Monday, January 28, 2008

മനുഷ്യാവകാശധ്വംസനം-പ്രതികരണം

‘വായന’യിലെ ‘ഗോവിന്ദന്‍ കുട്ടിയെ മോചിപ്പിക്കുക’ എന്ന പോസ്റ്റിനൊരു പ്രതികരണം


“ആശയ പ്രകാശനത്തിലുള്ള അവകാശവും സ്വാതന്ത്ര്യവും” അടിവരയിടുന്ന ഭാരതത്തിന്റെ ഭരണഘടനയുടെ കുറ്റകരമായ ലംഘനം തന്നെയാണ് ഗോവിന്ദന്‍ കുട്ടിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
* * *
വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തില്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ ഒരു പത്രം നടത്തിയിരുന്ന ഗോവിന്ദന്‍ കുട്ടിയെ അറസ്റ്റ് ചെയ്യുമ്പോഴും അദ്ദേഹത്തിന്റെപത്രം നിയമ വിരുദ്ധമായിരുന്നു എന്ന പേരില്‍ അടച്ചു പൂട്ടിയിട്ടില്ല
* * *
എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥമാണ്
* * *
എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളേയും നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥമാക്കുന്ന തരത്തില്‍ പൊതുജനാഭിപ്രായം രൂപപ്പെട്ട് ശക്തിയാര്‍ജ്ജിക്കേണ്ടതുണ്ട് .
* * *
‘നോട്ടപ്പിശകുകള്‍’പരിഹരിയ്കാനാണല്ലൊ
നമുക്കൊരു ജുഡീഷ്യറി.
ശിക്ഷവിധിയ്ക്കാന്‍ നമുക്കവകാശമില്ല
* * *

മുകളില്‍ കൊടുത്തിരിക്കുന്നത് B.R.P Bhaskar സാറിന്റെ ‘വായന’ എന്ന ബ്ലോഗില്‍ പീപ്പ്ള്‍സ് മാര്‍ച്ച് എഡിറ്റര്‍ പി. ഗോവിന്ദന്‍ കുട്ടിയെ കേരള
ഗവര്‍മെന്റ് അറസ്റ്റ് ചെയ്തതിനെതിരെയുള്ള പോസ്റ്റിലെ കമന്റ്സില്‍ നിന്നും എടുത്ത കുറച്ചു വരികള്‍ ആണു. അഞ്ചല്‍ക്കാരന്‍, ഭാസ്കര്‍ സര്‍, കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടി, ചിത്രകാരന്‍, ഭൂമിപുത്രി എന്നിവര്‍ക്കൊപ്പം ഞാനും അഭിപ്രായം പറഞ്ഞിട്ടുണ്ട്. ദയവായി ഇവിടെ നോക്കുക
ഇപ്പോള്‍ എനിക്കു പറയാനുള്ളത് ഒരു കമന്റിന്റെ പരിധിയില്‍ നില്‍ക്കുമോ എന്നുള്ള സംശയം കൊണ്ടാണു ഇങ്ങനെ ഒരു പോസ്റ്റാക്കിയത്. ആദ്യമേ തന്നെ ഒരു മുന്‍കൂര്‍ ജാമ്യം എടുത്തോട്ടെ. എന്റെ കമന്റു വായിച്ചവര്‍ക്കു ഞാന്‍ അറ്സ്റ്റിനെ ന്യായീകരിക്കുന്നതായോ, മനുഷ്യാവകാശലംഘനങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നവനോ ആയി തോന്നിയിട്ടുണ്ടെങ്കില്‍, അതു എന്റെ എഴുത്തിന്റെ സ്പഷ്ടത ഇല്ലായമകൊണ്ടും, ആര്‍ജ്ജവമില്ലായ്മ കൊണ്ടും, ഞാന്‍ ഉദ്ദേശിക്കാതെ തന്നെ
വന്നു പെട്ട അബദ്ധമാണ്.

The arrest of the editor and the foisting of fake charges against him are nothing but an attempt of the GOI of India to further stifle freedom of speech in the country. It displays the fascist character of the government and the cowardly action of the Kerala police. എന്നും

We demand the immediate and unconditional release of Com Govindan Kutty and
allow the continued publication of People's March എന്നും ഒക്കെ എഴുതിയപെറ്റിഷനില്‍ ഒപ്പിടുന്നതിനു മുന്‍പ് വിഷയത്തെ അല്പംകൂടെ മനസ്സിലാക്കി , ഒരു അഭിപ്രായരൂപീകരണം സ്വയം നടത്തേണ്ടതുണ്ടെന്നു ഒരു ഓപ്പണ്‍ കമന്റ് പറഞ്ഞു എന്നേയുള്ളൂ. മറ്റുള്ളവര്‍ ഒപ്പിടുന്നതിനെ സന്തോഷത്തോടെ ഞാനും പിന്താങ്ങുന്നു.

ഏറ്റവും മുകളില്‍, ‘വായന’ യില്‍ വന്ന കമന്റുകളുടെ ചിലഭാഗങ്ങള്‍ എടുത്തെഴുതിയത് ഒരു ഒറ്റ കാര്യം സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു: ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും തന്നെ ഭരണഘടനയെയും, വ്യക്തിസ്വാതന്ത്ര്യത്തേയും, ജനാധിപത്യത്തേയും, നിയമവാഴ്ച്ചയേയും , ജുഡിഷ്യറിയേയും ഒക്കെ അംഗീകരിക്കുന്നവരാണ്. മനുഷ്യാവകാശധ്വംസനങ്ങളോട് ശക്തമായി പ്രതികരിക്കുന്ന ചുരുക്കം ചില നല്ല മനുഷ്യരില്‍പ്പെടുന്നവരാണ്.

പക്ഷേ എനിക്കെന്തോ പെറ്റിഷന്റെ ഡ്രാഫ്റ്റ് തന്നെ മനസ്സിനു പിടിക്കാത്തതു പോലെ. ഡ്രാഫ്റ്റിലെന്തു കാര്യം, വിഷയത്തിന്റെ ഗൌരവം അല്ലേ പ്രധാനം എന്നു ചോദിച്ചാല്‍, വിഷയത്തിന്റെ പ്രാധാന്യം പെറ്റിഷനിലും പ്രതിഫലിക്കണം എന്നു തന്നെയാണു എന്റെ മതം.‘ പൊലീസ്’ ഒരു സ്റ്റേറ്റ് സബ്ജക്റ്റ് ആണെന്നിരിക്കെ, ഒരു പൊലീസ് കമ്മീഷണറോ, കേരളാ ഗവര്‍മെന്റോ എഡിറ്റര്‍ക്കെതിരായി കള്ളക്കേസ് കെട്ടിച്ചമച്ചാല്‍ അതെങ്ങിനെയാണു nothing but an attempt of the GOI of India to further stifle freedom of speech in the country ആവുന്നതെന്നു എനിക്കു മനസ്സിലായില്ല. കേന്ദ്ര ഗവര്‍മെന്റ് നിയമപരമായി എന്തു ചെയ്യണമെന്നാണു നമ്മുടെ ഡിമാന്റ്? കേസ് പിന്‍വലിക്കാന്‍ വേണ്ടി എന്തെങ്കിലും മോറല്‍ പ്രഷര്‍ കേരളാ
ഗവര്‍മെന്റിനെമേല്‍ ചെലുത്തണമെന്നാണെങ്കില്‍, ‘അനാവശ്യവും ഭരണഘടനാവിരുധവുമായ കേന്ദ്ര ഗവര്‍മെന്റ് കൈകടത്തല്‍’ എന്ന ആരോപണത്തിന്റെ സാധ്യതയെ മറന്നുകൊണ്ട്തന്നെ ഞാന്‍ പിന്തുണക്കുന്നു, കൈയ്യൊപ്പിടുന്നു. പക്ഷേ അതിനു പാര്‍ട്ടി ലഘുലേഖകളില്‍ കാണുന്ന ചര്‍വിതചര്‍വണം ചെയ്ത ഈ ക്ലീഷേനിറഞ്ഞ മുദ്രാവാക്യങ്ങളല്ല പെറ്റിഷനില്‍ കാണേണ്ടത്. അതിനു വേറേ ഭാഷ തന്നെ വേണം. പിന്നെ fascist character of the government എന്ന അടുത്ത വരി കേരള ഗവര്‍മെന്റിനെക്കുറിച്ചാവണമെന്നാണ് എന്റെ ആശ. പക്ഷേ It displays എന്നു വാക്യം തുടങ്ങുന്നതുകൊണ്ട് അത് GOI ക്കുറിച്ചാണെന്നു തോന്നിപ്പോകുന്നു.

(GOI of India ഒരു റ്റൈപ്പിങ് എറര്‍ ആവണം,)

ഒരു പാര്‍ട്ടിയിലും മെമ്പര്‍ഷിപ്പ് കാര്‍ഡില്ലാത്തതുകൊണ്ട് ഗോവിന്ദന്‍കുട്ടിസാറിനെ Com Govindan Kutty എന്ന് വിളിക്കാന്‍ ഒരു ഏനക്കേട് പോലെ. അതു ശീലമില്ലാത്തതു കൊണ്ടാവും. പാര്‍ട്ടിക്കാരല്ലാത്ത പലരെയും കൂടി ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പെറ്റിഷനില്‍ ആ കോമ്രേഡ് വിളി മുഴച്ചുതന്നെ നില്‍ക്കുന്നു.

പക്ഷേ എനിക്കു ഗോവിന്ദന്‍ കുട്ടിസാറിന്റെ അറസ്റ്റില്‍ വല്ലാത്ത പ്രതിക്ഷേധമുണ്ട്. ഭരണകൂടങ്ങള്‍ ഇത്തരം മനുഷ്യാവകാശധ്വംസനങ്ങള്‍
നടത്തിക്കൊണ്ടേയിരിക്കുന്നു. സിവില്‍ സൊസൈറ്റിയുടെ പതിക്ഷേധം അവഗ്ഗണിക്കപ്പെടുന്നു. PUCL activist ആയ ഡോ. ബിനായക് സെന്‍ മാസങ്ങളായി
ജയിലിലാണു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രതിക്ഷേധിച്ചിട്ടും ഛത്തീസ്ഗഡ് സര്‍ക്കാര്‍ സെഷന്‍സ് കോടതിയിലും , ജില്ലാ കോടതിയിലും, ഹൈ കോടതിയിലും , സുപ്രീം കോടതിയിലും ഡോ. സെനിന്റെ ജാമ്യത്തെ എതിര്‍ത്ത് വിജയിച്ചിരിക്കുകയാണു. ഇപ്പോള്‍ സെന്നിന്റെ റിവ്യൂ പെറ്റീഷനും സുപ്രീം കോടതി തള്ളി. ( ഇതിലും കേന്ദ്രസര്‍ക്കാര്‍ നിരപരാധിയാണു.) ഇങ്ങനെ സംഭവിച്ചത് ഛത്തീസ്ഗഡ് സര്‍ക്കാര്‍ കോടതികളെ തെറ്റിധരിപ്പിക്കുന്നതില്‍ വിജയിച്ചു എന്നു ആക്റ്റിവിസ്റ്റ്സും; ഡോ. സെന്നിനെതിരായ തെളിവുകള്‍ ശക്തമായതുകൊണ്ട് കോടതികള്‍ ജാമ്യം നിഷേധിച്ചു എന്നു സര്‍ക്കാരും പറയുന്നു.
പണ്ട് ഈ. എം. എസ്സ് കോടതികളെക്കുറിച്ചു പറഞ്ഞതു ഓര്‍ത്തുപോകുന്നു. അപ്പോള്‍ ഭൂമിപുത്രിയുടെ “‘നോട്ടപ്പിശകുകള്‍’പരിഹരിയ്കാനാണല്ലൊ
നമുക്കൊരു ജുഡീഷ്യറി. ശിക്ഷവിധിയ്ക്കാന്‍ നമുക്കവകാശമില്ല“ എന്ന ഈ കമന്റിനോട് എന്താണു നമ്മുടെ പ്രതികരണം? ഛത്തീസ്ഗഡിലെ ചില
ഡ്രാക്കോണിയന്‍ നിയമങ്ങള്‍ക്കു മുന്‍പില്‍ കോടതികളും നിശ്ശബ്ദവും നിശ്ശക്തവും ആയിപ്പോകുന്നോ? ഇന്നലെ ഡോ. ബിനായക് സെന്‍, ഇന്നു ഗോവിന്ദന്‍ കുട്ടി. ഇനി നാളെ നന്ദിനി സുന്ദറോ, സിദ്ധാര്‍ദ്ധ് വരദരാജനോ, രാമചന്ദ്രഗുഹയോ നിങ്ങളോ ഞാനോ ആകാം പ്രതി. വീട്ടില്‍ കമ്മ്യൂണിസ്റ്റ് മാനുഫെസ്റ്റോ കണ്ടെടുത്തെന്നോ, കമ്പ്യൂട്ടറില്‍ നിന്നും മനുഷ്യാവശങ്ങള്‍ക്കനുകൂലമായി ബ്ലോഗ്ഗ് എഴുതിയ ഹാര്‍ഡിസ്ക് കിട്ടി എന്നൊക്കെയായിരിക്കും ചാര്‍ജ്.

തുടക്കത്തിലേ എഴുതിയതുപോലെ ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലം നിയമവാഴ്ചയെ മാനിക്കുന്നവരാണ്. അതുകൊണ്ടാണല്ലൊ എല്ലാ നിയമങ്ങളെയും പാലിച്ചുകൊണ്ടാണ് ഗോവിന്ദന്‍ കുട്ടിസാര്‍ പത്രം നടത്തുന്നത് എന്നു വീണ്ടും വീണ്ടും പറഞ്ഞത്. ഈ നിയമവിധേയത്വം പെറ്റീഷനിലും പ്രതിഫലിക്കുന്നു:

It is a fully legal publication registered by the Government of India with the RNI number KER ENG/2000/2051 and the postal registration number: KL/EKM/614/2007-09. The magazine has been coming out for over 7 years meeting all the requirements of the government. എന്നു എഴുതിയതു അതുകൊണ്ടായിരിക്കണമല്ലോ?

RNI number ഉണ്ടെന്നുള്ള ഒറ്റ കാരണം കൊണ്ട് പത്രത്തിലെഴുതുന്ന കണ്ടെറ്റ് എല്ലാം നിയമവിധേയമായിക്കൊള്ളും എന്നു അര്‍ത്ഥമുണ്ടോ? സെയില്‍ റ്റാക്സ് രെജിസ്റ്റ്രേഷന്‍ ഉള്ള ഒരു കടയില്‍ നിന്നും മയക്കുമരുന്ന്കളും കഞ്ചാവും വില്‍കുന്നത ലീഗല്‍ ആണെന്നു പറയുന്നതു പോലെ ബാലിശമല്ലേ ആ വാദം? അങ്ങനെ നിയമപരമായി നടത്തുന്ന പത്രത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന വാക്യത്തിനു തൊട്ടു മുന്‍പുള്ള വരി ശ്രദ്ധിക്കൂ:

what is PEOPLES MARCH?

People's March is an independent revolutionary paper. It supports revolutionary movements including the Maoist movements in India, Nepal and elsewhere.

നിയമത്തെപ്പിടിച്ചു പത്രത്തിന്റെ ലീഗാലിറ്റിയെക്കുറിച്ചു പറയുന്ന പെറ്റിഷന്‍, എത്ര കാഷ്വല്‍ ആയാണ് PEOPLES MARCH നെ പ്രസിഡന്റ് ഒഫ് ഇന്‍ഡ്യക്കും പ്രയിം മിനിസ്റ്റര്‍ക്കും പരിചയപ്പെടുത്തിക്കൊടുക്കുനത്? ഇന്ത്യയിലെ പല സ്റ്റേറ്റുകളിലും നിയമവിരുദ്ധമെന്നു ഗവര്‍മെന്റ് നോട്ടിഫൈ ചെയ്തിട്ടുള്ള Maoist movements നെക്കുറിച്ചാണീ പറഞ്ഞിരിക്കുന്നത്! ഈ ആര്‍ഗുമെന്റിലെ വൈരുദ്ധ്യാത്മകത എനിക്കു ദഹിക്കുന്നില്ല.പെറ്റിഷനിലെ ഈ കുമ്പസാരം ഗോവിന്ദന്‍ കുട്ടിസാറിന്റെ നിരുപാധികമായി മോചിപ്പിക്കാന്‍ എങ്ങിനെ സഹായകമാകും? ഒന്നുകില്‍ ബൂര്‍ഷ്വാനിയമങ്ങള്‍ക്കുമപ്പുറത്ത് നമ്മുടെ വാദമുഖങ്ങളെ അടിസ്ഥാനമാക്കുക. അല്ലെങ്കില്‍ നിയമത്തെ മാനിച്ചുകൊണ്ട്, നിയമപരമായി വാദിക്കുക. ഇതൊന്നുമില്ലാതെ വിഷയത്തോടുള്ള വികാരപരമായ ഒരു വെറും പ്രതികരണമാണു പെറ്റിഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ നമ്മളെല്ലാം നെഞ്ചോട് ചേര്‍ത്തു വയ്ക്കുന്ന മനുഷ്യാവകാശം തന്നെയായിരിക്കും ഇവിടെ കാഷ്വാലിറ്റി.

പ്രസിഡന്റിനു 500 ഓ 1000 ഓ ആളുകള്‍ ഓണ്‍ ലയിന്‍ പെറ്റിഷന്‍ അയച്ചു എന്ന രണ്ടു കോളം വാര്‍ത്തയല്ലല്ലോ നമ്മുടെയൊക്കെ ഉദ്ദേശം.

അതുകൊണ്ട്തന്നെ ഈ പെറ്റീഷനില്‍ ഒപ്പിടാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്. ഇതിനര്‍ത്ഥം ഞാന്‍ മനുഷ്യാവകാശധ്വംസനത്തെ അനുകൂലിക്കുന്നവനാണെന്നു ദയവായി കരുതരുതേ. ജോര്‍ജ് ബുഷിനെപ്പോലെ either you are with us or against us എന്നു ഇവിടെ ആരും പറയില്ല എന്നെനിക്കു അറിയാം.

കമന്റ്സില്‍ പരാമര്‍ശിച്ച മുഖ്യധാരാ കക്ഷികളുടെ പരാജയത്തേയും മാവോയിസ്റ്റ് പോലെയുള്ള റെവല്യൂഷനറി മൂവ്മെന്റ്സിന്റെ സാംഗത്യത്തെയും കുറിച്ചുള്ള ചര്‍ച്ച പിന്നൊരവസരത്തിലേക്കയിക്കൊട്ടെ.

ഗോവിന്ദന്‍ കുട്ടി സാറിനും മനുഷ്യാവകാശത്തിനും വേണ്ടി ഞാനും എന്റേതായ രീതിയില്‍ കേരളാസര്‍ക്കാറിനെതിരേ പ്രതിക്ഷേധിക്കുന്നു.

11 comments:

Unknown said...

ഹരിതിന്റെ സ്വന്തം നിലയിലുള്ള പ്രതിക്ഷേധത്തെ , മറ്റുള്ള വാദമുഖത്തോടൊപ്പം മാ‍നിക്കുന്നു . സമൂഹത്തിന്റെ ഗുണപരമായ മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് കാത്തിരിക്കുന്നു . ഇടത് പക്ഷ ചിന്തകള്‍ക്ക് ഇനിയങ്ങോട്ട് പ്രതിലോമകരമായ പങ്ക് മാത്രമേ നിര്‍വ്വഹിക്കാന്‍ കഴിയൂ എന്നും ഒരു സെക്യുലര്‍ ഡിമോക്രാറ്റിക് സമൂഹത്തെക്കുറിച്ച് തികച്ചും മൌലികമായ ചിന്താധാരകള്‍ ഉരുത്തിരിയേണ്ടതുണ്ടെന്നും എനിക്കഭിപ്രായമുണ്ട് . ഗോവിന്ദന്‍ കുട്ടി പ്രശ്നം ഒരു മനുഷ്യാവകാശ പ്രശ്നം മാത്രമായിട്ടാണ് ഞാന്‍ കാണുന്നത് .

BHASKAR said...

നിലപാട് വ്യക്തമാക്കിയതിനു നന്ദി, ഹരിത്. പെറ്റിഷനുകള്‍ തയ്യാറാക്കുന്നവര്‍ എഴുതുന്നത് മുഴുവനും സ്വീകാര്യമല്ലാതെ വരുന്ന അനുഭവം എനിക്കും പലപ്പോഴും ഉണ്ടായിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ പൊതുവില്‍ ഞാന്‍ സ്വീകരിക്കുന്ന സമീപനം ഗുരുതരമായ അഭിപ്രായ വ്യത്യാസം ഇല്ലാത്തപക്ഷം മറ്റുള്ളവരോടൊപ്പം ചേരുകയാണ്. കാരണം ഭാഷാപരമായ പ്രശ്നത്തേക്കാള്‍ മനുഷ്യാവകാശപ്രശ്നത്തിന് മുന്‍തൂക്കം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ ഓരോ വ്യക്തിയും സ്വതന്ത്രമായി തീരുമാനിക്കേണ്ട കാര്യമാണിത്‌. ആ നിലയ്ക്ക് ഹരിതിന്‍റെ തീരുമാനം ഞാന്‍ മാനിക്കുന്നു.

Unknown said...

ഇതിലും ബല്ല്യ പുലികള്‍ പുറത്തു ശുമ്മാ നടക്കുമ്പം ഈ പാവത്തിനെ എന്തിനാ അകത്തിട്ടിരിക്കുന്നേ?

Unknown said...

സുകുമാരേട്ടാ, ഇടത് പക്ഷ ചിന്തകള്‍ക്ക് ഇനിയങ്ങോട്ട് പ്രതിലോമകരമായ പങ്ക് മാത്രമേ നിര്‍വ്വഹിക്കാന്‍ കഴിയൂ എന്നെന്തു കൊണ്ടു പറയുന്നു? ഇടത് പക്ഷമില്ലെങ്കില്‍ ആര് കേരളത്തിലെ വര്‍ഗീയ കോമരങ്ങളെ പ്രതിരോധിക്കും? അതോ വര്‍ഗീയത പുരോഗമനമായി തോന്നിത്തുടങ്ങിയോ? ഒരു Centralist Social Democratic Correction Forceഎന്ന നിലക്കെങ്കിലും അവ പുരോഗമനപരമായ പങ്കു വഹിക്കില്ലേ?

Unknown said...

ഹരിതിന്‍ടെ Reactionary View പല കമന്‍റ്റുകളിലുമുണ്ട്.ഈ പോസ്റ്റ് അത്ഭുതമൊന്നും സൃഷ്ടിക്കുന്നില്ല. ശക്തമായ ഒരു യാഥാസ്ഥികത്വം ഈ പോസ്റ്റില്‍ കാണാം. കുറച്ചുകൂടി ഉദാരമായി ഒരു മനുഷ്യാവകാശ പ്രശ്നത്തെ സമീപിക്കാം.
സാങ്കേതികത്വം പറഞ്ഞു ലക്ഷ്യ വ്യതിയാനം വരുത്തി ശ്രദ്ധ അനാവശ്യ തലത്തിലേക്കു വലിച്ചിഴക്കാമെന്നല്ലാതെ ഈ തരം വ്യവഹാരങ്ങള്‍ ഒരു ഗുണവും ചെയ്യുന്നില്ല.

Unknown said...

പ്രിയപ്പെട്ട വിനയം , സ്വാതന്ത്ര്യം കിട്ടി അറുപത് വര്‍ഷം കഴിഞ്ഞിട്ടും ഇവിടെ എത്ര കോടി ജനങ്ങളുണ്ടോ അത്രയും പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നു . ഇനി നമ്മള്‍ പ്രത്യയശാസ്ത്രങ്ങളുടെ പിറകേ പോയിട്ട് കാര്യമില്ല എന്ന് പറയാനാണ് ഞാന്‍ ശ്രമിക്കുന്നത് . നിലവിലുള്ള ഭരണഘടനക്കകത്ത് നിന്ന് കൊണ്ട് തന്നെ ഒരു ജനാധിപത്യ മതേതര ക്ഷേമരാക്ഷ്ട്രം നമുക്ക് കെട്ടിപ്പടുക്കാനാകും . അത്തരം ഒരു നവ ചിന്താഗതി ഉയര്‍ന്ന് വരണം എന്നും എല്ലാം തന്നെ പുനര്‍നിര്‍വ്വചിക്കപ്പെടണമെന്നും എനിക്കഭിപ്രായമുണ്ട് . ഇക്കാര്യത്തില്‍ സമൂഹത്തില്‍ സജീവമായ ചര്‍ച്ചകള്‍ വ്യാപകമായി എല്ലാ തലത്തിലും നടക്കേണ്ടതുണ്ട് . വര്‍ഗ്ഗീയത എന്ന പദം തന്നെ ഉപയോഗിച്ച് പഴകി അര്‍ത്ഥം നഷ്ടപ്പെട്ടിട്ടുണ്ട് . എല്ലാം കഷിരാഷ്ട്രീയത്തിന്റെ കണ്ണില്‍ കൂടി കാണാന്‍ ശ്രമിച്ചാല്‍ നമുക്കിനി ഭാവിയിലേക്ക് നടന്നടുക്കാന്‍ കഴിയില്ല . എന്റെ കൈയ്യില്‍ പോംവഴികളോ ബദല്‍ നിര്‍ദ്ദേശങ്ങളോ റെഡിമെയിഡായി ഒന്നുമില്ല . അതൊക്കെ കൂട്ടായ സംവാദങ്ങളിലൂടെ ഉരുത്തിരിഞ്ഞു വരേണ്ടതാണ് . ജീവിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹം അതിന്റെ ദിശയും മാര്‍ഗ്ഗവും സ്വയം കണ്ടെത്തേണ്ടതുണ്ട് . എഴുതിയ പുസ്തകങ്ങള്‍ വായിച്ചാല്‍ മാത്രം പോര , പുതിയവ രചിക്കാനും നമുക്ക് കഴിയണം !

ഹരിത് said...

കെ പി സുകുമാരന്‍ സാറിനും ,ബി ആര്‍ പി സാറിനും എന്റെ നിലപാട് മനസ്സിലാക്കിയതിനും വിനയത്തിന് സ്വന്തം അഭിപ്രായം പറഞ്ഞതിനും നന്ദി.
വിനയം ഞാന്‍ reactionary, renegade, conservatuve ഒക്കെ ആകാനാണു സാധ്യത. മറിച്ചു വിപ്ലവകാരനോ, പുരോഗമന ചിന്താഗതിക്കാരന്‍ ആണെന്നോ ഒന്നും ക്ലെയിം ചെയ്തില്ലല്ലൊ. സ്വാര്‍ത്ഥതയും , ഭയവും, അസൂയയും,കപടതയും,കാലുഷ്യവും, കാമവും , മോഹവും ഒക്കെ ആവശ്യത്തിനുള്ള ഒരു സാദാ മാധ്യമപ്രവര്‍ത്തകനാണു ഞാന്‍.എല്ലാ നല്ല ഗുണങ്ങളും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്നേ മഹാനാവുമായിരുന്നു. പിന്നെ പ്രൊഫെഷണല്‍ രാഷ്റ്റ്രീയക്കാരനാകാന്‍ തക്ക ചീത്തയുമല്ലെന്നു കൂട്ടിക്കോളൂ.

പോസ്റ്റ് എഴുതിയത് അല്‍ഭുതം സൃഷ്ടിക്കനോ,ശ്രദ്ധ തിരിച്ചുവിടാനോ ഒന്നും അല്ല. എനിക്കു തോന്നിയ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ.
ബ്ലോഗിലെങ്കിലും അതിനുള്ളസ്വാതന്ത്ര്യമില്ലേ? എന്റെ പോസ്റ്റില്‍ മൂന്നു പ്രാവശ്യം വന്നു കമന്റിടാന്‍ എന്റെ പ്രതികരണം വിനയത്തിനെ പ്രേരിപ്പിച്ചു എന്നതില്‍ തന്നെ ഞാന്‍ വളരെ സന്തുഷ്ടനാണു.പഴയ കമന്റുകള്‍ വായിച്ചതിനും വളരെ നന്ദി. അഭിപ്രായങ്ങള്‍ വീണ്ടും എഴുതുമല്ലോ.

ഹരിത് said...

"ജീവിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹം അതിന്റെ ദിശയും മാര്‍ഗ്ഗവും സ്വയം കണ്ടെത്തേണ്ടതുണ്ട് . എഴുതിയ പുസ്തകങ്ങള്‍ വായിച്ചാല്‍ മാത്രം പോര , പുതിയവ രചിക്കാനും നമുക്ക് കഴിയണം"

വളരെ ഉചിതമായ അഭിപ്രായം. ഈ വാക്കുകള്‍ക്ക് താഴെ ഞാനും കൈയ്യൊപ്പിടാന്‍ തയാര്‍:)

Unknown said...

"പ്രൊഫെഷണല്‍ രാഷ്റ്റ്രീയക്കാരനാകാന്‍ തക്ക ചീത്തയുമല്ലെന്നു കൂട്ടിക്കോളൂ."
ഇതൊരു മുന്‍വിധിയല്ലേ? ഹരിതിന് രാഷ്റ്റ്രീയക്കാര്‍ ചീത്തയാണെന്നു തോന്നുന്നപോലെ തന്നെയാകും ശ്രീ ഗോവിന്ദന്‍ കുട്ടിക്കും തോന്നിയിട്ടുകുക. ചീത്തയാള്‍ക്കാര്‍ നിയന്ത്രിക്കുന്ന വ്യവസ്ഥിതികള്‍ അനുസരിച്ചല്ലേ ഹരിത് ന്റ്റെ വാദങ്ങള്‍ക്കു ന്യായീകരണം നല്‍കുന്നത്? ഹരിതിന് തീര്‍ച്ചയായും അഭിപ്രായ സ്വാതന്ത്രം ഉണ്ട്,അതേ പോലെ എനിക്കും. ഞാനും എന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തത്.


"നമ്മള്‍ പ്രത്യയശാസ്ത്രങ്ങളുടെ പിറകേ പോയിട്ട് കാര്യമില്ല"
സുകുമാരേട്ട, ഞാന്‍ ശക്തമായി വിയോജിക്കുന്നു.
ഏതെങ്കിലും പ്രത്യയശാസ്ത്രം നമ്മെ രക്ഷിക്കുമെന്നതു കൊണ്ടല്ല. പ്രത്യയശാസ്ത്ര
ങ്ങളുടെ അഭാവം സൃഷ്ടിക്കുന്ന വിടവു നികത്തുക വിനാശകാരികളായ പ്രതിലോമ മതജാതി ശക്തികളായിരിക്കും. ഉദാഃ- UP ,ബീഹാര്‍.പ്രത്യയശാസ്ത്രമില്ലാത്ത പക്ഷം പരമ്പരാഗത ദുര്‍ബല വിഭാഗങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് Autralian Aborigins, Red Indians, Mayans എന്നിവരുടെ വിധി പിന്‍തുടരുമെന്ന് ഞാന്‍ ഭയപ്പെടുന്നു. Bangalore ല്‍ നിന്നും അധികദൂരമില്ലാത്ത Chitradurga, Mandya മുതലായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാല്‍ അതു സുകുമാരേട്ടനു ബോധ്യമാകും.

യൂറോപ്യന്‍മാര്‍ പ്രത്യയശാസ്ത്രമില്ലാതെ നിലനില്‍ക്കുന്നുവെങ്കില്‍ നൂറ്റാണ്ടുകളോളം പ്രത്യയശാസ്ത്രങ്ങളുടെ പരീക്ഷണശാലയായി അവര്‍ നേടിയ പക്വത മൂലമാണ്. ഇപ്പോളും ഫ്യൂഡലിസം നടമാടുന്ന ഈ രാജ്യത്ത് പ്രത്യയശാസ്ത്രം ഒരു മോചനമാര്‍ഗമയല്ല, ഒരു പരിചയയായി ആവശ്യമുണ്ടെന്നാണെന്റെ പക്ഷം. ഇ രാജ്യം പ്രത്യയശാസ്ത്രമില്ലാത്ത നിലനില്‍പ്പിനു പാകമായിട്ടില്ല എന്നു ഞാന്‍ കരുതുന്നു.

Rain Drops Themes said...

nannatittundu.

എന്‍. ബി. കുമാര്‍ said...

🤔 after 13 years !!! Thanks