠിച്ചിരുന്നത്. അവന്‍ അവന്‍റെ കൂട്ടുകാരോടെ സ്കൂളിപ്പോം. അച്ഛനെ ഒറ്റയ്ക്കു വിട്ടാല്‍
ശരിയാവൂല്ല. അതുകൊണ്ട് ഞാന്‍ അച്ഛന്‍റെ കൂടേ സ്കൂളിപ്പോവൂ.

“ നെനക്ക് അവനെപ്പോലെ നെന്‍റെ കൂട്ടുകാരുടെ കൂടെ സ്കൂളിപ്പൊയ്ക്കൂടേ”

എന്നിട്ടു വേണം നാട്ടുകാരുടെ വായിലിരിയ്ക്കുന്നതൊക്കെ കേട്ട് അച്ഛന്
മാനംകെട്ട് വളവളാന്നു നടക്കാന്‍. എന്‍റെ പോക്കറ്റില്‍ കല്ലുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ഞാങ്കൂടെ ഉണ്ടെങ്കില്‍ അച്ഛനെ ആരും ഒന്നും പറയില്ല.


സ്കൂളിലെ ജാനമ്മ സാറാണ് എന്നെ വെറുതേ എപ്പഴും തോല്‍പ്പിയ്ക്കുന്നത്. അവര്‍ക്ക് എന്നെ കണ്ണു കീറിയാല്‍ കണ്ടൂട. അവര് ഒറ്റ ഒരുത്തി കാരണമാണ് അനിയന്‍ എന്നെക്കാളും വലിയ ക്ലാസ്സിലായത്. ജാനമ്മ സാറിന്‍റെ ചെരിപ്പെടുത്ത് ഞാന്‍ ആണുങ്ങടെ മൂത്രപ്പെരയില്‍ കൊണ്ടിട്ടു. ഞാനാണെന്നറിഞ്ഞപ്പോള്‍, “ അവനിതിനൊക്കെയുള്ള കുരുട്ട് ബുദ്ധിയൊണ്ട്” എന്നും പറഞ്ഞ് എന്‍റെ ചെവിയില്‍ തിരുമി.. വേദനിച്ചപ്പോള്‍ എനിക്കു ദേഷ്യം വന്നു. ജാനമ്മ സാറിന്‍റെ മോള്‍ ആ ഗുണ്ടുമണി ശ്രീലത ആട്ടോ റിക്ഷയിടിച്ചു ചത്തുപോട്ടേന്ന് ഞാന്‍ എല്ലാരും കേള്‍ക്കെ പ്രാകി. അതുകേട്ട് കരഞ്ഞും കൊണ്ട് ജാനമ്മ സാര്‍ വീണ്ടും വീണ്ടും ദേഷ്യപ്പെട്ട് എന്നെ തല്ലി. ഞാന്‍ പോക്കറ്റീന്നു കല്ലെടുത്ത് ജാനമ്മ സാറിനെ ഇടിയ്ക്കും എന്നു പറഞ്ഞു. അതവരുടെ മനസ്സിക്കെടപ്പൊണ്ട്. അതിന്‍റെ ചൊരുക്കു തീര്‍ക്കാനാണ് എന്നെ വീണ്ടു വീണ്ടും തോല്‍പ്പിച്ചത്.


അച്ഛന് ഒരു വിവരവും ഇല്ല. ഇത്രയും വലുതായിട്ടും എനിയ്ക്കു വള്ളി നിക്കറാണു വാങ്ങിച്ചു തരുന്നത്.

“ അച്ഛാ, അഛാ.. അനിയനെപ്പോലെ ഞാന്‍ പാന്‍റ് ഇട്ടോട്ടെ?”

“ ശരി നമുക്കു പാന്‍റ് മേടിയ്ക്കാം”

“ അല്ലെങ്കി വേണ്ടച്ഛാ, മുണ്ട് മതി. മുണ്ടാവുമ്പം മഴയത്ത് മടക്കിക്കുത്താം”

എന്തായാലും അടുത്ത ഓണത്തിനു, തോളില് വള്ളിയുള്ള പാന്‍റ് അച്ഛന്‍ വേടിച്ചു തന്നു.

അച്ഛനു മുന്നും പിന്നും നോക്കുന്ന ശീലമേയില്ല. എന്‍റെ ഭാവിയെക്കുറിച്ചു ഒരു ശ്രദ്ധയും ഇല്ല. എന്‍റെ ആഗ്രഹം അച്ഛനോടു ഒരിക്കല്‍ പറഞ്ഞു,

“ അച്ഛാ, അഛാ ഞാന്‍ അനിയനെപ്പോലെ ഒരു കളക്ടരായാലോ അച്ഛാ?”

“ അവനെപ്പോലെ നന്നായി പഠിച്ചാല്‍ നെനക്കും കളക്ടറാവാം”

“ അല്ലെങ്കി വേണ്ടച്ഛാ, ഡാക്ക്ടരാവാം. അതാവുമ്പം നല്ല വെള്ള കോട്ടൊക്കെ ഇടാം.”

പഠിക്കമ്പറ്റീല്ല. അവസാനം അച്ഛന്‍റെ സ്കൂളിത്തന്നെ ജോലിയും കിട്ടി. ഒരു പണിയും ഇല്ലാത്ത ജോലിയാ. പീരീഡ് കഴിയുമ്പം മണി അടിയ്ക്കണം. അത്രേ ഉള്ളൂ. പിന്നെ ചായ വങ്ങിക്കൊടുക്കാനൊന്നും ഞാമ്പോവൂല്ല..


ജാനമ്മ സാറിന്‍റെ മോള്‍ ശ്രീലതയെ അനിയന്‍ കെട്ടി. എന്നാ, മൂത്തവന്‍ കെട്ടാതെയിരിക്കുന്നെന്ന വല്ല വിചാരവും അച്ഛനുണ്ടായിരുന്നോ? ആ ശ്രീലതയെ എനിക്കു കെട്ടിച്ചു തന്നൂടായിരുന്നൊ? അനിയനെ പെറ്റപ്പഴേ അമ്മ ചത്തുപോയി. അമ്മയുണ്ടായിരുന്നെങ്കി ശ്രീലതയെ എനിയ്ക്കു തന്നെ കിട്ടിയേനേ. ഇതാ ഞാന്‍ ആദ്യമേ പറഞ്ഞത് അച്ഛനു ഒരു ഉത്തരവാദിത്തവുമില്ലെന്ന്.


അനിയന്‍ കളക്ടറായിരിക്കുന്ന പത്രാസ്സൊക്കെ ഒന്നു പോയി കാണണ്ടേ? അച്ഛനു ങേ ഹേ , ആ വിചാരമേയില്ല.

“ അച്ഛാ, അഛാ, നമുക്കു അനിയന്‍റെ വീടുവരെ ഒന്നു പോയിട്ട് വന്നാലോ?”

“ അതിനെന്താ , നമുക്കു പോവാം”

അനിയന്‍റവിടെ പോകാനായി ബസ്റ്റാന്‍റി നിന്നപ്പോഴാണ് തോന്നിയത് ഈ അച്ഛനു ഒരു വീണ്ടു വിചാരോം ഇല്ലെന്ന്.

“ അല്ലെങ്കി വേണ്ടച്ഛാ, നമുക്ക് പോണ്ട. ഞാമ്പോണത് ശ്രീലതയ്ക്കു കുറച്ചിലായാലോ?”

15 comments:

Anonymous said...

അവസാനത്തെ ആ ചോദ്യമാണ് ഏറ്റവും ഭയങ്കരം. അതാണ് വേദന.

(വിഷയത്തില്‍ പുതുമയൊന്നും ഇല്ലെങ്കിലും വീണ്ടും എഴുതിത്തുടങ്ങിയത് നന്നായി. ആ നോവലിന്റെ ബാക്കിയെവിടെ ? :))

kichu said...

ഹരിത്..

കഥ പറച്ചിലിന്റെ സ്റ്റൈല്‍ നന്ന്.
:)

കഥയേക്കാളും, എഴുതാന്‍ തുടങ്ങിയ ആ മനസ്സിന് ആശംസകള്‍.

മനു പറഞ്ഞപോലെ ആ നോവലിന്റെ ബാക്കി എഴുതിയേ തീരൂ.

ഞങ്ങള്‍ കാത്തിരിക്കും.

kichu said...

ഹരിത്..

കഥ പറച്ചിലിന്റെ സ്റ്റൈല്‍ നന്ന്.
:)

കഥയേക്കാളും, എഴുതാന്‍ തുടങ്ങിയ ആ മനസ്സിന് ആശംസകള്‍.

മനു പറഞ്ഞപോലെ ആ നോവലിന്റെ ബാക്കി എഴുതിയേ തീരൂ.

ഞങ്ങള്‍ കാത്തിരിക്കും.

എതിരന്‍ കതിരവന്‍ said...

നല്ല ഒഴുക്കുള്ള കഥ. ‘റീഡബിലിറ്റി’ നന്നാ‍ായുള്ളതുകൊണ്ട് ഇഷ്ടത്തോടെ വായിച്ചു പോവും.

തണല്‍ said...

“ അല്ലെങ്കി വേണ്ടച്ഛാ, നമുക്ക് പോണ്ട. ഞാമ്പോണത് ശ്രീലതയ്ക്കു കുറച്ചിലായാലോ?”
:(
എനിക്കറിയാവുന്ന ആരോ ഒരാള്‍!

ചങ്കരന്‍ said...

നല്ല കഥ. തേനില്‍ മുക്കി ഒരു സൂചി കുത്തിയിറക്കുന്നു.

പാമരന്‍ said...

“ അല്ലെങ്കി വേണ്ടച്ഛാ, നമുക്ക് പോണ്ട. ഞാമ്പോണത് ശ്രീലതയ്ക്കു കുറച്ചിലായാലോ?”

ഈ വാചകമായിരുന്നോ മനസ്സില്‌ ആദ്യം പൊങ്ങി വന്നത്‌?

വേണു venu said...

വീണ്ടും ഹരിത്തിന്‍റെ കഥ വായിച്ച് സന്തോഷം.വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിലെ പുതുമകള്‍ തന്നെ ഈ കഥയേയും ഹൃദ്യ്മാക്കി.

സമാന്തരന്‍ said...

ചിരിക്കാന്‍ പറ്റ്ണില്ലാന്ന് അവസാനം മനസ്സ് കലങ്ങീപ്പൊ മനസ്സിലായി..
അച്ഛനു കൂട്ടു പോയതെന്തിനാന്നറിഞ്ഞപ്പോ...

ചങ്കരന്‍ പറഞ്ഞ പോലെ തേനില്‍ മുക്കി ഒരു സൂചി...

ശ്രീ said...

നന്നായിരിയ്ക്കുന്നു മാഷേ... കഥയുടെ സാരം മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

ഹരിത് said...

ഗുപ്തരേ, നന്ദി. വിഷയദാരിദ്ര്യം വന്നപ്പോഴാണ് എഴുത്തു കുറച്ചത്. വീണ്ടും എഴുതുന്നത് നിങ്ങളെപ്പോലെയുള്ള നല്ല കൂട്ടുകാരുടെ സ്നേഹം നിറഞ്ഞ പ്രോത്സാഹനം കൊണ്ടു മാത്രം.
നോവലെറ്റ് എന്ന കരിങ്കല്ല് മനസ്സില്‍ നിന്നും ഉരുകിയൊഴിഞ്ഞത് അതു പൂര്‍ത്തിയാക്കണ്ട എന്നു തീരുമാനിച്ചപ്പോഴായിരുന്നു. ഇനിയും ആഭാരം വലിച്ചു മനസ്സില്‍ കയറ്റണോ ഗുപ്തരേ?

കിച്ചൂ, വളരെ നന്ദി. നല്ല വാക്കുകള്‍ക്കും ആശംസകള്‍ക്കും. നോവലെറ്റിനെക്കുറിച്ചു മുകളില്‍ മറുപടിയിട്ടു.

എതിരന്‍, ഇഷ്ടത്തോടെ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

തണല്‍, വളരെ നന്ദി. കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

ചങ്കരന്‍,നല്ല വാക്കുകള്‍ക്ക് വളരെ നന്ദി.

പാമൂ, അല്ല പാമൂ, എഴുതി വന്നപ്പോള്‍ ശ്രീലത ഇടയ്ക്കു കയറി വന്നു. കഥ എഴുതുന്ന വഴിയ്ക്കല്ല പോയത്. പോയ വഴിയ്ക്കു എഴുതുകയായിരുന്നു.

വേണുജി, വളരെ നന്ദി. നാട്ടില്‍ നിന്നും മൌന വ്രതത്തില്‍ നിന്നും ഒക്കെ തിരിച്ചു വന്നോ?

സമാന്തരന്‍, ആദ്യമായാണിവിടെ എന്നു തോന്നുന്നു. സ്വാഗതം. നന്ദി.

ശ്രീ, വളരെ വളരെ നന്ദി. ശ്രീ വന്നു കമന്‍റിടുമ്പോഴാണ് പോസ്റ്റിനൊരു ശ്രീ ഉദിയ്ക്കുന്നത്.

പാഞ്ചാലി :: Panchali said...

ഇത്തവണ കഥ വായിച്ചിട്ട് അഭിപ്രായം പറയാതെ പോകാന്‍ തോന്നിയില്ല (മറ്റു കഥകള്‍ ഇഷ്ടപ്പെടാത്തതു കൊണ്ടല്ല!)
എനിക്ക് ഈ കഥയും അവതരണശൈലിയും വളരെ ഇഷ്ടമായി!
:)

Anonymous said...

ummmm ok! just ok.. i like your stories that i can read with a knot in my throat!

Anonymous said...

Achane pedithondanakki ezhuthupani nirthiyo harithe? guruthvam kalayalle...

Eccentric said...

ugran maashe. ishtaayi..aadyaayittanu ivide...