ഏഴാമത്തെ തിര ആദ്യ പ്രണയം പോലെ ആര്‍ത്തിരമ്പി വന്നു. പിന്നെ മുരണ്ട് മൂളി, വന്ന വഴിയേ തിരിച്ച് പോയി. ‘ നല്ല പ്രതീക്ഷകളുടെ മുനമ്പില്‍’ ചാറ്റല്‍ മഴ. കരുവാളിച്ച അറ്റ്ലാന്റികിനെ നീല ഹിന്ദുമഹാസാഗരം പ്രാകൃത ഭാവം പൂണ്ട് കണ്ണും പൂട്ടി പുണരുന്നു,മനസ്സില്ലാമനസ്സോടെ. നിറമില്ലാത്ത മഴത്തുള്ളികളില്‍ കുതിര്‍ന്ന് കക്ക പെറുക്കിയെടുക്കുന്ന വൃദ്ധയായ ട്യൂറിസ്റ്റിനെ സഹായിക്കുന്ന നിഹാരിക്കാ ഭട്ട്നാഗറെ എവിടെ വച്ചാണ് മുന്‍പു കണ്ട് മറന്നത്?
ജോ ബെര്‍ഗില്‍ വന്നിറങ്ങുമ്പോള്‍ ഞങ്ങളെ സ്വീകരിക്കാന്‍ ഹൈക്കമ്മീഷന് നിയോഗിച്ചതാണ് നിഹാരിക്കയെ. പിന്നീടുള്ള യാത്രയില്‍ മുഴുവനും എസ്കോര്‍ട്ടായി അവളുമുണ്ടായിരുന്നു. ഇപ്പോള്‍ കേപ്പ് ഒഫ് ഗുഡ്ഹോപ്പിലെ ആഫ്രിക്കന്‍ മഴത്തുള്ളികളില്‍ അവള് ആര്‍ദ്രമായി മന്ദഹസിക്കുന്നു.
“സര്, സന്ധ്യകഴിഞ്ഞു ഒറ്റയ്ക്കു അപരിചിതമായ വഴികളിലൂടെ നടക്കരുതെന്നു എല്ലാരോടും പറയണം. സുരക്ഷിതമല്ല. കറുമ്പന്മാരുടെ ഗാങുകള്‍ ഉണ്ട്. പിടിച്ചു പറിയ്ക്കും, അറ്റാക്ക് ചെയ്യും......”
നിഹാരിക്ക അടുത്തകാലത്തു ജോഹനസ് ബെര്‍ഗില്‍ നടന്ന കുറ്റകൃത്യങ്ങള്‍ വിവരിച്ചു തുടങ്ങി. കുറച്ചുപേര്‍ക്കു മണ്ടേലാസ്ക്വയറിലെ ഇന്‍ഡ്യന്‍ റെസ്റ്റൊറെന്റില്‍ പോകണം. മറ്റുചിലര്‍ക്കു ഷോപ്പിങ് മാളുകളിലും നഗരത്തിലെ മുന്തിയ കാസിനോയിലും കറങ്ങണം. പ്രിട്ടോറിയയില്‍ പോകണം. സണ്‍സിറ്റിയില്‍ സ്വര്‍ണ്ണഖനികളില്‍, അങ്ങനെ എല്ലാവര്ക്കും വേണ്ടി നിഹാരിക്ക മന്ദഹസിച്ചുകൊണ്ട് ഓടിനടന്നു. തിരക്കൊഴിഞ്ഞപ്പോള്‍ അവള് ചോദിച്ചു,
“ ഹരി സാറിനു എവിടെയാ പോകേണ്ടത്?”
“നിനക്കിഷ്ടമുള്ളിടത്തേയ്ക്ക്”
പിന്നെ ജൊഹാനാസ് ബെര്‍ഗിലെ മ്യൂസിക്ക് സ്റ്റോറുകളിലേയ്ക്ക്. ആഫ്രിക്കന്‍ ഗാനങ്ങള്‍.അപ്പാര്‍ത്തീഡിനെതിരായ പ്രസംഗങ്ങളും പാട്ടുകളും.
നിഹാരിക്ക പിന്നെ കൊണ്ടു പോയത് ഹൈക്കമ്മീഷനിലെ ഡ്രൈവര്‍ മനോയുടെ വീട്ടില്‍. ബ്ലാക്ക്സും ഇന്‍ഡ്യന്‍ മൈനോറ്റീസും ഏഷ്യാക്കാരും തിങ്ങി താമസിക്കുന്ന പട്ടിണിനിറഞ്ഞ ചേരി.
“ സര്, ദിസ് ഇസ് കള്‍ച്ചറല്‍ ഡൈവേഴ്സിറ്റി ഇന്‍ പോവെര്‍ട്ടി”, നിഹാരിക്ക വീണ്ടും മന്ദഹസിച്ചു.
മനോ മഞ്ഞപ്പല്ലുകള് കാട്ടി ചിരിച്ചു. മുള്ളന്‍ മുടികളില്‍ വിരലോടിച്ചു കൊണ്ട് ഭാര്യ റോഷനാരായെ പരിചയപ്പെടുത്തി. ഗര്‍ഭിണിയായ റോഷനാര വേച്ചു വേച്ചു വന്നു. കഞ്ഞി പോലെ എന്തോ കുടിയ്ക്കാന്‍ തന്നു. മനോ പത്തൊമ്പതാം വയസ്സില്‍ ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്തതാണ്.
രാമേശ്വരം,നേപ്പാള്‍,മാഡ്രിഡ് വഴി സ്വിറ്റ്സര്‍ലാന്‍ഡില്‍ രാഷ്ട്രീയാഭയം തേടി ഈ തമിഴ് പുലി. പിന്നിട് ഏതോ ഒരു അന്താരാഷ്ട്രീയ ഉടമ്പടിയിലുടെ പാരീസിലെത്തി. ഫ്രഞ്ച് പൌരത്വവും കിട്ടി. ഇന്‍ഡ്യന്‍ എംബസിയില്‍ ഡ്രൈവറായി. പിന്നെ സൌത്താഫ്രിക്കയിലെ ഇന്‍ഡ്യന്‍ ഹൈക്കമ്മീഷനില്‍ എത്തിപ്പെട്ടു.
ശ്രീലങ്കയില്‍ അവന്റെ അമ്മയേയും സഹോദരിയേയും അവര്‍ കൊന്നു. വയസ്സായ അഛന് ഒറ്റയ്ക്ക്. തിരിച്ചു പോകാന്‍ ധൈര്യമില്ല. കൂടെ ഇപ്പോള്‍ റോഷനാരയും. അവളുടെ കഥ ഞാന്‍ ചോദിച്ചില്ല.നിഹാരിക്ക റോഷനാരയുടെ വിരല്‍ പിടിച്ച് ആര്‍ദ്രമായി മന്ദഹസിച്ചു.
“മനോ, ഇങ്ങനെയൊക്കെ....?”
മഞ്ഞപ്പല്ലുകള് കാട്ടി മനോ പറഞ്ഞു,
“വന്നു പെട്ടു,സര്. ഒന്നൊന്നും അറിഞ്ഞുകൂടാത്ത പ്രായത്തില്‍... വര്‍ഷം പതിനഞ്ചു കഴിഞ്ഞു. തിരിച്ചു പോയാല്‍ തൂക്കുമരമാണെനിയ്ക്ക്”
കൊടുത്ത പണം മനോ മേടിച്ചില്ല. നിഹാരിക്ക പണം വാങ്ങി റോഷനാരയുടെ വിരലുകളില്‍ പിടിപ്പിച്ചു. കുഞ്ഞുണ്ടാകുമ്പോള്‍ ഉടുപ്പു വങ്ങാന്‍! അഭയാര്‍ത്ഥിയുടെ അടുത്ത തലമുറ്യ്ക്കൂള്ള ഭിക്ഷ! റോഷനാരയുടെ വരണ്ട ചിരി നെഞ്ചില്‍ ഉടക്കി.
കക്ക പെറുക്കിക്കളിച്ച വൃദ്ധയെ ഇപ്പോള്‍ കാണാനില്ല. മഴ ഇപ്പോഴും ശമിച്ചിട്ടില്ല. മുന്നില്‍ കൈനിറയെ ഈറന്‍ പ്രോട്ട്യസ് പുഷ്പങ്ങളുമായി നിഹാരിക്കാ ഭട്ട്നാഗര്‍. അവളുടെ ചിരിയിലും മഴയുടെ നനവ്. അവള് പ്രോട്ട്യസിന്റെ മിത്തുകളെക്കുടിച്ചു പറഞ്ഞുകൊണ്ടിരുന്നപ്പോഴും ഞാന്‍ ഓര്‍മ്മകളില്‍ പരതുകയായിരുന്നു. വെയര്‍ ഹാവ് ഐ സീന്‍ ഹെര്‍ ബിഫോര്‍?
അവളോട് ചോദിക്കുകതന്നെ.
“നിഹാരികാ, ഐ തിങ്ക് വീ ഹാവ് മെറ്റ് ബിഫോര്‍, സംവേര്‍”
ഉത്തരം ഒന്നും പറയാതെ അവല് പിന്നെയും മന്ദഹസിച്ചു.ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലേയ്ക്കുള്ള ഫ്ലൈറ്റില്‍ നിഹാരിക്ക എന്റെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു, മൌനങ്ങള്‍ക്കിടയില്‍ അവള് പതുക്കെ പറഞ്ഞു,
“ഹരിസര്‍ കണ്ടിട്ടുള്ളത് എന്റെ അമ്മയെയാണ്. അനാമികാ ദേബ് ഭട്ട്നാഗര്‍”
മനസ്സ് കൊടുംകാറ്റിന്റെ മുനമ്പായി. ഇവള് ആര് എസ്സ് ബീയുടെ മകള്‍! ആര് എസ്സ് ഭട്ട്നാഗര്‍, ക്ലാസ്സ്മേറ്റ്, റ്റെന്നീസ് ചാമ്പ്യന്‍.ഗവര്‍മെന്റ് ജോയിന്റ് സെക്രട്ട്രറി ആയിരുന്നു.
“അമ്മ?”
“ ആഫ്റ്റര്‍ പപ്പാസ് സൂയിസൈഡ് ഷീ ഇസ് മോസ്റ്റ്ലി ഇന്‍ ലൊഹാണ്ടിഗുഡ വനവാസി കല്യാണ്‍ കേന്ദ്ര ഒണ്‍ളി”
ഒരു ആവണി അവിട്ടത്തിനാണു ഞാന്‍ ലൊഹാണ്ടിഗുഡയിലെത്തിപ്പെട്ടത്. കുറേ കഷ്ടപ്പെട്ടു. ടാക്സിയും ജീപ്പുമൊന്നും വരാന്‍ തയ്യാറായില്ല. മാവോയിസ്റ്റുകളും പോലീസും തമ്മില്‍ മിക്കവാറും എന്നും എന്കൌണ്ടര് നടക്കുന്ന ഏരിയ. കാട്ടു റോഡൂകളില്‍ മൈന്‍ വിതച്ചിട്ടുണ്ടാവുമെന്ന ഭയം. ഒടുവില്‍ ഒരാള്‍ ട്രാക്ടറില്‍ ലിഫ്റ്റ് തന്നു. ഇന്ദ്രാവതിയിലെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പല്‍. ആരെയും കാണാനില്ല. ഉന്തു വണ്ടിയില്‍ ചായ വില്‍ക്കുന്ന ഒരാളെ ഒടുവില്‍ കണ്ടു. ചൂടു ചായ ഊതിക്കുടിക്കുന്നതിനിടയില്‍ വനവാസി കല്യാണ്‍ കേന്ദ്രയിലേയ്ക്കുള്ള വഴി ചോദിച്ചു. 4-5 കിലോമീറ്റര്‍ നടക്കണം.. കൂടെ വരാന്‍ ആരും ഇല്ല. പെട്ടെന്നാണ് നദിക്കരയില്‍ നിന്നൊരു പാട്ടുകേട്ടത്,
“കുളിച്ചാ കുത്താലം, കുമ്പിട്ടാ പരമസിവം
കുടിച്ചാ നീര്മോര്, പുടിച്ചാ നീധാണ്ടീ
സൊക്കുപ്പൊഡി മീനാച്ചീ , സൊക്കനാഥന്‍ നാന്താന്നു
സൊക്കുപ്പൊഡി മീനാച്ചീ , സൊക്കനാഥന്‍ നാന്താന്നു”
ലോറി ഓടിക്കുന്ന തമിഴന്മാര്, ഇവിടേയും! ഫാക്ടറിയിലേയ്ക്കുള്ള കല്‍ക്കരിയുമായി വരുന്നവര്‍. അവരോടൊപ്പം നദിയില്‍ മുങ്ങിക്കുളിച്ചു. വനവാസി കല്യാണ്‍ കേന്ദ്രയില്‍ കൊണ്ടെത്തിക്കാമെന്നു അവര്‍ കനിഞ്ഞു. പക്ഷേ ഉപനയനം കഴിയണം. ഞാനും കൂടി അവരോടൊപ്പം. പാപങ്ങള്‍ എല്ലാം ഒഴുക്കണം. പുത്തന്‍ പൂണൂല് ധരിക്കണം. അവര്‍ തന്ന പുതിയ പൂണൂല് തര്‍പ്പണം ചെയ്തു, വ്യാഹൃതി ചൊല്ലി, “ ഓം ഭൂര് ഭുവ സ്വാഹ” ......തത് സവിതുര്‍.....ബ്രഹ്മഗ്രന്ധിയും വിഷ്ണുഗ്രന്ധിയും രുദ്രഗ്രന്ധിയും കെട്ടി. ദാനം കിട്ടിയ പൂണൂല് ഇട്ടു. ഉപനയനം കഴിഞ്ഞു. ഇന്ദ്രാവതി പാപങ്ങള്‍ കഴുകി ഒഴുകി.
കേന്ദ്രയില്‍ അനാമികയ്ക്കു തിരക്കായിരുന്നു. ആദിവാസി സ്ത്രീകളുടെ മീറ്റിങ് കഴിഞ്ഞെത്തിയിട്ടും അനാമിക സംസാരിക്കാന്‍ കൂട്ടാക്കിയില്ല. മുംബയില്‍ നിന്നും വക്കീല്‍ വന്നിട്ടുണ്ട്. ഒരു പീ ഐ എല്‍ ഡ്രാഫ്റ്റ് ചെയ്യാനുണ്ട് എന്നു പറഞ്ഞൊഴിഞ്ഞു. രണ്ടാം ദിവസം അവള് അല്പം തണുത്ത മട്ടായി.
“ വൈ ആര് യൂ വേസ്റ്റിങ് യുവര്‍ ടൈം. ആന്‍ഡ് മൈ ടൈം ടൂ. ആര് യൂ നോട്ട് സീയിങ് ദിസ് ബ്ലേറ്റനന്റ് വയലേഷന്‍ ഒഫ് ഹൂമന്‍ റൈറ്റ്സ് ഹിയര്‍?”
“തിരക്കൊഴിയുമ്പോള്‍ സംസാരിക്കാം അനാമികേ, ആര് എസ്സ് ബീ പറഞ്ഞിട്ടാണു ഞാന്‍ ഇത്ര ദൂരം.....”
മൌനം.
അന്നു രാത്രി അനാമിക രോഷത്തോടെ ആദിവാസി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിനെക്കുറിച്ചും, അവരുടെ ഭൂമി മള്‍ട്ടിനാഷനത്സ് കയ്യേറ്റം ചെയ്യുന്നതിനെക്കുറിച്ചും, പോലീസിന്റെ അക്രമങ്ങളെക്കുറിച്ചും കുറേ സംസാരിച്ചു.
“ അനാമികേ, ഞാന്‍ വന്നത് നിങ്ങളുടെ മകളെക്കുറിച്ചു സംസാരിക്കാനാണു, ആര് എസ്സ് ബീ വിവരങ്ങള്‍ പറയുമ്പോള്‍ ഫോണിലൂടെ കരയുകയായിരുന്നു.”
“യുവര്‍ ഫ്രണ്ട് ഇസ് മാഡ്. നയന്റീന്ത് സെഞ്ചുറി ഫ്യൂഡല്‍ മൈന്‍ഡ് സെറ്റ്..മൈ ഡാട്ടര്‍ നോസ് വാട്ട് ഷീ ഈസ് ഡൂയിങ്”
“പതിന്നാലു വയസ്സായ റ്റീന് ഏജ് കുട്ടിയല്ലേ അവള്. ഷീ നീഡ്സ് യൂ. നീ എന്റെ കൂടെ വരണം”
അനാമിക ഒന്നും മിണ്ടിയില്ല.
അനാമികയേയും മകളേയും ഡെല്‍ഹിയിലാക്കി ഒരു കൊല്ലത്തെ റ്റ്രൈനിങിനു പോയതാണ് ആര് എസ്സ് ബീ. തിരിച്ചു വന്നപ്പോള്‍ കണ്ടത് വീടിനടുത്തുള്ള ചെരുപ്പുകടയിലെ സെയിത്സ്മാന് ചെക്കനു വീട്ടില്‍ അമിത സ്വാതന്ത്ര്യം. രാത്രി 2 -3 മണിവരെ അവന് മകളുടെ മുറിയില്‍.അവനു എല്ലാ ഒത്താശകളും ചെയ്യുന്നത് അനാമിക. അവന് മൊബൈല്‍ ഫോണും വസ്ത്രങ്ങളും പോക്കറ്റ് മണിയും ഒക്കെ കൊടുക്കുന്നതും അവള്. പല രാത്രികളും അവന് മകളുടെ മുറിയില്‍ തന്നെ ഉറങ്ങും. അവനില്ലാത്ത രാത്രികളില്‍ മകള്‍ രാത്രി 4-5 മണി വരെ അവനുമായി ഫോണില്‍ സംസാരിച്ചിരിക്കും.
“ഹരീ അവനൊരു സ്ക്കൂള് ഡ്രോപ്പൌട്ടാണ്. ഹീ യൂസെസ് ഡ്രഗ്സ്. അവനൊരു സ്ലം ബോയ് എന്നതല്ല പ്രശ്നം. ഒരു രീതിയിലും എന്റെ മകള്‍ക്ക് യോജിച്ചവനല്ല. ഷീ ഈസ് ഒണ്‍ളി 14. അനാമികയെപ്പോലെ വിദ്യാഭ്യാസമുള്ള ഒരു അമ്മയ്ക്കു ഇവനെക്കുറിച്ചൊരു ബ്ലൈന്‍ഡ് സ്പോട്ട് എങ്ങനെ ഉണ്ടായി എന്നെനിക്കു മനസ്സിലാവുന്നില്ല, അനാമികയുടെ പാരന്റ്സും ബ്രദേഴ്സുമൊക്കെ പറഞ്ഞു നോക്കി. ഷീ ഇസ് അഡമെന്റ്. ഞാന്‍ മകളെ ഊട്ടിയില്‍ റെസിഡന്റ് സ്ക്കൂളില്‍ ആക്കി നോക്കി. അനാമിക ഗീവ്സ് ഫ്ലൈറ്റ് ടിക്കറ്റ് ടു ദിസ് ബോയ് റ്റു ഗോറ്റു ഊട്ടി. ഐ റ്റ്രൈഡ് എവെരിതിങ്. പ്ലീസ് ഹെല്‍പ്പ്”
ആര് എസ്സ് ബീ കരഞ്ഞു. എന്നാലും ഇതു അവര്‍ തമ്മില്‍ തീര്‍ക്കേണ്ട പ്രശ്നമാണെന്നും എന്റെ ഇടപെടല്‍ ഗുണമുണ്ടാക്കില്ലെന്നും തന്നെ എനിക്കു തോന്നി. ഒഴിഞ്ഞു മാറി. പിന്നെ ആര് എസ്സ് ബീ വീണ്ടും വിളിച്ചത് രണ്ട്മൂന്നു മാസങ്ങള്‍ക്കു ശേഷമാണ്. മകള്‍ പഠിത്തം ഇടയ്ക്കു വച്ച് മതിയാക്കി വീട്ടില്‍ വന്നു. അനാമിക ലൊഹാണ്ടിഗുഡയിലെ എന്‍ ജീ ഓ പ്രവര്‍ത്തനങ്ങളുമായി പിരിഞ്ഞു താമസിക്കുന്നു. ഭ്രാന്തനെപ്പോലെയുള്ള അവന്റെ ജല്പ്പനങ്ങള് കേട്ടപ്പോള്‍ ഉള്ളില്‍ കണ്ണീര് ചുരന്നു. അനാമികയെ ഒന്നു കണ്ട് സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു. എന്തെങ്കിലും പോസിറ്റീവായി സംഭവിക്കുമെങ്കിലോ എന്നു കരുതി വന്നതാണ്.
മൂന്നു ദിവസങ്ങള്‍ കൂടെ ഞാന്‍ വനവാസി കല്യാണ്‍ കേന്ദ്രയില്‍ തങ്ങി. അനാമിക തിരിച്ചു വരാന്‍ കൂട്ടാക്കിയില്ല. ഒഴിഞ്ഞ മനസ്സുമായി ഞാന്‍ മടങ്ങി, പാപങ്ങള്‍ കഴുകി ഒഴുക്കി സംശുദ്ധമാക്കുന്ന ഇന്ദ്രാവതിപ്പുഴയും താണ്ടി.
“ഹരി അങ്കിള്‍” ഇവിടെ വന്നതിനു ശേഷം ആദ്യമായാണു അവള് അങ്ങനെ വിളിച്ചത്, “ ക്രൂഗര്‍ നാഷനല്‍ പാര്‍ക്കില്‍ ഞാന്‍ തങ്ങുന്നില്ല. വേറോരു ഡെലിഗേഷന് വരുന്നുണ്ട്. യൂണിയന് മിനിസ്റ്ററും മറ്റും.”
“ ദാറ്റ് ഈസ് ഓക്കേ മോളേ, നിന്റെ കുടുംബമൊക്കെ....”
“ ആയിട്ടില്ല അങ്കിള്‍” നിഹാരിക ആര്‍ദ്രമായി മന്ദഹസിച്ചു.
നരച്ച ക്രൂഗര്‍ പാര്‍ക്കിലെ ഒരു വരണ്ട ആഫ്രിക്കന്‍ കാറ്റ് ഞങ്ങളെ തഴുകി കടന്നുപോയി.
Sunday, December 27, 2009
Subscribe to:
Post Comments (Atom)
34 comments:
എഴുത്തു മരവിച്ചു കിടന്നുപോയി കുറച്ചു കാലം.അതിന്റെ ദോഷം ഈ പോസ്റ്റില്‍ കാണാനുമുണ്ട്. എന്നാലും 2009തില്‍ ഒരു പോസ്റ്റുകൂടെ ഇടാമെന്നു വച്ചു. വെറുതേ ഒരെണ്ണം.
താങ്കളുടെ എഴുത്ത് മരവിച്ചുകിടക്കേണ്ടതല്ല. നന്നായി.ആശംസകള്‍!
ആദ്യമായാണ് ഞാനിവിടെ എത്തുന്നതും ഈ കഥ വായിക്കുന്നതും. എനിക്ക് പരിചയമില്ലാത്ത സ്ഥലങ്ങളും സാഹചര്യങ്ങലുമായതിനാല് രണ്ടുതവണ വായിക്കേണ്ടിവന്നു. നല്ല ഭാഷയും ശൈലിയുമായി തോന്നി.ആശംസകള്‍...
ഹരീ.....
ഇത് മരവിച്ച വെറുതെ ഒന്നല്ല.. പച്ചയായ ജീവിതമുള്ള എന്തോ ഒന്ന്...
തീര്‍ച്ചയായും മരവിപ്പില്‍ നിന്നുണരണം, ഒരപേക്ഷയാണ്.
2010-ല്‍ അക്ഷരപ്പച്ച കൂടുതല്‍ ഹരിതാഭമാകട്ടെ.
പുതുവത്സരാശംസകള്‍.
ഹരിത്,
എവിടെയോ നമ്മള് തമ്മിലും, 2009ല്‍ നഷ്ടമായതു പോലെ എനിക്ക് തോന്നിയത് യാദ്രുച്ഛികം. പക്ഷേ താങ്കളുടെ മരവിപ്പ് വെറും തോന്നലായിരുന്നു. 2010ല്‍ നല്ല പോസ്റ്റുകള്‍ ഇനിയും ഉണ്ടാവാനായ പ്രാര്‍ഥനകളുമായി...
ഞാനും ഇവിടെ കാത്ത് നില്ക്കുന്നു.
പുതുവത്സാരാഅശംസകള്.!
ഹരിത്ജി,
നിങ്ങള്ടെ എഴുത്ത് എത്രമരവിച്ചാലും ചൂടാറുന്നില്ല. യാത്രയിലായിരുന്നോ?
നവവല്സരാശംസകള്..
നന്ദി ഹരിത്. കഥ വളരെ ഇഷ്ടപ്പെട്ടു.
Wish you a great 2010!
വ്യത്യസ്തമായ പശ്ചാത്തലത്തിൽ
മനസ്സിൽ തൊടുന്നപോലെ
പുതുവത്സരം പച്ചപുതച്ചതാകട്ടെ :-)
ആദ്യമായാണ് ഇവിടെ. കഥ ഇഷ്ടപ്പെട്ടു
പുതുവത്സരാശംസകള്‍
കാത്തിരുന്നതിന് കാര്യമുണ്ടായി, കഥ ഇഷ്ടായി.ഇനി സ്ഥിരാവണെ!
ഞാനാദ്യമായാണു നിങ്ങളെ വായിക്കുന്നത്- വല്ലാത്ത ഹൃദയ സ്പര്‍ശമുള്ള പേന
നന്ദി ഹരിത് :)
സത്യത്തില്‍ കാര്യമായി ഒന്നും മനസ്സിലായില്ല!
പക്ഷേ, വാക്കുകളുടെ സൌന്ദര്യംവല്ലാതെ ആകര്ഷിക്കുന്നുണ്ടു താനും!
അണ്ണാ കുറേക്കാലമായല്ലൊ കണ്ടിട്ട്. നമ്മുടെ മറ്റേ സഖാവ് മൌനവ്രതത്തിലായ ശേഷം പൊതുവേ വായന കുറവായി.
എഴുത്ത് എരമ്പി
നന്ദി പ്രശാന്ത് ചിരക്കര. നവവത്സരാശംസകള്‍.
റാംജി: ആദ്യമായി ഇവിദെ വന്നതിനു നന്ദി, സ്വാഗതം. രണ്ടാം വായനയ്ക്കു ഇരട്ടി നന്ദി.
കിച്ചുജി: നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി. നവവത്സരാശംസകള്‍. 2010നെ നല്ല പ്രതീക്ഷകളുമായി കാത്തിരിക്കുന്നു.
അസ്മദീയത്തില് ഷംസിന്റെ ഫോട്ടോ കലക്കി.
വേണുജി: നമ്മള് തമ്മില്‍ മരവിപ്പില്ല. മരവിപ്പ് എനിക്കു മാത്രമായിരുന്നു. അതും താല്‍ക്കാലികമായി മാത്രം. പുതു വത്സരം നമുക്കു നല്ലതു വരുത്തട്ടെ എന്നു ആശംസിക്കുന്നു.
പാമൂ: വളരെ നന്ദി, നല്ല വാക്കുകള്‍ക്കും. യാത്രകള്‍ തുടരുന്നു. ഇപ്പൊഴും യാത്രയില്‍ തന്നെ. നവവത്സരാശംസകള്‍.
വളരെ നന്ദി ശ്രീവല്ലഭന്.വീണ്ടും സ്വാഗതം. പുതു വത്സരാശംസകള്‍.
ആഗ്നേയ: ആദ്യാമായാണിവിടെ എന്നു തോന്നുന്നു. സ്വാഗതം. നന്ദി.
സ്വാഗതം അഭി. നന്ദി ആശംസകള്‍.
നന്ദി മേലേതില്‍.
കാട്ടിപ്പരുത്തിയ്ക്കു സ്വാഗതം. നന്ദി. ഇനിയും വരുമല്ലോ.
നന്ദി ബിനോയ്.
സജി: മനസ്സിലാകാത്തതില്‍ വിഷമമുണ്ട്. എഴുത്തില്‍ ക്ലാരിറ്റി ഇല്ലാതായതാവാം. നല്ല വാക്കുകള്‍ക്കു നന്ദി.
തഥാഗതരേ,സഖാവ് പ്രണയ ലൈനായപ്പോഴേ ഞാന്‍ ഇതു പ്രെഡിക്ട് ചെയ്തിരുന്നു. തിരിച്ചു വരും എന്നു പ്രതീക്ഷിക്കാം. നന്ദി.
ഇത് കാണാന്‍ വൈകി .
മനോഹരമായി എഴുതിയിട്ടുണ്ട് !
വളരെ ഇഷ്ടപ്പെട്ടു!
ജി..,
എത്ര നന്നായ് എഴുതിയിരിക്കുന്നു.
ഇനിയും വരാം.
ഹരിത്
വീണ്ടും എഴുതിത്തുടങ്ങിയതില്‍ സന്തോഷം. കഥ വളരെ നന്നായി. എങ്ങനെയുണ്ട് ആരോഗ്യം?
വളരെ ഇഷ്ടമായി ഹരിത്...
മനോഹരമായി എഴുതിയിരിക്കുന്നു ഹരി. വായനക്കാര്‍ക്കു കൂട്ടി യോജിപ്പിക്കാന്‍ നീ ഒഴിച്ചിട്ട ഇടങ്ങളാണ് ഈ വായനയെ എന്റെ മനസ്സില്‍ നിര്‍ത്തുന്നത്.
വരികൾക്കിടയിലുംവായിക്കാനിടം നൽകികൊണ്ട് നന്നായി എഴുതിയിരിക്കുന്നു...ആശംസകൾ
ഏറെക്കാലത്തിനു ശേഷമാണല്ലോ ഹരിതിണ്റ്റെ ഒരു കഥ. പക്ഷേ വികാര തീവ്രത ഒട്ടും നഷ്ടപ്പെട്ടിട്ടില്ല. [ഒന്നു രണ്ടു അക്ഷര പിശകു കണ്ടു -ഒാര്മ്മയുള്ള ഒന്നു `കുടുംബം'].
പുതു വര്‍ഷത്തില്‍ കൂടുതല്‍ നല്ല കഥകളുമായി ഹരിതിനെ കൂടെക്കൂടെ ഇവിടെ കാണുമല്ലോ?
ജയന് ഏവൂര്‍: സ്വാഗതം. കഥ ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം. നവവത്സരാശംസകള്‍.
പാണ്ഡവാസ്: വളരെ നദി. സ്വാഗതം ആശംസകള്‍.
നന്ദി വടവോ. അരോഗ്യം റ്റോളറബിള്‍ ലിമിറ്റില്‍ തന്നെ തുടരുന്നു. കഥ ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം. നവവത്സരാശംസകള്‍.
പകല്ക്കിനാവന്: നന്ദി. ആശംസകള്‍.
ശിവ: ശിവയെപ്പോലെയുള്ള വായനക്കാരാണു് വീണ്ടും എഴുതാന്‍ പ്രേരണ തരുന്നത്. വളരെ നന്ദി.
താരകന്: ആദ്യമായാണിവിടെ അല്ലേ? നല്ല വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി. സ്വാഗതം. വീണ്ടും വരിക. നവവത്സരാശംസകള്‍.
ജിതേന്ദ്രകുമര്‍: അക്ഷരപ്പിശകുകള്‍ ഒന്നു രണ്ടെണ്ണം തിരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാട്ടിയതിനു നന്ദി. പൊസ്റ്റു ചെയ്യാനുള്ള തിടുക്കത്തില്‍, ക്ഷമയില്ലാത്തതിനാല് ഒന്നു എഡിറ്റു ചെയ്യാന്‍ കൂടി ശ്രമിച്ചില്ല. ജിതേന്ദ്രനു നവ വത്സരാശംസകള്‍. 2010ല്‍ താങ്കള്‍ക്കും നല്ല കഥകള്‍ എഴുതാനാകട്ടെ എന്നും ആശംസിക്കുന്നു
വീണ്ടും കണ്ടതില്‍ സന്തോഷം, മാഷേ...
പുതുവത്സരാശംസകള്‍!
നന്ദി ശ്രീ.
നവവത്സരാശംസകള്‍
ഹരിത്,
ഇടയ്ക്കെല്ലാം നിങ്ങളുടെ പോസ്റ്റുകള്‍ കാണുന്നില്ലല്ലോ എന്നോര്‍ക്കുമായിരുന്നു. വീണ്ടു് വായനയില്‍ ഹൃദയംനിറച്ചതിനു് നന്ദി.
മനോഹരമായ എഴുത്ത്..അഭിനന്ദനങ്ങള്‍
ഫോളോ ചെയ്യാനുള്ള ഓപ്ഷന് കണ്ടില്ല.എങ്കില്‍ പുതിയ പോസ്റ്റുകല്‍ അറിയാന്‍ എളുപ്പമായേനേ
ഹരിത്ത് കഥ കുറച്ചുനാള്‍ മുന്‍പേ വായിച്ചിരുന്നു. അന്ന് റിപ്ലെ ഇടാന്‍ പറ്റുമായിരുന്നില്ല. എല്ലാറ്റിനും മുന്‍പേ തിരികെ വന്നതില്‍ സന്തോഷം :)
കഥ നിറയെയുണ്ട്. രൂപം കുറേയേറേ നന്നാക്കാമായിരുന്നു എന്ന് ഹരിത്തിനുതന്നെ അറിയാല്ലോ.. ഇതില്‍ നിന്ന് മറ്റെന്തോ എഴുതാനുള്ളതുപോലെ.. വരും . വരാതിരിക്കില്ല :)
ഇവിടെ വീണ്ടും വന്നതില്‍ സന്തോഷം സെബിന്. നല്ലതൊന്നും എഴുതാനില്ലായിരുന്ന ഒരു ഇടവേള. വീണ്ടും തല്ലിപ്പഴുപ്പിച്ചു നോക്കിയതാണ്. നല്ല വാക്കുകള്‍ക്കു നന്ദി.
റോസാപ്പൂക്കള്‍ക്കു സ്വാഗതം. നന്ദി. ഫോളോ ചെയ്യാനുള്ള ഓപ്ഷന് ഇടാത്തത് ആരും ഫോളോ ചെയ്തില്ലെങ്കിലോ എന്നൊരു പേടിയും പിന്നെ സ്വതവേയുള്ള അപകര്‍ഷതാ ബോധവും കൊണ്ടാണ് .വീണ്ടും വരണേ.
ഗുപ്തരേ, വായിച്ചിരുന്നുവെന്നു ഷെയേര്‍ഡ് ലിസ്റ്റില്‍ നിന്നും മനസ്സിലാക്കിയിരുന്നു. കമന്റിനു നന്ദി. നന്നാക്കാന്‍ ഒരുപാടുണ്ടെന്നു അറിയാം. ക്ഷമയും താല്‍പ്പര്യവും ഇല്ലാതിരുന്ന ഒരു ഇടവേള ഉണ്ടായിപ്പോയി. അതില്‍ നിന്നൊരു മോചനം എന്നു മാത്രമേ ഈ പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചിരുന്നുള്ളൂ.
ഇനിയും നല്ല കഥകള്‍ വരുന്ന വരുന്ന വഴിയും കാത്ത് പ്രതീക്ഷയോടെ ....
ശുഭാപ്തി വിശ്വാസത്തിനും പ്രോത്സാഹനത്തിനും നന്ദി.
മനോഹരമായിരിക്കുന്നു.... വ്യത്യസ്തമായ പശ്ചാത്തലമുള്ള കഥാപാത്രങ്ങള്‍. ഇതു കഥയോ അനുഭവമോ?
വളരെ നന്ദി പഥികന്.
അനുഭവങ്ങളുടെ കഥയെന്നോ, കഥയുടെ അനുഭവങ്ങളെന്നോ ഒക്കെ വേണമെങ്കില്‍ പറയാം. പക്ഷേ വെറും ഒരു കഥ എന്നു പറയാനാണെനിയ്ക്കു ഇഷ്ടം.
നന്ദി റ്റോംസ്, വായനയ്ക്കും ബ്ലോഗിലേയ്ക്കുള്ള ക്ഷണത്തിനും.
this subject matter. Through your personal articles, I’ve gone from just an amateur to a skilled in the region. It can be really a honor to your work. Thanks
Post a Comment