Wednesday, April 15, 2009

ആത്മ പ്രയാഗ


കാല്‍ വിരലുകള്‍ കൊണ്ടൊന്നു തൊട്ടു. ഓളങ്ങള്‍ തരിച്ചു. നീലജലത്തിനു ആദ്യപ്രണയത്തിന്‍റെ കുളിര്. പതുക്കെ പതുക്കെ നീന്തല്‍ക്കുളത്തില്‍ ഇറങ്ങി.
ദിവസങ്ങള്‍ക്കു ശേഷം. ഒന്നു മുങ്ങി. ഒരു നിമിഷത്തേയ്ക്കു പഴയ പേടി വീണ്ടും. വെള്ളത്തിലിറങ്ങുമ്പോള്‍ ഇപ്പോഴും ആദ്യം കേള്‍ക്കുന്നത് ഒരു
മുഴക്കമാണ്. പതുക്കെ പതുക്കെ നീന്താന്‍ ശ്രമിച്ചു.

പണ്ട് നീന്തല്‍ പഠിപ്പിച്ച യശ്പാല്‍ ടോക്കസ് പറയുമായിരുന്നു, “ നീന്തലിനൊരു താളമുണ്ട്, ശ്വാസോഛ്വാസത്തിനൊരു ക്രമമുണ്ട്”. ആ താളവും
ക്രമവുമൊക്കെ ക്ഷമയോടെ അയാള്‍ പരിശീലിപ്പിച്ചു. ‘ഒരു പ്രായം കഴിഞ്ഞാല്‍ നീന്തലൊന്നും പഠിക്കാന്‍ പറ്റില്ല’ എന്നു പറഞ്ഞവരുടെ മുന്നിലുടെ ടോക്കസിനോടൊപ്പം അന്‍പതു മീറ്റര്‍ നീളവും ആദ്യമായി നീന്തിക്കടന്നപ്പോള്‍ ഒരു വാശികൂടി നേടിയെടുത്ത സംതൃപ്തിയിലായിരുന്നു. പിന്നെ സീസണ്‍ കഴിയാറായപ്പോള്‍ അരമണിക്കൂറിനുള്ളില്‍ പത്തു പന്ത്രണ്ട് ലെങ്ത്ത് ചെയ്യാമെന്നായി, എല്ലാ സ്റ്റ്രോക്ക്സും ശീലവുമായി. നീന്തല്‍ ഭ്രാന്തായി. നീന്തല്‍ക്കുളം അടയ്ക്കുന്ന ദിവസത്തെ രാത്രി ടോക്കസും ഞാനും കുളത്തിനരികിലെ പുല്‍ത്തകിടിയിലിരുന്നു തണുത്ത ബിയര്‍ കഴിച്ചു. ഹിമശൃംഗങ്ങളിലെ പഹാഡികളുടെ ഗ്രാമത്തിലെ കഥകള്‍ ടോക്കസ് പറഞ്ഞു. ഒരു അതിരുതര്‍ക്കത്തിനൊടുവില്‍ ടോക്കസിന്‍റെ ചാച്ച അവന്‍റെ വലതു കൈപ്പത്തി വെട്ടി. മുറിഞ്ഞു മലര്‍ന്ന കൈപ്പത്തി മുണ്ടുകൊണ്ട് വാരിക്കെട്ടി, വാര്‍ന്നൊഴുന്ന ചോരയുമായി ടോക്കസ് നിന്തല്‍ പഠിക്കാന്‍ വരാറുണ്ടായിരുന്ന ഡോക്ടറുടെ വീട്ടിലേയ്ക്കോടി. രാത്രിതന്നെ ഓപ്പറേഷന്‍ തീയേറ്റര്‍ തുറന്ന് അയാള്‍ ടോക്കസിന്‍റെ കൈപ്പത്തിയിലെ ഓരോ ഞരമ്പും തുന്നിച്ചേര്‍ത്തു. തണുത്ത ബിയര്‍, കൈപ്പത്തിയിലേയ്ക്കു പതുക്കെ പതുക്കെ ഒഴിച്ചു കൊണ്ട് ടൊക്കസ് ആ ഡോക്റ്ററെ ഓര്‍ത്തു. നന്മ നേര്‍ന്നു.


അസുഖമായതിനു ശേഷം ആദ്യമായാണു നീന്താന്‍ ശ്രമിക്കുന്നത്. ടോക്കസ് പിറകില്‍ നിന്നും വിളിച്ചു പറയുന്നതുപോലെ,
“ സാബ് ടര്‍നാ മത്. ആരാം സേ ..... കുച്ഛ് നഹി ഹോഗാ....... ഇല്ല പേടിയ്ക്കാന്‍ പാടില്ല. ധൈര്യമായി നീന്തൂ. പതുക്കെ , പതുക്കെ. ആദ്യം ബാക്ക് സ്റ്റ്രോക്ക്, പിന്നെ ബ്രസ്റ്റ് സ്റ്റ്രോക്ക്. കൈകള്‍ക്കും കാലുകള്‍ക്കും വേദനയ്ണ്ടെങ്കില്‍ ഫ്രീ സ്റ്റൈല്‍ പതുക്കെ ചെയ്താല്‍ മതി. സ്പൈനല്‍ പെയിനുള്ളതുകൊണ്ട് ബട്ടര്‍ ഫ്ലൈ സ്റ്റ്രോക്ക് വേണ്ടേ വേണ്ട”.

എന്തൊക്കെ മണ്ടത്തരങ്ങളാണ് ആലോചിയ്ക്കുന്നത്? ടോക്കസിനേയും അവന്‍റെ നഗരത്തേയും വിട്ടിട്ടു വര്‍ഷങ്ങളായില്ലേ?


“അറിഞ്ഞുകൊണ്ട് ചെയ്ത പാപങ്ങളുടെ ഫലങ്ങള്‍ അനുഭവിച്ചേ മതിയാവൂ, ഏതു പ്രയാഗയില്‍ കുളിച്ചാലും തീരില്ലത്”, രുദ്രപ്രയാഗയിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ അവള്‍ രുദ്രയായി. സ്വര്‍ണപ്രയാഗ, കര്‍ണ്ണപ്രയാഗ, ദേവപ്രയാഗ അങ്ങനെ ഒരു യാത്ര. ഒടുവില്‍ അലഹബാദിലെ പ്രയാഗയില്‍. മന്ദാകിനി, അളകനന്ദ, ഭാഗീരഥി, സരസ്വതി. അമ്മയുടെ കഥകളിലെ ദൈവങ്ങളുടെ നദികള്‍. വീടിനു "പ്രയാഗ" എന്നു പേരിട്ടപ്പോള്‍ മുതല്‍ ഉള്ള ആഗ്രഹമാണ് ഹിമനദികളില്‍ ഒരിക്കലെങ്കിലും ഒന്നു മുങ്ങി മനസ്സു തണുപ്പിക്കണമെന്ന്. പാപക്കറകള്‍ കഴുകാനല്ല ഈ യാത്രയെന്നു അവള്‍ക്കു നന്നായറിയാം. എന്നിട്ടും.
മാന്‍സരോവറില്‍ മാത്രം പോകാന്‍ കഴിഞ്ഞില്ല. മുടിഞ്ഞ മെഡിക്കല്‍ റ്റെസ്റ്റ്.യാത്രയില്‍ ഇടയ്ക്കിടെ മൌനം ഗംഗോത്രി പോലെ ഉറഞ്ഞു നിന്നു. ചിലപ്പോള്‍ ഉരുകിയൊലിച്ചു. മാനാ ഗ്രാമത്തില്‍ നിന്നും സ്വര്‍ഗ്ഗാരോഹിണി വഴി യുധിഷ്ടിരനു പിന്നാലേ പാണ്ഡവരും ദ്രൌപദിയും പോയ വഴിയേ ഞങ്ങള്‍ നടന്നു. അവള്‍ എന്‍റെ പിറകേ. ദുര്‍ഘടമായ ഒറ്റയടി പാതകളില്‍ അവളെ കൈ പിടിച്ചു നടത്തി.. ദ്രൌപദി വീണ സ്ഥലം കണ്ടപ്പോള്‍ അവള്‍ അഞ്ചു ഭര്‍ത്താക്കന്മാരെയും വികാര രഹിതമായ ഒരു മര്‍മര ശബ്ദത്തില്‍ ശപിച്ചു. വസുധാരാ വെള്ളച്ചാട്ടത്തിനു സൌമ്യതയായിരുന്നു. അവസാനം, വസുധാരായുടെ ജലകണങ്ങള്‍ പുകപോലെ അന്തരീക്ഷത്തില്‍ അലിഞ്ഞലിഞ്ഞില്ലാതെയായി. ഒരു മഴവില്ല് വര്‍ണ്ണനിഴല്‍ പോലെ വസുധാരായുടെ ആത്മാവില്‍ മറഞ്ഞു നിന്നിരുന്നു. മഞ്ഞു നദികളിലൊക്കെ മുങ്ങിക്കുളിച്ചിട്ടും മനസ്സുകള്‍ ഗൌരീകുണ്ട് പോലെ തപിച്ചു തന്നെ കിടന്നു, അറിഞ്ഞും അറിയാതെയും ചെയ്തുപോയ പാപങ്ങളുടെ ബാക്കിപത്രം പോലെ.


നീന്തുമ്പോള്‍ വേദന തോന്നുന്നുണ്ടോ? ഇല്ലെന്നു തന്നെ കരുതി. പതുക്കെ കൈകാലുകള്‍ നീന്തലിന്‍റെ താളം തിരിച്ചറിഞ്ഞപോലെ. നീന്തല്‍കുളത്തില്‍ വളരെ കുറച്ചു പേരേയുള്ളൂ. രണ്ടു കൊച്ചു കുഞ്ഞുങ്ങളെ അച്ഛന്‍ നീന്തല്‍ പഠിപ്പിയ്ക്കുന്നു. അമ്മ കരയില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ വിളിച്ചു പറയുന്നു.
“ ഒണ്‍ റ്റൂ ത്രീ ഫോര്‍...പുഷ്,,,..... ഡോണ്‌ഡ് സ്റ്റോപ്പ്.....”
“ കീപ്പ് ദ ഹെഡ് ഡൌണ്‍”കൊച്ചു കുറുമണി കുഞ്ഞുങ്ങളിലൊരാള്‍ ആഴം കൂടിയ ഭാഗത്തെത്തിയപ്പോള്‍ പേടിച്ചു പോയി.
“പാപ്പാ മുച്ഛേ ബച്ചാവോ...ബച്ചാവോ” എന്നു ഉറക്കെ വിളിച്ചു കരയാന്‍ തുടങ്ങി. അച്ഛന്‍ ചിരിച്ചുകൊണ്ട് കുഞ്ഞിനെ മാറോടടുപ്പിച്ചു.


വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ഡിസംബര്‍ പതിനൊന്നിനു അച്ഛനറിയാതെ കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിയ്ക്കാന്‍ പോയതോര്‍ക്കുന്നു. തിരകളില്‍ ആറാടി തിമിര്‍ത്ത് ഞങ്ങള്‍ അഞ്ചുപേര്‍. അരയോളം വെള്ളത്തില്‍. അന്നു നീന്തലറിയില്ല. ആര്‍ത്തടുക്കുന്ന തിരയ്ക്കൊപ്പം കരയിലേയ്ക്കോടിക്കയറും. പിന്നെ തിരിച്ചറിഞ്ഞു, തിരയ്ക്കൊപ്പം കടപ്പുറത്തേയ്ക്കു ഓടിക്കയറാന്‍ സാധിയ്ക്കുന്നില്ല. മാത്രമല്ല ആഴ്ക്കടലിലേയ്ക്കു അറിയാതെ നീങ്ങി
പൊയ്ക്കൊണ്ടിരിയ്ക്കുന്നു. കാലുകള്‍ കടല്‍ത്തട്ടില്‍ ആഴ്ന്നു പോകുന്നതുപോലെ. ഓരോ തിരയും പാദങ്ങള്‍ക്കടിയില്‍നിന്നും പൂഴിമണല്‍ വലിച്ചെടുത്ത് കടലിലേയ്ക്കു തിരിച്ചു പോയി. വെള്ളം കഴുത്തറ്റമായി. പിന്നെ തലയ്ക്കു മുകളിലൂടെ തിരമാലകള്‍ കടന്നു പോകുന്ന മുഴക്കം. ഇളം പച്ച നിറം ചാലിച്ച നീല സാഗരം ചുറ്റും ചാഞ്ചാടി. വെപ്രാളത്തിനിടെ ജീവിതം വേഗതയോടെ റീ വൈന്‍ഡ് ചെയ്യുന്ന ചിത്രങ്ങള്‍ വ്യക്തമായി കണ്ടു. ഏറ്റവും അടുത്ത സുഹൃത്ത് എന്‍റെ കഴുത്തില്‍ ചവിട്ടിക്കയറി എങ്ങനെയെങ്കിലും ശ്വാസം കിട്ടാന്‍ തത്രപ്പെട്ടു. പിന്നെ എങ്ങനെയോ അവന്‍ കൈവിട്ടു അകന്നകന്നു പോയി.
എവിടെ നിന്നോ ‘ഡൊണ്ട് റ്റച്ച് മൈ ബോഡി, ഡോണ്ട് റ്റച്ച്’ എന്നൊരു മുഴക്കം. പിന്നെ വെള്ളം കക്കി കടല്‍ക്കരയില്‍ കിടക്കുന്നതുമാത്രം ഓര്‍മ്മ.
ഞങ്ങളഞ്ചുപേരേയും റ്റ്യൂറിസ്റ്റ്സും മുക്കുവരും കൂടെ രക്ഷപ്പെടുത്തി. പിന്നീടു ഒന്നു നന്ദി പറയാന്‍ പോലും അവരെ കണാന്‍ കഴിഞ്ഞില്ല. നിയോഗം
കഴിഞ്ഞു അവരെവിടെയോ പോയി. അടുത്ത കൊല്ലം ഡിസംബര്‍ പതിനൊന്നിനു നാഷണല്‍ മീറ്റിനു വന്ന എട്ടു അത്‌ലെറ്റുകള്‍ അതേ കടവില്‍. മൂന്നാം പക്കം മൂന്നോ നാലോ ശവങ്ങള്‍ കരയ്ക്കടുത്തു. ബാക്കിയുള്ളവരെ അറബിക്കടലിന്‍റെ അടിയൊഴുക്ക്, ഇളം പച്ച നിറമുള്ള നീലജലത്തിലെവിടെയോ ഒരു മുഴക്കത്തോടെ. എങ്ങോട്ടോ..


കൈകാലുകള്‍ വേദനിച്ചു തുടങ്ങിയപ്പോള്‍ നീന്തല്‍ക്കുളത്തിന്‍റെ ഓരത്തെ കമ്പിയില്‍ പടിച്ചു ഞാന്‍ ക്ഷീണമകറ്റുന്നതിനിടെ ആരോ പറയുന്നതു കേട്ടു നാളെ മുതല്‍ ‘ദന്തേശ്വരി മന്ദിരത്തിലെ രഥയോട്ടം‘ തുടങ്ങുന്നെന്ന്. ദന്തിനിയും ശംഖിനിയും നദികള്‍ സംഗമിയ്ക്കുന്ന കരയില്‍ മാ ദന്തേശ്വരിയുടെ തേരുരുളുന്ന ദിനങ്ങള്‍.


“ വാത്തി എങ്കെ പോയിട്ടാന്‍?” പ്രഭാത പൂജകഴിഞ്ഞ് നടയടച്ചു വാത്തി പോയതാണ്. പിന്നെ കാണാനില്ല. വാത്തിയെ കാണാനില്ലെന്ന വാര്‍ത്ത പരന്നു.
കൊല്ലത്തി മുടിപ്പര വാതില്‍ക്കല്‍ അലമുറയിട്ടു. വാത്തിയുടെ മുതുമുത്തച്ഛന് കിണറ്റില്‍ വെള്ളം കോരുന്നതിനിടെ കിട്ടിയ പാക്ക് രണ്ടായി
മുറിച്ചപ്പോള്‍ ധാര ധാരയായി ചോരയൊഴുകി. ഭഗവതിമാരാണെന്നു പ്രശ്നം വച്ചപ്പോള്‍ തെളിഞ്ഞു. ഭക്തി പൂര്‍വ്വം ചടങ്ങുകളോടെ പ്രതിഷ്ഠ നടത്തി.
മുടിപ്പുരയും കെട്ടി. പൂജയ്ക്കുള്ള അവകാശം തലമുറകളായി കൊല്ലന്‍റെ കുടുംബക്കാര്‍ക്ക്. ആ വഴിയ്ക്കാണു കുമരപ്പണിയ്ക്കന്‍ വാത്തിയായത്.
ഇന്നലെ ഗരുഡന്‍ തൂക്കത്തുള്ള വില്ലു പൂജിയ്ക്കാന്‍ വാത്തിയുണ്ടായിരുന്നു. പര്‍ണേറ്റുകളത്തിലും വാത്തിയുണ്ടായിരുന്നു. ദേവിമാരേയും എഴുന്നള്ളിച്ചു, ‘ദാരിക വീരാ പോരിനു വാടാ’ എന്ന ആര്‍പ്പു വിളികള്‍ക്കിടയില്‍ മടലു ചെത്തി മിനുപ്പിച്ച വാളുകൊണ്ട് ദാരുകന്‍റെ കുരുത്തോലത്തല ദേവിമാരാവാഹിച്ച വാത്തി കൊയ്തെടുത്തതാണല്ലോ?എല്ലാരും വാത്തിയെ അന്വേഷിച്ചു നടന്നു. വാത്തിയെ കണ്ടുകിട്ടിയില്ല. കൊല്ലത്തി പറഞ്ഞാണു പിന്നെ നാട്ടുകാരറിഞ്ഞത് പര്‍ണേറ്റിനു ദാരുകനായി വേഷം
കെട്ടിയ ചെക്കന്‍റെ കൂടെ വാത്തിയുടെ ഇളയ മകള്‍ രാത്രി ഒളിച്ചോടിപ്പോയി.
മുടിപ്പുരയുടെ തെക്കേപ്പറമ്പിലെ ചെളിക്കുളത്തിലെ ആഫ്രിക്കന്‍ പായലുകള്‍ക്കിടയില്‍, വാത്തി പൂജാസമയത്തു അരയില്‍ ചുറ്റാറുള്ള ചുവന്ന പട്ട് ആദ്യം കണ്ടത് ഞാനായിരുന്നു.


നീന്തല്‍ക്കുളം അടയ്ക്കാന്‍ ഇനിയും നേരമായിട്ടില്ല. സമയം തെറ്റി ഒരു ചാറ്റല്‍ മഴ. വെറുതേ നീല ജലത്തില്‍ മലര്‍ന്നു കിടന്നു തീര്‍ത്ഥം തളിച്ചതുപോലെ മഴത്തുള്ളികള്‍ മുഖത്തു വീണപ്പോള്‍ വേദനകളെക്കുറിച്ചു ഞാന്‍ ഓര്‍ത്തതേയില്ല.

8 comments:

kichu / കിച്ചു said...

ഹരിത്

ഇവിടെ പൊഴിക്കട്ടെ, ഒരിറ്റു സന്തോഷക്കണ്ണീര്‍....

എനിക്കുറപ്പുണ്ട്, രോഗങ്ങളുടെ എല്ലാ കെട്ടുപാടുകളും അവഗണിച്ച്,കൂടുതല്‍ കരുത്തൊടെ നീ മുന്നേറും...
“ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങുന്ന“ ഈ തീരത്ത് കൂടുതല്‍ കാലം ജീവിച്ച് ഒരുപാടൊരുപാട് കഥകള്‍ നീ പറയും..

ശ്രീ said...

പല പല ഓര്‍മ്മകള്‍ കോര്‍ത്തിണക്കിയ ഈഇ പോസ്റ്റ് വായിയ്ക്കാന്‍ ഒരു സുഖമുണ്ട്, മാഷേ.

അസുഖം കുറവുണ്ടെന്ന് കരുതുന്നു. വൈകിയാണെങ്കിലും വിഷു ആശംസകള്‍!!!

തണല്‍ said...

ചങ്ങാതീ,,
ഇതെന്താണ്..?
ഇത്രയും നേരം ഞാന്‍ എവിടെ ആയിരുന്നു..?ആരുടെയൊക്കെ ഒപ്പമായിരുന്നു..?
ഒരു മുറിഞ്ഞസ്വപ്നത്തിന്റെ പകുതിയില്‍പ്പോലും ഈ വെള്ളത്തിനടിയില്‍ എനിക്കുവല്ലാതെ ശ്വാസം മുട്ടുന്നു.
....
ഹരിത്,
പറയാതെ തരമില്ല,ക്ലാ‍സിക് മച്ചാ!!

ശ്രീവല്ലഭന്‍. said...

ഹരിത്,
കുറിപ്പെന്ന് കാണുന്നു. നല്ല ഒരു കഥ പോലെ തോന്നി.
സുഖമെന്ന് കരുതുന്നു.

പാമരന്‍ said...

സന്തോഷം ഹരിത്ജി.

"വെപ്രാളത്തിനിടെ ജീവിതം വേഗതയോടെ റീ വൈന്‍ഡ് ചെയ്യുന്ന ചിത്രങ്ങള്‍ വ്യക്തമായി കണ്ടു"

Jayasree Lakshmy Kumar said...

വേദനിപ്പിക്കുന്ന ഓർമ്മകളുടെ മനോഹരമായ എഴുത്ത്. ഈ ശൈലി ഇഷ്ടപ്പെട്ടു

Premachandran said...

Classic thoughts!! Done very well. Felt that the first one ended abruptly. Keep writing. Looking forward to read much more in days to come!!Best Wishes

Anonymous said...

harit,

"We look before and after, And pine for what is not; Our sincerest laughter With some pain is fraught; Our sweetest songs are those that tell of saddest thought." I always loved Shelley, that's why i love your writings!