Tuesday, May 12, 2009

ജരാ യാദ് കരോ കുറ്ബാനീ

കുറച്ചു മാസങ്ങളായി ഛത്തീസ്ഗഡിലാണ്.

ഇന്നലെ നഗരി എന്ന ഗ്രാമത്തില്‍ 12പോലീസ് കോണ്‍സ്റ്റബിള്‍സിനേയും ഒരു സിവിലിയന്‍ ഡ്രൈവറേയും മാവോയിസ്റ്റുകള്‍ ബ്ലാസ്റ്റ് ചെയ്തു ഛിന്ന
ഭിന്നമാക്കി. ജീവന്‍റെ തുടിപ്പു മിച്ചമുണ്ടായിരുന്നവരെ വീണ്ടും വെടിവച്ചു; കൊന്നു എന്നുറപ്പു വരുത്താന്‍. പരുക്കേറ്റ 31 ജവാന്മാരില്‍ 7 പേരുടെ നില ഗംഭീരം.

ഇന്നലെത്തന്നെ കുരുസനാറില്‍ സ്ഫോടനത്തില്‍ മറ്റൊരു പോലീസുകാരന്‍ മരിച്ചു.

മെനിഞ്ഞാന്ന് സാലേപ്പള്ളിയില്‍ രണ്ട് സ്പെഷ്യല്‍ പോലീസ് ഓഫീസേഴ്സ് ഉള്‍പ്പെടെ മൂന്നു പേരെ കൊന്നു.


മേയ് 8 : ഫര്‍സ്ഗഡില്‍ ഒരു പോലീസ് സിപ്പായി ബലിറാം ഘോട്ടായിയെ മാവോയ്സ്റ്റുകള്‍ കൊന്നു.

മേയ് 7 : ഫര്‍സ്ഗാവിലെ ഹാട്ട് ബജാറില്‍ മലക്കറി വാങ്ങിക്കൊണ്ടിരുന്ന ഠൌണ്‍ ഇന്‍സ്പെക്റ്റര്‍ അബ്ദുള്‍ വാഹിദ് ഖാനെ കുത്തികൊലപ്പെടുത്തി.

മേയ് 6 - ആസിര്‍ഗുഡയില്‍ വിസ്ഫോടനം. 2 പോലീസ് കോണ്‍സ്റ്റബ്ബിള്‍സ്, 5 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 11 പേര്‍ പൊട്ടിച്ചിതറി മരിച്ചു വീണു.

- മര്‍ദാപ്പാലില്‍ ഒരു ചൌക്കീദാരെ കൊന്നു.

മേയ് 5: - ആങ്ദ്ധീ ഗ്രാമത്തില്‍ ലോക്കല്‍ ബീ ജേ പീ നേതാവിലെ കൊന്നു.

- തിമാപൂറില്‍ ഒരു സ്പെഷ്യല്‍ പോലീസ് ഓഫീസറെ കൊന്നു.

- മാന്‍പൂറില്‍ ബീ ജേ പീ നേതാവ് ദര്‍ബാര്‍ സിങ് മണ്ടാവിയുടെ ഹത്യ.

മേയ് 4: പങ്ഖാജൂറിലെ ജന്‍പഥ് പഞ്ചായത്ത് ഉപാദ്ധ്യക്ഷനെ കൊന്നു.

മേയ് 2: കോറീരാസ് ഗ്രാമത്തിനടുത്ത് സീആര്‍പീഎഫിലെ 3 ജവാന്മാര്‍ക്കു ഗംഭീര പരിക്ക്.


2009 ജനുവരി മുതല്‍ ഏപ്രില്‍ വരെ 221 നക്സല്‍ ആക്രമണങ്ങള്‍ നടന്നു. 65 ജീവന്‍ നഷ്ടപ്പെട്ടു. 20 പോലീസുകാര്‍, 4 സ്പെഷ്യല്‍ പോലീസുകാര്‍, 28
സിവിലിയന്‍സ്, 13 നക്സലൈറ്റ്കള്‍.

2008ല്‍ 272 പോലീസുകാര്‍ രക്തസാക്ഷികളായി. സാധാരണക്കാരും, സ്പെഷ്യല്‍ പോലീസുകാരും, നക്സലൈറ്റ്സും ഉള്‍പ്പെടെ 600 ല്‍ പരം മരണങ്ങള്‍ വേറേ.

കുറേ കൊല്ലങ്ങളായി ഇതു തുടരുന്നു.

മാവോയിസ്റ്റ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ ജനാധിപത്യമെന്ന “ Farce", "sham", " illution" നേയും “pig sty" എന്നു വിളിയ്ക്കുന്ന നിയമ നിര്‍മ്മാണ സഭകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പു നാടകത്തേയും രക്ഷിക്കാന്‍ വേണ്ടി ബലിയാടുകളായ സാധുക്കളാണ് ഇവര്‍.

“ഉന്നതവും, യഥാര്‍ത്ഥവും സത്യസന്ധവും” ആയ ജനാധിപത്യ വ്യവസ്ഥിതിയ്ക്കു വേണ്ടി യത്നിയ്ക്കുന്ന “Revolutionary People's Committee"കള്‍ക്കും "Revolutionary Peasent's Committee"കള്‍ക്കും വേണ്ടി “രണാങ്കണങ്ങളില്‍ മാവോയിസ്റ്റുകള്‍ വിടര്‍ത്തിയ ആദിവാസി രാജമല്ലിപ്പൂക്കള്‍” നൂറ്റുക്കണക്കിനു വേറേയും.


ഇരു ഭാഗത്തും മരിച്ചുവീണവരില്‍ അധികവും ആദിവാസികളും, പട്ടിണിയോടൊട്ടിനില്‍ക്കുന്ന കൃഷിക്കാരന്‍റെ മക്കളും, വയറ്റുപ്പിഴപ്പിനു വേണ്ടി ജോലിയെടുക്കുന്ന പോലീസ് സിപ്പായികളും


വെറുതേ ജനിച്ചു, വെറുതേ മരിച്ചു വീഴുന്ന ഈ പാഴ്ജന്മങ്ങള്‍ക്കു വേണ്ടി അര്‍ണാ ഗോസ്വാമിയുടെ കണ്ണുകളില്‍ നിന്നും തീപ്പൊരി പാറിയില്ല. തോളുകള്‍ ഇളക്കി അയാളെപ്പോലെയുള്ളവര്‍ ‘ ഇന്‍ഡ്യയുടെ മനസ്സറിയാന്‍‘ എസ്സ് എം എസ്സ് വോട്ടുകള്‍ ചോദിച്ചില്ല. ബര്‍ഖാ ദത്ത് ക്യാമറക്കണ്ണുകളും , ലൈറ്റുമായി അബൂജ് മാഡിലെ വനവീഥികള്‍കളില്‍ എത്തിയില്ല. ഖുശ്വന്ത് സിങും, കരന്‍ ഥാപ്പറും, പ്രഫുല്‍ ബിദ്വായിയും ഉള്‍പ്പെടുന്ന അസംഖ്യം കോളമിസ്റ്റുകള്‍ ആഴ്ച്ചക്കുറിപ്പുകള്‍ സ്പോണ്‍സര്‍ ചെയ്തില്ല. മഹാശ്വേതാ ദേവി വിലാപ സാഹിത്യമെഴുതിയില്ല. രാമചന്ദ്ര ഗുഹ ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റില്ക്കല്‍ വീക്കിലിയില്‍ ഗവേഷണ പേപ്പറിട്ടില്ല. നന്ദിനീ സുന്ദര്‍ മിണ്ടിയില്ല. സിദ്ധാര്‍ദ്ധ വരദരാജന്‍ ദ് ഹിന്ദുവില്‍ വിപ്ലവം വമിച്ചില്ല. ജസ്റ്റിസ് കൃഷ്ണയ്യര്‍, ലോവര്‍ ജുഡിഷ്യറി ഇവരുമായി ബന്ധപ്പെട്ട അണ്ടര്‍ റ്റ്രയല്‍ കേസുകളില്‍ എങ്ങനെ തീരുമാനമെടുക്കേണ്ടതെന്നറിയിച്ചു കൊണ്ടുള്ള വിധി, പ്രസ്താവന രൂപത്തില്‍ ഇറക്കിയില്ല. അരുന്ധതീ റായിയും, മേദ്ധാ പാട്ക്കറും, സന്ദീപ് പാണ്ടേയും മറ്റും വിമാനം കയറി ഛത്തീസ്ഗഡിലെത്തി ബുഡാ താലാബു മുതല്‍ ഘഡീ ചൌക്കു വരെ
പ്രതിക്ഷേധ റാലി നടത്തി ക്ഷീണിച്ചു ബിസിലറി വെള്ളം കുടിച്ചില്ല. നോബല്‍ സമ്മാന ജേതാക്കള്‍ ഇന്‍ഡ്യന്‍ പ്രധാന മന്ത്രിക്കും പ്രസിഡന്‍റിനും പ്രതിഷേധ
പെറ്റീഷനുകള്‍ അയച്ചില്ല.ആംനെസ്റ്റി ഇന്‍റര്‍ നാഷനലും മറ്റു അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളും ഇവരെക്കുറിച്ചു കേട്ടിട്ടേയില്ല. യൂ എസ്സിലെ
ഇന്‍ഡ്യന്‍ കൌണ്‍സലേറ്റിനു മുന്‍പിലും, യൂ ക്കേയിലെ ഇന്‍ഡ്യന്‍ എംബസ്സിയ്ക്കു മുന്നിലും, ചര്‍ച്ചു ഗേറ്റിലും, ഇന്‍ഡ്യാഗേറ്റിലും കത്തിച്ച മെഴുകു തിരികളുമായി ആരും പ്രദര്‍ശനത്തിനെത്തിയില്ല. എഡില്‍ബെറോ യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ -ബെര്‍ക്കെലേയും ജേ എന്‍ യൂവും ഒരു സെമിനാര്‍ പോലും സംഘടിപ്പിച്ചില്ല. ആരും സ്വര്‍ണ്ണമെടലുകളും ഇന്‍റര്‍ നാഷണല്‍ അവാര്‍ഡുകളും കൊടുത്തില്ല.


ഛത്തീസ്ഗഡിന്‍റെ മണ്ണില്‍ പിടഞ്ഞു വീണ ഈ പ്രാണനു താങ്ങുവിലയിട്ട സര്‍ക്കാര്‍ കനിഞ്ഞു കൊടുക്കുന്ന കാശിനു വേണ്ടി ചെറുപ്പക്കാരികാളായ
വിധവകള്‍ കൈക്കുഞ്ഞുങ്ങളുമായി എസ്സ്പീ ഓഫീസിലും, താലൂക്കു കച്ചേരിയിലും, റ്റ്രഷറി കൌണ്ടറിനു മുന്നിലും. പിന്നെ ദയാപൂര്‍വ്വം ഇന്‍ഷ്വറന്‍സ് കമ്പനി വച്ചു നീട്ടുന്ന ചെക്കിനു വേണ്ടി മരണ സര്‍ട്ടിഫിക്കറ്റു തേടി നരകയാത്രകള്‍.


ഇവിടെ വര്‍ഗ്ഗ ബോദ്ധമില്ലാത്ത ഈ പ്രതിവിപ്ലവകാരി മറ്റൊന്നും ചെയ്യാനില്ലാതെ ഏ സീ മുറിയിലിരുന്നു ലാപ്പ്റ്റോപ്പില്‍ റ്റൈപ്പു ചെയ്തു ബ്ലോഗില്‍ പോസ്റ്റിടുന്നു.

ഇപ്പോള്‍ തോന്നുന്നത് ഏകാന്ത ശൂന്യത മാത്രം. കസ്തൂരിമാനും കല്ലോലിനിയും ഒന്നുമില്ലാത്ത മനസ്സില്‍ തന്നോടു തന്നെയുള്ള ഹീന ഭാവന; സ്വയം വെറുപ്പു.


ഇതു വായിക്കാനെത്തുന്ന ചുരുക്കം ചില ഫ്രണ്ട്സിനോടു പറയുവാന്‍ നെരൂദയുടെ പറഞ്ഞു പഴകിയ ഈ വരികള്‍ മാത്രം,

“Come and see the blood in the streets.
Come and see
the blood in the streets.
Come and see the blood
in the streets!”

6 comments:

ശ്രീ said...

നമുക്കെന്തു ചെയ്യാന്‍ കഴിയും മാഷേ, ഇത് വായിച്ചു നെടുവീര്‍പ്പിടുകയല്ലാതെ...

സനില്‍ എസ് .കെ said...

ചെയ്യാന്‍ ധാരാളമുണ്ട്. അതില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറുകയാണ് ഞാനും നിങ്ങളും ഒക്കെ.
പലതും ച്ചെയ്യാനുള്ലാപ്പോള്‍ , ഓരോരോ ഒഴിവു കഴിവുകള്‍ പറഞ്ഞ് ഒന്നും ചെയ്യാതിരിക്കുന്ന എന്നോട് പോലും പുച്ഛം തോന്നുന്നു. മാധ്യമങ്ങളില്‍ കൂടി അറിയാറുണ്ട് ഈ നവലോകത്തിന്‍ നെറികെട്ട താളം.
അറിയാം ഒന്ന്, ഇതൊന്നും ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല. കാരണം എന്തും ഇന്ന് വെറും കച്ചവടമാണ് . ശവക്കൂനയുടെ വലിപ്പം പോലും അധികാരക്കസേരകളെ ബലപ്പിക്കാനുള്ള ആണിയത്രേ .
കാപട്യം നിറഞ്ഞ കുറെ "സ്നേഹികളും" കൂടെയാകുമ്പോള്‍ , ആഹാ എല്ലാം തികഞ്ഞു...

പാമരന്‍ said...

നിങ്ങള്‍ക്ക്‌ ഇതെങ്കിലും ചെയ്യാനൊക്കുന്നല്ലോ.

"പ്രാണന്‍ പതിരുപോലെ പറന്നുപാറിച്ചിതറിവീണില്ലേ... നിങ്ങളോര്‍ക്കുക.."

kichu / കിച്ചു said...

“ഇവിടെ വര്‍ഗ്ഗ ബോദ്ധമില്ലാത്ത ഈ പ്രതിവിപ്ലവകാരി മറ്റൊന്നും ചെയ്യാനില്ലാതെ ഏ സീ മുറിയിലിരുന്നു ലാപ്പ്റ്റോപ്പില്‍ റ്റൈപ്പു ചെയ്തു ബ്ലോഗില്‍ പോസ്റ്റിടുന്നു“

ഇവിടെ ഏ സീ മുറിയിലിരുന്നു ലാപ്ടോപ്പില്‍ പോസ്റ്റ് വായിച്ചു നെഞ്ചു പൊളിയുന്ന വേദനയോടെ, ഒന്നും ചെയ്യാതിരിക്കുന്നതിന്റെ ആത്മ രോഷത്തൊടെ കമെന്റുന്നു...

ഹരിത്..

ഇത്, നീയൊ ഞാനൊ സനിലോ വിചാരിച്ചാല്‍ ഒഴിവാവില്ല. സ്വയം ഉണ്ടായതാണെങ്കിലല്ലെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകൂ. എല്ലാം പ്ലാന്‍ഡ് ആല്ലേ.. ഇതല്ലെങ്കില്‍ വേറെ ഒന്ന്. ഇന്നിവിടെ നാളെ മറ്റൊരിടത്ത്..... ആര്‍ക്കും വേണ്ടാത്ത കുറെ ജന്മങ്ങള്‍ ഇങ്ങനെ മരിച്ചു ജീവിക്കുന്നു.അവരെ അങ്ങനെ ആക്കിയവര്‍ നേട്ടങ്ങള്‍ കൊയ്യുന്നു. “പാവങ്ങള്‍“ നമ്മള്‍ നോക്കുകുത്തികളാവുന്നു!!!!

ഹന്‍ല്ലലത്ത് Hanllalath said...

ജ്വലിക്കുന്ന വിപ്ലവ ബോധവും പ്രതിഷേധവും സിരകളില്‍ കത്തി നില്‍ക്കുന്നത് കെടാതെ സൂക്ഷിക്കുന്നു എന്നത് തന്നെ താങ്കളെ വ്യത്യസ്ഥനാക്കുന്നു..

പ്രതീക്ഷകള്‍ ഇല്ലായെങ്കിലും ചെറു വിരലനക്കം പോലും സ്വയം നഷ്ടമാക്കുമെന്ന ഭയത്തില്‍ മുഖം പൂഴ്ത്തി ഞാനിരിക്കുന്നു...

ലേഖാവിജയ് said...

ഞാനും ഛത്തീസ്ഗഡില്‍ ആണ്.പലപ്പോഴും കേള്‍ക്കാറുണ്ട് ഇത്തരം വാര്‍ത്തകള്‍.കേള്‍ക്കും.ശ്രീ പറഞ്ഞതുപോലെ നെടുവീര്‍പ്പിടും.കൊലചെയ്യപ്പെട്ടവരുടെ കുടുംബത്തിനെന്തു സംഭവിച്ചു എന്നുകൂടി ചിന്തിക്കാറില്ല.ഇപ്പോള്‍ താങ്കളുടെ എഴുത്ത് അതു ഓര്‍മ്മിപ്പിച്ചു.ഒരു രാത്രി നക്സലൈറ്റ് ഭീഷണിയുള്ള വഴിയിലൂടെ വന്നതിന്റെ പേടി ഇനിയും മാറിയിട്ടില്ല.ഒന്നും ചെയ്യാനില്ല.എന്റെ കുടുംബത്തിനു ആപത്തൊന്നും വരല്ലേ എന്നു പ്രാര്‍ഥിക്കാനല്ലാതെ.