Tuesday, January 22, 2008

വോട്ടിന്റെ രാജനീതി

ഇന്നലെ ഓഫീസില്‍നിന്നും വീട്ടില്‍ എത്തിയപ്പൊള്‍ കണ്ടത് ഏഷ്യാനെറ്റിലെ പാട്ട് റിയാലിറ്റി ഷോ (ഐഡിയാ സ്റ്റാര്‍ സിങര്‍) ദുഖിതയായി കണ്ടുകൊണ്ടിരിക്കുന്ന എന്റെ അമ്മയെയാണ്. മുടിവളര്‍ത്തി, മീശയൊന്നും ഇല്ലാത്ത, സ്ത്രൈണഭാവമുള്ള ഒരു നരുന്ത് ചെറുക്കന്‍, തളര്‍വാതം പിടിച്ചു ചാരുകസേരയില്‍ കിടക്കുന്ന ഒരു സ്തീക്കു ചുറ്റും നടന്നു പാടുന്നു. ഇടക്കിടെ അവരുടെ തളര്‍ന്നു വിറക്കുന്ന കൈകള്‍ തടവുന്നു. കൈകള്‍ അവന്റെ കവിളില്‍ ചേര്‍ത്തു പിടിക്കുന്നു. അമ്മയുടെ സ്നേഹത്തെക്കുറിച്ചുള്ള ആ ദുഖഗാനം കേട്ടു ആ പാവം സ്ത്രീ കരയുന്നു. അതുകണ്ട് കുറെ കാണികളും, ജഡ്ജസും കണ്ണുതുടക്കുന്നു.


അതവന്റെ സ്വന്തം അമ്മയാണെന്നറിഞ്ഞ് എന്റെ അമ്മക്കും വല്ലാത്ത സങ്കടം.

എസ്സ് എം എസ്സ് വോട്ടിനു വേണ്ടി സഹതാപതരംഗം സൃഷ്ടിക്കാന്‍ ഇവന്മാര്‍ എന്തൊക്കെയാ ഈ കാട്ടിക്കൂട്ടുന്നത്? സ്വന്തം അമ്മയുടെ വൈകല്യവും നിസ്സഹായതയെയും വരെ പബ്ലിക്കായി പ്രദര്‍ശിപ്പിക്കുന്നല്ലോ...പ്രോഗ്രാം മുഴുവന്‍ കാണാനുള്ള ആമ്പിയര്‍ ഇല്ലാത്തതുകൊണ്ട്, സുകൃതക്ഷയം, സുകൃതക്ഷയം എന്നു വള്ളൂവനാടന്‍ ഭാഷയില്‍ മനസ്സില്‍ പറഞ്ഞു,ഞാന്‍ എന്റെ മുറിയിലേക്ക് പോയി. മനസ്സിലെ അമര്‍ഷം മാറാന്‍ രണ്ട് വോഡ്ക അമ്മ കാണാതെ വീശി, സന്താപത്തോടെ മയങ്ങി.

രാവിലെയും റിയാലിറ്റി ഷോയിലെ ആ അറയ്ക്കുന്ന രംഗം മനസ്സില്‍ ഹാങ് ഓവര്‍ ആയി തികട്ടി വന്നു. അമ്മയോടെന്ന മട്ടില്‍ ഞാന്‍ എന്നോടു തന്നെയായി പറഞ്ഞു,

“സ്റ്റാര്‍ സിംഗര്‍കാര്‍ ഭിക്ഷക്കാരന്മാരെക്കാളും കഷ്ട്ടമാണല്ലോ? സ്വന്തം അമ്മയെപ്പോലും വോട്ടിനായി ഉപയോഗിക്കുന്നല്ലോ! ”

അമ്മ രാവിലെ തന്നെ ചാനലായ ചാനലെല്ലാം മാറ്റി മാറ്റി നക്ഷത്രഫലം പറയുന്ന മാരണങ്ങളെ തിരയുന്ന തിരക്കിലാണെങ്കിലും, അല്പം നിരാശയുടെ സ്വരത്തില്‍ പറ്ഞ്ഞു,

“ ഓ... അവര്‍ക്കു ഒരു അസുഖവും ഇല്ല. പാട്ട് കഴിഞ്ഞപ്പോള്‍ അവര് പയറുപോലെ എഴുന്നേറ്റ് പോയി”

ഞാന്‍ കണ്ടത് കുടുംബത്തോടെ അഭിനയിച്ചു പാടുന്ന ഒരു സെഗ്മന്റാണത്രേ...

എന്റെ അമര്‍ഷം കൂടിക്കൂടിവന്നു... ഇതു രണ്ട് വോഡ്കയില്‍ തീരില്ല...

ഇനി എന്തെഴുതാന്‍? കഷ്ടം.... അല്ലാതെന്താ?

8 comments:

ഹരിത് said...

ഇനി എന്തെഴുതാന്‍? കഷ്ടം.... അല്ലാതെന്താ?

പപ്പൂസ് said...

സാരമില്ല ഹരിത്തേ.....
രണ്ടെണ്ണം കൂടി വീശിക്കോ. ;)

സന്തോഷ് said...

അമളി വിഭാഗത്തില്‍ കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു. (അതാവുമ്പോള്‍ എഴുതാന്‍ ബുദ്ധിമുട്ടേണ്ടി വരില്ല, അല്ലേ?)

:)

welcome to the shadows of life said...

ചേട്ടായി,
ബ്ലോഗ്ഗെര്മാരുടെ വിശാല ലോകത്തേക്ക് ഒരു college online magazinu മായി ഞാന്‍ ഷഫീക്, പല്പയാസം കൊണ്ടു അനുഗ്രഹീതമായ അമ്പലപ്പുഴയില്‍ നിന്നും,
കുറെ നിഴലുകലുംയി..........

കടവന്‍ said...

ആദ്യം പരിഷ്കരിക്കേണ്ടത് കേരളിയരുടെ തലച്ചോറാണ്.

ഹരിത് said...

നന്ദി പപ്പൂസ്, സന്തോഷ്, കടവന്‍.
പപ്പൂസിന്റെ ഒപിനിയന്‍ അംഗീകരിച്ചു രണ്ടെണ്ണം കൂടി വീശി. സന്തോഷ് അമളി വിഭാഗത്തില്‍ പലതും പ്രതീക്ഷിക്കാം.’എഴുത്തുകാരന്റെ സ്വാതന്ത്ര്യം‘ എന്ന ന്യായം പറയില്ല ഞാന്‍. ഒരുപാടു അമളികല്‍ എനിക്കും എന്റെ ഫ്രണ്ട്സിനും ബന്ധുക്കള്‍ക്കും ഒക്കെ പറ്റിയിട്ടുണ്ട്. അതെല്ലാം വരുന്നുണ്ട് പുറകേ...ഒരു ബുദ്ധിമുട്ടും ഇല്ല എഴുതാന്‍.സത്യസന്ധമായി എഴുതാനുള്ള ആര്‍ജ്ജവം ബാക്കിയുണ്ട് എപ്പോഴും..

കടവന്‍..കേര‍ളീയര്‍ ഉള്ള തലച്ചോറും കൊണ്ട് ജീവിച്ചു പോട്ടെ..ഇനിയിപ്പോ അവരെ നന്നാക്കാനൊന്നും പോണ്ട.. നന്നാവില്ല..
എല്ലാവര്‍ക്കും നന്ദി

ഗോപന്‍ - Gopan said...

ഹരിത്,
ഈ പോസ്റ്റും കടവന് കൊടുത്ത മറുപടിയും കലക്കി.
ഐഡിയ സ്റ്റാര്‍ ഇല്ലാതെ എന്ത് ജീവിതം !

ഹരിത് said...

നന്ദി ഗോപന്‍